District News
തമ്പലക്കാട്: കാഞ്ഞിരപ്പള്ളി-മഞ്ചക്കുഴി റോഡും പൊന്‍കുന്നം-കപ്പാട് റോഡും സംഗമിക്കുന്ന നാല്ക്കവലയില് കാറുകള്‍ കൂട്ടിയിടിച്ച ശേഷം നിയന്ത്രണംവിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. പൊന്‍കുന്നം റോഡില്‍നിന്ന് കാഞ്ഞിരപ്പള്ളി റോഡിലേക്ക് കാര്‍ ശ്രദ്ധയില്ലാതെ പ്രവേശിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൈക ഭാഗത്ത് നിന്നെത്തിയ കാര്‍ മറ്റൊരു കാറിലിടിച്ച് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
District News
രാമപുരം: കൂത്താട്ടുകുളം-രാമപുരം റോഡില്‍ അമനകരയ്ക്കു സമീപം ആനിച്ചുവട്ടില്‍ തെലുങ്കാന സ്വദേശികളായ ശബരിമല തീര്‍ഥാടകരുടെ കാർ അപകടത്തില്‍പ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാര്‍ റോഡിന്റെ സൈഡില്നിന്നിരുന്ന വൈദ്യുതിപോസ്റ്റ് ഇടിച്ചു തകര്‍ത്താണ് നിന്നത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡില്‍ വീണതിനാല്‍ വാഹനഗതാഗതം തടസപ്പെടുകയും വൈദ്യുതിബന്ധം താറുമാറാവുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.രാമപുരം പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
തിരുവനന്തപുരം : മൂടിയില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ അണ്ടൂർക്കോണത്തുണ്ടായ സംഭവത്തിൽ അൻഷാദ് (45) ആണ് മരിച്ചത്.
അണ്ടൂർക്കോണം എൽപി സ്കൂളിന് സമീപത്തെ റോഡിലെ വളവിലായിരുന്നു അപകടം. പുലർച്ചെ ഇതുവഴി പോയ വഴിയാത്രക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.
തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അൻഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Movies
നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരിക്ക്. ഗുവാഹാത്തിയിൽ വച്ചാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടമെന്നും ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർത്ഥി തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
രാത്രി ഭക്ഷണത്തിന് ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ഒരു മോട്ടോർ സൈക്കിൾ ഇവരെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയും അടിയന്തര സേവന വിഭാഗം സ്ഥലത്തെത്തി ദമ്പതികളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ചികിത്സയ്ക്കായി ഗുവാഹാത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
ആലപ്പുഴ: ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസ് ചായകുടിക്കാൻ ഒരു കടയ്ക്ക് മുമ്പില്‍ നിർത്തിയിരുന്നു.
ഇവിടെ നിന്നും മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈർ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും അതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പരപ്പനങ്ങാടിയിലുണ്ടായ സംഭവത്തിൽ ചെട്ടിപ്പടി കോയംകുളത്ത് ഫൈസലിന്റെ മകൻ അമീൻഷാ ഹാഷിം (11)ആണു മരിച്ചത്.
ബന്ധു വീട്ടിലേക്കു പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണു കുട്ടി അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപ്രതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെയിൽവേ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടറും സഹോദരങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 നാണ് അപകടമുണ്ടായത്.
ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന മണൽ കാറിന് മുകളിലേക്ക് വീണു.
ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കണ്ണൂർ: തലശേരിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്.
തലശേരി, മാഹി, പാനൂർ ഫയർ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. റീസൈക്ലിംഗ് യൂണിറ്റിലെ ഗോഡൗണിൽ ഗ്യാസ് സിലിണ്ടറുകൾ ഉണ്ടെന്നാണ് സൂചന.
തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിട്ടുണ്ട്.
Kerala
ഇടുക്കി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തുണ്ടായ അപകടത്തിൽ കോഴിമല സ്വദേശി ജിൻസനാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ബൈക്ക് ബസിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ജിൻസന്റെ സഹോദരൻ ജെയ്സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിൻസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ച രാത്രി ഞാറവിള - കരയടിവിള റോഡിലായിരുന്നു അപകടം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടത്തെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രി കുഴഞ്ഞുവീണു മരിച്ചിരുന്നു. ഈ രണ്ടു വാർഡുകളിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Kerala
ചിങ്ങവനം: ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറില്‍ വരുകയായിരുന്നയാളെ രാത്രിയിൽ കാറിടിച്ചു തെറിപ്പിച്ചതിനെത്തുടർന്നു മരിച്ചു. സ്കൂട്ടര്‍ യാത്രികനായ എംആര്‍എഫിലെ ജീവനക്കാരൻ പി.ജെ. ഏബ്രഹാ(56)മാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി 12ന് കോട്ടയം എംസി റോഡില്‍ പള്ളം ബോര്‍മ കവലയ്ക്കു സമീപമാണ് അപകടം. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയതായി ചിങ്ങവനം പോലീസ് അറിയിച്ചു. പള്ളം സ്വദേശിയായ ഏബ്രഹാം വടവാതൂർ എംആര്‍എഫിലെ ടയര്‍ പ്ലാന്റ് മെക്കാനിക്കാണ്.
Kerala
മുണ്ടക്കയം: മുണ്ടക്കയം എരുമേലി റോഡില്‍ കണ്ണിമല കുത്തറക്കത്തില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് നില്‍ക്കുകയായിരുന്നു. കുഴിയിലേക്ക് മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി. കണ്ണിമല ഇറക്കത്തിന് മുകളില്‍ പോലീസിന്റെ സേവനമുണ്ടെങ്കിലും വാഹനത്തിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്.
ആംബുലന്‍സിന്റെ സേവനവും ഉണ്ടായിരുന്നില്ല. എരുമേലില്‍നിന്ന് ആംബുലന്‍സ് വരുത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Kerala
പഴയങ്ങാടി: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. കീച്ചേരി ചിറക്കുറ്റി എകെജി സാംസ്കാരിക നിലയത്തിന് സമീപം താമസിക്കുന്ന വിനോദ്- അജിത ദമ്പതികളുടെ മകൻ കെ.വി. അഖിലാണ് (26) മരിച്ചത്.
പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കെ. കണ്ണപുരം പാലത്തിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
റോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ജീവനക്കാരനാണ് അഖിൽ.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് പാപ്പിനിശേരി സമുദായശ്മശാനത്തിൽ നടക്കും. സഹോദരൻ: ജിതിൻ (ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, വളപട്ടണം).
National
തെങ്കാശി: തെങ്കാശി ജില്ലയിലെ മധുര-കൊല്ലം ദേശീയപാതയിൽ കടയനല്ലൂരിന് സമീപം തുരയ്ചാമിയപുരം ഗ്രാമത്തിൽ രണ്ടു സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. രണ്ടു പുരുഷന്മാരും ആറ് സ്ത്രീകളുമാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാലു ലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. 30 യാത്രക്കാർക്കു പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരാണ് ബസുകളിൽ കുടുങ്ങി പോയ യാത്രക്കാരെ പുറത്തിറക്കിയത്.
പരിക്കേറ്റവരെ തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11നാണ് അപകടം. തെങ്കാശി ജില്ലയിലെ കടയനല്ലൂരിനടുത്തുള്ള തുരയ്ചാമിയപുരത്തേക്കു വരികയായിരുന്ന കെഎസ്ആർ എന്ന സ്വകാര്യ ബസ്, കോവിൽപട്ടിയിൽ നിന്നു തെങ്കാശിയിലേക്കു വരികയായിരുന്ന എം.ആർ. ഗോപാലൻ എന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മധുര-കൊല്ലം ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു.
Kerala
കോട്ടയം: മലയാളി യുവതി ഇസ്രയേലില്‍ അപകടത്തിൽ മരിച്ചു. കോട്ടയം ചങ്ങനാശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ (34) ആണ് മരിച്ചത്.
ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. ശരണ്യ ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടുവെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
District News
മാള: കൊടകര - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ട്രെയിലർ മറിഞ്ഞ് അപകടം. ഡ്രൈവർ കർണാടക സ്വദേശി ഓംപ്രകാശ് (55) ചെറിയ പരിക്കോടെ രക്ഷപ്പെട്ടു. മാള കെഎസ്ആർടിസി സബ് ഡിപ്പോക്കുസമീപം ഇന്നലെ രാവിലെയാണ് സംഭവം. ട്രെയിലറിനു മുന്നിൽപോയിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിനു കാരണം.
ട്രെയിലർ ഡ്രൈവർ ബ്രേക്കിട്ടതോടെ മാള പള്ളിപ്പുറം ഡമാക്ക് സ്റ്റീൽ കമ്പനിയിലേക്ക് കൊണ്ടുപോയിരുന്ന അമിതഭാരമുള്ള സ്റ്റീൽ ഉരുണ്ട് ഫ്രണ്ടിലേക്ക് എത്തി. ഇതോടെ ട്രെയിലർ കുത്തനെ മറയുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി ഡ്രൈവറെ പുറത്തെടുത്തു.
International
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന് (40), കൊല്ലം സ്വദേശി സുനില്‍ സോളമന് (43) എന്നിവരാണ് മരിച്ചത്.
ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ - കോലഞ്ചേരി റൂട്ടില്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. പട്ടിമറ്റത്തുനിന്നു പെരുമ്പാവൂര്‍ക്ക് വരുകയായിരുന്ന ബസില്‍ പെരുമ്പാവൂരില്‍ നിന്നെത്തിയ ടോറസാണ് ഇടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടോറസ് ബസിന് നേരെ ഇടിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട യാത്രക്കാരെ നാട്ടുകാരും പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ സ്വകാര്യ ബസിനു പിറകെ വന്ന ബൈക്ക് യാത്രകാര്‍ക്കും പരിക്കുണ്ട്.
ഫയര്‍ഫോഴ്സ് ഓഫീസര്‍ അരുണ്‍ പി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
District News
അമ്പലപ്പുഴ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് കല്ലുപുരയ്ക്കൽ വീട്ടിൽ കെ.യു. മധുവിന്റെ മകൻ ആദിത്യ(22)നായാണ് വടക്ക് പഞ്ചായത്ത് ജീവൻ രക്ഷാസമിതി സഹായം തേടുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ ഒരു മാസത്തിലധികമായി കഴിയുന്ന ആദിത്യന്റെ ഇടതുകൈയുടെ ശസ്ത്രക്രിയ മാത്രമാണ് കഴിഞ്ഞത്. 10 ലക്ഷത്തിലധികം ചെലവുവന്നു.
ഇനിയും ശസ്ത്രക്രിയ ചെയ്താലേ ആദിത്യനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാകൂ. രണ്ടു മാസം ആശുപത്രിയിൽ തുടർ ചികിത്സയും വേണം. ഇതിനായി ഇന്ന് രാവിലെ 8 മുതൽ ജീവൻ രക്ഷാസമിതി പ്രവർത്തകർ വീടുകളിൽ ധനസമാഹരണം നടത്തും. കാനറ ബാങ്ക് പുന്നപ്ര ശാഖയിൽ 110274708177 എന്ന അക്കൗണ്ടിലും സഹായം ലഭ്യമാക്കാം. ഐ എഫ് എസ് സി കോഡ് - സി എൻ ആർ ബി 0006019.
Kerala
നിലമ്പുർ: മലപ്പുറം നിലമ്പുരിൽ സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. നിലമ്പുർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യവേയാണ് അപകടം.
സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ പത്മിനിയെ നിലമ്പുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പാലാ: കോട്ടയം പാലായില്‍ ഹൈവേ പോലീസിന്റെ പട്രോളിംഗ് വാഹനം അപകടത്തില്‍പ്പെട്ടു. ഇന്നു പുലര്‍ച്ചെ 4.30ന് പാലാ-തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ ഭാഗത്തായിരുന്നു സംഭവം. നിയന്ത്രണംവിട്ട വാഹനം കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ എസ്ഐ നൗഷാദ്, സിപിഒമാരായ സെബിന്, എബിന് എന്നിവര്‍ക്കു പരിക്കേറ്റു. സെബിന്റെ കാലിന് ഒടിവും മുഖത്തു പരിക്കുകളുമുണ്ട്. മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ല. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കോട്ടയം: വൈക്കത്ത് ബൈക്ക് ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാര്‍ഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് (20)മരിച്ചത്. ഇന്നു രാവിലെ ഒമ്പതിന് വൈക്കത്തിനു സമീപം നനാടത്താണ് അപകടം.
വൈക്കത്തു നിന്നു പുത്തോട്ടയിലെ സ്വകാര്യ കോളജിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന മുഹമ്മദ് ഇര്‍ഫാന്റെ വാഹനം ട്രാവലറിൽ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സമീപത്തെ പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്. മുഹമ്മദ് ഇര്‍ഫാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈക്കം ഇര്ഫാന് മന്‍സില്‍ നാസറിന്റെ മകനാണ്.
ബിഎസ്സി സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ഥിയാണ്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പറയുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Kerala
പത്തനംതിട്ട: കോന്നി അരുവാപ്പുലത്ത് ക്രെയിൻ സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം. അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിയിൽ താമസിക്കുന്ന രാജി (36) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. എതിർദിശയിൽ നിന്ന ക്രെയിനിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം റോഡിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം. ഓടി രക്ഷപെട്ട ക്രെയിൻ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ടിപ്പർ ലോറി ബസിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.
ഹൈദരാബാദ് -ബീജാപുർ ദേശീയപാതയിൽ രംഗറെഡ്ഡി ജില്ലയിലെ മിർസാഗുഡയിൽ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബൈക്കിനെ മറികടന്നെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബസിന്റെ മുൻഭാഗം പൂര്‍ണമായി തകര്‍ന്നു. ടിപ്പര്‍ ലോറിയിൽ കല്ലുകളുണ്ടായിരുന്നു. ഇവ യാത്രക്കാരുടെ മേൽ പതിച്ചാണ് ദുരന്തം. മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ശിവള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉത്തരവിട്ടു.
Sports
മെൽബൺ: ക്രിക്കറ്റ് പരിശീലനത്തിനിടെ ബോൾ കഴുത്തിൽക്കൊണ്ട് പരിക്കേറ്റ 17 വയസുകാരൻ മരിച്ചു. ചൊവ്വാഴ്ച ഫെർൻട്രീ ഗല്ലിയിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബെൻ ഓസ്റ്റിനാണ് മരിച്ചത്.
ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ബൗളിംഗ് മെഷീനില്‍ നിന്ന് എത്തിയ പന്ത് ബെന്നിന്റെ കഴുത്തിനും തലക്കുമിടക്കുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു. ഗുരുതരാമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.
പ്രദേശിക ക്ലബുകളായ ഫെര്‍ട്രി ഗല്ലിയും എയില്‍ഡണ്‍ പാര്‍ക്കും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. ഫെർൻട്രീ ഗല്ലി ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ബെൻ ഓസ്റ്റിൻ.
ബെന്നിന്റെ അച്ഛൻ ജെയ്സാണ് മരണവാർത്ത ലോകത്തെ അറിയിച്ചത്. കൗമാരതാരത്തിന്റെ വിയോഗത്തിൽ ഫെർൻട്രീ ഗല്ലി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
ഫെര്‍ട്രി ഗല്ലി, മള്‍ഗ്രേവ്, എല്‍ഡണ്‍ പാര്‍ക്ക് ക്രിക്കറ്റ് ക്ലബുകളില്‍ സജീവ അംഗമായിരുന്ന ബെന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റായ ഷെഫീൽഡ് ഷീൽഡിനിടെ പന്ത് തലയിൽക്കൊണ്ട് 2014ൽ ഓസ്ട്രേലിയൻ താരം ഫിൽ ഹ്യൂസ് മരിച്ചിരുന്നു.
Kerala
കൊല്ലം: വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ (സോപാനം) അനീഷ് - ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്ലാൻ അനീഷ് ആണ് മരിച്ചത്.
നീണ്ടകര പരിമണത്തെ പ്ലേ സ്കൂൾ വിദ്യാർഥിയാണ് അറ്റ്ലാൻ. സ്കൂൾ വാഹനത്തിൽ വന്നിറങ്ങി മുത്തച്ഛനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് സംഭവം. ഗെയ്റ്റു തുറന്ന് അകത്തു കയറിയപ്പോൾ കുട്ടി മുത്തച്ഛന്റെ കൈ തട്ടി വെളിയിലോട്ടു ഓടിപ്പോയി.
ബാഗ് വീട്ടിൽ വച്ച ശേഷം വീട്ടുകാർ അന്വേഷിച്ചപ്പോൾ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കൈത്തോടിൽ കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
കല്‍പ്പറ്റ: വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തില്‍ കുമാറാണ് (54) മരിച്ചത്. ക്ലീനർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍ഗോട്ടേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് നൂറടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ക്ലീനർ ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് മാനന്തവാടിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും പോലീസും ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കുറവിലങ്ങാട്: എംസി റോഡ് കോട്ടയം കുറവിലങ്ങാടിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരട്ടി സ്വദേശി സിന്ധു (45)ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടോടുകൂടി ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്.
ഇരട്ടി സ്വദേശികൾ സഞ്ചരിച്ച ബസ് തിരുവന്തപുരത്തേക്ക് പോയി അവിടെനിന്ന് തിരികെ ഇരട്ടിയിലേക്ക് പോകുന്പോഴായിരുന്ന അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്നാണ് കരുതുന്നത്.
49ഓളം പേർ ബസിൽ ഉണ്ടായിരുന്നെന്നാണ് സൂചന. 18 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
National
ബംഗളൂരു: ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം നാലിന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമായിരുന്നു അപകടം.
അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്കും പരുക്കേറ്റു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി. വാഹനം പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് കേസിന്റെ തുടർനടപടികൾ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
NRI
വാഷിംഗ്ടൺ: ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസിന്റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാത്രി 10.37നാണ് സംഭവം നടന്നത്. ഗേറ്റിൽ ഇടിച്ച വാഹനം പോലീസ് വിശദമായി പരിശോധിക്കുകയും സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തു
അപകടശേഷം ഡ്രൈവറെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്.
Kerala
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. നെടുമങ്ങാട് എട്ടാംകല്ലിലാണ് സംഭവം.
ബസിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോജിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.
കിഴക്കേകോട്ട നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന നെടുമങ്ങാട് സ്റ്റാൻഡിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടത്തിൽ ആർക്കും പരിക്കില്ല.
International
ഹോങ്കോംഗ്: ലാൻഡിംഗിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു. അപകടത്തിൽ രണ്ടുപേർ മരിച്ചു.
ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ് അപകടമുണ്ടായത്. ദുബായിയിൽ നിന്നു വന്ന എസിടി എയർലൈൻസിന്റെ ബോയിംഗ് 747 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം കടലിൽ ഭാഗികമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെ രക്ഷപ്പെടുത്തിയെന്ന് ഹോങ്കോംഗ് വിമാനത്താവളം പ്രസ്താവനയിൽ അറിയിച്ചു.
അപകടത്തെ തുടർന്ന്, ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കൻ റൺവേ അപകടത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. അതേസമയം തെക്ക്, മധ്യ റൺവേകൾ തുടർന്നും പ്രവർത്തിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
International
ന്യൂഡൽഹി: കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങി മൂന്നുപേർക്ക് ദാരുണാന്ത്യം. മൊസാംബിക്കിലുണ്ടായ അപകടത്തിൽ മലയാളിയടക്കം അഞ്ചുപേരെ കാണാതായെന്ന് അധികൃതർ പറഞ്ഞു.
എംടി സീ ക്വസ്റ്റ് എന്ന കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ടാണ് മുങ്ങിയത്. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ്.
കപ്പലുകളും ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഡിജി ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു.
Kerala
മലപ്പുറം: സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. എടപ്പാൾ കണ്ടനക്കത്തുണ്ടായ അപകടത്തിൽ കടയിൽ നിൽക്കുകയായിരുന്ന വിജയനാണ് മരിച്ചത്.
ദാറുൽ ഹുദായ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പത്തു വിദ്യാർഥികൾക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിജയന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
International
കയ്റോ: ഗാസയില്‍ ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ അന്തിമ ചർച്ചകൾക്കായി ഈജിപ്തിലേക്ക് തിരിച്ച ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തിൽ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രയിലായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യവസ്ഥ പ്രകാരം നാളെയാണു മോചനം തുടങ്ങേണ്ടത്. 2023 ഒക്ടോബർ ഏഴിനു ഹമാസ് പിടികൂടി ബന്ദികളാക്കിയവരെയും ഇസ്രയേൽ ജയിലിൽ അടച്ച പലസ്തീൻ തടവുകാരെയുമാണ് കൈമാറുന്നത്.
Kerala
അടൂര്‍: കെപി റോഡില്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ടിവിഎസ് അംഗീകൃത സര്‍വീസ് സെന്ററില്‍ തീ പിടിത്തം. ഏകദേശം ഇരുപത്തിയഞ്ച് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സര്‍വീസ് സെന്ററില്‍ നിന്നു തീ ഉയരുന്നതായി ഫയര്‍ ഫോഴ്സിന് സന്ദേശം ലഭിച്ചത്.
ഉടന്‍തന്നെ പത്തനംതിട്ട നിന്ന് സ്റ്റേഷന് ഓഫീസര്‍ വി. വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പ്രേമചന്ദ്രന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ആറംഗ സംഘം ഉള്‍പ്പെടുന്ന യൂണിറ്റും സ്റ്റേഷന് ഓഫീസര്‍ കെ.സി. റെജികുമാര്‍, സീനിയര്‍ ഓഫീസര്‍ വി. എം. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അടൂരില്‍ നിന്നു 11 അംഗ സംഘം ഉള്‍പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഈ കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും അതിഥി സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫ്ളാറ്റുകളും പഴങ്ങള്‍ വില്‍ക്കുന്ന കടയും ഉണ്ടായിരുന്നത് ആശങ്കപരത്തി.
പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നു സ്ഥലത്തെത്തിയ മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് അംഗീകൃത സര്‍വീസ് സെന്ററിന്റെ ഷട്ടര്‍ പൊളിച്ച് ഉള്ളില്‍ കടന്ന് മൂന്ന് വാഹനത്തില്‍ നിന്നും ഒരേ സമയം വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.
കോട്ടണ്‍ വേസ്റ്റുകളും അപ്ഹോള്‍സ്റ്ററികളും ഓയില്‍, ഗ്രീസ്, പെട്രോള്‍ ഉള്‍പ്പെടെ ഇന്ധനങ്ങളും കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് അപകടതീവ്രത വര്‍ധിപ്പിച്ചു. പുലര്‍ച്ചെ ആയിരുന്നു സംഭവം എന്നതിനാല്‍ കെപി റോഡില്‍ തിരക്ക് ഇല്ലാതിരുന്നത് അപായസാധ്യത ഒഴിവാക്കി.
കൃത്യസമയത്ത് തന്നെ ഫയര്‍ഫോഴ്സ് എത്തിയതിനാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. സര്‍വീസ് സെന്ററിനുള്ളില്‍ നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സ് ഇവിടെ പ്രവര്‍ത്തിച്ചത്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്വകാര്യ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. പത്തോളം കുട്ടികള്‍ക്കു പരിക്ക്. ഇന്നു രാവിലെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം ഓടിച്ചിരുന്നത് പാറശാല എസ്എച്ച്ഒ തന്നെയെന്ന് കണ്ടെത്തൽ. എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിനു കാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇയാൾക്കെതിരേ കിളിമാനൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കും. കുറ്റം തെളിഞ്ഞാൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്കു കടക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ (59) ഇടിച്ചിട്ട് കാർ നിർത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു വാഹനം തിരിച്ചറിഞ്ഞത്.
മണിക്കൂറുകളോളം ചോരവാർന്ന് റോഡിൽ കിടന്ന കൂലിപ്പണിക്കാരനായ രാജനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
തൃശൂർ: ദേശീയപാത ചെമ്പൂത്രയിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്കു പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വടക്കാഞ്ചേരി തയ്യൂർ സ്വദേശി കൊള്ളന്നൂർതറയിൽ ഫ്രാൻസിസ് മകൻ ടോണിയാണ് (49) മരിച്ചത്.
ഇന്ന് പുലർച്ചെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ടയർ പഞ്ചറായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിറകിൽ ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയിൽ കുടുങ്ങിയ ടോണിയെ തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.
അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ടോണി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ദേശാഭിമാനി പത്രക്കെട്ട് വിതരണം ചെയ്യുന്ന ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത റിക്കവറി വിഭാഗവും പീച്ചി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കളമശേരി: കളമശേരി ദേശീയപാത കുസാറ്റ് ജംഷനില്‍ കാര്‍ സ്വകാര്യ ബസിലിടിച്ച് ഉണ്ടായ അപകടത്തില്‍ കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ ദേശീയപാതയുടെ മധ്യത്തിലേക്ക് തെന്നി നീങ്ങി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ആലുവ ഭാഗത്തു നിന്നു വന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. നിസാര പരിക്കുകളോടെ കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ച് നേരം ഗതാഗതക്കുരുക്കുണ്ടായി.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ലോറിയിടിച്ചു സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയിൽ സജി ഡോമിനിക് (55) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴിനായിരുന്നു സംഭവം.
സജി സഞ്ചരിച്ച സൈക്കിളിന്റെ പിന്നിൽ വന്ന് ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ സജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ മുൻ ജീവനക്കാരനായിരുന്നു സജി.
Kerala
ആലപ്പുഴ: ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ പൊട്ടിത്തെറി ശബ്ദവും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. രാവിലെ ആറേമുക്കാലോടെ ട്രെയിൻ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം.
ട്രെയിനിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതിനു പിന്നാലെ പാൻട്രി കാറിന്റെ ഭാഗത്തുനിന്നു പുക ഉയരുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തി പരിശോധിച്ചു.
ബ്രേക്ക് ബൈൻഡിംഗിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമായത്. തുടർന്ന് തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു.
Kerala
ചാവശേരി: ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്നു പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
ഇരിട്ടി ഭാഗത്തുനിന്ന് കോഴി കയറ്റി മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടിയിലേക്കുപോകുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിലുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു.
അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് കോഴികൾ മറ്റൊരു ലോറിയിലേക്ക് മാറ്റി. ലോറികളുടെ മുൻ ഭാഗങ്ങൾ തകർന്നു. വിവരം അറിഞ്ഞെത്തിയ മട്ടന്നൂർ പോലീസ് അപകടത്തിൽപ്പെട്ട ലോറികൾ റോഡിൽനിന്ന് നീക്കി.
Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സ്കൂൾ വാൻ കുഴിയിൽവീണ് അപകടം. വാനിലുണ്ടായിരുന്ന 31 വിദ്യാർഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് സാന്താസ് സ്കൂളിലേക്ക് കുട്ടികളുമായി എത്തിയ സ്വകാര്യ വാൻ ആണ് താഴ്ചയിലേക്ക് വീണത്.
ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മന്ത്രി വി. ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.
റോഡിന്റെ മോശം അവസ്ഥയും കൈവരി കെട്ടാത്തതിന്റെയും പ്രശ്നമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികയായ രണ്ടാംക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളും കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.
കൊഴിഞ്ഞാമ്പാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്. പിതാവിനൊപ്പം സ്കൂളിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു നഫീസത്ത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിയുകയും കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അത്തിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടകാരണം കണ്ടെത്താൻ പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.
National
ദൗസ: രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബാപ്പിയില്‍ പാസഞ്ചര്‍ പിക്കപ്പ് വാനും ട്രെയ്ലര് ട്രക്കും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 11 പേര് മരിച്ചു. 12 പേർക്ക് പരിക്കേറ്റു. തീർഥാടകര്‍ സഞ്ചരിച്ച പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.
ദൗസ-മനോഹർപുർ ഹൈവേയില്‍ ബസ്ദി ബൈപാസ് പാലത്തിനു സമീപം പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഖാട്ടുശ്യാംജി സന്ദർശിച്ച ശേഷം മടങ്ങിവരികയായിരുന്ന യുപി സ്വദേശികളായ തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച പിക്അപ്പ് വാൻ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു.
പത്തുപേർ സംഭവസ്ഥലത്തുതന്നെയും ഒരു സ്ത്രീ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. ഇവരിൽ ഏഴ് പേർ കുട്ടികളും മൂന്നുപേർ സ്ത്രീകളുമാണ്. ഗുരുതര പരിക്കേറ്റ ഒമ്പതു പേരെ ദൗസ ജില്ലാ ആശുപത്രിയിൽനിന്ന് ജയ്പുരിലേക്ക് കൊണ്ടുപോയി.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ജനറൽ ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം.
വട്ടിയൂർക്കാവ് സ്വദേശി ഓടിച്ചിരുന്ന കാർ നടപ്പാതയിലേക്കും തുടർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരും രണ്ടുപേർ വഴിയാത്രക്കാരുമാണ്.
കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടമെന്നും ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ഗുരുതര പരിക്ക്. മൂകാംബിക ദർശനം കഴിഞ്ഞ് വന്ന പോത്തൻകോട് അണ്ടൂർക്കോണം സ്വദേശികളാണ് അപകടത്തിൽപെട്ടത്.
ഒരു പുരുഷനും നാലു സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി കാർ വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരവും നാലു പേരുടെ നില ഗുരുതരവുമാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
കൊല്ലം: കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന് എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പനവേലി ഭാഗത്ത് രാവിലെ 6.45 ഓടെയായിരുന്നു അപകടം. ജോലിക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീകളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും വാഹനം ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന് നിന്നിരുന്നത്.
ഗുരുതരമായി പരിക്കേറ്റ സോണിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടി മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.
Kerala
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ
ജില്ലാ കളക്ടർ ജോൺവി.സാമുവൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്കാണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്.
അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് തലയോലപറന്പ് സ്വദേശി ബിന്ദു ആണ് മരിച്ചത്.
സംഭവത്തിൽ വ്യാപകപ്രതിഷേധമുയർന്നതിന് പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കളക്ടറോട് ആവശ്യപ്പെട്ടത്.
Kerala
കണ്ണൂര്‍: കാര്യാട്ട് തെരുവുനായ കുറുകെ ചാടിയതിനെതുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പുറം സ്വദേശി വൈഷ്ണവ്(23) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തോടെയാണ് അപകടം. സ്കൂട്ടറില്‍ പോകുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
കോഴിക്കോട്: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ ആൾ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.
ഇന്ന് രാവിലെ വൈത്തിരി സമീപത്ത് ഓറിയന്റൽ കോളജിനടുത്തെ കാട്ടിൽനിന്ന് ഇയാൾ പരിക്കുകളോടെ ഇറങ്ങിവരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ വിവരമറിയിച്ചത് അനുസരിച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ചയാണ് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വളവിന് മുകളിൽ നിന്നും ഇയാൾ കൊക്കയിലേക്ക് ചാടിയത്. ഫയർഫോഴ്സും പോലീസും പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഷഫീഖിന്റെ കാറിൽ നിന്ന് മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെടുത്തിരുന്നു. മുന്‍പും എംഡിഎംഎ കേസിൽ പ്രതിയാണിയാൾ. വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പോലീസിന്റെ കണ്ടെത്തൽ.