Kerala
കോട്ടയം: എസ്എൻഡിപി - എൻഎസ്എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇനി എസ്എൻഡിപിയുമായി യോജിച്ച് പ്രവർത്തിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസമായതെന്നും എന്നാൽ ഇപ്പോൾ അത്തരം തടസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച സുകുമാരൻ നായർ, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു.
എൻഎസ്എസിന് പാർലമെന്ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലീം വിരോധിയല്ല. ലീഗിനെതിരെ പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാൽ മുഴുവൻ മുസ്ലിം അല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എന്നാൽ മുൻപ് ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം സുകുമാരൻ നായർ തള്ളി.
Kerala
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയ വാദിയെന്ന് വിളിച്ച സതീശൻ ഇന്നലെ പൂത്ത തകരയാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. താൻ വർഗീയ വാദിയാണെന്ന് രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ.കെ. ആന്റണിയോ പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ - ഈഴവ ഐക്യത്തോട് ലീഗിന് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ട് പോയില്ല. സംവരണം പറഞ്ഞ് എന്നെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ താൻ ചതിക്കപ്പെട്ടു. ലീഗ് ആണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
താൻ മുസ്ലിം വിരോധി അല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തതെന്നും മുസ്ലീം ലീഗിലെ വർഗീയതയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് എസ്എൻഡിപിയുടെ യോഗം 21ന് ആലപ്പുഴയിൽ നടക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.
Kerala
ആലപ്പുഴ: ഹിന്ദു വിഭാഗങ്ങൾ ഭിന്നിച്ച് നിൽക്കുന്നത് ഈ കാലഘട്ടത്തിൽ അനുയോജ്യമല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായർ-ഈഴവ ഐക്യം അനിവാര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
"താൻ മുസ്ലീം വിരോധിയല്ല. എന്നാൽ ലീഗിന് എതിരാണ്. ലീഗാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് പോലും മുസ്ലീം ലീഗാണ്.'- വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യത്തിനായി പ്രവർത്തിക്കും. ഈ കാലഘട്ടത്തിൽ അത് ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീം സമുദായത്തെ പേടിച്ചാണ് ഈ വിഭാഗങ്ങൾ കഴിയുന്നതെന്നും വെള്ളപ്പള്ളി പറഞ്ഞു.
Kerala
കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരിച്ച് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷാ പോറ്റിയെന്നും പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നുവെന്നും എംഎ ബേബി പറഞ്ഞു.
ഐഷാ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അറിയില്ല. മൂന്നുതവണ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല ഇതെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നെന്നും ബേബി പറഞ്ഞു.
എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഎം ആണ്. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലെ ഐഷാ പോറ്റിയുടെ പോക്ക് ഒരു തരത്തിലും ബാധിക്കില്ലെന്നും ബേബി വ്യക്തമാക്കി.
കൊട്ടാരക്കരയിൽ ഉണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ല. ഐഷാ പോറ്റി ആര്‍എസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നു. അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും ബേബി കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിലിന്റെ പുതിയ ചെയർമാനായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയെ തെരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറിയായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയും ഡെപ്യൂട്ടി സെക്രട്ടറിയായി ഫാ. സിറിൽ തോമസ് തയ്യിലും തെരഞ്ഞെടുക്കപ്പെട്ടു.
നിബു ജേക്കബ് വർക്കി, അഡ്വ. ആൻസൽ കൊമാറ്റ് എന്നിവരാണു ജോയിന്റ് സെക്രട്ടറിമാർ. കൊല്ലം സിഎസ്ഐ ബിഷപ്സ് ഹൗസിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ചെയർമാനായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ നയിച്ച പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ബിഷപ് റവ. ജോസ് ജോർജ് സ്വാഗതം പറഞ്ഞു.
ചുമതലയൊഴിയുന്ന ചെയർമാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജനറൽ സെക്രട്ടറി മാർ ഔഗിൻ കുര്യാക്കോസ് , ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജോർജ് മഠത്തിപ്പറമ്പിൽ എന്നിവർക്കു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നന്ദി അർപ്പിച്ചു.
National
ന്യൂഡൽഹി: സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്റായി പശ്ചിമ ബംഗാളിൽ നിന്നുള്ള സുദീപ് ദത്തയെ തെരഞ്ഞെടുത്തു.
എളമരം കരിമാണ് ജനറൽ സെക്രട്ടറി. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളി കൂടിയാണ് എളമരം കരിം. വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം സായ്ബാബുവാണ് ട്രഷറർ.
ഡി. എൽ കാരാട്, മാലതി ചിത്തിബാബു, ബിഷ്ണു മഹാന്തി, ചുക്ക രാമുലു എന്നിവരെ വൈസ് പ്രസിഡന്റുമാരായും എസ്. ദേവ്റോയ്, കാഷ്മിർ സിംഗ് താക്കൂർ, ജി. സുകുമാരൻ, ഡി. ഡി. രാമാനന്ദൻ, എ.ആർ സിന്ധു, എസ്. വരലക്ഷ്മി, മീനാക്ഷി സുന്ദരം, ഉഷ റാണി, മധുമിത ബന്ദോപാധ്യായ, ആർ. കരുമലായൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ. എൻ ഉമേഷ്, നരസിംഹ റാവു, ദീപ കെ രാജൻ, ലളിത് മോഹൻ മിശ്ര, പലാദുഗു ഭാസ്കർ, കെ.എൻ ഗോപിനാഥ്, സിയാഉൽ ആലം, ശങ്കർ ദത്ത, എസ്. കണ്ണൻ, ജിബൻ സാഹ, സുരേഖ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിയെ ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീനയുടെ പ്രകടനത്തോട് ഉപമിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റപ്പോൾ അർജന്റീനയെ എല്ലാവരും വിമർശിച്ചു. എന്നാൽ പിന്നീട് അവർ കിരീടം നേടുന്നതാണ് ലോകം കണ്ടതെന്നും ബേബി പറഞ്ഞു. അതുപോലെ ഇടതുമുന്നണിയും തിരിച്ചുവരുമെന്ന് ബേബി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റുക്കാർക്കെതിരെ പാർട്ടി നടപടിയെടുക്കുമന്നും സിപിഎം എം.എ.ബേബി വ്യക്തമാക്കി. പോറ്റി പാരഡി മ്ലേച്ഛമെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.
സോണിയ ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ ബേബി പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തിയെന്നും ചോദിച്ചു. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട് അസ്വീകാര്യമായതിനെ തള്ളുമെന്നാണ് ബേബി പ്രതികരിച്ചത്.
Kerala
ന്യൂഡൽഹി: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തർക്കമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും വേണുഗോപാൽ പറഞ്ഞു. ആർക്ക് വേണമെങ്കിലും ക്ലെയിം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അവസരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ലെന്നും പാര്‍ട്ടിക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യവും ത്യാഗമല്ലെന്നും കെസി വ്യക്തമാക്കി. പാര്ട്ടിയില്ലെങ്കില് നേതാവില്ലെന്നും വേണുഗോപാൽ പറഞ്ഞു.
എംപിമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആണ്. പഴയ ആളുകളെ മാറ്റി നിര്‍ത്തില്ല. അനുഭവ സമ്പത്തും യുവത്വവുമായിരിക്കും ഘടകങ്ങള്‍ എന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിൽ പി.ജെ. കുര്യനെ കെസി വേണുഗോപാല്‍ തള്ളി. എത്ര ഉന്നത നേതാവായാലും സ്ഥാനാര്‍ഥി നിര്‍ണയം പൊതു ചര്‍ച്ചകളിലേക്ക് കൊണ്ടുവരരുത് എന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.
Kerala
പെരുന്ന: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ല.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു അദ്ദേഹം വോട്ടു ചെയ്യേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ഇത്തവണ വോട്ട് ചെയ്യാൻ എത്തിയില്ല.
മാസങ്ങൾക്ക് മുമ്പ് വീഴ്ചയിൽ പരിക്ക് സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വിശ്രമത്തിലാണ്.
സ്കൂളിലേക്കുള്ള ഉയർന്ന പടികൾ കയറാൻ കഴിയാത്തതിനാൽ ഇത്തവണ വോട്ട് രേഖപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് എൻഎസ്എസ് വൃത്തങ്ങൾ അറിയിച്ചു.
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്വര്‍ണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സ്വര്‍ണപ്പാളിയുടെ പേരില്‍ സര്‍ക്കാരിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനങ്ങള്‍ അരി ആഹാരം കഴിച്ച് ജീവിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ട്. നാമനിര്‍ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട് ചെയ്യാന്‍ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അരൂരിലെ ഗര്‍ഡര്‍ അപകടത്തില്‍ ശ്രദ്ധക്കുറവുണ്ടായി. ആരുടെയോ പിന്‍ബലം ഉള്ളത് കൊണ്ട് കരാറുകാരന് ധാര്‍ഷ്ഠ്യ സമീപനമാണ്. ടാക്സ് അടച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Kerala
കോഴിക്കോട്: കോണ്‍ഗ്രസില്‍ വീണ്ടും രാജി. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.വി. ബാബുരാജ് രാജിവച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ബാബുരാജ് വ്യക്തമാക്കി.
നേരത്തെ നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സ രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും ദീപാ ദാസ് മുന്‍ഷിക്കും ബാബുരാജ് പരാതി നല്‍കിയിട്ടുണ്ട്.
നാലര വര്‍ഷമായി പാര്‍ട്ടിയില്‍ യാതൊരു പ്രവര്‍ത്തനവും നടത്താത്ത ഒരു മുന്‍ ബ്ലോക്ക് പ്രസിഡന്റിന്റെ വാര്‍ഡ് 65ല്‍ നൂലില്‍ കെട്ടി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കല്ല, സിസ്റ്റത്തിനാണ് തകരാര്‍. കോഴിക്കോട് സിപിഐഎം- കോണ്‍ഗ്രസ് നെക്സസാണ്. അഴിമതിയുടെ കൂടാരത്തിലെ പങ്ക് കച്ചവടക്കാരാണ്. കോണ്‍ഗ്രസില്‍ പ്രതികരിക്കാന്‍ ആളില്ലാതായി', ബാബുരാജ് പറഞ്ഞു.
എരഞ്ഞിപ്പാലം വാര്‍ഡില്‍ കെപിസിസി മാര്‍ഗരേഖ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് കമ്മറ്റി ആറ് പേരുകള്‍ നല്കി. എന്നാല്‍ പരാജയം ഭയപ്പെട്ട് ലിസ്റ്റിലുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി മറ്റൊരു വാര്‍ഡിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.
Kerala
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പദ്ധതിയിൽ ചേർന്നെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വർഗീയവത്കരണം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഇടത് സർക്കാർ ചേർന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇന്ന് ബേബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ പ്രതികരണം.
വിഷയത്തിൽ സിപിഐ ഉയർത്തുന്ന എതിർപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ സംസാരിച്ച് യോജിപ്പിലെത്തുമെന്ന് ബേബി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ മൂന്ന് പ്രധാന വിഷയങ്ങളായ വർഗീയവൽക്കരണം, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം, കച്ചവടവത്കരണം എന്നിവയിൽ സിപിഎമ്മും സിപിഐയും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.