Health
സ്ത്രീകളുടെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇത് ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ പ്രമേഹം, ഗര്‍ഭാശയ ഭിത്തിയിലെ അര്‍ബുദബാധ എന്നിവയ്ക്കു സാധ്യതയുണ്ട്.
പ്രധാന കാരണം...
നേരത്തേയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ദീര്‍ഘകാല പ്രശ്നങ്ങള്‍ തടയാനും സഹായിക്കും. പിസിഒഡിക്ക് പ്രധാനമായും കാരണമാകുന്നത് അമിതവണ്ണം അല്ലെങ്കില്‍ പൊണ്ണത്തടിയാണ്.
അതുകൊണ്ട് നല്ല ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഏകദേശം 10% സ്ത്രീകളിലും പിസിഒഡി വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
ചെറുധാന്യങ്ങൾ
കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണം. തവിട് നീക്കാത്ത ധാന്യങ്ങള്‍, തൊലിയോട് കൂടിയ മില്ലെറ്റുകൾ (ചെറുധാന്യങ്ങള്‍) എന്നിവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനം വരാതിരിക്കുന്നതിനും സഹായിക്കും.
മുഴുധാന്യങ്ങളില്‍ ധാരാളം ആന്റിഓക്സിഡന്റുകളും സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഉണ്ട്. മാത്രമല്ല സസ്യ സംയുക്തങ്ങളായ പോളിഫിനോള്‍സ്, സ്റ്റാനോളുകള്, സ്റ്റിറോളുകള്‍ എന്നിവ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് സഹായിക്കുന്നു.
തൊലി കളയാത്ത പയറുവര്‍ഗങ്ങള്‍
തൊലി കളയാത്ത പയറുവര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് പിസിഒഡി തകരാറിനെ കുറയ്ക്കുന്നു. സോയാബീനിലുള്ള ഐസോഫ്ലേവോണുകള്‍ പ്രത്യുത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നു. കുറഞ്ഞത് അരക്കപ്പ് പയറുവര്‍ഗങ്ങള്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പ്രോട്ടീനുകള്‍
പിസിഒഡിയുടെ ആഹാരപരിപാലനത്തില് പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒരു ഘടകമാണ് പ്രോട്ടീനുകള്‍. കൊഴുപ്പില്ലാത്ത പ്രോട്ടീനുകളായ മുട്ടവെള്ള, മത്സ്യം, ടോഫു (സോയാ പനീര്‍), തൊലി നീക്കിയിട്ടുള്ള കോഴിയിറച്ചി, പയര്‍ വര്‍ഗങ്ങള്‍ എന്നിവ തെരഞ്ഞെടുക്കാം.
കശുവണ്ടി, ബദാം, വാൽനട്സ് എന്നിവ നിയന്ത്രണവിധേയമായി ഉള്‍പ്പെടുത്താം. ഇതിലുള്ള സിങ്ക്, മഗ്നീഷ്യം എന്നീ ലവണങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനം കുറയ്ക്കാന്‍ സഹായിക്കുന്നു.
കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കും.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Kerala
തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന്റെ ആരോപണത്തിന് മറുപടിയുമായി ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദൻ. പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജീവ ഫേസ്ബുക്കിൽ കുറിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു ചോദിച്ചു. അപ്പോൾ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയതെന്ന് മകൻ ജീവ പറഞ്ഞു.
നേരത്തെ സി. ദിവാകരൻ പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയിരുന്നു. ആനത്തലവട്ടം ആനന്ദൻ വി.എസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.
പിണറായി വിജയന്റെ മത്സ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ട് എന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.
SUNDAY DEEPIKA
നക്ഷത്രങ്ങൾ എങ്ങും മിഴിതുറന്നിരിക്കുന്നു. പ്രത്യാശയുടെ വെളിച്ചംപകർന്ന് ക്രിസ്മസ് ഇങ്ങെത്തി. ആഘോഷം പകർന്നുനൽകുന്ന ആഹ്ലാദത്തിനൊപ്പം ആഹാരത്തിനും സ്ഥാനമുണ്ടല്ലോ. ഇതാ, ക്രിസ്മസ് ഗംഭീരമാക്കാനുള്ള ഏതാനും രുചിക്കൂട്ടുകൾ...
1. മഷ്റൂം- മാതളനാരങ്ങ പുലാവ്
ചേരുവകൾ:
ബസുമതി അരി- രണ്ടു കപ്പ്
മഞ്ഞൾപ്പൊടി- അര ടീസ്പൂണ്‍
നെയ്യ്- അര കപ്പ്
മഷ്റൂ- 200 ഗ്രാം
മുളകുപൊടി- ഒരു ടീസ്പൂണ്‍
നാരങ്ങാനീര്- രണ്ടു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
അലങ്കരിക്കാൻ- മാതളനാരങ്ങാ കുരു- ഒരു കപ്പ്
തയാറാക്കുന്ന വിധം:
നെയ്യ് ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. മഷ്റൂം ചേർത്ത് വഴറ്റുക. ഉപ്പിട്ട് മഷ്റൂം ചുരുങ്ങുന്നതുവരെ വഴറ്റുക. അരി കഴുകി, അരിച്ചുവാരി അല്പനേരം കുതിർത്തശേഷം ഇതിലേക്ക് ഇടുക. മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം.
പാകത്തിന് വെള്ളം ഒഴിച്ച് വേവിച്ചു വാങ്ങുക. നാരങ്ങാനീര് ഒഴിക്കുക. ഒരു പ്ലേറ്റിലേക്ക് പകർന്ന് മീതെ മാതളനാരങ്ങാക്കുരുവിട്ട് അലങ്കരിച്ചു വിളന്പുക.
2. സാലി ചിക്കൻ
ചേരുവകൾ:
കോഴിയിറച്ചി- ഒരു കോഴി,
ചെറിയകഷണങ്ങൾ
സവാള- നാലെണ്ണം, നീളത്തിൽ അരിഞ്ഞത്
ഉരുളക്കിഴങ്ങ്- മൂന്നെണ്ണം, നീളത്തിൽ കനംകുറച്ച് അരിഞ്ഞത്
ഏലയ്ക്ക, ഗ്രാന്പൂ- രണ്ടെണ്ണം വീതം
കുരുമുളക്- എട്ടെണ്ണം
പട്ട- മൂന്നെണ്ണം, നീളത്തിൽ
ഉണക്ക മുളക്- മൂന്നെണ്ണം
മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
മഞ്ഞൾപ്പൊടി- അര ടീസ്പൂണ്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- രണ്ടെണ്ണം
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം:
എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി സവാള നീളത്തിൽ അരിഞ്ഞത്, ഏലയ്ക്ക, ഗ്രാന്പൂ, കുരുമുളക്, പട്ട എന്നിവയിട്ട് സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ഉണക്കമുളകും പൊടികളും ചേർക്കാം. വറുത്ത് വാങ്ങിവയ്ക്കു. ഇറച്ചിക്കഷണങ്ങളിൽ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മാരിനേറ്റ് ചെയ്യുക. അല്പം ഉപ്പും ചേർക്കാം. മസാല നന്നായി വറുത്തശേഷം ഇറച്ചി ചേർത്ത് വീണ്ടും അടുപ്പത്തുവയ്ക്കുക. ഇറച്ചിക്ക് ബ്രൗണ്‍നിറം ആകുന്നതുവരെ വറുക്കുക. ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഇറച്ചി മയമാകുംവരെ വേവിക്കുക. ഉരുളക്കിഴങ്ങ് അരിഞ്ഞത് എണ്ണയിൽ വറുത്ത് (സാലി) ഇറച്ചിക്കു മീതെ വിതറുക.
3. ഗ്രീൻ മസാല മട്ടണ്‍
ചേരുവകൾ:
ആട്ടിറച്ചി- അര കിലോ, ചെറു കഷണങ്ങൾ
സവാള- ഒരെണ്ണം, നീളത്തിലും വട്ടത്തിലും അരിഞ്ഞത്
ഇഞ്ചി അരച്ചത്- അര ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി- അര ടീസ്പൂണ്‍
നാരങ്ങ- ഒരെണ്ണം, നീരിന്
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
ഉപ്പ്- പാകത്തിന്
പേസ്റ്റിന്
പച്ചമുളക്- നാലെണ്ണം
മല്ലിയില- കാൽ കെട്ട്
പുതിനയില- ആറെണ്ണം
തയാറാക്കുന്നവിധം:
എണ്ണ ചൂടാക്കി സവാള നീളത്തിൽ അരിഞ്ഞത് ഇട്ടു വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്പോൾ ഇറച്ചിക്കഷണങ്ങളും ഇഞ്ചി- വെളുത്തുള്ളി അരപ്പുകളും ഉപ്പും ചേർത്ത് നന്നായി വറുക്കുക. പച്ചമുളകും മല്ലിയിലയും പുതിനയിലയും കഴുകി നന്നായി അരച്ച് ഇതിൽ ചേർക്കുക. നന്നായി ഇളക്കുക. അര കപ്പ് വെള്ളമൊഴിച്ച പ്രഷർ കുക്കറിലേക്ക് ഇത് മാറ്റുക. അടച്ച് ഇറച്ചിക്ക് മയംവരുന്നതുവരെ വേവിക്കുക. ശേഷം തുറന്നുവച്ച് വേവിക്കുക. എണ്ണ മീതെ തെളിയുന്പോൾ സവാള വട്ടത്തിൽ അരിഞ്ഞതും നാരങ്ങാനീരും ഗരംമസാലപ്പൊടിയും ഇട്ട് ഒന്ന് അടച്ചുവച്ചശേഷം വിളന്പുക.
4. പ്രോണ്‍സ് പാട്ടിയ
ചേരുവകൾ:
കൊഞ്ച്- ഒരു കിലോ
മഞ്ഞൾപ്പൊടി- ഒരു ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
വെളുത്തുള്ളി- 10 അല്ലി
ഉണക്കമുളക്- എട്ടെണ്ണം
സവാള- രണ്ടെണ്ണം
വിനാഗിരി- മൂന്നു ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി- മൂന്നു ടേബിൾ സ്പൂണ്‍
തക്കാളി- അഞ്ചെണ്ണം
പച്ചമുളക്- മൂന്നെണ്ണം
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
മല്ലിയില- കുറച്ച്, അലങ്കരിക്കാൻ
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം:
കൊഞ്ച് കഴുകി, ശരിയാക്കി വീണ്ടും കഴുകിവയ്ക്കുക. മഞ്ഞൾ, ജീരകം, വെളുത്തുള്ളി എന്നിവ ഒരുമിച്ച് നന്നായി അരയ്ക്കുക. ഇതിൽ കൊഞ്ച് ഇട്ട് നന്നായി പിടിപ്പിക്കുക. ഉണക്കമുളകിൽ അല്പം വെള്ളം തളിച്ച് നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് സവാളയിട്ട് വഴറ്റുക. ഇളം ബ്രൗണ്‍ നിറമായാൽ മുളകരച്ചതും വിനാഗിരിയും മല്ലിപ്പൊടിയും ചേർക്കാം.
തക്കാളി ചെറുതായി നുറുക്കിയതും അല്പം വെള്ളവും ചേർക്കുക. ചെറുതീയിൽ വച്ച് നന്നായി ഇളക്കി തക്കാളി ഉടയാൻ അനുവദിക്കുക. ഇനി കൊഞ്ചു ചേർത്ത് മൂന്നുമിനിറ്റ് തിളപ്പിക്കുക. ഉപ്പിട്ട് അവസാനം പച്ചമുളകും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് അഞ്ചുമിനിറ്റുകൂടി വേവിച്ചശേഷം വാങ്ങുക.
District News
വിഴിഞ്ഞം: മീൻ കഴിച്ചുള്ള ഭക്ഷ്യവിഷബാധ തമിഴ്നാട് അതിർത്തിയായ ഊരമ്പ് മുതൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിച്ചു. എക്സ്പോർട്ടിംഗ് കമ്പനികൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തശേഷം മിച്ചംവന്ന ഒരു കണ്ടെയ്നർ ചെമ്പല്ലി മീനിന്റെ തലയും മുള്ളും പൂവാർ പള്ളത്തെ മീൻ ചന്തയിൽ എത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് അറിവ് ലഭിച്ചു. മായം കളർത്തിയും പഴകിയതുമായ മീൻ വില്പന സംഘങ്ങൾക്കെതിരെ നടപടിക്കായി അധികൃതർ രംഗത്തിറങ്ങിയത് ഒരു ജില്ല മുഴുവൻ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത ശേഷമെന്ന ആരോപണവും ഉയരുന്നു. ആളുകളുടെ ആരോഗ്യത്തിന് ഹാനികരമായ മീനുകൾ നിറച്ച നൂറ്കണക്കിനു കണ്ടെയ്നർ ലോറികൾ കർണാടക, ആന്ധ്ര, തമിഴ് നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്ന് തീരദേശമായ പള്ളം ഫിഷ് മാർക്കറ്റിൽ എത്തുന്നതായി നേരത്തെയും വ്യാപക പരാതി ഉയർന്നിരുന്നു. അന്നൊന്നും അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല.
തിരുവനന്തപുരം ജില്ലയുടെ അങ്ങോളമിങ്ങോളമുള്ള ചന്തകളിൽ പള്ളത്ത് നിന്നുള്ള മീനുകൾ വ്യാപകമായി എത്തുന്നതായി കച്ചവടക്കാരും സമ്മതിക്കുന്നുണ്ട്. കുട്ടികളെപ്പോലും ഏറെ ബാധിക്കുന്ന തരത്തിൽ കാലപ്പഴക്കം ചെന്ന കോടിക്കണക്കിന് രൂപയുടെ മീനുകൾദിനംപ്രതി വിറ്റഴിക്കുന്ന മാർക്കറ്റിനെതിനെതിരെ നടപടിയെടുക്കാൻബന്ധപ്പെട്ടവർ എത്താറില്ല. ഇതു മുതലെടുത്താണ് മാർക്കറ്റിന്റെ പ്രവർത്തനവും.
പുലർച്ചെ രണ്ടു മുതൽ എത്തുന്ന നൂറു കണക്കിനു കണ്ടെയ്നറുകളിലെ മീനുകൾ രാവിലെ ഏഴുമണിക്കുള്ളിൽ ലേലം ചെയ്ത് പുറത്തേക്ക് മാറ്റിയിരിക്കും. പരാതി ലഭിക്കുമ്പോൾ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ മറ്റു ചന്തകളിലെ സാമ്പിളുകളുമായി മടങ്ങുകയാണു പതിവ്. കണ്ടാൽ ശുദ്ധമെന്നു തോന്നിക്കുന്ന തരത്തിൽ മായം കലർത്തിയ മീനാണ് കഴിഞ്ഞ ദിവസം കാഞ്ഞിരംകുളം, പുല്ലുവിള, പഴയകട , കാട്ടാക്കട, നെയ്യാറ്റിൻകര, ഊരമ്പ് ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിറ്റഴിച്ചതെന്നും വിവരമുണ്ട്. ഇതു വ്യാപകമായി ഭക്ഷ്യവിഷബാധക്ക് കാരണമായതായി ആരോഗ്യവകുപ്പധികൃതർ വിലയിരുത്തുന്നത്.
നെയ്യാറ്റിൻ കരജനറൽ ആശുപത്രി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ നേടിയെത്തിയവരുടെ കണക്ക് അൻപതിൽപ്പരം വരുമെന്ന് അധികൃതർ പറയുന്നു. ചെറുകിട സ്വകാര്യ ആശുപത്രികളിൽവന്ന് പ്രാഥമിക ചികിത്സ തേടിപ്പോയവരുടെ കണക്കും അധികൃതർ ശേഖരിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗം, പുല്ലുവിളസർക്കാർ ആശുപത്രി, പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധനകൾ തുടരുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച സാമ്പിളിന്റെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് നടപടിയുണ്ടാകുമെന്നും അധികൃതർ പറയുന്നു.
അനധികൃതമായി പ്രവർത്തിക്കുന്ന തീരദേശത്തെ മത്സ്യമാർക്കറ്റിനെതിരെ ഹൈക്കോടതി വരെ ഇടപെട്ടിരുന്നു. എന്നാൽ ഉന്നത രാഷ്ട്രീയ ഇടപെടലും പോലീസും പഞ്ചായത്തധികൃതരും ഒത്തു കളിച്ചു നൽകിയ റിപ്പോർട്ടിന്റെ പിൻബലത്തിൽ മാർക്കറ്റിന്റെ പ്രവർത്തനം നിർബാധം തുടരുന്നതായി നാട്ടുകാർ പറയുന്നു. പരിശോധനക്ക് അധികൃതർ എത്തില്ലെന്ന ധൈര്യവും പിൻബലമായി ഇവർക്കുണ്ട്.
District News
പിടികൂടിയത് കുത്തരി, പുഴുക്കലരി, ഗോതന്പ് എന്നിവ
മരട്: നെട്ടൂരിലെ കടമുറിയിൽ നിന്നും കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പിടികൂടി. 3,750കിലോ കുത്തരി, 150 കിലോ പുഴുക്കലരി, 450 കിലോ ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച 2 ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. ജില്ലയിലെ തീരമേഖലയിലെ റേഷൻ കടകളിൽ നിന്നും വാങ്ങി നെട്ടൂരിലെ കടമുറിയിൽ എത്തിച്ചായിരുന്നു വില്പന. മുന്തിയ ഇനം അരികളിൽ കൂട്ടിക്കലർത്തിയാണ് വിൽപന നടത്തിയിരുന്നത്.
മൂവാറ്റുപുഴ സ്വദേശി ബിജു എന്നയാളാണ് കടമുറി വാടകയ്ക്കെടുത്തിരുന്നത്. ദക്ഷിണ മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ സി.വി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയപ്പോൾ രണ്ടു ഓട്ടോറിക്ഷകളിൽ അരി എത്തിച്ച നിലയിലായിരുന്നു. രണ്ടു ചാക്ക് അരി തെങ്ങിന്റെ ചുവട്ടിൽ ഇറക്കി വച്ച നിലയിലും ബാക്കി ഓട്ടോകൾക്ക് അകത്തുമായിരുന്നു. കടയുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് അന്വേഷണ സംഘം അകത്തു കയറിയത്. മുറിക്കുള്ളിൽ റേഷൻ സാധനങ്ങൾ അട്ടിയിട്ടു വച്ച നിലയിലായിരുന്നു.
അരി നിറയ്ക്കാനുള്ള ചാക്കുകളും ചാക്ക് തുന്നുന്ന നൂലുകളും ത്രാസും മറ്റും മുറിയിൽനിന്നു കണ്ടെടുത്തു. കടമുറി കേന്ദ്രീകരിച്ച് റേഷനരിയുടെ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടം നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയത്. നിലവിൽ ആരും അറസ്റ്റിലായിട്ടില്ല.
വാടകക്കാരനെതിരെയും ഓട്ടോറിക്ഷകളുടെ ഉടമകളായ മട്ടാഞ്ചേരി സ്വദേശികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫിസർ എസ്.ഒ. ബിന്ദു, സീനിയർ സൂപ്രണ്ട് റിയാസ്, സിറ്റി റേഷനിംഗ് ഓഫിസർ സീന നന്ദൻ, ബാലകൃഷ്ണൻ, ടിഎസ്ഒമാരായ ബിസി ജോസ്, മിനിമോൾ, മെറീന എന്നിവരും റേഷനിംഗ് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ടായിരുന്നു.
District News
തിരുവല്ല: ചെലവ് കുറഞ്ഞതും പോഷക സമൃദ്ധമായതുമായ ഭക്ഷണം രുചികരമായി തയാറാക്കിയ ഭക്ഷ്യമേള ഏറെ ശ്രദ്ധേയമായി. വിവിധ വിഭാഗത്തിലെ അമ്പതോളം കുരുന്നുകള്‍ പാചകമേളയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായെത്തി.
പരമ്പരാഗത ഭക്ഷണങ്ങളും രുചികരമായി വിവിധ നിറത്തിലും ഗുണത്തിലും പ്രകൃതിദത്ത ചേരുവകള്‍ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു.
മുരിങ്ങയില,വിവിധ ചീരയില.ധാന്യപ്പൊടികൾ,കിഴങ്ങ് വര്‍ഗങ്ങള്‍,നാളികേരം തുടങ്ങി നാടന്‍ രുചിക്കൂട്ടുകള്‍ മേശകളില്‍ നിറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്നതും മനോഹരമായിട്ടായിരുന്നു. പഴങ്ങൾ,പച്ചക്കറികള്‍ അടക്കമുള്ള വിവിധ ഭക്ഷ്യവസ്തുക്കള്‍ സംസ്കരിച്ച് തയാറാക്കിയ വിവിധ ജാം,സ്ക്വാഷ്,കളര്ചേരുവകള് എന്നിവയും മേളയുടെ സവിശേഷതയായി.
District News
പെരുവ: വിശപ്പുരഹിത പെരുവയ്ക്കായി കിയോസ്കില്‍ ഭക്ഷണപ്പൊതികള്‍ വച്ച് വിദ്യാര്‍ഥികള്‍. മറ്റപ്പള്ളിക്കുന്ന് റസിഡന്‍സ് അസോസിയേഷന് പെരുവയില്‍ സ്ഥാപിച്ചിരിക്കുന്ന കിയോസ്കില്‍ കാരിക്കോട് ഫാ.ഗീവര്‍ഗീസ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഭക്ഷണ പ്പൊതികൾ വച്ചത്.
എന്‍എസ്എസ് വോളണ്ടിയേഴ്സ് പ്രോഗ്രാം ഓഫീസര്‍ എന്‍. പ്രിയ, ജി. മനോജ്, ജോസണ്‍ ജോര്‍ജ്, കെ.ആര്. ദീപകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. എംആര്‍എ സെക്രട്ടറി ഫിലിപ് ആക്കാംപറമ്പില്‍, ജോയിന്റ് സെക്രട്ടറി സി.ഒ. റോസിലി എന്നിവരും പങ്കെടുത്തു.
Health
നാം ദിവസവും ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്്. പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും.
ഐസ്ക്രീം, ജെല്ലുകൾ, ജാം, പുഡ്ഡിംഗ്, സോസ്, സൂപ്പ് മിക്സ്....എന്നിങ്ങനെയുള്ള റെഡിമെയ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ പ്രിസർവേറ്റീവ്സും കളറുകളും കൂടാതെ മറ്റുപലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
ഫുഡ് അഡിറ്റീവ്സ്
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത്(സംസ്കരിച്ച്) ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്.
എന്നാൽ അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
ധാന്യങ്ങൾ പൊടിപ്പിച്ച് ഉപയോഗിക്കാം
പ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം.
പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം.
മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും ധാന്യങ്ങളും വാങ്ങി വൃത്തിയാക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി അധികൃതരും നിർദേശിക്കുന്നു.
സ്വാദിന്റെ രഹസ്യം
ചില ഉത്പന്നങ്ങളുടെ കവറിൽ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. (എംഎസ്ജി എന്നാൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് - അജിനോമോട്ടോ.)
അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും ടേസ്റ്റ് എൻഹാൻസറിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്റെ സ്വാദു കൂട്ടാനും ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എൻഹാൻസർ സഹായകം.
വാസ്തവത്തിൽ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് എംഎസ്ജി അടങ്ങിയ ഭക്ഷണം കൊടുക്കാൻ പാടില്ലെന്നാണു നിർദേശം.
എന്താണ് E 310, E 100.. .?
പായ്ക്കറ്റ് ഭക്ഷണവിഭവങ്ങളുടെ കവറിൽ ഇ ചേർന്ന ചില നന്പറുകൾ ചേർത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ നന്പറാണത്. ലോകമെന്പാടും ഉപയോഗിക്കുന്ന കോഡ്. E 310, E 100 എന്നിങ്ങനെ.
കളർകോഡാണത്. അനുവദനീയമായ കളറിനെ സൂചിപ്പിക്കുന്നു. ഉപയോഗിക്കാൻ പാടില്ലാത്ത കളർകോഡുകളുടെ ലിസ്റ്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി വെബ്സൈറ്റിലുണ്ട്.
പച്ച, ഇളം മഞ്ഞ തുടങ്ങി മൂന്നു നാലു കളർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മധുരപലഹാരങ്ങളിൽ ചേർക്കാൻ മാത്രമാണ് അനുമതി. മെറ്റാനിൻ യെലോ അനുവദനീയമല്ല.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്