ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർഥികൾ കനത്ത തയാറെടുപ്പിലാണ്.
പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. ഈ സമയത്ത് പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാം എന്ന് നമുക്ക് നോക്കാം.
പരീക്ഷയെ സമ്മർദത്തോടെ കാണരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ പഠനത്തിന് ഗൗരവം നൽകും, പക്ഷേ അതിരുകവിഞ്ഞാൽ അത് തിരിച്ചടിയാകും.
അതിനാൽ, പരീക്ഷയുടെ ഫലത്തെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിനു പകരം, സ്വന്തം അറിവും കഴിവും വർധിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമമായി കാണുക.
ഈ മനോഭാവം പരീക്ഷാസമയത്ത് മാനസിക ശക്തി നൽകും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആരായാലും ഇപ്പോൾ അത് ഒഴിവാക്കണം.
"നിന്റെ സുഹൃത്ത് ഇത്രയും പഠിച്ചു' തുടങ്ങിയ കമന്റുകൾ മുഖവിലയ്ക്കെടുക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വഴിയും സമയവും ഉണ്ട്. മറ്റുള്ളവരെ അനുകരിക്കാതെ, സ്വന്തം ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്തരം താരതമ്യങ്ങൾ പ്രചോദനമല്ല, മറിച്ച് സമ്മർദമാണ്.
ഒരു കൃത്യമായ ദിനചര്യ വളരെ പ്രധാനമാണ്. ഉറക്കം, ഭക്ഷണം, പഠനം, വ്യായാമം എന്നിവ ദിവസവും ഒരേ സമയത്ത് ചെയ്യാൻ ശ്രമിക്കുക. ഇത് പഠനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കും.
ധാരാളം വെള്ളം കുടിക്കുകയും വേണം - ശരീരഭാരത്തിന്റെ 25 കിലോയ്ക്ക് ഏകദേശം ഒരു ലിറ്റർ വെള്ളം (ഉദാ: 50 കിലോ ഉള്ളവർക്ക് ദിവസവും രണ്ട് ലിറ്റർ എങ്കിലും).
ആവർത്തനമാണ് ഓർമശക്തി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. എല്ലാവരുടെയും പഠനവേഗത വ്യത്യസ്തമാണ് എന്നത് ഓർക്കുക. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരമാവധി പരിഹരിക്കുക - ഇത് പരീക്ഷാസമയത്ത് വലിയ ആത്മവിശ്വാസം നൽകും. ഷോർട്ട് നോട്ടുകളോ സംഗ്രഹങ്ങളോ തയാറാക്കി വയ്ക്കുക; അവസാന നിമിഷ റിവിഷന്‍ വളരെ ഉപകാരപ്രദമാകും.
കണക്ക്, ഫിസിക്സ് തുടങ്ങിയ പ്രശ്നപരിഹാര വിഷയങ്ങൾ പഠിക്കുമ്പോൾ, ആദ്യം ചോദ്യം മാത്രം എഴുതിയെടുത്ത് സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കുക. ബുക്ക് നോക്കി പഠിക്കാതെ, സ്വയം ചെയ്ത ശേഷം സംശയങ്ങൾ മാത്രം ക്ലിയർ ചെയ്യുക.
ഇഷ്ടവിഷയങ്ങൾ ആദ്യം ചെറിയ സമയത്തിന് എടുത്ത് പഠിച്ച്, പ്രയാസമുള്ളവയ്ക്ക് കൂടുതൽ സമയം നൽകി സന്തുലിതമായി മുന്നോട്ടുപോകുക. ഈ പരീക്ഷകളെ നിങ്ങളുടെ ജീവിതലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കാണുക.
പരീക്ഷയല്ല, നിങ്ങളുടെ വളർച്ചയാണ് പ്രധാനം. എല്ലാവർക്കും ശാന്തമായും ആത്മവിശ്വാസത്തോടെയും നിറഞ്ഞ ഒരു പരീക്ഷാക്കാലം ആശംസിക്കുന്നു!
വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email: [email protected], www.nithinaf.blogspot.com.
National
ഭോപ്പാല്‍: മധ്യപ്രദേശിലെ മൗഗഞ്ചില്‍ എട്ടാം ക്ലാസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാല് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മിന്റു ജയ്സ്വാള്‍(24), രവിനന്ദന്‍ സിംഗ് ഗൗര്‍(22), നീരജ് ജയ്സ്വാള്‍(21), സുഭാഷ് ജയ്സ്വാള്‍(23) എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയും സുഹൃത്തും ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. ഈ സമയം ബൈക്കില്‍ അതുവഴി വരികയായിരുന്ന മിന്റു ഇരുവരെയും ബൈക്കില്‍ കയറ്റി.
വഴിയില്‍ വച്ച് സുഹൃത്തിനെ ഇറക്കിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ഖനിയുടെ ഭാഗത്തേക്ക് കൊണ്ടുപോകുകയും സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
ബലമായി മദ്യം നല്കിയ ശേഷമായിരുന്നു പെൺകുട്ടിയെ സംഘം പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെൺകുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പോകുകയും ചെയ്തു. സംഭവത്തിലെ മുഖ്യപ്രതിയായ മിന്റു ജയ്സ്വാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനായിരുന്നെന്നും അതിനാലാണ് പെണ്‍കുട്ടി ബൈക്കില്‍ കയറിയതെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: ഇടക്കൊച്ചി സെന്റ് ലോറന്‍സ് യുപി സ്കൂളിന് പരിസരത്ത് പെരുമ്പാമ്പ്. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.
കൗണ്‍സിലര്‍ ലസിത പീറ്ററുടെ നേതൃത്വത്തില്‍ സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജനവാസമേഖലയിലെ പാമ്പ് ശല്യം വര്‍ധിക്കുന്നത് ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രദേശത്ത് പലയിടത്തും കാട് പിടിച്ചു കിടക്കുന്നതിനാല്‍ പാമ്പ് ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
അതേസമയം, കാലാവസ്ഥ വ്യതിയാനമാണ് പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ പാമ്പുകളുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചതോടെ വനം വകുപ്പിന്റെ സര്‍പ്പ റെസ്ക്യൂ ടീം അംഗങ്ങള്‍ വിശ്രമമില്ലാത്ത ജോലിയാണ്.
Kerala
കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
സ്കൂൾ മാനേജരുടെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി പറയുന്നത്. പിന്നാലെ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പോലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. അതേസമയം, എന്ത് വസ്ത്രം ധരിച്ചും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.
District News
പയ്യാവൂർ: പൈസക്കരി സെന്റ് മേരീസ് യുപി സ്കൂൾ എഴുപത്തിനാലാമത് വാർഷികാഘോഷവും പ്രതിഭകളെ ആദരിക്കലും സ്കൂൾ ഓഡിറ്റോറിയത്തിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജരും പൈസക്കരി ദേവമാതാ ഫൊറോന വികാരിയുമായ ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ്, ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വാസന്തി, ഇരിക്കൂർ ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ, വാർഡ് മെംബർമാരായ സിന്ധു രവി, ടെൻസൺ ജോർജ് കണ്ടത്തിൻകര, പൈസക്കരി ഫൊറോന സഹവികാരി ഫാ. ജോമൽ കോനൂർ തുടങ്ങിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് സി.കെ. രജീഷ്, മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് അയ്യങ്കാനാൽ, അണ്ടർ 17 കേരള ടീമംഗം അന്ന റോസ് ഷിജു, ഇരുപത് കിലോമീറ്റർ നടത്തം കണ്ണൂർ യൂണിവേഴ്സിറ്റി റിക്കാർഡ് ഹോൾഡർ അൽഫോൻസ സിബിൻ, എന്നിവരെ ആദരിച്ചു.
NRI
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും തുടർന്ന് നോർത്ത് ടെക്സസിലെ പ്രധാന സ്കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും അടഞ്ഞുകിടക്കും.
അവധി പ്രഖ്യാപിച്ച പ്രധാന ഡിസ്ട്രിക്റ്റുകൾ:
ഡെന്റൺ ഐഎസ്ഡി, ലൂയിസ്വിൽ ഐഎസ്ഡി, ലിറ്റിൽ എൽമ് ഐഎസ്ഡി, നോർത്ത് വെസ്റ്റ് ഐഎസ്ഡി, അന്ന, ഡെക്കാറ്റൂർ, ഡെനിസൺ, ഫാർമേഴ്സ്വിൽ, ലേക്ക് ഡാളസ്, ഷെർമാൻ.
തുറന്ന് പ്രവർത്തിക്കുന്നവ:
അതേസമയം റോഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെത്തുടർന്ന് അർലിംഗ്ടൺ ഐഎസ്ഡി, ഹർസ്റ്റ്-യൂലെസ്-ബെഡ്ഫോർഡ് ഐഎസ്ഡി, കരോൾ, കോർസിക്കാന, ലങ്കാസ്റ്റർ തുടങ്ങിയ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥയും റോഡുകളിലെ സുരക്ഷയും മുൻനിർത്തി മറ്റ് ഡിസ്ട്രിക്റ്റുകൾ ഉടൻ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
NRI
ഡാളസ്: നോർത്ത് ടെക്സസിലെ ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും കണക്കിലെടുത്ത് ഡാളസ് ഐഎസ്ഡി ഉൾപ്പെടെയുള്ള പ്രമുഖ സ്കൂൾ ഡിസ്ട്രിക്റ്റുകൾക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു.
റോഡുകളിലെ അപകടസാധ്യതയും കൊടുംതണുപ്പും പരിഗണിച്ചാണ് തീരുമാനം. അടുത്ത ദിവസങ്ങളിലെ ക്ലാസുകളെ കുറിച്ചുള്ള തീരുമാനം കാലാവസ്ഥ നിരീക്ഷിച്ച ശേഷം പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കായി അതത് സ്കൂൾ ഡിസ്ട്രിക്റ്റുകളുടെ വെബ്സൈറ്റുകളോ സോഷ്യൽ മീഡിയ പേജുകളോ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
District News
കൊപ്രക്കളം: കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനംചെയ്തു.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സക്കറിയ അധ്യക്ഷതവഹിച്ചു. വിരമിക്കുന്ന ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇ.ജി. സജിമോൻ, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതി ശ്രീവേണി എന്നിവർക്കു യാത്രയയപ്പുനൽകി. ഉന്നതവിജയംനേടിയ വിദ്യാർഥികളെയും ശാസ്ത്രപഥം വിജയികളെയും അനുമോദിച്ചു. നാടൻപാട്ട് കലാകാരൻ രാജേഷ് തംബുരു മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ ജെ. സദക്കത്തുള്ള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.കെ. മണികണ്ണൻ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം ഷീബ സതീഷ്, പഞ്ചായത്തംഗം പി.ടി. രാമചന്ദ്രൻ, സീനിയർ അധ്യാപിക കെ.സി. ഗംഗ, മതിലകം ബിപിസി എൻ.സി. പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ 101-ാം വാർഷികവും അധ്യാപക - രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും ആഘോഷിച്ചു.
നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനംചെയ്തു. അൽവേർണിയ പ്രൊവിൻസ് കോർപറേറ്റ് മാനേജർ സിസ്റ്റർ റിനി വടക്കൻ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ അൽഫോൻസാ ചാക്കോ, എസ്എച്ച് കോൺവെന്റ് ചാപ്ലൈൻ ഫാ. ജോസഫ് ഗോപുരം എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു. നഗരസഭ കൗൺസിലർ റൈസൺ ആലുക്ക ഛായാചിത്രം അനാച്ഛാദനംചെയ്തു. വിരമിക്കുന്ന ഓഫീസ് സ്റ്റാഫ് സി.ജെ. ആനിയെ പിടിഎ പ്രസിഡന്റ് ലിജോ കുറ്റിക്കാടൻ മെമന്റോ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ലിൻ, പ്രിൻസിപ്പൽ സിസ്റ്റർ സോഫിയ ജോസഫ്, അധ്യാപക പ്രതിനിധികളായ ലത ജോർജ്, കെ.എ. ജെസ്സി, വിജി വർഗീസ്, സ്കൂൾ ലീഡർ എലേന ഷിബു എന്നിവർ പ്രസംഗിച്ചു.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. അഞ്ച് ലാപ്ടോപ്പുകളും പണവുമാണ് കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ ഓഫീസ് മുറി, ക്ലാസ് റൂം, ഗോഡൗൺ എന്നിവ കുത്തിത്തുറന്ന നിലയിലായിരുന്നു.
പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കുട്ടികൾ ഉപയോഗിക്കുന്ന അഞ്ച് ലാപ്ടോപ്പുകളാണ് കള്ളൻ കൊണ്ടുപോയത്. കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണവും മോഷ്ടിച്ചു.
രാവിലെ ജീവനക്കാരൻ തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.
Kerala
കണ്ണൂർ: പാനൂരിലെ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷിബിൻ (35) ആണ് മരിച്ചത്.
സ്കൂളിലെ ലാബിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നം മൂലം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: കൊച്ചിയില്‍ രണ്ടു സ്കൂളുകളില്‍ മോഷണം. വരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഓഫീസ് റൂം കുത്തി തുറന്ന് ഇരുപതിനായിരം രൂപ കവര്‍ന്നു. ഓഫീസ് റൂമിലെ കമ്പ്യൂട്ടറുകളും അലമാരയിലെ ഫയലുകളുമെല്ലാം നശിപ്പിച്ച നിലയിലാണ്.
എന്നാല്‍ മേശയില്‍ ഉണ്ടായിരുന്ന പണം മാത്രമേ നഷ്ടമായിട്ടുള്ളു. സ്കൂളിന്റെ പ്ലസ് ടു കെട്ടിടത്തിന്റെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. ഓഫീസ് വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയ കള്ളന് സിസിടിവികളും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
സ്കൂള്‍ കെട്ടിടത്തിന്റെ മതിലിന്റെ ഭാഗത്ത് സംശയാസ്പദമായി ബൈക്ക് പാര്‍ക്ക് ചെയ്ത സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, രണ്ടുദിവസം മുമ്പ് കൂനമ്മാവ് സെന്റ് ജോസഫ് സ്കൂളിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. ഒരേയാള് തന്നെയാണ് രണ്ടു സ്കൂളുകളിലും കവര്‍ച്ച നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഉത്തരവിലെ വിവാദഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്ന വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.
നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.
അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനങ്ങൾക്ക് പരിഗണിക്കും.
കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Kerala
പാലക്കാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീം സോംഗ് തയാറാക്കിയതു പാലക്കാട് ജില്ലയിലെ പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പൊതുവിദ്യാഭ്യാസവകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽനിന്നാണു പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളുടെ പാട്ട് പ്രമേയഗാനമായി തെരഞ്ഞെടുത്തത്.
രചനയും സംഗീതവും ആലാപനവും നടത്തിയതു സ്കൂളിലെ കുട്ടികൾതന്നെ. സംസ്ഥാന കായികമേളയ്ക്കു തീം സോംഗ് രചിച്ച പ്ലസ്ടു വിദ്യാർഥിയും പൊറ്റശേരി സ്കൂൾ പാർലമെന്റ് ചെയർമാനുമായ വി. പ്രഫുൽദാസാണ് കലോത്സവത്തിനായും പ്രമേയഗാനം എഴുതിയത്.
ഹൃദ്യ കൃഷ്ണ, വി.കെ. അക്ഷയ് എന്നിവരാണു വരികൾക്ക് ഈണം പകർന്നത്. പി.കെ. മുഹമ്മദ് ഫായിസ്, ഹൃദ്യ കൃഷ്ണ, എ. സൂരജ് ചന്ദ്രൻ, ആബേൽ ബിനോയ്, ജോയൽ മൈക്കിൾ, കെ. ലക്ഷ്മിക, കെ. ഗാഥകൃഷ്ണ, സി.പി. വിഷ്ണുദത്ത് എന്നിവരാണു പാടിയത്. ഗ്രാമപ്രദേശത്തെ വിദ്യാലയത്തിലെ കുട്ടികളുടെ ഈ നേട്ടം നാടിന് അഭിമാനമാണെന്നു പ്രിൻസിപ്പൽ സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് ടി. സബിത, പിടിഎ പ്രസിഡന്റ് പി. ജയരാജൻ എന്നിവർ പറഞ്ഞു.
Kerala
കൊല്ലം: നിലമേലിലെ സ്കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന് (38) ആണ് മരിച്ചത്.
നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു. കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിലമേല്‍ വലിയവഴി രണ്ടാംവാര്‍ഡില്‍ മുന്‍ മെമ്പറായിരുന്നു വിനോദ് ബാലന്.
National
ഗുവാഹട്ടി: ആസാമിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് ബജ്റംഗ്ദൾ - വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ. ബെൽസോറിലെ പനിഗാവ് സെന്റ് മേരീസ് സ്കൂളിലാണ് ആക്രമണം നടത്തിയത്.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങളും തയാറെടുപ്പുകളും ഹിന്ദുത്വ പ്രവർത്തകർ തീവച്ച് നശിപ്പിക്കുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ മറ്റ് നിരവധി വസ്തുക്കളും അക്രമികൾ നശിപ്പിച്ചതായി പോലീസ് പറഞ്ഞു.
വിഎച്ച്പി ജില്ല സെക്രട്ടറി ഭാസ്കർ ദേഖ, വൈസ് പ്രസിഡന്റ് മാനസ് ജ്യോതി, ബജ്റംഗ്ദൾ ജില്ല കൺവീനർ നയൻ തലൂക്ദർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടും. പ്രതികൾ ‘ജയ് ശ്രീറാം’ വിളികളോടെ എത്തിയാണ് ആക്രമണം നടത്തിയത്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വിദ്യാലയങ്ങളിൽ ഭഗവദ്ഗീത പാരായണം ചെയ്യുന്നത് നിർബന്ധമാക്കിയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.
സാമൂഹിക മാധ്യമമായ എക്സിലുടെയാണ് ധാമി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഗീതയിലെ ശ്ലോകങ്ങൾ ഉരുവിട്ട് പഠിക്കുന്നത് ഞങ്ങളുടെ സർക്കാർ നിർബന്ധമാക്കിയിരിക്കുന്നു.
ഇന്ത്യൻ സംസ്കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിച്ച് അവരുടെ സമഗ്ര വികസനത്തിന് ഇത് വഴിയൊരുക്കുന്നുവെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ നിന്നും സത്യവാംഗ്മൂലവും എഴുതി വാങ്ങുമെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ലേബർ കോഡ് സംബന്ധിച്ച് പഠിക്കാനായി മൂന്നംഗ സമിതിയെ കോൺക്ലേവ് നിയോഗിച്ചു. ചെയർമാനായി സുപ്രീം കോടതി മുൻ ജഡ്ജ് ഗോപാല ഗൗഡ, പ്രഫ. ശ്യം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവരാണ് സമിതി അംഗങ്ങൾ.
രണ്ട് ലേബർ റിസർച്ച് സ്കോളർമാരും സമിതിയിൽ വരും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ലേബർ കോഡുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമിതി പരിശോധിക്കുമെന്നും തൊഴിലാളി നേതാക്കളോടൊപ്പം കേന്ദ്ര തൊഴിൽ മന്ത്രിയെ കാണും ശിവൻകുട്ടി പറഞ്ഞു.
Kerala
കൊച്ചി: പെറ്റ് ഷോയ്ക്ക് സ്കൂളിൽ ആനയെ കൊണ്ടുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വനംവകുപ്പ്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് സ്കൂളിൽ നിന്നും റിപ്പോർട്ട് തേടിയത്.
ബുധനാഴ്ച കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിലാണ് സംഭവം. പെറ്റ് ഷോയുടെ ഭാഗമായാണ് കുട്ടികൾ വീട്ടിലെ വളർത്തുമൃഗങ്ങളെ സ്കൂളിലെത്തിച്ചത്. പൂച്ചയേയും നായയേയും കുതിരയേയുമൊക്കെ കുട്ടികൾ കൊണ്ടുവന്നിരുന്നു.
അതിനിടെയാണ് ഒരു കുട്ടി ആനയുമായി സ്കൂളിലെത്തിയത്. ആനപ്പുറത്ത് ഇരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഇടപെടുകയായിരുന്നു. ഇടപ്പള്ളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്കൂൾ അധികൃതരോട് വിശദീകരണം ചോദിച്ചത്.
അനുമതി വാങ്ങിയാണോ ആനയെ സ്കൂളിലെത്തിച്ചതെന്നും കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിന് അനുമതി വാങ്ങിയിരുന്നോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചിട്ടുണ്ട്.
എന്നാൽ അനുമതി വാങ്ങിയാണ് ആനയെ സ്കൂളിലെത്തിച്ചതെന്നായിരുന്നു അധികൃതരുടെ മറുപടി. ആനപ്പുറത്ത് കയറിയത് ആനയുടെ ഉടമകളാണെന്നും അധികൃതർ മറുപടി നൽകി. സംഭവത്തിൽ സ്കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടു.
National
ബംഗുളൂരു: കർണാടകയിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. കൊപ്പൽ ജില്ലയിലെ സ്കൂളിലാണ് സംഭവം.
സംഭവത്തിൽ പാചകക്കാരനെയും രണ്ട് ജീവനക്കാരെയും ജില്ലാ ഭരണകൂടം സസ്പെൻഡ് ചെയ്തു. കൊപ്പൽ ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ബി. ഇറ്റ്നാൽ ഭക്ഷ്യ വിതരണ ഗോഡൗണുകളിൽ പരിശോധന നടത്തി.
സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ഗുണനിലവാരം അദ്ദേഹം പരിശോധിച്ചു.
പരിശോധനയ്ക്ക് ശേഷം കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡെപ്യൂട്ടി കമ്മീഷണർ, കുട്ടികൾക്ക് ഇത്തരം ഭക്ഷണം എങ്ങനെ വിളമ്പാൻ കഴിയുമെന്നും അവർ തന്നെ അത്തരം ഭക്ഷണം കഴിക്കുമോ എന്നും ഉദ്യോഗസ്ഥരോട് ചോദിച്ചു.
കൊപ്പൽ താലൂക്കിലെ ബിസരള്ളി ഗ്രാമത്തിലെ സർക്കാർ-എയ്ഡഡ് സ്കൂളിലെ അടുക്കളയും ഭക്ഷണം തയാറാക്കുന്ന സ്ഥലവും അദ്ദേഹം പരിശോധിക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അഭിപ്രായം ശേഖരിക്കുകയും ചെയ്തു.
പരിശോധനയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ), മറ്റ് മുതിർന്ന ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
International
മിന്ന: നൈജീരിയയിലെ കത്തോലിക്കാ സ്കൂളിൽനിന്നു കഴിഞ്ഞ മാസം ഭീകരർ തട്ടിക്കൊണ്ടുപോയ 100 സ്കൂൾ വിദ്യാർഥികളെ വിട്ടയച്ചു.
നൂറിലേറെ വിദ്യാർഥികൾ ഇപ്പോഴും ഭീകരരുടെ തടങ്കലിലാണെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചു.
മോചിതരായ വിദ്യാർഥികൾ നൈജർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മിന്നയിലെത്തി അധികൃതരെ കാണും. കുട്ടികളെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിരുന്നില്ല.
നൈജർ സംസ്ഥാനത്ത് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
Kerala
ന്യൂഡൽഹി: ഒരു കിലോമീറ്റർ ചുറ്റളവിൽ ലോവർ പ്രൈമറി (എൽപി) സ്കൂളുകളും മൂന്നു കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി (യുപി) സ്കൂളുകളും ഇല്ലാത്ത എല്ലാ പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കേരള സർക്കാരിനോടു നിർദേശിച്ചു.
2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഭൂമിശാസ്ത്രപരവും സാന്പത്തികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി, കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെയും ജസ്റ്റീസ് ജോയ്മല്യ ബാഗ്ച്ചിയുടെയും ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
മൂന്നു കിലോമീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സംവിധാനങ്ങളില്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കണമെന്നാണു കോടതി നിർദേശം. നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്നു മാസത്തിനുള്ളിൽ നയം തയാറാക്കാനും പരമോന്നത കോടതി കേരളത്തോട് ആവശ്യപ്പെട്ടു.
മലപ്പുറം മഞ്ചേരിയിലെ എളാന്പ്രയിൽ എൽപി സ്കൂൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എളാന്പ്രയിലുള്ള വിദ്യാർഥികൾ മൂന്നും നാലും കിലോമീറ്റർ അപ്പുറമുള്ള സ്കൂളുകളെയാണ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചുകൊണ്ടിരുന്നത്.
"വ്യക്തിപരമായ ആവശ്യങ്ങൾ' പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും "വിദ്യാഭ്യാസപരമായ ആവശ്യം' ഉയരുന്നതുവരെ സ്കൂൾ നിർമിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണു സംസ്ഥാന സർക്കാർ എളാന്പ്രയിലെ സ്കൂൾ ആവശ്യം നിരാകരിച്ചുകൊണ്ടിരുന്നത്.
എന്നാൽ, രാജ്യത്ത് നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനമായ കേരളം സ്കൂൾ സ്ഥാപിക്കുന്നതിനെ എന്തിന് എതിർക്കണമെന്നും, നൂറു ശതമാനം സാക്ഷരത കരസ്ഥമാക്കിയത് വിദ്യാഭ്യാസത്തിൽ പണം ചെലവിട്ടതുകൊണ്ടാണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ച് ഹൈക്കോടതി വിധി ശരിവച്ചു.
സ്കൂൾ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള രണ്ടു ഘട്ട സമീപനമാണ് സംസ്ഥാന സർക്കാരിനോടു നിർദേശിച്ചത്. ആദ്യഘട്ടത്തിൽ ലോവർ അല്ലെങ്കിൽ അപ്പർ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളും സംസ്ഥാനം തിരിച്ചറിയണം. രണ്ടാം ഘട്ടത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകളും മൂന്നു കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളുകളും ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കണം.
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിലുള്ള വിഭവപരിമിതി മുഖവിലയ്ക്കെടുത്തുകൊണ്ട് സ്വകാര്യ കെട്ടിടങ്ങൾ താത്കാലിക സ്കൂളുകളായി ഉപയോഗിക്കാൻ കോടതി അനുമതി നൽകി. എന്നാൽ ഇത് അനിശ്ചിതകാലത്തേക്ക് തുടരരുതെന്നും സ്ഥിരമായ സ്കൂളുകൾക്കായി ആവശ്യമായ ബജറ്റ് വിഹിതം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
സ്കൂളുകൾ സ്ഥാപിക്കുന്നതിനു ലഭ്യമായ എല്ലാ സ്ഥലവിവരങ്ങളും സർക്കാരിനു നൽകണമെന്ന് കോടതി ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി. സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കാൻ ചില വ്യവസ്ഥകളോടെ ജീവകാരുണ്യ സ്ഥാപനങ്ങളെ ക്ഷണിക്കാമെന്നും കോടതി സർക്കാരിനോടു പറഞ്ഞു. എന്നാൽ, ഒരു സ്വകാര്യവ്യക്തിയെയും ഈ നിർദേശങ്ങളുടെ പ്രയോജനം നേടാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
National
റായ്പുർ: ചത്തീസ്ഗഡിൽ ഹോംവർക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി. സൂരജ് പുരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
ഹോംവർക്ക് പൂർത്തിയാക്കാത്തതിനാണ് എൽകെജി വിദ്യാർഥിയെ രണ്ട് അധ്യാപകർ ചേർന്ന് മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തിൽ രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു.
പരാതിയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു കയര്‍ ഉപയോഗിച്ച് കെട്ടി മരത്തിന്റെ കൊമ്പിൽ കെട്ടിത്തൂക്കുകയായിരുന്നു. സ്കൂള്‍ പരിസരത്ത് തന്നെയുള്ള ഒരു മരത്തിലാണ് കുട്ടിയെ കെട്ടിത്തൂക്കിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടതും അധ്യാപകരെ സസ്പെന്റ് ചെയ്തതും.
സംഭവം നടക്കുമ്പോൾ പരിസരത്ത് ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. യുവാവ് ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ രണ്ട് അധ്യാപികമാരും ശ്രമിക്കുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.
SUNDAY DEEPIKA
ശ്രീനഗറിലെ കോത്തിബാഗ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഒരു കഥപറയാനുണ്ട്- മലയാളത്തിന്റെ സുഗന്ധമുള്ള ഒരു സ്നേഹഗാഥ...
ഭൂമിയിൽ ഏറ്റവും സുന്ദരമായ സ്ഥലമേത് എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതെങ്കിൽ അതിലൊന്ന് കാഷ്മീർ എന്നാകുമെന്നുറപ്പ്. ഒരുവട്ടമെങ്കിലും കാഷ്മീർ കണ്ടവർ, ആ ചോദ്യത്തിന് ഒറ്റപ്പേരിൽ ആ ഉത്തരമെഴുതും- കാഷ്മീർ.... കാഴ്ചയുടെ വിസ്മയഭൂമിക.
അത്രമേൽ സുന്ദരമെങ്കിലും, കാഷ്മീരിനെക്കുറിച്ച് കാലങ്ങളായി നമ്മൾ കേട്ടതിലേറെയും ആശങ്കകളുടെ വർത്തമാനങ്ങളാകാം. താഴ്വരയിലെ വെടിയൊച്ചകൾക്കും അതിക്രമങ്ങൾക്കും എത്ര ഇടവേള എന്ന അന്വേഷണം സ്വാഭാവികമാകുന്ന കാലം..!
എത്രയോ കാലങ്ങളായി സങ്കടങ്ങളുടെ കണ്ണീർകുടിച്ചു തളർന്ന കാഷ്മീരിന്റെ മണ്ണിൽ, ഒരുനാൾ പ്രത്യാശയുടെ ഒരു വിത്തു പാകി... കേരളത്തിന്റെ കരുതലിൽ പാകപ്പെട്ട വിത്ത്. അതു മുളപൊട്ടി, പൂവിട്ടു... കാഷ്മീരിന്റെ ആകാശങ്ങളിൽ വെടിയൊച്ചകളെ തോൽപിക്കുന്ന സ്നേഹനക്ഷത്രമായി അതു തിളങ്ങി. ഇതു മലയാളത്തിന്റെ സുഗന്ധമുള്ളൊരു കാഷ്മീർ സ്നേഹഗാഥ.
കേരള മോഡൽ ശ്രീനഗറിൽ
പൊതുവിദ്യാഭ്യാസ രംഗത്തു രാജ്യത്തിനു മാതൃകകൾ ഒരുക്കിയ കേരളത്തിന്റെ കൈയൊപ്പോടെ, ജമ്മു കാഷ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ ഒരു സർക്കാർ വിദ്യാലയം. കോത്തിബാഗ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ആ സ്കൂൾ മുറ്റം ഇന്നു മലയാളത്തിന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും കഥകളാൽ വാചാലം.
ശ്രീനഗറിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നാണിത്. 1,700ഓളം വിദ്യാർഥികൾ. ഗ്രാമീണ മേഖലകളിൽ സർക്കാർ വിദ്യാലയങ്ങൾ ആവശ്യത്തിനില്ലാത്തതിനാൽ, സാധാരണക്കാരുടെ മക്കൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന സ്കൂൾ.
വർഷങ്ങളുടെ ചരിത്രമുണ്ടെങ്കിലും അടുത്ത നാളുകൾ വരെ സ്കൂളിന്റെ സ്ഥിതി ശോചനീയമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യയനാന്തരീക്ഷത്തിന്റെയും കാര്യത്തിൽ ഏറെ പിന്നിൽ...!
അവിടേക്കാണ് മലയാളിയായ പ്രവാസി സംരംഭകന്റെ സാരഥ്യത്തിലുള്ള ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ (എഫ്എസ്എഫ്) കരുതലിന്റെ കരങ്ങളുമായെത്തിയത്. കോത്തിബാഗ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇനി ഇല്ലായ്മകളുടെ സങ്കടക്കഥകൾ പറയില്ല. ശ്രീനഗറിലെ തലയെടുപ്പുള്ള സ്വകാര്യ സ്കൂളുകളെ വെല്ലുന്ന സൗകര്യങ്ങളോടെ കുട്ടികൾ ഇവിടെ നിറഞ്ഞ സംതൃപ്തിയോടെ പഠിക്കും.
നടക്കാവിൽനിന്നു കോത്തിബാഗ് വരെ
അത്യാധുനിക സൗകര്യങ്ങളോടെ മികവിലേക്കുയർത്തിയ കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളായിരുന്നു കോത്തിബാഗ് സ്കൂളിന്റെ പുതുമോടിക്കു പ്രചോദനമായത്.
മുൻ എംഎൽഎ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എഫ്എസ്എഫ് നടക്കാവ് സ്കൂളിൽ 16 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിലും കാന്പസ് ലാൻഡ്സ്കേപ്പിംഗിലും പുതുമകളും മികവുകളും സൃഷ്ടിച്ച നടക്കാവ് സ്കൂളിന്റെ മാറ്റം, പൊതുവിദ്യാഭ്യാസമേഖലയിൽ നടക്കാവ് മോഡലായി രാജ്യത്താകെയും ശ്രദ്ധിക്കപ്പെട്ടു.
നടക്കാവ് മോഡലിനെക്കുറിച്ചറിഞ്ഞ ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെയും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.എൻ. ശർമയുടെയും പ്രത്യേക താത്പര്യപ്രകാരമാണ് എഫ്എസ്എഫ് കോത്തിബാഗിലെ സ്കൂളിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. 20 കോടി രൂപയാണ് കോത്തിബാഗ് സ്കൂളിനായി ഫൗണ്ടേഷൻ ആദ്യഘട്ടത്തിൽ ചെലവഴിച്ചത്.
നാളത്തെ നല്ല തലമുറയുടെ രൂപീകരണത്തിൽ അനിവാര്യമായ മികച്ച വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകണമെന്ന ദർശനമാണ് ഫൗണ്ടേഷനെ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിലുള്ള പങ്കാളിത്തത്തിനു പ്രചോദിപ്പിച്ചതെന്നു എഫ്എസ്എഫ് സ്ഥാപകനും കെഇഎഫ് ഹോൾഡിംഗ്സ് ചെയർമാനുമായ ഫൈസൽ കൊട്ടിക്കോളനും പത്നി ഷബാന ഫൈസലും പറഞ്ഞു.
മാറ്റം വിസ്മയം
പൊട്ടിപ്പൊളിഞ്ഞ ഭിത്തികൾ, ഇരിക്കാൻ ബെഞ്ചുകളില്ല, പെണ്‍കുട്ടികൾക്കുപോലും ശുചിമുറി സൗകര്യങ്ങളില്ല.. അതായിരുന്നു സ്കൂളിന്റെ അവസ്ഥ.
നടക്കാവ് സ്കൂളിൽ എഫ്എസ്എഫ് നടപ്പാക്കിയ പ്രമോട്ടിംഗ് റീജണൽ സ്കൂൾസ് ടു ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് ത്രൂ മൾട്ടിപ്പിൾ ഇന്റർവെൻഷൻ (പ്രിസം) പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു കോത്തിബാഗ് സ്കൂളിന്റെ നവീകരണം.
അഞ്ചു ക്ലാസ് മുറികൾ മാത്രമുണ്ടായിരുന്ന മിഡിൽ സ്കൂളിന്റെ പുത്തൻ കെട്ടിടത്തിൽ ഇന്ന് 19 സ്മാർട്ട് ക്ലാസ് മുറികൾ; എല്ലാം ശീതീകരിച്ചത്. ശാസ്ത്ര പാഠങ്ങളുടെ പ്രായോഗിക പരിശീലനത്തിന് ഒന്നുമില്ലാതിരുന്ന സ്കൂളിൽ ഇന്നു റോബോട്ടിക് സ്റ്റെം ലാബുകൾ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ. ഉച്ചഭക്ഷണം കഴിക്കാൻ മനോഹരമായ ഡൈനിംഗ് ഹാൾ, മികച്ച നിലവാരമുള്ള ശുചിമുറികൾ. ടർഫ് ഉൾപ്പെടെ മികച്ച കളിസ്ഥലം. വൈകാതെ ഇൻഡോർ സ്റ്റേഡിയവും ഒരുങ്ങും.
ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ നിർമിച്ചു നൽകിയ പുതിയ സ്കൂൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഉദ്ഘാടനം ചെയ്തത്. മലയാളിയായ പ്രവാസി വ്യവസായി കാഷ്മീരിൽ ഒരു സർക്കാർ വിദ്യാലയത്തിന്റെ നിലവാരമുയർത്താൻ നടത്തിയ ശ്രമങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്കാരങ്ങൾ സംഗമിച്ചപ്പോൾ
കോത്തിബാഗ് സ്കൂളിലെ അധ്യാപക, വിദ്യാർഥി പ്രതിനിധികളായ 13 പേർ നേരത്തേ നടക്കാവ് സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. നിർമാണം പൂർത്തീകരിച്ച കോത്തിബാഗ് മിഡിൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നടക്കാവ് സ്കൂളിലെ അധ്യാപകരും ഏതാനും വിദ്യാർഥികളും അവിടെയെത്തി. രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള സമന്വയമായി ഈ ഒത്തുചേരലുകൾ മാറിയെന്നു കോത്തിബാഗ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മൻഷ ഖാലിദ് പറയുന്നു.
വലിയ സ്നേഹമുള്ളവരാണു കേരളത്തിൽ കണ്ടുമുട്ടിയ വിദ്യാർഥികൾ. തങ്ങൾക്കു ലഭിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ മറ്റു സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികൾക്കും ലഭിക്കണമെന്ന അവരുടെ നല്ല മനസ് എത്രയോ മഹത്തരമാണ്. കേരളത്തോടു വലിയ നന്ദി- കേരളത്തിലെത്തിയ കാഷ്മീരി അധ്യാപിക മറിയം അക്ബറുടെ വാക്കുകൾ.
എന്തുകൊണ്ട് കാഷ്മീർ?
കോത്തിബാഗിലെ സർക്കാർ വിദ്യാലയത്തിന്റെ മുഖഛായ മാറ്റാനുള്ള സേവനദൗത്യം എന്തുകൊണ്ടെന്ന ചോദ്യത്തിന് ഫൈസൽ കൊട്ടിക്കോളന് ഒരേയൊരു ഉത്തരമേയുള്ളൂ... അറിവ് അതിർത്തികളെ ഇല്ലാതാക്കും. നമ്മുടെ രാജ്യത്തെ എല്ലാവർക്കും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ലഭിക്കണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ സാധാരണക്കാർക്കും കിട്ടണം. അതിനുള്ള എളിയ ശ്രമം മാത്രമാണ് ശ്രീനഗറിൽ നടപ്പാക്കിയത്.
കേരളത്തിലാണു തുടങ്ങിയത്. നടക്കാവിനു പുറമേ, കേരളത്തിലെ വിവിധ വിദ്യാലയങ്ങളെ മികവിലേക്കുയർത്താനുള്ള പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്. കാഷ്മീരിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പദ്ധതികൾ നടപ്പാക്കണമെന്നാണ് ആഗ്രഹം. - ഫൈസൽ കൊട്ടിക്കോളൻ വ്യക്തമാക്കി.
യുഎഇ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റർ ചെയർമാനാണ് ഫൈസൽ. ജീവകാരുണ്യ പ്രസ്ഥാനമായ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ ആസ്ഥാനം ദുബായിലാണ്.
ചിരിതൂകി ചിനാർ
കോത്തിബാഗ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ ചിനാർ മരങ്ങൾക്കു മുന്‍പെങ്ങും കാണാത്ത നിറപ്പകിട്ട്. മഞ്ഞുവീഴും മുന്‍പേ, അവ ആഹ്ലാദത്തോടെ പലവർണങ്ങളിൽ ഇലകൾ പൊഴിക്കുന്നുണ്ട്. ചിരിതൂകുന്ന ചിനാർ മരത്തണലിൽ വട്ടമിട്ടിരുന്ന് കാഷ്മീരി ബാല്യം നിറപ്പകിട്ടാർന്ന നാളെകളെ സ്വപ്നം കാണുകയാണ്.
Kerala
മലപ്പുറം: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. കോട്ടയ്ക്കൽ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 5.1കിലോ കഞ്ചാവ് പിടികൂടി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. ചങ്കുവെട്ടി -കോട്ടക്കൽ റോഡിൽവച്ചാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്.
എക്സൈസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. 6310 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടർന്നാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതും കൂടുതൽ കിലോ കഞ്ചാവും പണവും കണ്ടെത്തിയതും.
കോട്ടക്കലും പരിസരപ്രദേശങ്ങളിലും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
Kerala
പാലക്കാട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. പേങ്ങാട്ടിരി ചെറുവശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. നെല്ലായ പേങ്ങാട്ടിരി അംബേദ്കർ നഗറിൽ ഇന്ന് വൈകുന്നേരം 4.30നാണ് സംഭവം
കൃഷ്ണപ്പടി ഇഎൻ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ആഷിക്. കളിക്കുന്നതിനിടെ അയയിൽ ഉണ്ടായിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു.
കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം. സ്കൂളിലെ ഓഫീസ് മുറികളുടെ വാതിൽ തകർത്താണ് മോഷണം നടത്തിയത്.
ഹെഡ്മാസ്റ്ററുടെ മുറിയുടെയും സ്റ്റാഫ് റൂമിന്റെയും വാതിലുകളാണ് തകർത്തത്. ഹെഡ്മാസ്റ്ററുടെ മുറിയിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 3600 രൂപ മോഷ്ടാവ് കവർന്നു.
സ്കൂൾ ബസുകൾക്ക് ഡീസൽ അടിക്കുന്നതിനുവേണ്ടി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
District News
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ വർണ ചിറകുകൾ എന്ന പേരിൽ കൃപാലയ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും സൗഹൃദ സംഗമം നടത്തി.
നാളുകളായി സ്കൂളിൽ വരാൻ സാധിക്കാതെ വീടുകളിലിരുന്ന് അധ്യാപകരുടെ സേവനം സ്വീകരിച്ചിരുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും സംഗമത്തിൽ പങ്കെടുത്തു. ബിജു പി. വർഗീസ് ഉദ്ഘാടനം ചെയ്തു.
എസ്എബിഎസ് മാനന്തവാടി പ്രൊവിൻഷ്യൽ കൗണ്‍സലർ സിസ്റ്റർ ആൻസ്മരിയ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി തിരുഹൃദയ ദേവാലയ വികാരി ഫാ. ജോഷി പുൽപ്പയിൽ, മുരളി, സിസ്റ്റർ ടെസീന, സ്കൂൾ ഹെഡ്മിസ്ട്രിസ് സിസ്റ്റർ ആൻസീന, ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകൾക്കാണ് അവധി
വൈകുന്നേരം നാലിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന കായികമേളയുടെ സമാപന സമ്മേളനത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര അര്ലേക്ക മുഖ്യാതിഥിയാകും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
ഓവറോള്‍ ചാമ്പ്യന്മാര്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് കൈമാറുന്നതോടെ കായികമേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.
Kerala
പാലക്കാട്: ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പാലക്കാട് സ്കൂളിന് മുന്നിൽ വൻ പ്രതിഷേധം.
കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രതിഷേധം നടക്കുന്നത്. പ്രിൻസിപ്പലിനെ ഉപരോധിച്ച് കെഎസ്യു പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്.
അതേസമയം, ആരോപണവിധേയായ അധ്യാപികയെ പിന്തുണച്ച് വിദ്യാർഥികളും സ്കൂൾ അധികൃതരും രംഗത്തെത്തി.
സാധാരണ അധ്യാപകർ വിദ്യാർഥികളെ ശകാരിക്കുന്നതുപോലെ മാത്രമാണ് അധ്യാപിക അർജുനെ ശകാരിച്ചതെന്നും മരിച്ച വിദ്യാർഥിക്ക് വീട്ടിൽ നിന്നും സമ്മർദമുണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടിയെ അമ്മാവൻ മർദിച്ചുവെന്നും ഇവർ കൂട്ടിച്ചേർത്തു.
സ്കൂളിൽ നടന്ന കാര്യങ്ങൾക്ക് പിന്നിലെ വാസ്തവം എന്താണെന്ന് അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് ഒരു വിദ്യാർഥി പ്രതികരിച്ചു.
ഒൻപതാം ക്ലാസ് വിദ്യാർഥിയായ അർജുൻ(14)ആണ് വീട്ടിൽ ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
Kerala
മലപ്പുറം: സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. എടപ്പാൾ കണ്ടനക്കത്തുണ്ടായ അപകടത്തിൽ കടയിൽ നിൽക്കുകയായിരുന്ന വിജയനാണ് മരിച്ചത്.
ദാറുൽ ഹുദായ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പത്തു വിദ്യാർഥികൾക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിജയന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായാണ് തീരുമാനം.
വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കാണ് ഗ്രേസ് മാർക്ക് നൽകുന്നത്. കൂടാതെ, ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ചു മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവയ്ക്കും.
വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയാറാക്കുകയും ചെയ്യും. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Kerala
തൃശൂർ: കോടാലി സ്കൂളിലെ സീലിംഗ് തകർന്നുവീണ സംഭവത്തിൽ കോസ്റ്റ്ഫോർഡിനോട് റിപ്പോർട്ട് തേടി തദ്ദേശസ്വയംഭരണ വകുപ്പ്. സംഭവത്തിൽ സമാന്തര പരിശോധന നടത്തുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, നിർമാണത്തിൽ അപാകത ഉണ്ടായോ എന്നറിയാൻ രണ്ടു വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സമിതിയെ കോസ്റ്റ് ഫോർഡ് പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 54 ലക്ഷം രൂപയ്ക്ക് കോസ്റ്റ്ഫോർഡ് ആണ് കെട്ടിടം നിർമിച്ചത്. എന്നാൽ, തകർന്നുവീണ റൂഫ് നിർമിച്ചത് കോസ്റ്റ്ഫോർഡ് നേരിട്ടല്ല. കോടാലിയിലുള്ള പ്രാദേശിക പണിക്കാരന് സബ് കോൺട്രാക്ട് നൽകുകയായിരുന്നു.
Kerala
തൃശൂർ: സ്കൂളിൽ ഹാളിന്റെ സീലിംഗ് തകർന്നു വീണു. കോടാലി ഗവ. യുപി സ്കൂളിലാണ് സംഭവം. സ്കൂൾ അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി.
കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിംഗ് ആണ് തകർന്നത്. 2023ലാണ് ഇത് സീലിംഗ് ചെയ്തത്.
Kerala
ആലപ്പുഴ: മേൽക്കൂര തകർന്നുവീണ ആലപ്പുഴ കാർത്തികപ്പള്ളി യുപി സ്കൂളിൽ മാധ്യമങ്ങൾക്ക് വിലക്ക്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾ പുറത്തുപോകണമെന്ന് സിപിഎം പഞ്ചായത്തംഗം നിബു ആവശ്യപ്പെട്ടത് സംഘർഷത്തിന് ഇടയാക്കി.
സ്കൂൾ പ്രധാന അധ്യാപകൻ പറയാതെ പുറത്തുപോകില്ലെന്ന് മാധ്യമങ്ങൾ നിലപാടെടുത്തു. പിന്നീട് മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കാനും സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന്
ശ്രമമുണ്ടായി.
ഞായറാഴ്ച രാവിലെയാണ് ശക്തമായ മഴയിൽ സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂര
അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇന്ന് രാവിലെ മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ തടഞ്ഞത്.
Kerala
തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെന്റ് എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ. 25 കുട്ടികൾക്കാണ് ഉച്ചഭക്ഷണത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവർ പാരിപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞദിവസമായിരുന്നു സംഭവം. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും നൽകിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധ ഉണ്ടായെതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവം സ്കൂൾ അധികൃതർ തദ്ദേശസ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
Kerala
തിരുവനന്തപുരം: തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി.
കുട്ടികൾ പറയുന്നത് കേൾക്കാത്തതാണ് പ്രശ്നമെന്നായിരുന്നു ചിഞ്ചുറാണി വ്യാഴാഴ്ച പറഞ്ഞിരുന്നത്. ഈ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി ഇന്നു പറഞ്ഞു. കുടുംബം ദുഃഖാവസ്ഥയിലാണെന്നും അവർക്കൊപ്പം നില്‍ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടുംബത്തിന് വേണ്ട സഹായം സർക്കാർ നൽകും. സ്കൂളിന്റെയും കെഎസ്ഇബിയുടെയും വീഴ്ചയും പരിശോധിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെന്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദേശം നല്‍കുമെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞു.
സംഭവത്തിൽ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ, മാനേജ്മെന്റ് എന്നിവരെല്ലാം കുറ്റക്കാരാണ്. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മാനേജ്മെന്റിന് നോട്ടീസ് നൽകും. കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിന്റെയും വീഴ്ച പരിശോധിക്കുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നടപടി ഇന്നുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിലവിലെ ശിപാർശ പ്രകാരം കേരളം ചേരില്ലെന്നും കേന്ദ്രം ധനസഹായം നിഷേധിക്കുന്നതിനെതിരെ സംസ്ഥാനം നിയമപോരാട്ടം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് അർഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം. 1,500 കോടി രൂപ കേന്ദ്രം കേരളത്തിനു നൽകാനുണ്ട്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചില്ല എന്ന കാരണം പറഞ്ഞ് എസ്എസ്കെയ്ക്കുള്ള ഫണ്ട് പോലും കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ രണ്ടുതവണ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. ദേശീയ വിദ്യാഭ്യാസ നയത്തിലെ വിവിധ ശിപാർശകൾ കേരളത്തിന് അംഗീകരിക്കാൻ ആവാത്തതാണ്. ആ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കണം എന്നതാണ് പിഎം ശ്രീ പദ്ധതിയുടെ കാതൽ.
അതിനാൽ നിലവിലെ ശിപാർശകളെ മുൻനിർത്തി പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വയ്ക്കാൻ സംസ്ഥാനത്തിന് ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
District News
വിതുര: തലത്തൂതകാവ് ഗവ. ട്രൈബൽ എൽപി സ്കൂളിന്റെ മതിൽ കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിലാണ് വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി മതിൽ നിർമിച്ചത്.
പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. എന്നാൽ അത്യാവശ്യ സമയങ്ങളിൽ ആർആർറ്റി ടീമിനെ വിളിച്ചാൽ എത്തുന്നില്ലെന്നും ആനക്കിടങ്ങുകളുടെ നിർമാണം പാതിവഴിയിൽ നിലച്ച നിലയിലാണെന്നും സോളാർ പെൻസിംങ്ങ് പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം കുളമോട്ട് പാറ രാധയുടെ വീട് കാട്ടാന ആക്രമിച്ചിരുന്നു. തലനാരീഴക്കാണ് രാത്രിയിൽ രാധ ഓടിരക്ഷപ്പെട്ടത് . പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാന ആക്രമണത്തിൽ നിന്നും സംരക്ഷിക്കാനായി സ്കൂളിന് ചുറ്റും അടിയന്തരമായി ആന കിടങ്ങ് നിർമിക്കണമെന്ന് സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ്. റഷീദ് ആവശ്യപ്പെട്ടു.
വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് വിതുര, അഖിലേന്ത്യ ആദിവാസി അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. മനോഹരൻ കാണി, വിതുര സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം രജേഷ് നെട്ടയം, കെ പ്രദീപ്കുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Youth Special
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിട്ട്, സ്കൂൾ തലം മുതൽ വിദ്യാർത്ഥികളിൽ സംരംഭകത്വ കഴിവുകൾ (Entrepreneurial Skills) വളർത്തുന്നതിന് ഊന്നൽ നൽകുന്നു. പരമ്പരാഗത ജോലി സാധ്യതകൾക്കപ്പുറം സ്വന്തമായി സംരംഭങ്ങൾ ആരംഭിച്ച് തൊഴിൽ ദാതാക്കളാകാൻ യുവതലമുറയെ സജ്ജരാക്കുക എന്നതാണ് ഈ പുതിയ സമീപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് കേവലം ബിസിനസ്സ് ആശയങ്ങൾ പഠിപ്പിക്കുന്നതിന് പകരം, പ്രശ്നപരിഹാര ശേഷി, സർഗ്ഗാത്മകത, നേതൃത്വഗുണം, റിസ്കെടുക്കാനുള്ള ധൈര്യം തുടങ്ങിയ ഗുണങ്ങൾ വിദ്യാർത്ഥികളിൽ വളർത്താനാണ് ശ്രമിക്കുന്നത്.
വിവിധ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ ഈ സംരംഭകത്വ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ആലോചനയുണ്ട്. പ്രോജക്റ്റ് അധിഷ്ഠിത പഠനം, വ്യവസായ സന്ദർശനങ്ങൾ, യുവ സംരംഭകരുമായി സംവദിക്കാനുള്ള അവസരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനും, അവയെ ഒരു ബിസിനസ്സ് മോഡലായി വികസിപ്പിക്കാനും പരിശീലനം ലഭിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) ഇൻ്റർഫേസുകൾ വഴി സ്കൂളുകളിൽ ഇന്നൊവേഷൻ ആൻഡ് എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് സെൻ്ററുകൾ (IEDCs) ആരംഭിക്കുന്നത് ഈ ലക്ഷ്യത്തിന് വലിയ പിന്തുണ നൽകുന്നു.
"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ സംരംഭകർ," ഒരു പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. കെ.പി. വിജയൻ പറഞ്ഞു. "അവർക്ക് ചെറുപ്പത്തിൽ തന്നെ അവസരങ്ങളും പ്രോത്സാഹനവും ലഭിച്ചാൽ, നൂതന ആശയങ്ങളിലൂടെ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ അവർക്ക് സാധിക്കും. ഇത് തൊഴിലില്ലായ്മ കുറയ്ക്കാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും."
കൂടാതെ, കോളേജ് തലങ്ങളിൽ സംരംഭകത്വ ഇൻകുബേഷൻ സെൻ്ററുകൾ ശക്തിപ്പെടുത്താനും, വിജയകരമായ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ തലത്തിൽ പിന്തുണ നൽകാനും പദ്ധതിയുണ്ട്. യുവജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള എല്ലാ പിന്തുണയും നൽകിക്കൊണ്ട്, കേരളത്തെ ഒരു സംരംഭകത്വ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് ഈ നീക്കങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് യുവജനങ്ങളുടെ കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് നിർണായകമാകും.