ജനീവ: അണ്വായുധ നിയന്ത്രണത്തിനു പുതിയ കരാർ വേണമെന്നും അതിൽ ചൈനയെ ഉൾപ്പെടുത്തണമെന്നും അമേരിക്ക. റഷ്യയുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ (സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാർ വ്യാഴാഴ്ച കാലഹരണപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ആവശ്യം.
ലോകത്തിലെ പ്രധാന അണ്വായുധ ശക്തികൾക്കു നിയമപരമായ ഒരു ബാധ്യതയും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. പുതിയ കരാർ ഉണ്ടാക്കുന്നതുവരെ നിലവിലത്തെ കരാർ ഒരു വർഷത്തേക്കു നീട്ടാം എന്ന് റഷ്യ അഭിപ്രായപ്പെട്ടു. എന്നാൽ, പുതിയ കരാർ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
റഷ്യയും അമേരിക്കയും മാത്രം ഉൾപ്പെട്ട കരാർ ലോകത്തിനു ഗുണം ചെയ്യില്ലെന്നും ചൈനയെക്കൂടി ഭാഗമാക്കേണ്ടതുണ്ടെന്നും അമേരിക്കയിലെ ആയുധ നിയന്ത്രണവിഭാഗം അണ്ടർ സെക്രട്ടറി തോമസ് ഡിനാനോ ജനീവയിലെ നിരായുധീകരണ ഉച്ചകോടിയിലും പറഞ്ഞു. ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും 2030ൽ 1000 ആണവ പോർമുനകൾ നിർമിക്കുകയാണു ലക്ഷ്യമെന്നും റഷ്യ ഇതിന് സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ന്യൂ സ്റ്റാർട്ട്’ കരാർ തുടരാൻ അമേരിക്ക വിമുഖത പ്രകടിപ്പിക്കുന്നതു ഖേദകരമാണെന്നും മോസ്കോ എല്ലായ്പോഴും ചർച്ചയ്ക്കു സന്നദ്ധമാണെന്നും റഷ്യൻ പ്രതിനിധി ഗെന്നഡി ഗാറ്റിലോവ് ഉച്ചകോടിയിൽ പറഞ്ഞു. അതേസമയം, അമേരിക്കയുമായും റഷ്യയുമായും ചർച്ചയ്ക്കില്ലെന്നാണു ചൈനീസ് പ്രതിനിധി ഷെൻ ജിയാൻ വ്യക്തമാക്കിയത്.
വിന്യസിക്കപ്പെടുന്ന അണ്വായുധങ്ങൾ, അവ വിക്ഷേപിക്കാനുള്ള മിസൈലുകൾ, ബോംബർ വിമാനങ്ങൾ, വിക്ഷേപിണികൾ എന്നിവയുടെ എണ്ണം നിജപ്പെടുത്തുന്നതായിരുന്നു ‘ന്യൂ സ്റ്റാർട്ട്’ കരാർ.
Tags : US new nuclear arms control China Russia Strategic Arms Reduction Treaty