Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. ആദ്യ മത്സരത്തിൽ അമേരിക്കയെയും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും തോൽപ്പിച്ചെത്തുന്ന ടീം ഇന്ത്യ മികച്ച ഫോമിലാണ്. തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്.
ന്യൂസിലൻഡ് ആദ്യ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. അവരുടെ ആദ്യ രണ്ട് മത്സരങ്ങളും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Sports
ബുലവായോ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: തൃശൂർ, പാലക്കാട് ജില്ലകളിൽ മണിക്കൂറിൽ 40 കിമീ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, ഇടുക്കി ജില്ലകളിലും കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത തീവ്രന്യൂനമർദം ന്യൂനമർദമായി മാറിയതോടെ മഴ സാധ്യത കുറഞ്ഞു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദത്തിന്റെ ശക്തി വീണ്ടും കുറയും. കേരളത്തിന്റെ ആകാശത്ത് മേഘങ്ങൾ മൂടിയതോടെ ഇന്ന് പുലർച്ചെ മുതൽ തണുപ്പിനും കുറവുണ്ടായി.
കിഴക്കൻ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ തെക്കൻ, മധ്യ ജില്ലകളിൽ ഇന്ന് മഴ സാധ്യത പ്രവചിക്കുന്നുണ്ട്.
ശനിയാഴ്ച രാജ്യത്ത് ഏറ്റവും കൂടിയ താപനിലയിൽ കോട്ടയം രണ്ടാമത് ( 35.5 ഡിഗ്രി സെൽഷ്യസ്) എത്തി. ഉയർന്ന ചൂട് കർണാടകയിലെ ഹൊണവറിൽ (35.6 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തി.
Sports
ദാംബുള്ള: ശ്രീലങ്ക-പാക്കിസ്ഥാൻ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
മഴയെ തുടർന്ന് ടോസ് പോലും ഇടാൻ സാധിച്ചില്ല. ഓവർ കുറച്ച് മത്സരം നടത്താൻ കാത്തിരുന്നെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
Kerala
തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം നിലവിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിൽ മൂന്ന് ദിവസം ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. 48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒൻപത്, 10, 11 ദിവസങ്ങളിൽ മഴ സാധ്യത ശക്തമായിരിക്കും. 10 ന് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചക്രവാതച്ചുഴി വെള്ളിയാഴ്ചയോടെ ശ്രീലങ്കൻ തീരത്തോടടുക്കും. ഇതിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലും കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
International
ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് ക്രിസ്മസ് രാവിലുണ്ടായ കനത്ത കാറ്റിലും മഴയിലും മൂന്നു പേർ മരിച്ചു. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി.
ലോസ് ആഞ്ചലസ് കൗണ്ടിയുടെ ചില ഭാഗങ്ങളിൽ 27 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. മിന്നൽപ്രളയം മൂലം റോഡിലെ വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കേണ്ടിവന്നു. വ്യാഴാഴ്ച വൈകുന്നേരം ഒരു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കലിഫോർണിയയിലെ തെക്കൻ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ഗാവിൻ ന്യൂസം അറിയിച്ചു.
Kerala
തിരുവനന്തപുരം: തുലാവർഷം അവസാനിക്കാൻ പത്തു ദിവസം ബാക്കി നിൽക്കേ സംസ്ഥാനത്ത് 20 ശതമാനം മഴക്കുറവ്. ഇന്നലെ വരെ 486.5 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 388.3 മില്ലിമീറ്റർ മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷക്കാലത്ത് സംസ്ഥാനത്ത് 491.9 മില്ലിമീറ്റർ മഴയാണ് പെയ്യേണ്ടത്. കഴിഞ്ഞ വർഷം തുലാവർഷത്തിൽ 487.2 മില്ലിമീറ്റർ മഴയാണ് തുലാവർഷത്തിൽ പെയ്തത്.
ഇക്കുറി തുലാവർഷത്തിന്റെ പ്രകടനം ദുർബലമായതോടെ മിക്ക ജില്ലകളും മഴക്കുറവിൽ വലയുകയാണ്. സംസ്ഥാനത്തിന്റെ പല മേഖലകളും കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് ഇക്കുറി മഴക്കുറവ് ഏറ്റവും രൂക്ഷമായി തുടരുന്നത്. 33 ശതമാനം മഴക്കുറവാണ് ഇന്നലെ വരെ ജില്ലയിൽ രേഖപ്പെടുത്തിയത്.
കൊല്ലം ജില്ലയിൽ 31 ശതമാനവും ഇടുക്കി ജില്ലയിൽ 25 ശതമാനവും കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ 23 ശതമാനവും വയനാട്ടിൽ 23 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി.
അതേസമയം ഇക്കുറി തുലാവർഷത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 540.7 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് തിരുവനന്തപുരത്ത് ഇക്കാലയളവിൽ പെയ്തത് 536.6 മില്ലിമീറ്റർ മഴയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Sports
അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തില്‍ വില്ലനായി മഴ. ഇന്ത്യൻ സമയം 10.30നായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം മത്സരത്തിന്റെ ടോസ് പോലും ഇതുവരെ സാധ്യമായിട്ടില്ല.
ഇന്ത്യൻ സമയം 3.30വരെ മത്സരം തുടങ്ങാനുള്ള സാധ്യത അമ്പയര്‍മാര്‍ പരിശോധിക്കും. 3.30നും മത്സരം തുടങ്ങാന്‍ സാധ്യമായില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
സെമി ഫൈനല്‍ മത്സരത്തിന് റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ടീമാവും ഫൈനലിലെത്തുക. അതിനാൽ, മത്സരം ഉപേക്ഷിച്ചാല്‍ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യ ഫൈനലിലെത്തും.
പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സരവും നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം തുടങ്ങാനായിട്ടില്ല. ഈ മത്സരം ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശാകും ഫൈനലിലെത്തുക.
NRI
റാസല്‍ഖൈമ: ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിലെ കല്ല് അടർന്ന് തലയിൽ വീണ് റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. കനത്ത മഴയില്‍ നിന്ന് രക്ഷതേടിയാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ സല്മാന് അഭയം തേടിയത്. എന്നാൽ വീശിയടിച്ച കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് വീണ കല്ല് ദേഹത്ത് പതിക്കുകയായിരുന്നു.
റാസൽഖൈമയിലെ ഇസ്തംബുൾ ഷവർമ കടയിലെ ജീവനക്കാരനായിരുന്ന ഫാരിസ് ഡെലിവറിക്കായി പോയ സമയത്താണ് അപകടമുണ്ടായത്.
സുലൈമാന്‍ - അസ്മാബി ദമ്പതികളുടെ മകനാണ്. ഭാര്യ പരപ്പനങ്ങാടി സ്വദേശി ഫാത്തിമ സഫ. ഏഴ് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സഹോദരങ്ങൾ: ഷംല ഷെറിൻ, സുബൈദ ഷാനി.
NRI
ഡബ്ലിൻ: അയർലൻഡിൽ ചൊവ്വാഴ്ച ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്താകമാനം ചൊവ്വാഴ്ച പുലർച്ചെ മൂന്നു മുതൽ രാത്രി ഒമ്പത് വരെ ശക്തമായ കാറ്റ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച രാത്രി മുതൽ ആറ് കൗണ്ടികളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കാർലോ, കില്‍കെന്നി, കോർക്ക്, കെറി,ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം വീണ്ടും സജീവമാകുന്നു. ഇന്ന് വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. നിലവിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളിൽ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം ന്യൂനമർദവും രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
National
ചെന്നൈ: ദിത്വ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ചെന്നൈയിലും വ്യാപക മഴ.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വില്ലുപുരം, കടലൂര്‍, തിരുവണ്ണാമല എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്തു.
ചെന്നൈയിലുള്ള റെഡ് ഹില്‍സിലെ ഒറ്റപ്പെട്ട വീടുകളില്‍നിന്ന് ഒമ്പതു പേരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാനത്തെ പല ജില്ലകളിലെയും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം ജില്ലകളിലും മഴ പെയ്തു.
പ്രതികൂല കാലാവസ്ഥയെ മറികടന്ന് തിരുവണ്ണാമലയിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ ഇന്നലെ പുലര്‍ച്ചെ കുന്നിന് പ്രദേശത്തെ വാര്‍ഷിക കാര്‍ത്തിക ദീപം ഉത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്തമണിക്കൂറുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകരയിലുണ്ടായ സംഭവത്തിൽ ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.
സരോജിനിയുടെ വീടിനോട് ചേർന്ന് നിന്നിരുന്ന മതിലാണ് മഴയത്ത് കുതിർന്ന് ഇടിഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
International
ഹാനോയി: വിയറ്റ്നാമിന്റെ മധ്യപ്രദേശങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും 41 പേരുടെ മരണത്തിനിടയാക്കി. ഒന്‍പതു പേരെ കാണാതായി.
കഴിഞ്ഞ മൂന്നു-നാലു ദിവസമായി റിക്കാർഡ് മഴയാണ് മേഖലയിൽ. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽനിന്നു പതിനായിരങ്ങളെ ഒഴിപ്പിച്ചു മാറ്റി. 52,000 വീടുകൾ വെള്ളത്തിൽ മുങ്ങിയെന്നാണു കണക്ക്. വീടുകളും സ്ഥാപനങ്ങളും അടക്കം അഞ്ചു ലക്ഷം കെട്ടിടങ്ങളിൽ വൈദ്യുതി ഇല്ലാതായി.
മഴയ്ക്കു പുറമേ, കൊടുങ്കാറ്റുകളും അടുത്തകാലത്ത് വിയറ്റ്നാമിൽ ദുരിതം വിതച്ചിരുന്നു. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ പ്രകൃതിദുരന്തങ്ങളിൽ 200 കോടി ഡോളറിന്റെ നാശമുണ്ടായിയെന്നാണ് അനുമാനം.
Sports
നെൽസൺ: ന്യൂസിലൻഡ്-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം നിർത്തിവച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇൻഡീസിന്റെ ഇന്നിംഗ്സിനിടെയാണ് മഴ എത്തിയത്. 6.3 ഓവറിൽ വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെടുത്തിട്ടുണ്ട്.
12 റൺസുമായി അമീർ ജാംഗോയും മൂന്ന് റൺസുമായി ഷായ് ഹോപുമാണ് ക്രീസിലുള്ളത്. 21 റൺസെടുത്ത അലിക്ക് അത്തനാസെയുടെ വിക്കറ്റാണ് വിൻഡീസ് നഷ്ടമായത്.
Sports
നവി മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന വനിതാ ലോകകപ്പ് ഫൈനൽ മഴമൂലം വൈകുന്നു. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയം വേദിയാകുന്ന കലാശപ്പോരാട്ടം ഉച്ചയ്ക്ക് 2.30-നായിരുന്നു തുടങ്ങേണ്ടിയിരുന്നത്.
എന്നാൽ കനത്ത മഴമൂലം ടോസ് നടത്താൻ കഴിഞ്ഞില്ല. കനത്ത മഴയിൽ ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മഴമാറിയാലും ഓവർ വെട്ടിച്ചുരുക്കിയാകും ഫൈനൽ നടക്കുക എന്നാണ് സൂചന.
ഇന്ന് ആര് ചാമ്പ്യൻമാരായാലും വനിതാ ലോകകപ്പ് ക്രിക്കറ്റിൽ അത് പുതിയ ചരിത്രമാകും. രണ്ടു തവണ ഫൈനലിൽ കാലിടറിയ ഇന്ത്യയുടെ നീലപ്പട സെമിയിൽ അവിസ്മരണീയ ജയത്തിലൂടെയാണ് ഫൈനൽ പ്രവേശനം നേടിയത്.
മറുവശത്ത് ആദ്യമായി ഫൈനൽ മത്സരത്തിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയും പ്രതീക്ഷയുടെ തേരിലാണ്. സെമിയിൽ ശക്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഫൈനലിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണവർ.
ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005-ലും 2017-ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. 2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടി. 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്.
Sports
കാൻബെറ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ഒന്നാം മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് നിർത്തിവച്ചത്.
ടോസ് നക്ഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിന് ശേഷമാണ് മഴ എത്തിയത്. അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എടുത്തിട്ടുണ്ട് ഇന്ത്യ.
16 റൺസുമായി ശുഭ്മാൻ ഗില്ലും എട്ട് റൺസുമായി നായകൻ സൂര്യകുമാർ യാദവുമാണ് ക്രീസിലുള്ളത്. 19 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. നതാൻ എല്ലിസാണ് അഭിഷേക് ശർമയുടെ വിക്കറ്റെടുത്തത്.
Kerala
തൃശൂര്‍: കനത്ത മഴ തുടരുന്നതിനാൽ തൃശൂര്‍ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്സി, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല. മോൻത ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കരതൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
District News
എടക്കര: കനത്ത മഴയിൽ പുന്നപ്പുഴയിൽ മുപ്പിനിക്കടവിലെ താൽക്കാലിക നടപ്പാലം തകർന്നതോടെ നാട്ടുകാർ ദുരിതത്തിലായി.പുതിയ പാലം നിർമാണം പൂർത്തിയാകും വരെ അക്കരെയെത്താൻ നാട്ടുകാർ സംഘടിച്ച് നിർമിച്ചതായിരുന്നു നടപ്പാലം. ഇരുചക്ര വാഹനങ്ങളും ഇതിലൂടെ ഓടിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തെ കനത്ത മഴയിലാണ് നടപ്പാലം വെള്ളത്തിലായത്. ഇതോടെ മുപ്പിനി, വരക്കോട് പ്രദേശവാസികൾക്ക് കാറ്റാടിക്കടവ് പാലം വഴി ആറ് കിലോമീറ്ററോളം ദൂരം ചുറ്റിസഞ്ചരിച്ച് വേണം യാത്ര ചെയ്യാൻ.
പ്രധാൻമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ് വൈ) പദ്ധതിയിൽ അനുവദിച്ച പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയെങ്കിലും കാലവർഷമായതോടെ പ്രവൃത്തി നിർത്തിവച്ചിരിക്കുയാണ്. ഇരുകരകളിലായുള്ള സ്പാനുകളുടെ പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്.
District News
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭാവിയില്‍ മഴ കുറയുകയും താപനില വര്‍ധിക്കുകയും ചെയ്യുമെന്ന് പഠന റിപ്പോര്‍ട്ട്. തരിശുനിലങ്ങളുടെ വീണ്ടെടുക്കല്‍ സാധ്യതകള്‍, കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളും പൊരുത്തപ്പെടല്‍ മാര്‍ഗങ്ങളും എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സിഡബ്ല്യുആര്‍ഡിഎം) മുഖേന ജില്ലാപഞ്ചായത്ത് തയാറാക്കിയ പഠനറിപ്പോര്ട്ടുകളിലാണ് ഈ കണ്ടെത്തല്‍.
ജില്ലയിലെ നെല്‍വയലുകളുടെ ശാസ്ത്രീയ പഠനം നടത്തി തരിശുനിലങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കാനാണ് പഠനം നടത്തിയത്. സാറ്റ്ലൈറ്റ് ഡാറ്റ, ഗൂഗിള്‍ എര്‍ത്ത് പ്രോ തുടങ്ങിയവ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ജില്ലയിലെ നെല്‍വയലുകളുടെയും അവയിലെ തരിശ് ഭൂമിയുടെയും വിശദാംശങ്ങള്‍, കൃഷിയോഗ്യമായ 2,165 ഹെക്ടര്‍ നെല്‍വയലുകള്‍/പാടശേഖരങ്ങള്‍ എന്നിവയിലെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ജില്ല അഭിമുഖീകരിക്കുന്ന കാലാവസ്ഥ സംബന്ധമായ അപകട സാധ്യതകളെക്കുറിച്ചും മഴയുടെയും താപനിലയുടെയും ഭാവിയിലെ മാറ്റങ്ങളെക്കുറിച്ചുമാണ് രണ്ടാമത്തെ പഠനം. ജില്ലയില്‍ ഭാവിയില്‍ മഴ കുറയുകയും താപനില വര്‍ധിക്കുകയും ചെയ്യുമെന്നും പഠനത്തില്‍ കണ്ടെത്തി. മാറിയ കാലാവസ്ഥ, ജലസ്രോതസുകളുടെ ലഭ്യതയെ എങ്ങനെ ബാധിക്കുമെന്നും പഠനം വിശകലനം ചെയ്യുന്നു. മണ്ണൊലിപ്പ് സാധ്യതകള്‍ വിശകലനം ചെയ്യുകയും മുന്‍ഗണനാ തലങ്ങളെ അടിസ്ഥാനമാക്കി അനുയോജ്യമായ ശിപാര്‍ശകള്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുൾ മജീദ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എം. രാജീവ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, സെക്രട്ടറി ടി.ജി. അജേഷ്, സ്ഥിരംസമിതി അധ്യക്ഷരായ വി.പി. ജമീല, കെ.വി. റീന, നിഷ പുത്തന്‍പുരയില്‍, പി. സുരേന്ദ്രന്, മെമ്പര്‍മാരായ സുരേഷ് കൂടത്താംകണ്ടി, ഐ.പി. രാജേഷ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, എം.പി. ശിവാനന്ദന്, മുക്കം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തുലാവർഷത്തിന് ശക്തി കുറയുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂരും കാസർഗോഡും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ പെയ്യും.
കടലാക്രമണം ശക്തമായതിനാൽ 27 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
District News
പേരൂർക്കട: കനത്ത മഴയിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള വീട് ഏറെക്കുറെ പൂർണമായി ഇടിഞ്ഞു വീണതോടെ വയോധിക കാത്തിരിക്കുന്നത് അധികൃതരുടെ കാരുണ്യത്തിന് വേണ്ടി.
വട്ടിയൂർക്കാവ് കാഞ്ഞിരംപാറ തൊഴുവൻകോട് കൊഴക്കാട്ടുകോണം പുത്തൻവീട്ടിൽ സാവിത്രി (84) യാണ് വീട് പുനർനിർമാണത്തിനും സഹായത്തിനുമായി പരാതി നൽകി കാത്തിരിക്കുന്നത്. കട്ടകൊണ്ട് കെട്ടിയതും ആസ്ബസ്റ്റോസ് ഷീറ്റ് പാകിയതുമായിരുന്നു സാവിത്രിയുടെ വീട്.
ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചു. ഏക മകൻ വീടുവിട്ടുപോയി. ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല. മതിലിനോട് ചേർന്ന ഭാഗത്തെ മുറിയിലാണ് സാവിത്രി അന്തിയുറങ്ങിയിരുന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കട്ടകൾ ഇടിഞ്ഞു വീണപ്പോൾ സാവിത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ തകർന്ന മേൽക്കൂര ഒരുവിധം പുനസ്ഥാപിച്ചു.
തന്റെ ദുരവസ്ഥ വ്യക്തമാക്കി കൊണ്ട് സാവിത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. കുറച്ചുനാൾ മുമ്പ് സ്ട്രോക്ക് വന്നതോടെ പരസഹായം കൂടാതെ നടക്കാൻ സാവിത്രിക്ക് വളരെ ബുദ്ധിമുട്ടാണ്. വീട് പരിപൂർണമായി തകർന്നു വീഴുന്നതിനു മുമ്പ് അധികൃതരിൽ നിന്നും അടിയന്തര സഹായം ആശിക്കുകയാണ് ഈ വയോധിക.
District News
ചാത്തന്നൂർ: കനത്ത മഴയിൽ ദേശീയ പാതയോരത്തെ നിരവധി കടകളിൽ വെള്ളം കയറി. ബുധനാഴ്ച രാത്രി മുതൽ ചെയ്ത മഴയിൽ ദേശീയപാതയുടെ സർവീസ് റോഡ് വെള്ളക്കെട്ടായി മാറി. വാഹനഗതാഗതവും കാൽ നടയാത്രയും ദുരിതമായി തീർന്നു.
ചാത്തന്നൂർ ജംഗ്ഷനിൽ തിരുവനന്തപുരം ഭാഗത്തേയ്്ക്കു ള്ള റോഡും ഗവ. ഹൈസ്കൂളിന് മുന്നിലെ റോഡുമാണ് വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ തടസം സൃഷ്ടിക്കുന്നത്. ദേശീയപാതയുടെ പ്രധാന റോഡ് ഉയരത്തിലാണ്. സർവീസ് റോഡിനോട് ചേർന്ന് ഓട നിർമിച്ചിട്ടുണ്ടെങ്കിലും സ്ലാബിലെ ദ്വാരങ്ങൾ അടഞ്ഞു പോയതിനാൽ വെള്ളം ഓടയിലേയ്ക്ക് വീഴാൻ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ്.
റീജണൽ സഹകരണബാങ്കിന്റെ മുൻവശം മുതൽഗവ. ഹൈസ്കൂൾ വരെയുള്ള ഭാഗത്താണ് ശക്തമായ വെള്ളക്കെട്ടുണ്ടായത്. ഈ ഭാഗത്തെ കടകളിലേയ്ക്ക് വെള്ളവും ചെളിയും കയറി. മഴ തോർന്ന ശേഷം കടകളിലെ വെള്ളം ഇറങ്ങിയെങ്കിലും ചെളി കെട്ടി കിടന്നു. കടകൾ തുറന്ന് ചെളി നീക്കം ചെയ്ത ശേഷമാണ് പ്രവർത്തനം തുടങ്ങിയത്.
ഗവ. ഹൈസ്കൂളിന് മുന്നിലൂടെയുള്ള റോഡും ഹൈവേയോട് ചേരുന്ന ഭാഗത്ത് വെള്ള കെട്ടായി മാറി. മുമ്പ്ഈ ഭാഗത്തെ കലുങ്കിലൂടെ വെള്ളം ഒഴുകി ചാത്തന്നൂർ തോട്ടിലെത്തുമായിരുന്നു. ഹൈവേയുടെ പുനർനിർമാണമായതോടെ കലുങ്ക് ഇല്ലാതായി. സ്കൂളിന് മുന്നിലെ നാല് കടകളിലും വെള്ളം കയറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജഹരീഷ് വെള്ളം കയറിയ കടകൾ സന്ദർശിച്ചു. വെള്ളക്കെട്ട്മാറും വരെ ഗതാഗതവും ദുഷ്കരമായിരുന്നു.
Sports
പെര്‍ത്ത്: മഴയെ തുടർന്ന് ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പയിലെ ആദ്യ മത്സരം നിർത്തിവച്ചു. മത്സരം തുടങ്ങി ഒമ്പതാം ഓവറിലാണ് ആദ്യം മഴയെത്തിയത്. തുടർന്ന് 49 ഓവറാക്കി മത്സരം പുനരാരംഭിച്ചെങ്കിലും പിന്നീടും മഴയെത്തുകയായിരുന്നു.
കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. ഏഴ് റണ്‍സോടെ അക്സര്‍ പട്ടേലും ആറ് റണ്‍സോടെ ശ്രേയസ് അയ്യരുമാണ് ക്രീസില്‍. രോഹിത് ശര്‍മ (എട്ട്), വിരാട് കോഹ് ലി (0), ശുഭ്മാന്‍ ഗില്‍(10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഓസ്ട്രേലിയ്ക്കായി ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Kerala
തിരുവനന്തപുരം: തുലാവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വ്യാഴാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമായതിനാൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇക്കുറി തുലാവർഷം തുടക്കത്തിൽ തന്നെ കനക്കാനാണ് സാധ്യത.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ന് മധ്യപടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
വ്യാഴാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന്പേർ മരിച്ചു. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് തകർന്നു. ജൽപൈഗുരി, സിലിഗുരി, കൂച്ച്ബെഹാർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. ഇതേതുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി.
ഡാർജിലിംഗിലെ ടൈഗർ ഹിൽ, റോക്ക് ഗാർഡൻ എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ (ജിടിഎ) തീരുമാനിച്ചു. ഡാർജിലിംഗിലെ ടോയ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു.
രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുന്നതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും റോഡ്, കാലാവസ്ഥ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അധികൃതർ അറിയിച്ചു.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.
വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് ചരിഞ്ഞു കൊണ്ട്, വടക്കുപടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള -മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു.
മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇത് ക്രമേണ പടിഞ്ഞാറോട്ട് നീങ്ങാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
തുടർന്ന് ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള വടക്കു പടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ട്. ശനിയാഴ്ചയോടെ ഇത് തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തിങ്കളാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്. തമ്പാനൂര്‍, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
നഗരത്തില്‍ കഴിഞ്ഞ മണിക്കൂറില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചു. മലയോരമേഖലകളില്‍ ഉള്‍വനത്തില്‍ മഴ ശക്തമായി പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതല്‍ അടച്ചിടാന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദേശം നല്കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാണ് ഉത്തരവ്.
കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 15 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടിത്തത്തിന് വിലക്കില്ല.
ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കൻ കേരളത്തിലായിരിക്കും മഴ കൂടുതൽ ശക്തമാകുകയെന്നാണ് വ്യക്തമാകുന്നത്.
District News
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.
നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും ജില്ലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
District News
കണ്ണൂർ ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. മഴക്കെടുതികൾ നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
മഴ കനത്തതോടെ പലയിടത്തും ഗതാഗത തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലേക്ക് വെള്ളം കയറിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
District News
വയനാട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. തുടർച്ചയായ മഴയെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പ്രധാന പുഴകളായ കബനി, പുന്നപ്പുഴ എന്നിവിടങ്ങളിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മഴ കനത്തതോടെ പലയിടത്തും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലേക്ക് വെള്ളം കയറിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ജില്ലയിലെ ദുരന്തനിവാരണ സേനാംഗങ്ങൾ അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണം.
Chocolate
ധാരാളം മഴ ലഭിക്കുന്ന കാടുകളെയാണ് മഴക്കാടുകള്‍ എന്നു വിളിക്കുന്നത്. മഴക്കാടുകള്‍ രണ്ടു തരമുണ്ട് ഉഷ്ണമേഖല മഴക്കാടുകളും (tropical rainforest) മിതോഷ്ണ മേഖല മഴക്കാടുകളും (temparate rainforest). ലേകത്തിലെ ഏറ്റവും വലിയ മഴക്കാട് ഏതാണെന്ന് കൂട്ടുകാര്‍ക്ക് അറിയാമോ? ആമസോണ്‍ മഴക്കാടുകളാണത്. കേരളത്തിന്റെ 138 ഇരട്ടി വലുപ്പം ആമസോണ്‍ മഴക്കാടുകള്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ബ്രസീല്‍, കൊളംബിയ, പെറു, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, വെനസ്വേല, സുരിനാം, ബൊളിവിയ എന്നീ ഒമ്പത് രാജ്യങ്ങളിലായാണ് ഈ ഭീമന് മഴക്കാട് വ്യാപിച്ചു കിടക്കുന്നത്. ഭൂമിയുടെ ശ്വാസം കോശം എന്നറിയപ്പെടുന്നതും ഈ വനമേഖലയാണ്.
പ്രകാശ സംശ്ലേഷണത്തിനായി (ഫോട്ടോ സിന്തസിസ് ) ചെടികളും മരങ്ങളും കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജന്‍ പുറന്തള്ളുകയും ചെയ്യുന്നുവെന്ന് അറിയാമല്ലോ. ഏറ്റവും കൂടുതല്‍ ഓക്സിജന്‍ ഭൂമിക്ക് സമ്മാനിക്കുന്നവര്‍ ആമസോണ്‍ മഴക്കാടുകളാണ്. അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് കാലാവസ്ഥാ വ്യതിയാനത്തിലേക്കും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കും നയിക്കും. അതിനാലാണ് ആമസോണ്‍ മഴക്കാടുകളിലെ തീപിടുത്തവും അധിനിവേശവുമൊക്കെ ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. വര്‍ഷത്തില്‍ ആമസോണ്‍ മഴക്കാടുകളില്‍ ലഭിക്കുന്ന മഴയെത്രയാണെന്ന് കൂട്ടുകാര്‍ക്ക് അറിയാമോ? 1500 മുതല്‍ 3000 മില്ലിമീറ്റര്‍ വരെയാണത്.
National
11 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. വയനാട്ടിലും ഇടുക്കിയിലും മഴ കനക്കുകയാണ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ അറബിക്കടൽ മുതൽ ജാർഖണ്ഡ് വരെ രൂപപ്പെട്ട ന്യൂനമർദപാത്തിയാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കാനിടയാക്കുന്നത്.
District News
ചങ്ങനാശേരി: പെരുന്ന ഗവ. എല്‍പി, ചിങ്ങവനം ഗവ. എല്‍പി സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ആളുകളെ മറ്റ് കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ച് ഇന്നുമുതല്‍ ഈ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി.സാമുവല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. പെരുന്ന സ്കൂളിലെ ക്യാമ്പിലുള്ളവരെ ഗവ. മോഡല്‍ ഹൈസ്കൂളിലെ മുറികളിലേക്കും ചിങ്ങവനം സ്കൂളിലെ ക്യാമ്പിലുള്ളവരെ അനുയോജ്യമായ മറ്റൊരു സ്കൂളിലേക്കും മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം.
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ക്യാമ്പിലുള്ളവരെ ഇന്നലെ രാത്രിയോടെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നുമുതല്‍ ഈ രണ്ടു സ്കൂളുകളിലും തടസംകൂടാതെ ക്ലാസുകള്‍ ആരംഭിക്കും. രണ്ട് സ്കൂളുകളിലേയും ഹെഡ്മാസ്റ്റര്മാര്, പടിഎ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തെ പിടിഎ സ്വാഗതം ചെയ്തു.
രക്ഷിതാക്കളുടെ ആവശ്യം കളക്ടര്‍ കരുതലോടെ കേട്ടു
പെരുന്ന ഗവ. എല്‍പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടരുന്നതുമൂലം വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെടുന്നതായി ചൂണ്ടിക്കാണിച്ച് രക്ഷിതാക്കളും അധ്യാപകരും നഗരസഭാധികൃതര്‍, തഹസില്‍ദാര്‍, എഇഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
എല്‍കെജി, യുകെജി മുതല്‍ നാലുവരെ ക്ലാസുകളിലായി അമ്പതു വിദ്യാര്‍ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. സ്കൂള്‍ തുറന്നപ്പോള്‍മുതല്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നാലുദിവസം മാത്രമേ ക്ലാസ് നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.
ദുരിതാശ്വാസ ക്യാമ്പിലെ ആളുകളെ അനുയോജ്യമായ സ്ഥലത്തേക്കു മാറ്റി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് പിടിഎ നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ നടക്കുന്ന സ്കൂളുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതുപ്രകാരമുള്ള ദിവസം എങ്ങനെ ക്ലാസുകള്‍ നടത്താനാകുമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. അടിയന്തര സാഹചര്യങ്ങളില്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പു പ്രവര്‍ത്തനത്തില്‍നിന്ന് എല്‍പി സ്കൂളുകളെ ഒഴിവാക്കണമെന്ന് നേരത്തേതന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കുന്നക്കാട് കമ്യൂണിറ്റിഹാള്‍ ക്യാമ്പിനായി സജ്ജമാക്കണം മഴയുടെ സാഹചര്യം നിലനില്ക്കുന്നതനാല് ദുരിതാശ്വാസ ക്യാമ്പ് പ്രവര്ത്തിക്കത്തവിധം ഫാത്തിമാപുരം കുന്നക്കാട് കമ്യൂണിറ്റി ഹാളില്‍ രണ്ടാഴ്ചക്കകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ചങ്ങനാശേരി നഗരസഭയ്ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
District News
കുമരകം: കുമരകത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മാർക്കറ്റ് ചെറിയൊരു മഴ പെയ്യുന്പോഴേ വെള്ളത്തിൽ മുങ്ങുകയാണ്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെയും പഞ്ചായത്ത് അധികൃതരെയും വിവരം ധരിപ്പിച്ചെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് വ്യാപാരികളുടെ ആക്ഷേപം.
പഞ്ചായത്തിലെ പ്രധാനപ്പെട്ട മത്സ്യവ്യാപാരവും പലചരക്കു വ്യാപാരങ്ങളും ഉൾപ്പെടെ നടക്കുന്ന പ്രദേശത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലമുള്ള ദുർഗന്ധവും ഉപഭോക്താക്കൾക്ക് എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടും ഏറെയാണ് .
മഴവെള്ളം ഒഴുകിപ്പോകുന്നതിനായുള്ള സംവിധാനമില്ലാത്തതാണ് വലിയ വെള്ളക്കെട്ടിന് കാരണം. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ടു വെള്ളക്കെട്ട് ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
District News
വൈക്കം: മഴ തുടരുകയും കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തിപ്പെടുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളക്കെട്ടു ദുരിതമേറുന്നു. ദിവസങ്ങളായി വെള്ളം കെട്ടിനിൽക്കുന്നതിനാൽ വീട്ടുപരിസരങ്ങളിൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് കടുത്ത ദുർഗന്ധം വമിക്കുകയാണ്.
നീരൊഴുക്കു നിലച്ച ജലാശയങ്ങളുടെയും തരിശായിക്കിടക്കുന്ന പാടശേഖരങ്ങളുടെയും സമീപത്ത് താമസിക്കുന്ന കുടുംബങ്ങളുടെ വീട്ടുപരിസരങ്ങളിൽ വെള്ളം കറുത്ത നിറത്തിലാണ്. വീടുകളിലെ സെപ്റ്റിക് ടാങ്കുകളിൽ വെള്ളം നിറഞ്ഞതോടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും പ്രദേശവാസികൾക്ക് നിർവാഹമില്ല.
തലയോലപ്പറമ്പിലെ പടിഞ്ഞാറൻ മേഖലയിലുള്ള തേവലക്കാട്, വടയാർ, കോരിക്കൽ, പഴമ്പട്ടി തുടങ്ങിയ സ്ഥലങ്ങളിലെ 300ലധികം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. മൂവാറ്റുപുഴയാറിലും കരിയാറിലും ജലനിരപ്പുയർന്നതോടെ ഉദയനാപുരം പഞ്ചായത്തിലെ വാഴമന കൊടിയാട്, പടിഞ്ഞാറേക്കര, ചെട്ടിമംഗലം, തലയാഴത്തെ തോട്ടകം, വാക്കേത്തറ, ചെട്ടിക്കരി, ഏഴാം ബ്ലോക്ക് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായി.
വടയാർ-എഴുമാന്തുരുത്ത് റോഡിൽ പൊന്നുരുക്കുംപാറ ഭാഗത്ത് റോഡിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെടുമെന്ന സ്ഥിതിയിലാണ്. വെള്ളക്കെട്ടു ദുരിതബാധിത പ്രദേശങ്ങളിൽ മലിനീകരണം രൂക്ഷമായതിനാൽ സാംക്രമികരോഗഭീതിയിലാണ് പ്രദേശവാസികൾ.