Kerala
തിരുവനന്തപുരം: ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സണ്ണി എം. ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.
എന്നാൽ, അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. സി.ആര്. മഹേഷും നജീബ് കാന്തപുരവുമാണ് സത്യാഗ്രഹം നടത്തുന്നത്.
സഭയുടെ തുടക്കത്തില്‍ തന്നെ സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തിയ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുമെങ്കിലും ഒരു വശത്ത് സമരം തുടരുമെന്ന് അറിയിക്കുകയായിരുന്നു. ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞത്.
എന്നാല്‍ പ്രതിപക്ഷത്തിന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും ഹൈക്കോടതിക്കെതിരായ സമരമായി കാണണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിച്ചപ്പോൾ പുതിയ സമരതന്ത്രവുമായി പ്രതിപക്ഷം. ശബരിമല സ്വർണക്കേസിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം സമരം സഭയ്ക്കു പുറത്തേക്ക് നീട്ടി.
സഭാകവാടത്തിൽ സത്യാഗ്രഹ സമരം നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ അറിയിച്ചു. എംഎൽഎമാരായ നജീബ് കാന്തപുരവും സി.ആർ. മഹേഷുമാണ് സത്യഗ്രഹ സമരം നടത്തുന്നത്.
അതേസമയം, പ്രതിപക്ഷത്തിന്റെ സമരം സർക്കാരിനെതിരേയല്ല, ഹൈക്കോടതിക്കെതിരേയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഗവർണർ വായിക്കാത്ത ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള ഭാഗമാണ് ഗവർണർ വായിക്കാതിരുന്നത്.
ഗവർണർ നയപ്രഖ്യാപനം നടത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗവർണറുടെ നടപടിയെ സഭ അംഗീകരിക്കുന്നില്ലെന്നു സ്പീക്കർ എ.എൻ.ഷംസീറും വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തിയത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ചൂണ്ടിക്കാട്ടിയത്.
National
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാകുന്നു. നിയമസഭയുടെ ഈ വര്‍ഷത്തെ ആദ്യ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ഗവർണർ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിൽ.
പ്രസംഗത്തിന് മുന്‍പും ശേഷവും ദേശീയഗാനം ആലപിക്കണമെന്ന തന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണറുടെ നടപടി. തമിഴ്നാട് നിയമസഭയില്‍ 'തമിഴ് തായ് വാഴ്ത്ത്' പാടി സമ്മേളനം ആരംഭിക്കുകയും ദേശീയഗാനത്തോടെ അവസാനിപ്പിക്കുകയുമാണ് പതിവ്.
സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിലെ പല ഭാഗങ്ങളോടും തനിക്ക് ധാര്‍മ്മികമായും വസ്തുതാപരമായും വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ സഭയില്‍ വായിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാകാതെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തതോടെയാണ് അദ്ദേഹം സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.
അതേസമയം ഗവര്‍ണറുടെ നടപടി 'ബാലിശമാണെന്ന്' മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വിമര്‍ശിച്ചു. ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ തയ്യാറാകാത്തവര്‍ എന്തിനാണ് ആ സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.
District News
നെടുങ്കണ്ടം: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം മാറിയപ്പോൾ ഉടുമ്പൻചോലയിൽ ഇത്തവണ കോൺഗ്രസ് ക്യാമ്പിൽ ചർച്ചകൾ സജീവമാകുന്നു.
മുമ്പെന്നത്തേക്കാളും മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി തുടർച്ചയായി സിപിഎം ഉരുക്കുകോട്ടയായി നിലനിർത്തുന്ന ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ഇത്തവണ കോട്ട തകർത്ത് മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തും ഇടത് മുന്നണി ഭരണം നേടിയപ്പോൾ അന്ന് സ്ഥാനാർഥി മോഹികളായിട്ടുള്ളവർ പിന്നോട്ട് വലിഞ്ഞിരുന്നു. എന്നാൽ, ഇത്തവണ മണ്ഡലത്തിലെ സ്ഥിതിയാകെ മാറിയതോടെ സ്ഥാനാർഥിത്വത്തിനായി അര ഡസനിലധികം പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പത്തിൽ അഞ്ച് പഞ്ചായത്ത് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. രാജകുമാരിയിൽ ഒപ്പത്തിനൊപ്പംനിന്നതും 27 വർഷത്തിനു ശേഷം രാജക്കാട് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതുമാണ് കോൺഗ്രസ് ക്യാമ്പ് ഉണരാൻ കാരണം.
മണ്ഡലത്തിലാകെ യുഡിഎഫ് തരംഗമാണന്നാണ് നേതാക്കൾ പറയുന്നത്. ഇതോടെ സ്ഥാനാർഥികളാകാൻ നേതാക്കൾ ചരടുവലികൾ തുടങ്ങി. സീറ്റ് ഐ ഗ്രൂപ്പ് നിലനിർത്തിയാൽ കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിനാണ് സാധ്യത. മുമ്പ് മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട് എന്നതും മണ്ഡലത്തിൽ ചിരപരിചിതനാണെന്നതും പ്രവർത്തകർക്കിടയിലെ സ്വീകാര്യതയും കല്ലാറിന് ഗുണകരമാകും.
അതേസമയം സംസ്ഥാനത്ത് കെ.സി. വേണുഗോപാൽ ഗ്രൂപ്പ് ശക്തമായതോടെ മണ്ഡലം കെസി പക്ഷം പിടിച്ചാൽ കെപിസിസി മീഡിയ വക്താവ് സേനാപതി വേണു, കെപിസിസി സെക്രട്ടറി എം.എൻ. ഗോപി എന്നിവരും പരിഗണിക്കപ്പെടും. 2016ൽ ചെറിയ ഭൂരിപക്ഷത്തിലാണ് സേനാപതി വേണു എം.എം. മണിയോടു പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇദ്ദേഹം മത്സരരംഗത്ത് എത്തിയിരുന്നില്ല.
നെടുങ്കണ്ടം അർബൻ ബാങ്ക് പ്രസിഡന്റായ എം.എൻ. ഗോപി ദീർഘനാളായി സജീവ രാഷ്ട്രീയരംഗത്തുണ്ട്. ഗ്രൂപ്പുകൾ പരിഗണിക്കപ്പെടാതിരുന്നാൽ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, ജനറൽ സെക്രട്ടറിമാരായ ജി. മുരളീധരൻ, ബിജോ മാണി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
യുവാക്കൾക്ക് മുൻഗണന നൽകിയാൽ മുകേഷ്, ബിജോ മാണി എന്നിവർക്കാണ് മുൻതൂക്കം. വിവിധ സർവേകളിലും ഇവർക്ക് വിജയ സാധ്യത കൽപ്പിക്കുന്നുണ്ട്. മൂന്ന് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചതും മുകേഷിന് അനുകൂലമാകും.
20 വർഷം വലിയതോവാള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പത്തുവഷം നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, സ്പൈസസ് ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ച് മികവ് തെളിയിച്ച ജി. മുരളീധരനും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
ഭൂവിഷയങ്ങളിലടക്കം കൃത്യമായ പഠനം നടത്തി വിഷയങ്ങളിൽ ഇടപെടുന്ന ബിജോ മാണിക്ക് പൊതു സ്വീകാര്യത കൂടുതലാണ്. ഈ വിഷയങ്ങളിൽ ബിജോയുടെ ഇടപെടൽ കർഷകർക്കിടയിൽ കാര്യങ്ങൾ പഠിക്കുന്ന യുവ നേതാവെന്ന ഖ്യാതിയുണ്ടാക്കിയിട്ടുണ്ട്. വിജയ സാധ്യതയും യുവ പ്രാതിനിധ്യവും പരിഗണിച്ചാൽ ബിജോ മാണിക്ക് പ്രഥമ പരിഗണന ലഭിച്ചേക്കും.
ഇത്രയും പേരുകൾ പരിഗണിച്ചാലും ഈ മാസം അവസാനത്തോടെ എല്ലാ ഘടകങ്ങളും പരിഗണിച്ച് മണ്ഡലത്തിലെ സാധ്യതാ ലിസ്റ്റ് മൂന്ന് പേരിലേക്ക് ചുരുക്കും. ഈ ലിസ്റ്റായിരിക്കും സ്ക്രീനിംഗ് കമ്മിറ്റിയിലേക്ക് എത്തുന്നത്.
എൽഡിഎഫിൽ മുൻ എംൽഎമാരും സിപിഎം മുൻ ജില്ലാ സെക്രട്ടറിമാരുമായ എം.എം. മണി, കെ.കെ. ജയചന്ദ്രൻ എന്നിവരുടെ പേരുകളും എം.എം. മണിയുടെ മകളും സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയും രാജാക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സതി കുഞ്ഞുമോന്റെ പേരുമാണ് ഉയർന്നുകേൾക്കു ന്നത്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും.
മൂന്ന് വർഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വർഷത്തേയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നേരത്തെ, കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
National
ന്യൂഡൽഹി: കുരങ്ങുകളുടെ ശബ്ദം അനുകരിക്കാൻ കഴിയുന്ന മിമിക്രിക്കാരനാണു നിങ്ങളെങ്കിൽ ഡൽഹി നിയമസഭയിലേക്ക് നിങ്ങളെ ആവശ്യമുണ്ട്.
തമാശയല്ല! ഡൽഹി നിയമസഭാസമുച്ചയത്തിൽ വർധിച്ചുവരുന്ന കുരങ്ങുശല്യം തടയുന്നതിനായി ഹനുമാൻ കുരങ്ങുകളുടെ (ലംഗൂർ) ശബ്ദം അനുകരിക്കാൻ കഴിയുന്നവരെ തേടുകയാണ് സർക്കാർ. ഇതിനായി ഡൽഹിയിലെ പൊതുമരാമത്ത് വകുപ്പ് ഹനുമാൻ കുരങ്ങുകളുടെ ശബ്ദം അനുകരിക്കാൻ കഴിയുന്ന പരിശീലനം ലഭിച്ച ജീവനക്കാരെ തേടി ടെൻഡർ ക്ഷണിച്ചു.
നിയമസഭയുടെ പരിസരപ്രദേശങ്ങളിൽ എംഎൽഎമാർക്കും ജീവനക്കാർക്കും ആശങ്ക സൃഷ്ടിച്ചുകൊണ്ടാണ് കുരങ്ങുകളുടെ വിഹാരം. നിയമസഭാ സമുച്ചയത്തിലെ വയറുകളിൽ ചാടിയും ഡിഷ് ആന്റിനകൾ തകർത്തും കുരങ്ങുകൾ സ്ഥലത്തെ പൊതുശല്യമാകുകയാണെന്ന് ഉദ്യോസ്ഥർ പരാതിപ്പെടുന്നു.
ഇതിനെതിരേ ഡൽഹിയിൽ സാധാരണ ചെയ്യുന്നതുപോലെ ഹനുമാൻ കുരങ്ങിന്റെ കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടും പ്രതിസന്ധിക്കു കുറവൊന്നുമില്ല. ഹനുമാൻ കുരങ്ങിന്റെ ശബ്ദമുണ്ടാക്കുന്നവർ ഉണ്ടെങ്കിലും അവരുടെ കരാറുകൾ തീർന്നതോടെയാണു പൊതുമരാമത്ത് വകുപ്പ് പുതിയ ടെൻഡറുകൾ വിളിച്ചിരിക്കുന്നത്.
കോണ്ട്രാക്ടർ വഴിയാണ് അനുകരണം നടത്താൻ കഴിയുന്നവരെ വിന്യസിക്കുക. പരിശീലനം ലഭിച്ച മിമിക്രിക്കാർക്ക് ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും എട്ടു മണിക്കൂർ ഷിഫ്റ്റോടെ ജോലിയുണ്ടാകും. അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണമുണ്ടായിരിക്കുന്നതിനോടൊപ്പം ഇൻഷ്വറൻസ് കവറേജും ലഭിക്കും.
ഡൽഹിയിലെ കുരങ്ങുശല്യം തടയാൻ ഹനുമാൻ കുരങ്ങുകളെത്തന്നെ മുന്‍പ് ആശ്രയിച്ചിരുന്നെങ്കിലും ഈ നടപടി 2012ൽ കേന്ദ്രസർക്കാർ നിരോധിച്ചതോടെയാണ് ഈ മൃഗങ്ങളുടെ ശബ്ദം അനുകരിക്കാൻ കഴിയുന്നവരുടെ സഹായം അധികൃതർ തേടിത്തുടങ്ങിയത്
District News
തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി ഏഴു മുതൽ 13 വരെ നിയമസഭാ വളപ്പിൽ നടക്കും. പുസ്തകോത്സവത്തിൽ പ്രവേശനം സൗജന്യമാണ്. ഈ ദിവസങ്ങളിൽ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനും അവസരമുണ്ടായിരിക്കും. ഇരുന്നൂറിലധികം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ 250ലേറെ സ്റ്റാളുകളാണ് ഇത്തവണയും നിയമസഭാവളപ്പിൽ തയാറാകുന്നത്.
തസ്ലിമ നസ്രിൻ, റാണാ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുൽ ഷിലേദാർ, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് തുടങ്ങി ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും സാമൂഹികസാംസ്കാരിക പ്രവർത്തകർക്കുമൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും പുസ്തകോത്സവത്തിൽ പങ്കെടുക്കും. പുസ്തകപ്രകാശനങ്ങൾ, പുസ്തകചർച്ചകൾ, സംവാദങ്ങൾ, എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ ആറു വേദികളിലായി, നിരവധി പരിപാടികൾ പുസ്തകോത്സവത്തെ സന്പന്നമാക്കും.
വിദ്യാർഥികൾക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന സ്റ്റുഡന്റ്സ് കോർണറിൽ നിരവധി പ്രമുഖർ കുട്ടികളുമായി സംവദിക്കും. പപ്പറ്റ് ഷോകൾ, മാജിക് ഷോകൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ സ്റ്റുഡന്റ് കോർണർ വേദിയെ ആകർഷകമാക്കും. പ്രസാധകർ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനങ്ങളും ചർച്ചകളും നിയമസഭയിലെ മൂന്നു വേദികളിലായി നടക്കും. നിയമസഭയുടെ പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന മാതൃകാ നിയമസഭ എന്ന പരിപാടി മാത്രം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളിൽ നടക്കും.
2026 ജനുവരി എട്ടു മുതൽ 12 വരെ വടക്കൻ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടുമെന്നത് ഇത്തവണത്തെ പുസ്തകോത്സവത്തെ സവിശേഷ അനുഭവമാക്കി മാറ്റും.
National
മുംബൈ: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്ര നിയമസഭയിൽ പുലി വേഷം ധരിച്ചെത്തി എംഎൽഎ.
ജുന്നാർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവസേന എംഎൽഎ ശരദ് സോനവാനയാണ് പ്രതിഷേം പ്രകടിപ്പിക്കാൻ നിയമസഭയിൽ വ്യത്യസ്ത വേഷം ധരിച്ചെത്തിയത്.
"സംസ്ഥാനത്ത് പുള്ളിപ്പുലി ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. 2014 മുതൽ ഞാൻ ഈ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സർക്കാർ അവഗണിക്കുകയാണ്, റെസ്ക്യൂ സെന്ററുകൾ നിർമിക്കണം, പുലികളെ ഇവയിൽ പാർപ്പിക്കണം'.-അദ്ദേഹം പറഞ്ഞു.
"എന്റെ മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 55 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2014-15 ലെ ശൈത്യകാല സമ്മേളനത്തിൽ ഞാൻ സർക്കാരിന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു'.- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാഗ്പുർ നഗരത്തിലെ ഒരു ജനവാസ മേഖലയിൽ ഇന്ന് പുള്ളിപുലിയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് പുലിയെ പിടികൂടാനായത്.
National
ന്യൂഡൽഹി: ബിഹാറിനൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ ഉപരതെരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലങ്ങളിലെ ഫലവും അൽപസമയത്തിനകം പുറത്തുവരും. എട്ട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ജമ്മു കാഷ്മീരിലെ ബുഡ്ഗാം, നഗ്രോട്ട എന്നീ മണ്ഡലങ്ങളിലും രാജസ്ഥാനിലെ അന്തയിലും ജാർഖണ്ഡിലെ ഖട്ട്സിലയിലും തെലങ്കാനയിലെ ജൂബിലി ഹിൽസിലും പഞ്ചാബിലെ തരൺ തരൺ മണ്ഡലത്തിലും മിസോറാമിലെ ഡംപയിലും ഒഡീഷയിലെ നുവാപാഡ മണ്ഡലത്തിലേയ്ക്കും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചതിനെ തുടർന്നാണ്
ബുഡ്ഗാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തയിലെ എംഎൽഎ ശ്രീ കൻവർലാലിനെ അയോഗ്യനാക്കിയതിനെ തുടർന്നും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎൽഎമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോട് പറഞ്ഞത് പച്ചക്കള്ളമാണ്. ജനാധിപത്യവ്യവസ്ഥയെ തകർക്കാൻ കമ്മീഷൻ കൂട്ടുനിന്നുവെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അതോടൊപ്പം ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിനടന്നതായും രാഹുൽ പറഞ്ഞു. 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.