തിരുവനന്തപുരം: തുലാവർഷം അവസാനിക്കാൻ പത്തു ദിവസം ബാക്കി നിൽക്കേ സംസ്ഥാനത്ത് 20 ശതമാനം മഴക്കുറവ്. ഇന്നലെ വരെ 486.5 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 388.3 മില്ലിമീറ്റർ മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷക്കാലത്ത് സംസ്ഥാനത്ത് 491.9 മില്ലിമീറ്റർ മഴയാണ് പെയ്യേണ്ടത്. കഴിഞ്ഞ വർഷം തുലാവർഷത്തിൽ 487.2 മില്ലിമീറ്റർ മഴയാണ് തുലാവർഷത്തിൽ പെയ്തത്.
ഇക്കുറി തുലാവർഷത്തിന്റെ പ്രകടനം ദുർബലമായതോടെ മിക്ക ജില്ലകളും മഴക്കുറവിൽ വലയുകയാണ്. സംസ്ഥാനത്തിന്റെ പല മേഖലകളും കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് ഇക്കുറി മഴക്കുറവ് ഏറ്റവും രൂക്ഷമായി തുടരുന്നത്. 33 ശതമാനം മഴക്കുറവാണ് ഇന്നലെ വരെ ജില്ലയിൽ രേഖപ്പെടുത്തിയത്.
കൊല്ലം ജില്ലയിൽ 31 ശതമാനവും ഇടുക്കി ജില്ലയിൽ 25 ശതമാനവും കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ 23 ശതമാനവും വയനാട്ടിൽ 23 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി.
അതേസമയം ഇക്കുറി തുലാവർഷത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 540.7 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് തിരുവനന്തപുരത്ത് ഇക്കാലയളവിൽ പെയ്തത് 536.6 മില്ലിമീറ്റർ മഴയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Tags : rain rainy season