National
റാഞ്ചി: ജാർഖണ്ഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 15 ആയി. കൊല്ലപ്പെട്ടവരിൽ സർക്കാർ തലയക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവായ അനൽ ദായും ഉൾപ്പെടുന്നു.
കിരിബുരു പോലീസ് സ്റ്റേഷൻ പരിധിയിലെ സാരന്ദ വനത്തിലെ കുംഡിയിൽ സിആർപിഎഫിന്റെ കോബ്ര യൂണിറ്റിലെ 1,500 ഓളം ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തു.
"മാവോയിസ്റ്റ് ഉന്നത നേതാവ് പാടിറാം മാജി(അനൽ ദാ)യുടേതുൾപ്പടെ 15 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. മേഖലയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രാവിലെ ആറിന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്'-അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച മുതൽ സരന്ദ വനത്തിൽ മാവോയിസ്റ്റ് വേട്ട ആരംഭിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. സരന്ദ വനത്തിൽ അനൽ ദയും സംഘവും ഉണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഓപ്പറേഷൻസ്) മൈക്കൽ രാജ് .എസ് പിടിഐയോട് പറഞ്ഞു.
ഗിരിധി ജില്ലയിലെ പിർതാൻഡിൽ താമസിക്കുന്ന അനൽ ദാ 1987 മുതൽ മാവോയിസ്റ്റ് സംഘടനയിൽ സജീവമാണ്. വർഷങ്ങളായി പോലീസ് ഇയാളെ തിരഞ്ഞുവരികയായിരുന്നു.
ജാർഖണ്ഡിലെ മാവോയിസ്റ്റുകളുടെ അവസാന ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളാണ് കോൽഹാനും സാരണ്ടയും. ബുഡ പഹാഡ്, ഛത്ര, ലത്തേഹർ, ഗുംല, ലോഹർദാഗ, റാഞ്ചി, പരസ്നാഥ് എന്നിവിടങ്ങളിൽ സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ വിജയകരമായി അവസാനിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
National
സുക്മ: ഛത്തീസ്ഗഡിൽ തലയ്ക്ക് രണ്ടുലക്ഷം വിലയിട്ട ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഘടനയുടെ തലവൻ പോഡിയം ബുധ്ര ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ സുക്മ പോലീസിനു മുന്പാകെ ആയുധംവച്ചു കീഴടങ്ങി.
ഗോകുണ്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന മാവോയിസ്റ്റ് സംഘത്തിലെ അംഗങ്ങളാണിവർ. ദർഭയിലെ കൊടുംവനത്തിനുള്ളിലാണ് ഇവർ താമസിച്ചിരുന്നത്.
അതിനാൽ ഇവരെ പിടികൂടുന്നത് സൈന്യത്തിനു ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ, ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്യാന്പ് സ്ഥാപിച്ച് മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നൽകിയതോടെ ഗത്യന്തരമില്ലാതെയാണ് ഇവർ കീഴടങ്ങിയതെന്നാണു വിവരം.
29 പേരെയും പുനരധിവസിപ്പിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടതായി സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു.
ജനുവരി എട്ടിന് ദന്തേവാഡയിൽ 63 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. 2025 ൽ ഛത്തീസ്ഗഡിൽ മാത്രം 1500നു മുകളിൽ മാവോയിസ്റ്റുകളാണ് സായുധവിപ്ലവ മാർഗത്തിൽനിന്നു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്.
National
ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ 18 സ്ത്രീകളും 45 പുരുഷന്മാരും ഉൾപ്പെടെ 63 മാവോയിസ്റ്റുകൾ പോലീസിനു മുന്പാകെ കീഴടങ്ങി.
ഇവരെ പിടികൂടുന്നതിനായി സർക്കാർ 1.19 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നതാണ്.
National
സുക്മ: ഛത്തീസ്ഗഡിൽ 26 മാവോയിസ്റ്റുകൾ കീഴടങ്ങി. കീഴടങ്ങിയവരിൽ ഏഴു വനിതകളും ഉൾപ്പെടുന്നു.
ലാലി എന്നറിയപ്പെടുന്ന മുചാകി ആയതേ ലഖ്മു (35), ഹേമ്ല ലഖ്മ, ആസ്മിത, പദം ജോഗി, സുനദം പാലെ എന്നിവർ ഉൾപ്പെടെയുള്ളവരാണു കീഴടങ്ങിയത്. 17 സുരക്ഷാസൈനികർ കൊല്ലപ്പെട്ട മിൻപ ആക്രമണത്തിൽ ലഖ്മ പങ്കാളിയായിരുന്നു.
Kerala
റായ്പുർ: ചത്തീസ്ഗഡിൽ രണ്ട് ജില്ലകളിലായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സുക്മയിലും അയൽജില്ലയായ ബിജാപുരിലുമാണ് സുരക്ഷാസേനയുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്.
12 മാവോയിസ്റ്റുകൾ സുക്മയിലും രണ്ട് മാവോയിസ്റ്റുകൾ ബിജാപുരിലും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഈ സംഖ്യയിൽ മാറ്റമുണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു.
സുക്മ ജില്ലയിലെ കിസ്താറാം പ്രദേശത്താണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ, മുതിർന്ന മാവോയിസ്റ്റ് നേതാവായ കോണ്ട ഏരിയ കമ്മിറ്റിയിലെ സച്ചിൻ മംഗ്ഡു ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടു.
കോണ്ടയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആകാശ് ഗിർപുഞ്ചെയെ കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ മാവോയിസ്റ്റ് കമാൻഡർ ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
തിരച്ചിൽ സംഘം കാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷം മാത്രമേ മാവോയിസ്റ്റുകളെ തിരിച്ചറിയാൻ കഴിയൂ എന്ന് സുക്മ എസ്പി കിരൺ ചവാൻ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും സുരക്ഷാ സേന എകെ-47, ഇൻസാസ് റൈഫിളുകൾ കണ്ടെടുത്തു.
ബിജാപൂരിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. രണ്ട് മോവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേന, ഒരു എസ്എൽആറും 12 ബോർ റൈഫിളും കണ്ടെടുത്തു.
ഈ വർഷം മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആകെ 285 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
National
സുക്മ: ഛത്തീസ്ഗഡിൽ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സുക്മ ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
കൊല്ലപ്പെട്ടവരിലൊരാൾ വനിതയാണ്. ഈ വർഷം ഛത്തീസ്ഗഡിൽ 284 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; 255 പേരും ബസ്തറിലാണു കൊല്ലപ്പെട്ടത്.
National
രാജ്നന്ദ്ഗാവ്: മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി (എംസിസി) അംഗം ദേവു മാജിയും ഭാര്യയും ഉൾപ്പെടെ 12 മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങി. ആറു പേർ സ്ത്രീകളാണ്.
മൂന്ന് എകെ 47 റൈഫിളുകൾ ഉൾപ്പെടെ ആയുധങ്ങൾ മാവോയിസ്റ്റുകൾ കൈമാറി. 1.05 കോടി രൂപയാണ് മാജിയുടെ തലയ്ക്കു വിലയിട്ടിരുന്നത്. ഇയാളുടെ ഭാര്യ ലളിത ഡിവിഷണൽ കമ്മിറ്റി അംഗമാണ്.
National
റാഞ്ചി: ആറ് പോലീസുകാരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മാവോയിസ്റ്റുകളുടെ വധശിക്ഷയ്ക്കെതിരേയുള്ള അപ്പീൽ ജാർഖണ്ഡ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും.
രണ്ടംഗബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെത്തുടർന്നാണ് ജസ്റ്റീസ് ഗൗതം കുമാർ ചൗധരിയുടെ ബഞ്ചിൽ കേസ് എത്തുന്നത്.
ദുംക സെഷൻസ് കോടതിയുടെ 2018 സെപ്റ്റംബർ 26 ലെ വിധിക്കെതിരേ പ്രതികളായ പ്രവീർ ദാ എന്ന പ്രവീർ മുർമുവും തല ദാ എന്നറിയപ്പെടുന്ന ശാന്തൻ ബസ്കിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ കഴിഞ്ഞ 17 നാണ് ഡിവിഷൻ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചത്. 2013 ജൂലൈ രണ്ടിന് പുകാർ എസ്പി അമർജിത് ബാലിഹർ ഉൾപ്പെടെ ആറ് പോലീസുകാരെ കൊലപ്പെടുത്തിയെന്നാണ് ഇരുവർക്കുമെതിരേയുള്ള കേസ്.
National
റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സിപിഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ് അടക്കമുള്ളവർ കീഴടങ്ങിയത്. തങ്ങളുടെ പക്കലുണ്ടായിരുന്ന 18 ആയുധങ്ങളും ഇവർ പോലീസിനു കൈമാറി. മാവോയിസ്റ്റുകളുടെ സായുധ പോരാട്ടം ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതിപ്രകാരമാണ് ഈ നീക്കം.
നാല് ഡിവിഷണൽ കമ്മിറ്റികളിൽനിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരിൽ ഒന്പതുപേർ ഏരിയ കമ്മിറ്റി അംഗങ്ങളും എട്ടുപേർ പ്രവർത്തകരുമാണ്. സിപിഐ മാവോയിസ്റ്റ് നോർത്ത് സബ് സോണൽ ബ്യൂറോയ്ക്കു കീഴിലാണ് ഇവരെല്ലാം പ്രവർത്തിച്ചിരുന്നത്. മൂന്ന് എകെ 47 തോക്കുകളും രണ്ട് ഇൻസാസ് റൈഫിളുകളും നാല് എസ്എൽആർ റൈഫിളുകളും ആറ് 0.303 റൈഫിളുകളും രണ്ട് സിംഗിൾ ഷോട്ട് റൈഫിളുകളും ഒരു ബാരൽ ഗ്രനേഡ് ലോഞ്ചറും ഇവർ പോലീസിനു കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ 17 ന് സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം രൂപേഷ് (സതീഷ്) അടക്കം 210 പേർ ബസ്തർ ജില്ലയിലെ ജഗ്ദൽപുർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 153 ആയുധങ്ങളും ഇവർ പോലീസിനു കൈമാറിയിരുന്നു. കഴിഞ്ഞ രണ്ടിന് 103 മാവോയിസ്റ്റുകൾ ബിജാപുർ ജില്ലയിലും പോലീസിനുമുന്പാകെ കീഴടങ്ങിയിരുന്നു.
National
റായ്പുർ: ഛത്തീസ്ഗഡിൽ 78 മാവോയിസ്റ്റുകൾ കീഴടങ്ങി. മൂന്ന് ജില്ലകളിൽ നിന്നായി 43 സ്ത്രീകളും ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും ഉൾപ്പടെയാണ് കീഴടങ്ങിയത്.
കീഴടങ്ങിയവർ ഏഴ് എകെ-47 തോക്കുകളും നിരവധി ആയുധങ്ങളും കൈമാറി. സായുധ പോരാട്ടം ഉപേക്ഷിക്കാനുള്ള അവരുടെ നീക്കത്തെ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പ്രശംസിച്ചു.
സുക്മ ജില്ലയിൽ മാത്രം പത്ത് സ്ത്രീകൾ ഉൾപ്പെടെ 27 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഇവരിൽ 16 പേരുടെ തലയ്ക്ക് സർക്കാർ 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
കാങ്കർ ജില്ലയിൽ, മാവോയിസ്റ്റിന്റെ പ്രധാന സംഘടനയായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി (ഡികെഎസ്ഇസഡ്സി) യിലെ രണ്ട് അംഗങ്ങളും 32 വനിതാ കേഡറുകളും ഉൾപ്പെടെ 50 പേർ ബിഎസ്എഫ് ക്യാമ്പിൽ കീഴടങ്ങി.
ബസ്തർ മേഖലയും മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളും ചേർന്നതാണ് വിശാലമായ ദണ്ഡകാരണ്യ മേഖല. കൊണ്ടഗാവ് ജില്ലയിൽ തലയ്ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഒരു വനിതാ കേഡർ കീഴടങ്ങി.
ഡികെഎസ്ഇസഡ്സി അംഗങ്ങളായ രാജ്മാൻ മാണ്ഡവി, രാജു സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മാവോയിസ്റ്റ് കേഡർമാർ കാങ്കറിലെ കൊയ്ലൈബേഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിഎസ്എഫിന്റെ 40-ാം ബറ്റാലിയനിലെ കാംതേര ക്യാമ്പിലെത്തിയാണ് കീഴടങ്ങിയത്.
ഏഴ് എകെ-47 റൈഫിളുകൾ, രണ്ട് സെൽഫ് ലോഡിംഗ് റൈഫിളുകൾ, നാല് ഇൻസാസ് റൈഫിളുകൾ, ഒരു ഇൻസാസ് എൽഎംജി (ലൈറ്റ് മെഷീൻ ഗൺ), ഒരു സ്റ്റെൻ ഗൺ എന്നിവയുൾപ്പെടെ 39 ആയുധങ്ങളും ഇവർ കൈമാറി.
കീഴടങ്ങിയവരിൽ ഡിവിഷണൽ കമ്മിറ്റിയിലെ പ്രസാദ് തദാമി, ഹീരാലാൽ കൊമ്ര, ജുഗ്നു കൊവാച്ചി, നർസിംഗ് നേതം, നന്ദേ (രാജ്മാൻ മാണ്ഡവിയുടെ ഭാര്യ)എന്നിവരും ഉൾപ്പെടുന്നു.