Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെയും തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 48 മണിക്കൂറില്‍ കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
Kerala
കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത മഴയിൽ എംജി റോഡ്, കലൂർ, ഇടപ്പള്ളി, പാലാരിവട്ടം ഉൾപ്പെടെയുള്ള നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറി.
പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. കടയ്ക്കുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. തൃശൂർ ചാലക്കുടിയിൽ ശക്തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.
അന്ന ജോൺസൺ (11) ഐറിൻ ബിജു (16) എന്നിവർക്ക് പരിക്കേറ്റത്. റോഡിലൂടെ സൈക്കൾ ചവിട്ടുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.രണ്ട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കന്യാകുമാരി കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അനുഭവപ്പെടുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24 ഓടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു.
മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയർന്ന ലെവലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
District News
കൊച്ചി: തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിലായി. ഇതേതുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ഇന്നലെ വൈകിട്ട് 5.30 ഓടെ ആരംഭിച്ച മഴ രാത്രി എട്ട് വരെ നീണ്ടു നിന്നു. എംജി റോഡ്, കലൂര്‍, കെഎസ്ആര്‍ടിസി, കടവന്ത്ര, പനമ്പിള്ളി നഗര്‍, കലാഭവൻ റോഡ്, മേനക, ചിറ്റൂർ റോഡ് തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടറോഡുകളിലും വെള്ളം നിറഞ്ഞു. കനത്ത മഴയും വെള്ളക്കെട്ടും മൂലം വന്‍ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ രൂപപ്പെട്ടത്. എറണാകുളം നോര്‍ത്തിലും കലൂര്‍, പാലാരിവട്ടം, എംജി റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.
പശ്ചിമകൊച്ചിയും മുങ്ങി
ഫോർട്ടുകൊച്ചി: അപ്രതീക്ഷിത മഴയിൽ പശ്ചിമകൊച്ചിയും വെള്ളക്കെട്ടിലായി. റോഡുകളിലെ വെള്ളക്കെട്ടിൽ മാലിന്യങ്ങൾ ഒഴുകി നടന്നത് കാൽ നടയാത്രക്കാരെയും ദുരിതത്തിലാഴ്ത്തി . വെള്ളക്കെട്ടിലകപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരും വലഞ്ഞു.
മട്ടാഞ്ചേരി , ചക്കാമാടം ,വെളി, പട്ടാളം ,കൂവപ്പാടം , ചുള്ളിക്കൽ, സ്റ്റാച്യൂ റോഡ് ,കേമ്പേരി , തോപ്പുംപടി , വാല്ലൂമേൽ തുടങ്ങി ഒട്ടേറെ മേഖലകൾ വെള്ളത്തിലായി.
Kerala
നെടുമ്പാശേരി: കൊച്ചിയിൽ കനത്തമഴ പെയ്തതിനെത്തുടർന്ന് ഇൻഡിഗോയുടെ ഡൽഹി-കൊച്ചി വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു.
ഇന്നലെ രാവിലെ 8.10ന് കൊച്ചിയിലെത്തി തുടർന്ന് ഡൽഹിയിലേക്കു മടങ്ങേണ്ടിയിരുന്ന വിമാനമാണ് പ്രതികൂല കാലാവസ്ഥയെത്തുടർന്ന് തിരിച്ചുവിട്ടത്.
കാലാവസ്ഥ അനുകൂലമായതോടെ വിമാനം 10.35ന് കൊച്ചിയിൽ തിരിച്ചെത്തി ഡൽഹിക്കു സർവീസ് നടത്തി. വിമാനം തിരിച്ചുവിട്ടത് യാത്രക്കാരെ വലച്ചു. 184 യാത്രക്കാരാണ് ഡൽഹിക്കു പോകാനെത്തിയിരുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
കാറ്റോടും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും.
അതേസമയം അതിതീവ്ര ന്യൂനമർദം ശക്തി പ്രാപിച്ച് രൂപപ്പെട്ട ‘മൊൻ ത’ ചുഴലിക്കാറ്റ് നാളെ തീരം തൊടും. തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ശേഷം ആന്ധ്രാപ്രദേശ് തീരത്തായിരിക്കും ‘മൊൻ ത’ കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
ഒഡീഷയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷയിലെ എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
District News
കൊല്ലം : മഴയിലും കാറ്റിലും വെള്ളിയാഴ്ച ജില്ലയില്‍ നാല് വീടുകള്‍ തകര്‍ന്നു. കൊല്ലം താലൂക്കിൽ രണ്ട് വീടുകളും കൊട്ടാരക്കര, കുന്നത്തൂര്‍ താലൂക്കുകളിൽ ഓരോ വീടുകളുമാണ് തകർന്നത്. ഇന്നലത്തെ മഴയിൽ മാത്രം 1,85,000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
വീട് പൂർണമായി തകർന്നു
കൊട്ടാരക്കര : കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയിലും കാറ്റിലും കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് കോയിപ്പുറത്തുവിള വീട്ടിൽ ബാബുവിന്റെ വീട് തകർന്നു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബാബുവിന്റെ മാതാവ് ആമിന (80)യെ വീട് തകരുന്നതിനിടെ വീടിനുള്ളിൽ നിന്നും പുറത്ത് എത്തിച്ചതിനാൽ അപകടം ഒഴിവായി.
മഴയിലും കാറ്റിലും വീടിന്റെ അടുക്കളയുടെ മുകൾ ഭാഗം പൊട്ടിയടരുന്നത് ബാബുവിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഉടനെ വീടിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യ സജിനയേയും മകൻ ഷഹാനസിനേയും പുറത്തെത്തിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശിയെ പുറത്തേയ്ക്ക് എത്തിച്ച പിറകെ കിടപ്പുമുറിയുടെ മേൽക്കൂര തകർന്ന് നിലം പൊത്തുകയായിരുന്നു. കിടപ്പുമുറിയും അടുക്കളയും പൂർണമായും തകർന്നു. കൊട്ടാരക്കര വില്ലേജ് ഓഫീസർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ഓറഞ്ച് അലര്‍ട്ട്
ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എം എം മുതല്‍ 204.4 എം എം വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മഴക്കെടുതി നേരിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടർ നിര്‍ദേശം നല്കി.
ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കണം.ദുരന്തസാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണം. സഹായങ്ങള്‍ക്ക് 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
Sports
കൊളംബോ: ഐസിസി വനിതാ ലോകകപ്പിലെ ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്
മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു. പിന്നീട് മഴ ശമിച്ചതിനാൽ 34 ഓവർ വീതമായി മത്സരം ആരംഭിക്കാൻ തീരുമാനിച്ചു. ടോസ് നേടിയ ശ്രീലങ്ക ബൗളിംഗും തെരഞ്ഞെടുത്തു.
പാക്കിസ്ഥാൻ ബാറ്റിംഗ് ആരംഭിച്ച് 4.2 ഓവറിലെത്തിയപ്പോൾ വീണ്ടും മഴയെത്തി. പിന്നീട് മഴ ശമിക്കാത്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പാക്കിസ്ഥാൻ 4.2 ഓവറിൽ 18 റൺസാണ് എടുത്തത്.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. ശ്രീലങ്കയ്ക്ക് അഞ്ച് പോയിന്റും പാക്കിസ്ഥാന് മൂന്ന് പോയിന്റും ആയി. ശ്രീലങ്ക അഞ്ചാം സ്ഥാനത്തും പാക്കിസ്ഥാൻ ഏഴാം സ്ഥാനത്തുമാണുള്ളത്. ഇരു ടീമുകളും നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (22-10-2025) അവധി പ്രഖ്യാപിച്ചു. ചെന്നൈ, കടലൂർ, ചെങ്കൽപ്പെട്ട്, വിഴുപ്പുറം, കള്ളക്കുറിച്ചി, മയിലാടുതുറൈ, തിരുവാരൂർ തുടങ്ങിയ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും ഡെൽറ്റ മേഖലയിലും ശക്തമായ മഴ പെയ്യുമെനാണ് കാലാവസ്ഥ പ്രവചനം. പുതുച്ചേരിയിലും സ്കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. തീവ്രമഴ മുന്നറിയിപ്പുള്ള ജില്ലകളിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഓഫീസർമാരായി അയച്ചെന്നും അദ്ദേഹം അറിയിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Kerala
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (22-09-2025) അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിക്കുന്നതായി ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
പത്തനംതിട്ട ജില്ലയിലും അങ്കണവാടികൾ, സ്കൂളുകൾ, പ്രൊഫഷണൽ കൊളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാനപങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച(ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന സ്ക്കൂളുകൾക്കും കോളജുകൾക്കും നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.
മലപ്പുറം ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച 22/10/2025 (ബുധൻ) അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട് . അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
എന്നാൽ സ്കൂൾ ശാസ്ത്രമേളകൾക്കും കലോത്സവങ്ങൾക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.
Kerala
ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ ബുധനാഴ്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ഏഴു മുതൽ വ്യാഴാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം.
ജില്ലയിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവയും നിർത്തിവച്ചു. സാഹസിക വിനോദങ്ങൾക്കും ജല വിനോദങ്ങൾക്കും നിരോധനമുണ്ട്.
ഇടുക്കിയിൽ മിക്ക സ്ഥലത്തും മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറഞ്ഞ മഴയാണിപ്പോൾ പെയ്യുന്നത്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ശ്രീലങ്ക-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമായിരുന്നു വേദി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചതിന് ശേഷമുള്ള ഇടവേളയിലാണ് മഴ ആരംഭിച്ചത്. പിന്നീട് മഴ ശമിച്ചില്ല. ഓവർ കുറച്ചെങ്കിലും മത്സരം നടത്താൻ കാത്തിരുന്നെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് എടുത്തത്. ക്യാപ്റ്റൻ ചമാരി അത്തപട്ടുവിന്റെയും നീലാക്ഷി ഡി സിൽവയുടെയും അർധ സെഞ്ചുറിയുടെയും വിഷ്മി ഗുണരത്നെയുടെയും ഹസിനി പെരേരയുടെയും മികച്ച ഇന്നിംഗ്സുകളുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോറിലെത്തിയത്.
ഒക്ടോബർ നാലിന് ഇതേ വേദിയിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-ഓസ്ട്രേലിയ മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ ന്യൂസിലൻഡിന് മൂന്ന് പോയിന്റായി. ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റുമായി.
Sports
കൊളംബോ: ഐസിസി വനിതാ ലോകകപ്പിലെ ശ്രീലങ്ക-ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു. പിന്നീടും മഴ ശമിക്കാത്തതിനെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ശ്രീലങ്ക വിജയം പ്രതീക്ഷിച്ചാണ് മത്സരത്തിനെത്തിയിരുന്നത്. ന്യൂസിൻഡിലൻഡിനെതിരെ തകർപ്പൻ വിജയത്തിന് ശേഷം എത്തിയ ഓസീസ് ജൈത്രയാത്ര തുടരാമെന്നുള്ള പ്രതീക്ഷയിലും ആയിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ രണ്ട് ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. നിലവിൽ മൂന്ന് പോയിന്റുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. ഒരു പോയിന്റ് മാത്രമുള്ള ശ്രീലങ്ക അഞ്ചാമതാണ്.
International
ബെയ്ജിംഗ്: ചൈനയിൽ കനത്ത മഴയെത്തുടർന്ന് 30 പേർ മരിച്ചു. നിരവധി റോഡുകൾ തകരുകയും വൈദ്യുതി നിലയ്ക്കുകയും ജനങ്ങൾ അഭയാർഥി ക്യാംപുകളിലേക്കു മാറുകയും ചെയ്തിട്ടുണ്ട്. ബെയ്ജിംഗിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതപ്രദേശങ്ങളിലാണ് മരണങ്ങൾ സംഭവിച്ചതെന്നാണു വിവരം.
പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവരെ എത്രയും വേഗം സഹായിക്കണമെന്നു പ്രസിഡന്റ് ഷീ ജിൻപിംഗ് ഉത്തരവിട്ടതിനു പിന്നാലെ 80,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 136 ഗ്രാമങ്ങൾ ഇരുട്ടിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രിയാണ് കനത്ത മഴ പെയ്യാനാരംഭിച്ചത്.
മിയുൻ, യാൻഖ്വിംഗ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. തിങ്കളാഴ്ചയുണ്ടായ മഴയിൽ ഹെബൈ പ്രവിശ്യയിൽ നാല് പേർ മരിച്ചു. ഇന്നലെ ചില ട്രെയിനുകൾ താത്കാലികമായി സർവീസ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
Kerala
കോഴിക്കോട്: വിലങ്ങാട്, കല്ലാച്ചി മേഖലകളില്‍ ശക്തമായ മഴയ്ക്കൊപ്പം മിന്നല്‍ചുഴലിയും. കനത്ത കാറ്റിൽ വന്‍ മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ തകര്‍ന്നു.
നാദാപുരം പഞ്ചായത്ത് നാലാം വാര്‍ഡ് തെരുവന്‍ പറമ്പ് , ചിയ്യൂര് , ചീറോത്ത് മുക്ക് എന്നിവിടങ്ങളിലും വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മേഖലകളിലുമാണ് മിന്നല്‍ ചുഴലി നാശം വിതച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാറ്റ് വീശിയത്.
വീടുകള്‍ക്ക് മുകളില്‍ വന്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു. വീടുകള്‍ മരം വീണ് തകര്‍ന്നു. പല വീടുകളുടെയും ഓടുകള്‍ പാറിപ്പോയി. കല്ലാച്ചിയില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു.
വിലങ്ങാട് ഉരുട്ടി , വാളൂക്ക് പ്രദേശങ്ങളിലും അതി ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മേല്‍ പതിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ മേഖലയില്‍ സംഭവിച്ചത്. കല്ലാച്ചിയില്‍ വൈദ്യുതി ബന്ധവും താറുമാറായി.മരങ്ങള്‍ വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ഈ മേഖല ഇരുട്ടിലായി. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
National
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയിൽ 12പേർ മരിച്ചു. മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഹിമാചൽ പ്രദേശിലെ വിവിധയിടങ്ങളിൽ അഞ്ചുപേർക്കാണു ജീവൻ നഷ്ടമായത്.
ഹിമാചൽപ്രദേശിൽ ഇന്നലെ ഒന്‍പതു മേഘവിസ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. ധർമശാലയിൽ കുടുങ്ങിയ 250 പേരെ രക്ഷപ്പെടുത്തിയതായി ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു. വെള്ളപ്പൊക്കത്തിൽ നിരവധിപ്പേർ ഒഴുകിപ്പോയി. ദുരന്തനിവാരണസേനയും പോലീസും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഇതുവരെ അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു. നാലുപേരെ തിരിച്ചറിഞ്ഞു. കാട്ടിൽനിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു. ജമ്മു കാഷ്മീരിലെ രജൗരിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ടു കുട്ടികൾ മരിച്ചു. കന്നുകാലികളെ മേയ്ക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പൂഞ്ച്, ഉദ്ധംപുർ എന്നിവിടങ്ങളിലും മേഘവിസ്ഫോടനമുണ്ടായി.
ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്കു ബസ് മറിഞ്ഞ് കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഒമ്പതുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
വരുന്ന രണ്ടുദിവസം കൂടി ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ഇവിടങ്ങളിലെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളുമടക്കം തകര്‍ന്നു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.
Kerala
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് മലന്പുഴ ഡാമിന്റെ ഷട്ടർ തുറന്നു. രാവിലെ 10.20 ഓടെയാണ് ഷട്ടറുകള്‍ തുറന്നത്.
ഡാമിലെ ജലനിരപ്പ് 111.19 മി ആയി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആയിരുന്നു തീരുമാനം. കര്‍വ് പ്രകാരം ജലനിരപ്പ് 110.49 മി നിലനിര്‍ത്തേണ്ട സാഹചര്യത്തിലാണ് നടപടികള്‍.
ഡാമില്‍ നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം തമിഴ്നാട് അപ്പര്‍ ഷോളയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ലോവര്‍ ഷോളയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.
District News
വയനാട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ ഉരുൾപൊട്ടലുകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. താലൂക്ക് തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുകയും, ആവശ്യപ്പെട്ടാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാണ്.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, നദീതീരങ്ങളിലും മലയോര പ്രദേശങ്ങളിലും പോകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. അവശ്യസാധനങ്ങൾ ശേഖരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും നിർദേശമുണ്ട്.
District News
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഇരിട്ടി താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 27, 2025) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ചെറിയ തോതിലുള്ള ഗതാഗത തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
District News
ജൂൺ 26, 2025-ന് കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തതിനെത്തുടർന്ന് ജില്ലാ ഭരണകൂടം വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലാണ് കൂടുതൽ മഴ ലഭിച്ചത്.
കടലുണ്ടിപ്പുഴ, ചാലിയാർ, കുറ്റ്യാടിപ്പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വിനോദയാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചുചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുന്നതും മരങ്ങൾ കടപുഴകി വീഴുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.
Kerala
കണ്ണൂര്‍: ആറളത്ത് ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവന് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. തെങ്ങില്‍ കയറി കള്ള് ചെത്തിയ ശേഷം താഴത്തെ ഷെഡില്‍ വിശ്രമിക്കുന്നതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
District News
ജൂൺ 26, 2025-ന് മലപ്പുറം ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പല പ്രദേശങ്ങളിലും 115.6 mm മുതൽ 204.4 mm വരെ മഴ രേഖപ്പെടുത്തി. ഇടുക്കി, വയനാട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് വിനോദയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു.
Kerala
വയനാട്: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ. പുഞ്ചിമട്ടം അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും കളക്ടര്‍ അറിയിച്ചു.
പുന്നപ്പുഴയിലെ വെള്ളം കലങ്ങി വന്നത് നേരത്തേയുണ്ടായ ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഉള്ളതിനാലാണ്. ജില്ലയില്‍ ശക്തമായി മഴ തുടരുന്നുണ്ട്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും ഉരുൾപൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ വിശദീകരണം.
Kerala
വയനാട്: പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നേരത്തേയുണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. ഇത് കുറച്ചുകാലം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പുന്നപ്പുഴയോട് ചേർന്നുള്ള നോ ഗോ സോണിൽ പ്രവേശിക്കരുതെന്നും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും ഉരുൾപൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു.
വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്.
അതേസമയം ഇവിടെയെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
Kerala
വയനാട്: വയനാട്ടില്‍ കനത്ത മഴ തുടരുന്നു. നേരത്തേ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലെ പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്.
ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്. മുണ്ടക്കൈ-അട്ടമല റോഡ് മുങ്ങി.
പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായോ എന്ന് പരിശോധിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുഞ്ചിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്തും.
Kerala
വയനാട്: വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. . മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു.
പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്.
മുണ്ടക്കൈ-അട്ടമല റോഡ് പൂർണമായും മുങ്ങി. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഇവിടെയെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
Kerala
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തുടനീളം കനത്ത മഴയാണ് രേഖപ്പെടുത്തിയത്. വരും മണിക്കൂറുകളിലും മഴയുടെ തീവ്രത കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശങ്ങളായ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കനത്ത മഴയെ തുടർന്ന് പല ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാന നദികളായ പെരിയാർ, ഭാരതപ്പുഴ, പമ്പ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്.
അവശ്യസാഹചര്യങ്ങളിലൊഴികെ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ (1077) ഉപയോഗിക്കാവുന്നതാണ്.