ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർഥികൾ കനത്ത തയാറെടുപ്പിലാണ്.
പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. ഈ സമയത്ത് പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാം എന്ന് നമുക്ക് നോക്കാം.
പരീക്ഷയെ സമ്മർദത്തോടെ കാണരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ പഠനത്തിന് ഗൗരവം നൽകും, പക്ഷേ അതിരുകവിഞ്ഞാൽ അത് തിരിച്ചടിയാകും.
അതിനാൽ, പരീക്ഷയുടെ ഫലത്തെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിനു പകരം, സ്വന്തം അറിവും കഴിവും വർധിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമമായി കാണുക.
ഈ മനോഭാവം പരീക്ഷാസമയത്ത് മാനസിക ശക്തി നൽകും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആരായാലും ഇപ്പോൾ അത് ഒഴിവാക്കണം.
"നിന്റെ സുഹൃത്ത് ഇത്രയും പഠിച്ചു' തുടങ്ങിയ കമന്റുകൾ മുഖവിലയ്ക്കെടുക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വഴിയും സമയവും ഉണ്ട്. മറ്റുള്ളവരെ അനുകരിക്കാതെ, സ്വന്തം ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്തരം താരതമ്യങ്ങൾ പ്രചോദനമല്ല, മറിച്ച് സമ്മർദമാണ്.
ഒരു കൃത്യമായ ദിനചര്യ വളരെ പ്രധാനമാണ്. ഉറക്കം, ഭക്ഷണം, പഠനം, വ്യായാമം എന്നിവ ദിവസവും ഒരേ സമയത്ത് ചെയ്യാൻ ശ്രമിക്കുക. ഇത് പഠനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കും.
ധാരാളം വെള്ളം കുടിക്കുകയും വേണം - ശരീരഭാരത്തിന്റെ 25 കിലോയ്ക്ക് ഏകദേശം ഒരു ലിറ്റർ വെള്ളം (ഉദാ: 50 കിലോ ഉള്ളവർക്ക് ദിവസവും രണ്ട് ലിറ്റർ എങ്കിലും).
ആവർത്തനമാണ് ഓർമശക്തി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. എല്ലാവരുടെയും പഠനവേഗത വ്യത്യസ്തമാണ് എന്നത് ഓർക്കുക. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരമാവധി പരിഹരിക്കുക - ഇത് പരീക്ഷാസമയത്ത് വലിയ ആത്മവിശ്വാസം നൽകും. ഷോർട്ട് നോട്ടുകളോ സംഗ്രഹങ്ങളോ തയാറാക്കി വയ്ക്കുക; അവസാന നിമിഷ റിവിഷന്‍ വളരെ ഉപകാരപ്രദമാകും.
കണക്ക്, ഫിസിക്സ് തുടങ്ങിയ പ്രശ്നപരിഹാര വിഷയങ്ങൾ പഠിക്കുമ്പോൾ, ആദ്യം ചോദ്യം മാത്രം എഴുതിയെടുത്ത് സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കുക. ബുക്ക് നോക്കി പഠിക്കാതെ, സ്വയം ചെയ്ത ശേഷം സംശയങ്ങൾ മാത്രം ക്ലിയർ ചെയ്യുക.
ഇഷ്ടവിഷയങ്ങൾ ആദ്യം ചെറിയ സമയത്തിന് എടുത്ത് പഠിച്ച്, പ്രയാസമുള്ളവയ്ക്ക് കൂടുതൽ സമയം നൽകി സന്തുലിതമായി മുന്നോട്ടുപോകുക. ഈ പരീക്ഷകളെ നിങ്ങളുടെ ജീവിതലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കാണുക.
പരീക്ഷയല്ല, നിങ്ങളുടെ വളർച്ചയാണ് പ്രധാനം. എല്ലാവർക്കും ശാന്തമായും ആത്മവിശ്വാസത്തോടെയും നിറഞ്ഞ ഒരു പരീക്ഷാക്കാലം ആശംസിക്കുന്നു!
വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email: [email protected], www.nithinaf.blogspot.com.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച അഞ്ചിന് ആരംഭിക്കുമെന്നും പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
മാർച്ച് അഞ്ചിന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷാ ടൈം ടേബിൾ തയാറാക്കിയിട്ടുള്ളത്. എസ്എസ്എൽസിയോടൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളും നടക്കും.
“ആശങ്ക അടിസ്ഥാനരഹിതം”
പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയെക്കുറിച്ച് ആശങ്ക പരത്തുന്ന രീതിയിലുള്ള പ്രചാരണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ചില കോണുകളിൽനിന്ന് ബോധപൂർവമായ ആശങ്കകൾ സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നത്.
ചോദ്യമാതൃകകൾ അധ്യയനവർഷാരംഭത്തിൽ തന്നെ എസ് സിഇആർടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ ആരംഭിച്ചിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ 10-ാം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
University News
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്സി സൈബര്‍ ഫോറന്‍സിക്ക് പരീക്ഷകള്‍ക്ക് മൂന്ന് വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ബി.വോക്ക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്ക് ഡിസൈന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മൂന്ന് മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക്ക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്ക് ഡിസൈന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി മൂന്ന് മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ എംഎസ്സ കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്സ്) സിഎസ്എസ് (2025 അഡ്മിഷന് റഗുലര്‍, 2024 അഡ്മിഷന് ഇംപ്രുവ്മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നാലിന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
National
ന്യൂഡൽഹി: വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര സമിതി നിർദേശം. 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ കൂടി നൽകണമെന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലാ ഉപഭോക്തൃ സമിതി നിർദേശിച്ചു.
ട്രെയിൻ വൈകിയതു കാരണം പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥി നൽകിയ പരാതിയിലാണ് ഉപഭോക്തൃ സമിതിയുടെ നിർദേശം. ബിഎസ്സി ബയോടെക്നോളജി പ്രവേശന പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ടതിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2018ലാണ് സമൃദ്ധി എന്ന വിദ്യാർഥിനി പരാതി നൽകിയത്.
ലക്നൗവിലെ ജയ്പ്രകാശ് നാരായൺ കോളജിലായിരുന്നു പരീക്ഷ. സമൃദ്ധി കയറിയ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ ഉച്ചകഴിഞ്ഞ് 2.30നാണ് ലക്നൗവിൽ എത്തിയത്. 12.30നു മുന്‍പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ട്രെയിൻ വൈകിയതിനാൽ അവസരം നഷ്ടമായി.
Kerala
മുരിങ്ങൂർ: വാർഷികപരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്കായി ഫെബ്രുവരി ആറിനു രാവിലെ ഒന്പതുമുതൽ രാത്രി എട്ടുവരെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പരീക്ഷാ ഒരുക്കധ്യാനം നടത്തുമെന്ന് ഡയറക്ടർ ജോർജ് പനയ്ക്കൽ അറിയിച്ചു.
പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 150 വിദ്യാർഥികൾക്കുമാത്രം. കൗണ്‍സലിംഗിനു സൗകര്യം ഉണ്ടാകും. താമസസൗകര്യം ലഭ്യമാണ്. ബുക്കിംഗിന് ഫോണ്‍: 9447785548, 9496167557.
University News
ജനുവരി 21ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ (2023 പ്രവേശനം മുതൽ) ബിപിഎഡ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
ജനുവരി 21, 23 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് ( 2021 മുതൽ 2024 വരെ പ്രവേശനം) മാർച്ച് 2025, (2020 പ്രവേശനം) മാർച്ച് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ജനുവരി 27, 28 തീയതികളിലും ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025, (2017, 2018 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി ഡിഗ്രി (2020 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും യഥാക്രമം ഫെബ്രുവരി മൂന്ന്, നാല് തീയതികളിലും നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംസിഎ ( 2022 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി, ബിഎംഎംസി (സിസിഎസ്എസ് - യുജി - 2011, 2012, 2013 പ്രവേശനം) മൂന്നാം സെമസ്റ്റർ ഏപ്രിൽ 2021, നാലാം സെമസ്റ്റർ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 17 മുതൽ ലഭ്യമാകും.
University News
2026 ജനുവരി ഏഴിന് ആരംഭിക്കുന്ന കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് മേഴ്സിചാൻസ് (2013 സ്കീം - 2013 &; 2014 അഡ്മിഷൻ) ഒക്ടോബർ 2025 പരീക്ഷ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിൽ വച്ച്
നടത്തും. പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ അവിടെ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റണം.
പരീക്ഷാഫലം
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് (റെഗുലർ & സപ്ലിമെന്ററി) വിദ്യാർഥികൾക്ക് www.slcm.keralauniversity.ac.in മുഖേന 2026 ജനുവരി എട്ടു വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാകേന്ദ്രം
വിദൂരവിദ്യാഭ്യാസ വിഭാഗം 2026 ജനുവരി ഏഴു മുതൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് കാര്യവട്ടം ഗവൺമെന്റ് കോളജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള എംഎസ്സി വിദ്യാർഥികൾ
ചെമ്പഴന്തി എസ്എൻ കോളജിലും, ചെമ്പഴന്തി എസ്എൻ കോളജിൽ അപേക്ഷിച്ചിട്ടുള്ള എംഎ, എംകോം വിദ്യാർഥികൾ കാര്യവട്ടം ഗവൺമെന്റ് കോളജിലും പരീക്ഷ എഴുതണം.
Education
തിരുവനന്തപുരം: ഈമാസം 30ന് നടക്കേണ്ട എട്ടാംക്ലാസ് വിദ്യാർഥികൾക്കായുള്ള 2025-26 അധ്യയനവർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE) ജനുവരി 21 ലേക്ക് മാറ്റി.
University News
അഫിലിയേറ്റഡ് കോളജുകളിലെയും സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെയും ഒന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ്-ഫുള്‍ടൈം ആൻഡ് പാര്‍ട്ട് ടൈം), എംബിഎ ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ്, എംബിഎ ഹെല്‍ത് കെയര്മാനേജ്മെന്റ് (2024 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി ജനുവരി 2026 പരീക്ഷകളും 2021 മുതല്‍ 2023 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകളും ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍. സര്‍വകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ പിജി (സിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാ രജിസ്ട്രേഷന്
സര്‍വകലാശാലാ പഠനവകുപ്പില്‍ ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 2024, 2025 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 15 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 19 വരെയും 200 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
ബിവോക് സ്പെഷ്യല്‍ പരീക്ഷ
ഇന്റര്‍സോണ്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തത് മൂലം ഒന്നാം സെമസ്റ്റര്‍ ബിവോക് നവംബര്‍ 2024 റഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി ജനുവരി 14ന് പ്രത്യേക പരീക്ഷ നടത്തും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍, സമയം: രാവിലെ 9.30
പുനഃപരീക്ഷ
നവംബര്‍ 25ന് നടന്ന ഒന്നാം സെമസ്റ്റര്‍ എഫ്വൈയുജിപി (നവംബര്‍ 2025 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ, ഡെഫിഷ്യന്‍സി റഗുലര്‍ പരീക്ഷ നവംബര്‍ 2024) മള്‍ട്ടി ഡിസിപ്ലിനറി കോഴ്സ് HIS1FM105-1 ഹിസ്റ്റോറിക്കല്‍ ടൂറിസം ഇന്‍ ഇന്ത്യ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 19ന് നടക്കും. നവംബര്‍ 20-ന് നടന്ന JOU1MN101 കോഴ്സിലെ ബേസിക് കമ്മ്യൂണിക്കേഷന്‍, മാസ് മീഡിയ എസന്‍ഷ്യല്‍സ് പരീക്ഷകളുടെ പുനഃപരീക്ഷ 17നും നവംബര്‍ 25ന് നടന്ന മള്‍ട്ടി ഡിസിപ്ലിനറി കോഴ്സ് ദ ആര്‍ട്ട് ഓഫ് സ്ട്രെസ് മാനേജ്മെന്റ് പുനഃപരീക്ഷ 18-നും നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
University News
വിദൂര വിഭാഗം / സിഡിഒഇ ( 2014 പ്രവേശനം) എംഎസ്സി കൗൺസിലിംഗ് സൈക്കോളജി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2018 സപ്ലിമെന്ററി പരീക്ഷ ഡിസംബർ 15-നും നാലാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷ ഡിസംബർ 16നും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിസിഎസ്എസ് - യുജി - 2011, 2012, 2013 പ്രവേശനം ) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എംവോക് അപ്ലൈഡ് ബയോടെക്നോളജി (സിബിസിഎസ്എസ് - പിജി - 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബിടെക് (2019 സ്കീം - 2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Education
സിയൂൾ: ലോകത്തിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷയെന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണ കൊറിയയിലെ സുനെംഗ് ടെസ്റ്റിൽ ഇക്കുറി പങ്കെടുത്തത് 5,54,174 വിദ്യാർഥികൾ. ഇന്നലെ നടന്ന ഈവർഷത്തെ പരീക്ഷയിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം കൂടുതൽ കുട്ടികളാണ് പങ്കെടുത്തത്.
രാജ്യത്തെ ഉന്നത സർവകലാശാലകളിൽ പ്രവേശനം നേടുന്നതിനുള്ള ഈ പരീക്ഷയിൽ 2019നുശേഷം ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നതും ഈവർഷമാണ്. ഇക്കുറി പരീക്ഷാർഥികളുടെ എണ്ണം കൂടാൻ മറ്റൊരു കാരണമുണ്ട്. 2007ൽ ജനിച്ചവരായിരുന്നു ഭൂരിഭാഗം വിദ്യാർഥികളുമെന്നതാണത്. രാജ്യത്ത് ഒരു കുഞ്ഞ് ജനിക്കാൻ ശുഭകരമായ സമയമായി 2007 കണക്കാക്കപ്പെട്ടിരുന്നതിനാലാണ് അന്ന് ജനനനിരക്കിൽ വൻ വർധനയുണ്ടായത്. എന്നാൽ തുടർന്നിങ്ങോട്ട് രാജ്യത്തെ ജനസംഖ്യ വർഷംതോറും കുറഞ്ഞുവരുന്ന അവസ്ഥയാണ്.
പരീക്ഷയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടും പരീക്ഷാർഥികൾ കൃത്യസമയത്ത് പരീക്ഷാസെന്ററുകളിൽ എത്തുന്നത് ഉറപ്പുവരുത്താനുമായി ഓഫീസുകളും കന്പനികളും വ്യാപാരസ്ഥാപനങ്ങളും തുടങ്ങി ഓഹരിവിപണിവരെ പതിവിനു വിപരീതമായി ഒരു മണിക്കൂർ വൈകിയാണു പ്രവർത്തനം ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്നത് വൈകാതിരിക്കാനും വലിയ മുന്‍കരുതലുകളെടുത്തു. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
വിമാനസർവീസുകൾ വൈകി
നിർണായകമായ ഇംഗ്ലീഷ് ടെസ്റ്റിന് വിദ്യാർഥികൾക്കു യാതൊരുവിധ തടസവുമുണ്ടാകാതിരിക്കാൻ ഉച്ചയ്ക്ക് 1.05 മുതൽ 1.40 വരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും നിരോധിച്ചിരുന്നു. ഇതോടെ 65 രാജ്യാന്തര സർവീസുകളുൾപ്പെടെ 140 വിമാനങ്ങളുടെ സർവീസ് വൈകി. പരീക്ഷ കഴിയുന്നതിനായി വിമാനങ്ങൾ വിമാനത്താവളങ്ങൾക്ക് 9843 അടി ഉയരത്തിൽ വട്ടമിട്ടു പറന്നു.
പ്രാദേശികസമയം ഇന്നലെ രാവിലെ 8.40ന് തുടങ്ങിയ പരീക്ഷ വൈകുന്നേരം 5.40നാണ് അവസാനിച്ചത്. എട്ടു മണിക്കൂര്‍ നീണ്ട ഈ പരീക്ഷയില്‍ കൊറിയന്‍, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കൊറിയന്‍ ഹിസ്റ്ററി, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണു പരീക്ഷകള്‍ നടത്തിയത്.
വ്യത്യസ്ത പരീക്ഷാരീതി
എല്ലാ വര്‍ഷവും നവംബറില്‍ നടക്കുന്ന സുനെംഗ് ടെസ്റ്റ് കേവലം ഒരു അക്കാദമിക് ചലഞ്ച് എന്നതിനപ്പുറം ഭാവിജീവിതം രൂപപ്പെടുത്തുന്നതിനുള്ള ചുവടുവയ്പാണ്. വളരെ വ്യത്യസ്തമായ പരീക്ഷാരീതിയാണിത്. ഓരോ വിഷയത്തിനും 80 മുതല്‍ 107 മിനിറ്റ് വരെ നീളുന്നതാണ് പരീക്ഷ. ഓരോ പരീക്ഷയ്ക്കുംശേഷം 20 മിനിറ്റാണു വിശ്രമസമയം. ഉച്ചഭക്ഷണത്തിനായി 50 മിനിറ്റ് സമയമാണു നല്‍കുന്നത്. ഇതിനുശേഷമാണ് സാധാരണയായി ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നത്. ലിസണിംഗ് ടെസ്റ്റാണ് ഇംഗ്ലീഷ് പരീക്ഷയില്‍ പ്രധാനപ്പെട്ടത്. അവര്‍ കേള്‍ക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഉത്തരങ്ങള്‍. ഉയര്‍ന്ന ഏകാഗ്രതയും ഈ പരീക്ഷയിൽ ആവശ്യമാണ്. തൊഴില്‍, വരുമാനം എന്നിവയെ സ്വാധീനിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ സര്‍വകലാശാല പ്ലേസ്മെന്റുകള്‍, ഭാവിയിലേക്കുള്ള തൊഴില്‍സാധ്യതകള്‍ തുടങ്ങി സോഷ്യൽ സ്റ്റാറ്റസ് പോലും നിര്‍ണയിക്കുന്നത് ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്. പരീക്ഷ അവസാനിച്ച് പുറത്തിറങ്ങുമ്പോൾ ഒരു ഉത്സവാന്തരീക്ഷത്തിന്റെ പ്രതീതിയാണുണ്ടാകുക. സംഗീതപരിപാടികളുടെയും മറ്റും അകമ്പടിയോടെയാണ് ഇവിടെ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ ആഘോഷിക്കപ്പെടുന്നത്.
കഠിനമായ തയാറെടുപ്പുകൾ
പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഭക്ഷണക്രമം പോലും നിര്‍ദേശിക്കുന്നുണ്ട്. ജങ്ക് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കണം. ആപ്പിള്‍, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍, പുഴുങ്ങിയ മത്സ്യം തുടങ്ങിയ ലളിതമായ ഭക്ഷണമാണ് വിദ്യാര്‍ഥികളോടു നിര്‍ദേശിക്കുന്നത്. പരീക്ഷാ ദിനങ്ങളില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗങ്ങള്‍ വരാതിരിക്കാനുമാണ് വിദ്യാര്‍ഥികള്‍ ഈ ഭക്ഷണക്രമം പിന്തുടരുന്നത്.
കഠിനമായ തയാറെടുപ്പാണ് പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ഥികള്‍ നടത്തുന്നത്.മോക്ക് ടെസ്റ്റുകളാണ് ഇതില്‍ പ്രധാനം. മൂന്ന് മോക്ക് ടെസ്റ്റുകളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. വിദ്യാര്‍ഥികളുടെ നിലവാരം അളക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള പരിശീലനം നല്കുന്നതിനുമാണിത്. സ്വകാര്യ അക്കാദമികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മോക്ക് ടെസ്റ്റ് ലഭിക്കാറുണ്ട്.
National
ന്യൂഡൽഹി: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച കോളജ് വിദ്യാർഥി മരിച്ചു. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉജ്ജ്വൽ റാണ(22)എന്ന വിദ്യാർഥിയാണ് മരിച്ചത്.
ഉത്തർപ്രദേശിലെ മുസാഫർപുർ ജില്ലയിലെ ബുധാനയിലെ ഡിഎവി കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിയായ ഉജ്ജ്വൽ ശനിയാഴ്ചയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
70 ശതമാനം പൊള്ളലേറ്റ വിദ്യാർഥിയെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഉജ്ജ്വൽ കോളജിൽ പ്രതിഷേധിച്ചു. ഇതേതുടർന്ന് കോളജ് പ്രിൻസിപ്പൽ പോലീസിനെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ പോലീസുകാർ ഉജ്ജ്വലിനെ ഉപദ്രവിച്ചുവെന്ന് കുടുംബം ആരോപിച്ചു.
കോളജ് മാനേജർ അരവിന്ദ് ഗാർഗ്, പ്രിൻസിപ്പൽ പ്രദീപ് കുമാർ, അധ്യാപകൻ സഞ്ജീവ് കുമാർ, മൂന്ന് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഉജ്ജ്വലിന്റെ സഹോദരി സലോണി റാണ പരാതി നൽകി.
സബ് ഇൻസ്പെക്ടർ നന്ദ് കിഷോർ, കോൺസ്റ്റബിൾമാരായ വിനീത്, ഗ്യാൻവീർ എന്നീ മൂന്ന് പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്എസ്പി സഞ്ജയ് കുമാർ പറഞ്ഞു.
അതേസമയം, വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകിയതായി ഉത്തർപ്രദേശ് മന്ത്രി അനിൽ കുമാർ പറഞ്ഞു. ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) സംഭവത്തെ അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കേസിൽ പരാമർശിക്കപ്പെട്ട കോളജ് അധികൃതരെയും പോലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
District News
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ കൊമേഴ്സ് സ്കോളർഷിപ്പ് പരീക്ഷയായ നാഷണൽ കൊമേഴ്സ് പ്രൊഫിഷ്യൻസി ടെസ്റ്റ് (എൻസിപിടി) കേരളത്തിലാകെ പത്തിലധികം സൈലം സെന്ററുകളിലായി ഇന്നലെ നടന്നു.
സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിൽ പഠിക്കുന്ന നാലായിരത്തിലധികം പ്ലസ് ടു വിദ്യാർഥികൾ പരീക്ഷയെഴുതി. പരീക്ഷയിൽ നിശ്ചിത റാങ്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് പ്രീമിയം കൊമേഴ്സ് കോഴ്സുകളായ സിഎ, എസിസിഎ, സിഎംഎ ഇന്ത്യ, സിഎംഎ യുഎസ്എ തുടങ്ങിയവ സ്കോളർഷിപ്പോടുകൂടി സൈലത്തിൽ പഠിക്കാനുള്ള അവസരവും ലഭിക്കും.
കോഴിക്കോട് പുതിയറയിലും എറണാകുളം പാലാരിവട്ടത്തുമാണ് സൈലം കൊമേഴ്സ് പ്രൊ ക്യാമ്പസുകൾ പ്രവർത്തിക്കുന്നത്. കൂടാതെ ഓൺലൈൻ കോഴ്സുകളുമുണ്ട്. എൻസിപിടി സ്കോളർഷിപ്പ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാകുമെന്ന് സൈലം അധികൃതർ അറിയിച്ചു. കൊമേഴ്സ് പ്രൊ കോഴ്സുകളെ കുറിച്ചും മറ്റ് അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്കും 8129 800 100 എന്ന നമ്പറിൽ ബന്ധപ്പെടുക.
Editorial
ഉത്തരക്കടലാസിൽ അഞ്ചു കളിനിയമങ്ങളെഴുതിയ അഹാൻ എന്ന മൂന്നാം ക്ലാസുകാരൻ വിജയികൾക്കായി ആറാമതൊന്നുകൂടി എഴുതിച്ചേർത്തിരിക്കുന്നു; “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.”അഹങ്കാര-വിദ്വേഷ-യുദ്ധ വിരുദ്ധമായ അഹാന്റെ ആറാം നിയമം കുട്ടികൾക്കു മാത്രമുള്ളതല്ല.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് അഹാൻ അനൂപിന്റെ ഉത്തരക്കടലാസ് സമൂഹമാധ്യമത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചത്. മൂന്നാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയാറാക്കാമോ എന്നതായിരുന്നു ചോദ്യം. അഹാൻ എഴുതിയ ‘സ്പൂണും നാരങ്ങയും’ കളിയുടെ ആറാമത്തെ നിയമം “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്നായിരുന്നു.
ആലോചിച്ചാൽ നമ്മുടെ കുടുംബത്തെയും പൊതുജീവിതത്തെയും പ്രകാശമാനമാക്കാൻ ഇത്ര ലളിതവും വിജയസാധ്യതയുള്ളതുമായ മറ്റൊരു നിയമവുമില്ല. അഹാൻ രചിച്ചതും വിദ്യാഭ്യാസമന്ത്രി പ്രകാശനം ചെയ്തതുമായ ഈ പരിഷ്കൃതനിയമം കേരളം ഏറ്റെടുക്കേണ്ടതാണ്.
തലശേരി ഒ. ചന്തുമേനോന്‍ സ്മാരക സ്കൂളിലെ മൂന്നാം ക്ലാസുകാരന് അഹാന് അനൂപിന്റെ ഉത്തരമാണ് വൈറലായത്. അഹാൻ തെരഞ്ഞെടുത്തത് സ്പൂണും നാരങ്ങയും കളിയാണ്. കുട്ടികളിലെ സൃഷ്ടിപരമായ ചിന്തകളെ പ്രചോദിപ്പിക്കുന്ന ആ ചോദ്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളെയും മറികടന്ന് ഉത്തരം മുന്നോട്ടു പോയി. ആറു നിയമങ്ങളിൽ ഒടുവിലത്തേതായി അഹാൻ എഴുതി: “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.”
മാർക്കും കൈയടിയും വാങ്ങിയ ഉത്തരം, ചോദ്യക്കടലാസിൽനിന്നിറങ്ങി നവകേരളയാത്ര നടത്തുകയാണ്. ‘ജയിച്ചവർ തോറ്റവരെ കളിയക്കരുത്’ എന്ന് ഒരു ലിഖിതനിയമവും ലോകത്തില്ല. ഒരു ഭരണഘടനയും അതേക്കുറിച്ചൊന്നും പറയുന്നില്ല. പക്ഷേ, അഹങ്കാരം വെടിയാനും അപരനെ ചേർത്തുനിർത്താനുമുള്ള ഈ സൂത്രവാക്യം നമ്മുടെ സംസ്കാരത്തെ പുതുക്കിപ്പണിയാനുള്ളതാണ്.
ഇനിമേൽ കളിയിലും ജീവിതത്തിലും തോറ്റവരെ, ജീവിതമത്സരങ്ങളിൽ പിന്നാക്കമായിപ്പോയവരെ, ദൗർബല്യങ്ങളുള്ളവരെ, കോടതികളിൽ തോറ്റവരെ, നിസഹായരെ, ന്യൂനപക്ഷങ്ങളെ, പാർശ്വവത്കരിക്കപ്പെട്ടവരെ, ദരിദ്രനെ, നഗ്നനെ... കളിയാക്കരുത്. അവരെ നമ്മുടെ വീട്ടിലോ പുറത്തോ തലകുനിപ്പിച്ചു നിർത്തരുത്.
ജയിച്ചവർ തോറ്റവരെ കളിയാക്കരുതെന്ന സന്ദേശത്തിന്റെ വ്യാപ്തി കേരളത്തിൽ ഒതുങ്ങില്ല. യുദ്ധത്തിൽ വിജയിച്ചെന്ന് അവകാശപ്പെടുന്നവർ തോൽക്കുന്നവരെ കളിയാക്കും വിധം ശത്രുതാപരമായ ഉടന്പടികളിൽ ഒപ്പിടുവിക്കുന്നത് അടുത്ത യുദ്ധത്തിനു കാരണമാകാറുണ്ട്. ഒന്നാം ലോകയുദ്ധത്തിന്റെ സമാധാന ഉടന്പടിയായ വെർസയ് ഉടന്പടിയിലും ഇതിന്റെ മാതൃകയുണ്ട്.
പരാജിതരായ ജർമനിയെ നിരായുധീകരിക്കുക, സഖ്യകക്ഷികൾക്കു നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിബന്ധനകളിൽ പലതും ജർമൻകാരുടെ സാന്പത്തികത്തകർച്ച ഉറപ്പാക്കുന്നതും അപമാനിക്കുന്നതുമായിരുന്നു. ആ ഉടന്പടിയിലെ ജർമൻ വിരുദ്ധ നിബന്ധനകൾ രണ്ടാം ലോകയുദ്ധത്തിലേക്കു നയിക്കാൻ ഹിറ്റ്ലർ ഉപയോഗിക്കുകയും ചെയ്തു.
വിജയത്തിനൊടുവിൽ പരാജിതർക്കു കൈകൊടുത്തു പിരിയുന്ന കായികതാരങ്ങളെ നാം കാണാറുണ്ട്. മാതൃകാപരമാണത്. ശ്രദ്ധിക്കേണ്ട കാര്യം; വിജയിക്കുന്നവർ മാത്രമല്ല, വിജയികളുടെ അനുയായികളും തോൽക്കുന്നവരെ കളിയാക്കാറുണ്ട്. രാഷ്ട്രീയ-മത രംഗങ്ങളിൽ ഇത് അധികമായിട്ടുണ്ട്.
എതിരാളികളെ നേരിട്ടും സമൂഹമാധ്യമങ്ങളിലും വ്യക്തിഹത്യ ചെയ്യുന്നവർ, പരിഷ്കൃതസമൂഹം കൈവെടിയേണ്ടിയിരുന്ന ഒരു അപചയത്തെ, അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയ പ്രതികരണത്തിന്റെയും വേഷംകെട്ടിച്ച് ജനാധിപത്യത്തിന്റെ കസേരയിട്ട് ഇരുത്തിയിട്ടുണ്ട്. അതെത്ര ദുർബലമായ വിജയാഘോഷമാണെന്ന് അഹാൻ എന്ന കുട്ടി ചൂണ്ടിക്കാട്ടുന്നു.
അഹാന്റെ ഉത്തരക്കടലാസിലെ ആദ്യത്തെ അഞ്ചു നിയമങ്ങളുടെ ചുരുക്കം, ആരോഗ്യകരമായ മത്സരത്തെ ഉറപ്പിക്കുന്നതാണ്. മത്സരത്തിൽ നാം തനിച്ചല്ലാത്തതിനാൽ പൊതുവായ ചിട്ടകൾ പാലിക്കുക, അടുത്തുള്ളയാളുടെ സ്ഥാനത്തേക്ക് അതിക്രമിച്ചു കയറാതിരിക്കുക, നിലത്തു വീണാൽ വീണ്ടും എഴുന്നേറ്റു നടക്കുക, നിബന്ധനകൾ ലംഘിക്കുന്നവർ മത്സരത്തിൽനിന്നു മാറുക.
സത്യത്തിൽ, കളി ജയിക്കുന്നതോടെ നിയമങ്ങൾ തീരുന്നതാണു പതിവ്. പിന്നെ വിജയിയുടെ ലോകമാണ്. പക്ഷേ, അവിടെയാണ് അഹാന്റെ ആറാം നിയമം വ്യത്യസ്തമാകുന്നത്. പരാജിതരെ ധൈര്യപ്പെടുത്തുന്നവർ വീണിടത്തുനിന്ന് എഴുന്നേൽക്കാന് കൈ കൊടുക്കുകയാണ്. ആ കൈ വിജയിയുടേതായാൽ പരാജിതൻ പുതിയൊരു മനുഷ്യനാകും. പുതിയൊരു ലോകം പിറക്കട്ടെ.