“ഐസിസി 2023 ഏകദിന ലോകകപ്പ് ഫൈനൽ. ഇന്നും നോവായി കരിയറിൽ ബാക്കിവച്ച നിമിഷം. ഒന്പത് അപരാജിത മുന്നേറ്റങ്ങൾക്കൊടുവിൽ ഫൈനലിൽ ഓസ്ട്രേലിയയോട് അപ്രതീക്ഷിത തോൽവി.
ഹൃദയം നുറുങ്ങിയ ആ നിമിഷത്തിൽ തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്’’- ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമ വെളിപ്പെടുത്തി. ടൂർണമെന്റിൽ സ്വപ്നതുല്യമായ മുന്നേറ്റമാണ് ഇന്ത്യ നടത്തിത്. എന്നാൽ, ഫൈനലിൽ ട്രാവിസ് ഹെഡിന്റെ സെഞ്ചുറി മികവിൽ ഓസ്ട്രേലിയ ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി.
“ഫൈനൽ തോൽവിക്കുശേഷം ഞാൻ നിരാശനായിരുന്നു. ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കേണ്ടന്ന് തീരുമാനിച്ചു. എന്റെ എല്ലാ മികവും ടൂർണമെന്റിനായി പുറത്തെടുത്തു. ഇനി ഒന്നും ചെയ്യാനില്ലെന്ന് ചിന്തിച്ചു’’- ഒരു ചടങ്ങിനിടെ രോഹിത് ശർമ പറഞ്ഞു. തിരിച്ചുവരവ് എളുപ്പമായിരുന്നില്ല. ക്രിക്കറ്റ് എനിക്ക് എളുപ്പത്തിൽ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് സ്വയം ഓർമിപ്പിച്ചുകൊണ്ടിരുന്നു. സാവധാനം ഞാൻ ശരിയായ വഴിയിലേക്ക് മടങ്ങിയെത്തി. പോസിറ്റീവ് എനർജി തിരിച്ചുപിടിച്ചതായും രോഹിത് കൂട്ടിച്ചേർത്തു.2022ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ ലോകകപ്പായിരുന്നു ലക്ഷ്യമെന്നും രോഹിത് പറഞ്ഞു.
“ഒരു വർഷത്തിനുള്ളിൽ അമേരിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പ് രോഹിതും സംഘവും സ്വന്തമാക്കി. എന്നാൽ, 2023ലെ തോൽവിയുടെ മുറിവുകൾ ഉണക്കാൻ അതിനുമാകുമായിരുന്നില്ല. അഹമ്മദാബാദിലെ തോൽവി ഒരു പാഠമായിരുന്നു. ഏറെ ആഗ്രഹിച്ചത് നേടാനാകാതെ വന്ന സമയം നിരാശയെ എങ്ങനെ നേരിടാം, മറികടക്കാം, പുതിയതിനായി എങ്ങനെ ഒരുങ്ങാം.
പിന്നീട് ശ്രദ്ധ മുഴുവൻ ട്വന്റി-20 ലോകകപ്പിലേക്ക് മാറ്റി. ഇപ്പോൾ ഇത് പറയുക വളരെ എളുപ്പമാണ്. പക്ഷേ, ആ നിമിഷം മറികടക്കുകയെന്നതു വളരെ ബുദ്ധിമുട്ടായിരുന്നു’’- കയ്പേറിയ നിമിഷത്തെക്കുറിച്ചും ക്രിക്കറ്റിനായി താൻ സമർപ്പിച്ച അർപ്പണമനോഭാവവും വ്യക്തമാക്കുന്ന വാക്കുകൾകൊണ്ട് രോഹിത് അവസാനിപ്പിച്ചു.
Tags : Rohit Sharma Batter cricket retire ICC 2023 worldcup cricket