തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച അഞ്ചിന് ആരംഭിക്കുമെന്നും പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
മാർച്ച് അഞ്ചിന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷാ ടൈം ടേബിൾ തയാറാക്കിയിട്ടുള്ളത്. എസ്എസ്എൽസിയോടൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളും നടക്കും.
“ആശങ്ക അടിസ്ഥാനരഹിതം”
പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയെക്കുറിച്ച് ആശങ്ക പരത്തുന്ന രീതിയിലുള്ള പ്രചാരണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ചില കോണുകളിൽനിന്ന് ബോധപൂർവമായ ആശങ്കകൾ സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നത്.
ചോദ്യമാതൃകകൾ അധ്യയനവർഷാരംഭത്തിൽ തന്നെ എസ് സിഇആർടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ ആരംഭിച്ചിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ 10-ാം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
Tags : SSLC exam March 5 Minister V. Sivankutty