റായ്പുർ: ഛത്തീസ്ഗഡിൽ ഒൻപത് മാവോയിസ്റ്റുകൾ കീഴടങ്ങി. ഒഡീഷ മാവോയിസ്റ്റ് കമ്മിറ്റിയിലെ ധംതാരി-ഗരിയബന്ദ്-നുവപാദ ഡിവിഷനു കീഴിലുള്ള നാഗ്രി, സിതനാദി ഏരിയ കമ്മിറ്റികളിലും മെയിൻപുർ ലോക്കൽ ഗറില്ല സ്ക്വാഡിന്റെയും (എൽജിഎസ്) ഭാഗമായ മാവോയിസ്റ്റുകളാണ് പിടിയിലായതെന്ന് റായ്പുർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ് മിശ്ര പറഞ്ഞു.
ഇവരിൽ ഏഴ് പേർ വനിതകളാണ്. കീഴടങ്ങിയവരിൽ സീതാനടി ഏരിയാ കമ്മിറ്റി സെക്രട്ടറി ജ്യോതി (ജൈനി -28), ഡിവിഷൻ കമ്മിറ്റി അംഗം ബാലമ്മ (ഉഷ-45) എന്നിവരുടെ തലയ്ക്ക് സർക്കാർ എട്ട്ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു.
രാംദാസ് മർകം (30), റോണി (ഉമ-25), നിരഞ്ജൻ (പൊടിയ-25), സിന്ധു (സോമാദി-25), ചിറോ (റീന-25), സന്നി (അമില -25) എന്നിവരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വീതവും ലക്ഷ്മി (18)യുടെ തലയ്ക്ക് ഒരു ലക്ഷം രൂപയും സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു.
ബാലമ്മ തെലങ്കാനയിൽ നിന്നുള്ളയാളാണ്. മറ്റുള്ളവർ ഛത്തീസ്ഗഡിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണെന്ന് അമ്രേഷ് മിശ്ര പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പാകെയാണ് ഇവർ കീഴടങ്ങിയത്.
അഞ്ച് പേർ രണ്ട് ഇൻസാസ് റൈഫിളുകൾ, രണ്ട് സിംഗിൾ ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), ഒരു കാർബൈൻ, ഒരു മസിൽ-ലോഡിംഗ് തോക്ക് എന്നിവയും പോലീസിന് കൈമാറി. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഇതുവരെ കീഴടങ്ങിയ മാവോയിസറ്റുകളുടെ എണ്ണം189 ആയി.
Tags : Maoists Surrender Chhattisgarh