District News
തിരുവല്ല: 1818-ല്‍ സ്ഥാപിതമായ ദൈവശാസ്ത്ര സര്‍വകലാശാലയായ സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ ഡി.ഡി. (ഹൊണോറിസ് കോസ) ബിരുദത്തിന് മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അര്‍ഹനായി. അക്കാദമിക സാമൂഹ്യ എക്യുമെനിക്കല്‍ ആധ്യാത്മിക രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് സര്‍വകലാശാല ഡോക്ടറേറ്റ് സമ്മാനിക്കുന്നത്. ബിരുദദാനം 27ന് സെറാംപൂര്‍ കോളജില്‍ നടക്കുമെന്ന് കൗണ്‍സില്‍ സെക്രട്ടറി ഡോ. ശുബ്റോ ശേഖര്‍ സര്‍ക്കാര്‍ അറിയിച്ചു.
സഭാസംബന്ധമായ അതിര്‍വരമ്പുകള്‍ക്കപ്പുറം വിശാല എക്യുമെനിക്കല്‍ ദര്‍ശനത്തോടെ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സമഗ്രമായ സംഭാവന നല്കുന്ന ദീര്‍ഘവീക്ഷണമുള്ള സഭാപിതാവും ദൈവശാസ്ത്രജ്ഞനും പണ്ഡിതനും പരിഷ്കര്‍ത്താവുമാണ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. സഭയിലും സമൂഹത്തിലും ശാശ്വത സമാധാനം, സന്തോഷം, ഐക്യം, നീതി എന്നിവ സ്ഥാപിക്കുക എന്നതാണ് തിയഡോഷ്യസ് മെത്രാപ്പോലീത്തായുടെ ദര്‍ശനം.
കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ, ബംഗളൂരുവിലെ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍, നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ സെന്റര്‍, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി എന്നിവയുടെ പ്രസിഡന്റായും അഖില ലോക സഭാകൗണ്‍സില്‍,
ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ, കാസാ, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ, സിഐഎസ്ആര്‍ എസ്, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നിവയുടെ സുപ്രധാന സമ്മേളനങ്ങളിലെ നേതൃത്വം എന്നിവ ഉള്‍പ്പെടെ പ്രാദേശിക, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സജീവ സാന്നിധ്യമാണ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത.
District News
പത്തനംതിട്ട: അയിരൂർ കാഞ്ഞിറ്റുകര എപ്പിസ്കോപ്പൽ ജൂബിലി മെമ്മോറിയൽ മാർത്തോമ്മാ ഇടവകയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ എട്ടിന് കുർബാനയും തുടർന്ന് പത്തിന് വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടക്കും. റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും.
വിവാഹസഹായം, ഡയാലിസിസ്, ഭക്ഷ്യ കിറ്റ്് വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് ഉദ്ഘാടനവും പാരിഷ് ഡയറക്ടറിയുടെ പ്രകാശനവും നടക്കും. കൂടാതെ മാർത്തോമ്മാ സഭയുടെ ചരിത്രം, നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700 വാർഷികത്തിലുള്ള പഠനം, സുവിശേഷവേലയ്ക്കായി ജനങ്ങളെ ഒരുക്കം, വിവിധ വിശ്വാസ സമൂഹത്തോടു ചേർന്നുള്ള അയൽക്കൂട്ടം, ബൈബിൾ വായന പഠനം, അനുസ്മരണ പ്രഭാഷണങ്ങൾ,വിവിധ സമ്മേളനങ്ങൾ, മെഡിക്കൽ ക്യാമ്പ്, ഗാനസന്ധ്യ തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി പരിപാടികൾക്കും തുടക്കം കുറിക്കും.
1966 ഒക്ടോബർ 22നാണ് ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചത്. അയിരൂർ സ്വദേശികളായ മാത്യൂസ് മാർ അത്താനാസിയോസ്, യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത എന്നിവരുടെ എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക രജത ജൂബിലി സ്മാരകമായി ദേവാലയത്തിന് എപ്പിസ്കോപ്പൽ ജൂബിലി മെമ്മോറിയൽ മാർത്തോമ്മാ ദേവാലയം എന്നു നാമകരണം ചെയ്യുകയായിരുന്നു. മാർത്തോമ്മാ സഭയിൽ ഇതേ പേരിൽ അറിയപ്പെടുന്ന ഏക ദേവാലയമാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. 70 കുടുംബങ്ങളാണ് നിലവിൽ ഇടവകയിലുള്ളത്.
വികാരി റവ. വർഗീസ് കെ തോമസ്, വൈസ് പ്രസിഡന്റ് ജോർജ് തോമസ്, സെക്രട്ടറി സുനു മേരി സാമുവേൽ, ട്രസ്റ്റി അലക്സി സഖറിയ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leader Page
ദുക്റാന തിരുനാളിനോടനുബന്ധിച്ച് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
ഉപരിപ്ലവങ്ങളായ അറിവുകളുടെയും അടിസ്ഥാനരഹിതമായ വാദഗതികളുടെയും ഈ കാലഘട്ടത്തിൽ നമ്മൾ പ്രഘോഷിക്കുന്ന സുവിശേഷം ഫലമണിയണമെങ്കിൽ അതു ഹൃദയത്തിൽ നിറയുന്ന ദൈവസ്നേഹത്തിൽനിന്ന് ഉയരുന്നതാകണം. സംശയത്തിന്റെ വഴിയിൽനിന്നു ദൈവാനുഭവത്തിന്റെ വ്യക്തിപരമായ സാക്ഷ്യം തോമാശ്ലീഹാ നല്കിയതു ഹൃദയത്തിൽനിന്നുള്ള സ്നേഹത്തിന്റെ പ്രകടനമായിട്ടായിരുന്നു.
“എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം ഈശോയുമായുള്ള ശ്ലീഹായുടെ സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു. വിശ്വാസ പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയുമിടയിൽ ഈശോയുടെ പുനരുത്ഥാനസത്യത്തെ ഹൃദയംനിറഞ്ഞ സ്നേഹത്തോടെ പ്രഘോഷിക്കാൻ ഓരോരുത്തർക്കും സാധിക്കുന്പോഴാണ് നമ്മുടെ പിതാവിന്റെ ദുക്റാന അർഥപൂർണമാകുന്നത്. കുരിശിന്റെ അപമാനവും വേദനയും സഹിച്ചെങ്കിൽ മാത്രമേ ഉത്ഥിതന്റെ മഹത്വാനുഭവം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ഉത്ഥാനം ചെയ്ത ഈശോയുടെ മഹത്വീകൃതമായ ശരീരത്തിൽ തോമാശ്ലീഹാ വിശ്വാസപൂർവം ദർശിച്ച തിരുമുറിവുകൾ നമ്മുടെ ജീവിതവഴികളിൽ വിശ്വാസപ്രഘോഷണത്തിനുള്ള പ്രചോദനവും ഊർജവും നല്കട്ടെ.
ത്യാഗപൂർണമായ ചരിത്രവഴികളിലൂടെ യാത്രചെയ്താണ് ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി സീറോമലബാർ സഭ വളർന്നിരിക്കുന്നത്. കേരളത്തിൽനിന്നു ഭാരതം മുഴുവനിലേക്കും ഭാരതത്തിന്റെ അതിർത്തികളിൽനിന്നു വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ് നമ്മുടെ അജപാലന മേഖലകൾ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സീറോമലബാർ സഭയിലെ വൈദികരും സിസ്റ്റേഴ്സും അല്മായ സഹോദരങ്ങളും തങ്ങളുടെ മാതൃസഭയിൽന്നു ലഭിച്ച വിശ്വാസവെളിച്ചം മറ്റുള്ളവർക്കു പകർന്നുകൊടുത്തുകൊണ്ടു ജീവിക്കുന്നു എന്നത് അഭിമാനകരമായ വസ്തുതയാണ്. ഈ യാഥാർഥ്യം അജപാലനപരമായ നമ്മുടെ ഉത്തരവാദിത്വത്തെയും അതിനുള്ള അനന്തമായ സാധ്യതകളെ കുറിച്ചും നമ്മെ ഓർമപ്പെടുത്തുന്നു.
“ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം” (1 കോറി 9:16) എന്ന പൗലോസ് ശ്ലീഹായുടെ ഏറ്റുപറച്ചിൽ സീറോമലബാർ സഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. നമ്മുടെ സഭയ്ക്കു ദൈവം നല്‍കിയിരിക്കുന്ന വൈദികരും സമർപ്പിതരും അല്മായപ്രേഷിതരും നമ്മുടെ മിഷൻ പ്രദേശങ്ങളിലേക്കും സുവിശേഷം പ്രഘോഷിക്കാനും കൂദാശകൾ പരികർമം ചെയ്യാനും സാധ്യതകളിലാത്ത ഇടങ്ങളിലേക്ക് ഇനിയും കടന്നുചെല്ലണം. അങ്ങനെ നമ്മുടെ സഭ ഒരു മിഷനറിസഭയായി എന്നും നിലനില്‍ക്കണം. രൂപതകളും സമർപ്പിത സഹോദരങ്ങളും അല്മായ മിഷൻ സംവിധാനങ്ങളും ഈ മേഖലയിൽ ഒരു പുനഃക്രമീകരണത്തിനു തയാറാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ജനുവരിയിലെ സിനഡ് സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കനുസരിച്ച് നമ്മുടെ സഭയിൽ കഴിഞ്ഞ വർഷം 283 വൈദികവിദ്യാർഥികൾ രൂപതകളിലും സമർപ്പിത സമൂഹങ്ങളിലുമായി തിരുപ്പട്ടം സ്വീകരിച്ചു. സീറോമലബാർ സഭയിലെ പുരുഷന്മാർക്കായുള്ള സമർപ്പിത സമൂഹങ്ങളിൽ 132 പേർ ആദ്യവ്രതവാഗ്ദാനം നടത്തിയപ്പോൾ 145 പേർ നിത്യവ്രതവാഗ്ദാനം നടത്തി.
സ്ത്രീകളുടെ സമർപ്പിത സമൂഹങ്ങളിൽ 272 പേർ സമർപ്പിതവസ്ത്രം സ്വീകരിച്ച് ആദ്യവ്രതവാഗ്ദാനം നടത്തുകയും 338 പേർ നിത്യവ്രതം ചെയ്യുകയും ചെയ്തു. മറ്റ് വ്യക്തിസഭകളിലും അവിടെയുള്ള സമർപ്പിത സമൂഹങ്ങളിലും ചേർന്ന് വൈദികപട്ടം സ്വീകരിക്കുകയും വ്രതവാഗ്ദാനംചെയ്യുകയും ചെയ്ത സീറോമലബാർ സഭാംഗങ്ങളുടെ എണ്ണം ഇതിനു പുറമേയാണ്. വൈദിക സമർപ്പിത ദൈവവിളികൾ സ്വീകരിക്കുന്നതിനു സന്നദ്ധതയും കഴിവുമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു വളർത്താൻ സഭാസമൂഹം ഒന്നായി ശ്രദ്ധിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
ആഗോളസഭയെയും സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2025 ഏപ്രിൽ 21നു കാലംചെയ്തത്. സീറോമലബാർ സഭയെ സ്നേഹിച്ച ഒരു മാർപാപ്പയാണ് കടന്നുപോയത്. ഭാരതം മുഴുവനിലും നമുക്ക് അജപാലനാധികാരം നല്കിയതും ഗൾഫ് രാജ്യങ്ങളിൽ നമ്മുടേതായ അജപാലന സംവിധാനം രൂപപ്പെടുത്താനുള്ള നടപടികൾ ദ്രുതഗതിലാക്കിയതും, നമ്മുടെ സഭാ മക്കളുടെ ആത്മീയ ആവശ്യത്തിനായി റോമിലെ സാന്താ അനസ്താസിയ മൈനർ ബസിലിക്ക നമുക്കു നല്കിയതും ഫ്രാൻസിസ് മാർപാപ്പയാണെന്നതു കൃതജ്ഞതയോടെ ഓർക്കാം. നമ്മുടെ സഭയുടെ ഐക്യവും കൂട്ടായ്മയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി പിതൃസഹജമായ ഇടപെടലുകൾ മാർപാപ്പ നടത്തിയതും നമ്മുടെ സഭയോടുള്ള കരുതലിന്റെ ഭാഗമായിരുന്നു.
ദൈവം സഭയ്ക്കു നല്‍കിയിരിക്കുന്ന സമ്മാനമാണ് പുതിയ മാർപാപ്പ ലെയോ പതിനാലാമൻ. പാപ്പാസ്ഥാനം എറ്റെടുത്ത ദിനങ്ങളിൽത്തന്നെ വിവിധ വിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകളും ലോകത്തോടും ആഗോളസഭയോടുമുള്ള സംവേദനങ്ങളും വഴി മാർപാപ്പ ലോകശ്രദ്ധ ആഘർഷിച്ചു കഴിഞ്ഞു. പൗരസ്ത്യ സഭകളെ സംബന്ധിച്ച് ഏറെ സുപ്രധാനമായ ഒരു ഇടപെടൽ മാർപാപ്പ നടത്തിയത് 2025 മേയ് 14നാണ്.
അന്ന് പൗരസ്ത്യ സഭകൾക്കായുള്ള റോമിലെ ജൂബിലിയാഘോഷങ്ങളിൽ പങ്കെടുത്ത പൗരസ്ത്യ സഭകളുടെ തലവന്മാരെയും മറ്റുള്ളവരെയും അഭിസംബോധന ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് നടത്തിയ പ്രസംഗം പൗരസ്ത്യ സഭകളോടുള്ള പരിശുദ്ധ പിതാവിന്റെ അജപാലന സമീപനം എന്താണെന്നുള്ള പ്രഖ്യാപനമായിരുന്നു. പൗരസ്ത്യ സഭകൾ കത്തോലിക്കാ സഭാ കൂട്ടായ്മയുടെ വിലപ്പെട്ട ഘടകങ്ങളാണെന്നും അവയുടെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ പ്രതിബദ്ധത കാണിക്കണമെന്നും ആരാധനക്രമ സഭാശാസ്ത്ര വൈവിധ്യങ്ങൾ എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണമെന്നുമുള്ള മാർപാപ്പയുടെ ആഹ്വാനം പൗരസ്ത്യസഭകളുടെ തനതായ്മയ്ക്കുള്ള പ്രോത്സാഹനവും അംഗീകാരവുമായിരുന്നു.
പൗരസ്ത്യ പാരന്പര്യങ്ങളോടു വിശ്വസ്തത പുലർത്തി ആഗോളസഭയിൽ സജീവസാന്നിധ്യമായി മുന്നോട്ടു പോകാനുള്ള അവസരമാണ് മാർത്തോമ്മാ ശ്ലീഹായുടെ മക്കളായ നമുക്കു ലഭിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവു പറഞ്ഞതുപോലെ ആധുനികലോകത്തിൽ പൗരാണിക വിശ്വാസത്തിന്റെ സാക്ഷ്യം നല്കുന്ന കിഴക്കുനിന്നുള്ള വെളിച്ചമാകാൻ ഒരു പൗരസ്ത്യ സഭയെന്ന നിലയിൽ നമുക്കു കൂട്ടായ്മയിൽ പരിശ്രമിക്കാം.
District News
നിരണം: വിശുദ്ധ തോമ്മാശ്ലീഹയുടെ പാദസ്പര്ശത്താല് അനുഗ്രഹീതമായ നിരണം മാർത്തോമ്മാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാളും 19-ാമത് നിരണം തീര്‍ഥാടനവും ജൂലൈ രണ്ടു മുതല്‍ ആറു വരെ നടത്തും. രണ്ടിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുര്‍ബാന: പ്രോട്ടോ സിഞ്ചള്ളൂസ് മോൺ. ആന്റണി എത്തയ്ക്കാട്ട്.
മൂന്നിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. 12.45ന് എടത്വാ ഫൊറോനയില്‍നിന്നുള്ള തീര്‍ഥാടനം എത്തിച്ചേരും. പ്രാർഥന: ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍. സന്ദേശം: റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി.
നാലിനു വൈകുന്നേരം അഞ്ചിനു വിശുദ്ധകുര്‍ബാന, സന്ദേശം: വികാരി ജനറാള്‍ മോൺ. മാത്യു ചങ്ങങ്കരി. അഞ്ചിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജയിംസ് മാളേയ്ക്കല്‍, രാത്രി ഏഴിനു കലാസന്ധ്യ.
ആറിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഉച്ചകഴിഞ്ഞു ഒന്നിന് ചങ്ങനാശേരി അതിരൂപത യുവദീപ്തി- എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലുള്ള തീര്‍ഥാടനം എത്തിച്ചേരും. പ്രാർഥന, സന്ദേശം: ഡയറക്ടര്‍ റവ.ഡോ. സാവിയോ മാനാട്ട്, തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി. വൈകുന്നേരം മൂന്നിന് കൊടിയിറക്ക്.
റെക്ടര്‍ ഫാ. ജോര്‍ജ് മൂലംകുന്നം, ഫാ. ജോര്‍ജ് വല്ലയില്‍, ജനറല്‍ കണ്‍വീനര്‍ കെ.പി. ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ ഷിജോ ജോസ് പയ്യപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.