Sports
മൊഹാലി: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ 2025-26 സീസണില്‍ പഞ്ചാബിനായി സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍ വരുന്ന മത്സരങ്ങളില്‍ കളിക്കുമെന്നു സൂചന.
ഗ്രൂപ്പ് ലീഗ് ഫിക്സ്ചറില്‍ സിക്കിം, ഗോവ ടീമുകള്‍ക്ക് എതിരേ ജനുവരിയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഗില്‍ പഞ്ചാബിനായി ഇറങ്ങുമെന്നാണ് വിവരം. പഞ്ചാബിന്റെ മൂന്നും നാലും മത്സരങ്ങളില്‍ ഗില്‍ കളിച്ചേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ജനുവരി മൂന്ന്, ആറ് തീയതികളില്‍ മാത്രമായിരിക്കും ഗില്‍ പഞ്ചാബിനൊപ്പം ഇറങ്ങുക.
എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ച പഞ്ചാബിന് എട്ട് പോയിന്റുണ്ട്. ഇത്രയും പോയിന്റുമായി മുംബൈയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മുംബൈക്കായി രോഹിത് ശര്‍മയും ഡല്‍ഹിക്കായി വിരാട് കോഹ് ലിയും ആദ്യ രണ്ടു മത്സരങ്ങളില്‍ കളിച്ചിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ 2026 ലോകകപ്പ് ട്വന്റി-20 ടീമില്‍നിന്ന് പുറത്തായിരുന്നു. ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലാണ് ഇന്ത്യന്‍ ടീം അടുത്തതായി ഇറങ്ങുക.
Sports
“ഐസിസി 2023 ഏകദിന ലോകകപ്പ് ഫൈനൽ. ഇന്നും നോവായി കരിയറിൽ ബാക്കിവച്ച നിമിഷം. ഒന്‍പത് അപരാജിത മുന്നേറ്റങ്ങൾക്കൊടുവിൽ ഫൈനലിൽ ഓസ്ട്രേലിയയോട് അപ്രതീക്ഷിത തോൽവി.
ഹൃദയം നുറുങ്ങിയ ആ നിമിഷത്തിൽ തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്’’- ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമ വെളിപ്പെടുത്തി. ടൂർണമെന്റിൽ സ്വപ്നതുല്യമായ മുന്നേറ്റമാണ് ഇന്ത്യ നടത്തിത്. എന്നാൽ, ഫൈനലിൽ ട്രാവിസ് ഹെഡിന്റെ സെഞ്ചുറി മികവിൽ ഓസ്ട്രേലിയ ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി.
“ഫൈനൽ തോൽവിക്കുശേഷം ഞാൻ നിരാശനായിരുന്നു. ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കേണ്ടന്ന് തീരുമാനിച്ചു. എന്റെ എല്ലാ മികവും ടൂർണമെന്റിനായി പുറത്തെടുത്തു. ഇനി ഒന്നും ചെയ്യാനില്ലെന്ന് ചിന്തിച്ചു’’- ഒരു ചടങ്ങിനിടെ രോഹിത് ശർമ പറഞ്ഞു. തിരിച്ചുവരവ് എളുപ്പമായിരുന്നില്ല. ക്രിക്കറ്റ് എനിക്ക് എളുപ്പത്തിൽ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് സ്വയം ഓർമിപ്പിച്ചുകൊണ്ടിരുന്നു. സാവധാനം ഞാൻ ശരിയായ വഴിയിലേക്ക് മടങ്ങിയെത്തി. പോസിറ്റീവ് എനർജി തിരിച്ചുപിടിച്ചതായും രോഹിത് കൂട്ടിച്ചേർത്തു.2022ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ ലോകകപ്പായിരുന്നു ലക്ഷ്യമെന്നും രോഹിത് പറഞ്ഞു.
“ഒരു വർഷത്തിനുള്ളിൽ അമേരിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പ് രോഹിതും സംഘവും സ്വന്തമാക്കി. എന്നാൽ, 2023ലെ തോൽവിയുടെ മുറിവുകൾ ഉണക്കാൻ അതിനുമാകുമായിരുന്നില്ല. അഹമ്മദാബാദിലെ തോൽവി ഒരു പാഠമായിരുന്നു. ഏറെ ആഗ്രഹിച്ചത് നേടാനാകാതെ വന്ന സമയം നിരാശയെ എങ്ങനെ നേരിടാം, മറികടക്കാം, പുതിയതിനായി എങ്ങനെ ഒരുങ്ങാം.
പിന്നീട് ശ്രദ്ധ മുഴുവൻ ട്വന്റി-20 ലോകകപ്പിലേക്ക് മാറ്റി. ഇപ്പോൾ ഇത് പറയുക വളരെ എളുപ്പമാണ്. പക്ഷേ, ആ നിമിഷം മറികടക്കുകയെന്നതു വളരെ ബുദ്ധിമുട്ടായിരുന്നു’’- കയ്പേറിയ നിമിഷത്തെക്കുറിച്ചും ക്രിക്കറ്റിനായി താൻ സമർപ്പിച്ച അർപ്പണമനോഭാവവും വ്യക്തമാക്കുന്ന വാക്കുകൾകൊണ്ട് രോഹിത് അവസാനിപ്പിച്ചു.
Sports
ധരംശാല: തുടർച്ചയായ മോശം പ്രകടനത്തിൽ പ്രതികരണവുമായി ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഞാൻ ഫോം ഔട്ട് അല്ലെന്നും ഔട്ട് ഓഫ് റണ്‍സ് ആണെന്നും സൂര്യ പറഞ്ഞു.
നെറ്റ്സിൽ മനോഹരമായി ബാറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ മത്സരത്തിലേക്കെത്തുന്പോൾ അതിന് സാധിക്കുന്നില്ല. റണ്‍സ് വരേണ്ടത് അത്യാവശ്യമാണ്, തീർച്ചയായും റണ്‍സ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും താരത്തിന് തിളങ്ങാനായിരുന്നില്ല. 11 പന്തുകളിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 12 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.
ഈ വർഷം കളിച്ച 20 ട്വന്റി20 മത്സരങ്ങളിൽനിന്ന് വെറും 13.35 ശരാശരിയിൽ 227 റണ്‍സാണ് താരത്തിന്റെ ആകെ സന്പാദ്യം.
Sports
വിവാഹം പ്രഖ്യാപിച്ചുകഴിഞ്ഞുള്ള വിവാദങ്ങള്‍ക്കും ട്രോമയ്ക്കും ശേഷം ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാന കളത്തിലേക്കു തിരിച്ചെത്തുന്ന പരമ്പരയാണ് ശ്രീലങ്കയ്ക്കെതിരേ നടക്കാനിരിക്കുന്നത്.
നവംബര്‍ 23നായിരുന്നു സ്മൃതി മന്ദാനയും ഏറെനാളായി പ്രണയത്തിലായിരുന്ന സംഗീതജ്ഞന് പലാഷ് മുച്ചാലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, പലാഷിന്റെ വഴിവിട്ട മൊബൈൽ ചാറ്റ് പുറത്തുവന്നതോടെ വിവാഹം മുടങ്ങി. സ്മൃതിയുടെ പിതാവ് ആശുപത്രിയിലായതിനാല്‍ വിവാഹം നീട്ടിവച്ചതായായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത.
സ്മൃതിയെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാനായി സഹതാരം ജെമീമ റോഡ്രിഗസ് ഓസ്ട്രേലിയന്‍ ബിഗ് ബാഷ് വനിതാ ട്വന്റി-20 മത്സരങ്ങള്‍ ഉപേക്ഷിച്ചെത്തിയതും വാര്‍ത്തയില്‍ നിറഞ്ഞു.
ഒടുവില്‍, വിവാഹം മുടങ്ങിയിരിക്കയാണെന്നും മുന്നോട്ടുപോകേണ്ട സമയമായെന്നും ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നുമുള്ള പ്രസ്താവനയോടെ സ്മൃതി കാര്യങ്ങള്‍ക്കു വിരാമമിട്ടു.
Sports
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പര പൂർത്തിയായതിന് പിന്നാലെ വിരാട് കോഹ്ലി ലണ്ടനിലേക്ക് മടങ്ങി.
24ന് തുടങ്ങുന്ന വിജയ് ഹസാരേ ട്രോഫിയിൽ കളിക്കാനായി കോഹ്ലി തിരിച്ചെത്തും. ഡൽഹി ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് കോഹ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോഹ്ലി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐ കർശനമായി ആവശ്യപ്പെട്ടതോടെയാണ് കോഹ്ലിയും രോഹിതും വിജയ് ഹസാരേ ട്രോഫിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരന്പരയിൽ രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ കോഹ്ലി പരന്പരയിൽ ഏറ്റവും കൂടുതൽ റണ്‍സടിച്ച താരമായിരുന്നു. പരന്പരയുടെ താരവും കോഹ്ലിയായിരുന്നു.
Sports
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര കളിക്കാന്‍ ശുഭ്മാന്‍ ഗില്‍ ആരോഗ്യവാനാണെന്ന് ബിസിസിഐ.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യടെസ്റ്റിനിടെ കഴുത്തിനു പരിക്കേറ്റ ഗില്‍ ഇതുവരെ കളത്തിലേക്കു തിരിച്ചെത്തിയിട്ടില്ല.
ട്വന്റി-20ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഉള്‍പ്പെടുത്തിയിരുന്നു.
Sports
അഹമ്മദാബാദ്: മലയാളക്കരയില്‍ വേരുള്ള ദേവ്ദത്ത് പടിക്കല്‍ കര്‍ണാടകയ്ക്കായി മൂന്നാം ട്വന്റി-20 സെഞ്ചുറി നേടിയ മത്സരത്തില്‍, 145 റണ്‍സിന് തമിഴ്നാടിനെ അവര്‍ കീഴടക്കി.
സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 എലൈറ്റ് ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ 46 പന്തില്‍ 102 റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ പുറത്താകാതെ നിന്നു.
കര്‍ണാടകയ്ക്കായി ഏറ്റവും കൂടുതല്‍ ട്വന്റി-20 സെഞ്ചുറി നേടുന്ന റിക്കാര്‍ഡും ദേവ്ദത്ത് പടിക്കല്‍ ഇതോടെ സ്വന്തമാക്കി. ട്വന്റി-20 കരിയറില്‍ പടിക്കലിന്റെ നാലാം സെഞ്ചുറിയാണ്.
2025 സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണില്‍ കര്‍ണാടക നാലു മത്സരങ്ങളില്‍ മൂന്നു ജയം സ്വന്തമാക്കി. സ്കോര്‍: കര്‍ണാടക 20 ഓവറില്‍ 245/3. തമിഴ്നാട് 14.2 ഓവറില്‍ 100. ദേവ്ദത്ത് പടിക്കലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
Sports
ലക്നോ: ട്വന്റി-20 ക്രിക്കറ്റില്‍ കന്നി സെഞ്ചുറി കുറിച്ച് മുംബൈയുടെ സര്‍ഫറാസ് ഖാന്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ ആസാമിനെതിരേയായിരുന്നു സര്‍ഫറാസിന്റെ ശതകം.
47 പന്തില്‍ ഏഴ് സിക്സും എട്ട് ഫോറും അടക്കം 100 റണ്‍സുമായി സര്‍ഫറാസ് പുറത്താകാതെ നിന്നു. മത്സരത്തില്‍ മുംബൈ 98 റണ്‍സിന്റെ ജയം സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദ മാച്ചും സര്‍ഫറാസ് ഖാനാണ്.
23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുള്‍ ഠാക്കൂറാണ് ആസാമിനെ എറിഞ്ഞു വീഴ്ത്താന്‍ മുന്നില്‍നിന്നത്. സ്കോര്‍: മുംബൈ 20 ഓവറില്‍ 220/4. ആസാം 19.1 ഓവറില്‍ 122.
Sports
ബ്രിസ്ബെയ്ന്‍: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ അതിവേഗം 1000 റണ്‍സ് എന്ന റിക്കാര്‍ഡ് കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ട്വന്റി-20യിലെ 23 നോട്ടൗട്ട് ഇന്നിംഗ്സിനിടെയാണ് അഭിഷേക് റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. 528 പന്തില്‍ അഭിഷേക് 1000 രാജ്യാന്തര ട്വന്റി-20 റണ്‍സിലെത്തി.
മൂന്നാം ട്വന്റി-20ക്കിടെ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് (569 പന്ത്) കുറിച്ച റിക്കാര്‍ഡാണ് അഭിഷേക് മറികടന്നത്. സൂര്യകുമാര്‍ യാദവാണ് (573) ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്.
Sports
ഹൊബാർട്ട്: ഇന്ത്യയ്ക്കെതിരായ അവസാന രണ്ട് ട്വന്റി 20 മത്സരങ്ങളിൽ ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ് കളിക്കില്ല.
21ന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരന്പരയ്ക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ഹെഡ് ട്വന്റി20 ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത്. ആഷസ് ഒരുക്കങ്ങളുടെ ഭാഗമായി ഓസ്ട്രേലിയൻ ടീമിൽനിന്ന് പിൻമാറുന്ന മൂന്നാമത് താരമാണ് ഹെഡ്.
Sports
മുംബൈ: 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഓൾ റൗണ്ടർ ശാർദൂൽ ഠാക്കൂർ.
2027ൽ ഏകദിന ലോകകപ്പ് നടക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. ബൗള്‍ ചെയ്യുന്ന ഓള് റൗണ്ടറെന്ന നിലയിൽ എട്ടാം നന്പർ സ്ഥാനത്തിനായി പരിശ്രമം തുടരുമെന്ന് 34കാരൻ പറഞ്ഞു.
ഛത്തീസ്ഗഡിനെതിരായ മുംബൈയുടെ രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചതിന് ശേഷമായിരുന്നു ഠാക്കൂറിന്റെ പ്രതികരണം. നിലവിൽ മുംബൈ ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം.
നിലവിൽ നിധീഷ് കുമാർ റെഡ്ഢിയും ഹർഷിത് റാണയുമാണ് എട്ടാം നന്പർ സ്ഥാനത്തിനായി മത്സരിക്കുന്നത്. 2023ലെ ലോകകപ്പിലാണ് ഠാക്കൂർ അവസാനമായി ഇന്ത്യക്കായി ഏകദിന മത്സരം കളിച്ചത്.