ബംഗുളൂരു: സർക്കാർ സ്കൂളിലെ വാതിലിൽ കുടുങ്ങി ആറു വയസുകാരിയുടെ രണ്ട് വിരലുകൾ അറ്റു. കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകാതെ സ്കൂൾ അധികൃതർ അറ്റു പോയ വിരലുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു. ബംഗുളൂരുവിലാണ് സംഭവം.
ഉച്ചഭക്ഷണത്തിന് വരിയിൽ നിൽക്കുമ്പോഴാണ് കുട്ടിയുടെ വിരലുകൾ വാതിലിനിടയിൽ കുടുങ്ങി അറ്റു പോയത്. അമിതമായി രക്തം വാർന്നുവെങ്കിലും അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല.
സംഭവത്തെക്കുറിച്ച് വളരെ വൈകിയാണ് മാതാപിതാക്കളെ അറിയിച്ചത്. വിവരമറിഞ്ഞയുടൻ സ്കൂളിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള ജില്ല ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ വിരലുകൾ ചേർത്തുവയ്ക്കാമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.
രക്തം കണ്ട് മറ്റ് കുട്ടികൾ പേടിക്കുന്നതിനാലാണ് വിരലുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചതെന്നാണ് അധ്യാപകർ മാതാപിതാക്കളോട് പറഞ്ഞത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സ്കൂൾ അധികൃതർ 2000 രൂപ നൽകിയിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂളിലെ പ്രധാന അധ്യപകൻ നാഗേഷ്, അധ്യാപകരായ രേണുകമ്മ, വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്തപ്പ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Tags : student fingers school door Karnataka