Kerala
പാലക്കാട്: ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ആഭരങ്ങൾ കവർന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങളാണ് കവർന്നത്. കണ്ണിയംപുറം ശ്രീരാംനഗറിൽ നന്ദകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന ഡയമണ്ട് പതിപ്പിച്ച സ്വർണമാല, സ്വർണമോതിരം എന്നിവയാണ് മോഷണം പോയത്. നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ ജനുവരി ഒന്നുമുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് ഇടയ്ക്കിടെ വന്ന് വീട് നോക്കാറുള്ളത്. ശനിയാഴ്ച ഇലക്ട്രിസിറ്റി ബിൽ വന്നിട്ടുണ്ടോയെന്ന് നോക്കാൻ ഭാര്യപിതാവ് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറിയിലെ അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങൾ കവർന്നത്.
ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ 15 വയസുകാരനെ ക്രൂരമായി ആക്രമിച്ച് സംഗീത ഉപകരണമായ ‘ചെല്ലോ’ (Cello) കവർന്ന കേസിൽ 23 വയസുകാരൻ പിടിയിൽ.
അമിയൽ ക്ലാർക്ക് എന്ന യുവാവാണ് അറസ്റ്റിലായത്. കുട്ടിയെ സഹായിക്കാൻ എത്തിയ വ്യക്തിയെയും ഇയാൾ മർദ്ദിച്ചു.
കുട്ടിയുടെ മുഖത്തെ അസ്ഥികൾക്ക് ഒടിവുണ്ട്. പ്ലാസ്റ്റിക് സർജന്റെയും നേത്രരോഗ വിദഗ്ധന്റെയും നേതൃത്വത്തിൽ കുട്ടിക്ക് അടിയന്തര ചികിത്സ നൽകി.
പ്രതി ഇതിനുമുമ്പും നിരവധി അക്രമക്കേസുകളിലും മോഷണക്കേസുകളിലും ഉൾപ്പെട്ട വ്യക്തിയാണ്. മറ്റൊരു കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് ഇയാൾ വീണ്ടും അക്രമം നടത്തിയത്. ജനുവരി 15ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
Kerala
കണ്ണൂർ: ഒരു കോടി സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. കണ്ണൂർ പേരാവൂരിലാണ് സംഭവം. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്. ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാനെത്തിയവർ തട്ടിയെടുത്തത്. സംഭവത്തിൽ സംഘത്തിൽപ്പെട്ട ഒരാളെ പേരാവൂർ പോലീസ് പിടികൂടി.
District News
നിലന്പൂർ: ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്നു. കരുളായി പള്ളിക്കുന്നിലെ പാറക്കൽ അഷ്റഫിന്റെ മകൾ ഡോ. ഷംനയുടെ മൂന്നര ഗ്രാമോളം വരുന്ന മാലയാണ് മോഷ്ടിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. സമീപത്തെ വീട്ടിൽനിന്ന് ഏണിയെടുത്ത് അഷ്റഫിന്റെ വീടിന് മുകളിൽ കയറിയ മോഷ്ടാവ് മുകൾ നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്നാണ് വീടിനകത്ത് കടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു.
വീടിന്റെ മുകൾ നിലയിലെ മറ്റ് മുറികളിലും എത്തിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലായിരുന്നു.
പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ കൂറ്റന്‍പാറ, വലന്പുറം ഭാഗങ്ങളിൽ സമാനമായ രീതിയിൽ മോഷണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
Kerala
കൂത്താട്ടുകുളം: സുഹൃത്തുക്കളിൽനിന്നു വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി വാങ്ങിയശേഷം തിരികെ നൽകാതെ പണയം വയ്ക്കുകയും വില്പന നടത്തുകയും ചെയ്തതായി യുവാവിനെതിരേ പരാതി.
തിരുമാറാടി പഞ്ചായത്തിൽ ഒലിയപ്പുറത്ത് താമസിക്കുന്ന കിടങ്ങൂർ വെങ്ങപ്പള്ളിൽ സജൻ സാബുവിനെതിരേയാണു പരാതി. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ ആറു കേസുകളാണ് ഇയാൾക്കെതിരേ ലഭിച്ചിട്ടുള്ളത്. സംഭവത്തെത്തുടർന്ന് സജനും കുടുംബവും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി ആളുകളിൽനിന്നും വിവിധ ആവശ്യങ്ങൾ കാണിച്ച് വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി വാങ്ങിയിരുന്നു. പിന്നീട് വാഹനങ്ങൾ ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകിയില്ല. ഇതേത്തുടർന്നാണ് വാഹന ഉടമകൾ പോലീസിൽ പരാതി നൽകിയത്.
വർഷങ്ങളായി സജൻ ഒലിയപ്പുറത്ത് ഭാര്യാവീട്ടിലാണു താമസം. ഇതിനിടെ സജനെയും ഭാര്യ അഞ്ജനയെയും കുട്ടികളെയും കാണാനില്ലെന്നു കാണിച്ച് ഭാര്യയുടെ മാതാപിതാക്കൾ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
സുഹൃത്തുക്കളിൽനിന്നു വാഹനങ്ങൾ എടുക്കുന്നതിനായി സജനും ഭാര്യയും ഒരുമിച്ചാണ് എത്തിയിരുന്നത്. സൗഹൃദ സംഭാഷണത്തിനുശേഷം വാഹനങ്ങൾ കൊണ്ടുപോയിരുന്നതിനാൽ സംശയമൊന്നുമുണ്ടായിട്ടില്ലെന്ന് വാഹനത്തിന്റെ ഉടമകൾ പറഞ്ഞു. 40,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെ വാഹനം പണയം വച്ച് സജൻ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഉടമകൾ പറയുന്നത്.
ഇവരുടെ കണക്കനുസരിച്ച് സജൻ കോടികളുടെ തട്ടിപ്പാണു നടത്തിയിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ കർണാടക ഭാഗത്ത് സജനും കുടുംബവും ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
പരാതിക്കാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്സാപ് കൂട്ടായ്മയിലൂടെ ലഭിച്ച വിവരമനുസരിച്ച് 35ലധികം വാഹനങ്ങൾ സജൻ തട്ടിയെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾ ഇയാളുടെ കെണിയിൽ വീണിട്ടുള്ളതായും സംശയമുണ്ട്.
തട്ടിയെടുത്ത വാഹനങ്ങൾ സ്വകാര്യ ഫിനാൻസ് കമ്പനികളിൽ പണയം വച്ച് പണം വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പണയം വച്ച ചില വാഹനങ്ങൾ പോലീസ് കണ്ടെത്തി. വ്യാജരേഖകളും ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും ഉപയോഗിച്ചാണു വാഹനങ്ങൾ പണയം വച്ചിട്ടുളളത്.
ഇത്തരത്തിൽ പാലക്കുഴ സ്വദേശിയുടെ ആധാർ കാർഡ് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ സജന്റെ വ്യാജ ആധാർ കാർഡും പോലീസിന് ലഭിച്ചിട്ടുണ്ട്. ജില്ലയ്ക്കു പുറത്തും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു വിവരം.
വിദ്യാഭ്യാസ കാലയളവിൽ കൂടെ പഠിച്ചിരുന്ന ആളുകളിൽനിന്നും മറ്റു പരിചയക്കാരിൽനിന്നുമാണ് വാഹനങ്ങൾ തട്ടിയെടുത്തിരിക്കുന്നത്. പോലീസിന്റെ അന്വേഷണത്തിൽ മൂന്ന് വാഹനങ്ങൾ ഇതര സ്റ്റേഷൻ പരിധികളിൽനിന്നു കണ്ടെത്തി.
സജൻ തട്ടിയെടുത്ത വാഹനത്തിൽ ഒരെണ്ണം കുറവിലങ്ങാട് സ്വദേശിക്ക് മറിച്ചുവിറ്റിരുന്നു. ഇത് കേടുവന്നപ്പോൾ സജൻ തന്നെ പരിചയമുള്ള ഒരു വർക്ഷോപ്പിൽ നന്നാക്കാൻ ഏൽപ്പിച്ചു. എന്നാൽ വാഹനയുടമ മടങ്ങിയശേഷം ഈ വാഹനം വർക് ഷോപ്പിൽനിന്ന് എടുത്തുകൊണ്ടുപോയി പണയം വച്ചു. ഈ വിവരം കാണിച്ച് കുറവിലങ്ങാട് സ്വദേശിയും കൂത്താട്ടുകുളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വാഹനങ്ങൾ സംസ്ഥാനം കടന്ന് പൊളിമാർക്കറ്റിൽ എത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
International
ബർലിൻ: രാജ്യചരിത്രത്തിലെ ഏറ്റവും വലിയ കവർച്ചയുടെ ഞെട്ടലിലാണു ജർമനി. വടക്കൻ ജർമനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ഗെൽസന്‍കിർഹെന്‍ നഗരത്തിൽ സ്പാർകാസെ ബാങ്കിന്റെ ശാഖയിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.
ഒന്‍പതു കോടി യൂറോ (ഏകദേശം 945 കോടി രൂപ) വിലമതിക്കുന്ന പണവും സ്വർണ, വജ്ര ആഭരണങ്ങളുമാണ് കവർന്നത്. 3000 സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ തകർത്താണ് കവർച്ച നടത്തിയത്.
ബാങ്കിന്റെ അല്പം അകലെയുള്ള പാർക്കിംഗ് ഗാരേജിൽനിന്നു തുരങ്കം തീർത്താണ് കവർച്ചക്കാർ ബാങ്കിന്റെ നിലവറയിലെത്തിയത്. 3,250 ഓളം ഉപയോക്താക്കളിൽ 95 ശതമാനത്തിന്റെയും സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ കവർച്ച ചെയ്യപ്പെട്ടതായി ബാങ്കധികൃതർ അറിയിച്ചു.
ക്രിസ്മസ് പ്രമാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബാങ്കിന് അവധിയായിരുന്നു. ഈ സമയത്തായിരിക്കാം കവർച്ച നടന്നതെന്നാണ് അനുമാനം. തിങ്കളാഴ്ചയാണു സംഭവം ശ്രദ്ധയിൽപ്പെടുന്നത്. അതേസമയം, ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയിൽ പാർക്കിംഗ് ഗാരേജിന്റെ പടിക്കെട്ടിൽ നിരവധി പേർ വലിയ ബാഗുകളുമായി പോകുന്നതു കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.
സുരക്ഷാ കാമറകളിൽനിന്നുള്ള ദൃശ്യങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ ഒരു കറുത്ത ഒഡി ആർഎസ് 6 കാർ പാർക്കിംഗ് ഗാരേജിൽനിന്നു പുറത്തേക്ക് പോകുന്നതായും അതിനുള്ളിൽ മുഖംമൂടി ധരിച്ച ആളുകളെയും കാണാം. ഈ കാറിന്റെ ലൈസൻസ് പ്ലേറ്റ് മുമ്പ് ഹാനോവർ നഗരത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കവർച്ചാവിവരമറിഞ്ഞ് നിരവധി നിക്ഷേപകരാണ് ബാങ്കിനു മുന്നിൽ തടിച്ചുകൂടിയത്. ഉപയോക്താക്കൾക്കായി ഹെൽപ്പ്ലൈൻ നന്പർ ആരംഭിച്ചെന്നും ഇൻഷ്വറൻസ് കന്പനികളുമായി ബന്ധപ്പെട്ട് ക്ലെയിം നടപടികൾ ഉടൻ ആരംഭിക്കുമെന്നും ബാങ്കധികൃതർ അറിയിച്ചു. അതേസമയം, കവർച്ചക്കാർക്കായി രാജ്യമെങ്ങും വ്യാപക അന്വേഷണമാണു നടന്നുവരുന്നത്.
ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലോകപ്രശസ്തമായ ലൂവ്റ് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബർ 19ന് സുരക്ഷാ വേലിക്കെട്ടുകൾ ഭേദിച്ച് അമൂല്യ രത്നങ്ങൾ ഉൾപ്പെടെയുള്ളവ കവർച്ച ചെയ്യപ്പെട്ടതിന്റെ നാണക്കേടും ആഘാതവും വിട്ടുമാറുംമുന്പാണ് യൂറോപ്പിനെ ഞെട്ടിച്ച് ജർമൻ ബാങ്കിൽ വൻ കവർച്ച നടന്നിരിക്കുന്നത്.
NRI
ബെര്‍ലിന്‍: ജര്‍മനിയിലെ സാക്സണി - അന്‍ഹാള്‍ട്ടിലെ ബുര്‍ഗ് പട്ടണത്തിലെ പട്ടാളക്യാമ്പിലേക്കുള്ള ഡെലിവറി ട്രക്കില്‍ നിന്ന് അജ്ഞാതരായ അക്രമികള്‍ ആയിരക്കണക്കിന് വെടിയുണ്ടകള്‍ മോഷ്ടിച്ചതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജര്‍മന്‍ പ്രതിരോധ മന്ത്രാലയം മോഷണം സ്ഥിരീകരിച്ചു. ആസൂത്രിതമല്ലാത്ത സ്റ്റോപ്പ് നടത്തിയ ഡെലിവറി ഡ്രെെവറെ അധികൃതർ കുറ്റപ്പെടുത്തി. എന്നാല്‍ ആരാണ് വെടിയുണ്ടകള്‍ എടുത്തതെന്നും എന്തുകൊണ്ടാണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. നവംബര്‍ 25നാണ് മോഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സിവിലിയന്‍ ഡെലിവറി ട്രക്ക് വെടിയുണ്ടകള്‍ കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഡ്രെെവര്‍ ബുര്‍ഗിലെ ഒരു ഹോട്ടലില്‍ ട്രക്ക് രാത്രി നിര്‍ത്തി, സുരക്ഷിതമല്ലാത്ത ഒരു കാര്‍ പാര്‍ക്കില്‍ ട്രക്ക് പാര്‍ക്ക് ചെയ്തു. പിറ്റേന്ന് രാവിലെ, ഡെലിവറി ബാരക്കുകളില്‍ എത്തിയപ്പോഴാണ് ചില വെടിയുണ്ടകള്‍ നഷ്ടപ്പെട്ടതായി വ്യക്തമായത്.
ഡെലിവറി ലിസ്റ്റ് പരിശോധിച്ച ശേഷം, പിസ്റ്റളുകള്‍ക്കായുള്ള ഏകദേശം 10,000 റൗണ്ട് ലൈവ് വെടിയുണ്ടകളും അസോള്‍ട്ട് റൈഫിളുകള്‍ക്കായുള്ള 9,900 റൗണ്ട് പരിശീലന വെടിയുണ്ടകളും മോഷണം പോയതായി അറിയിച്ചത്.
മന്ത്രാലയവും ഡെലിവറി കമ്പനികളും തമ്മിലുള്ള കരാര്‍ അനുസരിച്ച് ചരക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ രണ്ടാമത്തേതിന് ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, സാധാരണയായി രണ്ട് ഡ്രെെവര്മാരുണ്ടാകും. അതിനാല്‍ ഏതൊരു സ്റ്റോപ്പിലും വാഹനം നിരീക്ഷിക്കാന്‍ കഴിയും.
പ്രാദേശിക പോലീസിന്റെ സഹായത്തോടെ സൈന്യം അന്വേഷണം നടത്തുന്നുണ്ട്.
Kerala
കണ്ണൂർ: തലശേരിയിൽ അരലക്ഷത്തിലധികം രൂപയുടെ 1600 ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കതിരൂരിലെ ലോട്ടറി സ്റ്റാളിലേക്ക് കൊണ്ടുപോകാൻ തലശേരി ബസ് സ്റ്റാൻഡിൽ എത്തിച്ച ടിക്കറ്റുകളാണ് നഷ്ടമായത്.
സുവർണ കേരളം, കാരുണ്യ പ്ലസ് തുടങ്ങിയ ഭാഗ്യക്കുറികളാണ് മോഷണം പോയത്. സംഭവത്തിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചുവന്ന ടീ ഷർട്ട് ധരിച്ചൊരാൾ ടിക്കറ്റുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.