Health
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം.
വിറ്റാമിന്‍ എ, സി, ഇ, ഇരുമ്പ്
വിറ്റാമിന്‍ എ, സി, ഇ, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം.
കടുംനിറത്തിലുള്ള പഴങ്ങൾ
കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്.
ഓറഞ്ച്, സ്ട്രോബറി, മാമ്പഴം
വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്ട്രോബറി, മാമ്പഴം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്.
കിഴങ്ങുവർഗങ്ങൾ
തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍.
ജലദോഷം കുറയ്ക്കാൻ
കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും.
ഉണങ്ങിയ പഴങ്ങൾ
ഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ കഴിക്കാം.
എട്ടു ഗ്ലാസ് വെള്ളം
ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കണം.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Health
തണുപ്പുകാലമായതോടെ എല്ലാവരുടെയും ചര്‍മ്മം ഉണങ്ങി വരണ്ടു വരുന്നു. ഇത് ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴികൾ:
1. തണുപ്പുകാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക.
2. ഷവറില്‍ കുളിക്കരുത്.
3. 10 മിനിറ്റിനകം കുളിച്ചിറങ്ങുക.
4. സോപ്പിനു പകരം ക്ലെൻസിംഗ് ലോഷൻ ഉപയോഗിക്കുക.
5. കുളി കഴിഞ്ഞാല്‍ നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് മോയിസ്ചുറൈസിംഗ് ലോഷൻ (moisturising lotion) പുരട്ടുക.
നിറവും മണവും ഇല്ലാത്ത മോയിസ്ചുറൈസിംഗ് ലോഷനാണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയില്‍ അടങ്ങിയ ക്രീം ആണ് നല്ലത്.
അല്ലെങ്കില്‍ ഗ്ലൈക്കോളിക് ആസിഡ് , ലാക്ടിക് ആസിഡ് (Glycolic acid, lactic acid) എന്നിവ അടങ്ങിയ ക്രീം നല്ലതാണ്.
6. വിയര്‍പ്പ് തങ്ങി നില്ക്കുന്ന ഭാഗങ്ങളില്‍ കാറ്റു കൊള്ളിക്കുക. മടക്കുകളില്‍ അധികം മണമില്ലാത്ത പൗഡര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
7. കമ്പിളി വസ്ത്രങ്ങള്‍, പുതപ്പ് എന്നിവ പലര്‍ക്കും അലര്‍ജി ഉണ്ടാക്കാം. അവയ്ക്ക് കോട്ടണ്‍ തുണി കൊണ്ട് ഒരു ആവരണം തയ്ച ശേഷം ഉപയോഗിക്കാം.
8. ഗ്ലൗസ്, സോക്സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.
9. മുടി - താരന് കൂടാന്‍ സാധ്യതയുള്ളതിനാല്‍ താരൻ കളയാനുള്ള ഷാംപൂ ഒന്നിടവിട്ട ദിവസങ്ങളിൽ തലയില്‍ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളര്‍ന്നു വരാം, അതിനാല്‍ കൃത്യമായി ട്രിം ചെയ്യുക.
മുടിയില്‍ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ, പൊടിയും മണ്ണും നിറയാൻ ഇടയാകരുത്. തലയോട്ടി (Scalp) വൃത്തിയായി കഴുകി സൂക്ഷിക്കുക.
10. നഖം പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ വൃത്തിയായി വെട്ടി സൂക്ഷിക്കുക. ക്രീം പുരട്ടുക.
11. ആഹാരത്തില്‍ ശ്രദ്ധിക്കുക - വെള്ളം ധാരാളം കുടിക്കുക. ഒമേഗ 3 ഫാറ്റി ആസിഡുകൾ (Omega - 3 Fatty acids) അടങ്ങിയ മീന്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ കഴിക്കുക.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനശാലകള് വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകാം.
ബാക്ടീരിയകൾ
മലിനജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു.
കുടിവെള്ളത്തിലൂടെ..
ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുന്നതാണ് ഇതിലേറ്റവും പ്രധാനം. ഇത് നിർജലീകരണത്തിനു കാരണമാവുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം.
അതിനാല്‍ ജലനഷ്ടം ഒഴിവാക്കാന്‍ രോഗിക്ക് വീട്ടില്‍ ലഭിക്കുന്ന പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം എന്നിവയോ ഒആര്‍എസ് ലായനിയോ നല്‍കേണ്ടതാണ്. കുട്ടികൾക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
വയറിളക്ക രോഗങ്ങള്‍
ശരീരത്തില്‍ നിന്ന് അമിത ജലനഷ്ടത്തിന് കാരണമാകുന്നതാണ് വയറിളക്ക രോഗങ്ങള്‍ അഥവാ അക്യൂട്ട് ഡയേറിയല്‍ ഡിസീസ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്.
ഒരുദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം. ജല നഷ്ടം പരിഹരിക്കാന്‍ ധാരാളം പാനീയങ്ങള്‍ നല്‍കുകയാണ് ഏറ്റവും പ്രധാനം.
മഞ്ഞപ്പിത്തം
ഉഷ്ണകാലത്ത് കൂടുല്‍ കാണപ്പെടുന്ന മറ്റൊരു രോഗമാണ് പല രീതിയിലുള്ള മഞ്ഞപ്പിത്തം.. വെള്ളത്തില്‍ കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം, മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു.
ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണുക്കള്‍ ശരീരത്തില്‍ കയറി രണ്ട് മുതല്‍ ആറ് ആഴ്ച കഴിഞ്ഞാലേ രോഗ ലക്ഷണങ്ങള്‍ പൂര്‍ണമായും പ്രകടമാകൂ. ക്ഷീണം, പനി, ചർദ്ദി, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത് ഗുരുതരമായാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് ജലജന്യ രോഗങ്ങള്‍. വൃത്തിഹീനമായതും തുറന്നു വച്ചതുമായ കുടിവെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് നന്നായി കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടക്കുക.
ജലജന്യ രോഗങ്ങളെല്ലാം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടാൻ ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
Health
മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്.
രോഗ ലക്ഷണങ്ങള്‍
· മണിക്കൂറുകളും ദിവസങ്ങളും കഴിയുന്തോറും മുഖത്തിന്റെ ഒരുവശത്ത് നേരിയ ദൗര്‍ബല്യം മുതല്‍ പൂര്‍ണമായും ചലനശേഷി നഷ്ടമാകുന്ന അവസ്ഥയിലെത്തുന്നു.
· മുഖം കോടുക, ചിരിക്കാനും കണ്ണടയ്ക്കാനും ബുദ്ധിമുട്ട്.
· വായില്‍ നിന്ന് ഉമിനീര് ഒലിക്കുക.
· താടി ഭാഗത്തും ചെവിയുടെ അകത്തും പിന്നിലും വേദന.
· സാധാരണ ശബ്ദങ്ങളും വളരെ ഉച്ചത്തിലും അസഹനീയമായും അനുഭവപ്പെടുക (Hyperacusis).
· തലവേദന
· രുചിക്കാന്‍ സാധിക്കാതെ വരിക.
· കണ്ണുനീര്, ഉമിനീര് എന്നിവയുടെ അളവില്‍ വ്യത്യാസം.
· വളരെ അപൂര്‍വമായി മാത്രം മുഖത്തിന്റെ ഇരുവശങ്ങളെയും ബാധിക്കാം.
ശ്രദ്ധിക്കുക: പെട്ടെന്ന് മുഖം കോടുകയാണെങ്കില് അത് പക്ഷാഘാത ലക്ഷണമാകാം. ലക്ഷണങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ ഇത്തരം അവസ്ഥ ഉണ്ടായാല്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്.
രോഗകാരണങ്ങള്‍
കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല, എന്നാല്‍ പലപ്പോഴും വൈറല്‍ അണുബാധയാണ് ഇതിനു കാരണമായി കരുതപ്പെടുന്നത് (HSV - ശരീരത്തിലെ ഏതെങ്കിലും അവയവത്തെ ബാധിച്ച അണുബാധ, Herpes zoster, EBV, CMV തുടങ്ങിയവ).
ബെല്‍സ് പാള്‍സി വരാന്‍ സാധ്യത കൂടുതല്‍ ആര്‍ക്കൊക്കെ?
· ഗര്‍ഭിണികളില്‍ (3rd trimester), പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം
· അതിരൂക്ഷമായ ശ്വാസകോശ അണുബാധ (Flu, cold).
· പ്രമേഹം (Diabetes)
· ഉയര്‍ന്ന രക്തസമ്മര്‍ദം (Hypertension)
· അമിതവണ്ണം (Obesity)
വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം.
ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ.
ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ
* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
* വിട്ടുമാറാത്ത പനി
* വിശപ്പില്ലായ്മ
* ഭാരക്കുറവ്
* രക്തമയം കലർന്ന കഫം
ശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ
* ഭാരക്കുറവ്
* കഴലവീക്കം
* സന്ധികളിലുളവാകുന്ന വീക്കം
* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ
* രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി
എങ്ങനെ പകരുന്നു ?
ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച് ഒരു വ്യക്തി ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ലക്ഷക്കണക്കിനു രോഗാണുക്കൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നു.
ഈ വായു ശ്വസിക്കാനിടവരുന്ന മറ്റു വ്യക്തികൾ ക്ഷയരോഗാണുബാധിതരാകുന്നു. ക്ഷയരോഗാണുബാധിതരാകുന്ന വ്യക്തികളുടെ രോഗപ്രതിരോധശേഷി ഏതെങ്കിലും കാരണങ്ങളാൽ കുറയാനിടവരുന്ന സാഹചര്യങ്ങളിൽ ക്ഷയരോഗാണുക്കൾ പെരുകുകയും ആ വ്യക്തി ക്ഷയരോഗിയായി മാറുകയും ചെയ്യും.
ജാഗ്രത വേണ്ടവർ
* പ്രമേഹരോഗികൾ
* ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ
* എച്ച്ഐവി അണുബാധിതർ
* അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ
* മദ്യപാനികൾ, പുകവലിക്കാർ, മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം എളുപ്പം പിടിപെടാം.
ആയതിനാൽ അത്തരം വ്യക്തികളിൽ ക്ഷയകരോഗലക്ഷണങ്ങൾ പ്രകടമായാൽ ക്ഷയകരോഗനിർണയ പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.
ശ്രദ്ധിക്കുക
1. തുറസായ സ്ഥലങ്ങളിൽ തുപ്പരുത്.
2. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മുഖവും മറച്ചുപിടിക്കുക.
3. ക്ഷയരോഗബാധിതർ കഫം അടപ്പുള്ള പാത്രത്തിൽ ശേഖരിച്ച്് ഫിനോൾ ഒഴിച്ചു നിർവീര്യമാക്കിയ ശേഷം മണ്ണിൽ കുഴിച്ചുമൂടുക.
4. ക്ഷയരോഗബാധിതരുടെ വീട്ടിൽ 6 വയസിനു താഴെയുള്ള കുട്ടികളുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ടിബി ഇല്ലായെന്ന് ഉറപ്പുവരുത്തിയശേഷം രോഗം പകരാതിരിക്കാൻ വേണ്ട പ്രതിരോധമരുന്നുകൾ നല്‍കുക.
5. ക്ഷയരോഗബാധിതരുടെ വീട്ടിൽ ആർക്കെങ്കിലും ചുമയുണ്ടെങ്കിൽ നിർബന്ധമായും കഫപരിശോധന നടത്തുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Health
വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും.
സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് -ജേര്‍ഡ് - എന്ന ഒരു അസുഖമായി കണക്കാക്കുന്നത്.
10-25 ശതമാനം വരെ ആളുകളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു.
കാരണങ്ങള്‍
പ്രധാനമായും ഇത് വയറ്റിനുള്ളിലെ സമ്മര്‍ദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഭാരം കൂടിയതുമൂലം ധാരാളം ആളുകളില്‍ ജേര്‍ഡ് കണ്ടുവരുന്നു.
രോഗലക്ഷണങ്ങള്‍
നെഞ്ചെരിച്ചില്‍ - വയറിന്റെ മുകള്‍ഭാഗത്തോ, നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇത് ഭക്ഷണത്തിനു ശേഷം (കൂടുതല്‍ ഭക്ഷണം കഴിച്ചതിനു ശേഷമോ) എരിവ് കൂടുതലായി ഉപയോഗിക്കുമ്പോഴുമാണ് അനുഭവപ്പെടുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം ഉടനെതന്നെ കിടക്കുന്നതുമൂലം ജേര്‍ഡ് കൂടുതലായി കാണപ്പെടുന്നു.
പുളിച്ചുതികട്ടൽ
നെഞ്ചുവേദന
നെഞ്ചുവേദന (ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇല്ലെങ്കില്‍), ആസ്ത്മ, തൊണ്ടയില്‍ എന്തോ തള്ളിനില്‍ക്കുന്നതുപോലെ തോന്നുക ഇവയെല്ലാം രോഗലക്ഷണങ്ങളാവാം.
വിവരങ്ങൾ: ഡോ. ജെഫി ജോർജ്
സീനിയർ കൺസൾട്ടന്റ് - മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി ആസ്റ്റർ മെഡിസിറ്റി, കൊച്ചി.
Health
1. ഡയാലിസിസിന് ആഴ്ചയില്‍ രണ്ടും മൂന്നും തവണ ആശുപത്രിയില്‍ പോയി ഓരോ പ്രാവശ്യവും നാലു മണിക്കൂര്‍ ചെലവഴിക്കേണ്ടി വരുന്നത് ഒരു രോഗിക്ക് മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ്.
ജോലിയുള്ളവരാണെങ്കില്‍ രോഗിയും പരിചരിക്കുന്ന ആളും ആ ദിവസങ്ങളില്‍ മിക്കവാറും അവധിയെടുക്കേണ്ടി വരും. ആശുപത്രിയിലേക്കുള്ള യാത്രാചെലവ് വേറെ. സര്‍വോപരി സ്ഥിരമായി ആശുപത്രി കയറിയിറങ്ങുന്നത് ഏതൊരു വ്യക്തിയെയും വിഷാദരോഗത്തിലേക്ക് നയിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം.
2. കൈകളിലെ രക്തക്കുഴലുകള്‍ക്ക് വേണ്ടത്ര വലുപ്പമില്ലെങ്കില്‍ ഹീമോ ഡയാലിസിസിന് ആവശ്യമായ ആള്‍ട്ടീരിയോ വീനസ് ഫിസ്റ്റുല എന്ന ശസ്ത്രക്രിയ ചെയ്യാന്‍ സാധ്യമല്ല. ഇത്തരം രോഗികള്‍ക്ക് സിഎപിഡി- CAPD(കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്)- അനിവാര്യമായി വരും.
3.സിഎപിഡി ദിവസവും ചെയ്യുന്നതിനാല്‍ രക്തത്തിലെ അധിക ജലാംശവും മാലിന്യങ്ങളും തുടര്‍ച്ചയായി നീക്കം ചെയ്യപ്പെടുന്നു. ഇത് രോഗികള്‍ക്ക് കുറേക്കൂടി ആശ്വാസവും നല്കുന്നു.
4. ഹീമോ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് രക്തം വഴി പകരുന്ന എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി മുതലായ അണുബാധകള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്. സിഎപി ഡി തുടര്‍ന്നു ചെയ്യാന്‍ സൂചികളുടെയൊന്നും ആവശ്യമില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.
5. ഹീമോ ഡയാലിസിസ് താങ്ങാനുള്ള ആരോഗ്യശേഷി ഇല്ലാത്ത ഹൃദ്രോഗികള്‍ക്ക് സിഎപിഡി തെരഞ്ഞടുക്കാവുന്നതാണ്.
6. വളരെ പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും കിടപ്പിലായ രോഗികള്‍ക്കും സിഎപിഡി ഒരു നല്ല
ഡയാലിസിസ് മാര്‍ഗമാണ്.
7. സിഎപിഡി ചെയ്യുമ്പോള്‍ ചികിത്സയില്‍ രോഗിയുടെ ഉത്തരവാദിത്വവും സജീവമായ ഇടപെടലും കൂടുതലാണ്. പരസഹായം തേടേണ്ടി വരുന്നത് കുറവാണ്. ഇത് രോഗിയില്‍ ആത്മസംതൃപ്തിയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു.
ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
140 രാജ്യങ്ങളിലെ 230 പ്രമേഹരോഗ സംഘടനകള്‍ അംഗങ്ങളായ ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നേതൃത്വം നല്കുന്ന പ്രമേഹരോഗ ദിനാചരണം 1991 നവംബര്‍ 14നാണ് ആരംഭിച്ചത്.
ഓരോ വര്‍ഷവും പ്രതിപാദ്യവിഷയം വ്യത്യസ്തമായിരിക്കും. ‘പ്രമേഹവും ശാരീരിക സാമൂഹിക ക്ഷേമവും (Diabetes and wellbeing)' എന്നതാണ് ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം. 2025 ലെ ഉപവിഷയമായി ‘പ്രമേഹരോഗികളുടെ ജോലിസ്ഥലത്തെ ക്ഷേമം’ ആണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഏതാണ്ട് പത്ത് കോടിയാണ്. 10 ലക്ഷത്തോളം പ്രമേഹരോഗികള്‍ പ്രതിവര്‍ഷം മരണമടയുന്നു. ഐസിഎംആറിന്റെ നേതൃത്വത്തില്‍ നടത്തിയ (2023) ഗവേഷണത്തില്‍ (ICMR - INDIAB) കേരളത്തില്‍ പ്രമേഹരോഗികള്‍ 23% വും പൂര്‍വ പ്രമേഹരോഗികള്‍ (Pre Diabetes), 18% വും പ്രഷര്‍ രോഗികള്‍ 44% വും കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍, 50% വും ദുര്മേദസുള്ളവര്, 47% വും (നഗരങ്ങളില്‍), മടിയന്മാര് (വ്യായാമം ചെയ്യാത്തവര്‍) 71% വുമാണ്.
ശരീര വ്യായാമം ചെയ്യാത്തവരുടെ റാങ്കിംഗില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്. ദുര്‍മേദസ് ഇന്ത്യയില്‍ കുട്ടികളിലും കൂടുതലായി വരുന്നുണ്ട്. 75% പ്രമേഹരോഗികളും അവികസിത, വികസ്വര (പ്രതിശീര്‍ഷ വരുമാനം കുറവുള്ള) രാജ്യങ്ങളിലാണ്.
സാമ്പത്തിക ബാധ്യത മൂലമുള്ള ആരോഗ്യ സംവിധാനങ്ങളുടെ കുറവുകൊണ്ട് പല രാജ്യങ്ങളിലും പ്രമേഹരോഗികള്‍ക്കും സമീകൃത ആഹാരമോ മരുന്നുകളോ ചികിത്സയോ കിട്ടുന്നില്ല. ഇന്ത്യയില്‍ 70% പ്രമേഹ രോഗികളും ജോലി ചെയ്യുന്നവരാണ്. 75% രോഗികള്‍ക്കും മാനസിക പിരിമുറുക്കം ഉണ്ടാകുന്നു. പലരും രോഗസ്ഥിതി ഉന്നത അധികാരികളില്‍ നിന്നു മറച്ചുവയ്ക്കുന്നു.
1978ല്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കസാക്കിസ്ഥാനിലെ അല്‍മ-അറ്റയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ‘ഹെല്‍ത്ത് ഫോര്‍ ഓള് 2000' (Health for All 2000) എന്ന ഒരു പ്രമേയം പാസാക്കി. അല്‍മ-അറ്റ ഡിക്ലറേഷന്‍ (Alma-Ata Declaration) എന്നാണ് ഇതിന്റെ പേര്.
വിദ്യാഭ്യാസം, കിടപ്പാടം, ഭക്ഷണം എന്നതുപോലെ ആരോഗ്യവും (ശാരീരികവും മാനസികവും) ഒരു പൗരന്റെ മൗലികാവകാശമാണെന്നും ജാതി മതഭേദമന്യേ എല്ലാവര്ക്കും ആരോഗ്യസംരക്ഷണവും ചികിത്സയും കൊടുക്കണമെന്നുമായിരുന്നു ഈ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം.
പാവപ്പെട്ട രോഗികള്‍ക്കും അത്യാധുനിക ചികിത്സ കിട്ടാനും ആശുപത്രി സൗകര്യങ്ങള്‍ ലഭിക്കുവാനുമുള്ള നിര്‍ദേശങ്ങളാണ് (ഇപ്പോഴും മുഴുവനായി നടപ്പിലാക്കുവാന്‍ സാധിക്കാത്ത) ‘അല്‍മ-അറ്റ' പ്രഖ്യാപനത്തിന്റെ
ഉള്ളടക്കത്തിലുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പൊതുജനങ്ങള്‍ക്കു വിശ്വാസ്യത യോടെ ആശ്രയിക്കാന്‍ സാധിക്കുന്ന രീതിയില്‍ വിപുലപ്പെടുത്തിയാല്‍, വികസിപ്പിച്ചാല്‍, മാത്രമേ ‘അല്‍മ-അറ്റ പ്രഖ്യാപനം’ സാധൂകരിക്കാന്‍ സാധ്യതയുള്ളൂ. ആരോഗ്യത്തിന്റെ നിര്‍വചനം തന്നെ ശാരീരിക മാനസിക സാമൂഹിക ക്ഷേമം എന്നാണല്ലോ.
ജീവിതം മുഴുവന്‍ രോഗികളായിരിക്കുന്ന ഈ നിര്‍ഭാഗ്യര്‍ക്ക് ശാരീരിക ആരോഗ്യവും വൈകാരിക, സമചിത്തതയുള്ള ജീവിതാവസ്ഥയും ഉയര്‍ന്ന സാമൂഹിക ക്ഷേമനിലവാരവും കൊടുക്കുവാന്‍ 2025 ലെ പ്രമേഹ രോഗ ദിനത്തില്‍ നമുക്കെല്ലാവര്‍ക്കും പ്രതിജ്ഞയെടുക്കാം.
വിവരങ്ങൾ: ഡോ. കെ.പി. പൗലോസ്
പ്രിൻസിപ്പൽ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, എസ് യു ടി ഹോസ്പിറ്റൽ, തിരുവനന്തപുരം
Health
ഡയാലിസിസ് ചികിത്സയിൽ അല്പം കൂടി ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്.
CAPD ചെയ്യുന്നത് എങ്ങനെ?
ഡയാലിസേറ്റ് (ഡയാലിസിസ് ദ്രാവകം) CAPD കത്തീറ്റര്‍ വഴി ഉദരത്തില്‍ നിറയ്ക്കുന്നു. ഒരു സമയത്ത് 2-3 ലിറ്റര്‍ വരെ നിറയ്ക്കാം. ഒരു നിശ്ചിത സമയം ഈ ദ്രാവകം (2-6 മണിക്കൂര്‍) ഉദരത്തില്‍ തന്നെ നിലനിര്‍ത്തുന്നു.
ഈ സമയം രോഗിയുടെ ശരീരത്തിലെ പാഴ് വസ്തുക്കളും അധിക ദ്രാവകങ്ങളും രക്തത്തില്‍ നിന്ന് പെരിട്ടോണിയം വഴി ഡയാലിസിറ്റിലേക്ക് ഊര്‍ന്നിറങ്ങുന്നു. നിശ്ചിത സമയം കഴിഞ്ഞ് ഈ ദ്രാവകം പുറത്തേക്ക് ഒഴുക്കുന്നു.
മുകളില്‍ പറഞ്ഞ പ്രക്രിയയെ എക്സ്ചേഞ്ച് എന്നാണു പറയുന്നത്. ഒരു രോഗിക്ക് ശരാശരി ഒരു ദിവസം രണ്ടു മുതല്‍ നാല് എക്സ്ചേഞ്ചുകള്‍ വരെ നടത്തേണ്ടതായി വരാം.
പലതരത്തിലുള്ള ഡയാലിസിസ് ദ്രാവകങ്ങള്‍ ഉണ്ട് (1.5%, 2.5%, 4.5%). ഒരു രോഗിക്ക് ഒരു ദിവസം എത്ര എക്സ്ചേഞ്ച് വേണമെന്നും ഏതുതരം ഡയാലിസേറ്റ് ഉപയോഗിക്കണമെന്നും പരിചരിക്കുന്ന നെഫ്രോളജിസ്റ്റ് തീരുമാനിക്കും.
CAPD ചെയ്യുന്നതിനു മുമ്പായി രോഗിയുടെ ശുശ്രൂഷകന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
1. വൃത്തിയും വെടിപ്പുമുള്ള ഒരു മുറി ഇതിനായി വീട്ടില്‍ തയാറാക്കണം.
2. നിശ്ചയദാര്‍ഢ്യവും ആത്മാര്‍ഥതയും കാര്യങ്ങള്‍ സാമാന്യരീതിയില് മനസിലാക്കാന്‍ ശേഷിയും ഉള്ള ഒരു ശുശ്രൂഷകന് വേണം (അത് ജീവിത പങ്കാളിയോ മാതാപിതാക്കളോ മക്കളോ ആകാം).
3. CAPD ദിവസവും ചെയ്യേണ്ട ഒരു പ്രക്രിയയാണ്. അത് ഒരു ദിവസം പോലും മുടങ്ങാതെ ചെയ്യാനുള്ള ആത്മസമര്‍പ്പണവും മാനസിക സന്നദ്ധതയും തുടക്കത്തിലേ വേണം.
CAPD എത്ര തരം?
രണ്ടുതരം
1. മെഷീന് സഹായമില്ലാതെ നിര്‍വഹിക്കപ്പെടുന്ന CAPD
2. മെഷീൻ സഹായത്തോടെ നിര്‍വഹിക്കപ്പെടുന്ന ഓട്ടോമേറ്റഡ് പെരിടോണിയല്‍ ഡയാലിസിസ്.
ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
സ്ട്രോക്ക് അഥവാ പക്ഷാഘാതം അല്ലെങ്കിൽ ബ്രെയിൻ അറ്റാക്ക് എന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് തടസപ്പെടുന്നതിനാലോ നിലച്ചതിനാലോ സംഭവിക്കുന്ന ഒരു അവസ്ഥയാണ്.
ലോകത്ത് ശരാശരി മൂന്ന് സെക്കൻഡിൽ ഒരാൾക്ക് സ്ട്രോക്ക് സംഭവിക്കുന്നു എന്നതാണ് കണക്കുകൾ പറയുന്നത്. പ്രതിവർഷം 12.2 ദശലക്ഷം പേർക്ക് സ്ട്രോക്ക് വരുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
25 വയസിന് മുകളിലുള്ള നാല് പേരിൽ ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ സ്ട്രോക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
എന്താണ് സ്ട്രോക്ക്
മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതാണ് സ്ട്രോക്കിന്റെ പ്രധാന കാരണം.
പ്രധാനമായും രണ്ട് തരങ്ങൾ ഉണ്ട്:
ഇസ്കെമിക് സ്ട്രോക്ക് - രക്തം കട്ടപിടിക്കുന്നതിനാലോ കൊഴുപ്പടിഞ്ഞതിനാലോ ധമനികളിൽ ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണം (70 - 80 ശതമാനം കേസുകൾ).
ഹെമറാജിക് സ്ട്രോക്ക് - മസ്തിഷ്കത്തിലെ രക്തക്കുഴൽ പൊട്ടി രക്തസ്രാവം സംഭവിക്കുന്നതുമൂലം ഉണ്ടാകുന്നത് (20 ശതമാനം കേസുകൾ).
ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (ടിഎംഎ)
തലച്ചോറിലേക്കുള്ള രക്തയോട്ടം താത്കാലികമായി കുറയുമ്പോൾ ഉണ്ടാകുന്ന ചെറിയ മുന്നറിയിപ്പാണ് ടിഎംഎ.
കൈകാലുകളിലെ തളർച്ച, മരവിപ്പ്, ചുണ്ട് കോടുന്നത്, അൽപനേരം നീണ്ടുനിൽക്കുന്ന സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
ഇത് ഭാവിയിൽ വലിയ സ്ട്രോക്കിന് മുമ്പ് ലഭിക്കുന്ന ഒരു മുന്നറിയിപ്പായതിനാൽ അവഗണിക്കരുത്.
ലക്ഷണങ്ങൾ
സാധാരണ സ്ട്രോക്കിന്റെ ലക്ഷണങ്ങളായ മുഖം കോടൽ, ബലക്ഷയം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അധികപേർക്കും അറിയുന്നതാണ്.
എന്നാൽ ചില സാധാരണയല്ലാത്ത ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാനാകും.
BE FAST - ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയുക
സ്ട്രോക്ക് തിരിച്ചറിയാനും ഉടൻ പ്രതികരിക്കാനുമായി BE FAST എന്ന പദം ഓർക്കുക:
B - Balance: ശരീരത്തിന്റെ ഒരു വശത്തെ ബാലൻസ് നഷ്ടപ്പെടൽ
E - Eyes: കാഴ്ച മങ്ങുക, രണ്ടായി കാണുക
F - Face: മുഖം കോടൽ
A - Arms: കൈകാലുകൾക്ക് തളർച്ച
S - Speech: സംസാരികാനുള്ള ബുദ്ധിമുട്ട്
T - Time: സമയം നഷ്ടപ്പെടുത്തരുത്, ഉടൻ ആംബുലൻസ് വിളിക്കുക അല്ലെങ്കിൽ ആശുപത്രിയിലേക്ക് എത്തിക്കുക
സ്ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ
സ്ട്രോക്കിനുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങൾ: Clot Buster Drug (TPA Injection)
ഇസ്കെമിക് സ്ട്രോക്കിനുള്ള പ്രധാന ചികിത്സയാണിത്, സ്ട്രോക്ക് വന്ന 4.5 മണിക്കൂറിനുള്ളിൽ നൽകുകയാണെങ്കിൽ രക്തക്കട്ട അലിയിച്ച് രക്തയോട്ടം പുനസ്ഥാപിക്കാം.
മെക്കാനിക്കൽ ത്രോംബെക്ടമി: തലച്ചോറിലെ രക്തക്കുഴലിൽ കത്തീറ്റർ ഉപയോഗിച്ച് രക്തക്കട്ട നീക്കം ചെയ്യുന്ന പ്രക്രിയയാണിത്, 6 മണിക്കൂറിനുള്ളിൽ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം, എന്നാൽ 24 മണിക്കൂറിനുള്ളിൽ പോലും ചെയ്യാവുന്നതാണ്.
ഈ ചികിത്സയ്ക്കായി ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റ് ഉള്ള ആശുപത്രി തെരഞ്ഞെടുക്കണം.
സ്ട്രോക്ക് പ്രതിരോധം - ജീവിതശൈലി മാറ്റങ്ങൾ
പുകവലിയും മദ്യപാനവും തീർത്തും ഒഴിവാക്കുക
നിത്യവ്യായാമം - ദിവസവും 30 മിനിറ്റ് നടക്കുക
ആരോഗ്യകരമായ ഭക്ഷണശീലം - കൊഴുപ്പുകുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തുക
സമ്മർദ്ദം കുറയ്ക്കുക
ബിപി, ഷുഗർ, കൊളസ്ട്രോൾ എന്നിവ നിരീക്ഷിക്കുക
സ്ട്രോക്ക് പെട്ടെന്ന് തിരിച്ചറിയുകയും സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നത് ജീവൻ രക്ഷിക്കാനും ജീവിത നിലവാരം പുനസ്ഥാപിക്കാനുമുള്ള പ്രധാന വഴിയാണ്.
ചെറിയതോ അന്യമായതോ ആയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്.
“ബി ഫാസ്റ്റ്” ഓർക്കുക, സമയബന്ധിതമായ ഇടപെടൽ ജീവിതം തന്നെ രക്ഷിക്കും.
ഡോ. പാർത്തസാരഥി .ബി
കൺസൾട്ടന്റ് - ന്യൂറോളജി, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ അങ്കമാലി
Health
ഡയാലിസിസ് ചികിത്സയിൽ അല്പം കൂടി ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്. രോഗിയുടെ ശരീരത്തില്‍ വച്ചു തന്നെ നടക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയയാണിത്.
ഈ പ്രക്രിയ നടക്കുന്നത് ഉദരത്തിനകത്തുള്ള പെരിട്ടോണിയല്‍ കാവിറ്റിയിലാണ്. പെരിട്ടോണിയം അഥവാ പെരിട്ടോണിയല്‍ മെംബ്രെയിന്‍ എന്നു വിളിക്കപ്പെടുന്ന ഒരു നേര്‍ത്ത സ്തരം ഉദരഭിത്തിയെയും ഉദരത്തിനുള്ളില്‍ ഉള്ള അവയവങ്ങളെയും പൊതിയുന്നു.
ഈ സ്തരം അര്‍ഥ പ്രവേശ്യമാണ് (Semi-permeable). അതായത് തന്നിലൂടെ ചില വസ്തുക്കളെ മാത്രമേ കടത്തിവിടുകയുള്ളൂ. അനേകം ചെറുദ്വാരങ്ങള്‍ ഈ സ്തരത്തില്‍ ഉണ്ട്. പാഴ് വസ്തുക്കളെ അരിച്ചു നീക്കാന്‍ ഇത് സഹായിക്കുന്നു.
CAPD നടപടിക്രമം
ആശുപത്രിയില്‍ വച്ചാണ് CAPD തുടങ്ങുന്നത്. ഇതിനായി ഒരു ട്യൂബ് (CAPD കത്തീറ്റര്‍) രോഗിയുടെ ഉദരഭിത്തി വഴി പെരിട്ടോണിയല്‍ കാവിറ്റിയിലേക്ക് കടത്തുന്നു.
ഇതിനായി മൂന്നുതരം ശസ്ത്രക്രിയ ഉണ്ട്.
1. തുറന്ന് ശസത്രക്രിയ (Open Surgery)
2. താക്കോല്‍ദ്വാര ശസ്ത്രക്രിയ (Keyhole Surgery)
3. Bedside ചെയ്യുന്ന പെര്‍ക്യൂട്ടേനിയസ് കത്തീറ്റര്‍ ഇന്‍സേര്‍ഷന്‍
ഇതില്‍ മൂന്നാമത് ഐ.സി.യുവില്‍ വച്ച് നെഫ്രോളജിസ്റ്റ് തന്നെ തൊലിപ്പുറം മരവിപ്പിച്ച് ചെയ്യുന്ന ലളിതമായ ശസ്ത്രക്രിയയാണ്. ഇങ്ങനെ ചെയ്താല്‍ തിയറ്റര്‍ ചിലവും അനസ്തേഷ്യയുടെ ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും.
CAPD കത്തീറ്റര്‍ ശരീരത്തില്‍ വച്ചു പിടിപ്പിച്ചു കഴിഞ്ഞാല്‍ ഏകദേശം പത്തു ദിവസത്തോളം ആശുപത്രിയില്‍ നിന്ന് CAPD ചെയ്യുന്നതെങ്ങനെയെന്നുള്ള പരിശീലനം നേടേണ്ടി വരും. ഇതിനായി നെഫ്രോളജിസും പരിചയ സമ്പത്തുള്ള CAPD ടെക്നീഷ്യനും സഹായിക്കും.
ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
25 വയസു കഴിയുമ്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം.
അമിതഭാരത്തിനു പിന്നിൽ
ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിലേ പിടികൂടാതിരിക്കാൻ സഹായകം.
ശുദ്ധീകരിച്ച എണ്ണ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയ പുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.
റിഫൈൻഡ് (ശുദ്ധീകരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വിറ്റാമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
നെയ് റോസ്റ്റ് പതിവാക്കിയാൽ ?
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു.
അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Health
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം.
തൊലിയിലുള്ള മുറിവുകളില്‍
എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.
കാല്‍വണ്ണയ്ക്ക് വേദന
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.
ഡോക്സിസൈക്ലിന്‍ എന്തിന്?
· മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കുക.
· വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല
· എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ ഡോക്ടറുടെ നിർദേശപ്രകാരം പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍
ഗുളിക 200 മില്ലീഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
· എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
· യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
കൂടുതൽ ജോലി ചെയ്യുമ്പോൾ കഴുത്തിലെ പേശികളിൽ വലിഞ്ഞമുറുക്കം തോന്നാറുണ്ടോ? രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ കഴുത്തിൽ പിടിത്തവും വേദനയും അനുഭവപ്പെടാറുണ്ടോ? ഏതെങ്കിലും അപകടത്തിൽ കഴുത്തിൽ പരിക്ക് പറ്റിയിട്ടുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക! ഇതാണ് "സ്പോണ്ടിലോസിസ്'.
ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഈ വേദനയുമായി ജീവിതകാലം മുഴുവനും കഴിയേണ്ടി വരികയും ഇല്ല. പുതിയ അറിവുകൾ അനുസരിച്ചുള്ള ചികിത്സ വളരെ ലളിതമാണ്. ഒപ്പം ഫലപ്രദവും. നട്ടെല്ലിലെ കശേരുക്കൾ, ഡിസ്കുകൾ എന്നിവയുടെ ധർമങ്ങളിൽ ഉണ്ടാകുന്ന കുറവുകളുടെ ഫലമായിട്ടാണ് കഴുത്തിനു പിന്നിൽ വേദന ഉണ്ടാകുന്നത്.
ഈ വേദന വരുന്നതുവരെ ആരും കഴുത്തിനെക്കുറിച്ചോ കഴുത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വേദനയെക്കുറിച്ചോ ആലോചിക്കാറില്ല. ആഭരണങ്ങൾ ധരിക്കാൻ മാത്രം ഉപയോഗിക്കുന്ന ഒരു സ്ഥലം മാത്രമായാണ് കഴുത്തിനെ എല്ലവരും കണക്കാക്കാറുള്ളത്.
ശരിയല്ലാത്ത പൊസിഷനിൽ ഉള്ള ഇരിപ്പും കിടപ്പും, പൊണ്ണത്തടി, മാനസിക സംഘർഷം, അപകടങ്ങൾ എന്നീ ഘടകങ്ങളാണ് ഇതിന്റെ ശരിയായ കാരണങ്ങൾ. കമ്പ്യൂട്ടറിനു മുന്നിൽ മണിക്കൂറുകൾ മുന്നോട്ടുവളഞ്ഞ് ഒരേ ഇരിപ്പ് ഇരിക്കുന്നത് ഈ കാലഘട്ടത്തിൽ സ്പോണ്ടിലോസിസ് കൂടുതൽ പേരിൽ കാണാൻ കഴിയുന്നതിന് ഒരു കാരണമാണ്.
നട്ടെല്ലിൽ ഏറ്റവും കൂടുതൽ ചലനങ്ങൾ ഉണ്ടാകുന്ന ഭാഗമാണു കഴുത്ത്. കൂടാതെ തല താങ്ങിനിർത്തുന്നതും കഴുത്താണ്. പ്രായം കൂടുന്നതിന്റെ ഭാഗമായി നട്ടെല്ലിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സെർവിക്കൽ സ്പോണ്ടിലോസിസിനും കാരണമാകുന്നത്.
ആദ്യമായി അനുഭവപ്പെടുന്ന രോഗലക്ഷണം കഴുത്തിൽ ഉണ്ടാകുന്ന ഒരു തരം വലിഞ്ഞുമുറുക്കം ആയിരിക്കും. പിന്നെ വേദന ഉണ്ടാകും. രോഗത്തിന്റെ പൂർണ ലക്ഷണം എന്നത് കഴുത്തിലെ പേശികളിൽ ഉണ്ടാകുന്ന വലിഞ്ഞുമുറുക്കവും വേദനയുമാണ്.
പിന്നീട് അത് മിന്നൽ പോലുള്ള വേദനയും കൈയിലേക്കു വ്യാപിയ്ക്കുന്ന കഴപ്പും മരവിപ്പുമാകും. ഈ കഴപ്പും വേദനയും മരവിപ്പുമെല്ലാം കൂടുതൽ പേരിലും ഏതെങ്കിലും ഒരു വശത്തായിരിക്കും അനുഭവപ്പെടുക.
ക്രമേണ കഴപ്പും വേദനയും മരവിപ്പും അനുഭവപ്പെടുന്ന കൈയിലെ വിരലുകൾക്ക് ശേഷി കുറയുന്നപോലെ തോന്നും. ഒപ്പം തലവേദന, തലയ്ക്ക് ഭാരം എന്നിവയും കണ്ടെന്നു വരാം. പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിക്കുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്.
നീർക്കെട്ടും കൂടിയാകുമ്പോൾ ഗുരുതരമാകുകയും ചെയ്യുന്ന സ്പോണ്ടിലോസിസ് അടക്കമുള്ള സന്ധിവാത രോഗങ്ങൾ പുതിയ അറിവുകൾ പ്രകാരം ചികിത്സിച്ചാൽ വളരെ വേഗം സൗഖ്യം ലഭിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
കൂടുതൽ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ സഹായിക്കും. മദ്യം കഴിക്കാതിരിക്കുന്നതും പുകയില പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്.
കരളിന്റെ ആരോഗ്യം തകരുന്ന വഴികൾ
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ, മദ്യപാനം, മറ്റുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെയാണ് കൂടുതൽ പേരിലും കരളിന്റെ ആരോഗ്യം തകരുന്നതും രോഗങ്ങൾ ബാധിക്കുന്നതും.
ജനിതക രോഗങ്ങളുടെ തുടർച്ചയായും ചിലർ ചിലപ്പോൾ കരൾ രോഗികൾ ആകാറുണ്ട്.
കരൾവീക്കം അഥവാ സിറോസിസ്
കരളിലുണ്ടാകുന്ന രോഗങ്ങൾ മുന്നോട്ട് പോയി സങ്കീർണതകൾ നിറഞ്ഞ അവസ്ഥയാണ് കരൾവീക്കം അഥവാ സിറോസിസ്. ഈ ഘട്ടത്തിൽ എത്തുന്നവരിലാണ് ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയകളെ കുറിച്ച് സംസാരിക്കുന്നത്.
കരളിലെ കോശങ്ങൾക്ക് സാരമായി നാശം സംഭവിക്കുകയും അതിന്റെ തുടർച്ചയായി കരളിന് വീക്കവും ചിലപ്പോൾ പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് സിറോസിസ്.
വിഷാംശം പുറത്തു കളയാനാകാതെ...
കരളിന് ശരിയായ രീതിയിൽ പ്രവർത്തനം നടത്താൻ കഴിയാതെ വരുമ്പോൾ ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയാൻ കഴിയാതാവും. ഇതിന്റെ ഭാഗമായി ശരീരത്തിലെ ജൈവ രാസ പ്രക്രിയകൾ താളം തെറ്റാനിടയാകുന്നു.
അതിന്റെ ഫലമായി സംഭവിക്കുന്ന സങ്കീർണതകൾ മുന്നോട്ട് പോകുകയാണ് എങ്കിൽ രോഗിയുടെ ബോധം ക്രമേണ ഇല്ലാതാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.
രോഗനിർണയം
വയറിനു മുകളിൽ വലത് വശത്ത് കൈപ്പത്തി കൊണ്ട് അമർത്തി നോക്കിയാൽ കരളിൽ വീക്കം ഉണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയും. മുൻകാലങ്ങളിൽ അത് പരിശോധനയുടെ ഒരു പ്രധാന ഭാഗം ആയിരുന്നു.
ഇപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ്, ലിവർ ഫംഗ്ഷൻ പരിശോധന എന്നിവയിലൂടെ രോഗനിർണയം വളരെ വ്യക്തതയോടെയും വേഗത്തിലും സാധിക്കുന്നുണ്ട്.
അൾട്രാസൗണ്ട് പരിശോധന
കരളിന് രോഗമുണ്ടോ എന്നു സംശയം തോന്നിയാൽ ആദ്യമേ തന്നെ രോഗിയുടെ രക്തം, മൂത്രം എന്നിവ പരിശോധന നടത്തണം. അതോടൊപ്പം അൾട്രാസൗണ്ട് പരിശോധനയും ആകാവുന്നതാണ്.
മദ്യപാനം ഉപേക്ഷിക്കാം
ചികിത്സയുടെ ആദ്യ ഭാഗമായി, മദ്യം കുടിക്കുന്നവർ ആ ശീലം ഉപേക്ഷിക്കാൻ തയാറാകണം. ആഹാരം, ശരിയായ രീതിയിൽ... ഡോക്ടർ പറയുന്നത് അനുസരിച്ച് ക്രമീകരിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
ലോകത്ത് കാൻസർ മൂലമുണ്ടാകുന്ന മരണങ്ങളിൽ ഒന്നാമതാണ് ശ്വാസകോശ കാൻസറിന്റെ സ്ഥാനം. ശ്വാസകോശ കാൻസർ എന്നാൽ പുകവലിയുമായി ബന്ധപ്പെട്ട രോഗമാണെന്നായിരുന്നു പൊതുവെ ധരിച്ചിരുന്നത്.
പുകവലി തന്നെയാണ് ഈ രോഗം വരാനുള്ള പ്രധാന കാരണം. എന്നാൽ, പുകവലിക്കാത്തവർക്കും ശ്വാസകോശ കാൻസർ കൂടുന്നതായി പുതിയ പഠനങ്ങൾ പറയുന്നു.
രോഗശൈലിയിലെ പുതിയ മാറ്റവും പ്രത്യേകിച്ച് സ്ത്രീകളിലെ ശ്വാസകോശ അർബുദത്തിന്റെ വർധനവും വ്യക്തമാക്കുന്നത് അടിയന്തിര രോഗനിർണയത്തിന്റെയും ചികത്സയുടെയും ആവശ്യകതയാണ്.
സിഗരറ്റ് ഒന്നുപോലും തൊടാത്തവരിലും പുകയുമായി അധികം സമ്പർക്കം വരാത്തവരിലും പോലും ശ്വാസകോശ കാൻസർ കൂടിവരുന്നത് കാണുന്നുണ്ട്. ഈ മാറ്റം സ്ത്രീകളിലാണ് കൂടുതൽ പ്രകടമായി കാണുന്നത്.
രോഗകാരണങ്ങളിൽ വന്ന മാറ്റം - പുകവലിക്കുമപ്പുറം
പുകവലി അല്ലെങ്കിൽ മറ്റെന്താണ് ഈ ആശങ്കാജനകമായ പ്രവണതയ്ക്ക് പിന്നിൽ? ഇതിന് പല കാരണങ്ങളുണ്ട്. നമ്മുടെ ചുറ്റുപാടുകളും ജനിതകപരമായ കാര്യങ്ങളും ജീവിതരീതിയുമെല്ലാം ഇതിൽ പ്രധാനമാണ്.
<b>വായു മലിനീകരണം - നിശബ്ദനായ കൊലയാളി:</b> നമ്മുടെ നഗരങ്ങളിൽ വായു മലിനീകരണം ഒരു വലിയ പ്രശ്നമാണ്. വാഹനങ്ങൾ, ഫാക്ടറികൾ, പാഴ് വസ്തുക്കൾ കത്തിക്കുന്നത് എന്നിവയിൽ നിന്നെല്ലാം പുറത്തുവരുന്ന ചെറിയ കണികകൾ (PM2.5) നമ്മുടെ ശ്വാസകോശത്തിനുള്ളിലേക്ക് കടന്ന് കോശങ്ങളെ നശിപ്പിക്കുന്നു.
ഇത് പിന്നീട് കാൻസറായി മാറാൻ സാധ്യതയുണ്ട്. പുക ശ്വസിക്കുന്നവർക്കും അല്ലാത്തവർക്കും ഇത് ഒരുപോലെ ഭീഷണിയാണ്.
സെക്കൻഡ് ഹാൻഡ് സ്മോക്ക് - അദൃശ്യ ഭീഷണി: നേരിട്ടുള്ള പുകവലി മാത്രമല്ല, മറ്റൊരാൾ പുകവലിക്കുമ്പോൾ അടുത്തിരിക്കുന്നത് പോലും അപകടകരമാണ്. പുകവലിക്കാരോടൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വലിയ അപകടത്തിലാണ്.
പല ഇന്ത്യൻ വീടുകളിലും അടുപ്പിൽ നിന്നുള്ള പുക പോലുള്ളവ ഈ അപകടസാധ്യത വർധിപ്പിക്കുന്നു.
റഡോൺ വാതകം: മണമോ നിറമോ ഇല്ലാത്ത ഒരു റേഡിയോആക്ടീവ് വാതകമാണിത്. മണ്ണിൽ നിന്നും പാറകളിൽ നിന്നും ഇത് വീടുകളിലേക്ക് പ്രവേശിക്കാം. ഇതിനെക്കുറിച്ച് പലയിടത്തും അവബോധം കൂടുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇത് അത്ര ശ്രദ്ധിക്കപ്പെടുന്നില്ല.
റഡോൺ വാതകവുമായി ദീർഘകാലം സമ്പർക്കത്തിൽ വരുന്നത് ശ്വാസകോശ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും, പ്രത്യേകിച്ചും പുകവലിക്കാത്തവരിൽ.
ജനിതകപരമായ കാരണങ്ങൾ: നമ്മുടെ ശരീരത്തിലെ ജീനുകൾക്കും ഈ രോഗത്തിൽ പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. എപിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ (EGFR) മ്യൂട്ടേഷനുകൾ പോലുള്ള ചില ജീൻ മാറ്റങ്ങൾ പുകവലിക്കാത്ത ശ്വാസകോശ കാൻസർ രോഗികളിൽ, പ്രത്യേകിച്ച് ഏഷ്യൻ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു.
ഈ മാറ്റങ്ങൾ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്ക് കാരണമാവുകയും ട്യൂമറായി മാറുകയും ചെയ്യാം. എന്നാൽ, ഇത്തരം ജനിതക മാറ്റങ്ങളുള്ള കാൻസറിന് പ്രത്യേകതരം മരുന്നുകൾ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ നേരത്തെ ഇത് കണ്ടെത്തേണ്ടത് പ്രധാനമാണ്.
തൊഴിൽപരമായ കാരണങ്ങൾ: ജോലിസ്ഥലത്ത് ആസ്ബറ്റോസ്, ഡീസൽ പുക, സിലിക്ക, ചില രാസവസ്തുക്കൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്നത് പുകവലിക്കാത്തവരിലും ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കാം.
ശ്വാസകോശ കാൻസർ ഭീതി സ്ത്രീകളിലേക്ക്: മാറുന്ന കണക്കുകൾ
മുമ്പ് പുരുഷന്മാരിലായിരുന്നു ശ്വാസകോശ കാൻസർ കൂടുതൽ കണ്ടിരുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പുതിയ കണക്കുകൾ പ്രകാരം സ്ത്രീകളിലും അതും പുകവലിക്കാത്തവരിലും ചെറുപ്പക്കാരിലും ഈ രോഗം കൂടുന്നതായി കാണുന്നു.
ശ്വാസകോശ കാൻസർ രോഗികളുടെ കണക്കുകളിൽ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത് എങ്കിലും സ്ത്രീകളിലെ ഈ വർധനവ് ആശങ്കാജനകമാണ്.
പുക ഏൽക്കുന്നത്, അടുക്കളയിലെ പുക, എപിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ (EGFR) പോലുള്ള ചില ജനിതകപരമായ മാറ്റങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകാം.
അഡിനോകാർസിനോമ എന്ന ശ്വാസകോശ കാൻസർ പുകവലിക്കാത്ത സ്ത്രീകളിൽ സാധാരണയായി കണ്ടുവരാറുണ്ട്.
നേരത്തെയുള്ള രോഗനിർണയത്തിന്റെ അനിവാര്യത
ശ്വാസകോശ കാൻസറിന്റെ ഒരു പ്രധാന വെല്ലുവിളി, പ്രത്യേകിച്ചും പുകവലിക്കാത്തവരിൽ, രോഗം ഗുരുതരമായതിന് ശേഷം മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ കാണാറുള്ളൂ എന്നതാണ്.
അപ്പോഴേക്കും ചികിത്സാ സാധ്യതകൾ കുറവായിരിക്കും. അതുകൊണ്ടാണ് നേരത്തെയുള്ള രോഗനിർണയം പരമപ്രധാനമാകുന്നത്.
പുകവലിക്കാത്ത ആളാണെങ്കിൽ പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
മാറാത്ത ചുമ: കുറേ ആഴ്ചകളായി മാറാതെ നിൽക്കുന്നതോ കൂടുതൽ മോശമാകുന്നതോ ആയ ചുമ.
ശ്വാസംമുട്ട്: കാരണം വ്യക്തമല്ലാത്ത ശ്വാസംമുട്ട്, പ്രത്യേകിച്ച് ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും.
നെഞ്ചുവേദന: മാറാതെ നിൽക്കുന്ന നെഞ്ചുവേദന, പ്രത്യേകിച്ച് ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ വേദന കൂടുന്നുണ്ടെങ്കിൽ.
കാരണമില്ലാതെ ഭാരം കുറയുന്നത്: പെട്ടെന്ന് ശരീരഭാരം കുറയുന്നത്.
ക്ഷീണം: വിശ്രമിച്ചാലും മാറാത്ത അമിതമായ ക്ഷീണം.
ശബ്ദത്തിലെ മാറ്റം: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശബ്ദത്തിലെ വ്യത്യാസം.
തുടർച്ചയായ ശ്വാസകോശ അണുബാധ: ഇടയ്ക്കിടെ ബ്രോങ്കൈറ്റിസോ ന്യൂമോണിയയോ വരുന്നത്.
ചുമച്ച് രക്തം വരുന്നത്: ഇത് വളരെ ഗൗരവമുള്ള ഒരു ലക്ഷണമാണ്, ഉടൻ തന്നെ ഡോക്ടറെ കാണണം.
ചെസ്റ്റ് എക്സ്-റേ പോലുള്ള സാധാരണ പരിശോധനകൾക്ക് എല്ലായ്പ്പോഴും ആദ്യഘട്ടത്തിലെ കാൻസർ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല.
എന്നാൽ, ലോ-ഡോസ് കമ്പ്യൂട്ടഡ് ടോമോഗ്രഫി (LDCT) സ്കാനുകൾ പോലുള്ള നൂതന പരിശോധനകൾ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് ഒരു നിർണായകമാണ്.
എല്ലാ പുകവലിക്കാത്തവർക്കും LDCT സ്ക്രീനിംഗ് നിർബന്ധമല്ലെങ്കിലും മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളോ അപകടസാധ്യതകളോ ഉണ്ടെങ്കിൽ നിങ്ങളുടെ ശ്വാസകോശ രോഗ വിദഗ്ധനുമായി (പൾമണോളജിസ്റ്റ്) സംസാരിക്കുന്നത് വളരെ പ്രധാനമാണ്.
ശ്വാസകോശ കാൻസറിനെതിരേ ഒരുമിക്കാം: ചെയ്യേണ്ടത് എന്തെല്ലാം?
പൊതുജനങ്ങളെ പഠിപ്പിക്കുക: ശ്വാസകോശ കാൻസർ എന്നത് പുകവലിക്കാർക്ക് മാത്രമുള്ള രോഗമല്ലെന്ന് എല്ലാവരെയും അറിയിക്കുക.
പരിസ്ഥിതി സംരക്ഷണം: വായു മലിനീകരണം കുറയ്ക്കാനും ശുദ്ധമായ ഊർജ്ജ സ്രോതസുകൾ ഉപയോഗിക്കാനും കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെടുക.
പുകവലി നിർത്തലാക്കലും സെക്കൻഡ് ഹാൻഡ് പുക ലഘൂകരണവും:</b> പുകവലിക്കെതിരേയുള്ള ശക്തമായ പ്രചാരണങ്ങൾ തുടരുകയും പുകരഹിത ചുറ്റുപാടുകൾ സൃഷ്ടിക്കുകയും ചെയ്യുക.
<b>നേരത്തെയുള്ള രോഗലക്ഷണങ്ങളുടെ തിരിച്ചറിയൽ:</b> സൂക്ഷ്മമായ ലക്ഷണങ്ങൾ തിരിച്ചറിയാനും സമയബന്ധിതമായി വൈദ്യസഹായം തേടാനും വ്യക്തികളെ പ്രാപ്തരാക്കുക.
ആവശ്യമുള്ളവർക്ക് പ്രത്യേക പരിശോധന: ജനിതകപരമായ കാരണങ്ങളോ അല്ലെങ്കിൽ പരിസ്ഥിതിയിൽ നിന്നുള്ള വലിയ അപകടസാധ്യതകളോ ഉള്ളവർക്ക്, ശ്വാസകോശ രോഗ വിദഗ്ധനുമായി സംസാരിച്ച് തങ്ങൾക്ക് പ്രത്യേക സ്ക്രീനിംഗ് പരിശോധനകൾ ആവശ്യമുണ്ടോ എന്ന് ചർച്ച ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
ശ്വാസകോശ കാൻസർ ഒരു വലിയ വെല്ലുവിളിയാണ്. എന്നാൽ കൂടുതൽ അവബോധം നൽകുന്നതിലൂടെയും മുൻകൂട്ടിയുള്ള പരിശോധനകളിലൂടെയും പുതിയ ചികിത്സാരീതികളിലൂടെയും രോഗം നേരത്തെ കണ്ടെത്താനും രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്താനും സാധിക്കും.
നിങ്ങളുടെ ശ്വാസകോശങ്ങൾ വളരെ വിലപ്പെട്ടതാണ്. നമുക്ക് അവയെ സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്കാം.
ഡോ. അസീസ്
സീനിയർ കൺസൾട്ടന്റ്, പൾമണോളജി,
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ അങ്കമാലി
Health
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനവുമാണ് കരൾ.
നമ്മുടെ ശരീരഭാരത്തിന്റെ രണ്ട് ശതമാനത്തോളം ആയിരിക്കും കരളിന്റെ ഭാരം. വയറിനു മുകളിൽ വലതു വശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്.
അസ്വസ്ഥത തോന്നില്ല
ഏതെങ്കിലും കാരണത്താൽ നാശം സംഭവിക്കുകയാണ് എങ്കിൽ നാശം സംഭവിച്ച ഭാഗം വീണ്ടും സ്വയം നിർമിച്ചെടുക്കാൻ കഴിവുള്ള അവയവമാണ് കരൾ. കരളിന് രോഗങ്ങൾ ബാധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും അസ്വസ്ഥതകൾ ഒന്നും തോന്നുകയില്ല.
അതുകൊണ്ടാണ് കൂടുതൽ കരൾ രോഗികളിലും വ്യക്തമായ രോഗനിർണയം നേരത്തെ നടത്താൻ കഴിയാതെ പോകുന്നത്.
പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
ശരീരത്തിലെ പഞ്ചസാരയുടെ നില നോർമലായ അവസ്ഥയിൽ സൂക്ഷിക്കുന്നതിൽ കരളിനുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്.
അതുകൊണ്ടു തന്നെ പ്രമേഹത്തിന് ചികിത്സ ചെയ്യുന്നവർ കരളിന്റെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.
രോഗങ്ങളും രോഗാണുക്കളും
കരളിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ശരീരത്തിലെ രസതന്ത്രത്തെ മുഴുവനായി പ്രതികൂലമായി ബാധിക്കുന്നതാണ്.
രോഗങ്ങളും രോഗാണുക്കളുമാണ് കരളിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളത്.
പ്രതിരോധശേഷി തകരും
കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ശരീരം മുഴുവനും അനുഭവപ്പെടുന്നതാണ്. ഒപ്പം, പ്രതിരോധ ശേഷി തകരുകയും ചെയ്യും.
കരൾരോഗ ലക്ഷണങ്ങൾ
മഞ്ഞപ്പിത്തം, വയർ വീർക്കുക, മനംപുരട്ടൽ, ഛർദി, ശരീരം മുഴുവനും ചൊറിച്ചിൽ, ക്ഷീണം, രോമങ്ങൾ കൊഴിഞ്ഞ് പോകുക, ഉറക്കം കുറയുക, അടിവയറ്റിൽ വേദന, ശരീരഭാരം കുറയുക, വിശപ്പ് ഇല്ലാതാകുക, ശരീരത്തിൽ നീര്, രക്തം ഛർദിക്കുക എന്നിവയാണ് കരളിൽ രോഗം ബാധിക്കുമ്പോൾ അനുഭവപ്പെടാൻ സാധ്യതയുള്ള പ്രധാന ലക്ഷണങ്ങൾ.
മഞ്ഞപ്പിത്തം എന്ന രോഗലക്ഷണം
കരൾ രോഗങ്ങളിൽ ഏറ്റവും പ്രധാനമായി പരിഗണിക്കാറുള്ള ലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തത്തെ ഒരു രോഗം എന്ന് പറയുന്നതിനേക്കാൾ ഭേദം അത് ഒരു രോഗലക്ഷണമാണ് എന്ന് പറയുന്നതായിരിക്കും.
ചർമത്തിലും കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കാണുന്നതാണ് പ്രധാന ലക്ഷണം.
നവജാതശിശുക്കളിൽ
കരളിന് വളർച്ച കുറവുള്ള നവജാത ശിശുക്കളിൽ ഒരുതരം മഞ്ഞനിറം കാണാറുണ്ട്. ഇത് അത്ര ഭയാനകമല്ല.
എന്നാലും കുട്ടിയെ പരിചരിക്കുന്നവർ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്.
രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക.
സോപ്പിന്റെ ഉപയോഗം...
സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകൾ
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ.
അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകളും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്.
ഹോമിയോപ്പതിയിൽ
എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനായുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലേ. അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം തിരിച്ചു പോകാം; സാവധാനമെങ്കിലും.
ചിലരിൽ വലിയ ഒരു മാനസിക ആഘാതത്തിനു ശേഷം ഈ രോഗം വന്നു കണ്ടിട്ടുണ്ട്. അത്തരക്കാരിൽ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് പൂർണ്ണമായും രോഗ ശമനം സാധ്യമായിട്ടുമുണ്ട്.
കാരണങ്ങൾ വ്യത്യസ്തം
ഹോമിയോപ്പതിയുടെ കാഴ്ചപ്പാടനുസരിച്ച് ഓരോരുത്തരിലും രോഗം തുടങ്ങുന്നതിനോ വർധിക്കുന്നതിനോ ആയ കാരണം വ്യത്യസ്തമായിരിക്കും.
അതും രോഗിയുടെ മറ്റുള്ള ശാരീരിക പ്രത്യേകതകളും പരിഗണിച്ചു മരുന്നുകൾ കണ്ടെത്തിയാൽ രോഗം മാറ്റാനാവും.
രോഗം വീണ്ടും വരുന്നതിന്റെ ഇടവേള കൂട്ടാനും ഹോമിയോ മരുന്നുകൾ കൊണ്ടു സാധിക്കും.
ഡോ: ടി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Health
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.
ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു.
ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
പ്രമേഹ കാരണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
പ്രമേഹബാധിതരുടെ ആഹാരം
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
തവിട് അടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്,ഫാസ്ററ് ഫുഡ് എന്നിവ ഉപേക്ഷിക്കുക. പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം.
സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്.
അനുബന്ധ പ്രശ്നങ്ങൾ
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം.
പ്രമേഹരോഗികളിൽ വിറ്റാമിൻ സി,ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം.
ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്.
പായസം കുടിക്കാമോ?
ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡന്റ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം. ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്.
പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം.
അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി. ആഘോഷങ്ങളെല്ലാം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവണം എന്നു പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.
വണ്ണം കൂടുമോ?
അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണം പാലിക്കുന്നവരും ഓണനാളുകളിൽ ഏറെ ശ്രദ്ധിക്കണം. പായസവും ഉപ്പേരിയും ഓണനാളുകളിൽ തുടർച്ചയായി പല ദിവസങ്ങളിൽ കഴിക്കുന്നതിലൂടെ നാമറിയാതെ തന്നെ മൂന്നു കിലോ വരെ ശരീരഭാരം കൂടും.
കഴിക്കുന്നതിന്റെ അളവിൽ കുറവു വരുത്തുക എന്നതുമാത്രമാണ് സാധ്യമായ കാര്യം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉപ്പേരിയും പായസവും കഴിക്കുന്നതിൽ മിതത്വം പാലിക്കണം.
ഉപ്പിലിട്ടതും പപ്പടവും പ്രശ്നമാകുമോ?
ഓണനാളുകളിൽ ദിവസം പലനേരം സദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ...എന്നിങ്ങനെ പലതരം അച്ചാറുകൾ വിളന്പാറുണ്ട്. അച്ചാറുകൾ കൂടുതലായി കഴിക്കരുത്.
ചിലർ തൈരിനൊപ്പവും ധാരാളം ഉപ്പു ചേർത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മർദമുള്ളവർ തീർച്ചയായും കുറയ്ക്കണം.
പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തിൽ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുന്പോൾ ശരീരത്തിൽ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതർക്കു മധുരവും ഉപ്പും പ്രശ്നമാണ്.
ഏത്തക്കായ ചിപ്സ് കഴിക്കാമോ?
ഓണസദ്യയ്ക്കു വിഭവങ്ങൾ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്സ് തയാറാക്കുന്നതിന്. കഴിക്കുന്ന ചിപ്സിന്റെ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്സ് കഴിച്ചാൽത്തന്നെ 400 കലോറി ശരീരത്തിലെത്തും.
ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി...എന്നിങ്ങനെ ചിപ്സ് തന്നെ പലതരം. ഇവ അളവിൽ കുറച്ചുമാത്രം കഴിക്കുക.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Health
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടസാധ്യതയാണു വെറ്ററിനറി റസിഡ്യൂ. പെട്ടെന്നു തടിവയ്ക്കാൻ കോഴിക്കു നല്കുന്ന ഹോർമോണുകൾ പിന്നീടു മാംസത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
മൃഗങ്ങൾക്ക് അസുഖം വരാതിരിക്കാൻ നല്കുന്ന ആന്റി ബയോട്ടിക്കുകളും മാംസത്തിൽ അവശേഷിക്കാനിടയുണ്ട്. ഇതൊക്കൊണ് വെറ്ററിനറി റസിഡ്യു.
ആൺകുട്ടികൾക്കും അമിത സ്തനവളർച്ച!
ഇത്തരം ബോയിലർ ചിക്കൻ ശീലമാക്കുന്നവരുടെ ശരീരത്തിൽ ഹോർമോണ്‍ അടിഞ്ഞുകൂടും. തടി കൂടും. ആണ്‍കുട്ടികൾക്കും അമിത സ്തനവളർച്ച ഉണ്ടാകും.
കൈ കഴുകണം
ഭക്ഷ്യവിഷബാധ, ഭക്ഷണം മലിനമാകൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു റസ്റ്ററന്റ് ഉടമകൾക്കും ജീവനക്കാർക്കും കൃത്യമായ അറിവുണ്ടായിരിക്കണം.
ഭക്ഷ്യവിഷബാധ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. റസ്റ്ററന്റ് ജീവനക്കാരുടെ വ്യക്തിശുചിത്വവും പ്രധാനം.
ടോയ്ലറ്റിൽ പോയ ശേഷവും...
ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ടോയ്ലറ്റിൽ പോയശേഷം കൈ സോപ്പിട്ടു കഴുകിയില്ലെങ്കിൽ പോലും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാതെയാകാം. മാലിന്യം കലരാം.
മൂക്കു ചീറ്റിയ ശേഷവും മറ്റു ശരീരഭാഗങ്ങളിൽ സ്പർശിച്ച ശേഷവും കൈ സോപ്പിട്ടു കഴുകാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും അപകടം.
അതിനാൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു റസ്റ്ററന്റ് തൊഴിലാളികൾക്കു ഫലപ്രദമായ ബോധവത്കരണ ക്ലാസുകൾ നല്‍കണം.
റസ്റ്ററന്റ് ഉടമകൾ ഇക്കാര്യ ത്തിൽ ശ്രദ്ധപുലർത്തണം.
അധിക അളവിൽ കഴിക്കരുത്
ഓർക്കുക, ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ അധികവും മൈദയിലാണു തയാറാക്കുന്നത്. ഇത്തരം വിഭവങ്ങൾ എന്നും കഴിക്കേണ്ടവയല്ലെന്ന് ഓർക്കുക. വല്ലപ്പോഴും മാത്രം കഴിക്കാനുളളതാണെന്ന് മനസിൽ വയ്ക്കുക.
ഒരു ഭക്ഷണവും ദോഷമാണ്, തൊടാനേ പാടില്ല എന്നിങ്ങനെ പറയാനാവില്ല. ഒന്നും ശീലമാക്കരുത്. അധിക അളവിൽ കഴിക്കരുത്.
വയറു നിറയ്ക്കാനുള്ളതല്ല
വ്യത്യസ്തരുചി അനുഭവിച്ചറിയാൻ ഒരു ചെയ്ഞ്ചിനു വേണ്ടി മാസത്തിലൊരിക്കലോ മറ്റോ അല്പം കഴിക്കുന്നതിൽ തെറ്റില്ല. ഓർക്കുക, ഇത്തരം വിഭവങ്ങൾ വയറു നിറയ്ക്കാൻ വേണ്ടിയുളളതല്ല.
എന്നും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്...
പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, മീൻ, മുട്ട തുടങ്ങിയവയാണു ശീലമാക്കേണ്ടത്; എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ്(Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies).
പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്‍എന്‍എ വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.
ഏതൊക്കെ മൃഗങ്ങളിൽ?
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകര്‍ച്ച
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു.
ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.
നായ, പൂച്ച, കുറുക്കൻ...
നായ, പൂച്ച, കുറുക്കന് എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക് പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്. കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്.
മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്. ആര്‍എന്‍എ വൈറസ് ആയ ലിസ വൈറസ് ജനുസില്‍പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്.
ലിസ വൈറസ് നാലുതരമുണ്ട്. 1. റാബീസ് വൈറസ് 2. ലോഗോസ് ബാട്ട് വൈറസ് 3. മൊക്കോള വൈറസ് 4. ഡുവല്‍ഹേജ് വൈറസ്.
കടിയേറ്റാല്‍ രോഗലക്ഷണങ്ങൾക്ക് എത്രസമയം?
മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത് 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം.
തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ - വയനാട്.
Health
നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്‍പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ശരീരോഷ്മാവ്.
ശരീര ഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളില്‍, ശരീരോഷ്മാവ് നിശ്ചിത അളവില്‍ ക്രമീകരിക്കുന്നത് അവരുടെ ദീര്‍ഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്.
ഇതിനു കൃത്യമായി ചൂട് നല്കുന്ന ഇൻക്യുബേറ്റർ (Incubator )പോലെയുള്ള ഉപകരണങ്ങള്‍ വളരെ നാളായി പ്രചാരത്തിലുണ്ട്.
പക്ഷേ, ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളില്‍, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോലെയുള്ള ചികിത്സാരീതികള്‍ക്ക് പ്രചാരം ഏറിവരുന്നു.
തുടക്കം...
1970 കളില്‍ ‘കൊളംബിയ'യിലാണ് Skin to Skin Care എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇൻക്യുബേറ്ററുകളുടെ ദൗര്‍ലഭ്യവും അന്നത്തെ ആശുപത്രികളിലെ തിരക്ക് മൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തത്തിന് ഇടയാക്കിയത്.
ക്രമേണ ഇതിനു പ്രചാരമേറി. 1996 ല്‍ ഇറ്റലിയില്‍ നടന്ന ആദ്യ അന്താരാഷ്്ട്ര ശില്‍പ്പശാലയില്‍ കംഗാരു മദർ കെയർ (Kangaroo Mother Care) എന്ന പേര് ആദ്യമായി അംഗീകരിക്കപ്പെട്ടു.
കംഗാരു മദർ കെയർ
അമ്മ കംഗാരു തന്റെ ശരീരോഷ്മാവ് കുഞ്ഞിന് അതേപടി പകര്‍ന്നു നല്കി, ഊര്‍ജനഷ്ടം കുറയ്ക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്ന അതേ രീതിയാണ് മനുഷ്യക്കുഞ്ഞുങ്ങളിലും പ്രയോഗിക്കുന്നത്.
അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള്‍ ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ.
കംഗാരു മദർ കെയർ - പ്രധാന ഘടകങ്ങൾ
1) കുഞ്ഞിന്റെയും പരിചരിക്കുന്ന ആളുടേയും ത്വക്കുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്ന അവസ്ഥ. (Skin to Skin Contact)
2) കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്കല്. ( Exclusive Breast Feeding)
3) വീട്ടിലും കംഗാരു മദർ കെയർ തുടരുന്നതിനുള്ള മാനസിക തയാറെടുപ്പ്.(Psychological Support for the Family Members)
കംഗാരു മദർ കെയർ ആര്‍ക്കെല്ലാം ?
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ 2.5 കിലോഗ്രാമിൽ(2500 gm) യില്‍ കുറവ് ഭാരമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
സങ്കീര്‍ണ ചികിത്സകള്‍ ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്കും അതീവ ശ്രദ്ധ നല്കി കംഗാരു മദർ കെയർ നല്കാന് കഴിയും.
എപ്പോൾ മുതൽ?
കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയും തൂക്കവും അനുസരിച്ച് ജനിച്ച ദിവസം മുതലോ, അതിനടുത്ത ദിവസങ്ങളിലോ കംഗാരു മദർ കെയർ തുടങ്ങാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ