ന്യൂഡൽഹി: കുരങ്ങുകളുടെ ശബ്ദം അനുകരിക്കാൻ കഴിയുന്ന മിമിക്രിക്കാരനാണു നിങ്ങളെങ്കിൽ ഡൽഹി നിയമസഭയിലേക്ക് നിങ്ങളെ ആവശ്യമുണ്ട്.
തമാശയല്ല! ഡൽഹി നിയമസഭാസമുച്ചയത്തിൽ വർധിച്ചുവരുന്ന കുരങ്ങുശല്യം തടയുന്നതിനായി ഹനുമാൻ കുരങ്ങുകളുടെ (ലംഗൂർ) ശബ്ദം അനുകരിക്കാൻ കഴിയുന്നവരെ തേടുകയാണ് സർക്കാർ. ഇതിനായി ഡൽഹിയിലെ പൊതുമരാമത്ത് വകുപ്പ് ഹനുമാൻ കുരങ്ങുകളുടെ ശബ്ദം അനുകരിക്കാൻ കഴിയുന്ന പരിശീലനം ലഭിച്ച ജീവനക്കാരെ തേടി ടെൻഡർ ക്ഷണിച്ചു.
നിയമസഭയുടെ പരിസരപ്രദേശങ്ങളിൽ എംഎൽഎമാർക്കും ജീവനക്കാർക്കും ആശങ്ക സൃഷ്ടിച്ചുകൊണ്ടാണ് കുരങ്ങുകളുടെ വിഹാരം. നിയമസഭാ സമുച്ചയത്തിലെ വയറുകളിൽ ചാടിയും ഡിഷ് ആന്റിനകൾ തകർത്തും കുരങ്ങുകൾ സ്ഥലത്തെ പൊതുശല്യമാകുകയാണെന്ന് ഉദ്യോസ്ഥർ പരാതിപ്പെടുന്നു.
ഇതിനെതിരേ ഡൽഹിയിൽ സാധാരണ ചെയ്യുന്നതുപോലെ ഹനുമാൻ കുരങ്ങിന്റെ കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടും പ്രതിസന്ധിക്കു കുറവൊന്നുമില്ല. ഹനുമാൻ കുരങ്ങിന്റെ ശബ്ദമുണ്ടാക്കുന്നവർ ഉണ്ടെങ്കിലും അവരുടെ കരാറുകൾ തീർന്നതോടെയാണു പൊതുമരാമത്ത് വകുപ്പ് പുതിയ ടെൻഡറുകൾ വിളിച്ചിരിക്കുന്നത്.
കോണ്ട്രാക്ടർ വഴിയാണ് അനുകരണം നടത്താൻ കഴിയുന്നവരെ വിന്യസിക്കുക. പരിശീലനം ലഭിച്ച മിമിക്രിക്കാർക്ക് ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും എട്ടു മണിക്കൂർ ഷിഫ്റ്റോടെ ജോലിയുണ്ടാകും. അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണമുണ്ടായിരിക്കുന്നതിനോടൊപ്പം ഇൻഷ്വറൻസ് കവറേജും ലഭിക്കും.
ഡൽഹിയിലെ കുരങ്ങുശല്യം തടയാൻ ഹനുമാൻ കുരങ്ങുകളെത്തന്നെ മുന്പ് ആശ്രയിച്ചിരുന്നെങ്കിലും ഈ നടപടി 2012ൽ കേന്ദ്രസർക്കാർ നിരോധിച്ചതോടെയാണ് ഈ മൃഗങ്ങളുടെ ശബ്ദം അനുകരിക്കാൻ കഴിയുന്നവരുടെ സഹായം അധികൃതർ തേടിത്തുടങ്ങിയത്
Tags : Assembly Delhi government mimics monkeys tender