മോസ്കോ: വെനസ്വലേയുടെ എണ്ണവില്പന തടഞ്ഞ അമേരിക്കയ്ക്കു മുന്നറിയിപ്പുമായി റഷ്യ. വെനസ്വേലൻ വിഷയത്തിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം വലിയ അബദ്ധം കാണിക്കില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു.
വെനസ്വേല റഷ്യയുടെ സൗഹൃദരാജ്യമാണ്. കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്ക് അമേരിക്ക കടക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പ്രായോഗിക സമീപനം പുലർത്തുന്ന ട്രംപ് ഭരണകൂടം വലിയ അബദ്ധത്തിനു മുതിരില്ലെന്നു കരുതുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്നതിന് ഉപരോധം നേരിടുന്ന ടാങ്കർ കപ്പലുകളെല്ലാം തടയാൻ ട്രംപ് ഉത്തരവിട്ടതിനു പിന്നാലെയാണു റഷ്യയുടെ പ്രതികരണം. വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ഒരു ടാങ്കർ കഴിഞ്ഞയാഴ്ച അമേരിക്കൻ സേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതോടെ മുഖ്യ വരുമാനമാർഗമായ എണ്ണ വിൽക്കാൻ വെനസ്വേലയ്ക്കു കഴിയുന്നില്ല. കോടിക്കണക്കിനു ബാരൽ എണ്ണ കയറ്റിയ ടാങ്കറുകൾ അമേരിക്കൻ നടപടി ഭയന്ന് വെനസ്വേലയിൽനിന്നു പുറപ്പെടാൻ കൂട്ടാക്കുന്നില്ല.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക വൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിലെ മഡുറോ ഭരണകൂടത്തെ സ്ഥാനഭ്രഷ്ടനാക്കാനാണു ട്രംപിന്റെ നീക്കമെന്നു പറയുന്നു. വെനസ്വേലൻ എണ്ണ വാങ്ങുന്ന ചൈനയും അമേരിക്കൻ ഭീഷണിക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്.
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ബുധനാഴ്ച വെനസ്വേലൻ വിദേശകാര്യ മന്ത്രി യുവാൽ ഗില്ലുമായി ഫോണിൽ സംസാരിച്ചു. ഏകപക്ഷീയ ഭീഷണികളെ ചൈന എതിർക്കുന്നതായും പരമാധികാരം സംരക്ഷിക്കാൻ രാജ്യങ്ങൾക്കുള്ള അവകാശത്തെ മാനിക്കുന്നതായും വാംഗ് യി വെനസ്വലേൻ മന്ത്രിയോടു പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
Tags : Venezuela Trump Russia mistake china