തിരുവല്ല: 1818-ല്‍ സ്ഥാപിതമായ ദൈവശാസ്ത്ര സര്‍വകലാശാലയായ സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ ഡി.ഡി. (ഹൊണോറിസ് കോസ) ബിരുദത്തിന് മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അര്‍ഹനായി. അക്കാദമിക സാമൂഹ്യ എക്യുമെനിക്കല്‍ ആധ്യാത്മിക രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് സര്‍വകലാശാല ഡോക്ടറേറ്റ് സമ്മാനിക്കുന്നത്. ബിരുദദാനം 27ന് സെറാംപൂര്‍ കോളജില്‍ നടക്കുമെന്ന് കൗണ്‍സില്‍ സെക്രട്ടറി ഡോ. ശുബ്റോ ശേഖര്‍ സര്‍ക്കാര്‍ അറിയിച്ചു.
സഭാസംബന്ധമായ അതിര്‍വരമ്പുകള്‍ക്കപ്പുറം വിശാല എക്യുമെനിക്കല്‍ ദര്‍ശനത്തോടെ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സമഗ്രമായ സംഭാവന നല്കുന്ന ദീര്‍ഘവീക്ഷണമുള്ള സഭാപിതാവും ദൈവശാസ്ത്രജ്ഞനും പണ്ഡിതനും പരിഷ്കര്‍ത്താവുമാണ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. സഭയിലും സമൂഹത്തിലും ശാശ്വത സമാധാനം, സന്തോഷം, ഐക്യം, നീതി എന്നിവ സ്ഥാപിക്കുക എന്നതാണ് തിയഡോഷ്യസ് മെത്രാപ്പോലീത്തായുടെ ദര്‍ശനം.
കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ, ബംഗളൂരുവിലെ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍, നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ സെന്റര്‍, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി എന്നിവയുടെ പ്രസിഡന്റായും അഖില ലോക സഭാകൗണ്‍സില്‍,
ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ, കാസാ, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ, സിഐഎസ്ആര്‍ എസ്, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നിവയുടെ സുപ്രധാന സമ്മേളനങ്ങളിലെ നേതൃത്വം എന്നിവ ഉള്‍പ്പെടെ പ്രാദേശിക, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സജീവ സാന്നിധ്യമാണ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത.