Kerala
ന്യൂഡൽഹി: ഒഡീഷയില്‍ ക്രൈസ്തവ വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ക്രൈസ്തവര്‍ക്ക് കേക്ക് നല്കി പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ അവരെ ചാണകം തീറ്റിക്കുന്ന പ്രാകൃതത്വമാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ഒഡീഷയില്‍ കണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. ഒരു ക്രൈസ്തവ വൈദികനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ക്രിസ്മസ് കാലത്ത് പള്ളികള്‍ സന്ദര്‍ശിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിക്ക്, ക്രൈസ്തവര്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് തടയാന്‍ ആത്മാര്‍ത്ഥതയില്ല. കേരളത്തിലെ ബിജെപി നേതാക്കളുടെ സന്ദര്‍ശനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2014-ന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണങ്ങള്‍ വര്‍ധിച്ചു. മതനിരപേക്ഷത തകര്‍ത്ത് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെ എന്തുവില കൊടുത്തും ചെറുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്റര്‍ക്ക് നേരെ നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഈ വിഷയം ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഒഡീഷയിലെ ധെൻകനാലിൽ പാസ്റ്ററെ ആക്രമിച്ചസംഭവം ആശങ്കാജനകമാണെന്നു കാണിച്ച് ഒഡീഷ മുഖ്യമന്ത്രി മോഹൻ മാജിന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സംഗ്മ കത്തയച്ചു.
ഒഡീഷപോലെ സമാധാനം നിലനിൽക്കുന്ന പ്രദേശത്തുണ്ടായ ജനക്കൂട്ട ആക്രമണം രാജ്യത്തിനു മുഴുവൻ ആശങ്കയാണ്. സംഭവത്തിൽ നീതി നടപ്പാക്കുമെന്നാണു പ്രതീക്ഷയെന്നും മേഘാലയ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലിനാണ് പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചത്. ഇതിനു പുറമേ ചെരുപ്പുമാല അണിയിക്കുകയും ചാണകം തിന്നാൻ നിർബന്ധിക്കുകയും ചെയ്തു. സംഭവത്തിൽ കസ്റ്റഡിയിലായ ഒന്‍പതു പേരെ വിശദമായി ചോദ്യംചെയ്യുന്നുവെന്നാണ് ഒഡീഷ പോലീസിന്റെ ഭാഷ്യം.
National
ഭുവനേശ്വര്‍: ഒഡീഷയിലെ ധെന്‍കനാലില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ പാസ്റ്റര്‍ക്ക് നേരെ അക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം ഗ്രാമത്തിലെത്തിയ പാസ്റ്ററെ ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തര്‍ക്കത്തിനിടയില്‍ അക്രമിസംഘം ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയും ബലമായി തല മുണ്ഡനം ചെയ്ത് അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
പാസ്റ്റര്‍ ഗ്രാമവാസികളെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു അക്രമികളുടെ വാദം. എന്നാല്‍ ഈ ആരോപണം പാസ്റ്ററും ബന്ധുക്കളും നിഷേധിച്ചിട്ടുണ്ട്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ വീഡിയോകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിലവില്‍ കസ്റ്റഡിയിലുള്ള നാല് പേരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
National
ന്യൂഡൽഹി: ഒഡീഷയിൽ പ്രാർഥനായോഗത്തിനിടെ ബജ്രംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സംഭവം നടന്നു പത്ത് ദിവസങ്ങൾക്കുശേഷം. അതിക്രൂര ആക്രമണത്തിനിരയായ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിന്റെ ഭാര്യ വന്ദന നൽകിയ പരാതിയിലാണ് ഒഡീഷയിലെ ധെൻകനാൽ ജില്ലയിലെ പാർജാംഗ് പോലീസ് കേസെടുത്തിരിക്കുന്നത്.
മനഃപൂർവം പരിക്കേൽപ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കുക, കലാപം സൃഷ്ടിക്കുക തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ ജാമ്യം ലഭിക്കാവുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, മതപരിവർത്തന നിരോധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി തനിക്കെതിരേ പോലീസ് കേസെടുത്തതായി പാസ്റ്റർ ബിപിൻ ബിഹാരി ദീപികയോട് പറഞ്ഞു. മൂന്നു തലമുറകളായി ക്രിസ്തുമതം പിന്തുടരുന്നവരാണു തന്റെ കുടുംബമെന്നും കഴിഞ്ഞ 17 വർഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുകയാണെന്നും ബിപിൻ ബിഹാരി പറഞ്ഞു.
സംഭവത്തിൽ അന്നുതന്നെ നടപടി ആവശ്യപ്പെട്ടു പോലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ഭാര്യ വന്ദന ധെൻകനാൽ എസ്പിക്കു പരാതി നൽകിയതോടെയാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായത്. 12ന് എസ്പിക്കു പരാതി നൽകിയതിനു പിന്നാലെ 13ന് രാവിലെ 11.30 ഓടെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ നാലിന് വീട്ടിൽ പ്രാർഥനായോഗത്തിൽ പങ്കെടുക്കുന്പോഴാണ് ബജ്രംഗ്ദൾ പ്രവർത്തകരെന്നു സ്വയം പരിചയപ്പെടുത്തിയ സംഘം തങ്ങളുടെ വീട്ടിലേക്ക് എത്തുകയും തുടർന്ന് ഭർത്താവിനെ ആക്രമിക്കുകയും ചെയ്തതെന്ന് എസ്പിക്കു നൽകിയ പരാതിയിൽ വന്ദന ചൂണ്ടിക്കാട്ടി. വിവരമറിഞ്ഞിട്ടും പോലീസ് എത്താൻ വൈകി.
ബജ്രംഗ്ദൾ പ്രവർത്തകർ മുളവടികൊണ്ട് ഭർത്താവിനെ അടിക്കുകയും ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്. ഇതോടൊപ്പം ഓവുചാലിലെ വെള്ളം കുടിക്കാൻ നിർബന്ധിക്കുകയും ക്ഷേത്രത്തിനു മുന്നിൽ കുന്പിടാൻ ആവശ്യപ്പെടുകയും ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ പോലീസ് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ജഗനാഥനെയും ഗോമാതാവിനെയും അധിക്ഷേപിച്ച പാസ്റ്ററെ ജനക്കൂട്ടം ചാണകം തീറ്റിച്ച് ജയ് ശ്രീറാം, ജയ് ഗോമാതാ വിളിപ്പിച്ചതായി തീവ്രഹിന്ദുത്വവാദികളെ പിന്തുണയ്ക്കുന്ന ന്യൂസ് പോർട്ടലുകൾ വാർത്ത നൽകിയിട്ടുണ്ട്. പാർജാംഗ് ഹിന്ദു ഭൂരിപക്ഷ മേഖലയാണെന്നും ഏഴു ക്രിസ്ത്യൻ കുടുംബങ്ങളേ ഇവിടെയുള്ളൂവെന്നും വാർത്തയിലുണ്ട്.
National
ഭുവനേശ്വർ: ഒഡീഷയിലെ റൂർക്കലയ്ക്ക് സമീപം സ്വകാര്യവിമാന കമ്പനിയുടെ ചെറുവിമാനം തകർന്നുവീണ് ആറുപേർക്ക് പരിക്കേറ്റു. ഒഡീഷ വാണിജ്യ, ഗതാഗത മന്ത്രി ബി.ബി. ജെന ആണ് ഇക്കാര്യം അറിയിച്ചത്.
റൂർക്കലയിൽ നിന്ന് ഭുവനേശ്വറിലേക്ക് ആറ് യാത്രക്കാരുമായി പോയ ഒമ്പത് സീറ്റുള്ള എ-1 സ്വകാര്യ വിമാനം അപകടത്തിൽപ്പെട്ടു. യാത്രക്കാർക്ക് നിസാര പരിക്കുകളുണ്ട്, അവർ സുരക്ഷിതരാണ്. റൂർക്കലയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ജൽഡയിലാണ് ഇത് സംഭവിച്ചത്. -ജെന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാല് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
റൂർക്കേലയ്ക്കും ഭുവനേശ്വറിനും ഇടയിൽ പതിവായി സർവീസ് നടത്തുന്ന ഈ വിമാനം, ഒരു സ്വകാര്യ വ്യക്തിയുടേതാണ്.
National
ഭുവനേശ്വർ: ഒഡീഷയിൽ സാന്താ തൊപ്പി വിറ്റ വഴിയോര കച്ചവടക്കാർക്കുനേരെ ഭീഷണിയുമായി ഹിന്ദുത്വ പ്രവർത്തകർ.
സംസ്ഥാനം ഒരു ഹിന്ദു രാഷ്ട്രം ആണെന്നും ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാൻ പറ്റില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇവർ തന്നെ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വഴിയോര കച്ചവടക്കാരോട്, എവിടെ നിന്നുള്ളവരാണെന്നും ഹിന്ദുക്കളാണോ എന്നും ഹിന്ദുത്വ പ്രവർത്തകർ ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തങ്ങൾ ഹിന്ദുക്കളാണെന്നും രാജസ്ഥാനിൽ നിന്നാണ് വരുന്നതെന്നും രണ്ട് വഴിയോര കച്ചവടക്കാർ പറഞ്ഞു.
"ദാരിദ്ര്യം കാരണമാണ് സാന്താ തൊപ്പികൾ വിൽക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു. ഇതോടെ ഇവിടെ, ഭഗവാൻ ജഗന്നാഥന് മാത്രമേ ഭരിക്കാൻ കഴിയൂ. ഹിന്ദുക്കളായ നിങ്ങൾക്ക് ഇതെങ്ങനെ ചെയ്യാൻ സാധിക്കുന്നു?. വേഗം സാധനങ്ങൾ എല്ലാമെടുത്ത് ഇവിടെ നിന്ന് പോകൂ. എന്തെങ്കിലും വിൽക്കുകയാണെങ്കിൽ ഭഗവാൻ ജഗന്നാഥന്റെ സാധനങ്ങൾ വിൽക്കുക'. -എന്നായിരുന്നു ഹിന്ദുത്വ പ്രവർത്തകരുടെ ആക്രോശം.
ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കുന്നില്ലെങ്കിൽ ഒഡീഷയിൽ സാധനങ്ങൾ വിൽക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും സംഘം അറിയിച്ചു.
National
ഭുവനേശ്വർ: ഒഡിഷയിൽ സർക്കാർ ജോലിക്കായുള്ള പരീക്ഷ എയർസ്ട്രിപ്പിൽ നടത്തിയ സംഭവത്തിന്റെ ചിത്രങ്ങൾ വൈറൽ. സംബൽപുർ ജില്ലയിലാണ് സംഭവം. ഹോം ഗാർഡ് തസ്തികകളിലേക്കുള്ള പരീക്ഷയാണ് ജമാദർപാലി എയർസ്ട്രിപ്പിൽ നടത്തിയത്.
187 ഒഴിവുകളിലേക്ക് അപേക്ഷിച്ച 8,000 പേരെയാണ് എയർസ്ട്രിപ്പിൽ നിലത്തിരുത്തി പരീക്ഷയെഴുതിച്ചത്. ഡിസംബർ 16ന് ആയിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
അഞ്ചാം ക്ലാസ് യോഗ്യത അടിസ്ഥാനമാക്കിയ പരീക്ഷയ്ക്ക് ബിരുദാനന്തര ബിരുദധാരികൾ വരെ അപേക്ഷിച്ചിരുന്നു. ആളെണ്ണം കൂടുതലായതിനാൽ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ നടത്താൻ സാധിച്ചില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
National
ഭുവനേശ്വർ: ഒഡീഷയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് മൊഖിമിനെ പാർട്ടിയിൽനിന്നു പുറത്താക്കി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണു നടപടിയെന്ന് ഒപിസിസി അധ്യക്ഷൻ ഭക്തചരൺ ദാസ് അറിയിച്ചു.
സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച മൊഖിം സോണിയ ഗാന്ധിക്കു കത്തയച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രായം സംബന്ധിച്ച് മൊഖിം ചോദ്യങ്ങളുയർത്തിയിരുന്നു.
മൊഖിമിനെ പുറത്താക്കിയ നടപടി എഐസിസി അംഗീകരിച്ചുവെന്ന് ഭക്തചരൺ ദാസ് പറഞ്ഞു. ബാരാബത്തി-കട്ടക്ക് മണ്ഡലത്തിൽനിന്നാണ് മൊഖിം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
National
ഭുവനേശ്വർ: ഒഡീഷയിൽ ക്ലാസ് മുറിയിൽ വച്ച് ഹെഡ്മാസ്റ്ററെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ വിദ്യാർഥി അറസ്റ്റിൽ. കേന്ദ്രപാറ ജില്ലയിലെ കൊറുവ ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം.
സംഭവത്തിൽ അറസ്റ്റിലായ ഒൻപതാം ക്ലാസ് വിദ്യാർഥിയായ 14കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് അംഗുലിലെ പ്രൊബേഷൻ ഹോസ്റ്റൽ-കം-ഒബ്സർവേഷൻ ഹോമിലേക്കും സ്പെഷ്യൽ ഹോമിലേക്കും അയച്ചതായി പോലീസ് പറഞ്ഞു.
വിദ്യാർഥിയെ പ്രധാനാധ്യാപകനും അധ്യാപകനും വഴക്ക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടി ബാഗിൽ നിന്നും തോക്ക് എടുത്തത്.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുകയാണെന്നും തോക്ക് കസ്റ്റഡിയിലെടുത്തുവെന്നും പോലീസ് അറിയിച്ചു.
National
ഭൂവനേശ്വർ: അനധികൃത ചുമ മരുന്നുകൾക്കെതിരേ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 118 പേരെ അറസ്റ്റ്ചെയ്തതായി ഒഡിഷ പോലീസ്.
73181 ബോട്ടിൽ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. മൊത്തം 61 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
സാംബൽപുർ, ബാർഗഡ്, ബലാംഗീർ,സുബർണാപുർ, സുന്ദർഗഡ്, കിയോഞ്ജർ ജില്ലകളിലായിരുന്നു പരിശോധന. അനധികൃത മരുന്നുകൾക്കെതിരേ കർക്കശ പരിശോധന തുടരുമെന്നും പോലീസ് വ്യക്തമാക്കി.
National
ഭുവനേശ്വർ: ഒഡീഷയിൽ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. സുന്ദർഗഡ് ജില്ലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവർക്ക് 90 ശതമാനം പൊള്ളലേറ്റു.
വെള്ളിയാഴ്ച രാത്രി ലഞ്ചിബർന പ്രദേശത്താണ് സംഭവം. പെൺകുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് റൂർക്കേലയിലെ ഇസ്പാത് ജനറൽ ആശുപത്രിയിലേക്ക് (ഐജിഎച്ച്) മാറ്റി.
സംഭവത്തിൽ കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ 25കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ ഒരാൾ ശല്യപ്പെടുത്തിയിരുന്നുവെന്നും സംഭവത്തിന് തൊട്ട് മുൻപ് മകൾക്ക് ഫോൺ വന്നിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പോലീസിനോടു പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ സംഭവമാണിത്.
National
ഭുവനേശ്വർ: ഒഡിഷയിൽ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ 91 മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ ശന്പളമാണ് തടഞ്ഞുവച്ചത്.
കട്ടക്ക് ജില്ലയിലാണ് സംഭവം. ജില്ലാ റൂറൽ പോലീസ് മേധാവി, സബ് കളക്ടർമാർ, ബിഡിഒമാർ, തഹസിൽദാർമാർ, ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ, കട്ടക്ക് ഡെവലപ്മെന്റ് അതോറിറ്റി വൈസ് ചെയർമാൻ എന്നിവരുടേത് ഉൾപ്പെടെ ശന്പളമാണ് തടഞ്ഞുവച്ചത്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ജനസുനാനി പോർട്ടൽ വഴി മുഖ്യമന്ത്രിക്ക് പൊതുജനങ്ങൾ സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിലാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയത്.
ജില്ലാ കളക്ടറുടെ ഉത്തരവ് വരുന്നത് വരെ നവംബർ മാസത്തെ ശമ്പളം ഉദ്യോഗസ്ഥർക്ക് ലഭിക്കില്ല. നിരവധി തവണ പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടും അവലോകന യോഗങ്ങളിലടക്കം മുന്നറിയിപ്പ് നൽകിയിട്ടും ഉദ്യോഗസ്ഥർ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നു.
National
ഭൂവനേശ്വർ: മലാക്ക കടലിടുക്കിലും തെക്കൻ ആൻഡമാൻ കടലിലും രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഒഡീഷയുടെ തീരജില്ലകളിൽ മുന്നൊരുക്കങ്ങൾ. വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്.
Kerala
പാലക്കാട്: മണ്ണാർക്കാട് വട്ടമ്പലം പിലാപ്പടിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. രഞ്ജൻകുമാർ, ഗണഷേ ബിഷോയ് എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസിന്റെ പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 12 കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്.
സ്വകാര്യ ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
National
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എട്ട് മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മു കാഷ്മീരിലെ ബുഡ്ഗാം, നഗ്രോട്ട എന്നീ മണ്ഡലങ്ങളിലും രാജസ്ഥാനിലെ അന്തയിലും ജാർഖണ്ഡിലെ ഖട്ട്സിലയിലും തെലങ്കാനയിലെ ജൂബിലി ഹിൽസിലും പഞ്ചാബിലെ തരൺ തരൺ മണ്ഡലത്തിലും മിസോറാമിലെ ഡംപയിലും ഒഡീഷയിലെ നുവാപാഡ മണ്ഡലത്തിലേയ്ക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചതിനെ തുടർന്നാണ്
ബുഡ്ഗാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തയിലെ എംഎൽഎ ശ്രീ കൻവർലാലിനെ അയോഗ്യനാക്കിയതിനെ തുടർന്നും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎൽഎമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് എല്ലായിടത്തെയും വോട്ടെണ്ണൽ.
Business
ഭൂവനേശ്വർ: ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ബാഹുദയിൽ പാരദ്വീപ് പോർട്ട് അഥോരിറ്റിയുമായി സഹകരിച്ച് 21,500 കോടിരൂപ ചെലവിൽ വന്പൻ തുറമുഖത്തിന്റെ നിർമാണത്തിന് സംസ്ഥാന സർക്കാർ തീരുമാനം.
മഹാനദി തീരത്തോട് ചേർന്ന് 24,700 കോടി രൂപ മുടക്കി കപ്പൽനിർമാണ, അറ്റകുറ്റപ്പണി കേന്ദ്രവും നിലവിൽവരുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.
പുരിയിൽ ലോകനിലവാരത്തിലുള്ള ക്രുയിസ് ടെർമിനൽ സ്ഥാപിക്കും. ഒഡിഷയുടെ വ്യാപാര, ടൂറിസം, വ്യവസായ മേഖലയിൽ ഇതുവഴി വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: ജീവനക്കാരുടെ സമ്മതം ആവശ്യമില്ലെങ്കിലും ഓഫീസുകളിൽ ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം (ബിഎഎസ്) ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി.
ഒഡീഷയിൽ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ കാര്യാലയത്തിൽ ജീവനക്കാരുടെ സമ്മതമില്ലാതെ ബിഎഎസ് ഏർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ പങ്കജ് മിത്തൽ, പി.വി. വരാലെ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
ബിഎഎസ് ഏർപ്പെടുത്തിയ നടപടി റദ്ദാക്കിയ ഒഡീഷ ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. ബയോ മെട്രിക് അറ്റൻഡൻസ് സംവിധാനം ബന്ധപ്പെട്ട എല്ലാവർക്കും ഗുണകരമാണെന്നും, ജീവനക്കാരുമായി കൂടിയാലോചന നടത്തിയില്ലെന്ന ഒറ്റക്കാരണത്താൽ അത് നിയമവിരുദ്ധമാകില്ലെന്നും കോടതി വ്യക്തമാക്കി.
National
ഭുവനേശ്വർ: ഒഡീഷയിൽ മന്ത്രവാദിയെന്ന സംശയത്തെ തുടർന്ന് വയോധികനെ മർദിച്ചു കൊന്ന് മൃതദേഹം കത്തിച്ചു. ഭുവനേശ്വറിലെ ചന്ദക മേഖലയിലാണ് സംഭവം. ബൽറാം ദിയോഗം(72) ആണ് മരിച്ചത്.
സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. വെള്ളിയാഴ്ച ചന്ദക വന മേഖലയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഭവം പുറത്തായത്.
അസ്ഥികൂടത്തിനൊപ്പം ലഭിച്ച കഴുത്തിലെ ആഭരണത്തിന്റെ അടിസ്ഥാനത്തിൽ മരിച്ചയാളെ മകനാണ് തിരിച്ചറിഞ്ഞത്.
സെപ്റ്റംബർ 30 മുതൽ ബൽറാം ദിയോഗമിനെ കാണാതായിരുന്നു. പ്രതികൾ ബൽറാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് അസ്ഥികൾ നദിയിൽ തള്ളുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന് ഭുവനേശ്വർ-കട്ടക്ക് പോലീസ് കമ്മീഷണർ എസ്. ദേവ് ദത്ത സിംഗ് പറഞ്ഞു.
National
ഭുവനേശ്വർ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
നാളെ രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും ഇത് കൂടുതൽ ശക്തിപ്രാപിച്ച് മോൻത ചുഴലിക്കാറ്റായി മാറിയേക്കും. ചൊവ്വാഴ്ച രാവിലെയോടെ വടക്കുപടിഞ്ഞാറോട്ട് നീങ്ങി തീവ്ര ചുഴലിക്കാറ്റായി മാറും.
ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയോ ആന്ധ്രാ തീരമായ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കടുത്ത് കൊടുങ്കാറ്റ് തീരം തൊടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച വരെ ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായി ഒഡീഷയിൽ ശക്തമായ മഴയുണ്ടാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ഐഎംഡി നിർദേശിച്ചു.
തമിഴ്നാട്, ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കൊടുങ്കാറ്റ് അതിതീവ്ര മഴയും കാറ്റും സൃഷ്ടിക്കുമെന്നതിനാൽ സർക്കാരുകൾ അടിയന്തര നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
മോൻത വർഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
National
കൊച്ചി: ഒഡീഷയിലെ ജലേശ്വറിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാര്‍ ആൻഡ്രൂസ് താഴത്ത്. ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടന കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കുർബാനക്കും പള്ളിയുടെ ജൂബിലിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അവര്‍ പോയത്. മത പരിവർത്തനം ആണ് അക്രമികൾ ആരോപിച്ചത്. വെര്‍ബല്‍ അറ്റാക്ക് ആണ് നടന്നത്. സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും കൃത്യമായ നടപടികൾ ഇല്ലാത്തത് കൂടുതൽ ആക്രമണങ്ങൾക്ക് വഴി വയ്ക്കുന്നുവെന്നും മാര്‍ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു.
ബാലസോർ രൂപതയ്ക്കു കീഴിലുള്ള ഗംഗാധർ ഗ്രാമത്തിനു സമീപം ബുധനാഴ്ചയായിരുന്നു സംഭവം. ജാലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ, ജോഡ ഇടവക വികാരി ഫാ. ജോജോ വൈദ്യക്കാരൻ എന്നിവരുൾപ്പെടെയുള്ള സംഘം രണ്ടു പ്രാദേശിക ക്രൈസ്തവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഗംഗാധർ മിഷൻ സ്റ്റേഷൻ സന്ദർശിച്ചശേഷം മടങ്ങവെയായിരുന്നു ആക്രമണം.
രാത്രി ഒന്‍പതോടെ ഗ്രാമം വിട്ടുപോകുമ്പോൾ ഗ്രാമത്തിൽനിന്ന് അര കിലോമീറ്റർ അകലെ ഇടുങ്ങിയ വനപ്രദേശത്ത് എഴുപതോളം വരുന്ന ബജ്രംഗ്ദൾ പ്രവർത്തകരുടെ സംഘം കാത്തിരിക്കുകയായിരുന്നുവെന്ന് ഫാ. ലിജോ ദീപികയോടു പറഞ്ഞു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന മതബോധന അധ്യാപകനെ ആദ്യം കൈയറ്റം ചെയ്തശേഷം ബൈക്ക് നശിപ്പിച്ചു. ഇന്ധനം ഊറ്റിയെടുക്കുകയും ചെയ്തു. തുടർന്ന് അക്രമികൾ വൈദികരുടെ വാഹനത്തിനുനേരേ തിരിഞ്ഞു. ബലംപ്രയോഗിച്ചു വാഹനം നിർത്തിയ സംഘം വൈദികരെ കൈയേറ്റം ചെയ്തു. ഡ്രൈവറെ മർദിച്ചു.
രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി. ആളുകളെ നിർബന്ധിച്ചു മതം മാറ്റി അമേരിക്കക്കാരെപ്പോലെയാക്കുന്നുവെന്നും ബിജെഡിയുടെ കാലം കഴിഞ്ഞുവെന്നും ഇപ്പോൾ ബിജെപിയുടെ ഭരണമാണെന്നും നിങ്ങൾക്ക് ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാൻ കഴിയില്ലെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് ഫാ. ലിജോ പറഞ്ഞു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള ഗ്രാമവാസികൾ, വൈദികരുൾപ്പെടെയുള്ള സംഘം എത്തിയതു പ്രാർഥനയ്ക്കാണെന്നു പറഞ്ഞെങ്കിലും അക്രമിസംഘം പിന്തിരിഞ്ഞില്ല.
സംഭവം ആസൂത്രിതമാണെന്നു സംശയമുണ്ടെന്നും ഫാ. ലിജോ കൂട്ടിച്ചേർത്തു. 45 മിനിറ്റിനുശേഷം പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ പിന്തിരിഞ്ഞില്ല. അന്വേഷണത്തിനായി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞ് വൈദികരുൾപ്പെടുന്ന സംഘത്തെ പോലീസ് അക്രമിസംഘത്തിൽനിന്നു രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. അക്രമികൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്.