Sports
ചെന്നൈ: ടി20 ലോകകപ്പില്‍ യുഎഇക്കെതിരെ ന്യൂസിലന്‍ഡിന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇ ഉയർത്തിയ 174 റൺസ് വിജയ ലക്ഷ്യം പത്തുവിക്കറ്റും 28 പന്തും കൈയിലിരിക്കെ കിവീസ് മറികടന്നു. സ്കോർ: യുഎഇ 173/6 ന്യൂസിലന്‍ഡ് 175/0(15.2).
174 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് ബാറ്റ്സ്മാൻമാരെ വെല്ലുവിളിക്കാൻ ഒരു ഘട്ടത്തിലും യുഎഇക്ക് കഴിഞ്ഞില്ല. ടിം സീഫെര്‍ട്ട് (89), ഫിന് അലന് (84) എന്നിവരാണ് ന്യൂസിലന്‍ഡിന് വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ മുഹമ്മദ് വസീം (66), മലയാളി താരം അലിഷാന്‍ ഷറഫു ( 55) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. 42 പന്തിൽ മൂന്ന് സിക്സും 12 ഫോറും ഉൾപ്പടെ 89 റൺസ് നേടിയ ടിം സീഫെര്‍ട്ടിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ലോകകപ്പില്‍ കിവീസിന്റെ രണ്ടാം ജയമാണിത്. ആദ്യം മത്സരത്തിൽ അവർ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ യുഎഇയ്ക്കെതിരെ ന്യൂസിലാന്‍ഡിന് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.
മലയാളി താരം അലിഷാന്‍ ഷറഫുവിന്റെയും (55) ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെയും (66) അര്‍ധ സെഞ്ചുറികളാണ് അവർക്ക് കരുത്തായത്. മായങ്ക് കുമാർ (21) റൺസ്നേടി. കിവീസിനായി മാറ്റ് ഹെൻറി രണ്ടുവിക്കറ്റ് വീഴ്ത്തി.
ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. യുഎഇയുടെ ആദ്യ മത്സരമാണിത്.
NRI
ദുബായി: മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ.
128ലധികം രാജ്യങ്ങളിൽ നിന്നായി 36,000ത്തിലേറെ പേരുടെ റിക്കാർഡ് പങ്കാളിത്വമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്. മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം എസ്. ശ്രീശാന്ത് നിർവഹിച്ചു.
കായിക താരങ്ങളും സമൂഹമാധ്യമ താരങ്ങളും ഉൾപ്പടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലിക്കും ഫിറ്റ്നസിനും പ്രധാന്യം നൽകിയുള്ള ലുലു വാക്കത്തോണിലെ മികച്ച ജനപങ്കാളിത്വം ശ്രദ്ധേയകരമെന്ന് എസ്. ശ്രീശാന്ത് പറഞ്ഞു. ഒത്തൊരുമയുടെ സന്ദേശം കൂടിയാണ് ലുലു വാക്കത്തോൺ പങ്കുവയ്ക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
International
ഇസ്ലാമാബാദ്: ഇറാൻ-യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്ഥാനും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ. ഫെബ്രുവരി ആറിന് തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് ക്ഷണം. പാക്കിസ്ഥാനെ കൂടാതെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കും.
പാക്കിസ്ഥാന് ക്ഷണം ലഭിച്ചതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി ഇതോടകം അറിയിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആണവ നിരായുധീകരണത്തിൽ തങ്ങൾ പൂർണമായി യോജിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അറിയിച്ചു. എന്നാൽ പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് നീക്കണമെന്നാണ് ആവശ്യം.
അതേസമയം സമ്പുഷ്ടീകരിച്ച യുറേനിയം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിലെ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം മാറ്റണമെന്നാണ് അമേരിക്കയുടെ ആവശ്യം.
Sports
ദുബായി: യുഎഇയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര അയർലൻഡ് തൂത്തുവാരിയത്. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിലും അയർലൻഡ് വിജയിച്ചിരുന്നു.
ഇന്നത്തെ മത്സരത്തിൽ 30 റൺസിനാണ് അയർലൻഡ് വിജയിച്ചത്. അയർലൻഡ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുക്കാനെ സാധിച്ചുള്ളു. 54 റൺസെടുത്ത ഓപ്പണർ ആര്യാൻഷ് ശർമ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല. മുഹമ്മദ് അർഫാൻ 26 റൺസെടുത്തു.
അയർലൻഡിന് വേണ്ടി ബാരി മക്കാർത്തി, ഗരേത് ഡിലാനി, ജോർജ് ഡോക്ക്റെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാർക്ക് അഡയർ മാത്യു ഹംപ്രെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്തത്. കർട്ടിസ് കാംഫെറിന്റെ അർധ സെഞ്ചുറിയുടെയും മാർക്ക് അഡയറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 54 റൺസാണ് കർട്ടിസ് എടുത്തത്. 41 പന്തിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കർട്ടിസിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 34 റൺസാണ് അഡയർ സ്കോർ ചെയ്തത്. മൂന്ന് സിക്സാണ് താരം അടിച്ചെടുത്തത്. ഹാരി ടെക്ടർ 20 റൺസെടുത്തു. യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖി, ഹൈദർ അലി, മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു.
Sports
ദുബായി: യുഎഇയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ അയർലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് എടുത്തത്.
കർട്ടിസ് കാംഫെറിന്റെ അർധ സെഞ്ചുറിയുടെയും മാർക്ക് അഡയറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 54 റൺസാണ് കർട്ടിസ് എടുത്തത്. 41 പന്തിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കർട്ടിസിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 34 റൺസാണ് അഡയർ സ്കോർ ചെയ്തത്. മൂന്ന് സിക്സാണ് താരം അടിച്ചെടുത്തത്. ഹാരി ടെക്ടർ 20 റൺസെടുത്തു.
യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖി, ഹൈദർ അലി, മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു.
NRI
അൽ ഐൻ: അൽ ജിമ്മിയിലുള്ള അൽഐൻ കമ്യൂണിറ്റി സെന്ററിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. യുഎഇയിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ ഫലാജ് ഇൻവെസ്റ്റ്മെന്റ്സ് മാനേജിംഗ് ഡയറക്ടർ ഹംദാൻ അവദ് തരീഫ് മുഹമ്മദ് അൽ കെത്ബി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജിസിസിയിലെ 269-ാമത്തേതും യുഎഇയിലെ 117-ാമത്തേയും അൽ ഐനിലെ 19-ാമത്തേയും സ്റ്റോറാണ് അൽ ഐൻ അൽ ജിമ്മിയിലേത്. കമ്യൂണിറ്റി സെന്ററിക്ക് റീട്ടെയ്ൽ കൂടുതൽ വിപുലമാക്കുന്നതിന്റെ തുടർച്ചയാണ് പുതിയ ഹൈപ്പർമാർക്കറ്റ് എന്നും ഉപഭോക്താകൾക്ക് കൂടുതൽ വിപുലമായ സേവനം ഉറപ്പാക്കുകയാണ് ലുലുവെന്നും ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
ജിസിസിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 19,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം - ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉത്പന്നങ്ങളുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിംഗ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിംഗ് സൗകര്യവും സജമാക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്റർനാഷ്ണൽ ഹോൾഡിംഗ്സ് ഡയറക്ടർ എ.വി. ആനന്ദ്, അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ലുലു മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
International
ദാവോസ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതിവരുത്താനുള്ള നിർണായക നീക്കത്തിന്റെ ഭാഗമായി അമേരിക്ക-റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ഇന്നു യുഎഇയിൽ തുടക്കമാകും.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനു ശേഷം നടന്ന പാനൽ ചർച്ചയിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ സുപ്രധാന വിവരം അറിയിച്ചത്. ഇന്നും നാളെയും സാങ്കേതിക തലത്തിലുള്ള ചർച്ചകളാണു നടക്കുക. യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു രാജ്യങ്ങളും ഒരുമിച്ചിരിക്കുന്ന ആദ്യ ത്രികക്ഷി ചർച്ചയാണിത്.
ട്രംപുമായി കൂടിക്കണ്ട് സെലൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ദാവോസിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലൻസ്കി യുഎഇ ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപുമായുള്ള ചർച്ച ശുഭകരമായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ സംഘം ഇന്ന് അമേരിക്കൻ സംഘവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമേരിക്കൻ പ്രതിനിധികൾ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനായി റഷ്യ വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ സുരക്ഷയിൽ ആശങ്ക
യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കുന്നതിനെയും സെലൻസ്കി വിമർശിച്ചു. യൂറോപ്പിനു സ്വന്തമായി സൈനികശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാൽ നാറ്റോ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ യൂറോപ്പ് മുന്നോട്ടുപോകുന്നത്. എന്നാൽ, അമേരിക്ക സഹായിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം യൂറോപ്യൻ നേതാക്കളുടെ മനസിലുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുക്രെയ്ൻ നാറ്റോയിൽ അംഗമായിരുന്നെങ്കിൽ ഗ്രീൻലാൻഡ് തീരത്തുകൂടി സ്വതന്ത്രമായി സഞ്ചരിക്കുന്ന റഷ്യൻ കപ്പലുകളെ നേരിടാൻ തങ്ങൾക്കു കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയയിൽ റഷ്യൻ കപ്പലുകളെ മുക്കിയതുപോലെ അവിടെയും തങ്ങൾക്കു കരുത്ത് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Kerala
ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ഇന്ത്യയില്‍. ഡല്‍ഹി പാലം വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു.
മണിക്കൂറുകള്‍ മാത്രം നീളുന്ന ഹ്രസ്വ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ന്യൂഡല്‍ഹിയില്‍ എത്തിയത്. ആലിംഗനം ചെയ്തുകൊണ്ടായിരുന്നു മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്തത്. ഇരു നേതാക്കളും ഒരു കാറില്‍ ആണ് വിമാനത്താവളത്തില്‍ നിന്ന് കുടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് എത്തിയത്.
എന്റെ സഹോദരന് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിശേഷിപ്പിച്ചത്. വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുന്ന ഫോട്ടോയുള്‍പ്പെടെ മോദി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
കൂടാത, യുഎഇയുമായി ഒന്നിലധികം കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. പ്രതിരോധ, നിക്ഷേപ, ഊർജ, ബഹിരാകാശ മേഖലകളിലായാണ് ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടത്. പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇരു രാഷ്ട്രത്തലവന്മാർ ചർച്ച ചെയ്തു. പ്രസിഡന്റായതിനുശേഷം മൂന്നാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.
International
അജ്മാൻ: യുഎഇയിൽ കണ്ണൂർ ആറളം സ്വദേശിനിയായ യുവതിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.
യുഎഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും വ്ലോഗിംഗും നടത്തുന്ന കണ്ണൂർ യുവതിയുടെ ഫോട്ടോകൾ മസാജ് സെന്ററുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ദുരുപയോഗം ചെയ്യുകയായിരുന്നു.
യുവതിയെ ഫോട്ടോ മസാജ് സെന്ററുകളുടെ പ്ലാറ്റ്ഫോമിൽ അപകീർത്തികരമായ കമന്റോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരേ യുവതി നിയമനടപടികൾക്കായി പല നിയമസ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഭാരിച്ച ഫീസായിരുന്നു ആവശ്യപ്പെട്ടത്.
പാപ്പിനിശേരി സ്വദേശിയും യാബ് ലീഗൽ സർവീസ് സിഇഒയുമായ സലാം പാപ്പിനിശേരി സംഭവത്തെക്കുറിച്ചറിഞ്ഞ് സൗജന്യ നിയമസഹായം നൽകി. അജ്മാൻ പ്രോസിക്യൂഷൻ മുഖേന യുവാവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നടപടികൾ പുരോഗമിച്ചുവരികയാണ്.
NRI
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികൾ ഉൾപ്പടെ നാലു മലയാളികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.
അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
NRI
ഷാർജ: കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യം തോന്നിയ ഉടൻ തന്നെ ആയിഷയെ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നുണ്ട്.
ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു.
പിതാവ്: മുഹമ്മദ് സൈഫ്, മാതാവ്: റുബീന സൈഫ്.
NRI
ദുബായി: വിദേശത്ത് സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ പൗരന്മാർക്കെതിരേ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും നടപടികൾ കർശനമാക്കി.
ഈ വർഷം യാചകവൃത്തി ആരോപിച്ച് സൗദി അറേബ്യ മാത്രം 24,000 പാക്കിസ്ഥാനികളെ നാടുകടത്തി. രാജ്യത്തു പ്രവേശിച്ചശേഷം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന കേസുകൾ ചൂണ്ടിക്കാട്ടി പാക് പൗരന്മാർക്ക് വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ചെയ്തു.
അതേസമയം, സൗദിയുടെയും യുഎഇയുടെയും നടപടികൾ പാക്കിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കുന്നതാണെന്ന് പാക് അധികൃതർ പറഞ്ഞു. 2025ൽ പാക്കിസ്ഥാനിൽനിന്നെത്തിയ 66,154 യാത്രക്കാരെ വിമാനത്താവളത്തിൽവച്ച് പിടികൂടുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി ഈ വർഷം 24000, ദുബായി 6000, അസർബൈജാൻ 2,500 പാക്കിസ്ഥാനികളെ നാടുകടത്തിയിരുന്നു. സൗദിയിലേക്കു കടക്കാൻ ഭിക്ഷാടകർ ഉംറ വീസകൾ ചൂഷണം ചെയ്യുന്നത് തടയാൻ റിയാദ് പാക്കിസ്ഥാനോട് കഴിഞ്ഞവർഷം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
നടപടിയുണ്ടായില്ലെങ്കിൽ പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി മതകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഭിക്ഷാടനവ്യവസായം പാക് മാഫിയ സംഘടിതമായി ചെയ്യുന്നുവെന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും വിവിധ രാജ്യങ്ങൾ ആരോപിക്കുന്നു.
Sports
ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരേ യുഎഇക്ക് 242 റൺസ് വിജയലക്ഷ്യം. ദുബായിയിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു.
അർധസെഞ്ചുറി നേടിയ അഹമ്മദ് ഹുസൈൻ (65) ആണ് പാക് നിരയിലെ ടോപ് സ്കോറർ. സമീർ മിൻഹാസ് (44), ഹംസ സഹൂർ (42), ഹുസൈഫ അഹ്സാൻ (23), ഉസ്മാൻ ഖാൻ (21), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
യുഎഇക്കു വേണ്ടി യുഗ് ശർമ 52 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ നസീം ഖാൻ രണ്ടുവിക്കറ്റും മുഹമ്മദ് ബാസിൽ അസിം, ഉദ്ദിഷ് സുരി, സൈനുല്ല റെഹ്മാനി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ദുബായിയിൽ നടന്ന മത്സരത്തിൽ യുഎഇയെ 234 റൺസിന് തകർത്തു. ഇന്ത്യ ഉയർത്തിയ 434 റൺസ് റൺസ് പിന്തുടർന്ന യുഎഇയ്ക്ക് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.
യുഎഇയ്ക്ക് വേണ്ടി ഉദ്ദിഷ് സുരിയും പൃഥ്വി മധുവും അർധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 78 റൺസെടുത്ത ഉദ്ദിഷ് ആണ് ടീമിന്റെ ടോപ്സ്കോറർ. പൃഥ്വി 50 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റ് എടുത്തു. കിഷൻ കുമാർ സിംഗ്, ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ, വിഹാൻ മൽഹോത്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 433 റൺസെടുത്തത്. വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും ആരോൺ ജോർജിന്റെയും വിഹാൻ മൽഹോത്രയുടെയും അർധ സെഞ്ചുറികളുടെയും മികവിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
വൈഭവ് സൂര്യവൻഷി 171 റൺസാണ് എടുത്തത്. 95 പന്തിൽ ഒമ്പത് ബൗണ്ടറിയും 14 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ആരോണും വിഹാനും 69 റൺസ് വീതം എടുത്തു.
യുഎഇയ്ക്ക് വേണ്ടി യുഗ് ശർമയും ഉദ്ദീഷ് സുരിയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഷാലോം ഡിസൂസയും യായിൻ റായ്യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
NRI
അബുദാബി: മൂന്നുദിനം നീണ്ടു നിൽക്കുന്ന ഇന്റർ യുഎഇ ശാസ്തകലാ സാഹിത്യ മത്സരങ്ങൾ എക്സ്പ്രെഷൻസ് വെള്ളിയാഴ്ച ആറിന് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ തുടക്കമാവും.
അൽ ഐൻ മലയാളി സമാജം സംഘടിപ്പിക്കുന്ന പരിപാടിയുടെ പത്താം എഡിഷനിൽ 61 വിവിധ ഇനങ്ങളിലായി മുന്നൂറിലേറെ പ്രതിഭകളാണ് മാറ്റുരക്കുന്നത് .
ലളിതഗാനം, മാപ്പിളപ്പാട്ട്, കേട്ടെഴുത്ത്, പദ്യപാരായണം, സയൻസ് ടോക്ക്, റുബിക്സ് ക്യൂബ്, മോണോ ആക്ട് , സ്പെല്ലിംഗ് ബീ, രചന മത്സരങ്ങൾ, നൃത്ത മത്സരങ്ങൾ, ക്വിസ്, സയൻസ് എക്സിബിഷൻ, തുടങ്ങി നിരവധി വൈവിധ്യമാർന്ന മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
NRI
ഷാർജ: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ആഘോഷം സംഘടിപ്പിച്ചു.
സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ഈ സംരംഭം നടപ്പിലാക്കിയത്. സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്.
യുഎഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശേരി പറഞ്ഞു.
ഭീമൻ പതാകയുടെ റിവീലിംഗിന് ശേഷം വൈകുന്നേരം നാല് മുതൽ ദുബായി ക്രീക്കിലെ യാട്ടില്‍ വച്ച് വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
റിയാദ്, അഡ്വ. ഇബ്റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.
NRI
അബുദാബി: യുഎഇ 54-ാമത് ദേശീയദിനാഘോഷങ്ങൾക്കായി തയാറെടുക്കുമ്പോൾ രാജ്യത്തിന് സംഗീതാദരവുമായി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനും മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിംഗ്സും.
റഹ്മാൻ സംഗീത സംവിധാനം ചെയ്ത് ബുർജീൽ രൂപം നൽകിയ ഗാനം "ജമാൽ അൽ ഇത്തിഹാദ്' രാജ്യത്തെ ഏറ്റവും വലിയ കലാ, സാംസകാരിക, വിനോദ, വിജ്ഞാന മേളകളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ശനിയാഴ്ച അവതരിപ്പിക്കും.
വിവിധ സംസ്കാരങ്ങളെ സംഗീതത്തിലൂടെ സമന്വയിപ്പിക്കുന്നതിൽ പരിചയസമ്പന്നനായ രണ്ട് തവണ അക്കാഡമി അവാർഡും ഗ്രാമി അവാർഡും നേടിയ റഹ്മാൻ തന്റെ സംഘത്തോടൊപ്പം രാത്രി 9.30ന് ഗാനം അവതരിപ്പിക്കും.
ഐക്യം, സഹവർത്തിത്വം, പ്രത്യാശ, മനുഷ്യത്വം തുടങ്ങി രാജ്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന കലാസൃഷ്ടിയാണ് യുഎഇയിൽ ഒരുങ്ങിയ "ജമാൽ' ഗാനം. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനത്തിന്റെ അവതരണവും അനുബന്ധ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ഒരുമിപ്പിക്കുന്ന ഷെയ്ഖ് സയ്ദ് ഫെസ്റ്റിവലിന്റെ പ്രധാന പരിപാടികളിലൊന്നായി മാറും.
മ്യൂസിക് ബാൻഡ് പെർഫോമൻസും നൃത്താവതരണങ്ങൾക്കുമൊപ്പം രാത്രി പത്തിന് പ്രത്യേക വെടിക്കെട്ടും നടക്കും. രാജ്യത്തിന്റെ പൈതൃകവുമായി ശക്തമായ ബന്ധമുള്ള ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ "ജമാൽ' അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
"യുഎഇയുടെ മൂല്യങ്ങളും ഐക്യബോധവുമാണ് ജമാൽ അൽ ഇത്തിഹാദിന്റെ ഉള്ളടക്കം. രാഷ്ട്രം ദേശീയ ദിനാഘോഷങ്ങൾക്കായി തയ്യാറെടുക്കുന്ന വേളയിൽ, പൊതുജനങ്ങളുമായി ഈ ഗാനം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ. കലാ-സാംസ്കാരിക ആവിഷ്കാരത്തിലൂടെ സമൂഹങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നതിൽ ബുർജീൽ ഹോൾഡിങ്സിന് ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തത്സമയ അവതരണത്തിന് പിന്നാലെ ജമാലിന്റെ ഡിജിറ്റൽ റിലീസ് എ.ആർ. റഹ്മാന്റെ പ്ലാറ്റ്ഫോമുകളിലൂടെ നടക്കും.
NRI
ദുബായി: യുഎഇയിലെ ആദ്യകാല അലുംമ്നികളിലൊന്നായ എസ്ബി കോളേജ് അലുംമ്നിക്കൊപ്പം
അസംപ്ഷൻ കോളജ് പൂർവ വിദ്യാർഥികളെ കൂട്ടിച്ചേർത്ത് എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നി രൂപവത്കരിക്കുന്നു.
ഡിസംബർ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് അജ്മാനിൽ നടക്കുന്ന അംഗങ്ങളുടെ പൊതുയോഗത്തിൽ എസ്ബി കോളജ് പൂർവവിദ്യാർഥിയും ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പുമായമാർ തോമസ് തറയിൽ എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നി 2. 0 രൂപവത്കരണ പ്രഖ്യാപനം നടത്തും.
അലുംമ്നി ലോഗോ ആർച്ച്ബിഷപ്പ് പ്രകാശനം ചെയ്യും. പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തും.
എസ്ബി കോളജ് മുൻ പ്രിൻസിപ്പാൾ ഫാ.ഡോ. ടോം കുന്നുംപുറം, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിക്കും. 1986ലാണ് യുഎഇയിൽ എസ്ബി കോളേജ് അലുംമ്നി രൂപവത്കരിച്ചത്.
അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ്: ബെൻസി വർഗീസ്, ജനറൽ സെക്രട്ടറി: മാത്യു ജോൺസ് മാമ്മൂട്ടിൽ, ട്രഷറർ: ജോസഫ് കളത്തിൽ, വൈസ് പ്രസിഡന്റുമാർ: സജിത്ത് ഗോപി, മഞ്ജു തോംസൺ പൗവത്തിൽ, സെക്രട്ടറി: ലിജി മോൾ ബിനു, ജോയിന്റ് സെക്രട്ടറിമാർ: ബെറ്റി ജെയിംസ്, ഡോ. ഷീബ ജോജോ എന്നിവരെ തെരഞ്ഞെടുത്തു.
ജോർജ് മീനത്തേക്കോണിൽ, ഗീതി സെബിൻ, ജൂലി പോൾ,തോമസ് ജോർജ് കറുകയിൽ, നിറ്റിൽ കോയിപ്പള്ളി, റോയ് റാഫേൽ, മഡോണ ജെയിംസ്, ലിജി ബിജു, ബിജു ഡൊമിനിക്, ജോ കാവാലം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന യുഎഇയിലുള്ള പൂർവ വിദ്യാർഥികൾ മാത്യു ജോൺസ് മാമ്മൂട്ടിൽ (+971 55 282 9389), മഞ്ജു തോംസൺ പൗവത്തിൽ (+971 50 549 2187) എന്നിവരുമായി ബന്ധപ്പെടുക.
International
അബുദാബി: കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക്. മുഖ്യമന്ത്രി പിണറായി വിജയൻ സദസിലിരിക്കെയാണ് യുഎഇ മന്ത്രിയുടെ പ്രശംസ. കേരളത്തിന്റേത് വലിയ നേട്ടാമെന്നും മറ്റുള്ളവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണ്.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തെ കൈയടിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും അദ്ദേഹം അഭിനന്ദിച്ചു.
കേരളത്തിൽ നിന്നുള്ളവരുടെ കഠിനാധ്വാനത്തിന് അഭിവാദ്യം അര്‍പ്പിച്ച മന്ത്രി നിങ്ങൾ സമൂഹത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും വ്യക്തമാക്കി. ഹൃദയത്തിൽ നിന്നുള്ള വാക്കുകളെന്നാണ് യുഎഇ മന്ത്രിയുടെ പ്രശംസക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
International
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹം അബുദാബിയിലെത്തിയത്. ബതീൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി തുടങ്ങിയവർ സ്വീകരിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാന്, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിക്കും. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന മലയാളോത്സവത്തിൽ പ്രവാസികളെ അഭിസംബോധന ചെയ്യും.
അബുദാബിയിലെ പരിപാടിക്കുശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. ദുബായിൽ ഡിസംബർ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും.
സൗദി അറേബ്യ കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.
NRI
അബുദാബി: ഔദ്യോഗിക സന്ദർശനാർഥം യുഎഇയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ സ്വീകരണം ഒരുക്കുന്നു. ഞായറാഴ്ച വൈകുന്നേരം ആറിന് അബുദാബി സിറ്റി ഗോൾഫ് ക്ലബിലാണ് സ്വീകരണം.
കേരളപ്പിറവി വാർഷികവുമായി ബന്ധപ്പെട്ട് മലയാളോത്സവം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ജയ തിലക് ഐഎഎസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവർ പ്രസംഗിക്കും.
ലോക കേരളസഭ, മലയാളം മിഷൻ, അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ അംഗീകൃത ഇന്ത്യൻ സംഘടനകൾ എന്നിവരടങ്ങിയ സമിതിയാണ് പരിപാടിക്കു നേതൃത്വം നൽകുക. പരിപാടിയിലേക്ക് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസ് സർവീസ് ഏർപ്പാടാക്കി.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ, രക്ഷാധികാരി റോയ് ഐ. വർഗീസ്, വൈസ് ചെയർമാൻ ഇ.കെ. സലാം, കോഓർഡിനേറ്റർ കെ. കൃഷ്ണകുമാർ, മലയാളം മിഷൻ ചെയർമാൻ എ.കെ. ബീരാൻകുട്ടി, കെഎസ്സി പ്രസിഡന്റ് ടി.കെ. മനോജ്, ഐഎസ്സി പ്രസിഡന്റ് ജയചന്ദ്രൻ നായർ, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, പി.വി. പത്മനാഭൻ എന്നിവർ പങ്കെടുത്തു.
NRI
ഉമ്മുൽഖുവൈൻ: താനൂർ സ്വദേശി സക്കീർ(38) യുഎഇയിൽ ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂസനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.
മെഡിക്കൽ സെന്റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി - ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്ല.
NRI
അബുദാബി: ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഫിനാൻസ് വേൾഡ് പുറത്തിറക്കിയ യുഎഇയിലെ മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ ഇടം നേടി.
സാങ്കേതികവിദ്യാധിഷ്ഠിത നവീകരണത്തിലൂടെ ആഗോള പങ്കാളിത്തത്തിലും ഡിജിറ്റൽ പണമിടപാടുകളിലും രാജ്യാന്തരതലത്തിലുള്ള പണമിടപാട് രംഗത്തും ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് ഇതിനകം ശ്രദ്ധ നേടി.
പത്തു രാജ്യങ്ങളിലായി കന്പനി ധനകാര്യ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഫിക്കിയുടെ മിഡിൽ ഈസ്റ്റ് ചെയർമാൻകൂടിയാണ് മലയാളിയായ അദീബ് അഹമ്മദ്.
NRI
അബുദാബി: പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫൈനാൻസ് വേൾഡ് പുറത്തുവിട്ട യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടികയിൽ (ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്) മലയാളി വ്യവസായി എം.എ. യൂസഫലി ഒന്നാമത്.
യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്കരണമാണു യൂസഫലി യാഥാർഥ്യമാക്കിയതെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. ഉത്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ, അടിസ്ഥാനസൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവ ഏറ്റവും മികച്ചതെന്നും അവർ അഭിപ്രായപ്പെട്ടു.
യുഎഇ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക ഉന്നമന ശ്രമങ്ങൾ, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കു നൽകിവരുന്ന പിന്തുണ എന്നിവകൂടി വിലയിരുത്തിയാണു റാങ്കിംഗ്.
യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡർമാർ എന്ന വിശേഷണത്തോടെയാണു ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ് പട്ടിക പ്രസിദ്ധീകരിച്ചത്. ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയാണു പട്ടികയിൽ രണ്ടാമത്. അൽ ആദിൽ ട്രേഡിംഗ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ധനഞ്ജയ് ദാതാറാണു മൂന്നാമതുള്ളത്.
ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ഷംലാൽ അഹമ്മദ്, സണ്ണി വർക്കി തുടങ്ങിയവരാണ് പട്ടികയിൽ ഇടംനേടിയ മറ്റു മലയാളികൾ.
NRI
അബുദാബി: രാജ്യത്തിന്റെ ഒരറ്റത്തുനിന്നു തുടങ്ങി മറ്റേയറ്റം വരെ ബൈക്ക് യാത്രകൾ നടത്തിയിട്ടുള്ള ഒട്ടേറെപ്പേരുണ്ടാകാം. പക്ഷേ കാസർഗോഡ് കുമ്പളയിലെ അമൃത ജോഷി എന്ന ഇരുപത്തിയഞ്ചുകാരി സ്വപ്നം കണ്ടതും പ്രവർത്തിച്ചതും അതിനുമപ്പുറത്താണ്.
ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലൂടെയും സോളോ ബൈക്ക് യാത്രകൾ നടത്തിയതിനു ശേഷം ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, ശ്രീലങ്ക എന്നീ രാജ്യങ്ങളും കടന്ന് ഇപ്പോൾ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും സഞ്ചാരം പൂർത്തിയാക്കിയിരിക്കുകയാണ് അമൃത.
2021 ഫെബ്രുവരി അഞ്ചിനു കോഴിക്കോട്ടുനിന്നു തുടങ്ങിയ സോളോ ബൈക്ക് യാത്രയിൽ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ എന്നിവിടങ്ങളിലൂടെയും സഞ്ചരിച്ച് സ്ത്രീശക്തീകരണത്തിന്റെ സന്ദേശങ്ങൾ പകർന്നുനൽകിയിരുന്നു.
ഓരോ ദിവസവും 10 മുതൽ 12 മണിക്കൂർ വരെയാണ് ബൈക്ക് ഓടിച്ചത്. പിന്നീട് 2023ൽ ശ്രീലങ്കയിലും 2024ൽ ഭൂട്ടാനിലും സഞ്ചാരം പൂർത്തിയാക്കി. ഈ വർഷത്തെ സഞ്ചാരത്തിനായി തെരഞ്ഞെടുത്തത് യുഎഇയാണ്.
നാലുവർഷത്തിനിടെ അര ലക്ഷം കിലോമീറ്റർ ദൂരമാണ് അമൃത ബൈക്കിൽ പിന്നിട്ടത്. വരുംവർഷങ്ങളിലും ഓരോരോ രാജ്യങ്ങളിൽ ബൈക്ക് യാത്രകൾ നടത്തുകയാണ് ലക്ഷ്യം. യാത്രകളുമായി ബന്ധപ്പെട്ട് ദേശീയ, അന്തർദേശീയ തലങ്ങളിൽനിന്നുള്ള ആറ് പുരസ്കാരങ്ങൾ ഇതിനകം അമൃതയെ തേടിയെത്തിയിട്ടുണ്ട്.
ബൈക്ക് യാത്രകൾക്ക് പ്രേരണയും പ്രോത്സാഹനവും നൽകിയ പിതാവ് അശോക് ജോഷിയുടെ ആകസ്മിക വേർപാട് മൂലമുണ്ടായ ദുഃഖത്തിൽനിന്നു കരകയറാനാണ് 2019ൽ തന്റെ 19-ാം വയസിൽ അമൃത സോളോ ബൈക്ക് യാത്രകൾ തുടങ്ങിയത്.
പിന്നീട് അതുതന്നെ പാഷനായി മാറുകയായിരുന്നു. കുമ്പള സാമൂഹികാരോഗ്യകേന്ദ്രം ക്രോസ് റോഡിലെ വീട്ടിൽ അമ്മ അന്നപൂർണ ജോഷിയും സഹോദരങ്ങളായ അപൂർവയും ആത്രേയയും എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്.
NRI
അജ്മാൻ: യുഎഇയിൽ മാനന്തവാടി രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് പ്രവർത്തനം തുടങ്ങി. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. സമകാലിക ലോകത്ത് സഭയുടെ അനിവാര്യമായ ശുശ്രൂഷയാണ് പ്രവാസി അപ്പോസ്തലേറ്റ് എന്ന് മാർ അലക്സ് താരാമംഗലം പറഞ്ഞു.
യുഎഇയിലുള്ള മാനന്തവാടി രൂപതാംഗങ്ങളുടെ കുടുംബസംഗമവും ബിഷപ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം വീഡിയോയിലൂടെ അനുഗ്രഹ സന്ദേശം നൽകി. പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ വീഡിയോയിലൂടെ ആശംസാ സന്ദേശം നൽകി.
ദിപു സെബാസ്റ്റ്യൻ, സിജു ജോസഫ്, ഷിനോജ് മാത്യു, പ്രസാദ് ജോൺ, സാബു പരിയാരത്ത്, സന്തോഷ് മാത്യു, ബെഞ്ചമിൻ ജോസഫ്, സുനിൽ പായിക്കാട്, ബോസിമ ജോൺസൻ, ജോമോൻ വർക്കി എന്നിവർ പ്രസംഗിച്ചു.
സാജൻ വർഗീസ്, ബാബു വൻപുഴ, സജി വർക്കി, അഡ്വ. ബിനോയ് മാത്യു, ജീസ് തോമസ്, ആൽബിൻ ജോർജ്, ജെസ്വിൻ ജോസ്, ബിനോയ് ക്രിസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
NRI
ദുബായി: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും.
ദുബായിയിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ചർച്ചയിലാണ് തീരുമാനം. അതേസമയം, വിപഞ്ചികയുടെയും കുഞ്ഞിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി.
വിപഞ്ചിക ജീവനൊടുക്കിയതാണെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നത്.
ഇരുവരെയും കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുടുംബം കോടതിയിൽ ഹർജിയും നൽകിയിരുന്നു.