International
വാഷിംഗ്ടൺ ഡിസി: ചൈനയുമായുള്ള ബിസിനസ് ഇടപാടുകൾ ബ്രിട്ടന് ആപത്കരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ചൈന സന്ദർശിക്കുന്നതിനിടെയാണ് ട്രംപ് ഇതു പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം അദ്ദേഹം നല്‍കിയില്ല.
ട്രംപിന്റെ അപ്രതീക്ഷിത വാണിജ്യ, വിദേശനയങ്ങളിൽ വശംകെട്ട പാശ്ചാത്യ മിത്രങ്ങൾ ചൈനയോട് അടുക്കാൻ തുടങ്ങിയതിന്റെ ഫലമാണ് സ്റ്റാർമറുടെ സന്ദർശനം. രണ്ടാഴ്ച മുന്‍പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കാനഡയ്ക്കു മേൽ തീരുവ ചുമത്തുമെന്നു ട്രംപ് ഭീഷണി മുഴക്കി.
വ്യാഴാഴ്ച ഷിയുമായി സ്റ്റാർമർ നടത്തിയ മൂന്നു മണിക്കൂർ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ധാരണയായിരുന്നു. ബ്രിട്ടീഷ് മദ്യത്തിനു തീരുവ കുറയ്ക്കാനും ബ്രിട്ടീഷ് പൗരന്മാർക്കു വീസ ഇളവു നല്‍കാനും ചൈനയുമായി ഉണ്ടാക്കിയ ധാരണയെ സ്റ്റാർമർ പ്രശംസിച്ചു. പരസ്പരവിശ്വാസവും ബഹുമാനവും വർധിപ്പിക്കുന്നത് ഇങ്ങനെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
International
ബെയ്ജിംഗ്: ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ അഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. നാലുദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയ സ്റ്റാർമർ പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടീഷ് വിസ്കിക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചെന്ന് സ്റ്റാർമറും, ബ്രിട്ടീഷുകാർക്ക് ചൈനയിൽ വീസ ഇളവു നല്‍കുന്നത് ആലോചിക്കുമെന്ന് ഷിയും അറിയിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാണിജ്യയുദ്ധ ഭീഷണിക്കിടെയാണ് സ്റ്റാർമർ ചൈനയിലെത്തിയത്. രണ്ടാഴ്ച മുന്‍പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചയും ഉച്ചഭക്ഷണവും ഉൾപ്പെടെ മൂന്ന് മണിക്കൂറാണു സ്റ്റാർമർ-ഷി കൂടിക്കാഴ്ച നീണ്ടത്. ഫുട്ബോളിനെക്കുറിച്ചും ഷേക്സ്പിയറെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ചൈന-ബ്രിട്ടൻ ബന്ധം പലവിധ പ്രശ്നങ്ങളിലൂടെയാണു കടന്നുപോയതെന്നും ഇത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്തില്ലെന്നും ഷി ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി ദീർഘകാല പങ്കാളിത്തത്തിനു ചൈന ആഗ്രഹിക്കുന്നതായും ഷി കൂട്ടിച്ചേർത്തു.
രണ്ടാഴ്ച മുന്‍പ് കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിലും പരസ്പരം ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ ധാരണയായിരുന്നു. അതേസമയം, കാനഡയുടെ നീക്കം ട്രംപിനെ പ്രകോപിപ്പിച്ചു. കാനഡയ്ക്ക് നൂറു ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.
International
ബെയ്ജിംഗ്: മ്യാൻമറിൽ തട്ടിപ്പ് കേന്ദ്രങ്ങൾ നിയന്ത്രിച്ചിരുന്ന ചൈനയിലെ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെയും വധശിക്ഷയ്ക്കു വിധേയരാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ കോടതി മിംഗ് മാഫിയ കുടുംബാംഗങ്ങൾക്കെതിരെ കൊലപാതകം, നിയമവിരുദ്ധമായി തടവിൽ വയ്ക്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി
വധശിക്ഷയ്ക്കു വിധിച്ചിരുന്നു. മിംഗ് കുടുംബത്തിലെ 39 അംഗങ്ങൾക്കാണ് വിവിധ ശിക്ഷകൾ ലഭിച്ചത്. ഇതിൽ 11 പേരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്.
ചൈനീസ് അതിർത്തിയോടു ചേർന്നുള്ള മ്യാൻമറിലെ ലൗക്കൈങ് നിയന്ത്രിച്ചിരുന്ന പ്രധാന സംഘങ്ങളിൽ ഒന്നായിരുന്നു മിംഗ് കുടുംബം. 2023ലെ ആഭ്യന്തര യുദ്ധത്തിനിടയിൽ മ്യാൻമറിലെ ലൗക്കൈങ് പ്രവിശ്യയുടെ നിയന്ത്രണം ഗോത്രവർഗ സംഘങ്ങൾ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഗോത്രസംഘം മാഫിയ സംഘത്തെ പിടികൂടി ചൈനയ്ക്കു കൈമാറിയതോടെയാണ് ഇവരുടെ തട്ടിപ്പ് സാമ്രാജ്യം തകർന്നത്.
ആയിരക്കണക്കിനു ചൈനീസ് തൊഴിലാളികളാണ് മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ വർഷങ്ങളായി കുടുങ്ങിക്കിടന്നത്. കഴിഞ്ഞ വർഷം, അഭിനയ അവസരത്തിനായി തായ്ലൻഡിലേക്കു പോയ ഒരു ചൈനീസ് നടനെ മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടുപോയ വാർത്ത ചൈനീസ് സൈബർ ലോകത്തു പ്രചരിച്ചിരുന്നു. സംഭവത്തെതുടർന്ന്, മ്യാൻമറിലെ സൈനിക ഭരണകൂടത്തോട് ഈ മാഫിയ സംഘങ്ങളെ അടിച്ചമർത്തണമെന്നു ചൈന നിരന്തരം ആവശ്യപ്പെട്ടിരുന്നു.
2015നും 2023നും ഇടയിൽ മിംഗ് മാഫിയ തട്ടിപ്പ് കേന്ദ്രങ്ങളിൽനിന്ന് ഏകദേശം 10 ശതകോടി യുവാൻ (13,200 കോടി ഇന്ത്യൻ രൂപ) മാഫിയ സമ്പാദിച്ചതായി കണ്ടെത്തിയ ചൈനയിലെ പരമോന്നത കോടതി നവംബറിൽ ഇവരുടെ അപ്പീലുകൾ തള്ളിയിരുന്നു. 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇവരുടെ കുറ്റകൃത്യങ്ങൾ കാരണമായതായും കോടതി ചൂണ്ടിക്കാട്ടി.
National
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും സ്വതന്ത്ര വ്യാപാര കരാർ.
അമേരിക്കയും ചൈനയും ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ ഇന്ത്യ- ഇയു നയതന്ത്ര ബന്ധം സഹായകമാകുമെന്നാണു പ്രതീക്ഷ.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ളതടക്കം ട്രംപിന്റെ നടപടികളാണ് ഇന്ത്യ-ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദന മേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
International
ബെയ്ജിംഗ്: ചൈനയിൽ ഉന്നത പട്ടാളമേധാവിമാർക്കെതിരേ അന്വേഷണം. പോളിറ്റ് ബ്യൂറോ അംഗവും സൈന്യത്തിന്റെ ചുമതലയുള്ള സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) വൈസ് ചെയർമാനുമായ ഴാംഗ് യോഷിയ, സിഎംസി ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായ ലിയു ഴെൻലി എന്നിവർക്കെതിരേ അച്ഛടക്കലംഘനത്തിനും നിയമലംഘനത്തിനും അന്വേഷണം നടത്താൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം ഇന്നലെ അറിയിച്ചു.
എഴുപത്തഞ്ചുകാരനായ ഴാംഗ് യോഷിയ സിഎംസിയുടെ രണ്ടു വൈസ് ചെയർമാന്മാരിൽ ഒരാളാണ്. പ്രസിഡന്റ് ഷി ചിൻപിംഗാണ് സിഎംസിയുടെ ചെയർമാൻ. ഷിയുടെ വിശ്വസ്തനായിട്ടാണ് ഴാംഗ് അറിയപ്പെട്ടിരുന്നത്.
പ്രസിഡന്റ് ഷി പാർട്ടിയിലും പട്ടാളത്തിലും നടത്തുന്ന ശുദ്ധികലശത്തിന്റെ ഭാഗമാണ് മുതിർന്ന സൈനിക മേധാവിമാർക്കെതിരായ നടപടി. ഒട്ടേറെ ഉന്നത ജനറൽമാരും രണ്ടു മുൻ പ്രതിരോധ മന്ത്രിമാരും അഴിമതിവിരുദ്ധ നടപടികൾ നേരിട്ടിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ലോകമെമ്പാടും ജനപ്രീതിയുണ്ടായിരുന്ന ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടിക്ടോക് യുഎസുമായി പുതിയ കരാർ ഒപ്പിട്ടു. ചൈനീസ് ടിക്ടോക് ഉടമ ബൈയ്റ്റി ഡാൻസ് ആണ് ഇക്കാര്യം അറിയിച്ചത്.
2020 ഓഗസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് സുരക്ഷാ മാനദണ്ഡങ്ങളെ മുൻനിർത്തി ടിക്ടോക് നിരോധിച്ചിരുന്നു. ഇതേത്തുടർന്നു വർഷങ്ങൾക്കു ശേഷമുള്ള ശ്രമത്തിനൊടുവിലാണ് ഈ സംയുക്ത കരാറിനു കൈകോർക്കുന്നത്. യുഎസ് ഉപയോക്താക്കളുടെ വിവരങ്ങൾ, സൈബർ സുരക്ഷാ നടപടികളിലൂടെ ടിക്ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ചർ എൽഎൽസി സുരക്ഷിതമാക്കുമെന്നു ബൈറ്റ് ഡാൻസ് അറിയിച്ചു.
ഈ കരാർ പ്രകാരം സംരംഭത്തിന്റെ 80.1 ശതമാനം ഓഹരികൾ അമേരിക്കൻ- ആഗോള നിക്ഷേപകർക്കും ബാക്കി 19.9 ശതമാനം ബൈറ്റ്ഡാൻസിനും ആയിരിക്കും. ടിക്ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ച്വറിലെ പ്രധാന നിക്ഷേപകരായ ഒറാക്കിൾ, പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ സിൽവർ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള നിക്ഷേപസ്ഥാപനമായ എംജിഎക്സ് എന്നിവർക്കും 15 ശതമാനം വീതം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.
ടിക്ടോക്കിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ തനിക്കു സന്തോഷമുണ്ടെന്നും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും ഇടയിൽ താൻ എന്നും ഓർമിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
International
ബെയ്ജിംഗ്: 2025ൽ ചൈനയിലെ ജനനനിരക്കിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനിടെയാണ് ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ജനനനിരക്ക് ആയിരത്തിന് 5.6 ആണ്.
മരണനിരക്ക് ആകട്ടെ, 8.04 ആണ്. 1949ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞവർഷമുണ്ടായത്. മരണനിരക്കാകട്ടെ, 1968നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും.
തുടർച്ചയായ നാലാം വർഷമാണ് ചൈനയിൽ ജനനനിരക്കിൽ ഇടിവുണ്ടാകുന്നത്. 2025ൽ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140 കോടിയിലെത്തി. ജനനനിരക്ക് താഴ്ന്നുതുടങ്ങിയതോടെ 2016ൽ ചൈന ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികൾ എന്നാക്കിയിരുന്നു. അതിനുശേഷവും ജനനനിരക്ക് ഉയരാത്തതിനെത്തുടർന്ന് ദന്പതിമാർക്ക് മൂന്നു കുട്ടികൾ വരെ ആകാമെന്ന് 2021ൽസർക്കാർ ഉത്തരവിറക്കി.
ജനസംഖ്യ ഈ നിലയിൽ താഴ്ന്നാൽ 2100 ആകുന്പോഴേക്കും ഇപ്പോഴത്തേതിന്റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ എന്നാണു കണക്കാക്കുന്നത്. മേഖലയിലെ അയൽരാജ്യങ്ങളായ സിംഗപ്പൂർ, തായ്വാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കിൽ വലിയ ഇടിവാണുള്ളത്.
International
ബെയ്ജിംഗ്: ഒരു കാലത്ത് ജനസംഖ്യാ വർധന തടയാൻ കർശനമായ നിയമങ്ങളും ഒറ്റക്കുട്ടി സന്പ്രദായവും നിർബന്ധിതമാക്കിയ ചൈന ഇപ്പോൾ അതിന്റെ പ്രത്യാഘാതം എങ്ങനെ താങ്ങണമെന്നറിയാതെ നട്ടംതിരിയുന്നു.
ഏറ്റവും പുതിയ ജനന നിരക്ക് കണക്കുകൾ ചൈനയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ജനനനിരക്കിൽ മുൻവർഷത്തേക്കാൾ 17 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റക്കുട്ടി സമ്പ്രദായത്തിലെ അപകടം തിരിച്ചറിഞ്ഞ് പത്തു വർഷം മുന്‍പ് പിൻവലിച്ചെങ്കിലും അതു ഇനിയും ജനനനിരക്കിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് ചൈനയെ വലയ്ക്കുന്നത്.
17 ശതമാനം ഇടിവ്
ജനനനിരക്ക് കൂട്ടാനായി കുറെ വർഷങ്ങളായി വൻ സൗജന്യങ്ങളും പദ്ധതികളുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, അതൊന്നും കാര്യമായി ചലനമുണ്ടാക്കുന്നില്ലെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. 2025ൽ 7.92 ദശലക്ഷം കുഞ്ഞുങ്ങൾ മാത്രമേ ജനിച്ചുള്ളൂ. മുൻ വർഷത്തെ അപേക്ഷിച്ച് 1.62 ദശലക്ഷം അഥവാ 17 ശതമാനത്തിന്റെ കുത്തനെയുള്ള ഇടിവ്. 2024ൽ ജനനനിരക്കിൽ നേരിയ വർധന പ്രകടമായിരുന്നു. എന്നാൽ, ഇതു താത്കാലികം മാത്രമായിരുന്നു. അതേസമയം, 2023 വരെ തുടർച്ചയായി ഏഴ് വർഷങ്ങളിൽ ജനന നിരക്ക് കുറഞ്ഞുവരികയായിരുന്നു.
ഒരു കാലത്ത് ജനസംഖ്യയെ ബാധ്യതയായിട്ടാണ് ലോകം വിലയിരുത്തിയിരുന്നത്. എന്നാൽ, ഇന്നു ജനസംഖ്യയുള്ള രാജ്യങ്ങളാണ് അതിവേഗം വളർച്ച നേടുന്നത്. ജനസംഖ്യയെ ആസ്തിയായി കരുതണമെന്ന നിലപാടിനാണ് ഇപ്പോൾ മുൻതൂക്കം.
സൗജന്യങ്ങൾ ഇഷ്ടം പോലെ
പല രാജ്യങ്ങളെയും പോലെ ചൈനയും കുറഞ്ഞുവരുന്ന ഫെർട്ടിലിറ്റി റേറ്റ് മൂലം പ്രതിസന്ധി നേരിടുകയാണ്. 2020ൽ ഫെർട്ടിലിറ്റി റേറ്റ് 1.3 ആയിരുന്നു. എന്നാൽ, നിലവിൽ ഇത് ഒന്ന് മാത്രമാണ്. ചൈനയുടെ ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ വളരെ താഴെയാണിത്.
2015ൽ സർക്കാർ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് കുട്ടികളുടെ എണ്ണം രണ്ടായും 2021ൽ മൂന്നായും കൂട്ടിയിരുന്നു. കുട്ടികളുണ്ടാകാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ വലിയ പദ്ധതികളും പ്രഖ്യാപിച്ചു.
കഴിഞ്ഞ ജൂലൈയിൽ, ജനിക്കുന്ന ഓരോ കുട്ടിക്കും 3,600 യുവാൻ ഏകദേശം 47,000 ഇന്ത്യൻ രൂപ വീതം നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗർഭനിരോധന ഉറകൾക്ക് നികുതി ഏർപ്പെടുത്തി. കുട്ടികളെ വളർത്തുന്നതിലെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഡേ കെയർ, കിന്റർ ഗാർട്ടൺ, വിവാഹാലോചന സേവനം ഈ മേഖലകളിലെല്ലാം നികുതിയിളവ് കൊണ്ടുവന്നു. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്ന ചൈനയെ 2023ൽ ഇന്ത്യ മറികടന്നിരുന്നു.
International
ബെയ്ജിംഗ്: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ധാരണയായി.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കു കാനഡയും കനേഡിയൻ കടുക് ഉത്പന്നങ്ങൾക്ക് ചൈനയും ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കും. കാനഡയിലെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് പരസ്പരം ചുമത്തിയ ഇറക്കുമതിച്ചുങ്കങ്ങളാണു കുറയ്ക്കുക.
49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ 6.1% തീരുവയിൽ ഇറക്കുമതി ചെയ്യാനുള്ള ധാരണയാണ് ഇന്നലെയുണ്ടായത്. ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ചുമത്തിയ 100 ശതമാനം ചുങ്കമാണ് നാമമാത്രമായി കുറച്ചിരിക്കുന്നത്.
ഇതിനു പകരമായി കാനഡയിലെ കടുക് ചുങ്കം 15% ആയി കുറയ്ക്കാമെന്നു ചൈനയും സമ്മതിച്ചു. ട്രൂഡോയ്ക്കുള്ള മറുപടിയെന്ന നിലയിൽ ചൈന കടുക് ഉത്പന്നങ്ങൾക്കുള്ള ചുങ്കം 84 ശതമാനമായി ഉയർത്തിരുന്നു.
അമേരിക്കയിലെ ട്രംപ് ഭരണകൂടം വ്യാപാര വിഷയങ്ങളിൽ പ്രതികൂല നിലപാടുകൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണു കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം. ഇതിനു മുന്‍പ് കനേഡിയൻ ഭരണാധികാരി ചൈന സന്ദർശിച്ചത് 2017ലാണ്.
International
ജൊഹാനസ്ബർഗ്: ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക നാവികാഭ്യാസം ആരംഭിച്ചു. ‘വിൽ ഫോർ പീസ് 2026’ എന്നാണു പേര്. ബ്രിക്സ് പ്ലസ് സൈനികാഭ്യാസം ആണിതെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു.
ബ്രസീൽ, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങൾ നിരീക്ഷകരായി പ്രവർത്തിക്കും. റഷ്യ, ചൈന രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക സൈനികാഭ്യാസം നടത്താറുള്ളതാണ്.
എന്നാൽ, ബ്രിക്സ് രാജ്യങ്ങൾക്കെതിരേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് കണ്ണുരുട്ടുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ അഭ്യാസം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
International
ബെയ്ജിംഗ്: ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിനു പുറത്തു പ്രവർത്തിക്കുന്ന ക്രൈസ്തവ സഭയിലെ (അണ്ടർഗ്രൗണ്ട് സഭകൾ) ആറ് അംഗങ്ങൾ അറസ്റ്റിലായി.
ചെംഗ്ഡു നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഏർളി റെയ്ൻ കവനന്റ് ചർച്ച്’ എന്ന പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവ് ലി യിംഗ്ക്വിയാംഗ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ലിയെ അദ്ദേഹത്തിൽ വീട് റെയ്ഡ് ചെയ്താണു കസ്റ്റഡിയിലെടുത്തത്.
ഇവർ ചെയ്ത കുറ്റകൃത്യം ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. രജിസ്റ്റർ ചെയ്യാത്ത ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന നടപടികളുടെ തുടർച്ചയാണിതെന്നു സൂചനയുണ്ട്.
ഡിസംബറിൽ അണ്ടർഗ്രൗണ്ട് സഭകളെ ലക്ഷ്യമിട്ട് വെൻചൗ നഗരത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ നൂറിലധികം വിശ്വാസികൾ അറസ്റ്റിലായിരുന്നു. ഒക്ടോബറിൽ സയൺ ചർച്ച് എന്ന അണ്ടർഗ്രൗണ്ട് സഭയിലെ പാസ്റ്റർമാർ അടക്കം 30 പേർ അറസ്റ്റിലായിരുന്നു.
ചൈനയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അംഗീകാരത്തോടെയും അല്ലാതെയും പ്രവർത്തിക്കുന്ന സഭകളുണ്ട്.
International
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്ന വാദം അംഗീകരിച്ച് പാക്കിസ്ഥാൻ. 2025 മേയിൽ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്.
കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ പാക് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബിയാണ് മധ്യസ്ഥരായി ചൈന ഇടപെട്ടുവെന്ന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്.
ചൈനീസ് നേതാക്കൾ പാക്കിസ്ഥാൻ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ ഇതേ നേതാക്കൾ ഇന്ത്യയുമായും ചില ആശയവിനിമയങ്ങൾ നടത്തിയെന്നുമാണ് താഹിർ പറയുന്നത്.
വളരെ നല്ല നയതന്ത്ര നീക്കങ്ങൾ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും മേഖലയിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാൻ ശ്രമിക്കുന്നതിനും ചൈനീസ് നേതാക്കൾ പങ്കുവഹിച്ചു എന്ന് ഞാൻ കരുതുന്നു. മധ്യസ്ഥ ശ്രമത്തിൽ ചൈനീസ് വിശദീകരണം ശരിയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് താഹിർ പറഞ്ഞു.
അതേസമയം ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ചെന്നായിരുന്നു ഇതുവരെ പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ തള്ളിയാണ് ചൈനയാണ് മധ്യസ്ഥത വഹിച്ചുവെന്ന പാക്കിസ്ഥാന്റെ വെളിപ്പെടുത്തൽ.
അതേസമയം പാക്കിസ്ഥാൻ ഡിജി ഓഫ് മിലിട്ടറി, ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് സൈനിക നടപടി നിർത്തിവച്ചതെന്നും വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യയുടെ വാദം.
International
ബെയ്ജിംഗ്: തായ്വാനെ വളഞ്ഞ് ചൈനയുടെ വന്പൻ സൈനികാഭ്യാസം. അമേരിക്ക തായ്വാന് 11.1 ബില്യൻ ഡോളറിന്റെ സൈനികോപകരണങ്ങൾ വില്‍ക്കുമെന്നു പ്രഖ്യാപിച്ചതിന്റെ 11-ാം ദിവസമാണു ചൈന സൈനികാഭ്യാസം തുടങ്ങിയിരിക്കുന്നത്.
തായ്വാൻ വിഷയത്തിൽ പുറംകക്ഷി ഇടപെടുന്നതു തയാൻ ഉദ്ദേശിച്ചാണ് അഭ്യാസമെന്നും ചൈനീസ് സേന ഇന്നലെ വ്യക്തമാക്കി.
തായ്വാൻ ദ്വീപിനു ചുറ്റും കപ്പലുകളും അത്യാധുനിക ആയുധങ്ങളും വിന്യസിച്ചിരിക്കുകയാണ്. തായ്വാന്റെ വടക്ക്, തെക്ക് കടൽമേഖലകളിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് പത്തു മണിക്കൂർ നീണ്ട വെടിവയ്പു പരിശീലനം ഇന്നലെയുണ്ടായി. ചൈനീസ് യുദ്ധവിമാനങ്ങൾ ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ നേരിടുന്നതിന്റെ പരിശീലനവും നടത്തി.
തായ്വാൻ വിഷയത്തിൽ ഇടപെടുകയോ ഇടപെടാൻ ശ്രമിക്കുകയോ ചെയ്യുന്നവരുടെ ശിരസ് ചൈനീസ് സേനയാകുന്ന ഇരുന്പുമതിലിൽ തട്ടി തകരുമെന്ന പ്രസ്താവന ചൈനീസ് അധികൃതർ ഇന്നലെ പുറത്തിറക്കി.
ജനാധിപത്യഭരണകൂടം നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്വാനെ കൂട്ടിച്ചേർക്കുമെന്നതാണ് ചൈനയുടെ ഔദ്യോഗിക നയം.
Business
ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കി. ഈ വർഷം ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയുടെ അരി കയറ്റുമതി ഏകദേശം ഇരട്ടിയായി. ഈ സാന്പത്തിക വർഷം 20 മെട്രിക് ടണ്‍ അരിയാണ് രാജ്യം കയറ്റുമതി ചെയ്തത്.
അരിയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും രാജ്യം മുന്നിലെത്തിയെങ്കിലും നെൽ കർഷകർക്ക് ആഘോഷിക്കാനുള്ള അവസ്ഥയല്ല ഉള്ളത്.
കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, കാർഷിക ശാസ്ത്രജ്ഞർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും ഭൂഗർഭജല കണക്കുകളുടെ അവലോകനവും വലിയൊരു ആശങ്കയാണ് പങ്കുവയ്ക്കുന്നത്. നെൽകൃഷിക്ക് വളരെയേറെ ജലം ആവശ്യമാണ്. ഈ ആവശ്യത്തിനുള്ള ജലം ഇല്ലെന്ന കാര്യമാണ് ഇവർ പങ്കുവയ്ക്കുന്നത്. നെൽക്കൃഷി ഇപ്പോൾതന്നെ ഇന്ത്യയിൽ നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗർഭജല സ്രോതസുകളെ അമിതമായി ചൂഷണം ചെയ്യുന്നു. ഇതിനാൽ കൂടുതൽ ആഴത്തിലുള്ള കുഴൽക്കിണറുകൾ കുഴിക്കുന്നതിനും വൻ തോതിൽ കടമെടുക്കുന്നതിനും കർഷകരെ നിർബന്ധിതരാക്കുന്നു.
വൻതോതിൽ നെല്ലുത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കാർഷികമേഖലകളിൽ ഏകദേശം ഒരു ദശാബ്ദം മുന്‍പ് 30 അടി താഴ്ചയിൽ ഭൂഗർഭജലം ലഭ്യമായിരുന്നുവെന്ന് കർഷകരും കൃഷി-ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭൂഗർഭജലത്തിന്റെ അളവ് അതിവേഗമാണ് താഴ്ന്നു. ഇപ്പോൾ കുഴൽക്കിണറുകൾ 80 അടി മുതൽ 200 അടി വരെ താഴ്ത്തേണ്ടിയും വരുന്നുവെന്ന് കർഷകർ പറയുന്നു. കർഷകരുടെ വാക്കുകളെ ശരിവയ്ക്കുന്നതാണ് സർക്കാർ കണക്കുകളും പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പഠനങ്ങളും.
അതേസമയം, നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്ന സർക്കാർ സബ്സിഡികൾ, കുറഞ്ഞ അളവിൽ മാത്രം ജലം ആവശ്യമായ കൃഷിയിലേക്ക് മാറുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏകദേശം 70 ശതമാനത്തോളം വർധിച്ച നെല്ലിന്റെ മിനിമം താങ്ങുവിലയും കൃഷിക്കാവശ്യമായ വെള്ളം പന്പ് ചെയ്യാൻ കർഷകരെ സഹായിക്കുന്ന വൈദ്യുത സബ്സിഡികളും ഇതിൽപ്പെടുന്നു. ഈ നയം കർഷകരെ വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിക്കു പകരം നെൽകൃഷിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു.
ഈ സബ്സിഡികളിൽ പലതും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഒരു ദേശീയ ആശങ്കയായിരുന്ന കഴിഞ്ഞ ദശകങ്ങളിൽ രൂപകല്പന ചെയ്തതാണ്. ഇതിപ്പോൾ വിള വൈവിധ്യവത്കരണത്തിനു തടസമായിരിക്കുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോകത്തിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ വിലയേറിയ ഭൂഗർഭജലം വൻതോതിൽ ഉപയോഗിക്കുന്നതിനായി കർഷകർക്കു പണം നൽകുന്നു എന്നതാണ് ഇതിന്റെ ആകെത്തുകയെന്ന് വാഷിംഗ്ടണിലെ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അവിനാഷ് കിഷോർ പറഞ്ഞു.
ലോകത്തെ മൊത്തം അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽനിന്നാണ്. അതിൽ ഇന്ത്യയുടെ ഉത്പാദനത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് അവിനാഷ് കിഷോർ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾക്ക് ആഹാരം നൽകാൻ ആവശ്യമായതിലും കൂടുതൽ അരി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ കർഷകർ ഉപരിതല, ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇരകളാകുന്നു. മണ്‍സൂണ്‍ ദുർബലമായാൽ ഭൂഗർഭജലസ്രോതസുകൾ നിറയാതിരിക്കും.
ജല ചൂഷണവും അധികച്ചെലവും
കഴിഞ്ഞ രണ്ടു വർഷമായി ശക്തമായി മഴ ലഭിച്ചിട്ടുണ്ടെങ്കിലും കർഷകർ വൻതോതിൽ ജലം ഉൗറ്റിയെടുക്കുന്നതുമൂലം പഞ്ചാബിലെയും ഹരിയാനയിലെയും വലിയൊരു ഭാഗം ഭൂർഗർഭജലസ്രോതസുകളെയും ഇന്ത്യൻ സർക്കാർ അമിതമായി ചൂഷണം ചെയ്യപ്പെട്ടവ എന്നോ അല്ലെങ്കിൽ അപകടകരമായ അവസ്ഥയിലുള്ളതെന്നോ തരംതിരിച്ചിരിക്കുന്നു.
2024ലെയും 2025ലെയും കണക്കുകൾ പ്രകാരം ഈ രണ്ടു സംസ്ഥാനങ്ങളും ഭൂഗർഭജലസ്രോതസുകളിൽ സ്വാഭാവികമായി റീചാർജ് ചെയ്യപ്പെടുന്നതിനേക്കാൾ 35 ശതമാനം മുതൽ 57 ശതമാനം വരെ അധിക ജലം ഉൗറ്റിയെടുക്കുന്നു.
ഈ സാഹചര്യം പരിഹരിക്കാനായി 2023ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിതീവ്രമായി ജലചൂഷണം നേരിടുന്ന മേഖലകളിൽ പുതിയ കുഴൽക്കിണറുകൾ കുഴിക്കുന്നത് നിരോധിച്ചു.
പുതിയ കുഴൽക്കിണറുകൾ കുഴിക്കാൻ അനുവാദമില്ലാത്തതിനാൽ നിലവിലുള്ള കിണറുകളിൽനിന്ന് താഴേക്കു പോയി ജലമെത്തിക്കാൻ കർഷകർക്കു നീളമുള്ള പൈപ്പുകളും ശക്തമായ മോട്ടോർ പന്പുകളും ഉപയോഗിക്കേണ്ടിയും വരുന്നു.
ഇന്ത്യയിൽ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ 3000 മുതൽ 4000 ലിറ്റർ വരെ ജലം ആവശ്യമാണെന്നും അത് ആഗോള ശരാശരിയേക്കാൾ 20 മുതൽ 60 ശതമാനം വരെ കൂടുതലാണെന്നും കാർഷിക സാന്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി പറഞ്ഞു.
നയങ്ങളിൽ മാറ്റം
നെല്ലിനുള്ള സബ്സിഡിയും ഭൂഗർഭജല ചൂഷണവും ഇല്ലാതാക്കാനുള്ള നയങ്ങൾ നടപ്പിലാക്കാനുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിയിലേക്കു കടക്കാൻ ഹരിയാന സർക്കാർ സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നു. മില്ലറ്റുകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ വാഗ്ദാനം ഒരു കൃഷിക്കാലത്തേക്കു മാത്രമാണ്. അതുകൊണ്ടുതന്നെ വലിയതോതിൽ കർഷകർക്കിടയിൽ ഇതിനു പ്രചാരം ലഭിച്ചില്ല.
നെൽക്കൃഷി ചെയ്യുന്ന ഓരോ ഹെക്ടറിനും വളം, വൈദ്യുതി സബ്സിഡിയായി പഞ്ചാബ് 39,000 രൂപയാണ് ചെലവാക്കുന്നത്. ഈ സബ്സിഡിയുടെ ഒരു ഭാഗമുപയോഗിച്ച് കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിള ഉത്പാദനം പ്രോത്സാഹിക്കാൻ കഴിയുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കർഷകരുടെ വരുമാനം നിലനിർത്താനും സർക്കാരിന് സാന്പത്തിക ലാഭത്തിനും കാരണമാകും.
International
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഭീഷണി നേരിടുന്ന തായ്വാന് വന്പൻ ആയുധ പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. എട്ടു വിൽപന കരാറുകളിലായി മിസൈലുകളും ഡ്രോണുകളും അടക്കം 1,115 കോടി ഡോളറിന്റെ ആയുധങ്ങൾ തായ്വാനു വിൽക്കാൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റ് അറിയിച്ചു.
തായ്വാന് അമേരിക്ക പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ സൈനികസഹായമാണിത്. ട്രംപിനു മുന്‍പ് പ്രസിഡന്റായിരുന്ന ജോ ബൈഡന്റെ കാലത്ത് മൊത്തം 840 കോടി ഡോളറിന്റെ സൈനികസഹായമേ തായ്വാനു ലഭിച്ചിരുന്നുള്ളൂ.
ഹിമാർസ് റോക്കറ്റ് സംവിധാനത്തിന്റെ 82 യൂണിറ്റ്, 420 ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനങ്ങൾ എന്നിവ അടക്കമാണ് ട്രംപ് ഭരണകൂടം തായ്വാനു നല്‍കുന്നത്. യുക്രെയ്ൻ സേന റഷ്യൻ അധിനിവേശത്തെ ചെറുക്കാനായി ഫലപ്രദമായി ഉപയോഗിക്കുന്ന ആയുധങ്ങളാണിവ.
തായ്വാൻ പാക്കേജിൽ നൂറു കോടി ഡോളറിന്റെ സൈനിക സോഫ്റ്റ്വേറുകളും ഉൾപ്പെടുന്നതായാണ് അറിയിപ്പ്. തായ്വാന്റെ സുരക്ഷ വർധിപ്പിക്കാനും മേഖലയിൽ സന്തുലനം ഉറപ്പാക്കാനും സൈനിക പാക്കേജിനു കഴിയുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
അതേസമയം, അമേരിക്കൻ പ്രഖ്യാപനത്തിൽ രോഷത്തോടെയാണ് ചൈന പ്രതികരിച്ചത്. ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ധാരണകൾ ലംഘിക്കപ്പെട്ടെന്നും അമേരിക്കൻ ആയുധങ്ങൾ ചൈനയുടെ പരമാധികാരത്തിനു ദോഷകരമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
International
മോസ്കോ: വെനസ്വലേയുടെ എണ്ണവില്പന തടഞ്ഞ അമേരിക്കയ്ക്കു മുന്നറിയിപ്പുമായി റഷ്യ. വെനസ്വേലൻ വിഷയത്തിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം വലിയ അബദ്ധം കാണിക്കില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു.
വെനസ്വേല റഷ്യയുടെ സൗഹൃദരാജ്യമാണ്. കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്ക് അമേരിക്ക കടക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പ്രായോഗിക സമീപനം പുലർത്തുന്ന ട്രംപ് ഭരണകൂടം വലിയ അബദ്ധത്തിനു മുതിരില്ലെന്നു കരുതുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്നതിന് ഉപരോധം നേരിടുന്ന ടാങ്കർ കപ്പലുകളെല്ലാം തടയാൻ ട്രംപ് ഉത്തരവിട്ടതിനു പിന്നാലെയാണു റഷ്യയുടെ പ്രതികരണം. വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ഒരു ടാങ്കർ കഴിഞ്ഞയാഴ്ച അമേരിക്കൻ സേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതോടെ മുഖ്യ വരുമാനമാർഗമായ എണ്ണ വിൽക്കാൻ വെനസ്വേലയ്ക്കു കഴിയുന്നില്ല. കോടിക്കണക്കിനു ബാരൽ എണ്ണ കയറ്റിയ ടാങ്കറുകൾ അമേരിക്കൻ നടപടി ഭയന്ന് വെനസ്വേലയിൽനിന്നു പുറപ്പെടാൻ കൂട്ടാക്കുന്നില്ല.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക വൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിലെ മഡുറോ ഭരണകൂടത്തെ സ്ഥാനഭ്രഷ്ടനാക്കാനാണു ട്രംപിന്റെ നീക്കമെന്നു പറയുന്നു. വെനസ്വേലൻ എണ്ണ വാങ്ങുന്ന ചൈനയും അമേരിക്കൻ ഭീഷണിക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്.
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ബുധനാഴ്ച വെനസ്വേലൻ വിദേശകാര്യ മന്ത്രി യുവാൽ ഗില്ലുമായി ഫോണിൽ സംസാരിച്ചു. ഏകപക്ഷീയ ഭീഷണികളെ ചൈന എതിർക്കുന്നതായും പരമാധികാരം സംരക്ഷിക്കാൻ രാജ്യങ്ങൾക്കുള്ള അവകാശത്തെ മാനിക്കുന്നതായും വാംഗ് യി വെനസ്വലേൻ മന്ത്രിയോടു പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
National
ശ്രീനഗർ: വീസ നിബന്ധനകൾ ലംഘിച്ച് ലഡാക്കിലും ജമ്മു കാഷ്മീരിലും പ്രവേശിച്ചതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത ചൈനീസ് പൗരൻ ഹു കോങ്ടായിയെ ഹോങ്കോംഗിലേക്ക് നാടുകടത്തി.
ടൂറിസ്റ്റ് വീസയിലാണ് ഹു ഡൽഹിയിലെത്തിയത്. വാരാണസി, ആഗ്ര, ന്യൂഡൽഹി, ജയ്പുർ, സർനാഥ്, ഗയ, കുശി നഗർ എന്നിവിടങ്ങളിലെ ബുദ്ധമത കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതിയും ലഭിച്ചിരുന്നു.
എന്നാൽ, നവംബർ 20ന് ലേയിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തുകയും അവിടുത്തെ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് കൗണ്ടറിൽ രജിസ്റ്റർ ചെയ്യാതെ വിമാനത്തിൽ കയറുകയും ചെയ്തു.
International
ബീയ്ജിംഗ്: പരീക്ഷണയോട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് സാരമായി പരുക്കേറ്റു. ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിംഗ് പട്ടണത്തിലാണ് സംഭവം.
ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. ഭൂചലനങ്ങൾ രേഖപ്പെടുത്താൻ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനായാണ് ട്രെയിൻ ഓടിച്ചത്.
ഈ ട്രെയിൻ കുന്മിംഗ് പട്ടണത്തിനരികിലെ ട്രാക്കിൽ വച്ച് നിർമാണത്തൊഴിലാളികളെ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
International
ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ചൈന വൻതോതിൽ സോയാബീൻ വാങ്ങിയതായി റിപ്പോർട്ടുകൾ. യുഎസ്- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാസങ്ങളോളം കാർഷികോത്പന്നങ്ങളുടെ കയറ്റുമതി അനശ്ചിതത്വത്തിലായിരുന്നു.
യുഎസിൽ നിന്നുള്ള സോയാബീന്‍ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു. ഇറക്കുമതി തീരുവയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസിൽ നിന്നുള്ള കാർഷികോത്പന്നങ്ങൾ വാങ്ങാൻ ചൈന തയാറായിരുന്നില്ല.
ഇതേ തുടർന്ന് അമേരിക്കൻ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഡോണൾഡ് ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായതായി ട്രംപ് അറിയിച്ചിരുന്നു.
മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ സോയാബീന്‍ ചൈന വാങ്ങുന്നത്. കയറ്റുമതി വീണ്ടും ആരംഭിച്ചതോടെ നഷ്ടം ഒരു പരിധി വരെ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ കർഷകർ.
.
National
ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലേക്ക് നീങ്ങിയ ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങി. ഇതോടെ രാജ്യത്തെ വിമാന സർവീസുകൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമായിട്ടുണ്ട്.
അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ചാരവും കരിമേഘപടലവും ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് എത്തിയിരുന്നു. തുടർന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകളും ഇക്കാരണത്താൽ റദ്ദാക്കിയിരുന്നു.
എന്നാൽ രാജ്യത്തിന് ആശ്വാസമായി ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങിയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡിജിസിഎയുടെ ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.
ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തെ ചാരം ബാധിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
National
ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്ത്. അരുണാചൽ പ്രദേശ് സ്വദേശിനിയെ ഷാംഗ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിന് പിന്നാലെയാണ് ചൈനീസ് പ്രസ്താവന.
എത്ര നിരാകരിച്ചാലും അരുണാചൽ പ്രദേശ് ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചൽ സ്വദേശിനിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ വിസയില്ലാതെ ട്രാൻസിറ്റ് ഏത് രാജ്യക്കാർക്കും അനുവദിക്കും എന്നാണ് ചൈനീസ് നിയമം. ചൈനയുടെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണുണ്ടായതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
National
ലക്നൗ: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് അതിർത്തി പ്രദേശത്തെ തന്ത്ര പ്രധാനമായ ദൃശ്യങ്ങൾ പകർത്തിയ ചൈനീസ് പൗരൻ അറസ്റ്റിൽ. ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശമായ രൂപൈദിഹ ചെക്ക്പോസ്റ്റിലാണ് സംഭവം.
സശസ്ത്ര സീമ ബാൽ ആണ് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ താമസിക്കുന്ന ലിയു കുൻജിംഗിനെ പിടികൂടിയത്. ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച ശേഷം ലിയു കുൻജിംഗ് അതിർത്തി പ്രദേശങ്ങളിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇയാളുടെ കൈവശം ഇന്ത്യയിലേക്ക് കടക്കാൻ മതിയായ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും എസ്എസ്ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാക്കിസ്ഥാൻ,ചൈനീസ്, നേപ്പാൾ കറൻസികളും . മൂന്ന് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എസ്എസ്ബിയും പോലീസും മറ്റ് അന്വേഷണ ഏജൻസികളും ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
International
ടോക്കിയോ: ചൈനയിലുള്ള തങ്ങളുടെ പൗരന്മാർ സുരക്ഷാ കാര്യത്തിൽ ജാഗ്രതപുലർത്തണമെന്നു ജപ്പാൻ. ജനക്കൂട്ടങ്ങൾ ഒഴിവാക്കണം. ചൈനയുമായുള്ള ബന്ധം വഷളായിരിക്കേയാണു ജപ്പാന്റെ മുന്നറിയിപ്പ്.
ചൈന തായ്വാനെ ആക്രമിച്ചാൽ ജപ്പാനു സൈനികമായി പ്രതികരിക്കേണ്ടിവരുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചി പറഞ്ഞതാണു പ്രശ്നങ്ങളുടെ തുടക്കം. ജനാധിപത്യ സർക്കാർ ഭരിക്കുന്ന തായ്വാനെ തങ്ങളുടെ വിഘടിത പ്രവിശ്യയായിട്ടാണു ചൈന പരിഗണിക്കുന്നത്. സൈനിക നടപടിയിലൂടെ തായ്വാൻ പിടിച്ചെടുക്കുന്ന കാര്യം ചൈന തള്ളിക്കളഞ്ഞിട്ടില്ല.
പ്രശ്നപരിഹാരത്തിന് ജപ്പാനും ചൈനയും ചർച്ച നടത്തുന്നുണ്ടെങ്കിലും പ്രയോജനമില്ല. തകായിച്ചി പ്രസ്താവന പിൻവലിക്കണമെന്നാണു ചൈന ആവശ്യപ്പെടുന്നത്. ഇതു സാധ്യമല്ലെന്നു ജപ്പാനും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ തങ്ങളുടെ പൗരന്മാർ ജപ്പാൻ സന്ദർശിക്കരുതെന്നു ചൈന നിർദേശിച്ചിരുന്നു. ജപ്പാനിലെത്തുന്ന ടൂറിസ്റ്റുകളിൽ നാലിലൊന്നും ചൈനക്കാരാണ്. ചൈനയുടെ നിർദേശം ജപ്പാന്റെ ടൂറിസംവിപണിക്കു തിരിച്ചടിയാകും.
Business
മുംബൈ: അപൂർവ ഭൗമ ധാതുക്കൾക്കും ഖനനവുമായി ബന്ധപ്പെട്ട യന്ത്രോപകരണങ്ങൾക്കുമായുള്ള ഇന്ത്യയുടെ ചൈനീസ് ആശ്രയത്വം കുത്തനെ വർധിച്ചതായി റിപ്പോർട്ട്.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അജിറ്റേറ്ററുകൾ, ഫർണസുകൾ, ഇലക്ട്രോലൈസറുകൾ, വേർതിരിക്കൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ അപൂർവ ധാതുക്കളുടെ ശുദ്ധീകരണത്തിനും ഉത്പാദനത്തിനും ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളുടെ ഇറക്കുമതി 2018 സാന്പത്തിക വർഷത്തിലെ 263 മില്യണ്‍ ഡോളറിൽനിന്ന് 2025 സാന്പത്തികവർഷത്തിൽ 1.1 ബില്യണ്‍ ഡോളറായി ഉയർന്നു.
ഇത്തരം യന്ത്രസാമഗ്രികളുടെ ഇന്ത്യയുടെ ഇറക്കുമതിയിൽ ചൈനയുടെ പങ്ക് 2018 സാന്പത്തിക വർഷത്തിൽ 24.6 ശതമാനത്തിൽ നിന്ന് 2025 സാന്പത്തിക വർഷത്തിൽ 44.6 ശതമാനമായി ഉയർന്നു, ഇത് ഈ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
അസംസ്കൃത വസ്തുക്കൾക്ക് പുറമെ, അവ സംസ്കരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളിലേക്കും ഇന്ത്യയുടെ ചൈനീസ് ആശ്രിതത്വം ഉയരുന്നു. സ്വന്തമായ അപൂർവ ധാതു മൂല്യ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ നേരിടുന്ന തന്ത്രപരമായ വെല്ലുവിളിയാണ് ഇത് അടിവരയിടുന്നത്. ശുദ്ധീകരണം, വേർതിരിക്കൽ, കാന്ത നിർമാണം എന്നിവയിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ ഇന്ത്യൻ ഇറക്കുമതിയുടെ പകുതിയോളം ഇപ്പോൾ ചൈനയിൽ നിന്നാണ്. ക്ലീൻ എനർജി, ഇലക്ട്രിക് മൊബിലിറ്റി, പ്രതിരോധ നിർമാണം തുടങ്ങിയ നിർണായകമായ സാങ്കേതികവിദ്യകൾക്ക് ഈ യന്ത്രങ്ങൾ അത്യാവശ്യമാണ്.
ചില ഉത്പന്ന വിഭാഗങ്ങളിൽ, ചൈനയിൽനിന്നുള്ള പ്രത്യേക യന്ത്രോപകരങ്ങളുടെ ഇറക്കുമതി അഞ്ചിരട്ടിയായി വർധിച്ചു. സെഡിമെന്റേഷൻ, ക്രിസ്റ്റലൈസേഷൻ അജിറ്റേറ്ററുകൾ, മാഗ്നെട്രോണ്‍ സ്പട്ടറിംഗ്, കോട്ടിംഗ് സിസ്റ്റങ്ങൾ, അപൂർവ എർത്ത് മാഗ്നറ്റ് ഉത്പാദനത്തിൽ ഉപയോഗിക്കുന്ന വൈൻഡിംഗ്, ലാമിനേറ്റിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള പ്രത്യേക യന്ത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2018 സാന്പത്തിക വർഷത്തിലെ 159 മില്യണ്‍ ഡോളറിൽ നിന്ന് 2025 സാന്പത്തിക വർഷത്തിൽ 864 മില്യണ്‍ ഡോളറായി.
മിക്സിംഗ് പാഡിലുകൾ, ഇൻഡസ്ട്രിയൽ മിക്സറുകൾ എന്നിവയുടെ ഇറക്കുമതി ഇരട്ടിയായി 170 മില്യണ്‍ ഡോളറിലെത്തി. ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോലൈസറുകളുടെ ഇറക്കുമതി 32 മില്യണ്‍ ഡോളറായി മൂന്നിരട്ടിയായി വർധിച്ചു.
ഇലക്ട്രോലൈസറുകളെ വിഭാഗത്തിൽ ജപ്പാനെയും ജർമനിയെയും മറികടന്ന് ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരായി. 2019 സാന്പത്തിക വർഷത്തിലെ 24 ശതമാനത്തിൽനിന്ന് 2025 സാന്പത്തിക വർഷം 44 ശതമാനത്തിലേക്ക് ഉയർന്നു.
ഇന്ത്യയിലേക്കുള്ള ഫർണസുകളുടെ കയറ്റുമതിയിൽ ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അതിന്റെ വിഹിതം 38.2 ശതമാനമായി കുറഞ്ഞു. 2018 സാന്പത്തിക വർഷത്തിനും 2020 സാന്പത്തിക വർഷത്തിനും ഇടയിൽ ഇത് 56 ശതമാനമായിരുന്നു.
2025 സാന്പത്തിക വർഷം മൊത്തത്തിൽ ഇന്ത്യ 2.47 ബില്യണ്‍ ഡോളറിന്റെ അപൂർവ ധാതുക്കളും ഖനനവുമായി ബന്ധപ്പെട്ട യന്ത്രങ്ങളും ഇറക്കുമതി ചെയ്തു. 2018 സാന്പത്തിക വർഷത്തിൽ ഇത് 1.07 ബില്യണ്‍ ഡോളറായിരുന്നു. ഇതിൽ 1.1 ബില്യണ്‍ ഡോളർ ചൈനയിൽ നിന്നാണ്, ഏഴ് വർഷം മുന്‍പ് ഇത് വെറും 263 മില്യണ്‍ ഡോളറായിരുന്നു.
Business
ന്യൂഡൽഹി: ചൈനയിൽനിന്ന് അപൂർവ ഭൗമ ധാതുക്കൾ ഇറക്കുമതി ചെയ്യാനുള്ള ലൈസൻസ് ചില ഇന്ത്യൻ കന്പനികൾക്ക് ലഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കി.
സോളാർ പാനലുകൾ മുതൽ സ്മാർട്ട്ഫോണുകൾ വരെയും ഇലക്ട്രിക് വാഹനങ്ങൾ മുതൽ പ്രതിരോധ സംവിധാനങ്ങൾ വരെയുള്ള നിർമാണങ്ങൾക്ക് അത്യന്താപേക്ഷിതമാണ് ഈ അപൂർവ ഭൗമ ധാതുക്കൾ. ഇവയുടെ കയറ്റുമതിക്ക് ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യയിൽ ഇലക്ട്രോണിക് ഉത്പനങ്ങളുടെ വ്യവസായത്തിന് ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു.
ഭാവിൽ അപൂർവ ഭൗമ വസ്തുക്കളുടെ വിതരണശൃംഖലയിലെ തടസങ്ങളിൽനിന്ന് ആഭ്യന്തരവ്യവസായത്തെ സംരക്ഷിക്കാൻ ഇന്ത്യ ഇവയുടെ കരുതൽ ശേഖരം വർധിപ്പിക്കാനും പദ്ധതിയിടുന്നു.
കേന്ദ്ര മന്ത്രിസഭ നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന് അംഗീകാരം നൽകി. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ധാതു സംസ്കരണപ്ലാന്റുകൾ നിർമിക്കുന്നതിന് ഇൻസെന്റീവുകൾ നൽകുന്നതിനായി സർക്കാർ 500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ഈ പാർക്കുകളിൽ ധാതു സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്കു സർക്കാർ പ്രോത്സാഹനം നൽകും. കൂടാതെ സാങ്കേതികവിദ്യ വികസിപ്പിക്കാൻ അവരെ സഹായിക്കുകയും ചെയ്യും.
National
ന്യൂഡൽഹി: ഇന്ത്യ-ചൈന സൈനികർ 2020ൽ ഏറ്റുമുട്ടിയ ഗാൽവൻ താഴ്വരയ്ക്കു സമീപം ചൈന പുതിയ വ്യോമ പ്രതിരോധ സൈറ്റ് നിർമിക്കുകയാണെന്നു റിപ്പോർട്ട്.
ഇന്ത്യ-ചൈന തർക്കഭൂമിയിലെ ഒരു ഫ്രിക്ഷൻ പോയിന്റുകളിലൊന്നിനു സമീപം ചൈനയുടെ നിർമാണപ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഇന്ത്യ കണ്ടെത്തിയത്.
ഫ്രിക്ഷൻ പോയിന്റുകളിലൊന്നിൽനിന്നും ഏകദേശം 110 കിലോമീറ്റർ മാത്രമകലെ ടിബറ്റിലെ പാങ്കോംഗ് തടാകത്തിന്റെ കിഴക്കൻ ഭാഗത്തെ തീരങ്ങളിലാണു ചൈനയുടെ നിർമാണം.
വ്യോമപ്രതിരോധ സമുച്ചയത്തിൽ കമാൻഡ് ആൻഡ് കണ്ട്രോൾ കെട്ടിടങ്ങൾ, ബാരക്കുകൾ, വാഹന ഷെഡുകൾ, യുദ്ധോപകരണ സംഭരണശാലകൾ, റഡാർ സ്ഥാനങ്ങൾ എന്നിവയുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.
ദീർഘദൂര എച്ച്ക്യു-9 സർഫസ്-ടു- എയർ മിസൈലുകൾക്ക് ഈ സ്ഥാനങ്ങൾ മറവും സംരക്ഷണവും നൽകുമെന്നാണ് വിദഗ്ധരുടെ അനുമാനം.
Leader Page
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടിയാൻജിൻ സന്ദർശനം ചൈനയിൽ ഏഴുവർഷത്തിനിടെ അദ്ദേഹത്തിന്റെ ആദ്യത്തേതായിരുന്നു. അവിടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമൊപ്പമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തെ അസ്വസ്ഥമാക്കാനുള്ള ബഹുമുഖ ഒത്തൊരുമയുടെ പ്രതീകമായി ഉയർത്തിക്കാട്ടി. എന്നാൽ, ഈ കാഴ്ചയ്ക്കു പിന്നിൽ തന്ത്രപരമായ ഒരു യാഥാർഥ്യമുണ്ട്. അതാകട്ടെ കൂടുതൽ സങ്കീർണമാണ്. ജാഗ്രതയോടും വ്യക്തതയോടുംകൂടിയാ ണ് ഇന്ത്യ കൈകാര്യം ചെയ്യേണ്ടത്.
മോദിയുടെ ചൈനാ യാത്രയ്ക്ക് നയതന്ത്ര പുനഃക്രമീകരണത്തിന്റെ തൊങ്ങലുകളുണ്ടായിരുന്നു. മോദിയും ഷിയുമായുള്ള ഊഷ്മളമായ ഒരു മണിക്കൂർ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കാൻ സമ്മതിച്ചു. ടിബറ്റിൽ സ്ഥിതിചെയ്യുന്ന ഹിന്ദു തീർഥാടനകേന്ദ്രമായ കൈലാസ്- മാനസസരോവറിലേക്കുള്ള പാത വീണ്ടും തുറക്കാനും മോദിയും ഷിയും തലകുലുക്കി. ഹസ്തദാനങ്ങൾക്കിടയിൽ കാമറ ഫ്ളാഷുകൾ മിന്നി. അതോടെ രണ്ട് ഏഷ്യൻ വൻശക്തികൾ തമ്മിലുള്ള സമാധാനപരമായ സഹകരണത്തിന്റെ പുതിയ ഘട്ടം തുടങ്ങുന്നതുപോലെ തോന്നി.
എന്നാൽ, സന്ദേഹിക്കാൻ വലിയ കാരണമുണ്ട്. 1950 മുതൽ ഇന്ത്യ നിരന്തരം ചൈനയുമായി അനുരഞ്ജനത്തിനു ശ്രമിച്ചതാണ്. നിരാശയായിരുന്നു ഫലം. വഞ്ചനപോലും നേരിടേണ്ടിവന്നു. ഹിമാലയൻ അതിർത്തിയിലൂടെ ചൈനീസ് സൈന്യം നടത്തിയ ആസൂത്രിത ആക്രമണത്തിലൂടെ തുടങ്ങിയ 1962ലെ യുദ്ധം സുഗമമായ ബന്ധത്തിന്റെ ആദ്യപ്രതീക്ഷകൾ തകർത്തു.
എൺപതുകളുടെ ഒടുക്കം, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇടപെടലിലൂടെ താരതമ്യേന ശാന്തമായ കാലഘട്ടത്തിനു തുടക്കമിട്ടു. എന്നാൽ, കഴിഞ്ഞ ദശകത്തിൽ ഉഭയകക്ഷിബന്ധം പിരിമുറുക്കമുള്ളതായി. 2013ൽ ഡെപ്സാംഗിലും 2014ൽ ചുമാറിലും 2017ൽ ഡോക്ലാമിലും അതിർത്തി സംഘർഷങ്ങളുണ്ടായി. പിന്നാലെ 2020ൽ ഗാൽവനിൽ ജീവഹാനിയുണ്ടായ ഏറ്റുമുട്ടലും.
ചൈന-ഇന്ത്യ അതിർത്തിയിലെ യഥാർഥ നിയന്ത്രണരേഖ (എൽഎസി)യെക്കുറിച്ചുള്ള തർക്കങ്ങൾ ഇന്നും തുടരുന്നു. നിയന്ത്രണരേഖയോടു ചേർന്ന് ചൈന അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതും തുടരുകയാണ്. അതേസമയം, പാക്കിസ്ഥാനുമായുള്ള ചൈനയുടെ ആഴത്തിലുള്ള ബന്ധം ഇന്ത്യയുടെ തന്ത്രപരമായ ദൗർബല്യങ്ങൾക്ക് അടിവരയിടുന്നു. ചൈന- പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയിലും പാക്കിസ്ഥാനുള്ള ചൈനയുടെ സൈനിക, നയതന്ത്ര പിന്തുണയിലും ഈ ബന്ധം വ്യക്തമാണ്. വളരെ ശ്രദ്ധാപൂർവം തിരശീലയിട്ടാൽ പോലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അങ്ങേയറ്റത്തെ ബുദ്ധിമുട്ട് മറയ്ക്കാനാകില്ല.
വലിയ സാന്പത്തിക അസന്തുലിതാവസ്ഥയും ഇന്ത്യ-ചൈന ബന്ധത്തിലുണ്ട്. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഏകദേശം നൂറ് ബില്യൺ ഡോളറാണ്. ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽ നിർമാണസാമഗ്രികൾ മുതൽ അപൂർവ മൂലകങ്ങൾക്കുവരെ ചൈനയെ ആശ്രയിക്കുന്നതിന്റെ പരിണതഫലം. ഇന്ത്യൻ വിവരസാങ്കേതിക കന്പനികളും സേവനദാതാക്കളും ചൈനീസ് വിപണിയിൽ പ്രവേശിക്കാൻ പാടുപെടുന്പോഴും, ചൈനീസ് സ്ഥാപനങ്ങൾ ഇന്ത്യൻ വിതരണ ശൃംഖലകളിൽ ആധിപത്യം പുലർത്തുന്നു. ഇതുവരെ, സാന്പത്തിക സഹവർത്തിത്വത്തിനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല.
ഇന്ത്യ-ചൈന ബന്ധത്തെ ചൂഴുന്ന ഘടനാപരമായ പിഴവുകൾ അടയാളപ്പെടുത്താൻ ഒരു ഉച്ചകോടിക്കും കഴിയില്ല. എസ്സിഒ ഉച്ചകോടിയിൽ ഷി പറഞ്ഞത് വ്യാളിയും ആനയും ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ചാണ്. മോദിയാകട്ടെ, അതിർത്തിയിലെ സമാധാനത്തിനും മികച്ച വ്യാപാരബന്ധങ്ങൾക്കുംവേണ്ടി വീണ്ടും ആവശ്യപ്പെട്ടു. ചൈനയുടെ അന്തർദേശീയ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തോടുള്ള ഇന്ത്യയുടെ എതിർപ്പും തീവ്രവാദത്തെക്കുറിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യ അവകാശപ്പെടുന്ന, പാക്കിസ്ഥാൻ പ്രദേശത്തുകൂടിയുള്ള ഹൈവേയാണ് റോഡ് സംരംഭത്തിലെ വലിയ പദ്ധതി.
ഉഭയകക്ഷി അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിലും രണ്ടു രാജ്യങ്ങളും വ്യത്യസ്തരാണ്. ചൈന ഒരു ബദൽ ആഗോളക്രമം പ്രോത്സാഹിപ്പിക്കുന്നു. നിർമിത ബുദ്ധി, ധനകാര്യം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ മെച്ചപ്പെടുത്തൽ എസ്സിഒ ഉച്ചകോടിയിൽ ഷി ജിൻപിംഗ് ഉയർത്തിപ്പിടിച്ചു. പാശ്ചാത്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. ഉപരോധങ്ങളാൽ വലയുന്ന റഷ്യയെ സംബന്ധിച്ചിടത്തോളം ഇത് ഭൗമരാഷ്ട്രീയ ജീവരേഖയാണ്. എന്നാൽ, പ്രാദേശിക ഇടപെടലിനുള്ള സൗകര്യപ്രദമായ വേദിയായും തന്ത്രപരമായ സ്വയംഭരണാധികാരം ഉറപ്പിക്കുന്നതിനുള്ള വേദിയായും മാത്രമാണ് ഇന്ത്യ എസ്സിഒയെ കാണുന്നത്. അമേരിക്കയുമായുള്ള ദീർഘകാലബന്ധം ഉപേക്ഷിക്കാൻ ഇന്ത്യക്ക് യാതൊരു താത്പര്യവുമില്ല.
ഇന്ത്യയുടെ വിദേശനയം ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യത ചിലപ്പോൾ അമിതമായി കാണുന്നതുപോലെ, അമേരിക്കയുമായുള്ള ബന്ധത്തിന്റെ പ്രതിരോധസാധ്യതയെ കുറച്ചുകാണുകയും ചെയ്യുന്നു. ചൈനയിൽനിന്നു വ്യത്യസ്തമായി, അമേരിക്ക ഇന്ത്യൻ പ്രദേശം കൈക്കലാക്കുകയോ യുദ്ധസമയത്ത് പാക്കിസ്ഥാനെ സഹായിക്കുകയോ ഏഷ്യയിൽ അതിർത്തികൾ മാറ്റിവരയ്ക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. നേരേമറിച്ച്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രതിരോധകാര്യങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കുവയ്ക്കൽ, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവ ഉൾക്കൊള്ളുന്ന തന്ത്രപരമായ പങ്കാളിത്തം ഇന്ത്യയും അമേരിക്കയും വളരെ ശ്രമകരമായി രൂപപ്പെടുത്തിയിട്ടുണ്ട്.
അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുമൊത്ത് ക്വാഡ് സഖ്യത്തിലെ ഇന്ത്യയുടെ പങ്കാളിത്തം ചൈന ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇന്തോ-പസഫിക്കിൽ സ്ഥിരമായ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന അടുത്ത ഉച്ചകോടിയുടേതുൾപ്പെടെ ക്വാഡിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഈ അനിവാര്യതയെ നിഷേധിക്കുന്നില്ല.
മാത്രമല്ല, ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് അമേരിക്ക. കൂടാതെ അർധചാലകങ്ങൾ മുതൽ മലിനീകരണരഹിത ഊർജം വരെയുള്ള നിർണായകമേഖലയിലെ നിക്ഷേപകരും. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യവുമാണ് അമേരിക്ക. 40 ബില്യൺ ഡോളർ ഉഭയകക്ഷി വ്യാപാരമിച്ചം ഇതിനു തെളിവായുണ്ട്. ഇന്ത്യ-അമേരിക്ക ബന്ധം തീർച്ചയായും പിരിമുറുക്കത്തിലാണ്. മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ ആഗോളവ്യാപാരത്തിൽ ഇന്ത്യയെയും ചൈനയ്ക്കും റഷ്യക്കുമൊപ്പം ‘മോശം അഭിനേതാക്കൾ’ എന്നാണു വിശേഷിപ്പിക്കുന്നത്. ട്രംപ് ഭരണകൂടമാകട്ടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവയും ചുമത്തി. എങ്കിലും ഉഭയകക്ഷി വ്യാപാരതർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകും. അത് നടന്നുകൊണ്ടിരിക്കുകയാണ്.
ആത്യന്തികമായി ഇടപാടിലല്ല, ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ യുക്തി. അത് ഘടനാപരമാണ്. നിലവിലൊരു മാന്ദ്യം ഉണ്ടെങ്കിലും ആഗോള വിതരണശൃംഖലകൾ സുരക്ഷിതമായി നിലനിർത്തുന്നതിലും ചൈനയുടെ ആധിപത്യമോഹം നിയന്ത്രിക്കുന്നതിലും ഇരുവർക്കും പൊതു താത്പര്യമുണ്ട്. നേരേമറിച്ച്, ഉഭയകക്ഷി ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ മോദിയുടെ ചൈന സന്ദർശനം ആവശ്യമാണെങ്കിലും യഥാർഥ മഞ്ഞുരുക്കത്തിനുള്ള ശക്തമായ തടസം ഇപ്പോഴുമുണ്ട്. എത്ര രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിലും ഭൂമിശാസ്ത്രം, പ്രത്യയശാസ്ത്രം, അധികാര അസമത്വം എന്നിവ നയതന്ത്രത്തിന് എളുപ്പം വഴങ്ങില്ല.
രണ്ടു ധ്രുവങ്ങൾക്കിടയിലെ നെട്ടോട്ടമല്ല തന്ത്രപരമായ പരമാധികാരമെന്ന് ഈ ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞർ ഓർക്കേണ്ടതുണ്ട്. മറ്റൊരു ശക്തിയുടെ അജൻഡയിൽ കുടുങ്ങാതെ ഇന്ത്യക്ക് അതിന്റെ താത്പര്യങ്ങൾ പിന്തുടരാൻ കഴിയുന്ന ഇടം രൂപപ്പെടുത്തലാണത്. ചൈനയുമായുള്ള സംഘർഷം കുറയ്ക്കുക എന്നതിനർഥം പങ്കാളിത്തത്തിന്റെ മിഥ്യാധാരണകൾക്ക് ഇരയാകുക എന്നതല്ല. അതുപോലെ അമേരിക്കയുമായി ഉറച്ച ചർച്ചകൾ നടത്തുക എന്നുവച്ചാൽ നിർണായകമേഖലയിലെ ഇടപെടലുകളെ തടസപ്പെടുത്താൻ വിയോജിപ്പുകളെ അനുവദിക്കുക എന്നതുമല്ല.
ഇന്ത്യയുടെ വിദേശനയം ഉച്ചകോടിയുടെ നാടകവേദിയിലൂടെയല്ല നയിക്കപ്പെടേണ്ടത്. മറിച്ച്, തന്ത്രപരമായ താത്പര്യത്തിന്റെ സത്തയിലൂടെയാണ്. വ്യാളി ഹസ്തദാനം ചെയ്തേക്കും. അപ്പോഴും അതിന്റെ നഖങ്ങൾ കാണാം. കഴുകന്റെ തൂവലുകൾ അലങ്കോലപ്പെട്ടിരിക്കാം. പക്ഷേ, അതിന്റെ ചിറകുകൾ ഇപ്പോഴും ഉയർത്താൻ പര്യാപ്തമാണ്. രണ്ടുമായും ഇടപെടാൻ ഞാണിൻമേൽക്കളി മാത്രമല്ല, ദീർഘവീക്ഷണവും ആവശ്യമാണ്.
Copyright: Project Syndicate, 2025.
www.project-syndicate.org
Leader Page
ഇന്ത്യ-അമേരിക്ക ബന്ധം വല്ലാതെ ഉലഞ്ഞിരിക്കുന്നു. ഇന്ത്യ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കുന്നു. അങ്ങനെ പടിഞ്ഞാറുവശത്തെ കോട്ടത്തിനു ബദൽ നേട്ടമുണ്ടാക്കാം എന്നു കരുതുന്നു. ഇന്ത്യ-അമേരിക്ക വ്യാപാരം കുത്തനേ ഇടിഞ്ഞു. ഇനിയും കുറയും. മറ്റു വിപണികൾ കണ്ടുപിടിച്ച് കോട്ടം പരിഹരിക്കുമെന്നു സർക്കാർ പറയുന്നു. നടക്കാൻ സാധ്യത കുറവാണെന്നു മാത്രം.
റഷ്യ വ്യാപാരം വർധിപ്പിക്കാൻ തയാറാണ്. ചൈനയും തയാർ. പക്ഷേ, അവ എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണം. കാരണം, ഇന്ത്യയുടെ വലിയ കയറ്റുമതി ഇനങ്ങൾ പലതും ആ രാജ്യങ്ങൾക്ക് ആവശ്യമില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, ഔഷധങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പെട്രോകെമിക്കലുകൾ, രത്നങ്ങൾ, രത്ന-സ്വർണ ആഭരണങ്ങൾ, ബസുമതി അരി തുടങ്ങിയവയിൽ രണ്ടു രാജ്യങ്ങൾക്കും വലിയ താത്പര്യമില്ല. റഷ്യക്ക് അതിനുതക്ക വ്യവസായങ്ങളോ ഉപഭോക്താക്കളോ ഇല്ല. ചൈനയ്ക്ക് ആഭരണങ്ങളും ബസുമതി അരിയും ഒഴികെ ഉള്ളവയുടെ ഉത്പാദനം വേണ്ടതിലേറെ ഉണ്ട്. അതേസമയം, ഇന്ത്യക്ക് ആ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ഒഴിവാക്കാനും പറ്റില്ല.
എണ്ണ, വളം, ആയുധം
കുറഞ്ഞ വിലയ്ക്കു കിട്ടുന്ന റഷ്യൻ ക്രൂഡ് ഓയിൽ ഇപ്പോൾ ഇന്ത്യയുടെ ആവശ്യത്തിന്റെ മൂന്നിലൊന്നിലേറെ നിറവേറ്റുന്നു. ദിവസം 54 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ വേണ്ടതിൽ 17.5 ലക്ഷം വീപ്പ റഷ്യയിൽനിന്നാണു വാങ്ങുന്നത്. രാസവളം ഇറക്കുമതിയുടെ 28 ശതമാനം റഷ്യയിൽനിന്നു വരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷമാണ് റഷ്യൻ എണ്ണയും വളവും ഇറക്കുമതിയിൽ മുന്തിയ സ്ഥാനം നേടിയത്.
പ്രതിരോധമേഖലയിൽ റഷ്യൻ പങ്ക് ഇന്നും വളരെ വലുതാണ്. 2010-14 കാലത്ത് ആയുധ ഇറക്കുമതിയുടെ 72 ശതമാനം റഷ്യയിൽനിന്നായിരുന്നു. 2015-19ൽ അത് 55 ശതമാനമായും 2020-24ൽ 36 ശതമാനമായും കുറഞ്ഞു. വർധിച്ചത് അമേരിക്കയിലും ഫ്രാൻസിലും ഇസ്രയേലിലും നിന്നുള്ള ഇറക്കുമതി.
ഇനിയും റഷ്യ പ്രതിരോധ ഇറക്കുമതിയിൽ മുന്നിൽ നിൽക്കാനാണ് സാധ്യത. യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ അമേരിക്കയുടെ എഫ് 35നെ തള്ളി റഷ്യയുടെ എസ്യു 57 വാങ്ങാനാണു സാധ്യത. എഫ് 35 ഒന്നിന് 11 കോടി ഡോളർ (970 കോടിയിലധികം രൂപ) വരുമ്പോൾ എസ്യു 57ന് നാലു കോടി ഡോളർ (350 കോടിയിലധികം രൂപ) മതി. വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ അമേരിക്കൻ പേട്രിയട്ടിനേക്കാൾ ഇന്ത്യക്കു പ്രിയം ഉപയോഗിച്ചു ശീലമായ റഷ്യൻ എസ് 400 ആണ്. പേട്രിയട്ടിന്റെ വില ഒരു യൂണിറ്റിന് 250 കോടി ഡോളർ. ആ സ്ഥാനത്ത് എസ് 400ന് 110 കോടി ഡോളർ മതി.
ചൈനീസ് ഇല്ലാതെ പറ്റില്ല
ചൈനയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യയിലെ നിരവധി വ്യവസായങ്ങൾക്ക് അനിവാര്യമാണ്. രാജ്യത്തെ മരുന്നുവ്യവസായം ചൈനയിൽനിന്നുള്ള ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് (എപിഐ-മരുന്നിന്റെ യഥാർഥ രാസസംയുക്തം) മുടങ്ങിയാൽ അടച്ചുപൂട്ടേണ്ടിവരും. സ്ട്രെപ്റ്റോമെെസിനും പാരാസെറ്റമോളും നിർമിക്കാനുള്ള എപിഐ 100 ശതമാനവും ചൈനയിൽനിന്നാണ്. ഇബൂപ്രോഫെൻ, പെനിസിലിൻ, വിറ്റാമിൻ ബി 12 എന്നിവയുടെ 95 ശതമാനത്തിലേറെ എപിഐയും ചെെന നൽകുന്നു. മറ്റ് ആന്റിബയോട്ടിക്കുകളുടെ 76 ശതമാനവും ചെെനയിൽനിന്നുതന്നെ. കീടനാശിനിയിൽ 89 ശതമാനവും ചൈനയെ ആശ്രയിക്കുന്നു.
ഇലക്ട്രോണിക്സിലും കാര്യം അങ്ങനെതന്നെ. കംപ്യൂട്ടർ ചിപ്പുകളുടെ 98.6 ശതമാനം ചൈനയിൽനിന്നാണ്. കളർ ടിവിക്കു വേണ്ട ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയിൽ 86 ശതമാനം ചൈനീസ് ആണ്. സോളർ സെല്ലിൽ 83 ശതമാനം, ലാപ്ടോപ്പിൽ 80.5 ശതമാനം, ലിഥിയം അയോൺ ബാറ്ററിയിൽ 75.2 ശതമാനം എന്നിങ്ങനെ പോകുന്നു ആശ്രിതത്വം. കുട, വാക്വം ഫ്ലാസ്ക്, ഇലക്ട്രിക്കൽ ഫ്രീസർ എന്നിവയുടെ 95 ശതമാനത്തിലേറെ അവിടെനിന്നാണ്. പെൻസിൽ, ക്രയോൺ എന്നിവയിൽ 67 ശതമാനം ചൈനീസ് ആണ്. തുണിയിൽ എംബ്രോയ്ഡറി ചെയ്യാനുള്ള മെഷീനിൽ 92 ശതമാനവും അവിടെനിന്നുതന്നെ.
ബദലല്ല ചൈനയും റഷ്യയും
ഈ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടാൽ ഇന്ത്യ ഇറക്കുമതി കൂട്ടുന്നതിനപ്പുറം കയറ്റുമതി കൂട്ടാനുള്ള അവസരം പരിമിതമാണ്. അതായത്, യുഎസുമായുള്ള കച്ചവടത്തിനു ബദലാവില്ല ഹിന്ദി-ചീനി ഭായി ഭായിയും ഹിന്ദി-റൂസി ഭായി ഭായിയും. പക്ഷേ, പഴയ കോൺഗ്രസ് കാല മുദ്രാവാക്യങ്ങളിലേക്കു മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർബന്ധിതനാക്കി. അതുകൊണ്ടാണ് അതിർത്തി കാര്യത്തിൽ ഒരു ധാരണയും ഉണ്ടാകാതിരുന്നിട്ടും ഷാങ്ഹായ് സഹകരണ സംഘടനയുടെ ടിയാൻജിൻ ഉച്ചകോടിയിൽ മോദി പങ്കെടുത്തത്. അവിടെ ചൈനയുടെ ഷി ചിൻപിംഗുമായും റഷ്യയുടെ വ്ലാദിമിർ പുടിനുമായും കാര്യമായ ചർച്ചകൾ നടത്തി. എല്ലാവരെയും കാണിക്കാൻ ഉദ്ദേശിച്ച് നിരവധി ചിത്രങ്ങളും (മോദി-ഷി, മോദി-പുടിൻ, ഷി- മോദി-പുടിൻ) എടുപ്പിച്ചു. ബന്ധങ്ങൾ വിളക്കിച്ചേർക്കുന്ന ആ ചിത്രങ്ങൾ കണ്ടു പലർക്കും ദേഷ്യം മൂത്തു.
നെഹ്റുവിന്റെ വഴിയേ
കഴിഞ്ഞ തവണകളിൽ ഒഴിവാക്കിയ ഉച്ചകോടിയിൽ പങ്കെടുത്തതു വഴി സൗഹൃദം പ്രഖ്യാപിച്ചതിനപ്പുറം കാര്യമായ ഒന്നും ഉണ്ടായിട്ടില്ല. ഭാവിയിൽ ഉണ്ടാകാം. പക്ഷേ, അമേരിക്ക തള്ളിപ്പറഞ്ഞാൽ വേറെ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ പറ്റും എന്ന് ഇന്ത്യ കാണിച്ചു. അതിലുപരി, ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ചേരിചേരാനയത്തെ വിമർശിച്ചവർ ഇപ്പോൾ അതേ വഴിയിലേക്കു മാറി എന്ന ആഭ്യന്തര രാഷ്ട്രീയമാറ്റം ഇവിടെ കാണാം. അതു ചെറിയൊരു മാറ്റമല്ല.
അകാരണമായി ശണ്ഠ കൂടി ഇന്ത്യയെ ട്രംപ് മറുചേരിയുടെ കൂടെയാക്കി എന്നു പല അമേരിക്കൻ നിരീക്ഷകരും കുറ്റപ്പെടുത്തുന്നുണ്ട്. ജോർജ് ബുഷ് ജൂണിയർ മുതലുള്ള പ്രസിഡന്റുമാർ ഇന്ത്യയെ സഖ്യകക്ഷിയാക്കി ഏഷ്യ പസഫിക് മേഖലയിൽ ശാക്തിക സന്തുലനത്തിനു ശ്രമിച്ചതാണ്. അതെല്ലാം ട്രംപ് തകർത്തു. തീരുവ 50 ശതമാനം എന്ന അസഹ്യ നിലയിലാക്കാൻ പറയുന്ന റഷ്യൻ എണ്ണവാങ്ങൽ അല്ല കാരണം എന്ന് എല്ലാവർക്കുമറിയാം.
വേട്ടക്കാരനും ബലൂചിസ്ഥാനും
ട്രംപിന്റെ പുത്രൻ ഡോണൾഡ് ട്രംപ് ജൂണിയറിന്റെ സുഹൃത്ത് ജെൻട്രി ബീച്ച് തുർക്കി, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഇക്കൊല്ലം കുറേ സന്ദർശനങ്ങൾ നടത്തി. എല്ലായിടത്തും ഭരണത്തലവന്മാരെ കണ്ടു ചർച്ച നടത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ധന, വിദേശ മന്ത്രിമാരെയും കൂട്ടി ബീച്ചിനു വിരുന്നു നൽകി. പാക്കിസ്ഥാനിൽ 50 ലക്ഷം കോടി ഡോളറിന്റെ അപൂർവധാതുക്കൾ ഖനനം ചെയ്യാമെന്നും രാജ്യത്തെ പെട്രോളിയം നിക്ഷേപം വലുതാണെന്നും ട്രംപിനെ പഠിപ്പിച്ചതു ബീച്ചാണ്. അതുവച്ചാണ്, ഇന്ത്യ പാക്കിസ്ഥാന്റെ എണ്ണ വാങ്ങേണ്ടിവരുമെന്നു ട്രംപ് പറഞ്ഞത്. ധാതുക്കൾ ഉള്ളതു കലാപം നടക്കാറുള്ള ബലൂചിസ്ഥാനിലും മറ്റുമാണ്. അവിടെ ഖനനം എളുപ്പമാകാനിടയില്ല.
ടെക്സസിൽ ഹെഡ്ജ് ഫണ്ട് നടത്തുന്ന ബീച്ചും ജൂണിയർ ട്രംപും ഒന്നിച്ചു വേട്ടയ്ക്കു പോകാറുണ്ട്. ഒരു പാപ്പർ ഇടപാടിൽ തട്ടിപ്പിനു ശക്ഷിക്കപ്പെട്ടയാളാണു ബീച്ചിന്റെ പിതാവ് ഗാരി. ഇയാളാണ് പല രാജ്യങ്ങളിലും ട്രംപ് കുടുംബത്തിനു താത്പര്യമുള്ള ബിസിനസുകൾ തേടിപ്പിടിച്ചു കൊടുക്കുന്നത്. ചില സാമ്പത്തിക സ്വാർഥതാത്പര്യങ്ങളാണ് ഇപ്പോൾ ലോകത്തെ ഭരിക്കുന്നത് എന്നു പ്രധാനമന്ത്രി മോദി പറഞ്ഞത് ഇക്കാര്യങ്ങൾ മനസിൽ വച്ചാണ്.
വഴിപിരിയാതെ നോക്കാൻ
അമേരിക്കൻ ബന്ധത്തിലെ ഉലച്ചിൽ വഴിപിരിയലിൽ എത്തുകയില്ല എന്നാണ് പരക്കെ കരുതുന്നത്. ആപ്പിൾ മുതൽ നൂറുകണക്കിന് അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. 2000 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെ 6,677 കോടി ഡോളർ (5.9 ലക്ഷം കോടി രൂപ) പ്രത്യക്ഷ മൂലധനനിക്ഷേപം യുഎസ് കമ്പനികൾ നടത്തിയിട്ടുണ്ട്. നികുതിലാഭ രാജ്യങ്ങളിൽ കൂടി നടത്തിയതു ചേർത്താൽ ഇത്രയും തന്നെ അമേരിക്കൻ മൂലധനം കൂടി ഇന്ത്യയിൽ വന്നിട്ടുണ്ടാകും. അതു മിത്രരാജ്യം എന്ന പരിഗണനയിലാണ്. രാജ്യം എതിർചേരിയിലായാൽ ആ നിക്ഷേപവും ഓഹരിവിപണിയിലെ നിക്ഷേപങ്ങളും മടങ്ങിപ്പോകാനാരംഭിക്കും. അതു വലിയ ധനകാര്യ വിപത്തായി മാറും. അങ്ങനെ വരാതിരിക്കാൻ വലിയ കമ്പനികളും നിക്ഷേപകരും പരിശ്രമിക്കും. ഇന്ത്യയിലെ കയറ്റുമതി വ്യവസായികൾക്കു മാത്രമല്ല, ഇന്ത്യ-യുഎസ് ബന്ധം ഭദ്രമായി നിൽക്കണം എന്ന ആഗ്രഹമെന്നർഥം. ആ നീക്കങ്ങൾ ഫലം കാണുമെന്നു വേണം കരുതാൻ.
470 ബോയിംഗ് വിമാനങ്ങൾക്കുള്ള എയർ ഇന്ത്യയുടെ ഓർഡർ മുതൽ ഇന്ത്യയിൽനിന്നു പ്രതീക്ഷിക്കുന്ന പ്രതിരോധ വാങ്ങലുകൾ വരെ ശതകോടിക്കണക്കിനു ഡോളറിന്റെ ഇറക്കുമതിയാണു വരുംകാലത്ത് അമേരിക്കയിൽനിന്ന് ഇന്ത്യ നടത്തുക. ഇതെല്ലാം നഷ്ടപ്പെടുത്താൻ കമ്പനികൾ താത്പര്യപ്പെടില്ല.
സഹവർത്തിത്വം തുറന്ന കണ്ണോടെ
പാക്കിസ്ഥാന് പൂർണ സംരക്ഷണം നൽകുന്ന ചൈനയുമായി സമാധാനപരമായ സഹവർത്തിത്വം എന്ന പഴയ പഞ്ചശീലതത്വം മാത്രമേ ഇന്ത്യക്കു മുന്നോട്ടു കൊണ്ടുപോകാനുള്ളൂ. അതാകട്ടെ, നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാർ ശ്രമിച്ചു നോക്കിയതും ചൈന പരാജയപ്പെടുത്തിയതുമാണ്. എങ്കിലും വീണ്ടും പരീക്ഷിക്കാം. സാമ്പത്തിക സഹകരണവും ജനങ്ങൾ തമ്മിലുള്ള ഇടപാടുകളും വളർത്തുമ്പോൾ അതിർത്തിയിൽ ജാഗ്രത പാലിക്കുകയും എപ്പോഴും സന്നദ്ധരായിരിക്കുകയും വേണം എന്നു മാത്രം.
മോദി മടങ്ങിയതിന്റെ പിറ്റേന്ന് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ഷരീഫും സൈനികമേധാവിയും ബെയ്ജിംഗിൽ ചൈനീസ്, റഷ്യൻ നേതാക്കളോടു ചർച്ച നടത്തിയതും ഷരീഫ്-ഷി, ഷരീഫ്-പുടിൻ ഫോട്ടോകൾ വന്നതും ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യമാണ്.
നൊബേലും ട്രംപും
എന്താണു ട്രംപിനെ ഇതിലേക്കു നയിച്ചത്? രണ്ടു കാരണങ്ങളാണു പറയുന്നത്.
ഒന്ന്: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിൽ തന്റെ പങ്ക് ഇന്ത്യ നിഷേധിച്ചതിലെ വിരോധം. ആ നിഷേധം സമാധാന നൊബേലിനു ട്രംപിന്റെ പേര് ശിപാർശ ചെയ്യാൻ പറ്റില്ല എന്നു മോദി പറയുന്ന ടെലിഫോൺ സംഭാഷണം വരെ എത്തി എന്നാണു റിപ്പോർട്ടുകൾ. നൊബേൽ പുരസ്കാരം ട്രംപിനു വല്ലാത്ത മോഹം തോന്നിയ ഒന്നാണെന്ന കാര്യം ലോകത്തിനു മുഴുവൻ അറിയാം. താൻ ഒരു വലിയ സംഭവമാണെന്ന വല്ലാത്ത അബദ്ധവിശ്വാസത്തിന്റെ മറുവശമാണത്.
പാക്കിസ്ഥാനിലെ സ്വപ്നങ്ങൾ
രണ്ട്: പാക്കിസ്ഥാനിൽ ട്രംപ് കാണുന്ന വലിയ ബിസിനസ് അവസരങ്ങൾ. ഇന്ത്യ അങ്ങനെ അവസരം നൽകില്ല. ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) ജേക്ക് സള്ളിവനാണ് ഈ ആരോപണം ഉന്നയിച്ചത്. എതിർ പാർട്ടിക്കാരനായതിന്റെ പേരിൽ ആരോപണം അവിശ്വസിക്കേണ്ടതില്ല.
പശ്ചിമേഷ്യയിലും യൂറോപ്പിലും ട്രംപിന്റെ പ്രത്യേക ദൂതനായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സ്റ്റീവ് വിറ്റ് കോഫിന്റെ മകൻ സഖറി (സാക്) തുടങ്ങിയ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന സ്ഥാപനത്തിന് പാക്കിസ്ഥാനിൽ ഈയിടെ ചില നേട്ടങ്ങളുണ്ടായി. ക്രിപ്റ്റോ കറൻസി വ്യാപനത്തിനുള്ള അനുവാദവും രാജ്യത്ത് ധനകാര്യ ഇടപാടുകൾ ഡിജിറ്റൽ ആക്കാനുള്ള കരാറും അതിൽപ്പെടുന്നു.
ട്രംപ് കുടുംബത്തിന് ലിബർട്ടിയിൽ 60 ശതമാനം ഓഹരിയുണ്ട്. ഏപ്രിലിൽ ഈ കരാറുകൾ ഉണ്ടായ ശേഷമാണ് പാക് സേനാമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്കു വിളിച്ചു വിരുന്നു നൽകിയത്. ട്രംപിനെ നൊബേലിനു ശിപാർശ ചെയ്യാൻ മുനീർ മടിച്ചുമില്ല. ആ വിരുന്നിനു വരുന്നാേ എന്ന് ട്രംപ് മോദിയോടു ചോദിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
Leader Page
ആഗോള നയതന്ത്രരംഗത്തു പണ്ടുമുതലേ ഇന്ത്യയുടെ നിലപാട് മെയ്വഴക്കമുള്ളതാണ്. തികച്ചും സന്തുലിതം. തത്വത്തിൽ ചേരിചേരാത്തതും ഫലത്തിൽ പ്രായോഗികവും. ഇന്നത്തെ ലോകരാഷ്ട്രീയത്തിൽ പിരിമുറുക്കം കൂടുന്നു. സഖ്യങ്ങൾ മാറുന്നു. ലോകക്രമം വിവിധ സ്വാധീനമേഖലകളായി വിഭജിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ, നിലപാട് പുനഃക്രമീകരിക്കാൻ ഇന്ത്യക്കുമേൽ സമ്മർദം കൂടുതലാണ്.
യുഎസുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ദേശീയതയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഇന്ത്യ മാറി. യുഎസിലേക്ക് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം 50 ശതമാനം നികുതി ഏർപ്പെടുത്തി. ഇത് യുഎസിന്റെ വ്യാപാര പങ്കാളികളിൽ ചുമത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞവർഷം ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും യുഎസിലേക്കായിരുന്നു. അതിനാൽ സാമ്പത്തിക പ്രത്യാഘാതം വളരെ വലിയതാകും.
വ്യാപാര പ്രശ്നത്തിലുമപ്പുറമാണിത്. യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം കാൽനൂറ്റാണ്ടിലേറെയായി ശക്തിപ്പെട്ടുവരികയാണ്. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയെ പ്രതിരോധിക്കാനുള്ള പ്രധാന ശക്തിയായി അമേരിക്ക ഇന്ത്യയെ കണക്കാക്കുന്നു. എന്നാൽ, ഏറ്റവും ശക്തമായ പങ്കാളിത്തംപോലും ഒരു ജനപ്രിയ നേതാവിന്റെ തോന്നലുകൾക്കനുസരിച്ചു മാറുമെന്ന ഓർമപ്പെടുത്തലാണ് പുതിയ നികുതികൾ. ഈ നികുതികൾ പെട്ടെന്നൊരു സാമ്പത്തിക സംഘർഷത്തിനു വഴിയൊരുക്കിയേക്കാം. അതിലുമപ്പുറം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മാറ്റിപ്പണിയാനുള്ള സാധ്യതയുമുണ്ട്.
പാക്കിസ്ഥാനുമായി അടുക്കുന്ന അമേരിക്ക
മറ്റു വഴികളിലൂടെയും ട്രംപ് ഭരണകൂടം ഇന്ത്യയെ അകറ്റുന്നുണ്ട്. അമേരിക്ക പാക്കിസ്ഥാനുമായി അടുക്കുന്നു. പാക് സൈനിക മേധാവി, ഫീൽഡ് മാർഷൽ അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. അസിം മുനീർ ദീർഘകാലമായി പ്രകോപനപരമായ പ്രസംഗങ്ങളുടെ ആശാനാണ്. ഇത്തരം പ്രസ്താവനകളിൽ ആണവഭീഷണിയുടെ മുഴക്കമുണ്ട്. കാഷ്മീരിനെ പാക്കിസ്ഥാന്റെ ‘കഴുത്തിലെ പ്രധാന ഞരമ്പ്’ എന്ന് വിശേഷിപ്പിച്ചതുണ്ട്. അത്തരം പരാമർശങ്ങളെ ശാസനയ്ക്കു പകരം നയതന്ത്രപരമായ സൗഹൃദത്തോടു കൂടിയാണ് യുഎസ് സമീപിച്ചത്. ഇത് ട്രംപിന്റെ വിദേശനയത്തിന്റെ സ്വഭാവമാറ്റം സൂചിപ്പിക്കുന്നു.
പാക്കിസ്ഥാനുമായുള്ള ഇത്തരം സൗഹൃദം തന്ത്രപരമായ പ്രകോപനം മാത്രമാണ്. നിലനിൽപ്പിന് ഭീഷണിയല്ല. യുഎസിന്റെ സാമ്പത്തികവും സാങ്കേതികവും തന്ത്രപരവുമായ ദീർഘകാല താത്പര്യങ്ങൾ ഇപ്പോഴും ഇന്ത്യയുടേതുമായാണ് കൂടുതൽ യോജിക്കുന്നത്. പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ഇടപാടുകൾ ഇന്ത്യൻ സുരക്ഷയെ തകർക്കാതെ കൈകാര്യം ചെയ്യുന്നതിലാണ് വെല്ലുവിളി. പ്രത്യേകിച്ചും കാഷ്മീരിലെ അസ്ഥിരമായ നിയന്ത്രണരേഖയിൽ. കഴിഞ്ഞ ഏപ്രിലിൽ പാക്കിസ്ഥാനിൽനിന്നുള്ള തീവ്രവാദികൾ നിയന്ത്രണരേഖ ലംഘിച്ച് വിനോദസഞ്ചാരികൾക്കുനേരേ ക്രൂരമായ ആക്രമണം നടത്തിയിരുന്നു.
പാക്കിസ്ഥാനുള്ള ചൈനയുടെ പിന്തുണ കൂടിയാകുന്പോൾ ഇന്ത്യയുടെ സുരക്ഷയ്ക്കുള്ള അപകടസാധ്യത കൂടുന്നു. ഏപ്രിലിലെ പാക് തീവ്രവാദ ആക്രമണത്തെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ചപ്പോൾ ചൈന പാക്കിസ്ഥാന് തത്സമയ സൈനിക-നയതന്ത്ര പിന്തുണ നൽകിയിരുന്നു. സൈനിക ഉപകരണങ്ങളിൽ ചൈനയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ വിതരണക്കാരൻ. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ചിട്ടുള്ള ആയുധങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിലെ ഏറ്റവും വലിയ പദ്ധതി ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയാണ്. ഇന്ത്യയുടെ തന്ത്രപ്രധാനമായ നിരവധി മേഖലകളിൽ ചൈനയ്ക്കു സ്വാധീനം നല്കുന്ന ഇത് തെക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം കേന്ദ്രീകരിച്ചാണ്. ചൈന-പാക്കിസ്ഥാൻ സഖ്യം ഇനി തന്ത്രപരമായ ഒത്തുചേരലല്ല; തന്ത്രപരമായ ധാരണ തന്നെയാണ് എന്നതിന്റെ തെളിവാണിത്. അതിനാൽ, ഇതേക്കുറിച്ച് ഇന്ത്യ സമഗ്രമായി പ്രതികരിക്കേണ്ടതുണ്ട്. ആഭ്യന്തരമായ സാമ്പത്തിക പ്രതിരോധം, അതിർത്തിയിലെ സൈനിക സജ്ജീകരണങ്ങൾ, ഇൻഡോ-പസഫിക് മേഖലയിലെ നയതന്ത്രപരമായ ഇടപെടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ചൈനയുടെ ആക്രമണങ്ങൾ
ചൈന ഇന്ത്യക്കെതിരേ അതിർത്തി കടന്ന് നേരിട്ടുള്ള ആക്രമണവും നടത്തിയിട്ടുണ്ട്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ ക്രൂരമായ അധ്യായമായ ഗൽവാൻ യുദ്ധത്തിലെ മുറിപ്പാടുകൾ 2020ൽ അവർ വീണ്ടും തുറന്നു. ചൈനീസ് സൈന്യം ഗൽവാൻ താഴ്വരയിലെ നിയന്ത്രണരേഖ ലംഘിച്ചു നടത്തിയ ആക്രമണങ്ങൾ 20 ഇന്ത്യൻ സൈനികരുടെ മരണത്തിനു കാരണമായി. അരുണാചൽ പ്രദേശിനോടു ചേർന്നുള്ള ഹിമാലയൻ അതിർത്തിയിലെ ചൈനയുടെ ഉയർന്ന സൈനിക വിന്യാസവും പിരിമുറുക്കം വർധിപ്പിക്കുന്നു.
ഈ പ്രശ്നത്തിനിടയിലും റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം ശക്തമായി നിലകൊണ്ടു. ശീതയുദ്ധത്തിലെ ചേരിചേരാ നയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് ഈ ഉഭയകക്ഷി ബന്ധം. പരസ്പര ബഹുമാനമാണ് ബന്ധത്തിന്റെ അടിത്തറ. അതിനാൽ, എല്ലാ കാര്യങ്ങളിലും യോജിക്കുന്നില്ലെങ്കിലും ഇന്ത്യ നിർണായക പ്രതിരോധ ഉപകരണങ്ങൾ റഷ്യയിൽനിന്നു വാങ്ങുന്നു. ഈ വർഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ന്യൂഡൽഹി സന്ദർശിക്കുന്നുണ്ട്. എന്നാൽ, ഇവിടെപ്പോലും ഇന്ത്യക്ക് ആശങ്കയ്ക്കു വകയുണ്ട്; റഷ്യ ചൈനയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ, റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിൽ ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം.
ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാർ
ഭൗമരാഷ്ട്രീയത്തിലെ വർധിച്ചുവരുന്ന അപകടസാധ്യത കുറയ്ക്കുന്നതിന് ഇന്ത്യ രാജ്യാന്തര പങ്കാളിത്തം വൈവിധ്യവത്കരിക്കുകയാണ്. യൂറോപ്പ് അതിന്റെ വിതരണ ശൃംഖലകൾ പുനഃക്രമീകരിക്കാൻ ശ്രമിക്കുന്നതിനാൽ ഇന്ത്യക്ക് ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാർ ചർച്ച ചെയ്യാൻ അവസരം കിട്ടി. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകൾ വേഗത്തിലാക്കാനുമായി. ഫ്രാൻസും ജർമനിയും പോലുള്ള രാജ്യങ്ങൾ ചൈനയ്ക്ക് ഒരു ജനാധിപത്യ ബദലായി ഇന്ത്യയെ സ്വീകരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ആഫ്രിക്കയുമായുള്ള ചരിത്രപരമായ ബന്ധങ്ങളും ഇന്ത്യ പുനരുജ്ജീവിപ്പിക്കുന്നു. ഉയർന്ന ജനസംഖ്യയും പ്രകൃതിവിഭവ സമ്പത്തുമുള്ള ആഫ്രിക്ക ആഗോളതലത്തിൽ ഇന്ത്യയുടെ ആഗ്രഹങ്ങളുടെ പ്രധാന ലക്ഷ്യമാണ്. ആഫ്രിക്കയെ ചൂഷണം ചെയ്യുന്ന സമീപനമാണ് ചൈനയുടേത്. ഇന്ത്യയാകട്ടെ പരസ്പരം പ്രയോജനകരമായ പങ്കാളിത്തം വളർത്താൻ ശ്രമിക്കുന്നു. ആഫ്രിക്കയിലെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യൻ നിക്ഷേപങ്ങളുണ്ട്.
ഇന്ത്യയുടെ താത്പര്യം മാനുഷികവും തന്ത്രപരവും
ഗൾഫ് മേഖലയിൽ ഇന്ത്യയുടെ താത്പര്യം മാനുഷികവും തന്ത്രപരവുമാണ്. എട്ട് ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഈ മേഖലയിൽ താമസിക്കുന്നു, ജോലി ചെയ്യുന്നു. അവരുടെ വരുമാനം നാട്ടിലുള്ള കുടുംബങ്ങൾക്ക് സഹായമാണ്. എങ്കിലും എണ്ണയെ ആശ്രയിക്കുന്നതിനപ്പുറത്തേക്ക് ഗൾഫ് രാജ്യങ്ങൾ ശ്രമം തുടങ്ങിയതിനാൽ ഇന്ത്യക്ക് നൽകാൻ കൂടുതൽ കാര്യങ്ങളുണ്ട്: സാങ്കേതികവിദ്യ, നൈപുണ്യം, വ്യാപാരം. യുഎഇയുമായുള്ള ഇന്ത്യയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും സൗദി അറേബ്യയുമായി വർധിച്ചുവരുന്ന പ്രതിരോധ സഹകരണവും ബന്ധങ്ങളിലെ തന്ത്രപരമായ ആഴം കൂടുന്നതിനെ സൂചിപ്പിക്കുന്നു.
ഏഷ്യയിൽ, അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിൻസോയുടെ നേതൃത്വം ഇന്ത്യ തീർച്ചയായും ഓർമിക്കുന്നുണ്ടാവും. പ്രത്യേകിച്ച് സുരക്ഷാരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം കൂടുതൽ ആഴത്തിലാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ജപ്പാന്റെ ഇപ്പോഴത്തെ സർക്കാരും ഈ നയം തുടർന്നാൽ ഇന്ത്യ തീർച്ചയായും സ്വാഗതം ചെയ്യും.
തന്ത്രങ്ങൾക്കു വ്യക്തത വേണം
ഇന്ത്യയുടെ കരുത്ത് തന്ത്രപരമായ ചാഞ്ചല്യത്തിലാണ്. കർശനമായ സഖ്യങ്ങളല്ല, താൽപ്പര്യങ്ങളാണ് അതിനെ നയിക്കുന്നത്. അതിനാൽ, പ്രതിരോധത്തിലും സാങ്കേതികവിദ്യയിലും യുഎസുമായി, ഊർജത്തിലും ആയുധങ്ങളിലും റഷ്യയുമായി, വ്യാപാരത്തിലും കാലാവസ്ഥയിലും യൂറോപ്പുമായി, വികസനത്തിലും പ്രവാസികളിലും ആഫ്രിക്കയുമായും ഗൾഫുമായും ഇന്ത്യ ഇടപഴകുന്നു. എന്നാൽ, അത്തരം സങ്കീർ
Leader Page
ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെ പത്തു രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വാര്‍ഷിക ഉച്ചകോടി നാളെയും തിങ്കളാഴ്ചയുമായി ചൈനയുടെ ആതിഥേയത്തില്‍ ടിയാന്‍ജിനില്‍ നടക്കുകയാണ്. അംഗങ്ങളും അതിഥികളുമായി ഇരുപതില്പരം രാജ്യങ്ങള്‍ ഉച്ചകോടിയുടെ ഭാഗമാകും. സംഘടനയുടെ 25-ാം ഉച്ചകോടിയുടെയുമാണിത്. രാഷ്ട്രീയം, സാമ്പത്തികം, രാജ്യാന്തര സുരക്ഷ എന്നിവയാണ് ഉച്ചകോടിയുടെ മുഖ്യവിഷയങ്ങള്‍.
നിര്‍ണായക തീരുമാനങ്ങള്‍
ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീ ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാങ്ഹായ് ഉച്ചകോടിയിലേയക്ക് ക്ഷണിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്ന് നരേന്ദ്ര മോദി ഇതിനോടകം പ്രഖ്യാപിച്ചിട്ടുമുണ്ട്. 2024ല്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ നേട്ടമായിരുന്നു. ഉച്ചകോടിക്കു മുമ്പുതന്നെ ചൈനയ്ക്കും ഇന്ത്യക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനും യാത്രക്കാർക്കും ബിസിനസുകാർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള വീസ എളുപ്പത്തില്‍ ലഭ്യമാക്കാനും ധാരണയായത് നേട്ടമാണ്. സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുമായി നയതന്ത്ര, സൈനിക ചാനലുകള്‍ ശക്തിപ്പെടുത്താനും നടപടിയുണ്ടായി. ഈ അനുകൂല സാഹചര്യങ്ങള്‍ താത്കാലിക ക്രമീകരണങ്ങള്‍ മാത്രമാണ്.
അമേരിക്കയുടെ അടവുകള്‍
ഇന്ത്യയെ വെല്ലുവിളിക്കാനും വിരട്ടാനും അമേരിക്ക ബോധപൂര്‍വം പാക്കിസ്ഥാനുമായി സൗഹൃദം അടുത്ത നാളുകളില്‍ ഉയര്‍ത്തിക്കാട്ടുന്നു. പഹല്‍ഗാം ഭീകരാക്രമത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ യുദ്ധം ഒഴിവാക്കി സമാധാനം സ്ഥാപിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും വീണ്ടും പലവേദികളിലും ആവര്‍ത്തിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായ രാജ്യാന്തര കൂട്ടായ്മകള്‍ വളരെ കുറവാണ്. സാര്‍ക്കില്‍ പാക്കിസ്ഥാനും ഇന്ത്യയും അംഗങ്ങളാണെങ്കിലും ഇന്ത്യയുടെ എതിര്‍പ്പുമൂലം സാര്ക്കിപ്പോള് നിര്‍ജീവമാണ്. സാര്‍ക്കിന് ബദലൊരുക്കാന്‍ ചൈന മുന്നോട്ടു വന്നിരിക്കുന്നുവെന്നതും പ്രത്യേകമായി കാണണം.
ആഗോളതലത്തില്‍ അനുദിനം ശക്തിപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയെ അമേരിക്ക ഇപ്പോൾ ഭയപ്പെടുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിലൂടെ പത്തംഗ കൂട്ടായ്മയായി ബ്രിക്സ് വളരുകയും 40ല്‍പരം രാജ്യങ്ങള്‍ ബ്രിക്സില്‍ പങ്കാളിത്തത്തിനു ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും തിരിച്ചടി നേരിടുന്നത് അമേരിക്കയുടെ ആഗോള കച്ചവടത്തിനാണ്. അമേരിക്കയുടെ വ്യാപാരതീരുവയുദ്ധം തുടരുമ്പോള്‍ ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യ-ചൈന-റഷ്യ പങ്കാളികളായ ഷാങ്ഹായ് ഉച്ചകോടി ഡോളറിനെ പുറന്തള്ളാന്‍ തീരുമാനിച്ചാല്‍ തിരിച്ചടി കൂടുതൽ നേരിടുന്നത് അമേരിക്കന്‍ സമ്പദ്ഘടനയ്ക്കാണ്.
ഇന്ത്യ-റഷ്യ ബന്ധം
ഇന്ത്യ-റഷ്യ-ചൈന സഹകരണത്തിന്റെ അനന്തസാധ്യതകളിലേക്ക് ഷാങ്ഹായ് ഉച്ചകോടി വിരല്‍ചൂണ്ടും. ഈ സഖ്യം നിലനിന്നാല്‍ അമേരിക്കന്‍ അപ്രമാദിത്വത്തിനും ജി7 അംഗരാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ആഗോള സാമ്പത്തിക വ്യാപാരകൂട്ടായ്മയായി മാറും.
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ട്രംപ് ഒരു സുപ്രഭാതത്തില്‍ ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ അഞ്ചു ശതമാനം വിലക്കിഴിവ് നല്കി റഷ്യ തിരിച്ചടിച്ചതോടെ ട്രംപിന്റെ ആവേശം കുറഞ്ഞു. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച് യൂറോപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലേക്ക് ഇന്ത്യ മറിച്ചുവില്‍ക്കുന്നുവെന്ന അമേരിക്കന്‍ ആരോപണത്തെ ഇന്ത്യയും റഷ്യയും മുഖവിലയ്ക്കെടുത്തില്ല. മറിച്ച് ഇന്ത്യ-റഷ്യ ഊര്‍ജസഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ നയതന്ത്രം കൂടുതല്‍ ആഴത്തിലാണിന്ന്. ഇതിന് തെളിവാണ് ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന് റഷ്യ നല്കിയ ഊഷ്മള വരവേല്‍പ്പും തുടര്‍ന്ന് നടന്ന മോദി-പുടിന് ടെലിഫോണ്‍ ചര്‍ച്ചകളും.
പ്രതീക്ഷകള്‍ വേണ്ട
ഇന്ത്യയെ എക്കാലവും ശത്രുപക്ഷത്തു നിന്ന് എതിര്‍ത്ത ചൈനയും നിരന്തര ഭീകരാക്രമണം അഴിച്ചുവിടുന്ന പാക്കിസ്ഥാനും ചൈനയുടെ ഔദാര്യം സ്വീകരിച്ചു കഴിയുന്ന ചെറുരാജ്യങ്ങളുമുള്ക്കൊള്ളുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷകള്‍ വേണ്ട. അതേസമയം, അമേരിക്കയുടെ വ്യാപരതീരുവയുദ്ധത്തിനും ലോകപോലീസായി സകലരെയും അടക്കിവാഴാമെന്ന അധികാര അഹങ്കാരത്തിനും മറുപടി അനിവാര്യമാണുതാനും.
ഇന്ത്യ-ചൈന-റഷ്യ അച്ചുതണ്ടുകള്‍ കരുത്താര്‍ജിച്ചാല്‍ അമേരിക്കയ്ക്ക് ശക്തമായ താക്കീതാകുമെങ്കിലും ഷാങ്ഹായ് കൂട്ടായ്മയുടെ ഭാവിയിലും ആശങ്കകളേറെയുണ്ട്. അമേരിക്കന്‍ അധിനിവേശത്തെ മറികടക്കാനുള്ള താത്കാലിക മറുമരുന്ന് എന്നതിലുപരി ഷാങ്ഹായ് ഉച്ചകോടിയെ ഇന്ത്യ മുഖവിലയ്ക്കെടുക്കുന്നതും അപകടമാണ്. അതേസമയം, അയല്‍രാജ്യങ്ങളെ പിണക്കാതെ കൂടെനിര്‍ത്തി നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
ചൈനയെ വിശ്വസിക്കാമോ?
ചൈനയെ ഇന്ത്യക്കു വിശ്വസിക്കാമോ എന്ന ചോദ്യം വിവിധ കോണുകളില്‍നിന്നുയരുന്നത് നിസാരവത്കരിക്കരുത്. കഴിഞ്ഞകാല അനുഭവങ്ങള്‍ ആ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്ത്യയിലെ അയല്‍രാജ്യങ്ങളിലെ ചൈനീസ് സ്വാധീനം ചെറുതൊന്നുമല്ല. ശ്രീലങ്ക കേന്ദ്രീകരിച്ച് ചൈന ലക്ഷ്യമിട്ടത് ഇന്ത്യയെയാണെങ്കിലും ആ രാജ്യത്തെ കടക്കെണിയിലാഴ്ത്തി വരുതിയിലാക്കി കൈവിടാനും ചൈന മടിച്ചില്ല.
ഇന്ത്യയുമായി 2009ല്‍ സ്വതന്ത്ര വ്യാപാരക്കരാറിലേര്‍പ്പെട്ട ആസിയാന്‍ രാജ്യങ്ങള്‍ പലതും ചൈനയുടെ ബിനാമികളാണ്. ഇന്ത്യയും ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ല. അതേസമയം ഇന്ത്യന്‍ ആഭ്യന്തരവിപണിയുടെ 24 ശതമാനവും ചൈനീസ് ഉത്പന്നങ്ങളിന്ന് കൈയടക്കിയിരിക്കുന്നു. ഇതെങ്ങനെയെന്ന ചോദ്യത്തിന് ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനന്തരഫലമെന്നാണ് ഉത്തരം.
ഇന്ത്യയോടുള്ള സ്നേഹമല്ല, അമേരിക്കയോടുള്ള ചൈനയുടെ എതിര്‍പ്പാണ് ഇപ്പോഴുള്ള അടുപ്പത്തിന്റെയും ആത്മബന്ധത്തിന്റെയും പിന്നാമ്പുറം. അമേരിക്കയുടെ തീരുവയുദ്ധത്തില്‍ ഇരയായി എന്ന കാരണംകൊണ്ട് മറ്റു വാണിജ്യ പങ്കാളികളെ കണ്ടെത്തേണ്ടതും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും ഇന്ത്യയുടെയും ആവശ്യമാണ്. പക്ഷേ ഇതു മനസിലാക്കി ചൈന മുതലെടുക്കാന്‍ ശ്രമിച്ചാല്‍ തടയിടാന്‍ ഇന്ത്യക്ക് സാധിക്കണം.
ഓപ്പറേഷന് സിന്ദൂറില്‍ ചൈനയില്‍നിന്നുള്ള പിന്തുണ പാക്കിസ്ഥാന് ലഭിച്ചുവെന്നുള്ളത് പകല്‍പോലെ വ്യക്തം. തകര്‍ന്ന സമ്പദ്വ്യവസ്ഥയില് നിലനില്പിനായി ആരെയും കൂട്ടുപിടക്കുന്ന ഗതികേടിലാണ് പട്ടാളവും മതവും നിയന്ത്രിക്കുന്ന പാക്കിസ്ഥാന് ഭരണകൂടമിന്ന്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ഷാങ്ഹായ് ഉച്ചകോടി പുറംമോടിക്കപ്പുറം ലക്ഷ്യം കാണുമോയെന്നതും സംശയമാണ്.
ഉച്ചകോടിക്ക് മുന്നൊരുക്കമായി 2025 ജൂണില്‍ നടന്ന ഷാങ്ഹായ് അംഗരാജ്യ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബലൂചിസ്താന്‍ വിഷയത്തോടൊപ്പം പഹല്‍ഗാം ഭീകരാക്രമണവും പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യ പിന്മാറിയിരുന്നു. പിന്നീട് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ദ റസിസ്റ്റന്റ്സ് ഫ്രണ്ടിനെ അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തിയപ്പോള്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താനവയിറക്കാന് ചൈന നിര്‍ബന്ധിതമായി. ഈ പശ്ചാത്തലത്തില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ വ്യാപാരവിഷയങ്ങള്‍ പ്രാദേശിക സുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിവയോടൊപ്പം ഭീകരവാദവും ചര്‍ച്ച ചെയ്യണമെന്ന നിലപാട് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകും.
Leader Page
സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായകമായ ചില നികുതി പരിഷ്കാര നിർദേശങ്ങൾ ചർച്ച ചെയ്യുകയാണ്. നിലവിലുള്ള ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളുടെ തട്ടുകൾ പകുതിയാക്കാനുള്ള നിർദേശമായിരിക്കും പരിഗണിക്കുക. ജിഎസ്ടിക്കു നിലവിൽ നാലു നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. ജിഎസ്ടിയെ രണ്ടു സ്ലാബുകളിൽ മാത്രമായി നിലനിര്‍ത്താനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അതായത് അഞ്ച്, 18 എന്നിങ്ങനെ നികുതിനിരക്കുകൾ മതിയെന്നതാണു നിലപാട്. ഇതിന് ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം തേടാനായാണ് ഇപ്പോൾ യോഗം വിളിച്ചിട്ടുള്ളത്.
ജിഎസ്ടിയുടെ നിരക്ക് യുക്തിസഹമാക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് ഒരു മന്ത്രിതല സമിതിയെ ജിഎസ്ടി കൗൺസിലിൽ ചുമതലപ്പെടുത്തിയിരുന്നു. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെട്ടതാണു സമിതി. 2017-18ൽ 28 ശതമാനം നികുതിനിരക്കിലുണ്ടായിരുന്ന 224 ആഡംബര ഉത്പന്നങ്ങളിൽ 178 എണ്ണത്തിന്റെ നികുതി 18 ശതമാനത്തിലേക്കു താഴ്ത്തി. ഈ നികുതിമാറ്റത്തിലൂടെ സാധനങ്ങളുടെ വില കുറയുമെന്ന ന്യായം ഉയർത്തിയായിരുന്നു അന്നത്തെ നികുതി കുറയ്ക്കൽ തീരുമാനം നടപ്പാക്കിയത്. നേർവിപരീത ഫലമാണ് ഉണ്ടായത്. കേരളം പ്രത്യേക താത്പര്യമെടുത്ത് ഇക്കാര്യത്തിൽ ഒരു പരിശോധന നടത്തി. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഒന്നിനുപോലും വില കുറഞ്ഞില്ലെന്നു കണ്ടെത്തി. പകരം ഇവ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കാണു നേട്ടമുണ്ടായത്.
2018-19ൽ കേരളത്തിനു ലഭിച്ച ജിഎസ്ടി നഷ്ടപരിഹാരം 3,532 കോടി രൂപയായിരുന്നു. 2019-20ൽ നഷ്ടപരിഹാരം 8,111 കോടി രൂപയായി ഉയർന്നു. 2017-18ൽ നടപ്പാക്കിയ നികുതി കുറയ്ക്കലാണ് അടുത്ത വർഷങ്ങളിൽ നഷ്ടപരിഹാരം ഉയർത്തിയത്. നിരക്ക് കുറയ്ക്കുന്നതുമൂലം ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുന്നില്ലെന്നത് കേരളം ജിഎസ്ടി കൗൺസിലിനെയും നിരക്ക് യുക്തിസഹമാക്കുന്നതിനായി ശിപാർശകൾക്ക് ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ മന്ത്രിതല സമിതിയെയും ജിഎസ്ടി കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വാതന്ത്ര്യദിനത്തിൽ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
നികുതിവരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു പഠനവും ഇല്ലാതെയാണു പുതിയ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇപ്പോൾ നിർദേശിച്ചിട്ടുള്ള നികുതി പരിഷ്കരണങ്ങൾ നടപ്പായാൽ കേരളത്തിന് ഏതാണ്ട് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാനനഷ്ടം ഉണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഓട്ടോമൊബൈൽ മേഖലയിലെ 28 ശതമാനം നികുതി 18 ശതമാനത്തിലേക്കു താഴ്ത്തിയാൽ, പ്രതിവർഷം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാം. സിമന്റ് ഉൾപ്പെടെയുള്ള വൈറ്റ് ഗുഡ്സ് മേഖലയിലും വലിയ വരുമാനനഷ്ടമുണ്ടാകും. കേരളത്തിലെ വിൽപ്പന നടത്തുന്ന ഉപഭോഗ ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം 18-28 നികുതിനിരക്കിൽ ഉൾപ്പെടുന്നതാണ്. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി വലിയതോതിൽ കുറയ്ക്കുന്നത് സംസ്ഥാനങ്ങൾക്കു വലിയ വരുമാനനഷ്ടം വരുത്തും.
ഇൻഷ്വറൻസ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുമ്പോൾ കേരളത്തിനുമാത്രം 500 കോടി രൂപയ്ക്കടുത്തു വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്രവിഭാഗങ്ങൾക്കായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം 42 ലക്ഷത്തിൽപരം കുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1500 കോടി രൂപയാണു ചെലവഴിക്കുന്നത്. ഇൻഷ്വറൻസ് പ്രീമിയത്തിൽനിന്നുള്ള നികുതി വരുമാനനഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രയാസമാകും.
കേരള ലോട്ടറിയെയും പുതിയ നികുതി നിർദേശം സാരമായി ബാധിക്കാം. നിലവിലെ 28 ശതമാനം നികുതി 40 ശതമാനമായി ഉയർത്താനാണു നീക്കം. ഇത് കേരള ലോട്ടറിയെ തകർക്കും. ഏജന്റുമാരും വിൽപ്പനക്കാരുമടക്കം രണ്ടു ലക്ഷത്തിൽപരം പേരുടെ കുടുംബത്തിന്റെ ജീവനോപാധിയാണ് കേരള ലോട്ടറി.
ജിഎസ്ടി നിരക്ക് ഇനിയും കുറയ്ക്കുന്നതിനെ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരുകൾപോലും അനുകൂലിക്കുന്നില്ലെന്നതാണു യാഥാർഥ്യം. പുതിയ പരിഷ്കാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 60,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, ഏതാണ്ട് നാലു ലക്ഷം കോടിയിൽപരം രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണു പൊതുവിലയിരുത്തൽ.
ഇതിന്റെ യാഥാർഥ ഭാരം ചുമക്കേണ്ടിവരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. കേന്ദ്രസർക്കാരിനു മറ്റ് വരുമാനമാർഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവർഷം 2.89 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വർഷം 3.25 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം റിസർവ് ബാങ്ക് കരുതൽ ധനത്തിൽനിന്ന് 2.69 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു നൽകിയത്. ഇതിനെല്ലാം പുറമെയാണ് വിവിധ സെസുകളിലൂടെ വൻ തുക പിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തോളം സെസുകളിൽനിന്നാണു ലഭിക്കുന്നത്. 2016-17 മുതൽ 2022-23 വരെ പിരിച്ച സെസിന്റെ കണക്കുകൾ പരിശോധിച്ചാൽ 15.34 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വലിയ തുകകളിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ഇഷ്ടംപോലെ ചെലവഴിക്കുകയായിരുന്നു.
ജിഎസ്ടി പരിഷ്കരണം പാവപ്പെട്ടവർക്കും മധ്യവരുമാനക്കാർക്കും നേട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഇത് നികുതിഭാരം കുറയ്ക്കൽ ലക്ഷ്യമിട്ടുള്ള നടപടിയല്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ രാജ്യത്തിന്റെ കീഴടങ്ങലാണ്. മരിച്ച സമ്പദ്ഘടന എന്നാണ് ഇന്ത്യൻ സമ്പദ്ഘടനയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയർന്ന നികുതിനിരക്കാണ് ഈ മരവിപ്പിനു കാരണമെന്നും അതു കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേൽപ്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികൾ കുറപ്പിക്കുക, അമേരിക്കൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിലേക്കു യഥേഷ്ടം എത്തിച്ച് വിൽക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ട്രംപ്-മോദി കൂട്ടുകെട്ട് അത് യാഥാർഥ്യമാക്കുകയാണ്. ഇത് ട്രംപിനുവേണ്ടിയുള്ള മോദിയുടെ പാതതെളിക്കലാണ്.
മോദിക്ക് രാജ്യതാത്പര്യം മത്രമല്ല, വ്യക്തിതാത്പര്യവും ഇക്കാര്യത്തിലുണ്ട്. 2025 സാമ്പത്തികവർഷത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 7.3 ലക്ഷം കോടി അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യമാണ്. അതിൽ ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്നു. അതേസമയം, യുഎസിൽനിന്നുള്ള ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപയായിരുന്നു. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചം ഇന്ത്യക്ക് അമേരിക്കയുമായി ഉണ്ടായിരുന്നു. ഇതിൽ മാറ്റമാണ് ട്രംപ് ആഗ്രഹിക്കുന്നത്.
ഒപ്പം ട്രംപിന് വ്യക്തിപരമായും ഇന്ത്യൻ വിപണയിൽ താത്പര്യമുണ്ട്. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഒന്നാംകിട ബിൽഡർമാരുമായി പങ്കാളിത്തമുണ്ട്. ഇത്തരം ദേശീയവും വ്യക്തിപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ ട്രംപിന് ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടണം. തങ്ങളുടെ ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി മറികടന്ന് വ്യാപാരമിച്ചത്തിലേക്കു കച്ചവടം കൊഴുപ്പിക്കണം. അതിന് ഇന്ത്യയിലെ ജിഎസ്ടി നികുതിഘടനയിൽ പൊളിച്ചെഴുത്തു വേണം. നികുതിനിരക്കുകൾ വൻതോതിൽ കുറയ്ക്കണം. അതിനുള്ള വഴിയൊരുക്കലിനായാണു തീരുവ യുദ്ധം പ്രഖ്യാപിച്ചത്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ ആയുധമാക്കി സമ്മർദതന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായാണ് തീരുവ യുദ്ധവും പ്രഖ്യാപിച്ചത്.
ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധവും പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണവും ഫലത്തിൽ കേരളത്തിന് ഇരട്ട ഇരുട്ടടിയാണ്. പകരച്ചുങ്കവും എണ്ണച്ചുങ്കവും നമ്മുടെ കയറ്റുമതി മേഖലയെ വല്ലാതെ ബാധിക്കും. 2023-24ൽ അമേരിക്കയിലേക്ക് ഇന്ത്യയിൽനിന്ന് 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ കേരളത്തിന്റെ പങ്ക് 6,410 കോടി രൂപയുടേതാണ്. 17.34 ശതമാനം. ചൈന കഴിഞ്ഞാൽ കേരളത്തിൽനിന്നാണ് അമേരിക്ക ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സമുദ്രോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനം കേരളമാണു സംഭാവന ചെയ്യുന്നത്. 2023-24ൽ 7,232 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. അമേരിക്കൻ അധികച്ചുങ്ക നയം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കും. കയർ വ്യവസായവും ഭീഷണിയിലാണ്. മാറ്റ്സ്, ബ്രഷ്, കൊക്കോ പിറ്റ് ഉൾപ്പെടെയുള്ള കയർ ഉത്പന്നങ്ങളാണ് നിലവിൽ അമേരിക്കയിലേക്ക് അയയ്ക്കുന്നത്. അതു നിലയ്ക്കും. ചെറുകിട, സഹകരണ കയർ സ്ഥാപനങ്ങളുടെയും കയർ തൊഴിലാളികളുടെയും ഭാവി അനിശ്ചിതത്വത്തിലാകും. ഇതെല്ലാം നമ്മുടെ ആഭ്യന്തര ഉത്പാദന വളർച്ചയെ തളർത്തും.
നമ്മുടെ നികുതി വരുമാനനഷ്ടം സർക്കാരുകളുടെ ചെലവുകൾ ചുരുക്കാൻ നിർബന്ധിതമാക്കും. സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പപരിപാടികളെയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യു നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ട്. ഒപ്പം, ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാൽ രണ്ടു വിഷയത്തിലും സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കണ്ടതുണ്ട്.
International
ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തി. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് ശേഷം "സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം' സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
കഴിഞ്ഞ വർഷം കസാനിൽ വച്ച് നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ല ദിശാബോധം നൽകി. അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. "ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ നമ്മുടെ സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും'. അദ്ദേഹം പറഞ്ഞു.
അതേസമയം, നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നു എന്ന് ഷി ജിൻപിംഗ് പറഞ്ഞു. പ്രധാനമന്ത്രിയെ വീണ്ടും കാണുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സാംസ്കാരിക ബന്ധമുണ്ട്.. "വ്യാളി- ആന' സൗഹൃദം പ്രധാനമെന്നും നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു,
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവർ മോദിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. ചൈനീസ് വിദേശകാര്യമന്ത്രിയും വാണിജ്യമന്ത്രിയും ചർച്ചയിൽ പങ്കാളികളായി. ഏഴു കൊല്ലത്തിന് ശേഷമാണ് ചൈനയിൽ ഇരു നേതാക്കൾക്കുമിടയില്‍ ചർച്ച നടന്നത്.
National
ന്യൂഡൽഹി: ദലൈ ലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ചൈനയ്ക്കില്ലെന്ന് ഇന്ത്യ. പുതിയ ലാമയെ തെരഞ്ഞെടുക്കുന്നതിനോ പ്രഖ്യാപിക്കുന്നതിനോ ചൈനയുടെ അംഗീകാരം ആവശ്യമില്ല. പിന്‍ഗാമിയെ പ്രഖ്യാപിക്കാനുള്ള അധികാരം ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയില്‍ നിക്ഷിപ്തമാണെന്നും ഇന്ത്യ വ്യക്തമാക്കി. ദലൈലാമയുടെ എല്ലാ അനുയായികള്‍ക്കും അദ്ദേഹത്തിന്റെ സ്ഥാനം സുപ്രധാനമാണ്.
ലാമയെ തീരുമാനിക്കാനുള്ള അധികാരം ദലൈ ലാമയ്ക്കും അദ്ദേഹത്തിന്റെ ട്രസ്റ്റിനുമായിരിക്കുമെന്നും മറ്റാർക്കും അതിൽ ഇടപെടാനാകില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രസ്താവനയില്‍ പറഞ്ഞു.
ധരംശാലയില്‍ നടക്കുന്ന ദലൈലാമയുടെ തൊണ്ണൂറാം ജന്മദിന പരിപാടിയിൽ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ബുദ്ധമത വിശ്വാസിയായ കിരണ്‍ റിജിജുവും ജനതാദള്‍-യു നേതാവ് ലല്ലന്‍ സിംഗുമാണു പങ്കെടുക്കുന്നത്.
International
ടെഹ്റാൻ: ഇസ്രയേലിനെതിരായ ആകാശയുദ്ധത്തിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട ഇറാൻ പുതിയ യുദ്ധവിമാനം സ്വന്തമാക്കാൻ ഒരുങ്ങുന്നു. ചൈനയുടെ ചെംഗ്ദു ജെ-10സി യുദ്ധവിമാനമാണ് വാങ്ങുന്നത്. റഷ്യയുമായുള്ള യുദ്ധവിമാനക്കരാർ മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് താരതമ്യേന വിലകുറഞ്ഞ ചൈനീസ് യുദ്ധവിമാനം വാങ്ങാനുള്ള ടെഹ്റാന്റെ നീക്കം.
റഷ്യയുടെ ഇരട്ട എൻജിൻ എസ്യു-35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. ഇത് നടക്കാതെവന്നതോടെയാണ് 4.5 തലമുറ യുദ്ധവിമാനമായ ചെംഗ്ദു ജെ-10സി സ്വന്തമാക്കാൻ ചൈനയുമായി ഇറാൻ ചർച്ചകൾ സജീവമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ ഇതേ വിമാനമായിരുന്നു പാക്കിസ്ഥാൻ അടുത്തിടെ ഇന്ത്യക്കെതിരായ സംഘർഷത്തിൽ ഉപയോഗിച്ചത്.
2023ലെ കരാര്‍ പ്രകാരം 50 എസ്-35 വിമാനങ്ങളായിരുന്നു ലഭിക്കേണ്ടിയിരുന്നത്.
എന്നാല്‍ നാലു വിമാനങ്ങള്‍ മാത്രമേ റഷ്യ കൈമാറിയിട്ടുള്ളൂ. ഇതാണ് കരാറിൽനിന്ന് പിന്മാറാനും ചൈനീസ് യുദ്ധവിമാനം വാങ്ങാനും ഇറാനെ പ്രേരിപ്പിച്ചത്.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) നേതൃത്വത്തിൽ ഇന്നും നാളെയുമായി ചൈനയിലെ ക്വിങ്ദാവോയിൽ നടക്കുന്ന പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യൻസംഘത്തെ നയിക്കും. 2020ൽ ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവാനിലുണ്ടായ ഏറ്റുമുട്ടലിനുശേഷം ഇതാദ്യമായാണു പ്രതിരോധമന്ത്രി ചൈന സന്ദർശിക്കുന്നത്.
സമ്മേളനത്തിനിടെ ചൈനീസ് പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം ഇരുരാജ്യങ്ങളും ഉന്നതതലത്തിൽ നടത്തുന്ന കൂടിക്കാഴ്ചകൂടിയായിരിക്കുമിത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇതിനോടകം ചൈനയിലെത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിലുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് സമ്മേളനത്തിൽ വ്യക്തമാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എസ്സിഒ രാജ്യങ്ങളുടെ പരസ്പര സഹകരണം, പ്രാദേശിക, അന്തർദേശീയ സമാധാനം, സുരക്ഷ, തീവ്രവാദവിരുദ്ധ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. അന്തർദേശീയ തലത്തിലെ വിവിധ വിഷയങ്ങളിൽ പരസ്പര സഹകരണം ലക്ഷ്യമിട്ടു 2001ലാണ് എസ്സിഒ സംഘടന സ്ഥാപിതമാകുന്നത്. 2017ൽ ഇന്ത്യ ഇതിൽ പൂർണ അംഗമായി. 2023ൽ ചെയർമാൻസ്ഥാനവും ഇന്ത്യ ഏറ്റെടുത്തു. നിലവിൽ പത്തു രാജ്യങ്ങളാണ് സംഘടനയിലുള്ളത്.