District News
തൃശൂർ: ഏതാനും വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ മിന്നുംതാരമായ കടുമേനി ഉന്നതിയിലെ സച്ചു സതീഷിനും അമ്മയ്ക്കും വിദ്യാഭ്യാസവകുപ്പിന്റെ മുൻകൈയിൽ വീടൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു. സച്ചുവും അമ്മ ബിന്ദുവും ഇന്നലെ കലോത്സവവേദിയിൽ വിദ്യാഭ്യാസമന്ത്രിയെ നേരിട്ടുകണ്ടിരുന്നു.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സ്വദേശികളായ പരേതനായ പി.ആർ. സതീഷിന്റെയും ബിന്ദുവിന്റെയും ഏകമകനായ സച്ചു സതീഷ് ഇത്തവണ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് സച്ചു ഭരതനാട്യത്തിൽ എ ഗ്രേഡ് നേടുന്നത്. കുച്ചിപ്പുടിയിലും കേരളനടനത്തിലും മൂന്നു തവണ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഹൈസ്കൂളിലായിരിക്കുമ്പോൾ തോമാപുരം സെന്റ് തോമസ് സ്കൂളിനെ പ്രതിനിധീകരിച്ചിരുന്ന സച്ചു ഇപ്പോൾ കമ്പല്ലൂർ ഗവ. എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
മലവേട്ടുവ ഗോത്രവർഗത്തിൽപെടുന്ന ഇവർ നിലവിൽ കടുമേനി ഉന്നതിയിൽ ബിന്ദുവിന്റെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ബിന്ദുവിന്റെ മറ്റൊരു സഹോദരിയുടെ മകളായ ലിജിന നർത്തകിയും കവയിത്രിയുമെന്ന നിലയിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. തുടക്കത്തിൽ ലിജിന തന്നെയാണ് സച്ചുവിനെ നൃത്തം അഭ്യസിപ്പിച്ചത്. പിന്നീട് സതീഷിന്റെയും ബിന്ദുവിന്റെയും പ്രോത്സാഹനത്തിൽ നൃത്തവിദ്യാലയങ്ങളിൽ ചേർന്ന് പഠിച്ചു. സതീഷിന്റെ അകാലവിയോഗത്തിനുശേഷം കല്ലെടുത്തും ഇഷ്ടിക ചുമന്നും തൊഴിലുറപ്പിനുപോയും കിട്ടുന്ന വരുമാനംകൊണ്ടാണ് ബിന്ദു മകന്റെ നൃത്തപഠനം തുടർന്നുകൊണ്ടുപോയത്. പലപ്പോഴും ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് സച്ചുവിനെ കലോത്സവവേദികളിലെത്തിച്ചത്. പഠനത്തിലും നൃത്തവേദികളിലും നേടിയെടുത്ത മികവിലൂടെ സച്ചു അമ്മയുടെ വിശ്വാസം കാത്തുസൂക്ഷിച്ചു.
സച്ചുവിന്റെ കുടുംബത്തിന്റെ സ്ഥലവുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എം. രാജഗോപാലൻ എംഎൽഎയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ സച്ചുവിനും അമ്മയ്ക്കും സ്വന്തമായി വീട് നിർമിച്ചുനൽകുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന സച്ചുവിനും അമ്മയ്ക്കും എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
District News
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതരായ വിദ്യാർഥികൾക്കായി എംഎൽഎ കെയർ മലബാർ ഗോൾഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ "ഉയിർപ്പ്’ വിദ്യാഭ്യാസ പദ്ധതി നിശബ്ദ വിപ്ലവമായി മാറിയെന്ന് ടി. സിദ്ദിഖ് എംഎൽഎ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർഥികൾക്ക് ഉയർന്ന വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിലൂടെ ദീർഘകാല വിദ്യാഭ്യാസ പുനരധിവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ ഉയിർപ്പ് പദ്ധതിയിൽ ദുരന്തം നേരിട്ട് ബാധിച്ച വിദ്യാർഥികളാണ് ഉൾപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം 143 വിദ്യാർഥികൾക്കാണ് ലഭ്യമായത്. മൂന്ന് കോടി രൂപയോളമാണ് ഇതിനായി മലബാർ ഗോൾഡ് നീക്കിവച്ചത്.
ട്യൂഷൻഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ്, ഇന്റേണ്‍ഷിപ്പ്, യാത്രാചെലവ് ഉൾപ്പെടെ വിദ്യാർഥിക്ക് കോഴ്സ് പൂർത്തീകരിക്കാനുള്ള പൂർണ സാന്പത്തിക സഹായമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയത്.
അതിൽ ഏറ്റവും അവസാനമായി 2028ൽ പഠനം പൂർത്തിയാക്കുന്ന കുട്ടിക്ക് കാലക്രമമായിട്ടുണ്ടാകുന്ന കോഴ്സ് ഫീസിലും മറ്റുമുണ്ടാകാനിടയുള്ള വർധന മുൻകൂട്ടി കണ്ടുകൊണ്ടാണ് പദ്ധതി ആവിഷ്ക്കരിച്ചത്. 54 വിദ്യാർഥികൾ ഈ പദ്ധതിയിലൂടെ കോഴ്സ് പൂർത്തീകരിച്ചു.
അതിൽ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മുപ്പതോളം വിദ്യാർഥികൾ മുന്നോട്ടുപോകുന്നു. കോഴ്സ് പൂർത്തീകരിച്ച 20 പേരിൽ പത്തുപേർ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നു. രണ്ട് വിദ്യാർഥികൾക്ക് മലബാർ ഗോൾഡിന്റെ സ്ഥാപനത്തിൽ തന്നെ ജോലി ലഭിച്ചിട്ടുണ്ട്.
കൂടാതെ സിനഫോ സൊല്യൂഷൻസ്, ഭാരത് ബെൻസ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലായി മറ്റുള്ളവരും ജോലി ചെയ്തുവരുന്നു.
ബാക്കിയുള്ളവർക്ക് തൊഴിൽ സാധ്യത ഉയർത്തുവാൻ തണൽ ലേണിംഗ് ഡെവലപ്പ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ പങ്കാളിത്തതോടെ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഒരു ഫിനിഷിംഗ് സ്കൂൾ ക്രമീകരിക്കുകയും ഇന്റർവ്യു തയാറെടുപ്പുമായി ബന്ധപ്പെട്ട് ഒരു ബയോഡാറ്റ തയാറാക്കൽ, മോക്ക് ഇന്റർവ്യൂകൾ, കരിയർ വ്യക്തത, വ്യക്തിഗത മെന്ററിംഗ് തുടങ്ങിയ തയാറെടുപ്പുകളും അനുയോജ്യമായ ഇന്റേണ്‍ഷിപ്പുകളും തൊഴിൽ അവസരങ്ങളും നേടാനുള്ള സാധ്യത മെച്ചപ്പെടുത്തുകയും ചെയ്തുവരുന്നതായും എംഎൽഎ പറഞ്ഞു.
ഉരുൾപൊട്ടലിന് ശേഷം ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. പല വിദ്യാർഥികളും മുന്നിൽ വന്ന് കരഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും സർക്കാരിന് മുന്പിൽ ഈ വിഷയം അവതരിപ്പിച്ചെങ്കിലും കാലതാമസം നേരിട്ടാൽ വിദ്യാർഥികളുടെ തുടർപഠനത്തെ ബാധിക്കുമെന്ന് മനസിലാക്കിയതോടെയാണ് ഡാറ്റാ ശേഖരണം ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോയത്.
യെനപൊയ ഡീംഡ് യൂണിവേഴ്സിറ്റി, നിഷിൽ പോലുള്ള സ്ഥാപനങ്ങളും ദുരന്തബാധിതരായ വിദ്യാഭ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് സഹായം നൽകിയിട്ടുണ്ട്. ഈ വിദ്യാഭ്യാസപദ്ധതിക്ക് സഹായിച്ചവരോട് കൃതജ്ഞത രേഖപ്പെടുത്തുകയാണെന്നും എംഎൽഎ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മലബാർ ഗോൾഡ് കൽപ്പറ്റ ബ്രാഞ്ച് മാനേജർ വി.എം. അബൂബക്കർ, സിഎസ്ആർ ഹെഡ് അമീർ അലി, ദിൽബിഷ്, അഡ്വ. പ്രണവ്, അസ്മിയ തുടങ്ങിയവരും പങ്കെടുത്തു.
District News
വൈക്കം: മാതാപിതാക്കൾ മക്കൾക്കു പരമാവധി വിദ്യാഭ്യാസം നൽകാൻ ശ്രദ്ധചെലുത്തണമെന്നും വിദ്യാഭ്യാസത്തിന്റെ പിൻബലത്തിൽ മാത്രമേ മികച്ച ജീവിതവിജയം നേടാൻ കഴിയുകയുള്ളൂവെന്നും ചലച്ചിത്ര താരം ടിനി ടോം.
മൂത്തേടത്തുകാവ് രാജഗിരി അമല സിഎംഐ പബ്ലിക് സ്കൂൾ 38-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി സേക്രഡ് ഹേർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യലും മാനേജരുമായ ഫാ. ബെന്നി നൽക്കര സിഎംഐ അധ്യക്ഷത വഹിച്ചു. കൊച്ചി ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ നന്ദിനി ആർ. നായർ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. സുപ്പീരിയർ ഫാ. സിബിൻ പെരിയപ്പാടൻ സിഎംഐ, അഡ്മിനിസ്ട്രേറ്റർ ഫാ. പീറ്റർ നെടുങ്ങാടൻ സിഎംഐ, പ്രിൻസിപ്പൽ ജൂബി പോൾ, ഹെഡ്മിസ്ട്രസ് മിതാ രാജു, നഴ്സറി ഇൻ ചാർജ് ലിസമ്മ തോമസ്, പിടിഎ ഭാരവാഹികളായ കുര്യാക്കോസ് ദാസ്, പൂർണിമ മണിയൻ നായർ, ജോഹാൻ ആന്റണി വർഗീസ്, ജോഹന മറിയം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Education
ആഗോളതലത്തിൽ വിദ്യാഭ്യാസവും തൊഴിലും മാറ്റങ്ങളുടെ വഴിയിലാണ്. ആഗോളവത്കരണവും സാങ്കേതികവിദ്യകളും ചേർന്ന് അതിവേഗം പുതുക്കിവരച്ചുകൊണ്ടിരിക്കുന്ന പഠന-വ്യവസായ അന്തരീക്ഷം 2026ൽ തുറന്നിട്ടിരിക്കുന്ന മേഖലകൾ പ്രതീക്ഷ നൽകുന്നവയാണ്. ഡിജിറ്റൽ സാങ്കേതികവിദ്യകളോടൊപ്പം സുസ്ഥിര സന്പദ് വ്യവസ്ഥയെന്ന ആശയത്തെയും മുറുകെപിടിച്ചാണ് ലോകം നീങ്ങുന്നത്. ഇത്തരം മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ‘ഫ്യൂച്ചർ റെഡി’ ഉദ്യോഗാർഥികളെയാണ് ലോകരാജ്യങ്ങൾ തേടുന്നതും. പുതുവർഷത്തിൽ തൊഴിലവസരങ്ങൾ ഏറ്റവും കൂടുതലുള്ള മേഖലകൾ ഇവയാണ്.
ഡേറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
2026ൽ നിർമിതബുദ്ധി എന്നത് സാധാരണക്കാർക്ക് അപ്രാപ്യമായ സംഗതിയല്ല, മറിച്ച് ആഗോള സന്പദ് വ്യവസ്ഥയുടെ ഇന്ധനമാണ്. ആരോഗ്യം, ഫിനാൻസ്, മാർക്കറ്റിംഗ്, അർബൻ പ്ലാനിംഗ് എന്നിങ്ങനെ ഡേറ്റ കൈകാര്യം ചെയ്യുന്നവരെ കാത്തിരിക്കുന്ന മേഖലകൾ നിരവധിയാണ്. മികവുറ്റ പ്രഫഷണലുകളുടെ കുറവും തുടക്കത്തിൽതന്നെ ലഭിക്കാവുന്ന ഉയർന്ന ശന്പളവും ഇവിടെ ആകർഷക ഘടകങ്ങളാണ്. യുഎസ്എ, ജർമനി, അയർലൻഡ് എന്നിവയാണ് ടോപ് ഡെസ്റ്റിനേഷനുകൾ എന്ന് പറയാം.
ആരോഗ്യസേവനവും നഴ്സിംഗും
യുഎസ്എ, കാനഡ, യുകെ, ഓസ്ട്രേലിയ, ജർമനി, ന്യൂസിലൻഡ് എന്നിങ്ങനെ വയോജനങ്ങൾ ഏറിവരുന്ന വികസിത രാജ്യങ്ങൾ ഈ മേഖലയ്ക്ക് വലിയ ഡിമാൻഡ് ഉണ്ടാക്കുന്നുണ്ട്. ഇന്ത്യ പോലെ വലിയ ജനസംഖ്യയും ഇംഗ്ലീഷ് പരിജ്ഞാനം കൂടുതലുമുള്ള രാജ്യങ്ങളിൽ നിന്നാണ് ഇത്തരം രാജ്യങ്ങൾ നഴ്സുമാരെ തേടുന്നത്. ജെറിയാട്രിക് കെയർ, മെന്റൽ ഹെൽത്ത്, ഹെൽത്ത് ഇൻഫർമാറ്റിക്സ് തുടങ്ങിയ സ്പെഷലൈസേഷനുകൾ ജോലിസാധ്യത വർധിപ്പിക്കുന്നു.
റിന്യൂവബിൾ എനർജിയും സുസ്ഥിരതയും
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഹരിത സാങ്കേതികവിദ്യകളെ പുണർന്നുകൊണ്ടിരിക്കുകയാണ് ലോകം. ഈ ട്രെൻഡിന് ഉതകുന്ന അക്കാദമിക് പ്രോഗ്രാമുകളും തൊഴിലവസരങ്ങളുമായി ജർമനി, സ്വീഡൻ, യുകെ, യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങൾ മുൻപന്തിയിലുണ്ട്. എഐ അടക്കമുള്ള സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച് മുന്നേറുന്ന മേഖലയ്ക്ക് സാങ്കേതിക പരിജ്ഞാനമുള്ളവരെയാണ് ആവശ്യം. ഗ്രീൻ ഫിനാൻസ്, സസ്റ്റൈനബിൾ ലോജിസ്റ്റിക്സ്, പോളിസി അഡ്വൈസിംഗ് തുടങ്ങിയ മേഖലകളിലും അവസരങ്ങളുണ്ട്.
ഡിസൈൻ, മീഡിയ മേഖല
ഉത്പന്നങ്ങൾ വിൽക്കുക എന്നതിലുപരി അനുഭവങ്ങളും കഥകളും ഡിജിറ്റൽ ഐഡന്റിറ്റികളും സൃഷ്ടിക്കുന്നതിലാണ് 2026ൽ കന്പനികൾക്ക് താത്പര്യം. എല്ലാ ആപ്പിനും വെബ്സൈറ്റിനും ഗെയിമിനും ബ്രാൻഡിനും എഐ പ്രോഡക്റ്റിനും ഡിസൈനർമാരെ വേണം. ഓഡിയോ / വീഡിയോ ഷോർട്ട് കണ്ടന്റുകളുടെ കാലത്ത് വെറും കോഡർമാരെയല്ല, ക്രിയേറ്റീവ് ചിന്താഗതിക്കാരെയാണ് കന്പനികൾക്ക് പ്രിയം. അനിമേഷൻ ആൻഡ് വിഎഫ്എക്സ്, ഗെയിം ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി / വെർച്വൽ റിയാലിറ്റി & ഇമേഴ്സീവ് ഡിസൈൻ തുടങ്ങിയവയെല്ലാം ക്രിയേറ്റീവ് ആയവർക്ക് ഇണങ്ങും.
Education
തിരുവനന്തപുരം: കേരളാ എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന എൻജിനിയറിംഗ്, മെഡിക്കൽ, ബിഫാം പ്രവേശനത്തിനായുള്ള അപേക്ഷാ ഫോം ഫീസ് വലിയ തോതിൽ വർധിപ്പിച്ചതായി പരാതി.
2026 ലെ പ്രവേശന പരീക്ഷയ്ക്കായി എൻജിനിയറിംഗ്, മെഡിക്കൽ, ബിഫാം ഇവ മൂന്നിനും അപേക്ഷിക്കുന്ന ഒരു വിദ്യാർഥിക്ക് 2500 രൂപയാണ് അപേക്ഷാ ഫീസായി മാത്രം നല്‍കേണ്ടി വരുന്നത്.
എൻജിനിയറിംഗ് അപേക്ഷയ്ക്കും ബിഫാം അപേക്ഷയ്ക്കും 925 രൂപ വീതവും മെഡിക്കലും അനുബന്ധ കോഴ്സിനുമുള്ള അപേക്ഷയ്ക്ക് 650 രൂപയുമാണ് ഈടാക്കുന്നത്. എല്ലാ കോഴ്സുകൾക്കുമുള്ള ഫീസ് വെവ്വേറെയാണ് അടയ്ക്കേണ്ടതെന്നാണ് പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ വർഷം രണ്ടു വിഷയങ്ങൾക്ക് ചേർത്ത് ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഈ സൗകര്യമാണ് ഇത്തവണ ഇല്ലാതാക്കിയത്. ഫലത്തിൽ പ്രവേശന അപേക്ഷാ ഫീസ് വലിയതോതിൽ വർധിപ്പിച്ചതിനു തുല്യമായി. ഇത് വിദ്യാർഥികളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന പരാതി ഉയർന്നിട്ടുണ്ട്.
ഇന്നലെ മുതലാണ് ഓണ്‍ലൈനായി കീം എക്സാമിനുള്ള അപേക്ഷ സമർപ്പിക്കാൻ തുടങ്ങിയത് . ഈ മാസം 31 വരെ അപേക്ഷകൾ സമർപ്പിക്കാം. ഓണ്‍ലൈൻ അപേക്ഷയോടൊപ്പം സമർപ്പിർക്കേണ്ട അനുബന്ധ രേഖകൾ ഫെബ്രുവരി ഏഴുവരെ സമർപ്പിക്കാം. ഏപ്രിൽ 13 മുതൽ 25 വരെയാണ് കീം പരീക്ഷ നടക്കുന്നത്. ജൂണ്‍ മാസത്തോടെ എൻജിനിയറിംഗ്, ബി ഫാം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
Kerala
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ നിന്നും സത്യവാംഗ്മൂലവും എഴുതി വാങ്ങുമെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ലേബർ കോഡ് സംബന്ധിച്ച് പഠിക്കാനായി മൂന്നംഗ സമിതിയെ കോൺക്ലേവ് നിയോഗിച്ചു. ചെയർമാനായി സുപ്രീം കോടതി മുൻ ജഡ്ജ് ഗോപാല ഗൗഡ, പ്രഫ. ശ്യം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവരാണ് സമിതി അംഗങ്ങൾ.
രണ്ട് ലേബർ റിസർച്ച് സ്കോളർമാരും സമിതിയിൽ വരും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ലേബർ കോഡുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമിതി പരിശോധിക്കുമെന്നും തൊഴിലാളി നേതാക്കളോടൊപ്പം കേന്ദ്ര തൊഴിൽ മന്ത്രിയെ കാണും ശിവൻകുട്ടി പറഞ്ഞു.
Kerala
കൊച്ചി: മെഡിക്കൽ മേഖലയിലുൾപ്പെടെ ഉന്നത പഠനത്തിനും തൊഴിലിനുമായി ഇന്ത്യയിൽനിന്നുള്ള കുടിയേറ്റത്തിന് ജർമനിയിൽ അനുകൂല സാഹചര്യമെന്ന് ഇന്ത്യയിലെ ജർമൻ കോൺസുലേറ്റ് ജനറൽ അക്കിം ബർകറ്റ്.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനും മികച്ച തൊഴിലവസരങ്ങൾക്കും ജർമനി എക്കാലവും പ്രാധാന്യം നൽകുന്നതായും അദ്ദേഹം ദീപികയോട് പറഞ്ഞു. കൊച്ചിയിൽ ജർമൻ ഭാഷാ പരിശീലന സ്ഥാപനങ്ങളും പരീക്ഷാകേന്ദ്രവും സന്ദർശിക്കാനെത്തിയതായിരുന്നു കോൺസുലേറ്റ് ജനറൽ.
ഇന്ത്യയിൽനിന്നുള്ളവരെ സ്വീകരിക്കാൻ പര്യാപ്തമായ സാംസ്കാരിക, സാമൂഹ്യ അന്തരീക്ഷമാണ് ജർമനിയിൽ നിലവിലുള്ളത്. ഇരു രാജ്യങ്ങളിലെയും സർക്കാർ സംവിധാനങ്ങളും ഇതിനാവശ്യമായ പ്രോത്സാഹനം നൽകുന്നു. ജർമനിയിലേക്കുള്ള കുടിയേറ്റത്തിന് ഭാഷാപഠനം നിർബന്ധമാണ്. ഭാഷാപരിജ്ഞാനത്തിലെ മികവിന്റെ കാര്യത്തിൽ ജർമനി വിട്ടുവീഴ്ചയ്ക്കില്ല.
പരീക്ഷാർഥികളുടെ എണ്ണം കൂടുന്നതുകൊണ്ട് പരീക്ഷകളും മൂല്യനിർണയവും ഉദാരമാക്കുന്നതിന് ഉദ്ദേശിക്കുന്നില്ല. ഭാഷയിലും കോഴ്സിലും മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും തൊഴിൽ തേടുന്നവർക്കും ജർമനി വാതിലുകൾ തുറന്നിട്ടുണ്ടെന്നും അക്കിം ബർകറ്റ് പറഞ്ഞു. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ആദരവോടെ കാണുന്ന ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്കാരം ലോകത്തിനു മാതൃകയാണെന്ന് കോൺസുലേറ്റ് ജനറൽ പറഞ്ഞു.
ജർമൻ കോൺസുലേറ്റുമായി സഹകരിച്ച് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടത്തിയ ‘റിലീജിയസ് ഹാർമണി ആൻഡ് കോ എക്സിസ്റ്റൻസ്, ദ കേരള മോഡൽ’ എന്ന വിഷയത്തിലെ കോൺക്ലേവിൽ ജർമൻ കോൺസുലേറ്റ് ജനറൽ പങ്കെടുത്തു.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വൊക്കേഷനൽ പാഠ്യപദ്ധതിയിൽ മലയാളവും ഉൾപ്പെടുത്തി. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, മറാഠി, ബംഗാളി ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഇതിൽ ഇഷ്ടമുള്ള ഒരു ഭാഷ തെരഞ്ഞെടുക്കാം.
രാജ്യത്തെ വിവിധ മേഖലകളിലെ ഭാഷാപരമായ അന്തരം ഒഴിവാക്കുകയാണു ലക്ഷ്യമെന്നു വാരാണസിയിലെ കാശി തമിഴ് സംഗമത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
National
ന്യൂഡൽഹി: പിഎം ശ്രീയിൽ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. മന്ത്രി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ട്. കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
കരാറിൽ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ കാര്യമാണ്. അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കർണാടക, ഹിമാചൽ സർക്കാരുറുകൾ യഥേഷ്ടം ഫണ്ട് വാങ്ങി. കോൺഗ്രസ് സർക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സർക്കാരുകളുടെ നിലപാടുകളെ ദുർബലമാക്കിയതെന്നും ബ്രിട്ടാസ് പറഞ്ഞു.
എൻഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പിഎം ശ്രീ വിഷയം നിലവിൽ സമിതിയുടെ പരിഗണനയിലാണ്. അതിൽ അഭിപ്രായം പറയാൻ ഇല്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
കേരളത്തിന് ലഭിക്കേണ്ട ഫണ്ട് സംബന്ധിച്ചാണ് നിരവധി തവണ കേന്ദ്രമന്ത്രിയെ കണ്ടത്. കേരളത്തിന് ലഭിക്കേണ്ട കൃത്യമായ വിഭവം ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനായി ബ്രിഡ്ജായാണ് എംപിമാർ പ്രവർത്തിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന.
SUNDAY DEEPIKA
ശ്രീനഗറിലെ കോത്തിബാഗ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഒരു കഥപറയാനുണ്ട്- മലയാളത്തിന്റെ സുഗന്ധമുള്ള ഒരു സ്നേഹഗാഥ...
ഭൂമിയിൽ ഏറ്റവും സുന്ദരമായ സ്ഥലമേത് എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതെങ്കിൽ അതിലൊന്ന് കാഷ്മീർ എന്നാകുമെന്നുറപ്പ്. ഒരുവട്ടമെങ്കിലും കാഷ്മീർ കണ്ടവർ, ആ ചോദ്യത്തിന് ഒറ്റപ്പേരിൽ ആ ഉത്തരമെഴുതും- കാഷ്മീർ.... കാഴ്ചയുടെ വിസ്മയഭൂമിക.
അത്രമേൽ സുന്ദരമെങ്കിലും, കാഷ്മീരിനെക്കുറിച്ച് കാലങ്ങളായി നമ്മൾ കേട്ടതിലേറെയും ആശങ്കകളുടെ വർത്തമാനങ്ങളാകാം. താഴ്വരയിലെ വെടിയൊച്ചകൾക്കും അതിക്രമങ്ങൾക്കും എത്ര ഇടവേള എന്ന അന്വേഷണം സ്വാഭാവികമാകുന്ന കാലം..!
എത്രയോ കാലങ്ങളായി സങ്കടങ്ങളുടെ കണ്ണീർകുടിച്ചു തളർന്ന കാഷ്മീരിന്റെ മണ്ണിൽ, ഒരുനാൾ പ്രത്യാശയുടെ ഒരു വിത്തു പാകി... കേരളത്തിന്റെ കരുതലിൽ പാകപ്പെട്ട വിത്ത്. അതു മുളപൊട്ടി, പൂവിട്ടു... കാഷ്മീരിന്റെ ആകാശങ്ങളിൽ വെടിയൊച്ചകളെ തോൽപിക്കുന്ന സ്നേഹനക്ഷത്രമായി അതു തിളങ്ങി. ഇതു മലയാളത്തിന്റെ സുഗന്ധമുള്ളൊരു കാഷ്മീർ സ്നേഹഗാഥ.
കേരള മോഡൽ ശ്രീനഗറിൽ
പൊതുവിദ്യാഭ്യാസ രംഗത്തു രാജ്യത്തിനു മാതൃകകൾ ഒരുക്കിയ കേരളത്തിന്റെ കൈയൊപ്പോടെ, ജമ്മു കാഷ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ ഒരു സർക്കാർ വിദ്യാലയം. കോത്തിബാഗ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ആ സ്കൂൾ മുറ്റം ഇന്നു മലയാളത്തിന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും കഥകളാൽ വാചാലം.
ശ്രീനഗറിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നാണിത്. 1,700ഓളം വിദ്യാർഥികൾ. ഗ്രാമീണ മേഖലകളിൽ സർക്കാർ വിദ്യാലയങ്ങൾ ആവശ്യത്തിനില്ലാത്തതിനാൽ, സാധാരണക്കാരുടെ മക്കൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന സ്കൂൾ.
വർഷങ്ങളുടെ ചരിത്രമുണ്ടെങ്കിലും അടുത്ത നാളുകൾ വരെ സ്കൂളിന്റെ സ്ഥിതി ശോചനീയമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യയനാന്തരീക്ഷത്തിന്റെയും കാര്യത്തിൽ ഏറെ പിന്നിൽ...!
അവിടേക്കാണ് മലയാളിയായ പ്രവാസി സംരംഭകന്റെ സാരഥ്യത്തിലുള്ള ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ (എഫ്എസ്എഫ്) കരുതലിന്റെ കരങ്ങളുമായെത്തിയത്. കോത്തിബാഗ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇനി ഇല്ലായ്മകളുടെ സങ്കടക്കഥകൾ പറയില്ല. ശ്രീനഗറിലെ തലയെടുപ്പുള്ള സ്വകാര്യ സ്കൂളുകളെ വെല്ലുന്ന സൗകര്യങ്ങളോടെ കുട്ടികൾ ഇവിടെ നിറഞ്ഞ സംതൃപ്തിയോടെ പഠിക്കും.
നടക്കാവിൽനിന്നു കോത്തിബാഗ് വരെ
അത്യാധുനിക സൗകര്യങ്ങളോടെ മികവിലേക്കുയർത്തിയ കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളായിരുന്നു കോത്തിബാഗ് സ്കൂളിന്റെ പുതുമോടിക്കു പ്രചോദനമായത്.
മുൻ എംഎൽഎ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എഫ്എസ്എഫ് നടക്കാവ് സ്കൂളിൽ 16 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിലും കാന്പസ് ലാൻഡ്സ്കേപ്പിംഗിലും പുതുമകളും മികവുകളും സൃഷ്ടിച്ച നടക്കാവ് സ്കൂളിന്റെ മാറ്റം, പൊതുവിദ്യാഭ്യാസമേഖലയിൽ നടക്കാവ് മോഡലായി രാജ്യത്താകെയും ശ്രദ്ധിക്കപ്പെട്ടു.
നടക്കാവ് മോഡലിനെക്കുറിച്ചറിഞ്ഞ ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെയും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.എൻ. ശർമയുടെയും പ്രത്യേക താത്പര്യപ്രകാരമാണ് എഫ്എസ്എഫ് കോത്തിബാഗിലെ സ്കൂളിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. 20 കോടി രൂപയാണ് കോത്തിബാഗ് സ്കൂളിനായി ഫൗണ്ടേഷൻ ആദ്യഘട്ടത്തിൽ ചെലവഴിച്ചത്.
നാളത്തെ നല്ല തലമുറയുടെ രൂപീകരണത്തിൽ അനിവാര്യമായ മികച്ച വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകണമെന്ന ദർശനമാണ് ഫൗണ്ടേഷനെ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിലുള്ള പങ്കാളിത്തത്തിനു പ്രചോദിപ്പിച്ചതെന്നു എഫ്എസ്എഫ് സ്ഥാപകനും കെഇഎഫ് ഹോൾഡിംഗ്സ് ചെയർമാനുമായ ഫൈസൽ കൊട്ടിക്കോളനും പത്നി ഷബാന ഫൈസലും പറഞ്ഞു.
മാറ്റം വിസ്മയം
പൊട്ടിപ്പൊളിഞ്ഞ ഭിത്തികൾ, ഇരിക്കാൻ ബെഞ്ചുകളില്ല, പെണ്‍കുട്ടികൾക്കുപോലും ശുചിമുറി സൗകര്യങ്ങളില്ല.. അതായിരുന്നു സ്കൂളിന്റെ അവസ്ഥ.
നടക്കാവ് സ്കൂളിൽ എഫ്എസ്എഫ് നടപ്പാക്കിയ പ്രമോട്ടിംഗ് റീജണൽ സ്കൂൾസ് ടു ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് ത്രൂ മൾട്ടിപ്പിൾ ഇന്റർവെൻഷൻ (പ്രിസം) പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു കോത്തിബാഗ് സ്കൂളിന്റെ നവീകരണം.
അഞ്ചു ക്ലാസ് മുറികൾ മാത്രമുണ്ടായിരുന്ന മിഡിൽ സ്കൂളിന്റെ പുത്തൻ കെട്ടിടത്തിൽ ഇന്ന് 19 സ്മാർട്ട് ക്ലാസ് മുറികൾ; എല്ലാം ശീതീകരിച്ചത്. ശാസ്ത്ര പാഠങ്ങളുടെ പ്രായോഗിക പരിശീലനത്തിന് ഒന്നുമില്ലാതിരുന്ന സ്കൂളിൽ ഇന്നു റോബോട്ടിക് സ്റ്റെം ലാബുകൾ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ. ഉച്ചഭക്ഷണം കഴിക്കാൻ മനോഹരമായ ഡൈനിംഗ് ഹാൾ, മികച്ച നിലവാരമുള്ള ശുചിമുറികൾ. ടർഫ് ഉൾപ്പെടെ മികച്ച കളിസ്ഥലം. വൈകാതെ ഇൻഡോർ സ്റ്റേഡിയവും ഒരുങ്ങും.
ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ നിർമിച്ചു നൽകിയ പുതിയ സ്കൂൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഉദ്ഘാടനം ചെയ്തത്. മലയാളിയായ പ്രവാസി വ്യവസായി കാഷ്മീരിൽ ഒരു സർക്കാർ വിദ്യാലയത്തിന്റെ നിലവാരമുയർത്താൻ നടത്തിയ ശ്രമങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്കാരങ്ങൾ സംഗമിച്ചപ്പോൾ
കോത്തിബാഗ് സ്കൂളിലെ അധ്യാപക, വിദ്യാർഥി പ്രതിനിധികളായ 13 പേർ നേരത്തേ നടക്കാവ് സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. നിർമാണം പൂർത്തീകരിച്ച കോത്തിബാഗ് മിഡിൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നടക്കാവ് സ്കൂളിലെ അധ്യാപകരും ഏതാനും വിദ്യാർഥികളും അവിടെയെത്തി. രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള സമന്വയമായി ഈ ഒത്തുചേരലുകൾ മാറിയെന്നു കോത്തിബാഗ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മൻഷ ഖാലിദ് പറയുന്നു.
വലിയ സ്നേഹമുള്ളവരാണു കേരളത്തിൽ കണ്ടുമുട്ടിയ വിദ്യാർഥികൾ. തങ്ങൾക്കു ലഭിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ മറ്റു സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികൾക്കും ലഭിക്കണമെന്ന അവരുടെ നല്ല മനസ് എത്രയോ മഹത്തരമാണ്. കേരളത്തോടു വലിയ നന്ദി- കേരളത്തിലെത്തിയ കാഷ്മീരി അധ്യാപിക മറിയം അക്ബറുടെ വാക്കുകൾ.
എന്തുകൊണ്ട് കാഷ്മീർ?
കോത്തിബാഗിലെ സർക്കാർ വിദ്യാലയത്തിന്റെ മുഖഛായ മാറ്റാനുള്ള സേവനദൗത്യം എന്തുകൊണ്ടെന്ന ചോദ്യത്തിന് ഫൈസൽ കൊട്ടിക്കോളന് ഒരേയൊരു ഉത്തരമേയുള്ളൂ... അറിവ് അതിർത്തികളെ ഇല്ലാതാക്കും. നമ്മുടെ രാജ്യത്തെ എല്ലാവർക്കും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ലഭിക്കണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ സാധാരണക്കാർക്കും കിട്ടണം. അതിനുള്ള എളിയ ശ്രമം മാത്രമാണ് ശ്രീനഗറിൽ നടപ്പാക്കിയത്.
കേരളത്തിലാണു തുടങ്ങിയത്. നടക്കാവിനു പുറമേ, കേരളത്തിലെ വിവിധ വിദ്യാലയങ്ങളെ മികവിലേക്കുയർത്താനുള്ള പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്. കാഷ്മീരിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പദ്ധതികൾ നടപ്പാക്കണമെന്നാണ് ആഗ്രഹം. - ഫൈസൽ കൊട്ടിക്കോളൻ വ്യക്തമാക്കി.
യുഎഇ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റർ ചെയർമാനാണ് ഫൈസൽ. ജീവകാരുണ്യ പ്രസ്ഥാനമായ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ ആസ്ഥാനം ദുബായിലാണ്.
ചിരിതൂകി ചിനാർ
കോത്തിബാഗ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ ചിനാർ മരങ്ങൾക്കു മുന്‍പെങ്ങും കാണാത്ത നിറപ്പകിട്ട്. മഞ്ഞുവീഴും മുന്‍പേ, അവ ആഹ്ലാദത്തോടെ പലവർണങ്ങളിൽ ഇലകൾ പൊഴിക്കുന്നുണ്ട്. ചിരിതൂകുന്ന ചിനാർ മരത്തണലിൽ വട്ടമിട്ടിരുന്ന് കാഷ്മീരി ബാല്യം നിറപ്പകിട്ടാർന്ന നാളെകളെ സ്വപ്നം കാണുകയാണ്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എസ്എസ്കെ ഫണ്ട് ഇനി കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്ക് ഇല്ലെന്ന് വി. ശിവൻകുട്ടി.
ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ. ബിനോയ് വിശ്വത്തിന്റെ പരാമർശം വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണ്. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഎമ്മിന് ഇല്ല. ആർഎസ്എസിനെ പ്രതിരോധിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളൂവെന്ന് ചിലർ വരുത്തിത്തീർക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ആയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: പിഎം ശ്രീ സംബന്ധിച്ച് കേരള സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രവിദ്യാഭ്യാസമന്ത്രിയെ അറിയിച്ചതായി മന്ത്രി വി. ശിവൻകുട്ടി. രേഖാ മൂലമല്ല അറിയിച്ചത്. പിഎം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്. പിഎം ശ്രീയിലെ സർക്കാർ നിലപാട് അറിയിച്ചശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്രമന്ത്രി മറുപടി നൽകിയിട്ടില്ല. സബ് കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷമേ കത്ത് നൽകൂ എന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം ആർഎസ്എസ് ഗണഗീത വിവാദത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകിയതായും ശിവൻകുട്ടി പറഞ്ഞു. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാർത്ഥികൾ ട്രെയിനിനുള്ളിൽ ഗണഗീതം പാടിയതും അതിന്റെ വീഡിയോ ദക്ഷിണ മേഖല റെയിൽവേയുടെ ഔദ്യോഗിക പേജിൽ പങ്കുച്ചതും അത്യന്തം ഗൗരവമേറിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ മതേതരത്വങ്ങളുടെ ലംഘനമാണിത്. സംഭവത്തിൽ അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
District News
കോതമംഗലം: രാജ്യത്തിന്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സാരിക്കുകയായിരുന്നു ബിഷപ്. കുടുംബത്തിൽ നല്ല വിദ്യാഭ്യാസമുള്ള മക്കൾ ഉണ്ടെങ്കിൽ ആ കുടുംബം സാമൂഹികമായും സാമ്പത്തികമായും ഉയർച്ച പ്രാപിക്കും. അതുവഴി നാടും വികസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഫഷണൽ കോഴ്സ് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പലിശ രഹിത വായ്പയായി വിദ്യാഭ്യാസസഹായം നൽകുന്ന പദ്ധതിയാണ് ജീവ എഡ്യുക്കേഷൻ പദ്ധതി. അഭ്യുദയകാംക്ഷികളിൽനിന്നും ഫണ്ട് സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യഗഡു അഞ്ചുലക്ഷം രൂപ ബിജു സോമി പിട്ടാപ്പിള്ളിക്ക് ബിഷപ് കൈമാറി. രൂപതയിലെ സ്വയം സഹായ സംഘങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മക്കൾക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക.
വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പൗലോസ് നെടുംതടത്തിൽ, ക്രെഡിറ്റ് യൂണിയൻ രൂപത പ്രസിഡന്റ് പ്രഫ. ജോസ് കാരികുന്നേൽ, പ്രോഗ്രാം കോ-ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.
District News
കൊച്ചി: സിഎംഐ സഭയുടെ കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രോവിന്സിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാഭ്യാസ കണ്വന്ഷന് കാക്കനാട് രാജഗിരി എന്‍ജിനീയറിംഗ് കോളജില്‍ എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍ഷ്യാള്‍ ഫാ. ബെന്നി നല്ക്കര അധ്യക്ഷത വഹിച്ചു. പ്രഫ സി.എം. ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി.
സിഎംഐ സഭയുടെ ജനറല്‍ കൗണ്‍സിലര്‍ ഫാ. മാര്ട്ടിന് മള്ളത്ത്, പ്രോവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. അജീഷ് പുതുശേരി, റവ. ഡോ. ഷിന്റോ തളിയന്‍ എന്നിവര്‍ പ്രസംഗിച്ചു. സേക്രഡ് ഹാര്‍ട്ട് പ്രോവിന്സിന്റെ നേതൃത്വത്തിലുള്ള 26 സ്ഥാപനങ്ങളില്‍ നിന്നായി 2500 പ്രതിനിധികള്‍ പങ്കെടുത്തു.
District News
അടൂർ: ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് മിനി ദിശയിൽ സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാർസ് സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ഏറെ ശ്രദ്ധേയമായി.മൊബൈൽ ഫോൺ റിപ്പയർ മുതൽ സിസിടിവി ഇൻസ്റ്റലേഷൻവരെ തൊഴിൽ രംഗത്ത് ഏറ്റവും സാധ്യതയുള്ള ന്യൂ ജനറേഷൻ കോഴ്സുകളുമായി ആരംഭിച്ച സ്കിൽ ഡെവലപ്മെന്റ് സെന്ററുകളുടെ സ്റ്റാളിൽ രാവിലെ മുതൽ കുട്ടികളുടെ വൻ തിരക്കായിരുന്നു.
പത്തനംതിട്ടആറന്മുള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൈലറ്റ് എസ്ഡിസിയിലെ കുട്ടികളുടെ ലൈവ് ഡ്രോൺ ഷോ, ഇലന്തൂർ ഗവ. വിഎച്ച്എസ്എസ് സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ കുട്ടികളുടെ റോബോട്ടിക് പ്രൊജക്ടുകൾ, കലഞ്ഞൂർ സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ മൊബൈൽ ഫോൺ റിപ്പയർ ടെക്നീഷൻ കോഴ്സിലെ കുട്ടികളുടെ മൊബൈൽ ഫോൺ റിപ്പയറിംഗ് എന്നിവ സ്റ്റാളുകളിൽ ശ്രദ്ധേയങ്ങളായി.
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികളെക്കൂടി മുന്നിൽകണ്ട് 21.5 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച എസ്ഡിസികളിൽ തൊഴിൽ നൈപുണ്യം ആർജിക്കാനായി അത്യാധുനിക ലാബുകൾ പ്രവർത്തിച്ചുവരുന്നു.
തൊഴിൽ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് അന്താരാഷ്ട്ര അംഗീകാരമുള്ള നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. തങ്ങൾ നേടിയ അറിവുകൾ പൊതുജനമധ്യത്തിൽ അവതരിപ്പിക്കാനുള്ള അവസരമാണ് അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന മിനിദിശ കരിയർ ഗൈഡൻസ് മേളയിലൂടെ കുട്ടികൾക്കു ലഭിച്ചത്.
District News
ഇലന്തൂർ: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനമുറി പൂര്‍ത്തീകരണ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ആര്. അനീഷ സ്വാഗതം ആശംസിച്ചു. ഇലന്തൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് സാം പി. തോമസ് അധ്യക്ഷത വഹിച്ചു.
District News
കോഴിക്കോട്: പട്ടികജാതി-പട്ടിക വർഗ വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് വലിയ പ്രോത്സാഹനമാണ് സർക്കാർ നൽകുന്നതെന്ന് പട്ടിക ജാതി പട്ടിക വർഗ വികസന പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
ഇതിലൂടെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് അവരെ കൈപ്പിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും ആയഞ്ചേരി പഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
ഓരോ കുട്ടിക്കും 25 ലക്ഷം വീതം 1104 കുട്ടികൾക്ക് വിദേശത്ത് പഠിക്കാനുള്ള സഹായം, പാലക്കാട് എസ്സി മെഡിക്കൽ കോളജിൽ 72 കുട്ടികൾക്ക് വൈദ്യ പഠനത്തിന് അവസരം, സിവിൽ സർവീസസ്, എൽഎൽബി എന്നിങ്ങനെ നിരവധി കോഴ്സുകൾ പഠിക്കാൻ സംവിധാനം തുടങ്ങി പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സർക്കാർ എല്ലാവിധ സഹായവും പ്രോത്സാഹനവുമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്സി, എസ്ടി വിഭാഗത്തിന്റെ പശ്ചാത്തല വികസനങ്ങൾക്ക് പുറമെ വീടിനായി ഒരു തുണ്ട് ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതി പ്രകാരം 3000 ൽ അധികം കുടുംബത്തിന് ഭൂമി വാങ്ങിച്ച് നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കാലത്തിനൊപ്പം സഞ്ചരിക്കാനും മുന്നേറാനും എസ്സി-എസ്ടി വിഭാഗക്കാർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ്, വൈസ് പ്രസിഡന്റ് പി.കെ. ആയിശ, തോടന്നൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വള്ളിൽ ശാന്ത, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.വി. കുഞ്ഞിരാമൻ, പി.എം. ലതിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. വിശ്വനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.
വീട് അറ്റക്കുറ്റപ്പണി, കിണർ നിർമാണം, റോഡ് നിർമാണം, വീട് വൈദ്യുതീകരണം തുടങ്ങി ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് വാളാഞ്ഞി-കുളങ്ങരത്ത് നഗറിൽ നടപ്പിലാക്കുക. സിൽക്കിനാണ് പ്രവൃത്തിയുടെ ചുമതല. ആറു മാസമാണ് പദ്ധതി നിർവ്വഹണ കാലാവധി.
Leader Page
2009ലെ ദേശീയ വിദ്യാഭ്യാസ നിയമം നിലവിൽ വരുന്നതിനു മുൻപുതന്നെ ജോലിയിൽ പ്രവേശിച്ചവരുൾപ്പെടെ എല്ലാ അധ്യാപകർക്കും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയം നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ചെറുതല്ലാത്ത ആശങ്കകൾക്കാണു വഴിവച്ചിട്ടുള്ളത്.
തൊഴിലുകൾക്കു പുതിയ യോഗ്യതകൾ നിഷ്കർഷിക്കുമ്പോൾ അതു പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കു മാത്രമാണു സാധാരണ ബാധകമാകുക. എന്നാൽ, സെപ്റ്റംബർ ഒന്നിലെ ഉത്തരവിലൂടെ നിലവിൽ ജോലിയിലുള്ള എല്ലാവർക്കും സർവീസിൽ തുടരണമെങ്കിൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിലെ വിജയം നിർബന്ധമാക്കിയിരിക്കുകയാണു പരമോന്നത കോടതി. എല്ലാ അധ്യാപകരും ഉത്തരവ് തീയതി മുതൽ രണ്ടു വർഷത്തിനുള്ളിൽ ടെസ്റ്റ് വിജയിച്ചിരിക്കണമെന്നാണു നിർദേശം. അമ്പതു വയസിനു മുകളിലുള്ള അധ്യാപകർക്കു സ്ഥാനക്കയറ്റം ആവശ്യമെങ്കിൽ മാത്രം പ്രസ്തുത ടെസ്റ്റ് വിജയിച്ചാൽ മതിയെന്ന ഇളവാണ് കോടതി നൽകിയിട്ടുള്ളത്. കൂടാതെ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള തീരുമാനം വിശാല ബെഞ്ചിലേക്കു റഫർ ചെയ്യുകയും ചെയ്തു.
വിദ്യാഭ്യാസ അവകാശ നിയമവും അധ്യാപക യോഗ്യതയും
സ്കൂൾ അധ്യാപകരുടെ മിനിമം യോഗ്യതകൾ പുതുക്കി നിശ്ചയിച്ചുകൊണ്ട് 2010ൽ വിജ്ഞാപനമുണ്ടായി. പ്രൈമറി സ്കൂളിൽ വിദ്യാഭ്യാസത്തിലുള്ള ഡിപ്ലോമയും സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസത്തിലുള്ള ബാച്ചിലർ ബിരുദവും അധ്യാപകരുടെ മിനിമം യോഗ്യതയായി നിലനിർത്തിയെങ്കിലും രണ്ടു സുപ്രധാന മാറ്റങ്ങൾ പുതിയ വിജ്ഞാപനം കൊണ്ടുവന്നു. ഒന്നാമത്തേത്, ഈ ഡിപ്ലോമയും ബിരുദവും എൻസിടിഇ അംഗീകരിച്ചവയായിരിക്കണമെന്ന വ്യവസ്ഥ. രണ്ടാമത്തേത്, എൻസിടിഇയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് സർക്കാർ നടത്തുന്ന ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയിച്ചിരിക്കണമെന്ന വ്യവസ്ഥ. പുതുക്കിയ യോഗ്യതകൾക്കു വിജ്ഞാപന തീയതി മുതലുള്ള പ്രാബല്യമാണ് എൻസിടിഇ നൽകിയത്. പ്രസ്തുത തീയതിക്കു മുന്‍പ് ജോലിയിൽ പ്രവേശിച്ചവർക്കു പുതിയ യോഗ്യത നേടുന്നതിൽനിന്ന് ഇളവ് നൽകുകയും ചെയ്തു.
2017ൽ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യുകയും 2015 മാർച്ച് 31നു ശേഷം സർവീസിലുള്ള അധ്യാപകർ നാലു വർഷത്തിനുള്ളിൽ പുതിയ യോഗ്യത നേടിയിരിക്കണമെന്നു നിഷ്കർഷിക്കുകയും ചെയ്തു. പ്രസ്തുത ഭേദഗതി ബില്ലിനെ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചകൾ പരിശോധിക്കുമ്പോൾ ബിഎൽഎഡും ഡിഎൽഎഡും ഉൾപ്പെടെയുള്ള പ്രഫഷണൽ പരിശീലനം ലഭിക്കാത്ത അധ്യാപകരെ സംബന്ധിച്ചാണ് സർക്കാരും ജനപ്രതിനിധികളും ചർച്ചകൾ കേന്ദ്രീകരിച്ചിട്ടുള്ളത് എന്നു മനസിലാക്കാൻ കഴിയും. പ്രസ്തുത നിയമനിർമാണത്തിന്റെ അന്തസത്ത പരിശോധിക്കുമ്പോൾ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കാത്തതിന്റെ പേരിൽ അധ്യാപകരെ നീക്കം ചെയ്യണമെന്നു പറയുന്നതിലെ അപാകത വ്യക്തമാണ്.
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്)
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് നടത്തുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ 2011 ഫെബ്രുവരിയിലാണ് എൻസിടിഇ പുറത്തിറക്കിയത്. അതിൻപ്രകാരം, ടെസ്റ്റിന്റെ യുക്തി താഴെപ്പറയുന്നവയായിരുന്നു.
●ഇത് നിയമന പ്രക്രിയയിൽ ദേശീയ നിലവാരവും അധ്യാപക ഗുണനിലവാരത്തിന്റെ അടിസ്ഥാന മാനദണ്ഡവും കൊണ്ടുവരും.
●അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഈ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയും അവരുടെ പ്രകടന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ ഇതു പ്രോത്സാഹിപ്പിക്കും.
●അധ്യാപകരുടെ ഗുണനിലവാരത്തിന് ഗവൺമെന്റ് പ്രത്യേക ഊന്നൽ നൽകുന്നുവെന്ന സന്ദേശം പൊതുസമൂഹത്തിനു നൽകും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു വേണ്ടി സിബിഎസ്ഇയും അതത് സംസ്ഥാനങ്ങൾക്കുവേണ്ടി സംസ്ഥാന ഭരണകൂടങ്ങൾ നിശ്ചയിക്കുന്ന സ്ഥാപനങ്ങളുമാണ് ടെറ്റ് പരീക്ഷകൾ നടത്തുന്നത്. ഇത്തരത്തിൽ, കേരളത്തിന്റെ കെ-ടെറ്റ് നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് പരീക്ഷാ ഭവനാണ്. നടപ്പാക്കിയിട്ട് ഒന്നര പതിറ്റാണ്ട് എത്തുമ്പോൾ, മേൽവിവരിച്ചിട്ടുള്ള യുക്തികൾ സാധൂകരിക്കുന്നതിൽ ടെറ്റ് പരീക്ഷകൾ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്ന് പരിശോധിക്കുന്നത് ഉചിതമാണ്.
ഒന്നാമത്, നിയമന പ്രക്രിയയിൽ ദേശീയനിലവാരവും അധ്യാപക ഗുണനിലവാരത്തിന്റെ അടിസ്ഥാന മാനദണ്ഡവുമായി ടെറ്റ് മാറുമെന്ന് എൻസിടിഇ പ്രതീക്ഷിക്കുന്നു. എന്നാൽ, നാളിതുവരെ നടന്ന പരീക്ഷകളുടെ ചോദ്യങ്ങൾ പരിശോധിക്കുമ്പോൾ, അധ്യാപകരുടെ ഗുണനിലവാരം നിർണയിക്കുന്നതിൽ ടെറ്റ് എത്രകണ്ട് ഫലപ്രദമാണെന്നു സംശയിക്കേണ്ടതായിവരും. ശാരീരികവും മാനസികവുമായ ധാരാളം ശേഷികളെ ഒരേസമയം സമഞ്ജസമായി സമ്മേളിപ്പിച്ചു നിർവഹിക്കേണ്ട അദ്വിതീയമായ ഒരു കല തന്നെയാണ് അധ്യാപനമെന്നിരിക്കേ, കേവലം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിലൂടെ അതിനുള്ള യോഗ്യത അളക്കാമെന്നു കരുതുന്നതു ബുദ്ധിമോശമാണ്. സി-ടെറ്റിനാണെങ്കിലും സംസ്ഥാനങ്ങളുടെ പ്രാദേശിക ടെറ്റുകൾക്കാണെങ്കിലും ചോദ്യങ്ങളിലേറെയും വൈജ്ഞാനികതലങ്ങളുടെ താഴ്ന്ന ശ്രേണിയിൽ മാത്രം ഉൾപ്പെടുന്നവയാണെന്നു കാണാം. കേവലം ഓർമശക്തികൊണ്ടു മാത്രം ഉത്തരമെഴുതാവുന്നവ. അധ്യാപകന് ആവശ്യമായ മറ്റെല്ലാ ശേഷികളെയും വിസ്മരിച്ച് ഓർമശക്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരീക്ഷ അധ്യാപക ഗുണനിലവാരത്തിന്റെ അടിസ്ഥാന മാനദണ്ഡമാകുന്നത് ആശാസ്യമല്ല.
എൻസിടിഇ തന്നെ കർക്കശമായ മാനദണ്ഡങ്ങൾ പാലിച്ച് അംഗീകാരം നൽകിയിട്ടുള്ള അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖാന്തരം ഡിപ്ലോമയും ബിരുദവും നേടിയിട്ടുള്ള ഉദ്യോഗാർഥികളാണ് ഈ പരീക്ഷയ്ക്കു വിധേയരാകുന്നത്. വ്യത്യസ്തങ്ങളായ മൂല്യനിർണയ പ്രക്രിയകളിലൂടെ സഞ്ചരിച്ച് അവർ നേടുന്ന ബിരുദത്തിനുമപ്പുറം, ഇത്തരത്തിൽ നടത്തുന്ന ഒരു പരീക്ഷയാണ് അധ്യാപക യോഗ്യതയുടെ അടിസ്ഥാന മാനദണ്ഡമെന്ന് ഈ സ്ഥാപനങ്ങളിലെ പഠിതാക്കൾ ധരിച്ചാൽ, അവർ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് അവരുടെ ഓർമശക്തി മാത്രമായിരിക്കുമെന്നതു തീർച്ചയാണ്. അപ്പോൾ, അധ്യാപകരുടെ പ്രകടന നിലവാരം മെച്ചപ്പെടുത്താൻ ടെറ്റ് സഹായകരമാകുമെന്ന രണ്ടാമത്തെ യുക്തിയും അസ്ഥാനത്താണെന്നു പറയേണ്ടതുണ്ട്. അധ്യാപക ഗുണനിലവാരത്തോട് പ്രതിബദ്ധതയുണ്ടെങ്കിൽ എൻസിടിഇ ചെയ്യേണ്ടത്, അവർ അംഗീകാരം നൽകുന്ന അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ കാലാനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കപ്പെടുന്നുവെന്നും ശരിയായ രീതിയിൽ ബോധനവും മൂല്യനിർണയവും നടക്കുന്നുവെന്നും ഉറപ്പു വരുത്തുകയാണ്.
സി-ടെറ്റിന്റെ ഒരു പരീക്ഷ മാത്രം എഴുതുന്നതിന് ആയിരം രൂപയും രണ്ടു പരീക്ഷകളും എഴുതുന്നതിന് 1,200 രൂപയുമാണ് ഫീസ്. കെ-ടെറ്റിന് ഇത് ഓരോ പരീക്ഷയ്ക്കും അഞ്ഞൂറു രൂപയുമാണ്. ഇപ്രകാരം, ഉദ്യോഗാർഥികളിൽനിന്ന് സാമാന്യം വലിയ തുക ഫീസ് ആയി ഈടാക്കി പരീക്ഷ നടത്തുന്നത്, അധ്യാപകരുടെ ഗുണനിലവാരത്തിന് ഗവൺമെന്റ് പ്രത്യേക ഊന്നൽ നൽകുന്നുവെന്ന മൂന്നാമത്തെ യുക്തിയെയും അപ്രസക്തമാക്കുന്നു. അത്തരമൊരു യുക്തി നിലനിൽക്കണമെങ്കിൽ, മെച്ചപ്പെട്ട പരീക്ഷ സൗജന്യമായി നടത്തി ഗുണനിലവാരമുള്ള അധ്യാപകരെ സമൂഹത്തിനു സമ്മാനിക്കാൻ സർക്കാർ തയാറാകണം. ഓരോ ആറു മാസം കൂടുമ്പോഴും വരുമാനമുറപ്പിക്കാവുന്ന ഒരു മാർഗമായി സർക്കാരുകൾ ടെറ്റിനെ കാണുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെത്തന്നെ അപായപ്പെടുത്തുന്നു.
നീതിനിഷേധമാകരുത്
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വരവിനു മുൻപുതന്നെ സർവീസിൽ വന്നവരടക്കം എല്ലാ അധ്യാപകരും രണ്ടു വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടിയിരിക്കണമെന്നും അല്ലാത്തപക്ഷം പുറത്തുപോകണമെന്നുമുള്ള വിധി, ഈ അധ്യാപകർ വർഷങ്ങൾകൊണ്ടു നേടിയ അനുഭവജ്ഞാനത്തെ പാടേ തമസ്കരിക്കുന്നതാണ്. ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർ വിദ്യാഭ്യാസം നൽകിയ വിദ്യാർഥികൾ ജീവിതത്തിൽ തിളങ്ങിയിട്ടില്ലെന്നു പറയാനാകില്ലെന്നു വിധിയിൽ കൂട്ടിച്ചേർക്കുന്നുണ്ടെങ്കിലും, നിയമത്തിന്റെ പ്രവർത്തനം ഒരിക്കലും തിന്മയായി കാണാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ്, ഈ അധ്യാപകർക്കു പുറത്തേക്കുള്ള വഴി കോടതി തുറന്നിരിക്കുന്നത്.
വർഷങ്ങളുടെയോ ചിലപ്പോൾ പതിറ്റാണ്ടുകളുടെതന്നെയോ പരിചയംകൊണ്ടു നൈപുണ്യവും സാമർഥ്യവും സിദ്ധിച്ച അധ്യാപകരുടെ ജീവിതമാർഗം, മുൻപു പറഞ്ഞതുപോലെ യുക്തികളൊന്നും സാധൂകരിക്കാനില്ലാത്ത ഒരു പരീക്ഷയുടെ പേരിൽ, തുലാസിലാക്കുന്നത് ന്യായീകരിക്കാനാവില്ല. “നിയമം മനുഷ്യന് വേണ്ടിയാണ്; മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല” എന്ന വാക്കുകൾ ലാഹോർ കോടതിയിൽ ഭഗത് സിംഗ് ഉച്ചരിച്ചിട്ട് ഒരു നൂറ്റാണ്ടു തികയാറാകുന്ന ഈ വേളയിലെങ്കിലും നിയമത്തിന്റെ ഭാഷ കുറച്ചുകൂടി മനുഷ്യത്വമുള്ളതായി മാറേണ്ടിയിരിക്കുന്നു.
കാലം മാറ്റിയ അധ്യാപക ദൗത്യം
സമീപകാല സാമൂഹ്യ, സാംസ്കാരിക, സാങ്കേതികവിദ്യാ പരിണാമങ്ങൾ അധ്യാപകരുടെ പങ്ക് വൻതോതിൽ വൈവിധ്യവത്കരിച്ചിട്ടുണ്ട്. കേവലം അറിവു കൈമാറുന്നവർ എന്ന നിലയിൽനിന്ന് ഉപദേഷ്ടാക്കൾ, മാർഗനിർദേശകർ, സഹായികൾ എന്നീ നിലകളിലേക്കുകൂടി അധ്യാപകർ ഉയർത്തപ്പെട്ടു. വിമർശനാത്മക ചിന്ത, സഹാനുഭൂതി, പ്രതിരോധശേഷി, സാമൂഹിക ഉത്തരവാദിത്വം എന്നിവ വികസിപ്പിക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുക എന്നതുകൂടി അധ്യാപകരുടെ കടമയാണ്.
ഡിജിറ്റൽ പൗരത്വം, പരിസ്ഥിതി ആശങ്കകൾ, ലിംഗസമത്വം, മാനസികാരോഗ്യ വെല്ലുവിളികൾ മുതലായ സങ്കീർണമായ സാമൂഹ്യ യാഥാർഥ്യങ്ങളിലൂടെ പഠിതാക്കളെ നയിക്കുന്നതിൽ അധ്യാപകർ ഇന്നു നിർണായക പങ്കുവഹിക്കുന്നു. മികച്ച സംവേദനക്ഷമതയും സംഭാഷണ ചാതുരിയും സഹകരണ മനോഭാവവും അധ്യാപകർക്ക് അനുപേക്ഷണീയമായ ഗുണങ്ങളായി ഗണിക്കപ്പെടുന്നു. വിദ്യാർഥികളുടെ സ്വഭാവം, ധാർമിക തെരഞ്ഞെടുപ്പുകൾ, പൗരബോധം എന്നിവ രൂപപ്പെടുത്തുന്നതിലേക്കും അധ്യാപകരുടെ ദൗത്യം ഇന്നു വ്യാപിച്ചിട്ടുണ്ട്.
കാലം തീർത്ത ഈ പരിവർത്തനം അധ്യാപകരുടെ പങ്കു കുറയ്ക്കുകയല്ല, മറിച്ച് അതിന്റെ ആഴവും പരപ്പും പതിന്മടങ്ങ് വർധിപ്പിക്കുകയാണുണ്ടായത്. വ്യത്യസ്തങ്ങളായ വൈദഗ്ധ്യങ്ങൾ ഒരേസമയം ആവശ്യമുള്ള ഒരു കർമമണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പും തീർച്ചയായും ഈ ശേഷികളെ പരിശോധിക്കാൻ പ്രാപ്തമായിരിക്കണം. ഈ സാഹചര്യത്തിലാണ് ടെറ്റിന്റെ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയുടെ യുക്തി ചോദ്യം ചെയ്യപ്പെടുന്നത്.
ഉദ്ദേശ്യം പ്രശംസനീയമാണെങ്കിലും, നല്ല അധ്യാപകരെ ഈ ഫിൽറ്ററിംഗ് പ്രക്രിയയിൽ നഷ്ടപ്പെടുത്തുന്നുവെന്നതാണ് നിലവിലെ ടെറ്റിന്റെ ഫലം. അതിന്റെ ആത്യന്തിക നഷ്ടം വിദ്യാർഥികൾക്കും. അമേരിക്കൻ വിദ്യാഭ്യാസ വിചക്ഷണനും "ബബിൾ ടെസ്റ്റിനുമപ്പുറം' എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവുമായ ലിൻഡ ഡാർലിംഗ് ഹാമൻഡ് അഭിപ്രായപ്പെട്ടതുപോലെ എല്ലായ്പ്പോഴും “നാല് ചോയ്സുകളോടെയല്ലല്ലോ ജീവിതം വരുന്നത്.”
(പാലാ സെന്റ് തോമസ് കോളജ് (ഓട്ടോണമസ്) ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)
Leader Page
ഒരിക്കൽ നെൽസൺ മണ്ടേല പറയുകയുണ്ടായി "ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാഭ്യാസമാണ്'. അദ്ദേഹത്തിന്റെ വാക്കുകൾ അടിവരയിട്ടുകൊണ്ട് നമുക്ക് പറയാൻ സാധിക്കും വിദ്യാഭാസത്തിന്റെ ശക്തി ക്രിയാത്മകവും ചാലനാത്മകവുമായ മൂല്യബോധമുള്ള ഒരു ലോകത്തെ സൃഷ്ടിക്കാൻ പര്യാപ്തമാണെന്ന്. കുട്ടികളുടെ വിദ്യാഭ്യാസം എവിടെനിന്ന് തുടങ്ങണം, ആരു തുടങ്ങണം എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്.
ആത്യന്തികമായി ഒരു കുട്ടിയെ വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുക എന്നുള്ള കർത്തവ്യം ഓരോ സമൂഹത്തിലും നിക്ഷിപ്തമായിരിക്കുന്നു. കുട്ടികളുടെ അറിവിന്റെ തുടക്കം സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ നിന്ന്, അതായതു മാതാപിതാക്കളിൽനിന്ന് തുടങ്ങണമെന്നർഥം. വിദ്യാഭ്യാസത്തിലൂടെ മക്കളുടെ ഭാവി നിർണയിക്കുന്നതിന് രക്ഷിതാക്കൾക്കുള്ള പങ്ക് നിർണായകമാണ്.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കാം
കേൾക്കുമ്പോൾ ലളിതമെന്നു തോന്നാമെങ്കിലും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ചില മാതാപിതാക്കളെങ്കിലും ചിന്തിക്കുന്നത് കുട്ടികളുടെ പഠന നിലവാരം ഉറപ്പാക്കേണ്ടത് അധ്യാപകരുടെ മാത്രം കടമയാണെന്നാണ്. യാഥാർഥ്യം മറിച്ചാണ് . കുട്ടികളുടെ ആദ്യത്തെ അധ്യാപകർ മാതാപിതാക്കളാണ്. അവർ ആദ്യം പാഠമാക്കുന്നത് രക്ഷിതാക്കളുടെ ജീവിതവും ശൈലികളുമാണ്.
അതുകൊണ്ട് ചെറുപ്പം മുതൽത്തന്നെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും കളിചിരികളിലൂടെ അവരെ കൊച്ചു കൊച്ചു കാര്യങ്ങൾ പഠിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് സഹായിക്കും. ഭാവി ജീവിതത്തിൽ വിജയം കൈവരിക്കാൻ മാതാപിതാക്കളുടെ ഇത്തരം പിന്തുണ കുട്ടികൾക്ക് ഊർജം പകരും. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് അവരോടൊപ്പം സമയം ചെലവഴിക്കേണ്ടത് അത്യന്താപേക്ഷിക്കമാണ്.
അധ്യാപകരുമായി നല്ല ബന്ധം നിലനിർത്താം
വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അവരുടെ ചുറ്റുപാടുകൾക്ക് പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. തുടക്കത്തിൽ മാതാപിതാക്കളും പിന്നീട് അധ്യാപകരും ചേർന്ന ഒരു ചുറ്റുപാടിന്റെ പ്രയോജനകരമായ ഉപയോഗപ്പെടുത്തലാണ് കുട്ടികളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ആദരമായിരിക്കുന്നത്. മക്കളുടെ സ്കൂൾ കാലഘട്ടത്തിന്റെ തുടക്കത്തിൽതന്നെ അവരുടെ അധ്യാപകരുമായി ഒരു മികച്ച ബന്ധം സ്ഥാപിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
വർഷത്തിൽ ചുരുങ്ങിയത് രണ്ടോ മൂന്നോ തവണ കുട്ടികളുടെ സ്കൂൾ സന്ദർശിച്ച് അധ്യാപകരുമായി കുട്ടികളുടെ കഴിവുകളെ സംബന്ധിച്ചും അതുപോലെ വ്യക്തിത്വവികാസത്തെകുറിച്ചും മറ്റും മനസിലാക്കേണ്ടതാണ്. പേരന്റ്സ് ടീച്ചർ മീറ്റിംഗുകൾ പോലെയുള്ള അവസരങ്ങൾ ഇത്തരം ആശയവിനിമയങ്ങൾക്കായി തീർച്ചയായും ഉപയോഗിക്കേണ്ടതാണ്. ഈ കാലഘട്ടത്തിൽ ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങൾ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം അയാസരഹിതമാക്കിയിട്ടുണ്ട്.
സർവതോമുഖമായ വളർച്ചയാണ് പഠനത്തിലൂടെ ലക്ഷ്യമിടേണ്ടത്. കേവലം പരീക്ഷയും മാർക്ക്ഷീറ്റും പിന്നെ ഒരു ജോലി നേടുവാനും മാത്രമുള്ളതല്ല വിദ്യാഭ്യാസം എന്നും മാത്സാരാധിഷ്ഠിത ലോകത്തിൽ വിജയിക്കാൻ പ്രാപ്തമായ സവിശേഷ ഗുണങ്ങൾ വാർത്തെടുക്കാനും മാനവിക മൂല്യങ്ങൾ നിലനിർത്താനും കുട്ടികളെ പ്രാപ്തമാക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായിരിക്കേണ്ടത്.
മാതാപിതാക്കളും അധ്യാപകരും ചേർന്ന കൂട്ടായ പ്രവർത്തനം കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങളെയും തടയാനും പരിഹരിക്കാനും അതുവഴി പഠനനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ടെക് അഡിക്ഷൻ, ഡ്രഗ് അഡിക്ഷൻ, അമിതമായ ഉത്കണ്ഠ, ആരോഗ്യകരമല്ലാത്ത സൗഹൃദങ്ങൾ തുടങ്ങി കുട്ടികൾ നേരിടുന്ന പലവിധ പ്രശ്നങ്ങൾക്കും മാതാപിതാക്കളുടെയും അധ്യാപകരുടെയും യോജിപ്പ് സഹായിക്കുമെന്നതിൽ സംശയമില്ല.
കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാം, ലക്ഷ്യബോധം വളർത്താം
കുട്ടികളുടെ അഭിരുചി (Aptitude) കണ്ടെത്തി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാഥമികമായി മാതാപിതാക്കളുടെ കർത്തവ്യമാണ്. അഭിരുചി മനസിലാക്കുക, അതിനെ പരിപോഷിപ്പിക്കാനുതകുന്ന മനോഭാവം (attitude) വളർത്തിയെടുക്കുക എന്നുള്ളത് കുട്ടികളുടെ ലക്ഷ്യബോധം നിർണയിക്കുന്നതിൽ പ്രധാനഘടകമാണ്. ഒരുപക്ഷേ മാതാപിതാക്കൾക്ക് ഇക്കാര്യങ്ങൾ ചെയ്യുന്നതിൽ പരിമിതി ഉണ്ടാകാമെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾക്കു തുടക്കം കുറിക്കാൻ അവർക്കു കഴിയും.
പിന്നീട് അധ്യാപകരുടെയും വിദഗ്ധരുടെയും സഹായം തേടാവുന്നതാണ്. പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസവിദഗ്ധനായ സ്റ്റീഫൻ ആർ.കോവെ വ്യക്തികളുടെ ലക്ഷ്യം നിശ്ചയിക്കുന്നതിനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "ലക്ഷ്യം നിശ്ചയിക്കുമ്പോൾ തന്നെ അതിൽ നിങ്ങൾക്കു പരമാവധി എത്തിപ്പെടാൻ കഴിയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുക ".(Begin with an end in mind) എന്നാണ് അദ്ദേഹം പറഞ്ഞത്.
ദീർഘവീക്ഷണത്തോടു കൂടിയ ലക്ഷ്യങ്ങളാണ് നാം നിശ്ചയിക്കേണ്ടതെന്ന് സാരം. ഇത്തരം ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അതിനെ വളർത്തിയെടുക്കാനും മാതാപിതാക്കൾക്ക് കുട്ടികളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം ചെറുതൊന്നുമല്ല. മാതാപിതാക്കൾ പകർന്നു നൽകുന്ന അച്ചടക്കം, ആത്മീയത, സ്ഥിരോത്സാഹം, പരസ്പരബഹുമാനം, പൗരബോധം, മാറ്റങ്ങൾ ഉൾകൊള്ളാനുള്ള കഴിവ്, അനുകമ്പ തുടങ്ങിയ ഗുണങ്ങൾ കുട്ടികളെ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കും.
താരതമ്യം അരുത്, കഴിവുകൾ അദ്വിതീയമാണ്
രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തു വിലയിരുത്തൽ നടത്തുന്നത് അർഥശൂന്യമാണ്. ഓരോ വ്യക്തിയുടെയും കഴിവുകൾ അദ്വിതീയമാണ് അഥവാ ഓരോ കുട്ടിയും സവിശേഷ ഗുണഗങ്ങൾ ഉള്ളവരായിരിക്കും. അതുകൊണ്ട് അത്തരം ഗുണങ്ങൾ പരിപോഷിപ്പിക്കേണ്ടതാണ്. അനാവശ്യമായ താരതമ്യപ്പെടുത്തലുകൾ സവിശേഷ ഗുണങ്ങളെ നശിപ്പിക്കുമെന്ന് മാത്രമല്ല വിപരീത ഫലം ഉളവാക്കുകയും ചെയ്യും.
അസൂയ, പ്രതികാരബുദ്ധി, ലക്ഷ്യബോധമില്ലായ്മ, അപകർഷബോധം തുടങ്ങിയ പ്രോത്സാഹജനകമല്ലാത്ത സ്വഭാവങ്ങൾ കുട്ടികളിൽ വളരാൻ ഇത്തരം സാഹചര്യങ്ങൾ ഇടയാക്കും. കുട്ടികളുടെ താത്പര്യങ്ങൾ, കഴിവുകൾ, സവിശേഷതകൾ, ആഗ്രഹങ്ങൾ എന്നിവ പരിഗണിക്കാതെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വിലയിരുത്തുമ്പോഴാണ് ഇത്തരം അനാരോഗ്യകരമായ താരതമ്യം ഉണ്ടാകുന്നത്. ഇത് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാൻ വളരെയധികം സാധ്യതയുണ്ട്.
മക്കളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. ഏബ്രഹാം ലിങ്കൺ തന്റെ മകന്റെ സ്കൂൾ അധ്യാപകന് അയച്ച കത്ത് വളരെ പ്രസിദ്ധമാണ്. ആ കത്തിലെ പ്രതിപദ്യ വിഷയം തന്റെ മകനെ എന്തെല്ലാം കാര്യങ്ങൾ എങ്ങനെയെല്ലാം പഠിപ്പിക്കണമെന്നാണ്. വിശ്വാസം, സ്നേഹം, ധൈര്യം എന്നീ മൂന്നു പ്രധാനപ്പെട്ട ഗുണങ്ങളിലൂന്നിയ വിദ്യാഭ്യാസമാണ് അവനു ലഭിക്കേണ്ടതെന്ന് ലിങ്കൺ ദീർഘവീക്ഷണത്തോടെ ആ കത്തിൽ പറയുന്നുണ്ട്.
ആധുനിക ലോകത്തും ഈ ആശയങ്ങൾ വളരെ പ്രസക്തമാണ്. നമ്മുടെ കുട്ടികൾ നന്മകൾ ഉള്ളവരായി വളരട്ടെ, ഉത്തരവാദിത്വബോധമുള്ളവരായി വളർന്ന് ലക്ഷ്യം നേടട്ടെ. ധൈര്യത്തോടെ നീതിക്കു വേണ്ടി നിലനിൽക്കുന്നവരായി ഉയരട്ടെ, വെല്ലുവിളികൾ നേരിട്ട് വിജയം കൈവരിക്കാൻ പ്രാപ്തരാകട്ടെ. ദീർഘവീക്ഷണത്തോടെയുള്ള മാതാപിതാക്കളുടെ പിന്തുണ അതിൽ നിർണായക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.
(കരിയർ കൺസൾട്ടന്റും ലീഡർഷിപ് കോച്ചും എഐ എഡ്യൂക്കേറ്ററുമാണ് ലേഖകൻ)
Leader Page
സർവകലാശാലകൾ രാഷ്ട്രീയപോരാട്ട വേദിയാക്കി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നവരോട് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ജെ.ബി. പർദിവാല കൂപ്പുകൈകളോടെ അഭ്യർഥിച്ചു; മാനിഷാദ. കേരളത്തിലെ രണ്ട് സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിനുള്ള സുപ്രീംകോടതിയുടെ സെർച്ച് കമ്മിറ്റി സംബന്ധിച്ച പ്രഖ്യാപനം നടന്ന 11നായിരുന്നു സംഭവം. വിദ്യാർഥികളുടെ വിദ്യാഭ്യാസ സേവനങ്ങൾക്കായി രൂപീകരിച്ച ഉന്നതവിദ്യാപീഠങ്ങളിൽ ഇപ്പോൾ വീഴുന്നത് അവരുടെ ചോരയോ? സുപ്രീംകോടതിയുടെ ഇടപെടൽകൊണ്ട് കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വിസി ഉണ്ടായേക്കാമെങ്കിലും മറ്റു സർവകലാശാലകളിൽ ഇല്ല.
കേരളത്തിലെ സർവകലാശാലകളുടെ സർവകലാശാലയായ കേരള സർവകലാശാലതന്നെ എടുക്കുക. അവിടെ താത്കാലിക വൈസ് ചാൻസലറുടെ ഭരണം തുടങ്ങിയിട്ടു വർഷങ്ങളായി. ഇടതുപക്ഷക്കാരനായ രജിസ്ട്രാറെ, വൈസ് ചാൻസലർ സസ്പൻഡ് ചെയ്തതിനെത്തുടർന്നു നടക്കുന്ന ചക്കളത്തിപ്പോരാട്ടത്തിൽ വിദ്യാർഥികൾ വല്ലാതെ വലയുകയാണ്. ഡിഗ്രിക്കും പിജിക്കും ഉള്ള തുല്യതാ സർട്ടിഫിക്കറ്റ്, കോളജ് മാറ്റം, അന്തർ സർവകലാശാലാ മാറ്റം തുടങ്ങിയ ഫയലുകൾ വിസി ഒപ്പിടേണ്ടതുണ്ട്; നടക്കുന്നില്ല. സർവകലാശാലയുടെ സീൽ പഴയ രജിസ്ട്രാറുടെ പക്കലാണ്. നിയുക്ത രജിസ്ട്രാർ ഡോ. മിനി കാപ്പൻ ഒപ്പിട്ടാലും സീലില്ല. പഠനം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്ത വിദ്യാർഥികൾ നൂറുകണക്കിനാണ്. ദിവസവും 40 മുതൽ 60 വരെ സർട്ടിഫിക്കറ്റുകൾ പരീക്ഷാ വിഭാഗത്തിൽനിന്നു വിസിക്ക് അയയ്ക്കും. ചില ദിവസങ്ങളിലാണ് താത്കാലിക വിസി വരുന്നത്. ഒരു ദിവസം രണ്ടായിരത്തിലേറെ സർട്ടിഫിക്കറ്റുകൾ വിസി ഒപ്പിട്ടു. ഇനിയും കുമിഞ്ഞുകൂടിക്കിടക്കുന്നു. നാലുവർഷ ബിരുദത്തിൽ നടപ്പാക്കേണ്ട പലതും നടന്നില്ല.
ഗവേഷണം പൂർത്തിയാക്കി പിഎച്ച്ഡിക്ക് അർഹരായ 150 പേരുണ്ട്. നാലും അഞ്ചും വർഷം ചെലവാക്കിയവരാണ്. സിൻഡിക്കറ്റ് അംഗീകരിക്കാതെ പിഎച്ച്ഡി കിട്ടില്ല. മേയ് 27നു ശേഷം സിൻഡിക്കറ്റ് യോഗം നടന്നിട്ടില്ല. സ്ഥിരം വൈസ് ചാൻസലർ ഇല്ലാത്ത 12 സർവകലാശാലകൾ വേറെയുമുണ്ട്. 2024 ഡിസംബറിൽ കേരള സർവകലാശാലയ്ക്ക് കേന്ദ്രത്തിന്റെ പിഎം ഉഷ പദ്ധതിയിൽ ഉന്നതവിദ്യാഭ്യാസമികവ് കൈവരിക്കുന്നതിനു 100 കോടി രൂപ കിട്ടി. ഇതിൽ 75 കോടിയും അടിസ്ഥാനസൗകര്യ വികസനത്തിനാണ്. ചില്ലിക്കാശ് ചെലവാക്കിയില്ല. നാനൂറോളം കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റം നടന്നില്ല; ഇങ്ങനെ പലതുണ്ടു നടക്കാൻ.
ഇതിനിടെ, കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലറായി നിയമിക്കുന്നതിന് അർഹതയുള്ളവരുടെ പട്ടിക തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ സുപ്രീംകോടതി മുൻ സുപ്രീംകോടതി ജഡ്ജി സുധാംശു ധൂലിയയെ അധ്യക്ഷനാക്കി സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ സമിതി കൊടുക്കുന്ന ശിപാർശകൾ വിവാദമാകില്ലെന്ന് ആരു കണ്ടു. ഇപ്പോഴത്തെ വിധിയനുസരിച്ച് മുഖ്യമന്ത്രി ജയിച്ച മട്ടുണ്ട്. കാര്യങ്ങൾ നടന്നുകഴിയുന്പോൾ അറിയാം, ആരാണ് ജയിക്കുക എന്ന്. യുജിസി പ്രതിനിധി ഇല്ലാത്ത സെർച്ച് കമ്മിറ്റിയെ അവർ അംഗികരിക്കുമോ?
മനഃസാക്ഷി ഇല്ലാത്തവർ
സർവകലാശാലകൾകൊണ്ടു ജീവിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലടിച്ച് സർവകലാശാലയുടെ പ്രവർത്തനം താറുമാറാക്കി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നതിൽ ഒരു കുറ്റബോധവും ഇല്ലാത്ത ഇടമായി മാറിയിരിക്കുകയാണ് കേരളം. 1986ലെ പ്രീഡിഗ്രി ബോർഡ് സമരകാലത്ത് വിദ്യാർഥികളുടെ ഉത്തരക്കടലാസ് നശിപ്പിച്ച് സമരം ജയിച്ച ഇടതു സംഘടനകൾ എത്ര വിദ്യാർഥികളുടെ ഭാവിയാണു തുലച്ചത്! എത്ര വിദ്യാർഥികളുടെ മനസിന്റെ സമനില തെറ്റിച്ചു! 1986ലെ സമരത്തിന്റെ ഭാഗമായി ഉത്തരക്കടലാസ് നഷ്ടപ്പെട്ടതുകൊണ്ട് പരീക്ഷാഫലത്തിൽ ഉണ്ടായ ക്രമക്കേടുമൂലം മനസിന്റെ സമനില തെറ്റിയ ഒരു മിടുക്കികുട്ടിയെയും മാതാപിതാക്കളെയും പിന്നീട് കണ്ടു. മാനസികരോഗ വിദഗ്ധന്റെയടുത്തും ധ്യാനകേന്ദ്രങ്ങളിലും കണ്ണീരോടെ അഭയം തേടുകയാണവർ.
വെള്ളാപ്പള്ളിയുടെ കോട്ടയം സങ്കടങ്ങൾ
വെള്ളാപ്പള്ളി നടേശന്റെ വർഗീയ വിഷംചീറ്റൽ വീണ്ടും വിഷയമായി. ക്രൈസ്തവസമൂഹത്തിന് കേരളത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണമാണ് വെള്ളാപ്പള്ളിയെ അസ്വസ്ഥനാക്കുന്നത്. കേരളത്തിൽ 5,510 സർക്കാർ സ്കൂളുകളും 8,062 എയ്ഡഡ് സ്കൂളുകളും 1,454 അംഗീകൃത സ്കൂളുകളുമുണ്ട്. അവയിൽ വലിയ സംഖ്യ ക്രൈസ്തവ വിദ്യാലയങ്ങളാണ്. അത് ഒരു സർക്കാരിന്റെയും ഒത്താശകൊണ്ട് ഉണ്ടായതല്ല. ഇന്ന് വിദ്യാലയങ്ങളുടെ കണക്കു പറയുന്നവർക്ക് അക്ഷരം അറിയാതിരുന്ന കാലത്ത് ക്രൈസ്തവർ ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ടുണ്ടായതാണത്. 1977ൽ കേരളത്തിലെ 99.7 ശതമാനം ഗ്രാമങ്ങളിലും രണ്ടു കിലോമീറ്ററിനുള്ളിൽ പ്രൈമറി സ്കൂളായി. 98.6 ശതമാനം ഗ്രമങ്ങളിലും മിഡിൽ സ്കൂളായി. അഞ്ചു കിലോമീറ്ററിനുള്ളിൽ ഹൈസ്കൂളായി. 1991ൽ സന്പുർണ സാക്ഷരതയുണ്ടായതും ക്രൈസ്തവ വിദ്യാലയങ്ങൾ ഉണ്ടായതുകൊണ്ടാണ്.
വെള്ളാപ്പള്ളിയുടെ സമൂഹത്തിൽപ്പെട്ടവർക്ക് സ്കൂൾ വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് അവരടക്കമുള്ളവർക്കു പഠിക്കാൻ സ്ഥാപനങ്ങൾ ആരംഭിച്ചവരാണ് ക്രൈസ്തവർ. ഭാരതത്തിന്റെ രാഷ്ട്രപതിയായി ഉയർന്ന കെ.ആർ. നാരായണനെപ്പോലുള്ളവർ പഠിച്ചത് ഇത്തരം സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ്. അതു സർക്കാർ ചെലവിലായിരുന്നില്ല. ബാസൽ മിഷൻ 1800ൽ മലബാറിൽ വിദ്യാലയങ്ങൾ തുടങ്ങി. അതുകൊണ്ട് എല്ലാ സമുദായങ്ങളിലും പെട്ടവർ സാക്ഷരരായി. 1900 ആയപ്പോഴേക്കും ബാസൽ മിഷൻ നടത്തുന്ന വിദ്യാലയങ്ങളുടെ എണ്ണം 257 ആയി.
സിഎംഎസ് സഭയ്ക്ക് 351 സ്ഥാപനങ്ങളായി. ചർച്ച് മിഷനറി സൊസൈറ്റിയും ലണ്ടൻ മിഷനറി സൊസൈറ്റിയും 19-ാംനൂറ്റാണ്ടിൽ തെക്കൻ കേരളത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. കോട്ടയത്തും മാവേലിക്കരയിലും തിരുവല്ലയിലും വിദ്യാലയങ്ങൾ സ്ഥാപിച്ചു.
1819ൽ പെണ്‍കുട്ടികൾക്കായി കോട്ടയത്ത് ബേക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ ആരംഭിച്ചു. 1840കളിൽ മാർത്തോമ്മാ സഭയും ഈ രംഗത്തു വന്നു. കത്തോലിക്കാ സഭ പള്ളിയോടൊപ്പം പള്ളിക്കൂടം ഉണ്ടാകണമെന്ന് ശഠിച്ചത് ക്രൈസ്തവരെ മാത്രം പഠിപ്പിക്കാനായിരുന്നില്ല.
ഇക്കാലത്തൊന്നും എസ്എൻഡിപിയോ എൻഎസ്എസോ എംഇഎസോ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് എന്നല്ല, കേരളത്തിൽതന്നെ ഉണ്ടായിരുന്നില്ല.1903ലാണ് ഡോ. പൽപ്പു എസ്എൻഡിപി സ്ഥാപിച്ചത് 1914ലാണ് എൻഎസ്എസ് ഉണ്ടാകുന്നത്. 1964ലാണ് എംഇഎസ് ഉണ്ടാകുന്നത്. ക്രൈസ്തവ വിദ്യാലയങ്ങൾ ഏറ്റെടുക്കാൻ പല സർക്കാരുകളും പരിശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരും 1957ലെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയും ഈ ദിശയിൽ ഏറെ പരിശ്രമിച്ചവരാണ്. 1958ലെ വിദ്യാഭ്യാസനിയമം അങ്ങനെ ഉണ്ടായതാണ്. ആ നിയമം, സ്കൂൾ വിദ്യാഭ്യാസത്തിന് കൃത്യമായ ഘടനയുണ്ടാക്കി. എയ്ഡഡ് സ്കൂൾ അധ്യാപകർക്കു സർക്കാർ നേരിട്ടു ശന്പളം കൊടുത്തുതുടങ്ങി. 1972 മുതൽ കോളജ് അധ്യാപകർക്കും സർക്കാർ നേരിട്ടു ശന്പളം കൊടുത്തുതുടങ്ങി. അതോടെ നിയമന കച്ചവടവും കണക്കുകളും ഉണ്ടായി.
സ്ഥാപനങ്ങൾ കുറഞ്ഞതിൽ വെള്ളാപ്പള്ളിയുടെ സങ്കടത്തിനു കാരണം അതാണെന്നതല്ലേ സത്യം. സിപിയോട് അടക്കമുള്ള അധികാരീ വൃന്ദത്തോടു ചേർന്നുനിന്ന് കാര്യങ്ങൾ സാധിച്ച ചരിത്രമുള്ള സംഘടനയാണ് എസ്എൻഡിപി.
ജാതിക്കണക്കുകൾ
2011ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനങ്ങളിൽ 56.7 ശതമാനം ഹിന്ദുക്കളുണ്ട്. 23 ശതമാനമണ് ഈഴവർ. മുസ്ലിംകൾ 26 ശതമാനം. ക്രൈസ്തവർ 18.4 ശതമാനം. 23 ശതമാനമുള്ള ഈഴവ സമൂഹത്തിൽ പെട്ടതാണ് മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരും. 26 ശതമാനമുള്ള മുസ്ലിം സമൂഹത്തിൽ നിന്നുള്ളത് രണ്ടു മന്ത്രിമാർ. ക്രൈസ്തവർ മൂന്ന്. ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ മുസ്ലിം മന്ത്രിമാരുടെ എണ്ണം ആറെങ്കെിലും ആകും. ഈഴവ സമൂഹത്തിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം കുറയും. കാരണം, കോണ്‍ഗ്രസ് എംഎൽഎമാരിൽ ഈഴവർ കുറവായിരിക്കും. ഇതെല്ലാം സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനമാണ്.
Leader Page
2020 ജൂലൈ 29-ാം തീയതിയാണ് ഇന്ത്യ പുതിയ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടു വച്ചത്. വിപുലമായ പരിപാടികളോടെയാണ് കേന്ദ്രസർക്കാർ രാജ്യത്തിന്റെ 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ വിദ്യാഭ്യാസനയത്തിന്റെ അഞ്ചാം വാർഷികം ഇപ്പോൾ ആഘോഷിക്കുന്നത്. ഈ അവസരത്തിലാണ് ലോകനിലവാരമുള്ള സ്ഥാപനങ്ങളൊന്നും വളർത്തിയെടുക്കാൻ നമുക്കു സാധിച്ചിട്ടില്ല എന്ന ചർച്ച ചൂടുപിടിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ക്യുഎസ് ലോകറാങ്കിംഗിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ എണ്ണം അഞ്ചിരട്ടിയാക്കി അൻപത്തിനാലിലേക്ക് എത്തിച്ചെങ്കിലും ആദ്യത്തെ നൂറിൽ ഇന്ത്യയിൽനിന്ന് ഒരു സർവകലാശാലയും ഇല്ല.
വിദ്യാഭ്യാസനയത്തിന്റെ പതിനെട്ടാം അധ്യായത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ ബാഹുല്യവും അവ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും ഉത്തരവാദിത്വമില്ലായ്മയുമാണ് നിലവിലുള്ള വ്യവസ്ഥയുടെ പ്രശ്നങ്ങളെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു പരിഹാരമായാണ് പരമാവധി സ്വാതന്ത്ര്യമുള്ള ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കുമെന്നു പറയുന്നത്.
പുതിയ സംവിധാനത്തിന്റെ കീഴിൽ നാലു വെർട്ടിക്കലുകളിലായി നിയന്ത്രണം, അക്രഡിറ്റേഷൻ, ധനസഹായം, അക്കാദമിക നിലവാരനിർണയം എന്നീ മേഖലകളിൽ പ്രത്യേക ഘടനകൾ ഉണ്ടാകും. ഇതിനായി നാഷണൽ ഹയർ എഡ്യുക്കേഷൻ റെഗുലേറ്ററി കൗൺസിൽ, നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ, ഹയർ എഡ്യുക്കേഷൻ ഗ്രാന്റ്സ് കൗൺസിൽ, ജനറൽ എഡ്യുക്കേഷൻ കൗൺസിൽ എന്നിവ രൂപീകരിക്കുമെന്നും നയത്തിൽ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമം കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം തയാറാക്കികൊണ്ടിരിക്കുകയാണെന്നു സർക്കാർ ലോക്സഭയെ ജൂലൈയിൽ അറിയിച്ചിട്ടുണ്ട്. പുതിയ കമ്മീഷൻ വരുമ്പോൾ 1956ൽ സ്ഥാപിതമായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും 1995ൽ സ്ഥാപിതമായ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷനും 1987ൽ സ്റ്റാറ്റ്യൂട്ടറി പദവി കിട്ടിയ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനും ഇല്ലാതാവും.
ഇന്ത്യൻ വിദ്യാഭ്യാസരംഗത്തു യുജിസിക്കു സമാനമായി സ്വാധീനം ചെലുത്തിയതും വിമർശനം ഏറ്റുവാങ്ങിയതുമായ മറ്റൊരു ഏജൻസിയില്ല. ഇവിടെ യുജിസിയെ ഇല്ലാതാക്കണമോ എന്നതല്ല മുഖ്യമായ ചോദ്യം, അതിനു പകരം എന്താണു വരേണ്ടത് എന്നതാണ്. അതിനായി, യുജിസി സാധ്യമാക്കാത്തതെന്താണെന്നും അതിനുള്ള കാരണങ്ങൾ എന്താണെന്നും പുതിയ കമ്മീഷൻ അതിന് പരിഹാരമാകുമോ അതോ ആ തകരാറുകൾ വീണ്ടും ആവർത്തിക്കുമോ എന്നതുമാണ് വിലയിരുത്തേണ്ടത്. അതുകൊണ്ടുതന്നെ, പുതിയ കമ്മീഷൻ യഥാർഥമായ ഒരു പരിഷ്കാരമായി മാറുമോ , അതോ അത്ര വിജയിക്കാത്ത ഒരു ഘടനയെത്തന്നെ പുതിയ രൂപത്തിൽ പുനരാവിഷ്കരിക്കുന്ന രീതിയിലാവുമോ എന്ന ആകാംക്ഷ വിദ്യാഭ്യാസരംഗത്തുള്ളവർക്കുണ്ട്.
പുതിയ ആശയമല്ല
ഇതുപോലെയുള്ള ഒരു സംവിധാനം ദേശീയ വിദ്യാഭ്യാസനയത്തിന്റെയൊപ്പം വന്ന ആശയമല്ല. 2005ൽ നിലവിൽ വന്ന ദേശീയ വിജ്ഞാനകമ്മീഷനും 2009 ലെ യശ്പാൽ കമ്മിറ്റി റിപ്പോർട്ടും ഇത്തരമൊരു സംവിധാനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. 2011ൽ മുകളിൽ സൂചിപ്പിച്ച മൂന്ന് റെഗുലേറ്ററി ബോഡികളെ ഒന്നിപ്പിക്കുന്നതിനുവേണ്ടി ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നെങ്കിലും 2014ൽ അത് പിൻവലിച്ചു. അതിനുശേഷമാണ് 1956ലെ യുജിസി ആക്ട് റദ്ദാക്കുന്നതിനുവേണ്ടി ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആക്ടിന്റെ കരട് 2018 ജൂണിൽ കൊണ്ടുവന്നത്. അതും ഫലവത്തായില്ല.
2018ലെ ബിൽ വിപ്ലവകരമായ പരിഷ്കാരമായിത്തന്നെ അവതരിപ്പിച്ചിരുന്നെങ്കിലും ബില്ലിലെ പ്രധാന ചട്ടങ്ങളും 1956ലെ യുജിസി ആക്ടിന്റെതന്നെ പ്രതിഫലനങ്ങളായിരുന്നു. അക്കാദമികസ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തിലൂന്നിയ ബില്ലായിരുന്നെങ്കിലും അതിന്റെ വിശദവായനയിൽ ഇന്ത്യയെ ഒരു ജ്ഞാനസമൂഹമായി മാറ്റുന്നതിനുള്ള ദാർശനികമായ നിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. പകരം, ഉന്നതവിദ്യാഭ്യാസം കൂടുതൽ കേന്ദ്രീകൃതമാക്കാനുള്ള വ്യവസ്ഥകളായിരുന്നു ഉണ്ടായിരുന്നത്.
കമ്മീഷന്റെ ചെയർപേഴ്സണെയും വൈസ് ചെയർപേഴ്സണെയും തെരഞ്ഞെടുക്കുന്നതിൽ കാബിനറ്റിന്റെ പ്രാധാന്യം യുജിസി ആക്ടിനേക്കാൾ കൂടുതലായിരുന്നു. കമ്മീഷനിലെ അംഗങ്ങളാകട്ടെ കൂടുതലും കേന്ദ്രസർക്കാർ പ്രതിനിധികളും. ഏറ്റവും പ്രധാനപ്പെട്ട വിമർശനം മറ്റൊന്നായിരുന്നു. ഓരോ അക്കാദമികപ്രോഗ്രാമിന്റെയും പഠനഫലങ്ങളും പാഠ്യനിർണയ മാനദണ്ഡങ്ങളും കരിക്കുലവും വരെ നിർദേശിക്കുക എന്ന ചുമതലകൂടി കമ്മീഷനാണെന്ന് ബില്ലിൽ സൂചിപ്പിക്കുക വഴി അക്കാദമിക സ്വാതന്ത്രത്തിനു പകരം അധ്യാപകരുടെ ചിന്തയുടെമേൽ കമ്മീഷന്റെ അല്ലെങ്കിൽ സർക്കാരിന്റെ നിയന്ത്രണം നിയമപരമായി ഉറപ്പാക്കുന്നു എന്നുള്ളതായിരുന്നു. യുജിസിയേക്കാൾ കൂടുതലായി സർവകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അതിസൂക്ഷ്മതലത്തിൽ നിയന്ത്രിക്കാൻ കമ്മീഷനു സാധിക്കുന്ന തരത്തിലായിരുന്നു ബില്ല് ക്രമീകരിച്ചിരുന്നത്.
അനുകൂല സാഹചര്യം
ദേശീയ വിദ്യാഭ്യാസനയം പൂർണമായ അർഥത്തിൽ നടപ്പിലാക്കണമെങ്കിൽ എകീകരിച്ച ഒരു സംവിധാനം ആവശ്യമുണ്ട്. മുന്‍പില്ലാത്തവിധം മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം വ്യാപകമാകുന്നതോടെ ഒരു അക്കാദമികപ്രോഗ്രാമിൽതന്നെ ഒരുപക്ഷേ എൻജിനിയറിംഗുമായോ സാങ്കേതിക വിദ്യാഭ്യാസവുമായോ ചരിത്രവുമായോ ബന്ധപ്പെട്ട വിഷയങ്ങൾ ഒരുമിച്ചു വന്നേക്കാം. ഇതിന് ഏത് അഥോറിറ്റി അംഗീകാരം നൽകും, ആരു നിയന്ത്രിക്കും എന്നത് ഒരേസമയം അക്കാദമികവും ഭരണസംബന്ധവുമായ ചോദ്യമാണ്.
പുതിയ സംവിധാനം ഇതിനുള്ള ഉത്തരമാവും. ഇപ്പോൾ ഒരു ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇന്റഗ്രേറ്റഡ് ബിഎഡ് അല്ലെങ്കിൽ ടെക്നിക്കൽ പ്രോഗ്രാമുകൾ അതല്ലെങ്കിൽ പ്രഫഷണൽ പ്രോഗ്രാമുകൾ എല്ലാം സാധ്യമാണ്. അതുപോലെ, ഒരു ടീച്ചർ എഡ്യുക്കേഷൻ സ്ഥാപനത്തിൽ ആർട്സ് ആൻഡ് സയൻസ് പ്രോഗ്രാമുകളും സാധ്യമാണ്. ഈ സാഹചര്യത്തിൽ യുജിസിയും എഐസിടിയും എൻസിടിയും ഓരോന്നിനും പ്രത്യേകം നിയന്ത്രണ സംവിധാനമായി തുടരുന്നത് കാര്യക്ഷമവും അർഥപൂർണവുമല്ല.
നവീകരണമോ പുനർജന്മമോ?
യുജിസിയുടെ ഏറ്റവും വലിയ ഒരു പ്രശ്നം അത് ഒരേസമയം സർവകലാശാലകളെ നിയന്ത്രിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന സംവിധാനമായി തുടർന്നു എന്നുള്ളതാണ്. ഏതായാലും പുതിയ ഘടനയിൽ ഇതു രണ്ടും വ്യത്യസ്ത ചട്ടക്കൂടിലാണ് വരുന്നത്.
യുജിസിക്ക് ചരമക്കുറിപ്പെഴുതുമ്പോൾ നമുക്കു വേണ്ടത് യുജിസിയുടെ പുനർജന്മമല്ല; മറിച്ച്, മൗലികമായ ലക്ഷ്യങ്ങളും പദ്ധതികളുമുള്ള പുതിയ വ്യവസ്ഥിതിയാണ്. പുതിയ സംവിധാനം സുതാര്യത, വികേന്ദ്രീകരണം, അക്കാദമിക സ്വാതന്ത്ര്യം, ഘടനാപരമായ നീതി എന്നിവ ഉറപ്പുവരുത്തണം. 2018 ൽ യുജിസി അവതരിപ്പിച്ച ഗ്രേഡഡ് ഓട്ടോണമി സർവകലാശാലകൾക്ക് കൂടുതൽ അക്കാദമികസ്വാതന്ത്ര്യം നൽകുന്നവയാണ്.
ജവഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി സർവകലാശാല, കേരളത്തിലെ മഹാത്മാഗാന്ധി സർവകലാശാല തുടങ്ങി പല സർവകലാശാലകൾക്കും യുജിസി കാറ്റഗറി ഗ്രേഡഡ് ഓട്ടോണമി നൽകിയിട്ടുണ്ട്. 2025 ജൂണിലെ കണക്കുപ്രകാരം ഇന്ത്യയിൽ 1338 സർവകലാശാലകളും 52,000ത്തില്‍ കൂടുതൽ കോളജുകളുമുണ്ട്. ഇതിൽ 80 ശതമാനം മുതൽ 90 ശതമാനം വരെ കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളുടെ ധനപരിപാലനം നടത്തുന്നത് സംസ്ഥാന സർക്കാരുകളാണ്.
അതുകൊണ്ടുതന്നെ പുതിയ ഘടനയിൽ നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്കുകൂടി അർഹിക്കുന്ന പ്രാധാന്യം കൊടുക്കണം. അല്ലെങ്കിൽ 2025 ഫെബ്രുവരിയിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് കൊടുത്ത അധികാര കേന്ദ്രീകരണം ഉണ്ടാവുകയും ഫെഡറലിസത്തിനു പരിക്കേൽക്കുകയും ചെയ്യും.
ദേശീയവിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ആശയമായ ‘ലൈറ്റ് ബട്ട് ടൈറ്റ്’ നോട് ചേർന്നുകൊണ്ടുള്ള ഒരു ബില്ലാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷത്തിൽ വിപരീതമായി തോന്നാമെങ്കിലും ഉയർന്ന അക്കാദമികസ്വാതന്ത്ര്യവും ഉയർന്ന ഉത്തരവാദിത്വവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ കർശനമാക്കുക എന്നത് രാഷ്ട്രീയ നിയന്ത്രണവും, ലഘുവാക്കുക എന്നത് സർക്കാർ സഹായം പിൻവലിക്കാനുള്ള ഉപായവുമായി മാറിയാൽ പുതിയ സംവിധാനം ഒരു നവലിബറൽ വഞ്ചനയായി മാറും എന്നതിൽ സംശയമില്ല.
(മൂവാറ്റുപുഴ നിർമല കോളജിലെ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)
District News
കേരളത്തിലെ നിയമ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുമതി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേണിംഗ് ബോഡി യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.
നാലു വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായി കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള 1.0 പോർട്ടൽ ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പോർട്ടലുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
സർവകലാശാലകളിലും കോളേജുകളിലുമുള്ള സെന്റർ ഫോർ സ്കിൽ ഡെവലപ്മെൻ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. പ്രാദേശിക വിജ്ഞാനത്തിൻ്റെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും വൈവിധ്യവുമായി ബന്ധപ്പെട്ട് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസൂത്രണം ചെയ്യുന്നുണ്ട്.
Leader Page
Editorial
തീവ്രവാദികൾ ഹിറ്റ് ലിസ്റ്റുകൾ തയാറാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ, അലോസരപ്പെടുത്തുന്ന മറ്റൊരു വാർത്ത. കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണമെന്നു കൊളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിരിക്കുന്നു.
ഇങ്ങനെ മതാടിസ്ഥാനത്തിലുള്ള വിവരശേഖരണം പതിവുള്ളതല്ല. ഒരു സ്വകാര്യ വ്യക്തിയുടെ വിവരാവകാശ നോട്ടീസാണു പിന്നിൽ. 10,000 കോടിയിൽപരം രൂപ ക്രൈസ്തവ അധ്യാപകർ നികുതിയടയ്ക്കാതെ സർക്കാരിനു നഷ്ടപ്പെടുത്തിയെന്നാരോപിച്ച് മുന്‍പ് പൊതുവിദ്യാഭ്യാസ വകുപ്പിനെക്കൊണ്ടു വിവരശേഖരണത്തിന് ഉത്തരവ് ഇറക്കിച്ച അതേ വ്യക്തിയാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും വിഡ്ഢികളാക്കിയിരിക്കുന്നത്.
ഇതു വിവരാവകാശമാണോ മതഭ്രാന്താണോ? തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽനിന്നാണ് ഈ മാസം ആറിനു സർക്കുലർ അയച്ചിരിക്കുന്നത്. കോഴിക്കോട് കാരന്തൂർ സ്വദേശി കെ. അബ്ദുൾ കലാം എന്ന വ്യക്തി നല്കിയ വിവരാവകാശ ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം.
ഈ കാര്യാലയത്തിനു കീഴിൽ ജോലി ചെയ്യുന്നവരിൽ എത്ര പുരോഹിതരും കന്യാസ്ത്രീകളും ഉണ്ടെന്നാണു ചോദ്യം. തീർന്നില്ല; ഈ വിഭാഗങ്ങളിൽ 2020-21 മുതൽ 2024-25 വരെ ഓരോ വർഷവും വരുമാനനികുതി അടച്ചവർ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളുമുണ്ട്.
വിചിത്രമായ കാര്യം, ഇതു വിദ്യാഭ്യാസ വകുപ്പോ ഉന്നതവിദ്യാഭ്യാസ വകുപ്പോ ഉത്തരം നൽകേണ്ട ചോദ്യമല്ല. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നിങ്ങനെയല്ലാതെ പുരോഹിതനാണോ കന്യാസ്ത്രീയാണോ സ്വാമിയാണോ ഉസ്താതാണോ എന്നതൊന്നും നോക്കിയല്ല നിയമനം നടത്തുന്നത്.
രണ്ടാമത്തെ കാര്യം, ശന്പളം കൊടുക്കുന്നതു നികുതി കിഴിച്ചാണ്. അതിന്റെ വിവരങ്ങൾ ശേഖരിക്കേണ്ടത് വരുമാനനികുതി വകുപ്പിൽനിന്നാണെന്നു പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ തലപ്പത്തുള്ളവരോട് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കണം. പരാതിക്കാരൻ മുന്‍പും ഇത്തരം ദുരൂഹനീക്കങ്ങൾ നടത്തിയിട്ടുള്ളയാളാണ്.
ഒരു മതസംഘടനാ മാധ്യമത്തിൽ ക്രൈസ്തവർക്കെതിരേ ഇത്തരം തെറ്റായ വിവരങ്ങൾ കുത്തിനിറച്ച ലേഖനം വന്നതിനു പിന്നാലെയാണ് ഇയാൾ കെട്ടുംപൊട്ടിച്ചിറങ്ങിയത്. “സർക്കാർ ശന്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ആദായനികുതി നിയമങ്ങളും മറ്റും കാറ്റിൽ പറത്തി ഒരു രൂപ പോലും നികുതിയടയ്ക്കാതെ മുങ്ങിനടക്കുന്നു” എന്നായിരുന്നു ആരോപണം.
കേട്ട പാതി കേൾക്കാത്ത പാതി, ഇതേക്കുറിച്ചു വിവരശേഖരം നടത്തണമെന്ന് ഉദ്യോഗസ്ഥർ സർക്കുലർ അയച്ചു. അതിന്റെ ഉത്തരവാദികളായ നാലു പേരെ ഇക്കഴിഞ്ഞ ഏപ്രിലിൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. മാത്രമല്ല, അടിസ്ഥാനരഹിത ആരോപണങ്ങളുമായി മതസ്പർധ വളർത്തുന്ന പരാതി നല്കിയ ആൾക്കെതിരേ ഡിജിപിക്കു പരാതി നല്കാൻ മന്ത്രി ശിവൻകുട്ടി തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചതുമാണ്.
എന്തു കാര്യം? ഈ രാജ്യത്തെ നിയമങ്ങളനുസരിച്ചു മാത്രം ജീവിക്കുന്ന ക്രൈസ്തവരായ അധ്യാപകരെയും കുടുബങ്ങളെയും സന്യസ്തരെയും തുടരെ അവഹേളിക്കരുത്. അവർ വിദ്യാഭ്യാസവകുപ്പിൽ നുഴഞ്ഞുകയറിയ തീവ്രവാദികളല്ല, ലിസ്റ്റ് തയാറാക്കാൻ.
മതം തലയ്ക്കുപിടിച്ചവർ, വിവരാവകാശം പോലെ സുതാര്യഭരണത്തിനുള്ള ജനാധിപത്യസംവിധാനങ്ങളെ തുടർച്ചയായി ദുരുപയോഗിക്കുന്നുണ്ടെങ്കിൽ അതു സർക്കാരിന്റെ വീഴ്ചയാണ്. നോട്ടപ്പിശകാണോ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ ക്രൈസ്തവരെ സംശയനിഴലിലാക്കുന്ന നടപടികൾക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് അന്വേഷിക്കുന്നതും നല്ലതാണ്.
ക്രൈസ്തവസമൂഹം ഈ രാജ്യത്തെ വിദ്യാഭ്യാസമേഖലയ്ക്കു നൽകിയിട്ടുള്ള സംഭാവനകളെ മാനിച്ചില്ലെങ്കിലും അവമതിക്കരുത്. ഈ പരാതിക്കാരൻ ഒരു വ്യക്തിയാണെങ്കിലും ഏതെങ്കിലും തീവ്ര ആശയത്തിന്റെ പ്രതിനിധിയാണെങ്കിലും കരുതിയിരിക്കണം. നികുതിയടയ്ക്കുന്നവരുടെയല്ല, ആടിനെ പട്ടിയാക്കുന്നവരുടെ വിവരമാണ് ശേഖരിക്കേണ്ടത്. അതു പരാതിക്കാരനായാലും ഉദ്യോഗസ്ഥരായാലും.
District News
കുറുമ്പനാടം: വായനവാരാചരണത്തോടനുബന്ധിച്ച് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അക്ഷരയാനം നടത്തി. അഞ്ചു മുതല്‍ ഒന്പതുവരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ ആദ്യത്തെ ഭാഷാമ്യൂസിയമായ കോട്ടയം അക്ഷരത്തിലേക്കാണ് അക്ഷരയാനം സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണഭാഷാ ഉന്നതതല സമിതിയംഗവും ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം മുന്‍ മേധാവിയുമായ ഡോ. ജയിംസ് മണിമല അക്ഷരയാനം ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്കുശേഷം നടന്ന സെഷനില്‍ കേരളത്തിലെ സാഹിത്യപ്രവര്‍ത്തനത്തിന്റെ ചരിത്രപഥങ്ങളെക്കുറിച്ചും ഭാഷാവികസനത്തെക്കുറിച്ചുമുള്ള ഡോക്യൂമെന്ററിയും ത്രീഡിഷോ പ്രദര്‍ശനവും നടന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജെലീല മാത്യൂ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിനു കുര്യാക്കോസ്, ടിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: വിമാനം പറത്താന്‍ ആഗ്രഹമുണ്ടോ ഉണ്ടെങ്കില്‍ ആര്‍ക്കും കടന്നുവരാം. ആകാശത്തോളം ഉയരെ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്ന് യുവപൈലറ്റ് മേഘന ജോജന്‍ തോമസ്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മേഘന ജോജന്‍ തോമസിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിദ്യാര്‍ഥികള്‍ തെല്ലും പതറിയില്ല. ഒരു മണിക്കൂര്‍ നീണ്ട ക്ലാസില്‍ അവരുടെ മനസുകളും ആകാശംമുട്ടെ ഉയര്‍ന്നുപറന്നു. വ്യോമയാന മേഖലയില്‍ നിലവിലുള്ള വിവിധ തൊഴിലവസരങ്ങളും പ്രത്യേകിച്ച് പൈലറ്റ് ആകുന്നതിന് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മേഘന വിദ്യാര്‍ഥികളുമായി പങ്കുവച്ചു.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്പ്പെട്ട മീറ്റ് ദി ലൂമിനറി പരിപാടിയിലാണ് മേഘന ജോജന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുമായി സംവദിച്ചത്. വ്യോമയാന രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ധൈര്യം, അര്‍പ്പണബോധം, കഠിനപരിശ്രമം എന്നിവയുള്ളവരായിരിക്കണമെന്നും സ്ത്രീ-പുരുഷ ഭേദമന്യേ നേടിയെടുക്കാവുന്ന തൊഴിലാണിതെന്നും മേഘന പറഞ്ഞത് വിദ്യാര്‍ഥികളില്‍ ആവേശമുണര്‍ത്തി.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിജയം നേടിയ 25 മഹനീയ വ്യക്തികളെ വിദ്യാര്‍ഥികളുടെ മുന്പില് അവതരിപ്പിക്കുന്ന പരിപാടിയാണ് മീറ്റ് ദി ലൂമിനറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, അധ്യാപകരായ എം.ജെ. സിനോമോന്, ആശ ആന്റണി എന്നിവര്‍ പ്രശംഗിച്ചു.
അടുത്തതായി ഡല്‍ഹി നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി പ്രഫസറായ അരുള്‍ ജോര്‍ജ് സ്കറിയയുടെ പ്രഭാഷണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.