District News
കാസര്‍ഗോഡ്: ദേശീയപാതയിലെ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ നാടകീയരംഗങ്ങള്‍. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് സംഭവം.
കാസര്‍ഗോഡ് മുളിയാര്‍ സ്വദേശിയായ യുവാവും ബന്ധുവായ സ്ത്രീയും അവരുടെ രണ്ടു പെണ്മക്കളും ആറുമാസം പ്രായമായ കുഞ്ഞും അടങ്ങിയ സംഘം കാറില്‍ കുമ്പള ടോള്‍ പ്ലാസയിലെത്തിയപ്പോള് ഫാസ്റ്റ് ടാഗ് വഴി ടോള്‍ തുക ഈടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബാരിയര്‍ ബൂം ഉയരുകയും യുവാവ് വണ്ടിയെടുക്കുകയും ചെയ്തു. എന്നാല്‍, ബാരിയര്‍ ബൂം വീണ്ടും കാറിന്റെ വിന്‍ഡ് സ്ക്രീനിലേക്ക് വീണു.
യുവാവ് ഇതേത്തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരോട് കയര്‍ത്തു. ജീവനക്കാര്‍ ഹിന്ദിക്കാരായതിനാല്‍ യുവാവ് എന്താണ് പറയുന്നതെന്ന് അവര്‍ക്ക് മനസിലാകാത്തതിനാല് തര്‍ക്കം ഏറെനേരം നീണ്ട് പ്ലാസയില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
തുടര്‍ന്ന് കുമ്പള പോലീസെത്തി യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍ നിന്നും വലിച്ചിറക്കി പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. യുവാവിനെ പിന്നീട് വിട്ടയച്ചു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ വാഗ്വാദം.
അനുവദിച്ച ചോദ്യത്തിലേക്ക് കടക്കാതെ മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയ്ക്ക് സ്പീക്കർ താക്കീത് നൽകി. ചോദ്യത്തിലേക്ക് ഉടൻ കടക്കണമെന്നും അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും സ്പീക്കർ കർശന നിർദ്ദേശം നൽകി.
എന്നാൽ, തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് ചിത്തരഞ്ജൻ എംഎൽഎ തിരിച്ചടിച്ചു. ഇതോടെ സ്പീക്കർ കൂടുതൽ ക്ഷോഭിച്ചു.
സഭയിലെ ഉന്നത പദവിയായ ചെയറിനോട് വിനയത്തോടെ വേണം പെരുമാറാനെന്നും സഭാ മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സ്പീക്കർ ഓർമിപ്പിച്ചു.
National
മുംബൈ: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കോളജ് അധ്യാപകനെ യുവാവ് കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം.
കോളജ് ലക്ചറർ അലോക് കുമാർ സിംഗ്(32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് മലാദ് സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം.
ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അലോക് കുമാറും സഹയാത്രികനായ ഓംകാർ ഷിൻഡെയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഓംകാർ അലോകിനെ കുത്തുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസും മറ്റ് യാത്രക്കാരും ചേർന്ന് അലോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിന്നീട് പിടികൂടി. പോലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. 200 ഓളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. റെയിൽവേയുടെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും ഉപയോഗിച്ചു.
മലാദിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതിയെ പോലീസ് പിടികൂടിയത്.
Kerala
കൊച്ചി: ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ വാക്ക് തർക്കത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു.
മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. ഇടപ്പള്ളി ചങ്ങമ്പുഴ നഗർ സ്വദേശിനി നീതു (32)വിനാണ് കുത്തേറ്റത്.
നീതുവിനെ മെട്രോ പോലീസ് കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു. നീതുവിനെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീതുവിന്റെ ഭർത്താവ് മഹേഷി (39)നെ മെട്രോ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Kerala
കണ്ണൂർ: രാമന്തളിയിൽ രണ്ടു കുട്ടികളുടെ കൊലപാതകവും രണ്ടുപേരുടെ ആത്മഹത്യയും നടന്നത് ദമ്പതികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന്.
രാമന്തളി സെന്റർ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56), മകൻ പാചകത്തൊഴിലാളി കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (ആറ്), കണ്ണൻ (രണ്ട്) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയശേഷം കലാധരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു.
കലാധരനും ഭാര്യ നയൻ താരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മക്കൊപ്പം പോകാൻ കോടതി വിധിയുണ്ടായിരുന്നു. തുടർന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഉഷയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ചനിലയിലും വീട്ടിനു മുന്നിൽ കത്ത് എഴുതിവച്ചതായും കണ്ടു. തുടർന്ന് കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
ഉടൻ പോലീസെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും രണ്ടുമക്കൾ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തിയത്. പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ്, നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
Movies
കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമയിട്ടതില് തര്‍ക്കം. യാത്രക്കാര്‍ ചേരി തിരിഞ്ഞതോടെ കണ്ടക്ടര്‍ സിനിമ നിര്‍ത്തി. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു തര്‍ക്കം.
ദിലീപിന്റെ പറക്കും തളിക എന്ന ചിത്രമാണ് ബസിലിട്ടത്. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ. ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു.
എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
ബസ് പുറപ്പെട്ടപ്പോൾ തന്നെ സിനിമ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന് പറഞ്ഞു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു.
എന്നാല്‍ കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്.
എന്നാല്‍ ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.
Kerala
കോഴിക്കോട്: ഓമശേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന കൊട്ടിക്കലാശത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ സിപിഎം പ്രവർത്തകൻ കത്തിവീശി.
ഓമശേരി ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം. മൂന്ന് വാർഡുകളുടെ കൊട്ടിക്കലാശമാണ് ഇവിടെ നടന്നത്.
കൊട്ടിക്കലാശത്തിനിടെ ചെറിയ സംഘർഷമുണ്ടാവുകയും ഒമശേരി സ്വദേശിയായ ഒരാൾ കോൺഗ്രസ് പ്രവർത്തകനു നേരെ കത്തി വീശുകയായിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾപുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ കൊടുവള്ളി പോലീസിൽ പരാതി നൽകി.