ആലപ്പുഴ: മത തീവ്രവാദികൾ പോലും പറയാത്ത രീതിയിലുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
"സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവന ഇത് മുൻപ് കേട്ടിട്ടില്ല. ജാതി തിരിച്ച് അല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഹിന്ദു സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. തിരിച്ചും അങ്ങനെത്തന്നെയാണ്. കേരളത്തിലെ ജനങ്ങൾ ജാതിയൊന്നും നോക്കാറില്ല.'-വേണുഗോപാൽ പറഞ്ഞു.
"പത്ത് വോട്ടിന് വേണ്ടി വർഗീത പറയുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. മത വിഭാഗങ്ങളെ തമ്മിലടിച്ച് ജയിക്കാനാണ് അവർ ശ്രമിക്കുന്നത്. ശരിക്ക് പറഞ്ഞാൽ പിണറായിക്ക് പഠിക്കുകയാണ് സജി ചെറിയാൻ. മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ. സംസ്കാരിക മന്ത്രി തന്നെ തരം താണ രീതിയിൽ പ്രസ്താവന നടത്തുന്നത് കേരള സമൂഹം പൊറുക്കില്ല.'-വേണുഗോപാൽ കുറ്റപ്പെടുത്തി.
Tags : kc venugopal aicc general secretary against minister saji cherian chief minister pinarayi vijayan