Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ അവയവങ്ങൾ സ്വീകരിച്ച കുട്ടികൾ സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആലിനിന്റെ അവയവങ്ങൾ മറ്റു രണ്ടു പേരിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ തിരുവനന്തപുരത്തെ ആശുപത്രികളിൽ പൂർത്തിയായത്. കിംസ് ആശുപത്രിയിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിൽ നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പൂർണ വിജയകരമായിരുന്നു.
ആറു മാസം പ്രായമുള്ള കുഞ്ഞിനാണ് കരൾ മാറ്റിവച്ചത്. പത്തു വയസു പ്രായമുള്ള കുട്ടിക്കാണ് വൃക്കകൾ നൽകിയത്. രണ്ടു കുട്ടികളും നിലവിൽ അതത് ആശുപത്രികളിൽ ഡോക്ടർമാരുടെ പരിചരണത്തിലാണ്.
അച്ഛനമ്മമാരും ബന്ധുക്കളും ആശുപത്രിയിൽതന്നെ തുടരുകയാണ്. കുട്ടികളുടെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതി ഡോക്ടർമാർ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും അതേസമയം കുഞ്ഞുങ്ങളെ ഇതുവരെ നേരിൽ കാണാനായിട്ടില്ലെന്നും ഇവരുടെ അച്ഛനമ്മമാർ പറഞ്ഞു.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. വടക്കാഞ്ചേരി സ്വദേശിനി നിർമലയാണ് മരിച്ചത്. .
ആശുപത്രി അധികൃതരുടെ പിഴവു മൂലം വിദഗ്ധ ചികിത്സ ലഭിക്കുന്നതിലടക്കം കാലതാമസമുണ്ടായെന്ന് നിർമലയുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ജില്ലാ ആശുപത്രിയിലെ പരിമിതികളെ തുടർന്ന് രക്തസ്രാവമുണ്ടായപ്പോൾ മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ 16-ാം തീയതിയാണ് നിർമലയെ ശസ്ത്രക്രിയക്കായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതര രക്തസ്രാവത്തെ തുടർന്ന് 18-ാം തീയതി തൃശൂർ മെഡിക്കൽ കോളജിൽ വച്ച് നിർമല മരിക്കുകയായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kerala
മാനന്തവാടി: പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു 75 ദിവസത്തിനുശേഷം പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്കി.
പ്രസവശേഷം രക്തസ്രാവം തടയുന്നതിനു വച്ച പഞ്ഞി രണ്ടര മാസത്തോളം യുവതിയുടെ വയറ്റില്‍ കിടക്കാനിടയായത് ചികിത്സപ്പിഴവാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്.
പാണ്ടിക്കടവ് സ്വദേശിനിയായ 21കാരി ഒക്ടോബറില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ അസഹ്യമായ വയറുവേദനയും ദുര്‍ഗന്ധവും അനുഭവപ്പെട്ടു.
ഇക്കാര്യം മാതാവിനെ അറിയിച്ച യുവതി രണ്ടുവട്ടം ആശുപത്രിയില്‍ പരിശോധനയ്ക്കു എത്തിയെങ്കിലും ഡോക്ടര്‍ കുഴപ്പമില്ലെന്നാണ് പറഞ്ഞത്. ധാരാളം വെള്ളം കുടിക്കണമെന്നു ഡോക്ടര്‍ ഉപദേശിച്ചതായും യുവതി പറയുന്നു.
വേദന സഹിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ കഴിഞ്ഞദിവസം പഞ്ഞി തനിയേ പുറത്തുവരികയായിരുന്നു. ചികിത്സപ്പിഴവിന് ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യുവതി പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളുവിനു പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനു ഡിഎംഒയുടെ നിര്‍ദേശം. ഡിഎംഒയ്ക്കും പരാതി നല്‍കിയതായി യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു.
Kerala
കോഴിക്കോട്: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ഭക്ഷണം കഴിക്കാത്തതിനെ തുടർന്നു തിങ്കളാഴ്ച വൈകീട്ട് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേയിൽ അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി പരിശോധിച്ചപ്പോൾ കണ്ടെത്തി.
തുടർന്നു യുവാവിനെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നാലെ തിങ്കളാഴ്ച രാത്രി നടത്തിയ ശസ്ത്രക്രിയയിലൂടെ 15 സെന്റീ മീറ്റർ നീളമുള്ള കത്രിക പുറത്തെടുക്കുകയായിരുന്നു.
ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം അമിത രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ രജീഷിന്റെ ഭാര്യ ധന്യ(41) യാണ് മരിച്ചത്.
ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് പോലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട മെഡിക്കൽ ബോർഡ് തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം എന്ന് എസ്എച്ച്ഒ സി. ശ്രീജിത്ത് അറിയിച്ചു.
ആശുപത്രി അധികൃതർ ശസ്ത്രക്രിയ നടപടികൾ എല്ലാം പൂർത്തീകരിച്ചിരുന്നോ, ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ തുടങ്ങിയ വിഷയങ്ങളിൽ ആണ് മെഡിക്കൽ ബോർഡ് പരിശോധന നടത്തുക.
നിലവിൽ ധന്യയുടെ ചികിത്സാ റെക്കോർഡുകൾ, ഓപ്പറേഷൻ റെക്കോർഡ് എന്നിവ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് മെഡിക്കൽ ബോർഡിന് കൈമാറിയതായി എസ്എച്ച്ഒ അറിയിച്ചു.
താക്കോൽദ്വാര ശസ്ത്രക്രിയയാണ് ധന്യയ്ക്ക് നിശ്ചയിച്ചിരുന്നത്. ഇത് ചെയ്യുന്നതിനിടെ, ചേർന്നിരുന്ന കുടലുകൾ അകറ്റുമ്പോൾ രക്തസ്രാവം ഉണ്ടായി. തുടർന്ന് ഓപ്പൺ ശസ്ത്രക്രിയ നടത്തി രക്തസ്രാവം പരിഹരിച്ച ശേഷം മുഴ നീക്കം ചെയ്തു. അതിനു പിന്നാലെയാണ് ധന്യ മരിച്ചത്.
Sports
ബ്രസീലിയ: ബ്രസീല്‍ സൂപ്പര്‍ ഫുട്ബോളര് നെയ്മര്‍ ഇടത് കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്കു വിധേയനായി. ശസ്ത്രക്രിയ വിജയകരമാണെന്ന് അദ്ദേഹത്തിന്റെ ക്ലബ്ബായ സാന്റോസ് അറിയിച്ചു.
ഒരു മാസത്തെ വിശ്രമത്തിനുശേഷം നെയ്മറിനു കളത്തില്‍ തിരിച്ചെത്താമെന്നാണ് സൂചന.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള ബ്രസീല്‍ ടീമില്‍ ഇടം നേടാനുള്ള അവസാന ശ്രമത്തിലാണ് നെയ്മര്‍. 128 മത്സരങ്ങളില്‍നിന്ന് 79 ഗോള്‍ നേടിയ നെയ്മറാണ്, ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറര്‍.
Kerala
കൊച്ചി: ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നടുറോഡിൽ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഒരു ജീവൻ രക്ഷിക്കുക, ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക, അത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്നും പ്രിയപ്പെട്ട ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വി.ഡി. സതീശന്റെ കുറിപ്പിന്റെ പൂർണരൂപം:
ഒരു ജീവൻ രക്ഷിക്കുക. ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ഭാര്യ ദിദിയാ തോമസ്, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ബി മനൂപ് എന്നിവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്
ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരിൽ റോഡപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്. അതിൽ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു. ഒരാൾ ജീവിതത്തിൽ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടർമാർ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്
രാവിലെ ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചു. അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ(39) ആണ് മരിച്ചത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മാവേലിക്കര വിഎസ്എം ആശുപത്രിയിലാണ് സംഭവം.
അതേസമയം, ചികിത്സാ പിഴവ് ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കാണ് ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കീ ഹോൾ സർജറിക്കുള്ള അനുമതി പത്രം ആശുപത്രി അധികൃതർ ബന്ധുക്കളിൽ നിന്നും ഒപ്പിട്ടു വാങ്ങുകയും ചെയ്തു.
എന്നാൽ ഓപ്പൺ സർജറി നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശസ്ത്രക്രിയ ഇന്ന് പുലർച്ചെയാണ് നടത്തിയതെന്നും കീ ഹോൾ സർജറി തന്നെയാണ് നടത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ശസ്ത്രക്രിയക്കിടെ കുടലിൽ ഒരു രക്ത സ്രാവം ഉണ്ടായി. രക്തസ്രാവം സങ്കീർണമായതോടെ ഓപ്പൺ സർജറി ചെയ്യേണ്ടിവന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മൊഴി എടുക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
National
ഉജ്ജെയിൻ: രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ മൂർഖൻ പാമ്പിന് പുതുജീവൻ. ജെസിബിയുടെ അടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ പാമ്പിനെയാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്.
80ഓളം തുന്നലുകളാണ് പാന്പിന്റെ ശരീരത്തിൽ ഇട്ടത്. മധ്യപ്രദേശിലെ ഉജ്ജെയ്നിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിക്രം നഗർ വ്യവസായ മേഖലയിൽ മണ്ണ് കുഴിക്കുന്ന പ്രവർത്തികൾക്കിടയിലാണ് മൂർഖൻ പാമ്പ് ജെസിബിക്ക് അടിയിലായത്. പരിക്കേറ്റ് ചോരയുമായി പണി നടക്കുന്ന സ്ഥലത്ത് പാമ്പ് ഇഴഞ്ഞ് നടക്കുന്നത് കണ്ട സ്ഥലത്തുണ്ടായിരുന്ന ചിലർ പാമ്പിന് മുകളിൽ മണ്ണ് ഇട്ട് മൂടുകയായിരുന്നു.
എന്നാൽ സംഭവം അറിഞ്ഞെത്തിയ മൃഗസ്നേഹികളായ രാഹുൽ, മുകുൾ എന്നിവർ പാമ്പിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉദ്യാൻ മാർഗിലെ മൃഗാശുപത്രിയിൽ വച്ചാണ് മൂർഖന്റെ മുറിവുകളിൽ തുന്നലിട്ടത്. ചീഫ് വെറ്ററിനറി സർജൻ ഡോ. മുകേഷ് ജെയിൻ, രാംകന്യ ഗൗരവ്, രവി രാത്തോഡ്, പ്രശാന്ത് പരിഹാർ എന്നിവരാണ് മൂർഖന്റെ തലയിലും പിൻ ഭാഗത്തുമായി ഗുരുതര പരിക്കുകൾ കണ്ടെത്തിയത്.
മുറിവുകൾ മാരകമാണെന്ന് തിരിച്ചറിഞ്ഞതോടെ ചെറിയ അളവിലുള്ള അനസ്തേഷ്യ നൽകിയാണ് മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തിയത്. മൂർഖൻ പാമ്പിന്റെ ത്വക്കും പേശികളും അടക്കമാണ് മെഡിക്കൽ സംഘം തുന്നിച്ചേർത്തത്. നിലവിൽ പോസ്റ്റ് ശസ്ത്രക്രിയ പരിചരണത്തിലുള്ള പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഡോക്ടർമാർ വിശദമാക്കി.
National
ഭോപ്പാല്‍: മധ്യപ്രദേശിൽ മണ്ണ് നീക്കുന്നതിനിടെ ജെസിബിക്കടിയില്പ്പെട്ട് പരിക്കേറ്റ മൂർഖൻ പാമ്പിന് അത്ഭുത രക്ഷപ്പെടല്‍.
ഉജ്ജയിനിലെ വിക്രം നഗര്‍ വ്യവസായ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി മണ്ണ് എടുക്കുന്നതിനിടെയാണ് സംഭവം. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പാമ്പിന് 80 തുന്നല്‍ ഇട്ടു.
ജെസിബിയുടെ മുന്‍ഭാഗം പാമ്പിന് മേല്‍ പതിക്കുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ ആദ്യം പാമ്പിന് മേല്‍ മണ്ണ് വാരിയിട്ടെങ്കിലും, പിന്നീട് പ്രദേശത്തെ പാമ്പ് പിടുത്തക്കാരായ രാഹുലിനെയും മുകുളിനെയും വിളിച്ചുവരുത്തി.
ഇരുവരും സ്ഥലത്തെത്തി പരിക്കേറ്റ മൂര്‍ഖനെ സുരക്ഷിതമായി രക്ഷപ്പെടുത്തി സമീപത്തെ മൃഗാശുപത്രിയില്‍ എത്തിച്ചു.
പാമ്പിന്റെ തലയിലും ഉടലിലും സാരമായ മുറിവുകള്‍ കണ്ടെത്തി. ഉടന്‍ തന്നെ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ടുമണിക്കൂര്‍ നേരമെടുത്താണ് പാമ്പിന്റെ ത്വക്കും പേശികളും തുന്നിച്ചേര്‍ത്തത്.
പാമ്പിന് 80 തുന്നലുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Kerala
കോഴിക്കോട്: വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട് പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്.
അതേസമയം, കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട് തള്ളിയാണ് സർക്കാർ നടപടി.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ. ബാബുവും പറഞ്ഞിരുന്നു.
പാലക്കാട് പല്ലശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു.