ഉജ്ജെയിൻ: രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ മൂർഖൻ പാമ്പിന് പുതുജീവൻ. ജെസിബിയുടെ അടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ പാമ്പിനെയാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്.
80ഓളം തുന്നലുകളാണ് പാന്പിന്റെ ശരീരത്തിൽ ഇട്ടത്. മധ്യപ്രദേശിലെ ഉജ്ജെയ്നിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിക്രം നഗർ വ്യവസായ മേഖലയിൽ മണ്ണ് കുഴിക്കുന്ന പ്രവർത്തികൾക്കിടയിലാണ് മൂർഖൻ പാമ്പ് ജെസിബിക്ക് അടിയിലായത്. പരിക്കേറ്റ് ചോരയുമായി പണി നടക്കുന്ന സ്ഥലത്ത് പാമ്പ് ഇഴഞ്ഞ് നടക്കുന്നത് കണ്ട സ്ഥലത്തുണ്ടായിരുന്ന ചിലർ പാമ്പിന് മുകളിൽ മണ്ണ് ഇട്ട് മൂടുകയായിരുന്നു.
എന്നാൽ സംഭവം അറിഞ്ഞെത്തിയ മൃഗസ്നേഹികളായ രാഹുൽ, മുകുൾ എന്നിവർ പാമ്പിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉദ്യാൻ മാർഗിലെ മൃഗാശുപത്രിയിൽ വച്ചാണ് മൂർഖന്റെ മുറിവുകളിൽ തുന്നലിട്ടത്. ചീഫ് വെറ്ററിനറി സർജൻ ഡോ. മുകേഷ് ജെയിൻ, രാംകന്യ ഗൗരവ്, രവി രാത്തോഡ്, പ്രശാന്ത് പരിഹാർ എന്നിവരാണ് മൂർഖന്റെ തലയിലും പിൻ ഭാഗത്തുമായി ഗുരുതര പരിക്കുകൾ കണ്ടെത്തിയത്.
മുറിവുകൾ മാരകമാണെന്ന് തിരിച്ചറിഞ്ഞതോടെ ചെറിയ അളവിലുള്ള അനസ്തേഷ്യ നൽകിയാണ് മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തിയത്. മൂർഖൻ പാമ്പിന്റെ ത്വക്കും പേശികളും അടക്കമാണ് മെഡിക്കൽ സംഘം തുന്നിച്ചേർത്തത്. നിലവിൽ പോസ്റ്റ് ശസ്ത്രക്രിയ പരിചരണത്തിലുള്ള പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഡോക്ടർമാർ വിശദമാക്കി.
Tags : Doctors save crushed cobra surgery