District News
മൂവാറ്റുപുഴ : കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചെന്നാരോപിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. അതിവേഗ റെയില്‍പാത, എയിംസ് ഉള്‍പ്പെടെ കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വികസന പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് ഗുരുതരമായ അനീതിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി കെ.എം. സലിം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുള്‍ സലാം, ഡിസിസി ജനറല്‍ സെക്രട്ടറി പി.പി. എല്‍ദോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക്, ഏബ്രഹാം തൃക്കളത്തൂര്‍, വി.എസ്. ഷെഫാന്‍, കബീര്‍ പൂക്കടശേരി, കെ.കെ. നിഷാദ്, നഗരസഭാംഗങ്ങളായ ജിനു ആന്റണി, ജെയ്സണ്‍ തോട്ടത്തില്‍, എസ്. മജീദ്, പി.പി. ജോളി, അമല്‍ ബാബു എന്നിവര്‍ പങ്കെടുത്തു
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ഇ. ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രി തയാറായില്ല. കേരളത്തിൽ അതിവേഗ റെയിൽ പാത എപ്പോൾ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയ്ക്കെതിരേ സംസ്ഥാനം ഒന്നടങ്കം പ്രതിഷേധിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏറെ പ്രതീക്ഷയോടെയാണ് കേരളം കേന്ദ്ര ബജറ്റിനായി കാത്തിരുന്നത്. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട് പകതീർക്കുകയാണ് ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല.
അതിവേഗ പാത, നിലന്പൂർ-നഞ്ചൻകോട്, തലശേരി-മൈസൂർ, കാഞ്ഞങ്ങാട്-കാണിപ്പയ്യൂർ റെയിൽപ്പാതകൾ, വർഷങ്ങളായി സ്ഥലമേറ്റെടുത്ത് കാത്തിരിക്കുന്ന എയിംസ്, റബറിനും പരന്പരാഗത മേഖലയ്ക്കുമുള്ള സഹായങ്ങൾ, നെല്ലിന് സംഭരണ വിലയുയർത്തൽ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെ പലതവണ ഈ ആവശ്യങ്ങൾ നേരിട്ട് ഉന്നയിച്ചതാണ്. ബജറ്റിന് മുന്നോടിയായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകിയിരുന്നു.
ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം പരിഗണിക്കാത്തത് കടുത്ത നിരാശയാണുണ്ടാക്കുന്നത്. റവന്യു ഡഫിസിറ്റ് ഗ്രാന്റ് ഉപേക്ഷിക്കുന്നത് കേരളത്തിന്റെ സാന്പത്തിക അടിത്തറയെ കാര്യമായി ദുർബലപ്പെടുത്തും. ഇത്തരം നടപടികളിലൂടെ ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ് കേന്ദ്രം.
കേരളം ചരിത്രത്തിൽ നേരിടാത്തത്ര അവഗണനയാണ് അനുഭവിക്കുന്നത്. അതീവ ഗൗരവതരമായ ഈ സാഹചര്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.
National
ന്യൂഡൽഹി: ഇന്ത്യയുടെ യഥാർഥ പ്രതിസന്ധികൾക്ക് മുന്നിൽ കണ്ണടച്ച ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലാത്ത യുവാക്കളെയും മൂലധനം പിൻവലിക്കുന്ന നിക്ഷേപകരെയും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. എന്നാൽ എല്ലാവരെയും അവഗണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിര്‍മല സീതാരാമനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ് ബജറ്റ് സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയെ അവഗണിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർധനവിനോ ഊന്നൽ നൽകാത്ത ഒരു ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ബജറ്റിലെ വിദ്യാഭ്യാസ നിർദേശങ്ങൾ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസ മേഖലയെയും നൈപുണ്യ വികസനത്തെയും ലക്ഷ്യം വച്ചുള്ളതാണ്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറപാകുന്ന സ്കൂൾ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്എസ്കെ ഫണ്ടിൽ നാമമാത്രമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഉച്ചഭക്ഷണ പദ്ധതി ഫണ്ടും തൊഴിലാളി വർഗത്തെയും പൂർണമായും അവഗണിക്കുകയാണ് ഉണ്ടായത് ശിവൻകുട്ടി വ്യക്തമാക്കി.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ബജറ്റെന്നും കേരളത്തെ പൂർണമായും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റേത് പൊള്ളയായ ന്യായീകരണമാണ്. തിരുത്തലുകൾ നടത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതികൾ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതെന്നും കെ.സി ചോദിച്ചു.
കേരളം പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. അല്ലാതെ ബജറ്റിൽ അവഗണിക്കുകയല്ല വേണ്ടത്. കേരളത്തെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ധാതുഖനന ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതിയിൽ വ്യക്തത വേണമെന്നും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ഗൂഢോദ്ദേശ്യമുണ്ടോ എന്നത് വ്യക്തമാകുവെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: കേന്ദ്രമന്ത്രി ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ സ്പോർട്സ് ഉപകരണങ്ങൾ നിർമിക്കുന്ന പദ്ധതികൾ പ്രോത്സാഹിക്കുമെന്നു പ്രഖ്യാപനം. കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. സ്പോർട്സ് ഉപകരണ നിർമാണത്തിന്റെ ആഗോള ഹബ് ആക്കി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം. സ്പോർട്സ് ഉപകരണ നിർമാണം, ഗവേഷണം, ഡിസൈനിംഗ് എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കും.
Business
കേന്ദ്ര ബജറ്റ് ദിവസം പാർലമെന്റിലെ അക്കങ്ങളേക്കാൾ മാധ്യമങ്ങൾ ആദ്യം തിരയുന്നത് മറ്റൊരു കാര്യമാണ്; ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഏതു സാരിയാകും ധരിക്കുക? ഓരോ ബജറ്റ് അവതരണത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ തനതായ കൈത്തറി വൈവിധ്യങ്ങളെ നെഞ്ചോടു ചേർത്താണ് അവർ സഭയിലെത്തുന്നത്. വെറുമൊരു വസ്ത്രധാരണമെന്നതിലുപരി, ഇന്ത്യയുടെ ഗ്രാമീണ നെയ്ത്തുകാരുടെ കലയെ ആഗോളതലത്തിൽ അടയാളപ്പെടുത്താനുള്ള ഒരു വേദി കൂടിയായി അവർ ബജറ്റ് ദിനത്തെ മാറ്റുന്നു. ചിലപ്പോൾ ബജറ്റ് സൂചനകളും അടയാളപ്പെടുത്തുന്നു
ബജറ്റ് ദിവസങ്ങളിൽ നിർമല സീതാരാമൻ ധരിച്ച സാരിയുടെ വിശേഷങ്ങൾ ഇങ്ങനെ:
കേന്ദ്ര ബജറ്റ് 2019: പിങ്ക് മംഗൾഗിരിയിലെ ചരിത്രപ്രവേശനം.
2019ൽ തന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി തിരഞ്ഞെടുത്തത് സ്വർണ ബോർഡറുള്ള കടും പിങ്ക് നിറത്തിലുള്ള മംഗൾഗിരി സാരിയായിരുന്നു.
കേന്ദ്ര ബജറ്റ് 2020: മഞ്ഞ സിൽക്ക് സാരി
2020ലെ ബജറ്റിനായി തിരഞ്ഞെടുത്തത് നീല ബോർഡറുള്ള മഞ്ഞ സിൽക്ക് സാരിയായിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ വളരെയധികം പ്രാധാന്യമുള്ള നിറങ്ങളുടെ സംയോജനമാണിത്.
കേന്ദ്ര ബജറ്റ് 2021: തെലങ്കാനയിലെ പോച്ചമ്പള്ളി ഇക്കാത്ത് തുന്നലുകൾ
2021ൽ തെലങ്കാനയിലെ പരമ്പരാഗത കൈത്തറി നിർമിതിയായ പോച്ചമ്പള്ളി ഇക്കാത്ത് സാരിയാണ് തിരഞ്ഞെടുത്തത്.
കേന്ദ്ര ബജറ്റ് 2022: ഒഡീഷയുടെ കൈത്തറി വൈഭവം
2022ൽ ഒഡീഷയിൽനിന്നുള്ള മനോഹരമായ തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയാണ് അവർ ധരിച്ചത്. വെള്ളി കസവുകളും ബോർഡറിൽ സങ്കീർണമായ രൂപങ്ങളുമുള്ളതായിരുന്നു ഈ സാരി.
കേന്ദ്ര ബജറ്റ് 2023: ചുവന്ന സിൽക്കും ക്ഷേത്രരൂപങ്ങളും (ദക്ഷിണേന്ത്യൻ വസ്ത്രശൈലി)
2023ൽ കറുപ്പും സ്വർണനിറവും കലർന്ന 'ടെമ്പിൾ ബോർഡർ' (ക്ഷേത്രരൂപങ്ങൾ) ഉള്ള കടും ചുവപ്പ് സിൽക്ക് സാരിയിലാണ് സീതാരാമൻ എത്തിയത്. ഇത് ദക്ഷിണേന്ത്യൻ വസ്ത്രശൈലിയുടെ ഒരു പ്രത്യേകതയാണ്.
ഇടക്കാല ബജറ്റ് 2024:
പശ്ചിമ ബംഗാളിലെ പരമ്പരാഗത കാന്താ എംബ്രോയ്ഡറി ചെയ്ത നീല സാരിയാണ് 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിനായി ധനമന്ത്രി തിരഞ്ഞെടുത്തത്.
കേന്ദ്ര ബജറ്റ് 2024: മംഗൾഗിരി സാരി
2024-25 ബജറ്റിനായി മജന്ത ബോർഡറുള്ള ഓഫ് വൈറ്റ് മംഗൾഗിരി സാരിയാണ് അവർ തെരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽനിന്നുള്ളതാണ് ഈ മംഗൾഗിരി സാരികൾ.
മായ
കേന്ദ്ര ബജറ്റ് 2025: ബിഹാറിൽനിന്നുള്ള മധുബാനി സാരി
ബിഹാറിലെ മധുബാനി എംബ്രോയ്ഡറി ഉൾപ്പെടുത്തിയതും സ്വർണബോർഡറുള്ളതുമായ സാരിയാണ് 2025ൽ ധരിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനങ്ങൾ കൈയടിയോടെ സ്വീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിൽ വിപ്ലവകരമായ മാറ്റമാണ് സംസ്ഥാന ബജറ്റിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യ വിദ്യാർഥികളിലേക്കെത്തിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ബജറ്റ് നടപ്പിലാകുന്നത്തോടെ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെടുമെന്നും ശിവൻകുട്ടി പറഞ്ഞു.
വിദ്യാർഥികൾക്കുള്ള ഇൻഷുറൻസ് പദ്ധതി നേരത്തെ പരിഗണനയിലുള്ളതാണ്. തുക പൂർണമായും സർക്കാരിന്റെത്. വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്ന് തുക ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കില്ല. പൂച്ച പ്രസവിച്ചാൽ എന്താണ് പ്രശ്നം. ഇതുപോലുള്ള പരാമർശങ്ങളായാണ് വി.ഡി. സതീശന്റെ നിലവാരം വ്യക്തമാക്കുന്നത്.
ഖജനാവ് കാലിയാണെന്ന് പറയുന്നവര്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുതെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയിൽ നടന്നു വരുന്ന തുടർ വികസന പ്രവർത്തനങ്ങൾക്കും പുതിയ വികസന പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയ്ക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.
കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ വ്യക്തികൾക്ക് സഹായകരമാകും.
ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
മലബാർ കാൻസർ സെന്ററിന് 50 കോടി രൂപ, കൊച്ചിൻ കാൻസർ സെന്ററിന് 30 കോടി രൂപ, ആർസിസിക്ക് 90 കോടി രൂപ, മെഡിക്കൽ കോളജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികൾക്ക് മൂന്ന് കോടി രൂപ എന്നിവ ഉൾപ്പെടെ കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു.
കഴിഞ്ഞ വർഷത്തെ വിഹിതത്തെക്കാൾ എംസിസി, ആർസിസി, എന്നിവയ്ക്ക് 15 കോടി രൂപ വീതവും സിസിആർസിക്ക് 12 കോടി രൂപയും മെഡിക്കൽ കോളജുകൾക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.
പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ 6.50 കോടി രൂപ നീക്കിവച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി (കാസ്പ്) 900 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.
ആർദ്രം മിഷൻ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി വകയിരുത്തി. മെഡിക്കൽ കോളജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി. ഡിഎച്ച്എസിന് കീഴിലുള്ള ആശുപത്രികളിൽ കാത്ത് ലാബും ഐസിയുവും സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ.
ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ. ഡിഎംഇയുടെ കീഴിലുള്ള മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപയും നീക്കിവച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
District News
കോട്ടയം: പതിവുപോലെ കഴിഞ്ഞ ബജറ്റിലും പദ്ധതികളും പ്രഖ്യാപനങ്ങളും പലതുണ്ടായെങ്കിലും പകുതിയും ഫയലില്‍ കുരുങ്ങി. ജില്ലയുടെ സ്വപ്ന പദ്ധതിയായിരുന്ന ശബരി എയര്‍പോര്‍ട്ട് സര്‍ക്കാരിന്റെ പിടിപ്പുകേടും അനാസ്ഥയുംമൂലം എയറിലായി. ആറു വര്‍ഷം ആവര്‍ത്തിച്ചു പ്രഖ്യാപനങ്ങളും ലക്ഷങ്ങള്‍ മുടക്കി സര്‍വേകളും നടത്തിയതല്ലാതെ എരുമേലിയിലെ വിമാന ചിറകടി ഏറെക്കുറെ നിലച്ചു.
അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതി നിര്‍മാണത്തിനുണ്ടായിരുന്ന സ്റ്റേ കഴിഞ്ഞ കഴിഞ്ഞ ദിവസം റെയില്‍വേ നീക്കം ചെയ്തിട്ടുണ്ട്. കാലടി മുതല്‍ പിഴക് വരെ പാതയ്ക്ക് അളന്നുതിരിച്ച സ്ഥലം വില കൊടുത്തു വാങ്ങി റെയില്‍വേയെ ഏല്‍പ്പിച്ചാല്‍ മാത്രമേ പണി മുന്നോട്ടുപോകൂ.
പിഴകു മുതല്‍ എരുമേലി വരെ അന്തിമ അലൈന്മെന്റും ആഘാത പഠനവും നടന്നിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പുതിയ കെട്ടിടങ്ങളും സംവിധാനങ്ങളും വന്നതാണ് ഏക നേട്ടം. റബര്‍, നെല്ല് താങ്ങുവില തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ധിപ്പിച്ചെങ്കിലും കര്‍ഷകര്‍ക്ക് നേട്ടമുണ്ടായില്ല.
കിടങ്ങൂര്‍ റൈസ് മില്ല് നിര്‍മാണവും കാഞ്ഞിരപ്പള്ളി ബൈപാസും വെള്ളൂര്‍ റബര്‍ പാര്‍ക്കും കഞ്ഞിക്കുഴി മേല്‍പ്പാലവും നടപ്പായില്ല. വൈക്കം സത്യഗ്രഹസ്മാരകത്തിന് അഞ്ചു കോടി രൂപ വകയിരുത്തിയെങ്കിലും സ്ഥലം വാങ്ങാന്‍പോലും സാധിച്ചില്ല. മലയോരഗ്രാമങ്ങളില്‍ വന്യമൃഗഭീഷണി ചെറുക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
National
ന്യൂഡൽഹി: രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതിരഹിത ഭരണം യാഥാർഥ്യമാക്കിയ കേന്ദ്രസർക്കാരിനെ ദ്രൗപതി മുർമു അഭിനന്ദിച്ചു. കഴിഞ്ഞദിവസം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു.
രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാർക്ക് ഇപ്പോൾ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും മുർമു പറഞ്ഞു. "തന്റെ സർക്കാർ യഥാർഥ സാമൂഹിക നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്," കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും അവർ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ മൂന്നാം ടേമിൽ, ദരിദ്രരെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അഴിമതിയും കുംഭകോണങ്ങളും തടയുന്നതിലും പൊതു ഫണ്ടുകളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിലും സർക്കാർ വിജയിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ പരാമര്‍ശിച്ചപ്പോള്‍ പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. പഴയ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന സേവനങ്ങൾ പരാമർശിച്ചാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്.
National
ന്യൂഡൽഹി: ബുധനാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നാളെ സർവകക്ഷി യോഗം ചേരും. പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് യോഗം വിളിച്ചത്.
രാവിലെ 11ന് പാർലമെന്റ് അനക്സിൽ നടക്കുന്ന യോഗത്തിൽ ഇരുസഭകളുടെയും സുഗമമായ പ്രവർത്തനത്തിന് എല്ലാ പാർട്ടികളുടെ സഹകരണം തേടും.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അഭിസംബോധനയോടെയാണ് ബുധനാഴ്ച സമ്മേളനം ആരംഭിക്കുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. രണ്ടാംഘട്ടം മാർച്ച് ഒന്‍പതിന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പഴയ രീതിയിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സമ്മേളനത്തിൽ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Business
ബജറ്റ് പ്രഖ്യാപനത്തെ നിക്ഷേപകർ ഉറ്റുനോക്കുന്നു. ഫെബ്രുവരി ഒന്നാം തിയതി ഞായറാഴ്ച നടക്കുന്ന ബജറ്റ് പ്രഖ്യാപന ദിനത്തിൽ ഇന്ത്യൻ ഓഹരിവിപണി തുറന്നു പ്രവർത്തിക്കുമെന്നതു ഫണ്ടുകളെ രംഗത്തു സജീവമാക്കാം. മുന്നിലുള്ള രണ്ടാഴ്ച മുൻനിര ഇൻഡക്സുകൾ താഴ്ന്ന തലങ്ങളിലേക്ക് ചാഞ്ചാടിയാൽ പുതിയ നിക്ഷേപത്തിന് അവർ അവസരം കണ്ടെത്താം.
ബോംബെ സെൻസെക്സ് അഞ്ച് പോയിന്റ് നഷ്ടത്തിലും നിഫ്റ്റി സൂചിക 11 പോയിന്റ് നേട്ടത്തിലുമാണു പിന്നിട്ടവാരം.
വിപണി പുതിയ ദിശ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിദേശ ഓപ്പറേറ്റർമാർ വില്പനക്കാരാണെങ്കിലും കനത്ത നിക്ഷേപം വഴി വിപണിയുടെ അടിയൊഴുക്ക് ആഭ്യന്തര ഫണ്ടുകൾ ശക്തമാക്കുന്നു. സാങ്കേതികമായി നിഫ്റ്റി സെല്ലർമാർക്ക് അനുകൂലയെങ്കിലും സൂചികകയെ 25,280നു മുകളിൽ പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് ബുൾ ഓപ്പറേറ്റർമാർ.
രൂപ അഭിമുഖീകരിക്കുന്ന സമ്മർദങ്ങളും ഇന്ത്യ-യുഎസ് വ്യാപാര ചർച്ചയിലെ കാലതാമസവും വിദേശ ഇടപാടുകാരെ പുതിയ ബാധ്യതകളിൽനിന്നും അകറ്റുന്നു. ഒരു വർഷത്തിൽ രൂപയ്ക്കു നേരിട്ട അഞ്ച് ശതമാനം മൂല്യ തകർച്ച തടയാൻ കേന്ദ്ര ബാങ്കിനു കഴിഞ്ഞില്ല. അമേരിക്കൻ ഭീഷണികളെ മറികടക്കാനും സാന്പത്തിക -വ്യവസായിക മേഖലയുടെ പുരോഗതിക്ക് ഊന്നൽ നൽക്കുന്നതുമായ ബജറ്റ് പുറത്ത് വരുമെന്ന നിഗമനത്തിലാണു പ്രദേശിക നിക്ഷേപകർ.
നിഫ്റ്റിയിലെ നീക്കം
സാങ്കേതികമായി ബുള്ളിഷ് മനോഭാവത്തിൽനിന്നും ദുർബലാവസ്ഥയിലേക്ക് വിപണി താത്കാലികമായി മുഖം തിരിക്കുമെന്നു കഴിഞ്ഞ വാരം സൂചന നൽകിയതാണ്. നിഫ്റ്റി 25,683നിന്നും 26,872 പോയിന്റ് വരെ കയറിയ വേളയിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ സൂചിക 25,472ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 25,694 പോയിന്റിലാണ്.
നിഫ്റ്റിക്ക് ആദ്യ താങ്ങ് 25,486 പോയിന്റിലാണ്, വില്പന സമ്മർദത്തിൽ ഇതു നഷ്ടപ്പെട്ടാൽ 25,279ലേക്ക് പരീക്ഷണം നടത്താം. തിരിച്ചുവരവിനു ശ്രമിച്ചാൽ 25,896 - 26,079 നെ ലക്ഷ്യമാക്കും. ബജറ്റ് വിപണിക്ക് അനുകൂലമായാൽ മാർച്ച് ഒന്നിനു നിഫ്റ്റി 26,479നു മുകളിൽ ഇടംപിടിക്കും.
നിഫ്റ്റിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡും പാരാബോളിക് എസ്എആറും എംഎസിഡിയും സെല്ലർമാർ നേട്ടമാക്കാം. അതേസമയം, ഇൻഡിക്കേറ്ററുകൾ പലതും ഓവർ സോൾഡായത് വാരത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചുവരവിന് അവസരമൊരുക്കാം.
നിഫ്റ്റി ജനുവരി ഫ്യൂച്ചേഴ്സ് 25,788ൽനിന്നും 25,694ലേക്ക് താഴ്ന്നു. നിലവിലെ ചലനങ്ങൾ കണക്കിലെടുത്താൽ മുൻവാരം സൂചിപ്പിച്ച 25,550 - 25,250ലേക്ക് ദുർബലമാകാം. അതേസമയം, ഒരു പുൾ ബാക്ക് റാലിക്കു മുതിർന്നാൽ 26,500 - 26,750നെ ലക്ഷ്യമാക്കും. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 169 ലക്ഷം കരാറുകളിൽനിന്ന് 166 ലക്ഷമായി.
സെൻസെക്സിന്റെ ലക്ഷ്യം
സെൻസെക്സ് 83,576ൽനിന്നും കൂടുതൽ മുന്നേറാനാവാതെ 84,117 വരെ എത്തിയ ഘട്ടത്തിലെ വില്പന സമ്മർദത്തിൽ 82,858ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 83,570 പോയിന്റിലാണ്. വിപണിക്ക് ഈ വാരം 84,174ലാണ് ആദ്യ പ്രതിരോധം, ഇതു മറികടന്നാൽ 84,778നെ ലക്ഷ്യമാക്കും. അതേസമയം, വില്പന സമ്മർദം തുടർന്നാൽ 82,909 – 82,248ലെ താങ്ങ് പ്രതീക്ഷിക്കാം.
ആഭ്യന്തര ഫണ്ടുകൾ നിക്ഷേപകരായി മൊത്തം 16,173.69 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. രണ്ടാഴ്ചകളിലെ അവരുടെ വാങ്ങൽ 33,768.27 കോടി രൂപയാണ്. വിദേശ ഓപ്പറേറ്റർമാർ വില്പനയ്ക്കുതന്നെ മുൻതൂക്കം നൽകി, 14,265.58 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപയ്ക്കു തകർച്ച, സ്വർണ വിലയിൽ മുന്നേറ്റം
രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. രൂപ 90.21ൽനിന്നും 91.09ലേക്ക് ദുർബലമായ ശേഷം വാരാന്ത്യം അല്പം മികവിൽ 90.66ലാണ്. നിലവിലെ സ്ഥിതിയിൽ 91.34 വരെ ദുർബലമാകാം, കരുത്തിനു ശ്രമിച്ചാൽ 90.25 - 89.94ൽ തടസമുണ്ട്. രാജ്യാന്തര സ്വർണ വിലയിൽ മുന്നേറ്റം.
ന്യൂയോർക്കിൽ ട്രോയ് ഔൺസിനു 4509 ഡോളറിൽനിന്നും 4549 ഡോളറിലെ റിക്കാർഡ് തകർത്ത് 4639 വരെ സഞ്ചരിച്ചു. ബുൾ ഓപ്പറേറ്റർമാരുടെ ശക്തമായ സ്വാധീനത്തിൽ റിക്കാർഡിനു മുകളിൽ ഔൺസിനു 90 ഡോളറിന്റെ കുതിപ്പ് നടത്തി വാരാന്ത്യം 4595 ഡോളറിലാണ്. ബുള്ളിഷ് മനോഭാവം കണക്കിലെടുത്താൽ 4724 ഡോളർ വരെ റാലി തുടരാം. ഡെയ്ലി, വീക്കിലി ചാർട്ടുകൾ വിലയിരുത്തിയാൽ വീണ്ടും ഒരു 750 ഡോളർ റാലിക്കുള്ള കരുത്ത് കണ്ടെത്താനാവും.
Kerala
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. ശബരിമല സ്വർണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയില്‍ ചർച്ചയാകും.
ജനുവരി 29ന് ആണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും.
Movies
കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവാക്കിയ അതേ തുക തന്നെയാണ് ‘ലോക’യുടെയും ബജറ്റ് എന്ന് ദുൽഖർ സൽമാൻ. ഈ സിനിമയ്ക്കായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ലെന്നും തങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണെന്നും നടൻ പറഞ്ഞു.
ഹൈദരാബാദിൽ നടന്ന ലോകയുടെ സക്സസ് ചടങ്ങിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ രണ്ടാം ഭാഗം ഇതിലും വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും താരം വ്യക്തമാക്കി.
‘‘വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ പ്രൊഡക്ഷനാണ് ലോക. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും നിറഞ്ഞ ക്രൂവും കാസ്റ്റും അണിനിരന്ന മറ്റൊരു സിനിമ ഉണ്ടാകില്ല. ഹൃദയത്തിൽ നിന്നും വളരെ സ്പെഷലായുള്ള സിനിമ ഉണ്ടാകണം എന്ന സ്വപ്നമായിരുന്നു ഇതിൽ ഓരോരുത്തർക്കും ഉണ്ടായിരുന്നത്.
അതിനായി മികച്ച സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഒരുമിച്ചു വന്നു. നിർമാതാവെന്ന നിലയിൽ എനിക്കൊരു ടെൻഷനും ഉണ്ടായിട്ടില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ ധാരണ ഇവർക്കെല്ലാം ഉണ്ടായിരുന്നു.
ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ സെറ്റ് സന്ദർശിക്കാനെത്തിയത്. എഡിറ്റും രണ്ട് തവണയാണ് കണ്ടത്. അത്രത്തോളം വിശ്വാസം ഈ ടീമിൽ ഉണ്ടായിരുന്നു.
ഞങ്ങളുടെ ആദ്യ പ്രൊഡക്ഷനായ വരനെ ആവശ്യമുണ്ട് സിനിമയിലും നസ്ലിൻ ഉണ്ടായിരുന്നു. അന്ന് തൊട്ട് വലിയ ഇഷ്ടമാണ്. നസ്ലിനോട് സംസാരിച്ചുകൊണ്ടിരുന്നാൽ ഇത്രത്തോളം ക്യൂട്ട് ആയിട്ടുള്ളൊരു ആളുണ്ടോ എന്നു തോന്നിപ്പോകും. ഒരു ബാഗിലെടുത്ത് തൂക്കി വീട്ടിൽ കൊണ്ടുപോകാൻ തോന്നും.
ചന്തുവിനെയും വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അച്ഛനൊരു ഇതിഹാസമാണ്. ചന്തുവിന്റെ അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്, ഒരുപാട് സമയം ചെലവഴിച്ചിട്ടുമുണ്ട്. അച്ഛനെപ്പോലെ തന്നെയാണ് ചന്തുവും. അരുൺ കുര്യൻ എന്റെ സഹോദരനായി യമണ്ടൻ പ്രേമകഥയിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ ഞാൻ പോലും റെക്കമന്റ് ചെയ്യാതെ സ്വന്തം കഴിവിലൂടെ ഇവിടെ വരെ എത്തിയ നടനാണ് അരുൺ.
നിമിഷും ഞാനും തമ്മിൽ വളരെ കാലത്തെ പരിചയമുണ്ട്. എന്റെ ഏറ്റവും അടുത്ത ടെക്നീഷ്യൻ ഫ്രണ്ട് എന്നു വേണമെങ്കിൽ നിമിഷിനെ വിളിക്കാം. ലോകയിലേക്ക് എന്നെ കൊണ്ടുവന്നത് നിമിഷ് ആണ്. കിംഗ് ഓഫ് കൊത്തയുടെ സമയത്ത് ആണ് ഇങ്ങനെയൊരു ഐഡിയയെക്കുറിച്ച് നിമിഷ് പറയുന്നത്. അവർ ഈ കഥ ഒരുപാട് നിർമാതാക്കളുടെ അടുത്ത് പറഞ്ഞെന്നും അവർക്കൊന്നും ഇതു മനസിലാകുന്നില്ലെന്നും പറഞ്ഞു.
നീ എന്നെ കാണുന്നില്ലേ, ഞാനും ഒരു നിർമാതാവല്ലേ? എന്നാണ് നിമിഷിനോടു ചോദിച്ചത്. അവൻ ഐഡിയ പറഞ്ഞു, കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഇതെങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല, പക്ഷേ നമ്മള് ചെയ്തിരിക്കുമെന്നു പറഞ്ഞു.
തീരെ ചെറിയ ബജറ്റിലാണ് ലോക നിർമിച്ചിരിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. പക്ഷേ മലയാളത്തിൽ ‘കിംഗ് ഓഫ് കൊത്ത’യ്ക്കും ‘കുറുപ്പി’നും ചെലവാക്കിയ അതേ ബജറ്റ് തന്നെ ‘ലോക’യ്ക്കുമായി. ഞങ്ങളെ സംബന്ധിച്ചടത്തോളം അതു വലിയ ബജറ്റ് തന്നെയാണ്. എന്നാൽപോലും അതിലൊരു ചെറിയ തുക പോലും അനാവശ്യമായി ചെലവാക്കിയിട്ടില്ല.
നിമിഷും ഡൊമിനിക്കും തമ്മിൽ വലിയൊരു കണക്ഷനുണ്ടായിരുന്നു. അതു തന്നെയാണ് സിനിമയുടെ വലിയ വിജയത്തിനു കാരണം. ഒരു സ്ത്രീയുടെ ശബ്ദം ഈ ചിത്രത്തിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ശാന്തിക്ക് അവകാശപ്പെട്ടതാണ്.
കല്യാണിയും ഞാനും തമ്മിൽ ഒരുപാട് സാദൃശ്യങ്ങളുണ്ട്. കഴിഞ്ഞ ജന്മത്തിൽ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാർഥതയോടെ വേറെ ആരെങ്കിലും അവതരിപ്പിക്കുമോ എന്നത് സംശയമാണ്. അത്രത്തോളം ആ കഥാപാത്രത്തെ കല്യാണി മികച്ചതാക്കി.
ഞാൻ നായകനായി 40ലധികം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല. ലോക രാജ്യം മുഴുവൻ മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്. ഇപ്പോൾ ചിത്രം ഒരു വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി.’’ദുൽഖർ സൽമാൻ പറഞ്ഞു.