Kerala
തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ വി.വി. രാജേഷ് എത്തില്ല. സുരക്ഷാ കാരണങ്ങളാല്‍ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു മേയര്‍ അറിയിച്ചു. അതേസമയം, പുത്തരിക്കണ്ടത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികള്‍ എത്തുമ്പോള്‍ മേയര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുന്നതു പതിവാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളിലും വേദിയിലുള്ളതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങ് ഒഴിവാക്കിയതെന്നും മേയറുടെ ഓഫീസ് വിശദീകരിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, സൈനിക, പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 22 പേര് ചേര്‍ന്നാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുക. എന്‍ഡിഎ ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയിലുണ്ട്.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ അറിയിച്ചു. സംസ്ഥാന സർക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും പ്രഖ്യാപനമെന്നും വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
മുംബൈ: ബൃഹൻ മുംബൈ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ഭരണത്തിനായി ബിജെപിയും ശിവസേനയും (ഉദ്ധവ് താക്കറെ) അരയുംതലയും മുറുക്കിയിറങ്ങിയതോടെ വിലപേശലുമായി ചെറുകക്ഷികള്‍. മേയർ പദവി ഉറപ്പായാൽ പിന്തുണയെന്നതാണു മുഖ്യവാഗ്ദാനം.
ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 29 സീറ്റുണ്ട്. ഇരുഭാഗത്തുന്നും സമ്മര്‍ദം ഉയർന്നതോടെ മേയര്സ്ഥാനത്തിനു വിലപേശുകയാണ് ഷിന്‍ഡെ ക്യാമ്പ്. കൗണ്‍സിലര്‍മാരെ ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റുകയും ചെയ്തു. രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശസ്ഥാപനങ്ങളിലെ ഭരണം അഭിമാനപ്രശ്നമായാണു ബിജെപിയും എതിര്‍പക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗവും കാണുന്നത്.
227 അംഗ കൗൺസിലില്‍ കേവല ഭൂരിപക്ഷത്തിന് 114 അംഗങ്ങളുടെ പിന്തുണവേണം. 89 സീറ്റുകളില്‍ വിജയിച്ച ബിജെപിയെ ഷിന്‍ഡെ വിഭാഗം പിന്തുണച്ചാല്‍ അംഗസഖ്യ 118 ലെത്തും. മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസിനും മൂന്നു സീറ്റുകളുണ്ട്.
പ്രതിപക്ഷത്താകട്ടെ ശിവസേനയ്ക്കുള്ളത് (യുബിറ്റി) 65 സീറ്റുകൾ. എംഎന്‍എസിയുടെ ആറ് സീറ്റുകളും എന്‍സിപിയുടെ (എസ്പി) ഒരുസീറ്റും ചേരുന്നതോടെ മൊത്തം അംഗബലം 72 ആകും. ഇതിനു പുറമേയാണ് കോണ്‍ഗ്രസിന്റെ 24 സീറ്റുകള്‍. എഐഎംഐഎം (8)എസ്പി (2) എന്നിങ്ങനെ മറ്റു രണ്ടുകക്ഷികളും അവശേഷിക്കുന്നുണ്ട്.
മുംബൈയുടെ മേയര്‍ ശിവസേനയില്‍ (ഷിൻഡേ) നിന്നുള്ള ഒരാളായിരിക്കണമെന്നുമെന്നു ഷിൻഡേ ക്യാന്പ് പ്രതിരിച്ചു. കാരണം, ഇതു ബാലസാഹെബിന്റെ (ബാല്‍ താക്കറെ) പാരമ്പര്യമാണ്. കൗൺസിലർമാർ മൂന്ന് ദിവസം ബാന്ദ്രയിലെ ഹോട്ടലിൽ കഴിയും. പാര്‍ട്ടിയിലെ ഐക്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഒരുതരത്തിലുള്ള വിലപേശലിനും തയാറില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു.
അതേസമയം, തങ്ങള്‍ അഭിമാനമായി കാണുന്ന മുംബൈ കോര്‍പറേഷനില്‍ ഏതുവിധേനയും ഭരണം നിലനിര്‍ത്താന്‍ ഉദ്ധവ് താക്കറെ വിഭാഗവും നീക്കങ്ങള്‍ തുടരുകയാണ്.
മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലെ 2,869 സീറ്റുകളിൽ 1,425 ഉം സ്വന്തമാക്കിയതു ബിജെപി. മൂന്നുദശകങ്ങളായി താക്കറെ കുടുംബം കൈയടക്കിവച്ചിരിക്കുന്ന ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ഭരണംകൂടി സ്വന്തമാക്കിയാൽ മഹാരാഷ്ട്ര തദ്ദേശപ്പോരിൽ ബിജെപിക്കു സന്പൂർണ ആധിപത്യമാകും.
227 അംഗ ബിഎംസി കൗൺസിലിൽ ബിജെപിക്ക് 89 പ്രതിനിധികളുണ്ട്. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 29 സീറ്റും. എതിർപക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗം 65 സീറ്റുകൾ നേടിയപ്പോൾ എംഎൻഎസ് ആറിടത്ത് ജയിച്ചു.
വിബിഎയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് 24 സീറ്റുകളിൽ വിജയിച്ചു. എഐഎംഐഎം (8), എൻസിപി (3), എസ്പി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില. എൻസിപി-എസ്പിക്ക് ഒരു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 151 അംഗ നാഗ്പുർ മുനിനിപ്പാലിറ്റിയിൽ ബിജെപി നേടിയത് 102 സീറ്റുകൾ. കോൺഗ്രസിനാകട്ടെ വിജയിക്കാനായത് വെറും 34 സീറ്റുകളിൽ മാത്രം. നാസിക്കിൽ ബിജെപി 72 സീറ്റുകൾ നേടി. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 26 സീറ്റും.
ശിവസേന (യുബിറ്റി) 15 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിനു മൂന്നു സീറ്റുകളും എൻസിപിക്കു നാലു സീറ്റുകളുമാണ് നാസിക്കിൽ.
ഛത്രപതി സംഭാജിനഗറിൽ ബിജെപി 57 സീറ്റുകൾ നേടി. ശിവസേനയ്ക്കു 13 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. എഐഎംഐഎം ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർചെയ്ത മറ്റുകക്ഷികൾ 33 സീറ്റുകൾ നേടി.
മൊത്തം കണക്കെടുത്താൽ 2,869 സീറ്റുകളിൽ 1,424 എണ്ണം ബിജെപി സ്വന്തമാക്കി. ശിവസേന (399) കോൺഗ്രസ് (324) എൻസിപി (167) ശിവസേന -യുബിറ്റി (155) എൻസിപി -എസ്പി (36) എംഎൻഎസ് (13), ബിഎസ്പി (6), മറ്റ് കക്ഷികൾ 196 എന്നിവർക്കു പുറമേ 19 സ്വതന്ത്രരും ഇത്തവണ വിജയിച്ചു.
Kerala
കൊച്ചി: തന്നെ കൊച്ചി മേയറാക്കാൻ ലത്തീന്‍ സഭ ഇടപെട്ടുവെന്ന വി.കെ. മിനിമോളുടെ പ്രസ്താവനയോട് പ്രതികരിച്ച് കൗൺസിലറും കോൺഗ്രസ് നേതാവുമായ ദീപ്തി മേരി വര്‍ഗീസ്. ഇത്തരത്തിൽ സ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറഞ്ഞതെന്ന് മിനിമോൾ തന്നെ പറയട്ടെ എന്നാണ് ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇപ്പോൾ ഇത്തരം പ്രസ്താവനകൾ എന്തിന് പറഞ്ഞുവെന്ന് തനിക്ക് അറിയില്ല. അവരുമായി ബന്ധപ്പെട്ടവര്‍ അതിനെ കുറിച്ച് പറയട്ടെ. കെപിസിസി നേതൃത്വം പല കാര്യങ്ങളും ആലോചിക്കുന്നുണ്ടാവും. അത് അതിന്റെ വഴിക്ക് നടക്കട്ടയെന്നു ദീപ്തി പറഞ്ഞു.
അതേസമയം, കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച പേരുകളിലൊന്നാണ് ദീപ്തി മേരി വര്‍ഗീസിന്റേത്. ദീപ്തിയെ വെട്ടിയതോടെ ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ദീപ്തിയും പ്രതികരിച്ചിരുന്നു. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സുൽത്താൻ ബത്തേരിയിൽ നടന്ന ലക്ഷ്യ 2026 നേതൃക്യാമ്പിലും ദീപ്തി മേയർ സ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി പങ്കുവച്ചിരുന്നു.
Kerala
കൊച്ചി:തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സമുദായം ഇടപെട്ടുവെന്ന് വെളിപ്പെടുത്തി കൊച്ചി മേയർ വി.കെ. മിനിമോള്‍. തനിക്ക് വേണ്ടി പിതാക്കന്മാര് സംസാരിച്ചു. പദവികള്‍ തീരുമാനിച്ചപ്പോള്‍ സംഘടനയുടെ ശക്തി കാണിക്കാന്‍ കഴിഞ്ഞു. സഭയില്‍ നിന്നും ശബ്ദം ഉയര്‍ത്തിയതിന് ഉത്തരം ലഭിച്ചുവെന്നും മിനിമോള്‍ വ്യക്തമാക്കി.
കേരള റീജിയന് ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് മിനിമോള്‍ പ്രതികരിച്ചത്. ഞാന്‍ ഇന്നിവിടെ നില്ക്കുന്നുണ്ടെങ്കില് അത് ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം ഉയര്‍ന്നതിന്റെ തെളിവാണ് എനിക്ക് ലഭിച്ച കൊച്ചി മേയര്‍ എന്ന പദവി.-മിനിമോൾ പറഞ്ഞു.
മേയറെ കോണ്‍ഗ്രസ് തീരുമാനിച്ചത് സഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകളെ തള്ളുന്നതാണ് മിനിമോളുടെ പ്രസ്താവന.
Kerala
തിരുവനന്തപുരം: മേയർ സ്ഥാനം വാഗ്ദാനം ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് തന്നെ ഒഴിവാക്കിയെന്ന ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുടെ വിമർശനത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആർ. ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് ഓൺലൈൻ വാർത്തകൾക്ക് അപ്പുറം കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാജേഷ് പറഞ്ഞു.
"കോർപറേഷൻ ഭരണത്തിനായി ശ്രീലേഖ ഉൾപ്പെടെ നന്നായി ഇടപെടുന്നുണ്ട്. തങ്ങൾ തമ്മിൽ ഇനിയും കാണുമല്ലോ, എന്താണെന്ന് അന്വേഷിക്കട്ടെ.'-രാജേഷ് പറഞ്ഞു.
തിരുവനന്തപുരം മേയർ സ്ഥാനത്ത് തന്നെ പരിഗണിക്കാത്തിലുള്ള അതൃപ്തി പരസ്യമാക്കി ബിജെപി നേതൃത്വത്തിനെതിരെ ശ്രീലേഖ കടുത്ത വിമർശനം നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു.
പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിർക്കാത്തത് ജയിപ്പിച്ച വോട്ടർമാരെ ഓർത്താണെന്നും ശ്രീലേഖ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. താനായിരിക്കും കോര്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്നും ശ്രീലേഖ പ്രതികരിച്ചിരുന്നു.
Kerala
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് രാജേഷ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ കണ്ടത്.
കാലിന് പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിൽ കഴിയുകയാണ് സുധാകരൻ. വീട്ടിലെത്തിയ രാജേഷ് സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ചു. സുധാകരന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് തിരുവനന്തപുരം മേയർ മടങ്ങിയത്.
ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവർത്തകരും രാജേഷിനൊപ്പം ഉണ്ടായിരുന്നു.
Kerala
കൊച്ചി: കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ധിക്കുന്നുവെന്ന് കൊച്ചി മേയര്‍ വി.കെ. മിനിമോള്‍. അഞ്ചാറു വര്‍ഷമായിട്ട് കേരളത്തില്‍ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയിലാണ് രോഗം വര്‍ധിക്കുന്നത് എന്ന് മേയര്‍ ദീപികയുടെ കൊച്ചി ഓഫീസില്‍ ലേഖകരുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.
അതിഭീകരമായൊരു കണക്ക് കൈയ്യില്‍ കിട്ടിയിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ദ്ധിച്ചിരിക്കുകയാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. അത്തരം കാര്യങ്ങളില്‍ നമ്മള് മാറി ചിന്തിക്കേണ്ട സമയമാണ്. ആണും പെണ്ണും ഒന്നിച്ച് ഇരിക്കുന്നതിലോ ഒന്നിലും നമ്മള് ആരും ഇടപെടുന്നില്ല.
പക്ഷെ അതില്‍ ഇപ്പുറത്ത് വേറെ ഒരു സൈഡ് കൂടിയുണ്ട് എന്നത് നമ്മള് അവരെ ബോധ്യപ്പെടുത്തണം. സംഭവിച്ചിട്ട് പോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ അഞ്ചാറു വര്‍ഷമായിട്ട് കേരളത്തില്‍ എയ്ഡ്സ് കൂടിയവരുടെ എണ്ണം കൂടുതലാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയില്‍ ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ വര്‍ധിച്ചു വരുന്ന സ്പാ സെന്ററുകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മേയര്‍.
കൊച്ചിയിലെ മസാജ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങളൊക്കെ നമുക്ക് ഒരു ദിവസം കൊണ്ട് തന്നെ അടച്ചു പൂട്ടാന്‍ പറ്റുന്ന കാര്യങ്ങളല്ല. ഇനി മസാജ് സെന്ററുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കാര്യത്തില്‍ കൃത്യമായ നിയന്ത്രണം ഉണ്ടാകും - എന്ന് മേയര്‍ പറഞ്ഞു.
Kerala
കൊച്ചി: ബ്രോഡ്വേയില് നടന്ന തീപിടിത്തത്തില്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മേയര്‍ വി.കെ മിനിമോള്‍. തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടെത്തണം. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിച്ചു ചെയ്യണം എന്നാണ് മേയര്‍ ബ്രോഡ്വേ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തെക്കുറിച്ച് ആക്ഷേപമുള്ളത് അറിഞ്ഞു. പക്ഷേ, തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടുപിടിക്കേണ്ടതാണ്. ഒരുപാട് ആളുകള്‍ വന്നുപോകുന്ന സ്ഥലമാണിത്. ആളപായമില്ലാതെ നിയന്ത്രിക്കാന്‍ സാധിച്ചു. ഇതു നമ്മള്‍ക്കു കിട്ടുന്ന മുന്നറിയിപ്പാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ട്. - മേയര്‍ പറഞ്ഞു.
അതേസമയം, തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് കെഎസ്ഇബിയുടെ നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീ പടര്‍ന്നത് എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍, കെഎസ്ഇബി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ലക്ഷണങ്ങൾ കണ്ടെത്താനായില്ല.
കടകളുടെ സമീപത്തു മാലിന്യം കൂട്ടിയിട്ടിരുന്നു. ഈ മാലിന്യ കൂമ്പാരത്തില്‍നിന്നു തീപിടിച്ചു കടകളിലേക്കു പകര്‍ന്നതാവാം എന്നൊരു അനുമാനമാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം ചേരും. വ്യാപാരികളുമായി സംസാരിച്ച് ബ്രോഡ്വേയില് കര്‍ശന സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ നടപടികളുണ്ടാകുമെന്നാണ് അറിയുന്നത്.
District News
തിരുവനന്തപുരം: വി.കെ. പ്രശാന്തിന്റെ വാടക കരാര്‍ പരിശോധിക്കുമെന്നു തിരുവനന്തപുരം കോര്പറേഷന് മേയര്‍ വി.വി. രാജേഷ്. വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയണോ എന്നുള്ള കാര്യം രേഖകള്‍ പരിശോധിച്ചതിനുശേഷം മാത്രമേ പറയാനാകൂ. കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്നുള്ള കാര്യവും അതിനുശേഷം തീരുമാനിക്കും.
കാലഹരണപ്പെട്ട കരാറുകള്‍ പരിശോധിക്കും. കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഓഫീസ് വേണം. വാണിജ്യ കോംപ്ലക്സുകള്‍ക്ക് കൃത്യമായ വാടക ലഭിക്കണമെന്നും മേയര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിയമപരമായ എന്തൊക്കെ ഇളവുകള്‍ ചെയ്യാനാകും എന്നുള്ളത് പരിഗണിക്കുമെന്നും മേയര്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ രേഖകളും പരിശോധിക്കും. വാടകയ്ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെങ്കില്‍ നോട്ടീസ് അയക്കും. വാടകയ്ക്ക് നല്കിയ തീരുമാനം റദ്ദാക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ട്. വാടകയ്ക്ക് എടുത്തവര്‍ അത് സബ് ലീസിനു കൊടുത്ത കേസുകളുണ്ട്. ഇത്തരം കേസുകള്‍ പരിശോധിച്ചു കരാര്‍ റദ്ദാക്കുമെന്നും വി.വി. രാജേഷ് പറഞ്ഞു.
വി.കെ. പ്രശാന്തിനെ പിന്തുണച്ച് സ്പീക്കർ
തിരുവനന്തപുരം: ഓഫീസ് വിവാദത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ പിന്തുണച്ച് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. ഓഫീസ് കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ട കൗണ്‍സിലറുടെ നടപടി അപക്വമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു സ്പീക്കർ നൽകിയ മറുപടി.
വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഒരു ഓഫീസ് നൽകിയത് വലിയ സംഭവമൊന്നുമല്ല. എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട രീതി ശരിയായില്ല. കൗണ്‍സിലർ എങ്ങനെയാണ് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുന്നത്. പ്രോട്ടോകോൾ പ്രകാരം കൗണ്‍സിലർക്ക് മുകളിലാണ് എംഎൽഎ. വളരെയധികം പരിചയ സന്പന്നതയുള്ള ആളുടെ ഭാഗത്തു നിന്നുണ്ടായ അപക്വമായ നടപടിയായാണ് ഇതിനെ കാണുന്നത്. തങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ് ആർ. ശ്രീലേഖയെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
ജനസേവനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് അനായാസം എത്തിച്ചേരാനും എംഎൽഎയെ സന്ദർശിക്കാനും കാര്യങ്ങൾ പറയാനുമാണ് ആ ഓഫീസ് ആരംഭിച്ചത്. അത് ഇങ്ങനെ വലിയ വിവാദമാക്കേണ്ട കാര്യമില്ല. ഈ ഓഫീസ് എംഎൽഎയുമായി ബന്ധപ്പെട്ട ആരെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാൻ പോകുന്നില്ല.
എംഎൽഎ മറ്റൊരു ഓഫീസ് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും ഇതു വിവാദമാക്കേണ്ട കാര്യമില്ലാത്ത ചെറിയൊരു സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഈ വിഷയത്തെ അനാവശ്യമായി ലൈവ് ആക്കി നിർത്തി വിവാദം കൊഴുപ്പിക്കുകയാണെന്നും സ്പീക്കർ എ. എൻ. ഷംസീർ വ്യക്തമാക്കി.
വി.കെ. പ്രശാന്തിന് എതിരേ കെ. മുരളീധരൻ
തിരുവനന്തപുരം: ഓഫീസ് കെട്ടിടവിവാദത്തിൽ വി.കെ. പ്രശാന്ത് എംഎൽഎക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. വി.കെ. പ്രശാന്ത് എംഎൽഎ ഹോസ്റ്റലിലെ മുറി എന്തു ചെയ്യുന്നുവെന്നു പരിശോധിക്കണമെന്നും താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന എട്ടുവർഷവും എംഎൽഎ ഹോസ്റ്റലിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നതെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം നിലവിലുണ്ട്. മുറി മറ്റാവശ്യത്തിനായി ഉപയോഗിച്ചാൽ സ്പീക്കറാണ് അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. കാർത്തികേയനും എൻ. ശക്തനും സ്പീക്കറായിരുന്ന കാലത്തു മുറികളുടെ ഉപയോഗം അവർ കർശനമായി നിരീക്ഷിച്ചിരുന്നു.
എംഎൽഎ ഹോസ്റ്റലിലേക്കു വരാൻ ആളുകൾക്ക് പ്രയാസമാണെന്ന വാദവും അദ്ദേഹം തള്ളി. താൻ എംഎൽഎ ആയിരുന്നപ്പോൾ എട്ടു വർഷവും എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നത്. നഗരത്തിന്റെ കേന്ദ്രഭാഗമായതിനാൽ ജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ താൻ രണ്ടാമത് തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു. നമ്മുടെ ഓഫീസ് നമ്മൾ തന്നെ ഉപയോഗിച്ചാൽ വിവാദം ഉണ്ടാകില്ല. കൗണ്‍സിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിനാഥന്റെ പ്രസ്താവന വസ്തുതാവിരുദ്ധം: വി.കെ. പ്രശാന്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശബരിനാഥന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് വി.കെ. പ്രശാന്ത് എംഎൽഎ വ്യക്തമാക്കി.
കേരളത്തിലെ 140 മണ്ഡലത്തിലെ എംഎൽഎമാർക്കും എംഎൽഎ ഹോസ്റ്റലിൽ മുറി അനുവദിച്ചിരിക്കുന്നതു നിയമസഭ സമ്മേളനം നടക്കുന്പോൾ വിശ്രമിക്കാനാണ്.
കഴിഞ്ഞ ഏഴു വർഷമായി തന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ്. ഇത്രയും വർഷക്കാലമായിട്ടും താൻ ഓഫീസ് മാറണമെന്നു ശബരിനാഥോ പ്രതിപക്ഷ പാർട്ടി നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ല.
ബിജെപിയെക്കാളും വലിയ ആവേശമാണ് തന്റെ ഓഫീസ് മാറ്റുന്ന കാര്യത്തിൽ ശബരിനാഥനുള്ളതെന്നു പ്രശാന്ത് പറഞ്ഞു. കോർപറേഷൻ കൗണ്‍സിലിന്റെ അനുമതിയോടെ വാടക നൽകിയാണു തന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ ബുൾഡോസർ രാജിനു കോണ്‍ഗ്രസ് ഒത്താശ ചെയ്യുന്നതിനു തുല്യമാണ് ശബരിനാഥന്റെ പ്രസ്താവനയിലൂടെ പുറത്തു വരുന്നത്.
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ 26 വാർഡുകളുടെ ഹൃദയഭാഗത്താണ് തന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ജനങ്ങൾക്കു വിവിധ ആവശ്യങ്ങൾക്കു തന്നെ കാണാനും സംസാരിക്കാനുമാണു ഓഫീസ് അവിടെ പ്രവർത്തിപ്പിക്കാൻ കാരണം. നിയമാനുസൃതമായാണു തന്റെ ഓഫീസിന്റെ പ്രവർത്തനമെന്നും വി.കെ. പ്രശാന്ത് ദീപികയോടു പറഞ്ഞു.
വി.കെ. പ്രശാന്ത് ശാസ്തമംഗലത്ത ഓഫീസ് ഒഴിയണമെന്നു
കൗൺസിലർ കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം: വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നു കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ കെ.എസ്. ശബരിനാഥൻ. എംഎൽഎ ഹോസ്റ്റലിൽ സൗജന്യമായുള്ള രണ്ട് ഓഫീസ് മുറി പ്രശാന്ത് എന്തിന് ഒഴിഞ്ഞു. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് ഇരിക്കുന്നതെന്തിനെന്നും ശബരിനാഥൻ ചോദിച്ചു.
എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നന്പരിലായി രണ്ടു മുറികൾ പ്രശാന്തിന് ഓഫീസായി ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് മുൻ എംഎൽഎ കെ. മുരളീധരൻ, ആന്റണി രാജു എംഎൽഎ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത് എംഎൽഎ ഹോസ്റ്റലിലാണ്. വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം.
കോർപ്പറേഷനിലെ മുഴുവൻ കൗണ്‍സിലർമാർക്കും കക്ഷിരാഷ്ട്രീയ ഭേദമെന്യേ വാർഡുകളിൽ ഓഫീസ് പ്രവർത്തിപ്പിക്കാൻ വേണ്ട സൗകര്യം ചെയ്യണമെന്നും ശബരിനാഥൻ ആവശ്യപ്പെട്ടു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണു ശബരിനാഥൻ ഈ ആവശ്യം മുന്നോട്ട് വച്ചത്. ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്നും കൗണ്‍സിലർ ആർ. ശ്രീലേഖ വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പ്രശാന്ത് തള്ളുകയും വിവാദമാക്കു കയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടഞ്ഞ ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി. പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരം മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും ശ്രീലേഖയുടെ വീട്ടിലെത്തി ചർച്ച നടത്തി
മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയത് വിവാദമായിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നും മേയർ പറഞ്ഞു. എന്നാല്‍ മേയർ പദവി കിട്ടാത്തതിൽ ശ്രീലേഖക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ശാസ്തമംഗലത്ത് മത്സരത്തിന് ഇറങ്ങുമ്പോൾ തന്നെ സംസ്ഥാന ഭാരവാഹികളിൽ ചിലർ മേയർ പദവി ശ്രീലേഖക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മേയർ സ്ഥാനം വി.വി.രാജേഷിന് നൽകാൻ തീരുമാനിച്ചതോടെ ശ്രീലേഖ ഇടയുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് രാജേഷിനു ലഭിച്ചത്.
എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി ആർ.പി. ശിവജിക്ക് 29 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന്റെ കെ.എസ്. ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്.
എം.ആർ. ഗോപനാണ് വി.വി. രാജേഷിന്റെ പേര് നിർദേശിച്ചത്. വി.ജി. ഗിരികുമാർ പിന്താങ്ങി. കോൺഗ്രസിന്റെ രണ്ട് വോട്ട് അസാധുവായി.
Kerala
തൃശൂർ: കോർപറേഷന്റെ ഒമ്പതാമത്തെ മേയറായി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തു. 35 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥിയായ ഡോ. നിജി നേടിയത്. എൽഡിഎഫ് സ്ഥാനാർഥി കാളത്തോടുനിന്നു ജയിച്ച എം.എൽ. റോസി 13 വോട്ടുകളും തേക്കിൻകാട് ഡിവിഷനിൽനിന്നു വിജയിച്ച എൻഡിഎ സ്ഥാനാർഥി പൂർണിമ സുരേഷ് എട്ടും വോട്ടുകൾ നേടി.
ചിയ്യാരത്തുനിന്നും കുരിയച്ചിറയിൽനിന്നും സ്വതന്ത്രസ്ഥാനാർഥികളായി മത്സരിച്ചുജയിച്ച റാഫി ജോസും ഷോമി ഫ്രാൻസിസും യുഡിഎഫിനു വോട്ടുചെയ്തു. കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വരണാധികാരിയായിരുന്നു.
തുടർന്ന് ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കും. അയ്യന്തോൾ ഡിവിഷനിൽനിന്നു വിജയിച്ച കോൺഗ്രസിലെ എ. പ്രസാദാണ് യുഡിഎഫ് സ്ഥാനാർഥി.
ഇതോടെ പത്തുവർഷം നീണ്ട എൽഡിഎഫ് ഭരണത്തിന് അറുതിവരുത്തി തൃശൂർ കോർപറേഷനിൽ യുഡിഎഫ് ഭരണസമിതി നിലവിൽവന്നു.
കിഴക്കുംപാട്ടുകരയിൽനിന്ന് 614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ഡോ. നിജി ജസ്റ്റിൻ കോർപറേഷനിലേക്കു വിജയിച്ചത്. ആദ്യമായാണു തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും സംഘടനാരംഗത്തും ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും നിജി ജസ്റ്റിൻ സജീവമാണ്. നിലവിൽ ഡിസിസി വൈസ് പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആകെയുള്ള 56ൽ 33 ഡിവിഷനുകളിൽ വിജയിച്ചാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിലേക്കു ഭൂരിപക്ഷം നേടിയത്. എൽഡിഎഫ് 13 സീറ്റുകളും ബിജെപി എട്ടു സീറ്റുകളുമാണ് നേടിയത്.
Kerala
തൃശൂർ: ലാലി ജെയിംസിനെതിരേ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
മേയർ സ്ഥാനാർഥിക്കു പെട്ടി കൊടുക്കണമെങ്കിൽ കൗൺസിലർ സ്ഥാനാർഥിയാകാനും പെട്ടി കൊടുക്കണ്ടേയെന്നും നാലുതവണ മത്സരിച്ച ലാലി ആർക്കാണു പെട്ടി കൊടുത്തതെന്നും ജോസഫ് ടാജറ്റ് ചോദിച്ചു.
കോർപറേഷനിലെ പാർലമെന്ററി പാർട്ടി തീരുമാനം, കൗൺസിൽ അഭിപ്രായം എല്ലാം മാനിച്ചാണു നിജി ജസ്റ്റിനെ മേയർ സ്ഥാനത്തേക്കു പരിഗണിച്ചത്. നിജിയെ മേയർ സ്ഥാനാർഥിയാക്കിയത് എല്ലാ മാനദണ്ഡവും പാലിച്ചാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
മേയർ തെരഞ്ഞെടുപ്പിനുശേഷം ലാലി ജെയിംസിനെതിരേ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണു സ്ഥിരീകരിക്കാത്ത വിവരം.
Kerala
തൃശൂര്‍: മേയര്‍ പദവി പണം നല്കി സ്വന്തമാക്കിയതാണെന്ന കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസിന്റെ ആരോപണം തള്ളി മേയര്‍ സ്ഥാനാര്‍ഥി ഡോ. നിജി ജസ്റ്റിന്. ലാലിയോട് ഒന്നും പറയാന്‍ ഇല്ല. പറയേണ്ടത് പാര്‍ട്ടി പറയും.
താന്‍ 28 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന ജില്ലാ തലങ്ങളില്‍ ചുമതലകള്‍ വഹിച്ചുവരുന്നയാളാണ്. വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ലെന്നും 1999 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും അവർ പറഞ്ഞു.
നിജി ജസ്റ്റിന് മേയര്‍ ആയത് പണം നല്‍കിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ലാലിയുടെ വെളിപ്പെടുത്തലിനെതിരെ തന്റെ യാത്ര വിവരങ്ങൾ അന്വേഷിക്കാമെന്നും വിവാദങ്ങളില്‍ ഇന്ന് പ്രതികരിക്കാനില്ലെന്നും മേയര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടുമെന്നും അതില്‍ കൂടുതലും കിട്ടാന്‍ സാധ്യതയുള്ളതായും നിജി കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന് ലാലി പറഞ്ഞു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും അവർ പറഞ്ഞു.
താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു.
ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷൻ മേയർ സ്ഥാനാർഥിത്വം സംബന്ധിച്ച് അവസാന നിമിഷവും ഭിന്നത. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകുമെന്നായിരുന്നു ഇന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്.
വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. ഇതോടെ, വി.വി. രാജേഷിനാണ് മുൻതൂക്കം.
പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി അടിയന്തര ചർച്ച നടത്തി.
Kerala
തൃശൂര്‍: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കുംപാട്ടുകരയിൽ നിന്നുള്ള കൗൺസിലറായ നിജി തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. അതേസമയം, എ. പ്രസാദ് ഡെപ്യൂട്ടി മേയറാകും.
പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചാണ് തീരുമാനം. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കൂട്ടായി ഒരു പേരിലേക്ക് എത്തിയതെന്നും പാർലമെന്ററി പാർട്ടിയുടേതാണ് തീരുമാനമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.
Kerala
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. ദീപ്തി മേരി വര്‍ഗീസിനെ വെട്ടിയതോടെ കോണ്‍ഗ്രസില്‍ പോര് പുറത്തേക്ക് പുകഞ്ഞു തുടങ്ങിയിരിക്കുകയാണ്. വി.കെ. മിനിമോളെയും രണ്ടാം ടേമില്‍ ഷൈനി മാത്യുവിനെയും മേയറായി തീരുമാനിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വി.കെ. മിനിമോളെയോ ഷൈനി മാത്യുവിനെയോ മേയര്‍ ആക്കണമെന്ന ആവശ്യം ലത്തീന്‍ സഭ നേരത്തെ ഉന്നയിച്ചിരുന്നു. ഇരുവരും ലത്തീന്‍ സഭാംഗങ്ങളാണ്. 2015ല്‍ യുഡിഎഫ് അധികാരം നേടിയപ്പോഴും ലത്തീന്‍ സഭ ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നുവെങ്കിലും അന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനമാണ് നല്‍കിയത്.
അതേസമയം, മേയര്‍ സ്ഥാനം കൈവിട്ടു പോയതോടെ കടുത്ത അതൃപ്തിയാണ് ദീപ്തി അറിയിക്കുന്നത്. ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിച്ചു. കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു എന്നും ദീപ്തി വ്യക്തമാക്കി.
ദീപ്തിക്ക് മേയര്‍ സ്ഥാനം നിഷേധിച്ചതില്‍ എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി എം.ആര് അഭിലാഷ്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ എന്നിവര്‍ ദീപ്തിയെ വെട്ടിയതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, തൊടുപുഴ നഗരസഭയിലും ഈരാറ്റുപേട്ട നഗരസഭയിലും കോണ്‍ഗ്രസിനുള്ളില്‍ കലാപം നടക്കുന്നുണ്ട്. തൊടുപുഴയില്‍ റബര്‍ സ്റ്റാമ്പ് ചെയര്‍പേഴ്സണെ തൊടുപുഴയ്ക്ക് വേണ്ടെന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിഷ സോമന് അധ്യക്ഷയാകേണ്ട എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അധ്യക്ഷ സ്ഥാനം ലിറ്റി ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് കൗണ്‍സിലര്‍മാര്‍ ഡിസിസിക്കും കെപിസിസിക്കും കത്ത് നല്കി.
ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് തര്‍ക്കവും രൂക്ഷമാകുന്നുണ്ട്. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ വൈസ് ചെയര്മാന് സ്ഥാനം മാത്രമേ നല്‍കുകയുള്ളു എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
District News
യൂത്ത് കോണ്‍ഗ്രസിലൂടെ തുടക്കം
കൊച്ചി: യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു വി.കെ. മിനിമോളുടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി. പിന്നീട് മഹിളാ കോണ്‍ഗ്രസിലേക്ക് തട്ടകം മാറ്റി. മഹിളാ കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റ്. കുറച്ചുകാലം കോണ്‍ഗ്രസ് വൈറ്റില ബ്ലോക്ക് സെക്രട്ടറിയായിരുന്നു.
2010ല്‍ സിപിഎം കുത്തക സീറ്റായി മാമംഗലം ഡിവിഷനില്‍ അട്ടിമറി ജയത്തോടെയാണ് മിനിമോള്‍ കൗണ്‍സിലില്‍ എത്തുന്നത്. തൊട്ടടുത്ത തവണ ഡിവിഷന് ജനറല്‍ ആയതോടെ പാലാരിവട്ടത്തേക്ക് മാറി. അവിടെയും ജയം. 2020ല്‍ തിരികെ മാമംഗലത്ത് നിന്ന് വീണ്ടും കൗണ്‍സിലര്‍. ഇത്തവണ ജനറല്‍ സീറ്റായിട്ടുപോലും ശക്തമായ റിബല്‍ ഭീഷണിയെയും കരുത്തനായ സിപിഎം സ്ഥാനാര്‍ഥിയെയും മറികടന്ന് വിജയിച്ചു.
തുടര്‍ച്ചയായി നാലാം തവണയാണ് കൗണ്‍സിലറാകുന്നത്. മൂന്നു സമിതികളില്‍ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. രേഖാമുലം അല്ലായിരുന്നെങ്കില്‍ പോലും ടേം വ്യവസ്ഥ മാനിച്ച് മുന്‍ നിശ്ചയിച്ചിരുന്ന സമയത്ത് തന്നെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സഹപ്രവര്‍ത്തകയ്ക്കായി ഒഴിഞ്ഞു. ഭര്‍ത്താവ് ജോയി പാലാരിവട്ടത്ത് ബിസിനസ് നടത്തുന്നു. മക്കള്‍: അര്‍ച്ചന (മെഡിക്കല്‍ വിദ്യാര്‍ഥി), അനുപമ (ബികോം വിദ്യാര്‍ഥി).
കെഎസ്യുവിലൂടെ സംഘടനാ പ്രവര്‍ത്തനം
കൊച്ചി: പഠന കാലത്ത് കെഎസ്യുവില് പ്രവര്‍ത്തിച്ച് തുടങ്ങിയതാണ് ഷൈനിയുടെ സംഘടനാ പ്രവര്‍ത്തനം. വിവാഹത്തോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടവേളയെടുത്തു. 2015ല്‍ ഫോര്‍ട്ടുകൊച്ചി ഡിവിഷനില്‍ നിന്ന് ആദ്യമായി കൗണ്‍സിലര്‍ ആയതോടെ വീണ്ടും പാര്‍ട്ടിയില്‍ സജീവമായി. ഇപ്പോള്‍ ഡിസിസി അംഗവും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമാണ്.
സൗമിനി ജെയിന് മേയറായിരുന്ന സമിതിയില്‍ നാലര വര്‍ഷം നഗരാസൂത്രണ സമിതി അധ്യക്ഷയായിരുന്നു. അവസാന രണ്ടര വര്‍ഷം മേയര്‍ കസേര ഷൈനിക്ക് നല്‍കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും സ്ഥാനമൊഴിയാന്‍ സൗമിനി തയാറായില്ല.
2020ല്‍ ഡിവിഷന് മാറി ചുള്ളിക്കലില്‍ നിന്ന് മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടു. ഇത്തവണ സ്വന്തം ഡിവിഷനായ ഫോര്‍ട്ടുകൊച്ചിയില്‍ നിന്നു രണ്ടായിരത്തിലേറെ വോട്ടുമായാണ് ഷൈനി വീണ്ടും കൗണ്‍സിലിലെത്തിയത്. ഭര്‍ത്താവ് മാത്യൂ വിന്‍സന്റ് ദുബായിയില്‍ ബിസിനസ് ചെയ്യുന്നു. മക്കള്‍: എബി വിന്‍സന്റ് മാത്യൂ (ബിസിനസ്), സ്നെത എലിസബത്ത് മാത്യൂ (ദുബായ്), അജയ് എബ്രഹാം മാത്യൂ (സിവില്‍ സര്‍വീസ് വിദ്യാര്‍ഥി).
Kerala
തിരുവനന്തപുരം: ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ തിരുവനന്തപുരം നഗരസഭയിലെ മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും മത്സരിക്കും. പുന്നക്കാമുഗൾ കൗൺസിലർ ആർ.പി. ശിവജി ആയിരിക്കും സിപിഎം സ്ഥാനാർഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും അറിയിച്ചു. സ്ഥാനാർഥിയെ 24 ന് തീരുമാനിക്കും. 24 ന് കൗൺസിലർമാരുടെ യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക.
അതേ സമയം, നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വലിയ ആവേശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. മേയർ .
ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനിൽക്കട്ടെ എന്നും ബിജെപി നേതാക്കൾ പറഞ്ഞു. 26നാണ് മേയർ തെരഞ്ഞെടുപ്പ്. അത് വരെ ചർച്ച തുടരും. ആർ. ശ്രീലേഖയോ വി.വി. രാജേഷോ അതോ അപ്രതീക്ഷിത മേയർ വരുമോ എന്നും തീരുമാനമായിട്ടില്ല.
രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്പറേഷൻ ഭരണത്തിൽ നിര്‍ണ്ണായകമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയെന്ന് മുൻ കെഎസ്ആർടിസി ഡ്രൈവർ യദു.
"തന്നെപ്പോലെയുള്ളവരോടുള്ള പെരുമാറ്റങ്ങൾ ജനങ്ങൾ വിലയിരുത്തി. ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്. അന്ന് എന്നോട് കാണിച്ചത് കണ്ടില്ലേ. മുന്നോട്ട് പോകാൻ അതിന് മാറ്റംവരണം. ഇവരുടെ പ്രവൃത്തികളിലും ധാർഷ്ട്യത്തിലും ജനങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നോട് മാത്രമല്ല, മുൻപ് വേറൊരു സെക്യൂരിറ്റിയോടും മോശമായി പെരുമാറി. ജനങ്ങൾക്ക് അവരുടെ സ്വഭാവം മനസിലായിക്കാണും. ആ കേസിൽനിന്നുപോലും പോലീസ് അവരുടെ പേര് ഒഴിവാക്കി. എന്നെ പിന്തുണയ്ക്കാൻ ആരുമില്ലായിരുന്നു, വട്ടം കൂടി ആക്രമിച്ചു. ഇപ്പോഴും സൈബർ ആക്രമണങ്ങൾ ഒക്കെ നടക്കുന്നുണ്ട്.'
"അവസാനമായി എന്നെ ഫോണിൽ വിളിച്ചപ്പോൾ കോടതിയിൽ പോയി നീതി നേടിക്കോളൂ എന്നാണ് പറഞ്ഞത്. സത്യം തെളിയിക്കാൻ നിയമപരമായി പോകും. എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിയിക്കാൻ കോടതി മാത്രമേ ഉള്ളൂ. പോലീസ് അവർക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. അന്വേഷണത്തിൽ എനിക്ക് വിശ്വാസമില്ല'.- യദു പറഞ്ഞു.
International
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായ സൊഹ്റാന് മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. അരമണിക്കൂറിലധികം ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മംദാനിയെ അദ്ദേഹം പ്രശംസിച്ചു.
സൊഹ്റാന് മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിയുന്നത് തനിക്ക് ‘വളരെ സുഖകരമായ' അനുഭവമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
മംദാനി മേയറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് നല്കുന്ന ഫെഡറല്‍ ഫണ്ടിംഗ് പിന്‍വലിക്കുമെന്നും നാഷണല്‍ ഗാര്‍ഡിനെ അയയ്ക്കാന്‍ മടിക്കില്ലെന്നും ട്രംപ് മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞത് ‘ഞാന്‍ കരുതിയതിലും കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യോജിപ്പുണ്ട്' എന്നായിരുന്നു. മംദാനി തന്നെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹത്തെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ടുവെട്ടിയതിനു നേതൃത്വം നൽകിയത് കോർപ്പറേഷനുമായി ബന്ധപ്പെട്ട രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വമെന്ന് ആരോപണം.
മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ കണ്ടാണ് വൈഷ്ണയുടെ വോട്ട് ഒഴിവാക്കിയതെന്നാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ ആരോപണം. ഇടതുസംഘടനാ നേതാക്കളാണ് ഇതിനു നേതൃത്വം നൽകിയതെന്നാണ് പരാതി.
കോർപ്പറേഷനിലെ തെരഞ്ഞെടുപ്പു ചുമതലയുള്ള അഡീഷണൽ സെക്രട്ടറി, ഹിയറിംഗ് ഉദ്യോഗസ്ഥൻ, അന്വേഷണ ഉദ്യോഗസ്ഥ എന്നിവർക്ക് ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്.
എന്നാൽ ഇത് ഉദ്യോഗസ്ഥർമാത്രം ചെയ്തതല്ലെന്നും സിപിഎം നേതാക്കളുടെ നിർദേശപ്രകാരമുള്ള ഗൂഢാലോചനയാണെന്നാണ് കോൺഗ്രസ് ആരോപണം.
യുഡിഎഫ് ഏറ്റവും പ്രായംകുറഞ്ഞ ആളെ രംഗത്തിറക്കിയതോടെയാണ് വളഞ്ഞവഴിയിലൂടെ പുറത്താക്കാനുള്ള ശ്രമം തുടങ്ങിയതെന്നാണ് ആരോപണം. അഡീഷണൽ സെക്രട്ടറി സജികുമാർ മുതൽ അന്വേഷണത്തിനു പോയ ബിൽ കളക്ടർ വരെയുള്ളവർ സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
NRI
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്റാന് മംദാനിയുടെ പുതിയ ഭരണകൂടത്തിൽ പ്രവർത്തിക്കാൻ അപേക്ഷിച്ചത് 50,000-ത്തിലധികം പേർ. മംദാനിയുടെ ട്രാൻസിഷൻ പോർട്ടൽ വഴിയാണ് അപേക്ഷകൾ ലഭിച്ചത്.
സർക്കാർ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് ഈ വൻ പ്രതികരണത്തിന് കാരണമെന്ന് മംദാനി പറഞ്ഞു. കമ്യൂണിറ്റി ഓർഗനൈസർമാർ, പോളിസി വിദഗ്ധർ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ, ന്യൂയോർക്കിലെ സാധാരണ തൊഴിലാളികൾ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന ഒരു ടീമിനെയാണ് മംദാനിയുടെ ട്രാൻസിഷൻ ടീം തേടുന്നത്.
അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെ, മംദാനിയുടെ ട്രാൻസിഷൻ കമ്മിറ്റി 30 മണിക്കൂറിനുള്ളിൽ 7,000-ത്തിലധികം ദാതാക്കളിൽ നിന്ന് 517,947 ഡോളർ (ഏകദേശം 4.3 കോടി രൂപ) സമാഹരിച്ചു. ഇത് കഴിഞ്ഞ രണ്ട് മേയർമാരുടെ ആദ്യ ടേം ട്രാൻസിഷൻ ഫണ്ടിംഗിനേക്കാൾ കൂടുതലാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സർപ്രൈസ് സ്ഥാനാർഥിമാരെ പ്രഖ്യാപിച്ചത് പോലെ സർപ്രൈസ് മേയറെയും പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും മേയറെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു..
തെരഞ്ഞെടുപ്പിൽ ശബരിമലയും സ്വർണക്കൊള്ളയും പ്രചരണ വിഷയമാക്കും. ബാക്കി സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ട് തന്നെ മുഴുവൻ സമയ പ്രചാരണങ്ങളിലേക്ക് കടക്കും.
അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്താണെന്ന് പറഞ്ഞുകൊണ്ടായിരിക്കും വോട്ട് തേടുകയെന്ന് സുരേന്ദ്രൻ പറഞ്ഞു.
NRI
ന്യൂയോർക്ക്: ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനിയുടെ നേട്ടം.
തെരഞ്ഞെടുപ്പിൽ 17 ലക്ഷം പേർ വോട്ട് ചെയ്തുവെന്ന് ന്യൂയോർക്ക് സിറ്റിബോർഡ് ഓഫ് ഇലക്ഷൻ അറിയിച്ചു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്ലിമാണ് 34കാരനായ സൊഹ്റാൻ മംദാനി.
അതേസമയം, മംദാനിക്കെതിരേ പരസ്യമായി രംഗത്തെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അദ്ദേഹത്തിന്റെ വിജയം തിരിച്ചടിയായി. മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്കിന് വിപത്തുണ്ടാകുമെന്നും ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
മംദാനി വിജയിച്ചാൽ സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായി മാറുമെന്നും നഗരത്തിന്റെ അതിജീവനം അസാധ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തെരഞ്ഞെടുപ്പിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു ട്രംപ് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകിയത്.
മുൻ ഗവർണറും മംദാനിയുടെ എതിരാളിയുമായ ആൻഡ്രൂ ക്യൂമോയ്ക്കു ട്രംപ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആൻഡ്രൂ ക്യൂമോയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങൾക്ക് മറ്റു മാർഗമില്ല. നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യണം, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് അതിന് കഴിവുണ്ട്, മംദാനി അങ്ങനെയല്ല- ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് ഫലം ഉടൻ. ഡെമോക്രാറ്റിത് സ്ഥാനാർഥിയും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനി ഏറെ മുന്നിലുണ്ട്.
തെരഞ്ഞെടുപ്പിൽ 17ലക്ഷം പേർ വോട്ട് ചെയ്തുവെന്ന് ന്യൂയോർക്ക് സിറ്റിബോർഡ് ഓഫ് ഇലക്ഷൻ അറിയിച്ചു.
അതേസമയം, മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ന്യൂയോർക്കിന് വിപത്തുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
മംദാനി വിജയിച്ചാൽ സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായി മാറുമെന്നും നഗരത്തിന്റെ അതിജീവനം അസാധ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തെരഞ്ഞെടുപ്പിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു ട്രംപ് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകിയത്.
മുൻ ഗവർണറും മംദാനിയുടെ എതിരാളിയുമായ ആൻഡ്രൂ ക്യൂമോയ്ക്കു ട്രംപ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആൻഡ്രൂ ക്യൂമോയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങൾക്ക് മറ്റു മാർഗമില്ല. നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യണം, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് അതിന് കഴിവുണ്ട്, മംദാനി അങ്ങനെയല്ല- ട്രംപ് കൂട്ടിച്ചേർത്തു.