NRI
ഡാളസ് (ടെക്സസ്): മണലൂർ കുടുംബാംഗം അബ്രഹാം ജോൺ മണലൂർ (85) ഡാളസിൽ അന്തരിച്ചു. ഡാളസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് അംഗമാണ്.
1940 ഫെബ്രുവരി 28നാണ് അദ്ദേഹം ജനിച്ചത്. ദീർഘകാലമായി അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം മാർത്തോമ്മാ സഭാ പ്രവർത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
NRI
ഡാളസ്: പാമ്പാക്കുട എരവത്തുകുഴിയിൽ വീട്ടിൽ മത്തായി വർക്കി (ഇ.എം. വർക്കി - 85) ഡാളസിൽ അന്തരിച്ചു. 1974ൽ ഡാളസിൽ കുടിയേറിപ്പാർത്ത പരേതൻ ഡാളസിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ ഇടവകയുടെ ആദ്യകാല അംഗമായിരുന്നു.
ഭാര്യ: സാറാമ്മ വർക്കി (ഡാളസ്) പാമ്പാക്കുട കുന്നുമ്മേൽ കുടുംബാംഗമാണ്. മക്കൾ: സോണു വർക്കി, ഷോൺ വർക്കി (ഇരുവരും ഡാളസിൽ). മരുമക്കൾ: ലീന, ജാനിസ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും ബുധനാഴ്ച രാവിലെ 8.30ന് കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രലിൽ നടത്തപ്പെടും (2707 Dove Creek, Carrollton, TX 75006).
തുടർന്ന് 1.30ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരവും നടക്കും (Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019).
കൂടുതൽ വിവരങ്ങൾക്ക്: സോണു വർക്കി - 469 867 7668.
NRI
ഡാളസ്: ഡാളസിലെ വരാനിരിക്കുന്ന കഠിനമായ ശൈത്യത്തെ നേരിടാൻ ഡാളസ് നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന് ഫെയർ പാർക്കിൽ താത്കാലിക അഭയകേന്ദ്രം സജമാക്കി.
വടക്കൻ ടെക്സസിൽ ഈ വാരാന്ത്യത്തിൽ താപനില അപകടകരമായ രീതിയിൽ താഴുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ഫെയർ പാർക്കിലെ "ഓട്ടോമൊബൈൽ ബിൽഡിംഗിൽ' അഭയകേന്ദ്രം പ്രവർത്തിച്ചു തുടങ്ങും.
ഏകദേശം 1,300 പേരെ ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിന് സാധിക്കും. "ഓസ്റ്റിൻ സ്ട്രീറ്റ് സെന്റർ', "അവർ കോളിംഗ്' എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് സ്ട്രെച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
രാത്രികാല താപനില ഐസിംഗ് പോയിന്റിന് മുകളിൽ എത്തുന്നത് വരെ ഈ കേന്ദ്രം പ്രവർത്തിക്കും. തെരുവുകളിൽ കഴിയുന്നവർക്കും ശൈത്യത്തിൽ നിന്ന് സംരക്ഷണം ആവശ്യമുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
NRI
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
1976-ൽ സ്ഥാപിതമായ ഈ ഇടവക, മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന് കീഴിലുള്ള ഏറ്റവും വലിയ ഇടവകകളിൽ ഒന്നായി വളർന്നിരിക്കുകയാണ്.
നിലവിൽ ഏകദേശം 500 കുടുംബങ്ങൾ ഈ ഇടവകയുടെ ഭാഗമാണ്. അമ്പത് വർഷത്തെ ആത്മീയ പൈതൃകവും വിശ്വാസയാത്രയും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന രീതിയിലാണ് സുവർണ ജൂബിലി ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്രിസ്തീയ വിശ്വാസ മൂല്യങ്ങൾ, സഭയുടെ ദൗത്യം,ജീവിതം, സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നിവ ലോഗോയിലെ വിവിധ ഘടകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നു.
‘Sojourners with Christ' (Faith, Hope, Mission) എന്നതാണ് സുവർണ ജൂബിലിയുടെ ഔദ്യോഗിക തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
NRI
ഡാളസ്: പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു.
കാരോൾട്ടൺ ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ ആത്മീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് ആശംസകൾ നേർന്നു.
ഷാജി രാമപുരത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് റവ. റോയ് തോമസ്, റവ. ഷിബി ഏബ്രഹാം, റവ. റോബിൻ വർഗീസ്, റവ. ബേസിൽ (കെഇസിഎഫ് പ്രസിഡന്റ്), റവ. ഏബ്രഹാം കുരുവിള, പി.ടി. മാത്യു, പി.പി. ചെറിയാൻ തുടങ്ങിയ വിശിഷ്ടാതിഥികൾ സംസാരിച്ചു.
NRI
ഡാളസ്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദമ്പതികളെ വെടിവച്ച കേസിൽ 26കാരനായ നോഹ ട്രൂബയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡാളസിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയേറ്റ 57കാരിയായ ഗ്വാഡലൂപ്പ് ഗോൺസാലസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതിയും ദമ്പതികളും ഒന്നിച്ച് മദ്യപിക്കുകയും ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ദമ്പതികൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് വെടിവച്ചതെന്നുമാണ് പ്രതിയുടെ വാദം.
സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. ഹൈവേയ്ക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.നിലവിൽ നോഹ ട്രൂബ ഡാലസ് കൗണ്ടി ജയിലിലാണ്.
ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
NRI
ഡാളസ്: കായംകുളം സ്വദേശിയും ഡാളസിലെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി - 88) അന്തരിച്ചു. സംസ്കാരം പിന്നീട്.
റാഞ്ചി ഇലക്ട്രിസിറ്റി ബോർഡിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടർന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏതാനും വർഷങ്ങളായി വിശ്രമത്തിലായിരുന്നു.
ഭാര്യ: സിസ്റ്റർ ഗ്രേസി ജോർജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി. എം. വർഗീസിന്റെ മകൾ, പള്ളിക്കൽ, കായംകുളം). മക്കളും മരുമക്കളും: സുമ & എ. ഒ. കോശി (മിനസോട്ട), വർഗീസ് പി. ജോർജ് & ഷേർളി (ഡാളസ്), ജോൺസൺ പി. ജോർജ് & റെനി (ഡാളസ്).
കൂടുതൽ വിവരങ്ങൾക്ക്: സാം മാത്യു - 972 974 5770, ഫിലിപ്പ് ആൻഡ്രൂസ് - 651 367 9879.
NRI
ന്യൂയോര്‍ക്ക്: ചെങ്ങന്നൂര്‍ പള്ളിവീട്ടില്‍ പി.എം. ചെറിയാന് - കരിങ്ങാട്ടില്‍ കുഞ്ഞമ്മ ചെറിയാന് ദമ്പതികളുടെ മകൻ എബ്രഹാം ചെറിയാന് (രാജന്-71) ന്യൂസിറ്റി ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 36 വര്‍ഷം മുമ്പാണ് എബ്രഹാം ചെറിയാന് അമേരിക്കയിലെത്തിയത്.
എതാനും നാളായി ചികിത്സയിലായിരുന്നു. ചെങ്ങന്നൂര്‍ പേരിശേരി മുതയില്‍ പുത്തന്‍ വീട്ടില്‍ കുടുംബാംഗമാണ്. മവേലിക്കര തട്ടാരമ്പലം കൊച്ചു തെക്കേടത്ത് പുത്തന്‍ വീട്ടില്‍ അച്ചാമ്മയാണ് ഭാര്യ. മകള്‍: ടാനിയ.
സഹോദരങ്ങൾ: റോക്ക്ലാൻഡ് മലയാളി അസോസിയേഷൻ (റോമാ) പ്രസിഡന്റ് ഫിലിപ്പ് ചെറിയാന് (സാം), ഫോമാ നേതാവ് റോയ് ചെങ്ങന്നൂര്‍, ശാന്തമ്മ, കുഞ്ഞൂഞ്ഞമ്മ, ബെക്കി, ലൈസ.
പരേതനായ കെ.എം. സാമുവല്‍, കുര്യന് കോശി, ജോര്‍ജ് താമരവേലില്‍, റെജി മാത്യു എന്നിവര്‍ സഹോദരീ ഭര്ത്താക്കന്മാരും സജു ഫിലിപ്പ് സഹോദര ഭാര്യയുമാണ്.
സംസ്കാരം പിന്നീട് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സഫേണ്‍ വികാരി ഡോ. രാജു വര്‍ഗീസിന്റെ മുഖ്യ കര്‍മികത്വത്തില്‍ നടക്കും.
വിവരങ്ങള്‍ക്ക്: ഫിലിപ്പ് ചെറിയാന് 845 659 3724, റോയ് ചെങ്ങന്നൂര്‍ 845 521 2874.
NRI
ഡാളസ്: ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകയും നോര്‍ത്ത് ടെക്സസ് ഇന്‍ഡോ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ എലിക്കുട്ടി ഫ്രാന്‍സിസ് അന്തരിച്ചു.
കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ വേക്ക് സര്‍വീസും ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഗാര്‍ലൻഡ് സെന്റ് തോമസ് അപ്പസ്തോലിക് ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ഗാര്‍ലൻഡ് സെക്രട്ട് ഹാര്‍ട്ട് സെമിത്തേരിയിൽ സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയാകും.
നാലു ദശകത്തിലേറെ ഡാളസ് കൗണ്ടി പാർക്ക് ലാൻഡ് ഹോസ്പിറ്റലില്‍ നഴ്സിംഗ് സൂപ്രവൈസറായി പ്രവര്‍ത്തിച്ച അവർ ഡാളസിലെ മലയാളികളുടെ സാംസ്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വമേകിയിട്ടുണ്ട്.
അന്തരിച്ച സിനിമ പ്രവര്‍ത്തകനും എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായ സി.എല്‍. ഫ്രാന്‍സീസ് ഭര്‍ത്താവാണ്. അന്തരിച്ച പ്രശസ്ത നടന് ജയന് ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള ചിത്രം നിര്‍മിച്ചത് സി.എല്‍. ഫ്രാന്‍സീസാണ്.
ഡാളസ് മലയാളി അസോസിയേഷന് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാന്‍സീസ് ഡാളസ് സെന്റ് തോമസ് അപ്പസ്തോലിക് കാത്തലിക് ദേവാലയ സ്ഥാപക അംഗമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോമിയോ ഫ്രാന്‍സീസ് - 972 897 8063, ബോബി ഫ്രാന്‍സീസ് - 214 535 4746.
NRI
ഡാളസ്: സെഹിയോൻ മാർത്തോമ്മാ ഇടവക സന്ദർശനത്തിനായി എത്തിയ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയ്ക്ക് ഡാലസ് ഫോർട്ട്വർത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഇടവക വികാരി റവ. റോബിൻ വർഗീസ്, മലയാളി ലേ ലീഡർ ഫിലിപ്പ് മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ് എന്നിവർ ചേർന്ന് എപ്പിസ്കോപ്പയെ സ്വീകരിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതിന് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചനശുശ്രൂഷയും നടന്നു.
തിങ്കളാഴ്ച വരെ ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഡാളസിൽ തുടരും. വിവിധ ഇടവകാംഗങ്ങളുമായും സഭാ സമിതികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.
ഇടവകയുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ സന്ദർശനത്തിൽ വലിയ സന്തോഷത്തിലാണ് വിശ്വാസികൾ.
NRI
ഡാളസ്: പ്രിസ്ക ജോസഫ് ജോഫി (42) ഡാളസിൽ അന്തരിച്ചു. പിഎംജി സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.കെ. ജോസഫിന്റെ മകളാണ്. ഭർത്താവ്: ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ. മക്കൾ: ലേവി, ലൂക്ക്.
പൊതുദർശനവും ശുശ്രൂഷയും ശനിയാഴ്ച രാവിലെ ഒമ്പതിന് മെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും.
സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് സണ്ണി വെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) നടക്കും.
NRI
ഡാളസ്: ഡാളസിൽ പോലീസ് വെടിവയ്പിൽ കൊലപാതക കേസ് പ്രതി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 11.45ഓടെ മെസ്കിറ്റിലെ തിരക്കേറിയ ടൗൺ ഈസ്റ്റ് മാളിന് സമീപമുള്ള എൽബിജെ ഫ്രീവേയിലാണ് സംഭവം നടന്നത്.
ഡാളസിലെ മാർക്ക് വില്ലെ ഡ്രൈവിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ച കേസിലെ പ്രതി മാൾ പരിസരത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡാളസ് പോലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്ന് പ്രതിയുടെ വാഹനം തടയാൻ പോലീസ് ശ്രമിച്ചപ്പോൾ, ഇയാൾ ആയുധവുമായി പുറത്തിറങ്ങി പോലീസിനെ നേരിടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് വെടിയുതിർക്കുകയും പ്രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു.
ഏറ്റുമുട്ടലിൽ പോലീസുകാർക്ക് പരിക്കുകളൊന്നുമില്ല. വാരാന്ത്യമായതിനാൽ ഷോപ്പിംഗിനായി നിരവധി ആളുകൾ എത്തിയ ടൗൺ ഈസ്റ്റ് മാളിന് സമീപം വെടിവയ്പ് നടന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
സംഭവത്തെത്തുടർന്ന് പ്രദേശം പോലീസ് വളയുകയും ഫ്രീവേയിലെ ഗതാഗതം ഭാഗികമായി തടസപ്പെടുകയും ചെയ്തു.
NRI
ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ സി.എം. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ, 87) ഡാളസ് ടെക്സസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം.
മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്). മരുമക്കൾ: മിനി സണ്ണി (തുമ്പമൺ), യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി, ഡാളസ്).
പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഒമ്പത് വരെ ഷാരോൺ ഫെലോഷിപ് ചർച്ചിൽ (940 Barnes Bridge Rd, Mesquite TX 75150).
സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷാരോൺ ചർച്ചിൽ ആരംഭിച്ച് 12.30ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡനിൽ (500 US - 80, Sunnyvale TX 75182).
കൂടുതൽ വിവരങ്ങൾക്ക്: യോഹന്നാൻ ലുക്കോസ് - 214 755 1026, സാമുവൽ പനവേലി - 214 435 0124.
NRI
ഡാളസ്: ഡാളസിലെ വൈറ്റ് റോക്ക് ഏരിയയിൽ നടന്ന ഒരു സാധാരണ ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പൗണ്ടിനടുത്ത് കൊക്കെയ്നും മെത്താംഫെറ്റാമിനും ഡാളസ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി.
അമിത വേഗതയിൽ വന്ന ഒരു ഗോൾഡ് ജിഎംസി യൂക്കോൺ വാഹനത്തെയാണ് പോലീസ് തടഞ്ഞു പരിശോധിച്ചത്. യാത്രക്കാരനായിരുന്ന ജീസസ് ജോണാത്തൻ ഗാർസയെ , മോഷണക്കേസിലെ പരോൾ ലംഘനത്തിനുള്ള വാറന്റ് ഉണ്ടായിരുന്നതിനാൽ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് കൊക്കെയ്ൻ പിടികൂടിയിരുന്നു.
വാഹനമോടിച്ചിരുന്ന മോയിസസ് പെരസ് ജൂനിയറുടെ പക്കൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ വാഹനം കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ സെന്റർ കൺസോളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം (445.8 ഗ്രാം കൊക്കെയ്നും 47.7 ഗ്രാം മെത്താംഫെറ്റാമിൻസും) കണ്ടെത്തുകയും ചെയ്തു.
മോയിസസ് പെരസിനെതിരെ മയക്കുമരുന്ന് നിർമാണത്തിനും വിതരണത്തിനും പോലീസ് കേസെടുത്തു.
NRI
ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ്) നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന 47-ാമത് സംയുക്ത ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx 75234) നടക്കും.
ആർച്ച്ബിഷപ് ഡോ. അയൂബ് മോർ സിൽവനോസ് മെത്രാപ്പോലീത്ത (ക്നാനായ ആർച്ച് ഡയോസിസ് നോർത്ത് അമേരിക്ക ആൻഡ് യുറോപ്പ് റീജിയൺ) ക്രിസ്മസ് - ന്യൂഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രൽ ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട 21 ഇടവകളിലെ വൈദീകരും വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 46 വർഷമായി ഡാളസിൽ നടത്തിവരുന്ന ക്രിസ്മസ് - ന്യൂഇയർ ആഘോഷം.
ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള എക്ക്യൂമെനിക്കൽ കൂട്ടായ്മ എന്ന പ്രശസ്തിയും ഡാളസിലെ കെഇസിഎഫിനാണ്. വൈദീകർ ഉൾപ്പടെ 21 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയാണ് കെഇസിഎഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
എല്ലാ വിശ്വാസ സമൂഹത്തെയും ശനിയാഴ്ച നടത്തപ്പെടുന്ന ക്രിസ്മസ് - ന്യൂഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഫാ. ബേസിൽ എബ്രഹാം (പ്രസിഡന്റ്), റവ.ഫാ.പോൾ തോട്ടക്കാട് (വൈസ് പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറർ), ജോൺ തോമസ് (ക്വയർ കോഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.
NRI
ടെക്സസ്: നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരേ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചും ഡാളസിൽ സേവനം ചെയ്യുന്ന നൈജീരിയൻ കത്തോലിക്ക വൈദികനായ ഫാ. ജോസഫ് ഷെക്കാരിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു.
"ഇത് എന്റെ ഹൃദയം നുറുക്കുന്നു' എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. ഭീഷണികൾക്കിടയിലും നൈജീരിയൻ ക്രിസ്ത്യാനികൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും ആയുധങ്ങൾ കൊണ്ടല്ല പ്രാർഥനയിലൂടെയാണ് സഭ ഇതിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു വരികയാണ്. ഫാ. ഷെക്കാരിയെ 2022 ഫെബ്രുവരിയിൽ സ്വന്തം ഇടവകയിൽ വച്ച് തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യം നൽകിയ ശേഷമാണ് അന്ന് അദ്ദേഹത്തെ വിട്ടയച്ചത്.
ഫാ. ഷെക്കാരിയെ രക്ഷിക്കാൻ ശ്രമിച്ച ഒരു പള്ളി ജീവനക്കാരൻ അന്ന് വെടിയേറ്റ് മരിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം യുഎസിലേക്ക് എത്തിയത്.
ഫാ. ഷെക്കാരിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഇപ്പോഴും നൈജീരിയയിലാണ് താമസിക്കുന്നത്.
NRI
ഡാളസ്: ഡൗൺടൗൺ ഡാളസിലെ ഒരു നിശാക്ലബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവയ്പിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പുലർച്ചെ രണ്ടോടെ കൊമേഴ്സ് സ്ട്രീറ്റിലെ നിശാക്ലബിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ് നടന്നത്.
ക്ലബിനുള്ളിൽ ആരംഭിച്ച വാക്കുതർക്കം പുറത്തെ പാർക്കിംഗ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് എത്തിയ പോലീസ് പ്രതിക്ക് നേരെ വെടിയുതിർത്തു. പ്രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അന്വേഷണം പുരോഗമിക്കുകയാണ്. വെടിവയ്പിനെ തുടർന്ന് സംഭവസ്ഥലത്തിന് സമീപമുള്ള ഡാളസ് മുനിസിപ്പൽ കോടതി തിങ്കളാഴ്ച അടച്ചു.
NRI
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് (കെഇസിഎഫ്) ഡാളസ് സംഘടിപ്പിക്കുന്ന അഞ്ചാമത് 5 vs 5 ബാസ്കറ്റ്ബോൾ ടൂർണമെന്റ് 22ന് നടക്കും. ഡാളസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കുന്ന ഈ കായിക മാമാങ്കം ലൂയിസ്വില്ലിലുള്ള ദ മാക് സ്പോർട്സ് എന്ന സ്ഥലത്താണ് നടക്കുക.
രാവിലെ 10ന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന രീതിയിലാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. കാർറോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രൽ ചർച്ചാണ് ഈ വർഷത്തെ പരിപാടിയുടെ ആതിഥേയർ.
ടൂർണമെന്റിന്റെ വിജയത്തിനായി കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് സ്പോർട്സ് കമ്മിറ്റി അംഗങ്ങൾ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
ഫാ. ബേസിൽ ഏബ്രഹാം (പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറർ), ഫാ. മാർട്ടിൻ ബാബു (കോഓർഡിനേറ്റർ), മനോജ് ഡാനിയേൽ (കോഓർഡിനേറ്റർ), ഷാജി എസ്. രാമപുരം, എബി ജോർജ്, സോണി ജേക്കബ്, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, സോനു വർക്കി എന്നിവരടങ്ങുന്ന സംഘമാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.
NRI
ഡാളസ്: ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിന് ഡാളസ് ഡിഎഫ്ഡബ്ല്യു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക സഹവികാരി റവ. ജസ്വിൻ എസ്. ജോൺ, വൈസ് പ്രസിഡന്റ് പി.ടി. മാത്യു, ട്രസ്റ്റി സിസിൽ ചെറിയാൻ സിപിഎ, ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ഈശോ മാളിയേക്കൽ, ഭദ്രാസന കൗൺസിൽ അംഗം ഷാജി എസ്. രാമപുരം, മാമ്മൻ ജോർജ്, പ്രിയ ചെറിയാൻ, റിജ ക്രിസ്റ്റി, ജോസഫ് ജോർജ്, വിപിൻ ജോൺ തുടങ്ങിയവർ സ്വീകരിക്കുവാൻ എത്തിയിരുന്നു.
അഖില ലോക സൺഡേസ്കൂൾ ദിനത്തോടനുബന്ധിച്ച് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ ആരാധനയ്ക്കും വിശുദ്ധ കുർബാന ശുശ്രുഷയ്ക്കും അതോടൊപ്പം ആദ്യമായി വിശുദ്ധ കുർബാന സ്വീകരിക്കുന്ന 38 കുഞ്ഞുങ്ങൾക്ക് കുർബാന നൽകുന്ന ചടങ്ങിനും ഇടവക ഗോൾഡൻ ജൂബിലി സെലിബ്രേഷൻ കിക്ക് ഓഫിനും ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകി.
NRI
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) ആഭിമുഖ്യത്തിൽ നടക്കുന്ന 14-ാമത് വൈജ്ഞാനിക സമ്മേളനത്തിന് രജിസ്ട്രേഷൻ, പരിചയം പുതുക്കൽ, ഉച്ചഭക്ഷണം എന്നിവയോടെ തുടക്കമായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഡോ. എം.വി. പിള്ളയുടെ "കൈയെഴുത്തുകൾ: കാലം, വിചിത്രം, ചരിത്രവും ജീവിതകഥകളും' എന്ന പ്രഭാഷണവും തുടർന്ന് സജി ഏബ്രഹാമിന്റെ "ചരിത്രകാരനായി വരൂ... ദാ, സാഹിത്യം വിളിക്കുന്നു' എന്ന പ്രഭാഷണവും നടന്നു.
4.30 മുതൽ 5.45 വരെ "മഷി പൂണ്ട കവിതകൾ' എന്ന കവിതാവായനാ സെഷനിൽ മോഡറേറ്റർമാരായി ജെ.സി.ജെ, ടി.ജെ. ബിന്ദു, സന്തോഷ് പാലാ എന്നിവർ പ്രവർത്തിച്ചു.
NRI
ഗാർലാൻഡ്: 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ കിക്കോഫ് ഡാളസ് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ഇടവകയിൽ നടന്നു.
ഞായറാഴ്ച കുർബാനയക്ക് ശേഷം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ബിഷപ് എമിറേറ്റ്സ് അങ്ങാടിയത്തിന് ഇടവക അംഗങ്ങൾ പൂരിപ്പിച്ച ഫോം നൽകിക്കൊണ്ടാണ് കിക്കോഫ് നടന്നത്.
യുവജനങ്ങൾ ഉൾപ്പെടെ നിരവധി ഇടവകാംഗങ്ങൾ പൂരിപ്പിച്ച രജിസ്ട്രേഷൻ കൈമാറി. മാർ ജേക്കബ് അങ്ങാടിയത്ത് കാർമികത്വം ദിവ്യബലിയിൽ ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യൻ, ഷിക്കാഗോ കത്തീഡ്രൽ ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളിൽ എന്നിവർ സഹകാർമികരായി.
ദിവ്യബലിക്ക് ശേഷം ജൂബിലി ഹാളിൽ ബിഷപ് എമിറേറ്റ്സ് അങ്ങാടിയത്തിന്റെ അധ്യക്ഷതയിൽ സമ്മേളനം നടന്നു. കൺവൻഷന് എല്ലാ ആശംസകളും നേരുന്നതായും ഇടവക ഒന്നാകെ ഈ കൺവൻഷനിൽ പങ്കുചേരണമെന്ന് ആഗ്രഹിക്കുന്നതായും മാർ ജേക്കബ് അങ്ങാടിയത് പറഞ്ഞു.
അമേരിക്കയിലെ സീറോമലബാർ രൂപതയുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച മാർ ജേക്കബ് അങ്ങാടിയത്തിന് ടീം അംഗങ്ങൾ എൺപതാം ജന്മദിന ആശംസയും പ്രാർഥനയും നേർന്നു.
NRI
ഡാളസ്: സൗത്ത് ഡാളസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
NRI
ഡാളസ്: മലങ്കര മാർത്തോമ്മാ സഭയുടെ പ്രസിദ്ധനായ സുവിശേഷകൻ ജോയി പുല്ലാട് അമേരിക്കയിലുള്ള വിവിധ സ്റ്റേറ്റുകളിൽ സുവിശേഷ പ്രസംഗം നടത്തി. ഈ മാസം 24, 25 തീയതികളിൽ ഡാളസിലുള്ള സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ പാരീഷ് മിഷൻ സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ ജോയ് പുല്ലാട് പ്രഭാഷണം നടത്തി.
കുടുംബ ബന്ധങ്ങൾ നശിക്കുന്ന ഇന്നത്തെ അവസ്ഥയിൽ തകർന്നു പോകാതെ ദൈവത്തിനു മുഖ്യ സ്ഥാനം നൽകി ബന്ധങ്ങൾ ദൃഢീകരിക്കേണ്ട ആവശ്യകതെ പറ്റി അദ്ദേഹം യോഗത്തിൽ സംബന്ധിച്ചവരെ ഉത്ബോധിപ്പിച്ചു.
ബൈബിളിലെ പഴയ നിയമത്തിൽ നിന്നു ശാമുവേലിന്റെ ഒന്നാം പുസ്തകത്തിൽ നിന്നും ഹന്നയുടെയും ഏലിയുടെയും ജീവിതങ്ങളെ പരാമർശിച്ചു കൊണ്ടായിരുന്നു ജോയ് പുല്ലാട് തന്റെ പ്രസംഗം നടത്തിയത്.
NRI
മെസ്ക്വിറ്റ്: ഡാളസിൽ അന്തരിച്ച കെ.എം. ഫിലിപ്പിന്റെ (നെബു, 79) പൊതുദർശനം ഞായറാഴ്ച ഇർവിംഗിലെ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ (1627 ഇ. ഷേഡി ഗ്രോവ് റോഡ്, ഇർവിംഗ്, ടിഎക്സ് 75060) നടക്കും.
സമയക്രമം: രാവിലെ 11: കുടുംബാംഗങ്ങൾക്കുള്ള സമയം (ഫാമിലി ടെെം),11.30: പൊതുദർശനം,12: മൂന്നാം ഭാഗം ശുശ്രൂഷ ,12.25: പൊതുദർശനം, അനുസ്മരണ പ്രസംഗങ്ങൾ, 1.00: നാലാം ഭാഗം ശുശ്രൂഷ (Funeral Service IV). പ. ദക്ഷിണ പശ്ചിമ അമേരിക്കൻ മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 1.30: സെമിത്തേരിയിലേക്കുള്ള വിലാപയാത്ര.
സംസ്കാരം സണ്ണിവേലിലെ ന്യൂ ഹോപ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡൻസിൽ (500 US-80, Sunnyvale, TX 75182) നടക്കും. ശുശ്രൂഷകൾ യൂട്യൂബിൽ @STARLINELIVE1481 വഴി തത്സമയം കാണാം.
NRI
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ഡാളസിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (130 Locust Grove Rd., Garland, TX 75043) ഞായറാഴ്ച മുതൽ നവംബർ രണ്ട് വരെ ആചരിക്കും.
പെരുന്നാളിന്റെ കൊടിയേറ്റ് ചടങ്ങ് ഞായറാഴ്ച രാവിലെ 11.30ന് കുർബാനയ്ക്കുശേഷം നടക്കും. ഡോ. തോമസ് മാർ ഇവാനിയോസ് തിരുമേനി കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിക്കും.
ഫിലഡൽഫിയ സെന്റ് തോമസ് പള്ളി അസി. വികാരി റവ. ഫാ. സുജിത് തോമസ് ആണ് ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകളിലെ മുഖ്യ കാർമികനും കൺവൻഷൻ പ്രഭാഷകനും. 31, നവംബർ ഒന്ന് തീയതികളിൽ സന്ധ്യാ നമസ്കാരത്തിനു ശേഷം ഫാ. സുജിത് തോമസ് നയിക്കുന്ന കൺവൻഷൻ പ്രസംഗങ്ങൾ നടക്കും
പ്രധാന പെരുന്നാൾ ദിവസമായ നവംബർ രണ്ടിന് രാവിലെ 8.30ന് പ്രഭാത നമസ്കാരവും തുടർന്ന് ഫാ. സുജിത് തോമസ് മുഖ്യ കാർമികത്വം വഹിക്കുന്ന കുർബാനയും നടക്കും. 11.30ന് റാസയും ആശീർവാദവും ഉണ്ടാകും.
പെരുന്നാൾ ദിവസമായ നവംബർ രണ്ടിന് ഉച്ചയ്ക്ക് 12.30ന് എംജിഎം ഹാളിൽ സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും. കൂടാതെ, യുവജന പ്രസ്ഥാനങ്ങളുടെയും വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും പ്രത്യേക ധ്യാനങ്ങൾ നവംബർ ഒന്നിന് ഫാ. സുജിത് തോമസിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
ദേവാലയ വികാരിയും പ്രസിഡന്റുമായ റവ. ഫാ. ജോയൽ മാത്യു, ട്രസ്റ്റി ടോണി ജേക്കബ്, സെക്രട്ടറി ഡെന്നിസ് ഡാനിയേൽ എന്നിവർ പെരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ട് തിരുമേനിയുടെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
NRI
ഡാളസ്: കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ മതബോധന ഡിപ്പാർട്ട്മെന്റായ മാർത്തോമ്മാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ ഡാളസ് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിലെ 22 അൽമായർ ഡിപ്ലോമ ബിരുദം നേടി.
വിശ്വാസ പരിശീലന ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ലിന് സാക്ഷ്യം വഹിച്ചുകൊണ്ട് മിഷൻ സൺഡേ ദിനത്തിൽ ബിരുദദാന ചടങ്ങ് നടന്നു. ഫൊറോനാ വികാരി റവ.ഫാ. സിബി സെബാസ്റ്റ്യൻ കൊച്ചീറ്റത്തോട്ടത്ത് ചടങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയ 22 ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റും ഡിപ്ലോമായും വിതരണം ചെയ്തു.
NRI
ഡാളസ്: അമേരിക്കയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ഏറ്റവും വലിയ സംഗമമായ 2026 സീറോ മലബാർ യുഎസ്എ കൺവെൻഷന്റെ ഗ്രാൻഡ് കിക്കോഫ് ഞായറാഴ്ച ഡാളസിൽ നടക്കും. ഡാളസിലെ സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ നടക്കുന്ന ചടങ്ങ് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് കിക്കോഫ് ചെയും.
ഭാരതത്തിന് പുറത്ത് സ്ഥാപിതമായ ആദ്യത്തെ സീറോ മലബാർ ഇടവക എന്ന നിലയിൽ ഡാളസ് ഇടവകയ്ക്ക് ചരിത്രപരമായ സ്ഥാനമുണ്ട്. അതിന്റെ ആദ്യ വികാരി കൂടിയായ മാർ ജേക്കബ് അങ്ങാടിയത്താണ് ഈ ഇടവകയുടെ സ്ഥാപകൻ. അമേരിക്കയിലെ സീറോ മലബാർ രൂപതയായ ഷിക്കാഗോ രൂപതയാണ് 2026ലെ ഈ ഒത്തുചേരലിന് ആതിഥേയത്വം വഹിക്കുന്നത്.
2026 ജൂലൈ ഒൻപത് മുതൽ 12 വരെ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കുന്ന നാലുദിവസത്തെ കൺവൻഷൻ ആത്മീയ വളർച്ചക്കും സമൂഹ ഐക്യത്തിനുമുള്ള വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു. പ്രതിദിന പ്രാർത്ഥനകൾ, ശുശ്രൂഷകൾ, സാംസ്കാരിക പരിപാടികൾ, യുവജന പങ്കാളിത്തം എന്നിവ കൺവൻഷനെ സമ്പന്നമാക്കും.
2001 മാർച്ച് 13 ന് രൂപീകരിച്ച ഷിക്കാഗോ രൂപതയുടെ കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നതോടെ, ഈ കൺവൻഷൻ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. രൂപത ഇന്ന് 52 ഇടവകകളും 35 മിഷനുകളും വഴി 87,000ത്തിലധികം വിശ്വാസികളെ ചേർത്ത് നിർത്തുന്നു.
ജൂബിലി, വിശ്വാസത്തിന്റെ സമൃദ്ധിയെയും ദൈവാനുഗ്രഹങ്ങളെയും ഓർമ്മിക്കുന്നതിനൊപ്പം അമേരിക്കൻ മണ്ണിലെ സീറോ മലബാർ സഭയുടെ പ്രതിബദ്ധതയെ ഓർമപെടുത്തുകയും ചെയ്യുന്ന നിമിഷമാണെന്ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു. സുഹൃത്തുക്കളെയും കുടുംബങ്ങളെയും പ്രത്യേകിച്ച് യുവജനങ്ങളെയും പങ്കാളികളായി കാണാമെന്നും ബിഷപ്പ് പറഞ്ഞു.
ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന, ആത്മീയ വിചിന്തനങ്ങൾ, കുമ്പസാരം, രോഗശാന്തി ശുശ്രൂഷകൾ എന്നിവ ആത്മീയ വളർച്ചക്ക് വഴിയൊരുക്കും. സാംസ്കാരിക രാവുകളിൽ സീറോ മലബാർ സഭയിൽപ്പെട്ട സിനിമാ താരങ്ങൾക്കും ഇടവകയിലെ കലാകാരന്മാർക്കും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകും.
യുവജനങ്ങൾക്കായി പ്രത്യേക സെഷനുകളും സാമൂഹിക ചർച്ചയും, ലേക്ക് മിഷിഗൺ ക്രൂയിസുകളും കായിക മത്സരങ്ങളും സ്തുതി രാത്രികളും ഒരുക്കിയിരിക്കുന്നു. കുടുംബങ്ങൾക്കായി ഫാമിലി ഡേ, ഇൻഡോർ ഫൺ സോൺ, കുട്ടികളുടെ പ്രവർത്തനങ്ങൾ പരിപാടികൾ തുടങ്ങുയവയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഷിക്കാഗോയുടെ തടാകക്കരയിൽ ഷോപ്പിംഗും ഡൈനിംഗും ടൂറുകളും ഉൾപ്പെടെയുള്ള അനുഭവങ്ങൾക്കൊപ്പം നൈറ്റ് ക്രൂയിസ്, ഡിജെ ഫെസ്റ്റ്, റൂഫ്ടോപ്പ് സോഷ്യൽസ്, ഗ്രാൻഡ് ബാങ്ക്വെറ്റ് തുടങ്ങിയ പരിപാടികൾ കൺവെൻഷന്റെ ഹൈലൈറ്റുകളായി മാറും.
NRI
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക ത്രിദിന കൺവൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30നും കടശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷയോട് അനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത്.
"MESSIAH IN CARNATION' എന്ന വിഷയത്തിൽ റവ. ലിജോ ടി. ജോർജ് (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവേനിയ) മുഖ്യ പ്രഭാഷണം നടത്തും.
സുവിശേഷ യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് റവ. രാജീവ് സുഗു.
NRI
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) ദ്വൈവാർഷിക ത്രിദിന സമ്മേളനം ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ഡാലസിൽ നടക്കും. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം സമ്മേളനത്തിന്റെ മുഖ്യാതിഥിയാകും.
ഡോ. എം.വി. പിള്ള, നിരൂപകൻ സജി എബ്രഹാം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും പ്രധാന അതിഥികളായി പങ്കെടുക്കും. ഡാളസിലെ എം.എസ്.ടി - തെക്കേമുറി നഗറിലാണ് സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്.
നിലവിൽ ശങ്കർ മന (ടെന്നസി) ആണ് ലാനയുടെ പ്രസിഡന്റ്. സാമുവൽ പനവേലി (ടെക്സസ്) സെക്രട്ടറിയായും ഷിബു പിള്ള (ടെനിസി) ട്രഷററായും മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കലിഫോർണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവർ ഭാരവാഹികളായും സംഘടനയെ നയിക്കുന്നു.
എം.എസ്.ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡന്റുമാരായി സംഘടനയെ നയിച്ചത്.
സാംസ്കാരിക-സാഹിത്യ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ത്രിദിന സമ്മേളനം നോർത്തമേരിക്കയിലെ സാഹിത്യ സ്നേഹികൾക്ക് പുതിയ അനുഭവമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
NRI
ഡാളസ്: പുനലൂർ കറവൂർ പള്ളിച്ചിറയിൽ പി.വി. തോമസ്(89) ഡാളസിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ ഏലിയാമ്മ അയിരൂർ പീടികയിൽ കുടുംബാംഗം. മക്കൾ: ജിജി ജേക്കബ്, എബി തോമസ്. മരുമക്കൾ: സജി തോമസ്, ബെറ്റി.
NRI
ഡാളസ്: ഡാളസിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ സൗഹൃദ വേദിയുടെ അമരക്കാരനായിരുന്ന അന്തരിച്ച അജയകുമാറിന്റെ അനുസ്മരണ സമ്മേളനം ഈ മാസം 20ന്. ഡാളസിലെ കാരോൾട്ടണിലെ റോസ്മെഡ് റിക്രിയേഷൻ സെന്ററിലാണ് (1330 E Rosemeade Pkwy, Carrollton,Tx 75007) സമ്മേളനം.
ഡാളസ് സൗഹൃദ വേദിയുടെ അമരക്കാരനും തിരുവല്ല തലവടി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്ന അജയകുമാർ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും സംഘടനാ പ്രവർത്തനത്തിനും സാമൂഹിക സേവനത്തിനുമായി ഉഴിഞ്ഞുവച്ചു.
അജയകുമാറിന്റെ ഓർമകളെ അനുസ്മരിക്കുന്ന സമ്മേളനത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ജബോയ് തോമസ് (പ്രസിഡന്റ്), ബാബു വർഗീസ് (സെക്രട്ടറി), ബിനോജ് എബ്രഹാം (ട്രഷറർ) എന്നിവർ അറിയിച്ചു.
NRI
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തുന്നു.
ശനിയാഴ്ച മുതൽ ഡാളസിലെ വിവിധ ദേവാലയങ്ങളിൽ അപ്പോസ്തലീക സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ ഇർവിൻ സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും
വൈകുന്നേരം മെക്കാനി സെന്റ് പോൾ ഇടവകയിൽ സന്ധ്യാനമസ്കാരവും അനുഗ്രഹ പ്രഭാഷണവും നടത്തും. ഞായറാഴ്ച രാവിലെ 8.45നു കാരോൾട്ടൺ സെന്റ് മേരീസ് ദേവാലയത്തിൽ കുർബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാർഥനകളും നടത്തും.
ഞായറാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് മിഷൻ ദേവാലയത്തിൽ സ്വീകരണവും തുടർന്ന് സന്ധ്യാനമസ്കാരം നടത്തും. തിങ്കളാഴ്ച വൈകുന്നേരം ഡാളസിലെ ഓർത്തഡോക്സ് വൈദികരുടെ സംഗമത്തെ അഭിസംബോധന ചെയ്യും.
ചൊവ്വാഴ്ച വൈകുന്നേരം ഡാളസ് സെന്റ് തോമസ് ഇടവകയിൽ അപ്പോസ്തലിക സന്ദർശനവും നമസ്കാരവും ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റണിലേക്കു തിരികെ യാത്ര തിരിക്കും.
കാതോലിക്കാബാവയുടെ സന്ദർശനം അനുഗ്രഹപ്രധമാക്കാൻ വിവിധ ഇടവകകൾ വൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: വെരി റവ. രാജു ഡാനിയേൽ കോറെപ്പിസ്കോപ്പ - 214 476 6584.
NRI
ഡാളസ്: ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കർക്കിടക വാവ് അനുബന്ധിച്ച് വാവുബലി തർപ്പണം സംഘടിപ്പിച്ചു. മേൽശാന്തി കാരക്കാട്ടു പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തർ വാവുബലി തർപ്പണം നടത്തി.
ക്ഷേത്ര സമിതി ഭാരവാഹികളായ അരുൺ ഹരികൃഷ്ണൻ, ജലേഷ് പണിക്കർ, രഞ്ജിത്ത് നായർ, ഒപ്പം ക്ഷേത്ര ജീവനക്കാരും സേവന പ്രവർത്തകരും മികച്ച സജ്ജീകരണങ്ങൾ ഒരുക്കി.
നോർത്ത് ടെക്സസിലെ പ്രധാന വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്ക് ഓരോ വർഷം കഴിയുന്തോറും വാവുബലിക്കും ആണ്ടുബലിക്കും തർപ്പണത്തിനായി എത്തുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നു ക്ഷേത്ര പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥൻ രവി നായർ പറഞ്ഞു.