Leader Page
ഖാലിദ സിയയുടെ ഭരണകാലത്ത് "ഡാർക് പ്രിൻസ് 'എന്നാണ് മകൻ താരിഖ് റഹ്മാൻ അറിയപ്പെട്ടിരുന്നത്. ഡാർക് പ്രിൻസ് ഇനി ബംഗ്ലാദേശിന്റെ കിംഗ് ആകുകയാണ്.
17 വർഷം ലണ്ടനിൽ കഴിഞ്ഞശേഷമാണ് താരിഖ് 2025 ഡിസംബർ 25ന് ബംഗ്ലാദേശിൽ തിരിച്ചെത്തി ബിഎൻപിയുടെ കടിഞ്ഞാൺ ഏറ്റെടുത്തത്. താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തി അഞ്ചു ദിവസത്തികം ഖാലിദ സിയ അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു അവർ.
രണ്ടു ദശകം അധികാരത്തിൽനിന്നു പുറത്തായ ബിഎൻപിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. താരിഖിന്റെ പിതാവ് സിയാവുർ റഹ്മാനാണ് ബിഎൻപിയുടെ സ്ഥാപകൻ. 1981ൽ സിയാവുർ റഹ്മാൻ കൊല്ലപ്പെട്ട സമയത്ത് താരിഖിനു 16 വയസു മാത്രമായിരുന്നു പ്രായം. തുടർന്ന് ഖാലിദ സിയ ബിഎൻപിയുടെ നേതൃത്വത്തിലെത്തി.
1965 നവംബർ 20ന് ധാക്കയിലാണ് സിയാവുർ റഹ്മാൻ-ഖാലിദ സിയ ദന്പതികളുടെ മൂത്ത മകനായി താരിഖ് ജനിച്ചത്. താരിഖിന്റെ ബാല്യകാലത്തായിരുന്നു ബംഗ്ലാദേശ് വിമോചനപ്രക്ഷോഭം. അമ്മയ്ക്കും സഹോദരനും ഒപ്പം താരിഖ് അറസ്റ്റിലായി.
പാക്കിസ്ഥാനിൽനിന്നു ബംഗ്ലാദേശ് സ്വാതന്ത്യം നേടിയ 1971 ഡിസംബർ 16ന് താരിഖ് അമ്മയും സഹോദരനും മോചിപ്പിക്കപ്പെട്ടു. 2009ൽ ബിഎൻപി സീനിയർ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഖാലിദ സിയ രണ്ടാമതു പ്രധാനമന്ത്രിയായ 2001-2006 കാലത്ത് ഭരണത്തിൽ താരിഖിനു വൻ സ്വാധീനമുണ്ടായിരുന്നു. സമാന്തര അധികാരകേന്ദ്രമെന്നായിരുന്നു താരിഖിനെ എതിരാളികൾ വിശേഷിപ്പിച്ചിരുന്നത്.
അവാമി ലീഗ് ഭരണകാലത്ത് നിരവധി അഴിമതിക്കേസുകളിൽ താരിഖിനെ പ്രതിചേർത്തു. 2007ൽ അറസ്റ്റിലായി. 18 മാസം ജയിലിൽ കഴിഞ്ഞു. 2008ൽ ഇദ്ദേഹം രാജ്യം വിട്ടു. വിദേശത്തായിരുന്നപ്പോഴും ബിഎൻപിയുടെ തന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നത് താരിഖായിരുന്നു. 2004ൽ ഷേഖ് ഹസീനയുടെ റാലിക്കിടെ ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ട കേസിൽ താരിഖിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എല്ലാ കേസുകളും രാഷ്ട്രീയപ്രേരിതമാണെന്ന് താരിഖ് പറയുന്നു.
മുഹമ്മദ് യൂനസിന്റെ ഇടക്കാല സർക്കാർ എല്ലാ കേസുകളിൽനിന്നും താരിഖിനെ കുറ്റവിമുക്തമാക്കി. 2018ൽ ഖാലിദ സിയ അഴിമതിക്കേസിൽ ജയിലിലായപ്പോൾ താരിഖിനെ ബിഎൻപിയുടെ ആക്ടിംഗ് ചെയർമാനായി. അമ്മയുടെ മരണശേഷം ചെയർമാൻസ്ഥാനം ഏറ്റെടുത്തു.
ബംഗ്ലാദേശിന്റെ മുൻ നാവികസേനാ തലവന്റെ മകൾ ഡോ. സുബൈദ റഹ്മാൻ ആണ് താരിഖിന്റെ ഭാര്യ. സൈന സർനാസ് റഹ്മാൻ മകളാണ്.
International
ധാക്ക: മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്.
ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി സഖ്യം വിജയം ഉറപ്പിച്ചത്. 60-കാരനായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നു മത്സരിച്ച താരിഖ് റഹ്മാൻ രണ്ടിടത്തും മികച്ച വിജയമാണു നേടിയത്. ആകെയുള്ള 300 സീറ്റുകളിൽ 292 ഇടത്താണ് ബിഎൻപി നേരിട്ട് മത്സരിച്ചത്. ഇതിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ബിഎൻപി നേടിയത്.
2024 ഓഗസ്റ്റിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെയാണ് രാഷ്ട്രീയത്തിൽ താരിഖ് റഹ്മാൻ വീണ്ടും സജീവമാകുന്നത്. 17 വർഷം താരിഖ് യുകെയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. 2025 ഡിസംബറിൽ ഖാലിദ സിയയുടെ നിര്യാണത്തിനുശേഷമാണ് താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നതും പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതും.
യുഎസിന്റെ അഭിനന്ദനം
ബിഎൻപിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അമേരിക്ക അഭിനന്ദിച്ചു. ബംഗ്ലാദേശിലെ ജനങ്ങൾക്കും ബിഎൻപിക്കും ആശംസകൾ നേരുന്നതായും ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും പുരോഗതിക്കുമായി പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നതായും യുഎസ് സ്ഥാനപതി ബ്രെന്റ് ടി. ക്രിസ്റ്റൻസൺ പറഞ്ഞു.
ഇന്ത്യയോടുള്ള സൗഹൃദം
പുതിയ സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുക എന്നതാണ്. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, "പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു താരിഖിന്റെ മറുപടി. ഇന്ത്യയുമായുള്ള സൗഹൃദം വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും എടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും താരിഖ് പറഞ്ഞിരുന്നു.
International
ധാക്ക: ബംഗ്ലാദേശ് ഇന്നു പോളിംഗ് ബൂത്തിലേക്ക്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന അധികാരഭ്രഷ്ടയായശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ആകെ വോട്ടർമാരുടെ എണ്ണം 12.7 കോടിയാണ്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നു ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ഞൂറോളം വിദേശ നിരീക്ഷകർ ബംഗ്ലദേശിലെത്തിയിട്ടുണ്ട്. പകുതിയോളം ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാൻ ഒന്പതു ലക്ഷം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. രാവിലെ 7.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വോട്ടെടുപ്പ്.
ജൂലൈ നാഷണൽ ചാർട്ടറുമായി ബന്ധപ്പെട്ട വിധിയെഴുത്തും ഇന്നു നടക്കും. ബംഗ്ലാദേശിന്റെ ജുഡീഷറി, ഭരണ, തെരഞ്ഞെടുപ്പ് മേഖലയിലുള്ള ഭരണഘടനാ പരിഷ്കരണ രേഖയാണ് ജൂലൈ നാഷണൽ ചാർട്ടർ. പ്രധാനമന്ത്രിയുടെ കാലാവധി 10 വർഷത്തേക്ക് പരിമിതപ്പെടുത്തുക, 100 അംഗങ്ങളുള്ള ഉപരിസഭയുള്ള ഒരു ദ്വിസഭ പാർലമെന്റ് രൂപവത്കരിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ജൂലൈ നാഷണൽ ചാർട്ടറിലുള്ളത്.
350 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ബംഗ്ലാദേശ് പാർലമെന്റ്. ഇവരിൽ 300 പേരെ നേരിട്ട് തെരഞ്ഞെടുക്കും. 50 സീറ്റ് വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇന്ന് 299 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുക. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഷേർപുർ-3ലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. അഞ്ചു വർഷമാണു പാർലമെന്റിന്റെ കാലാവധി.
ഷേഖ് ഹസീനയും ഖാലിദ സിയയും നയിക്കുന്ന പാർട്ടികളായിരുന്നു മൂന്നു ദശകമായി ബംഗ്ലാദേശ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടമായ ഷേഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഖാലിദ സിയ ഡിസംബറിൽ അന്തരിച്ചു. ഷേഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച സാഹചര്യത്തിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലെത്താനാണു സാധ്യത.
ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ആണ് ബിഎൻപിയെ നയിക്കുന്നത്. 17 വർഷം വിദേശത്തായിരുന്ന താരിഖ് റഹ്മാൻ ഡിസംബറിലാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർട്ടി സഖ്യം ബിഎൻപിക്കു ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ഷേഖ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.
2024ലെ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവർ രൂപവത്കരിച്ച നാഷണൽ സിറ്റിസൺ പാർട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ബംഗ്ലാദേശ് ലേബർ പാർട്ടി എന്നിവ ജമാഅത്തെ ഇസ്ലാമിയുടെ സഖ്യത്തിലുണ്ട്. 50 രാഷ്ട്രീയ പാർട്ടികളിലെ 1755 സ്ഥാനാർഥികളും 273 സ്വതന്ത്രരുമാണു മത്സരരംഗത്തുള്ളത്. ബിഎൻപിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് -291. ആകെ സ്ഥാനാർഥികളിൽ വനിതകൾ 83 പേരാണ്.
90 ശതമാനം മുസ്ലിംകളുള്ള ബംഗ്ലാദേശിൽ എട്ടു ശതമാനത്തോളം ഹൈന്ദവരുണ്ട്. ക്രിസ്ത്യൻ, ബുദ്ധ വിഭാഗങ്ങളും രാജ്യത്തുണ്ട്. ഷേഖ് ഹസീന പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങൾക്കു നേർക്ക് നിരന്തരം ആക്രമണമുണ്ടാകുന്നു. കഴിഞ്ഞ ദിവസം ഹിന്ദു ബിസിനസുകാരനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
International
ധാക്ക: അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്കു ബംഗ്ലാദേശ് വിടചൊല്ലി. ധാക്കയിൽ ഇന്നലെ നടന്ന അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന ക്കത്ത് ഖാലിദയുടെ മകൻ താരിഖ് റഹ്മാന് ശജയങ്കർ കൈമാറി.
ബംഗ്ലാദേശ് പാർലമെന്റ് വളപ്പിലെ സംസ്കാര പ്രാർഥനയ്ക്കു ശേഷം തൊട്ടടുത്തു തന്നെയുള്ള ചന്ദ്രിമ ഉദ്ദാൻ പാർക്കിൽ, ഭർത്താവും ഭരണത്തിലിരിക്കെ വധിക്കപ്പെട്ട പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ശവകുടീരത്തിനടുത്ത് ഖാലിദയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി ബംഗ്ലാദേശിൽ ദേശീയപതാക പാതി താഴ്ത്തിക്കെട്ടിയിരുന്നു. ധാക്കയിൽ സുരക്ഷ ഉറപ്പാക്കാനായി ആയിരക്കണക്കിനു ഭടന്മാരെ വിന്യസിച്ചു. ലക്ഷങ്ങൾ എത്തിച്ചേർന്നതിനാൽ ധാക്ക നഗരത്തിന്റെ പല ഭാഗങ്ങളും സ്തംഭിച്ചു. ഭരണത്തിലിരിക്കേ സ്ത്രീശക്തീകരണത്തിനായി ഖാലിദ സ്വീകരിച്ച നടപടികൾ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയവർ അനുസ്മരിച്ചു.
മൂന്നു വട്ടം പ്രധാനമന്ത്രിയായ ഖാലിദ സിയ വാർധക്യസഹജമായ അസുഖങ്ങളാൽ ചൊവ്വാഴ്ച ധാക്കയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഖാലിദയുടെ ബിഎൻപി പാർട്ടി ജയിക്കുകയും മകൻ താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയാവുകയും ചെയ്യുമെന്നാണ് പ്രവചനങ്ങൾ.
International
ധാക്ക: പ്രവാസത്തിനുശേഷം തിരിച്ചെത്തിയ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) നേതാവ് താരിഖ് റഹ്മാൻ ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഫെബ്രുവരി 17നാണ് തെരഞ്ഞെടുപ്പ്.
ധാക്ക-17 മണ്ഡലത്തിൽനിന്നാണ് താരിഖ് റഹ്മാൻ മത്സരിക്കുക. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്.
International
ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ 17 വർഷത്തെ ലണ്ടൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎൻപിയെ നയിക്കുന്ന അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ക്രിസ്മസ് ദിനത്തിൽ ധാക്കയിൽ വിമാനമിറങ്ങിയ താരിഖിനെ സ്വാഗതം ചെയ്യാനായി പതിനായിരങ്ങളാണു കാത്തുനിന്നത്. മുതിർന്ന ബിഎൻപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ബംഗ്ലാ മണ്ണിൽ കാലുകുത്തുന്നതിനു മുന്പായി താരിഖ് ഷൂസുകൾ ഊരിമാറ്റി.
“പ്രിയ ബംഗ്ലാദേശ്” എന്നു പറഞ്ഞുകൊണ്ടാണ്, വിമാനത്താവളത്തിലെ സ്വീകരണ വേദിയിൽ അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജനാധിപത്യത്തിലൂന്നിയ സാന്പത്തിക ശക്തിയായ ബംഗ്ലാദേശാണ് താൻ സ്വപ്നം കാണുന്നതെന്നും സമാധാനമാണ് ബംഗ്ലാദേശിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര ബംഗ്ലാദേശ് പടുത്തുയർത്താനായി മുസ്ലിം, ഹിന്ദു, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങൾ തനിക്കൊപ്പം നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വിമാനത്താവളത്തിൽനിന്നു ധാക്കയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മ ഖാലിദയെ കാണാനാണ് താരിഖ് പോയത്.
മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനായ താരിഖ്, ഷേഖ് ഹസീന ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടയാടലിൽനിന്നു രക്ഷപ്പെടാനായി 2008 മുതൽ കുടുംബത്തിനൊപ്പം ലണ്ടനിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു.
ഫെബ്രുവരിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കു മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കും.
International
ധാക്ക: മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ, 17 വർഷമായി പ്രവാസത്തിൽ കഴിയുന്ന മൂത്ത മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നു.
ക്രിസ്മസ് ദിനത്തിൽ അദ്ദേഹം രാജ്യത്തു കാലുകുത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) അദ്ദേഹം നേരിട്ടു നേതൃത്വം നല്കും. താരിഖ് ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് പ്രവചനം.
മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദ സിയയുടെയും മകനായ താരിഖിന് ‘കീരിടാവകാശി’ എന്നു വിളിപ്പേരുണ്ട്. താരിഖ് 2000ൽ ബിഎൻപി നേതൃനിരയിലെത്തിയതാണ്. ഷേഖ് ഹസീന ഭരണകൂടത്തിന്റെ കാലത്ത് അദ്ദേഹത്തിന് 18 മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു.
2008ൽ ജയിൽമോചിതനായപ്പോൾ കുടുംബത്തൊടൊപ്പം ലണ്ടനിലേക്കു കുടിയേറിയതാണ്. അമ്മ ഖാലിദ സിയയെ ഹസീന ഭരണകൂടം ജയിലിൽ അടച്ചപ്പോൾ താരിഖ് ലണ്ടനിലിരുന്ന് ബിഎൻപിയെ നയിച്ചു. ഖാലിദ സിയയ്ക്കു രോഗം മൂർച്ഛിച്ചപ്പോൾ താറിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ മടക്കം നീണ്ടു.
വിദ്യാർഥിപ്രക്ഷോഭത്തിൽ ഇന്ത്യയിലേക്കു പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്കു വൻ വിജയമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന താരിഖ് റഹ്മാൻ, ഇന്ത്യയോ പാക്കിസ്ഥാനോ അല്ല ‘ബംഗ്ലാദേശാണ് ആദ്യം’ എന്ന ചിന്താഗതിക്കാരനാണ്.