ശ്രീനഗറിലെ കോത്തിബാഗ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഒരു കഥപറയാനുണ്ട്- മലയാളത്തിന്റെ സുഗന്ധമുള്ള ഒരു സ്നേഹഗാഥ...
ഭൂമിയിൽ ഏറ്റവും സുന്ദരമായ സ്ഥലമേത് എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതെങ്കിൽ അതിലൊന്ന് കാഷ്മീർ എന്നാകുമെന്നുറപ്പ്. ഒരുവട്ടമെങ്കിലും കാഷ്മീർ കണ്ടവർ, ആ ചോദ്യത്തിന് ഒറ്റപ്പേരിൽ ആ ഉത്തരമെഴുതും- കാഷ്മീർ.... കാഴ്ചയുടെ വിസ്മയഭൂമിക.
അത്രമേൽ സുന്ദരമെങ്കിലും, കാഷ്മീരിനെക്കുറിച്ച് കാലങ്ങളായി നമ്മൾ കേട്ടതിലേറെയും ആശങ്കകളുടെ വർത്തമാനങ്ങളാകാം. താഴ്വരയിലെ വെടിയൊച്ചകൾക്കും അതിക്രമങ്ങൾക്കും എത്ര ഇടവേള എന്ന അന്വേഷണം സ്വാഭാവികമാകുന്ന കാലം..!
എത്രയോ കാലങ്ങളായി സങ്കടങ്ങളുടെ കണ്ണീർകുടിച്ചു തളർന്ന കാഷ്മീരിന്റെ മണ്ണിൽ, ഒരുനാൾ പ്രത്യാശയുടെ ഒരു വിത്തു പാകി... കേരളത്തിന്റെ കരുതലിൽ പാകപ്പെട്ട വിത്ത്. അതു മുളപൊട്ടി, പൂവിട്ടു... കാഷ്മീരിന്റെ ആകാശങ്ങളിൽ വെടിയൊച്ചകളെ തോൽപിക്കുന്ന സ്നേഹനക്ഷത്രമായി അതു തിളങ്ങി. ഇതു മലയാളത്തിന്റെ സുഗന്ധമുള്ളൊരു കാഷ്മീർ സ്നേഹഗാഥ.
കേരള മോഡൽ ശ്രീനഗറിൽ
പൊതുവിദ്യാഭ്യാസ രംഗത്തു രാജ്യത്തിനു മാതൃകകൾ ഒരുക്കിയ കേരളത്തിന്റെ കൈയൊപ്പോടെ, ജമ്മു കാഷ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ ഒരു സർക്കാർ വിദ്യാലയം. കോത്തിബാഗ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ആ സ്കൂൾ മുറ്റം ഇന്നു മലയാളത്തിന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും കഥകളാൽ വാചാലം.
ശ്രീനഗറിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നാണിത്. 1,700ഓളം വിദ്യാർഥികൾ. ഗ്രാമീണ മേഖലകളിൽ സർക്കാർ വിദ്യാലയങ്ങൾ ആവശ്യത്തിനില്ലാത്തതിനാൽ, സാധാരണക്കാരുടെ മക്കൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന സ്കൂൾ.
വർഷങ്ങളുടെ ചരിത്രമുണ്ടെങ്കിലും അടുത്ത നാളുകൾ വരെ സ്കൂളിന്റെ സ്ഥിതി ശോചനീയമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യയനാന്തരീക്ഷത്തിന്റെയും കാര്യത്തിൽ ഏറെ പിന്നിൽ...!
അവിടേക്കാണ് മലയാളിയായ പ്രവാസി സംരംഭകന്റെ സാരഥ്യത്തിലുള്ള ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ (എഫ്എസ്എഫ്) കരുതലിന്റെ കരങ്ങളുമായെത്തിയത്. കോത്തിബാഗ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇനി ഇല്ലായ്മകളുടെ സങ്കടക്കഥകൾ പറയില്ല. ശ്രീനഗറിലെ തലയെടുപ്പുള്ള സ്വകാര്യ സ്കൂളുകളെ വെല്ലുന്ന സൗകര്യങ്ങളോടെ കുട്ടികൾ ഇവിടെ നിറഞ്ഞ സംതൃപ്തിയോടെ പഠിക്കും.
നടക്കാവിൽനിന്നു കോത്തിബാഗ് വരെ
അത്യാധുനിക സൗകര്യങ്ങളോടെ മികവിലേക്കുയർത്തിയ കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളായിരുന്നു കോത്തിബാഗ് സ്കൂളിന്റെ പുതുമോടിക്കു പ്രചോദനമായത്.
മുൻ എംഎൽഎ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എഫ്എസ്എഫ് നടക്കാവ് സ്കൂളിൽ 16 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിലും കാന്പസ് ലാൻഡ്സ്കേപ്പിംഗിലും പുതുമകളും മികവുകളും സൃഷ്ടിച്ച നടക്കാവ് സ്കൂളിന്റെ മാറ്റം, പൊതുവിദ്യാഭ്യാസമേഖലയിൽ നടക്കാവ് മോഡലായി രാജ്യത്താകെയും ശ്രദ്ധിക്കപ്പെട്ടു.
നടക്കാവ് മോഡലിനെക്കുറിച്ചറിഞ്ഞ ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെയും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.എൻ. ശർമയുടെയും പ്രത്യേക താത്പര്യപ്രകാരമാണ് എഫ്എസ്എഫ് കോത്തിബാഗിലെ സ്കൂളിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. 20 കോടി രൂപയാണ് കോത്തിബാഗ് സ്കൂളിനായി ഫൗണ്ടേഷൻ ആദ്യഘട്ടത്തിൽ ചെലവഴിച്ചത്.
നാളത്തെ നല്ല തലമുറയുടെ രൂപീകരണത്തിൽ അനിവാര്യമായ മികച്ച വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകണമെന്ന ദർശനമാണ് ഫൗണ്ടേഷനെ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിലുള്ള പങ്കാളിത്തത്തിനു പ്രചോദിപ്പിച്ചതെന്നു എഫ്എസ്എഫ് സ്ഥാപകനും കെഇഎഫ് ഹോൾഡിംഗ്സ് ചെയർമാനുമായ ഫൈസൽ കൊട്ടിക്കോളനും പത്നി ഷബാന ഫൈസലും പറഞ്ഞു.
മാറ്റം വിസ്മയം
പൊട്ടിപ്പൊളിഞ്ഞ ഭിത്തികൾ, ഇരിക്കാൻ ബെഞ്ചുകളില്ല, പെണ്കുട്ടികൾക്കുപോലും ശുചിമുറി സൗകര്യങ്ങളില്ല.. അതായിരുന്നു സ്കൂളിന്റെ അവസ്ഥ.
നടക്കാവ് സ്കൂളിൽ എഫ്എസ്എഫ് നടപ്പാക്കിയ പ്രമോട്ടിംഗ് റീജണൽ സ്കൂൾസ് ടു ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് ത്രൂ മൾട്ടിപ്പിൾ ഇന്റർവെൻഷൻ (പ്രിസം) പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു കോത്തിബാഗ് സ്കൂളിന്റെ നവീകരണം.
അഞ്ചു ക്ലാസ് മുറികൾ മാത്രമുണ്ടായിരുന്ന മിഡിൽ സ്കൂളിന്റെ പുത്തൻ കെട്ടിടത്തിൽ ഇന്ന് 19 സ്മാർട്ട് ക്ലാസ് മുറികൾ; എല്ലാം ശീതീകരിച്ചത്. ശാസ്ത്ര പാഠങ്ങളുടെ പ്രായോഗിക പരിശീലനത്തിന് ഒന്നുമില്ലാതിരുന്ന സ്കൂളിൽ ഇന്നു റോബോട്ടിക് സ്റ്റെം ലാബുകൾ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ. ഉച്ചഭക്ഷണം കഴിക്കാൻ മനോഹരമായ ഡൈനിംഗ് ഹാൾ, മികച്ച നിലവാരമുള്ള ശുചിമുറികൾ. ടർഫ് ഉൾപ്പെടെ മികച്ച കളിസ്ഥലം. വൈകാതെ ഇൻഡോർ സ്റ്റേഡിയവും ഒരുങ്ങും.
ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ നിർമിച്ചു നൽകിയ പുതിയ സ്കൂൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഉദ്ഘാടനം ചെയ്തത്. മലയാളിയായ പ്രവാസി വ്യവസായി കാഷ്മീരിൽ ഒരു സർക്കാർ വിദ്യാലയത്തിന്റെ നിലവാരമുയർത്താൻ നടത്തിയ ശ്രമങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്കാരങ്ങൾ സംഗമിച്ചപ്പോൾ
കോത്തിബാഗ് സ്കൂളിലെ അധ്യാപക, വിദ്യാർഥി പ്രതിനിധികളായ 13 പേർ നേരത്തേ നടക്കാവ് സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. നിർമാണം പൂർത്തീകരിച്ച കോത്തിബാഗ് മിഡിൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നടക്കാവ് സ്കൂളിലെ അധ്യാപകരും ഏതാനും വിദ്യാർഥികളും അവിടെയെത്തി. രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള സമന്വയമായി ഈ ഒത്തുചേരലുകൾ മാറിയെന്നു കോത്തിബാഗ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മൻഷ ഖാലിദ് പറയുന്നു.
വലിയ സ്നേഹമുള്ളവരാണു കേരളത്തിൽ കണ്ടുമുട്ടിയ വിദ്യാർഥികൾ. തങ്ങൾക്കു ലഭിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ മറ്റു സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികൾക്കും ലഭിക്കണമെന്ന അവരുടെ നല്ല മനസ് എത്രയോ മഹത്തരമാണ്. കേരളത്തോടു വലിയ നന്ദി- കേരളത്തിലെത്തിയ കാഷ്മീരി അധ്യാപിക മറിയം അക്ബറുടെ വാക്കുകൾ.
എന്തുകൊണ്ട് കാഷ്മീർ?
കോത്തിബാഗിലെ സർക്കാർ വിദ്യാലയത്തിന്റെ മുഖഛായ മാറ്റാനുള്ള സേവനദൗത്യം എന്തുകൊണ്ടെന്ന ചോദ്യത്തിന് ഫൈസൽ കൊട്ടിക്കോളന് ഒരേയൊരു ഉത്തരമേയുള്ളൂ... അറിവ് അതിർത്തികളെ ഇല്ലാതാക്കും. നമ്മുടെ രാജ്യത്തെ എല്ലാവർക്കും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ലഭിക്കണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ സാധാരണക്കാർക്കും കിട്ടണം. അതിനുള്ള എളിയ ശ്രമം മാത്രമാണ് ശ്രീനഗറിൽ നടപ്പാക്കിയത്.
കേരളത്തിലാണു തുടങ്ങിയത്. നടക്കാവിനു പുറമേ, കേരളത്തിലെ വിവിധ വിദ്യാലയങ്ങളെ മികവിലേക്കുയർത്താനുള്ള പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്. കാഷ്മീരിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പദ്ധതികൾ നടപ്പാക്കണമെന്നാണ് ആഗ്രഹം. - ഫൈസൽ കൊട്ടിക്കോളൻ വ്യക്തമാക്കി.
യുഎഇ ഇന്ത്യ ബിസിനസ് കൗണ്സിലിന്റെ യുഎഇ ചാപ്റ്റർ ചെയർമാനാണ് ഫൈസൽ. ജീവകാരുണ്യ പ്രസ്ഥാനമായ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ ആസ്ഥാനം ദുബായിലാണ്.
ചിരിതൂകി ചിനാർ
കോത്തിബാഗ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ ചിനാർ മരങ്ങൾക്കു മുന്പെങ്ങും കാണാത്ത നിറപ്പകിട്ട്. മഞ്ഞുവീഴും മുന്പേ, അവ ആഹ്ലാദത്തോടെ പലവർണങ്ങളിൽ ഇലകൾ പൊഴിക്കുന്നുണ്ട്. ചിരിതൂകുന്ന ചിനാർ മരത്തണലിൽ വട്ടമിട്ടിരുന്ന് കാഷ്മീരി ബാല്യം നിറപ്പകിട്ടാർന്ന നാളെകളെ സ്വപ്നം കാണുകയാണ്.
Tags : Kerala love Kashmir school education