National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. സരയ് ജുലെന സ്വദേശി മാനവ് (19) ആണ് മരിച്ചത്.
മാനവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് സാദ് (21) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവരും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികളാണ്.
മാനവിന്റെ പിറന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോദി മിൽ ഫ്ലൈ ഓവറിന് സമീപത്ത് വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
മാനവ് സംഭവസ്ഥലക്ക് വച്ച് തന്നെ മരിച്ചു. മുഹമ്മദ് സാദ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി ട്രക്ക് ഡ്രൈവർ ജഹുൽ (32) നെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് പോക്സോ കോടതി. കോഴിക്കോട് പേരാമ്പ്ര കല്പത്തൂര് സ്വദേശി തട്ടാന്‍കണ്ടി കോളനിയില്‍ ദാമോദരനെയാണ് കോടതി ശിക്ഷിച്ചത്. ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയൊടുക്കാനുമാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്.
പേരാമ്പ്ര അഞ്ചാംപീടികയിലെ കല്യാണ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു കേസ്. കുട്ടി ഈ വിവരം സ്കൂള്‍ അധ്യാപികയെ അറിയിക്കുകയും അധികൃതര്‍ പേരാമ്പ്ര പോലീസിന് വിവരം കൈമാറുകയും ചെയ്തു.
പോലീസ് കുട്ടിയുടെ വീട്ടില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്ഐ സജി അഗസ്റ്റില്‍, എഎസ്ഐ ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു.
National
ഭോപ്പാൽ: പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഔസാഫ് അലി ഖാൻ, മാസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്.
ഷാപുരയിലെ ഒരു സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായി ഔസാഫ് അലി ഖാൻ സൗഹൃദത്തിലായിരുന്നു. സൗഹൃദം വളർന്നപ്പോൾ ഔസാഫ് പെൺകുട്ടിയുമായി ഡ്രൈവിംഗിന് പോകുകയും ആളൊഴിഞ്ഞ പ്രദേശത്തുവച്ച് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
ആസൂത്രണം ചെയ്ത് നടപ്പാക്കിയ ബലാത്സംഗത്തിന്റെ ദൃശ്യങ്ങൽ ഔസാഫിന്റെ സുഹൃത്ത് മാസ് ഖാൻ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയോട് പണം ആവശ്യപ്പെടുകയും ചെയ്തു.
ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ വൈറലാക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഇതോടെ പെൺകുട്ടി 40,000 രൂപ നൽകിയെങ്കിലും അവർ അവളെ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു.
ഒടുവിൽ വിദ്യാർഥിനി തന്റെ കുടുംബത്തോട് കാര്യങ്ങൾ വിശദീകരിക്കുകയും, ഹിന്ദു സംഘടനകളുടെ പിന്തുണയോടെ പോലീസ് പരാതി നൽകുകയും ചെയ്തു.
രണ്ട് സെഡാനുകളും ഒരു മഹീന്ദ്ര താറും ഉൾപ്പെടെ നാല് കാറുകളിൽ എത്തിയാണ് പുരുഷന്മാർ അവളെ ആക്രമിച്ചതെന്നും വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഇസ്ലാം മതം സ്വീകരിക്കാൻ ഇവർ സമ്മർദം ചെലുത്തിയതായും പോലീസ് പറഞ്ഞു.
കേസ് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള എസ്ഐടി, പുരുഷന്മാർ മറ്റ് ഏതെങ്കിലും സ്ത്രീകളെ ലക്ഷ്യം വച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
Kerala
കോഴിക്കോട്: നടുവണ്ണൂരിനടുത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിന് രാജ്(22) ആണ് മരിച്ചത്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഓസ്ട്രേലിയയില്‍ നിന്നും രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയതാണ് അശ്വിൻ രാജ്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെ കരുവണ്ണൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അശ്വിന് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലൂടെ അശ്വിന് അല്പ ദൂരം നിരങ്ങി നീങ്ങിപ്പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓസ്ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന അശ്വിന് രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അധ്യാപകരായ ചെറുവലത്ത് രാജിന്റെയും(റിട്ട. അധ്യാപകന്, എംജെ വിഎച്ച്എസ്എസ്, വില്യാപ്പള്ളി) ബിനിതയുടേയും(എജെജെഎം എച്ച്എസ് ചാത്തന്‍കോട്ട്നട) മകനാണ്. സഹോദരന് അഭയ് ബി. രാജ്.
Kerala
കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ അധ്യാപകൻ. സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും അധ്യാപകർ ആരോപിക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായാണ് കുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുന്നതായി അധ്യാപകർ അറിയിച്ചു.
കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല. ആകെ 16 ഫോളോവേഴ്സ് മാത്രമാണുള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് കുട്ടിയുടെ സ്കൂൾ അധ്യാപകർ പറയുന്നത്.
പെൺകുട്ടി ജീവനൊടുക്കി രണ്ടാഴ്ച പിന്നിടുമ്പോഴും കത്തിലെഴുതിയിരുന്നതാണ് മരണകാരണമെന്ന നിഗമനത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് മുതിർന്നില്ലെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് ലഭിച്ച സമ്മാനം നാട്ടിൽ കുറഞ്ഞ വിലയ്ക്കുള്ള വാച്ച് ആയിരുന്നു.
കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നുവെന്നും അധ്യാപകർ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 27ന് ആയിരുന്നു പ്ലസ് വൺ വിദ്യാർഥിനി ആദിത്യയെ ക്വാറി കുളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
National
അമൃത്സർ: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ സഹപാഠിയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവച്ച് ജീവനൊടുക്കി വിദ്യാർഥി.
ഒന്നാം വർഷ നിയമവിദ്യാർഥികളായ നൗഷെഹ്റ പന്നുവാൻ നിവാസിയായ സന്ദീപ് കൗർ, ജലന്ധർ ജില്ലയിലെ മല്ലിയൻ ഗ്രാമവാസിയായ പ്രിൻസ് രാജ് എന്നിവരാണ് മരിച്ചത്.
സംഭവത്തിന്റെ ക്ലാസ് മുറി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ 9.15ഓടെയാണ് സംഭവം നടന്നത്.
ക്ലാസിലേക്ക് കയറിവന്ന പ്രിൻസ്, സന്ദീപ് കൗറിനടുത്തേക്ക് എത്തുകയും ഇരുവരും സംസാരിക്കാനായി മുറിയുടെ പിൻഭാഗത്തേക്ക് പോവുകയുമായിരുന്നു. മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
സംസാരത്തിനിടെ ബാഗിൽ നിന്നും തോക്കെടുത്ത യുവാവ് നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ തലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പെൺകുട്ടി വീണയുടൻ തന്നെ ഇയാൾ സ്വന്തം തലയ്ക്കും വെടിവെച്ചു. ഈ സമയം ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ പരിഭ്രാന്തരായി പുറത്തേക്കോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പോലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൊലയ്ക്ക് കാരണം പ്രണയബന്ധം സംബന്ധിച്ച മുന്‍വൈരാഗ്യമാണ് എന്നാണ് പ്രാഥമിക നിഗമനം.
National
ഭോപ്പാല്‍: മധ്യപ്രദേശിലെ മൗഗഞ്ചില്‍ എട്ടാം ക്ലാസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാല് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മിന്റു ജയ്സ്വാള്‍(24), രവിനന്ദന്‍ സിംഗ് ഗൗര്‍(22), നീരജ് ജയ്സ്വാള്‍(21), സുഭാഷ് ജയ്സ്വാള്‍(23) എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയും സുഹൃത്തും ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. ഈ സമയം ബൈക്കില്‍ അതുവഴി വരികയായിരുന്ന മിന്റു ഇരുവരെയും ബൈക്കില്‍ കയറ്റി.
വഴിയില്‍ വച്ച് സുഹൃത്തിനെ ഇറക്കിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ഖനിയുടെ ഭാഗത്തേക്ക് കൊണ്ടുപോകുകയും സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
ബലമായി മദ്യം നല്കിയ ശേഷമായിരുന്നു പെൺകുട്ടിയെ സംഘം പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെൺകുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പോകുകയും ചെയ്തു. സംഭവത്തിലെ മുഖ്യപ്രതിയായ മിന്റു ജയ്സ്വാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനായിരുന്നെന്നും അതിനാലാണ് പെണ്‍കുട്ടി ബൈക്കില്‍ കയറിയതെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വർഗീയ സ്വഭാവമുള്ള മീമുകൾ പങ്കുവെച്ചതിന് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥി നൽകിയ ഹർജി പരിഗണിക്കവെ രൂക്ഷമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. കുട്ടികൾ ഇത്തരം വർഗീയ ചിന്താഗതികൾ പഠിക്കുന്നത് സ്വന്തം വീടുകളിൽ നിന്നാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ പരാമർശം നടത്തിയത്.
മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെയാണ് വർഗീയ വിദ്വേഷം പടർത്തുന്ന ഉള്ളടക്കം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചതിന് കോളേജ് അധികൃതർ പുറത്താക്കിയത്. ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി പുറത്താക്കൽ നടപടി ശരിവെച്ചിരുന്നു. തുടർന്നാണ് വിദ്യാർത്ഥി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
വിദ്വേഷം പടർത്തുന്ന കാര്യങ്ങൾ കുട്ടികൾ എവിടെ നിന്നാണ് പഠിക്കുന്നത് എന്നതിനെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു. "ഇത്തരം കാര്യങ്ങൾ കുട്ടികൾ സ്കൂളിൽ നിന്നല്ല പഠിക്കുന്നത്, അത് അവർ വീട്ടിൽ നിന്നാണ് പഠിക്കുന്നത്" എന്ന് ജസ്റ്റിസ് വിശ്വനാഥൻ നിരീക്ഷിച്ചു. വിദ്യാർത്ഥിക്ക് മാപ്പ് നൽകണമെന്ന അഭിഭാഷകന്റെ അഭ്യർത്ഥന കോടതി തള്ളി. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന വർഗീയതയുടെയും വിദ്വേഷ പ്രചാരണത്തിന്റെയും ആഴം ഈ സംഭവം വ്യക്തമാക്കുന്നുവെന്ന് കോടതി പറഞ്ഞു.
വിദ്യാർത്ഥിക്ക് തന്റെ പഠനം തുടരാൻ അനുവദിക്കണമെന്നും പുറത്താക്കൽ ഒഴിവാക്കണമെന്നുമുള്ള ആവശ്യം തള്ളിയ സുപ്രീം കോടതി, ബോംബെ ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും മതസൗഹാർദ്ദവും പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി അടിവരയിട്ടു.
സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും വർഗീയതയ്ക്കെതിരെ കുടുംബങ്ങളിൽ നിന്ന് തന്നെ ബോധവൽക്കരണം തുടങ്ങേണ്ടതിന്റെ പ്രാധാന്യത്തിലേക്കും ഈ കോടതി വിധി വിരൽ ചൂണ്ടുന്നു.
Kerala
ചെറുപുഴ: കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താബോറിലെ കുറ്റിയാത്ത് ആർനോൾഡ് അഗസ്റ്റിനാണ് (22) പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെ പ്രാപ്പൊയിൽ ഈസ്റ്റിലായിരുന്നു അപകടം. പെരിങ്ങോം ഗവ. കോളജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. ക്ലാസു കഴിഞ്ഞ് പാടിയോട്ടുചാലിൽ ടൗണിലെ ഒരു ബേക്കറിയിൽ പാർട്ട് ടൈം ജോലി ചെയ്യുകയാണ് ആർനോൾഡ്. വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങുന്പോഴാണ് കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്.
ബൈക്കിൽനിന്നു തെറിച്ചുവീണ ആർനോൾഡിന്റെ ഇടതുകൈക്ക് രണ്ട് പൊട്ടലുണ്ട്. കാലിനും പരിക്കേറ്റു. ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. താബോറിലെ പരേതനായ ഷാജിയുടെയും ഷീജയുടെയും മകനാണ്.
അടുത്ത നാളുകളിലായി കാട്ടുപന്നിശല്യം മലയോരത്ത് വർധിക്കുകയാണ്. പെരിങ്ങാലയിൽ കൃഷിയിടത്തിൽ വയോധികനെയും പ്രാപ്പൊയിൽ കൊളത്തുവായിൽ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയും കാട്ടുപന്നി ആക്രമിച്ചിരുന്നു.
Kerala
കോഴിക്കോട്: കാക്കൂരിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകൻ അഭിജിത്ത്(17)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
വീടിന് പുറത്തുള്ള തറ പ്രഷർ വാഷർ ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ബോധരഹിതനായി വീണുകിടക്കുകയായിരുന്ന അഭിജിത്തിന് ചുറ്റും വെള്ളമുണ്ടായിരുന്നു.
വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് കാക്കൂറിൽ പ്ലസ് ടു വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്. പ്രഷര്‍ വാഷറിൽ നിന്ന് ഷോക്കേറ്റാണ് അപകടം.
പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അയൽവാസിയാണ് ബോധരഹിതനായി വീണ് കിടക്കുന്ന അഭിജിത്തിനെ ആദ്യം കണ്ടത്.
ഇതേ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ഉടൻ തന്നെ ബാലുശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: നാദാപുരം ചെക്യാട് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് കടിയേറ്റത്.
മദ്രസയിൽ പോയി തിരിച്ചുവരുന്നതിനിടെ ആണ് ആക്രമണമുണ്ടായത്. കൈയ്ക്ക് കടിയേറ്റ കുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാദാപുരം ടൗണിൽ കഴിഞ്ഞ ദിവസം ഇതര സംസ്ഥാനക്കാരുടെ മൂന്നര വയസുള്ള കുട്ടിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. യുപി സ്വദേശിയായ മൂന്നരവയസുകാരി ജാനി പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്.
Kerala
മൂന്നാര്‍: സ്കൂള്‍ ബസില്‍ വിദ്യാര്‍ഥിക്ക് സഹപാഠിയുടെ ക്രൂരമര്‍ദനം. കൊരണ്ടക്കാട് സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് സഹപാഠിയുടെ മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സ്കൂളില്‍നിന്നു മടങ്ങുന്പോഴായിരുന്നു ആക്രമണം. മറ്റൊരു വിദ്യാര്‍ഥി മൊബൈൽ ഫോണിൽ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതോടെ സ്കൂള്‍ അധികൃതര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ്. ആക്രമണം നടത്തിയ വിദ്യാര്ഥിക്കെതിരേയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്ഥിക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന.
ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് അറിയിച്ചു. ആക്രമണസമയത്ത് സ്കൂള്‍ബസില്‍ അധ്യാപികമാരോ കെയര്‍ ടേക്കറോ ഇല്ലായിരുന്നെന്നാണ് വിവരം.
എന്നാല്‍ സംഭവസമയത്ത് നാല് അധ്യാപകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. ഒരു വര്‍ഷമായി കുട്ടിക്ക് നിരന്തരം മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.
Kerala
പത്തനംതിട്ട: കോഴഞ്ചേരിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. വെട്ടിപ്പുറം സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്.
നിരഞ്ജനെ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിരഞ്ജനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. മൂവരും പ്ലസ് ടു വിദ്യാർഥികളായിരുന്നു. കോഴഞ്ചേരി പമ്പ് ഹൌസിന് സമീപത്താണ് കുട്ടികളിറങ്ങിയത്. അവിടെ സാധാരണ ആരും ഇറങ്ങാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വിദ്യാർഥിയെ സഹപാഠികൾ കുത്തിക്കൊന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അർഷൻ(18) ആണ് കൊല്ലപ്പെട്ടത്. സഹപാഠികളായ രണ്ടുപേർ ചേർന്നാണ് കൃത്യം നടത്തിയത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അർഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചെന്ന് ഷംലി പോലീസ് സൂപ്രണ്ട് എൻ.പി. സിംഗ് പറഞ്ഞു.
പ്രതികളായ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. അവരെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കീഴാറൂര്‍ ഈരാറ്റിന്‍പുറത്ത് നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാള്‍ മുങ്ങി മരിച്ചു. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടില്‍ അനില്‍കുമാറിന്റെ മകനും പ്ലസ് ടു വിദ്യാര്‍ഥിയുമായ അഭിനവ് (18 ) ആണ് മരിച്ചത്.
മറ്റൊരാളെ രക്ഷപെടുത്തി. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കാട്ടാക്കട പി.ആര്. വില്യം സ്കൂളിലെ ആറ് വിദ്യാര്‍ഥികളാണ് വൈകുന്നേരം ഇവിടെ കുളിക്കാനായി എത്തിയത്. ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി.
കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാല്‍ അഭിനവ് വെള്ളത്തില്‍ താഴ്ന്നു പോയി.
നാട്ടുകാര്‍ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നി രക്ഷാസേനയും എത്തി. പിന്നീട് നടത്തിയ തെരച്ചിലിലാണ് അഭിനവിന്റെ മൃതദേഹം കിട്ടിയത്. ആര്യങ്കോട് പോലീസ് കേസെടുത്തു. മൃതദേഹം തുടർനടപടികൾക്ക് വേണ്ടി നെയ്യാറ്റിന്‍കര ആശുപത്രിയിലേയ്ക്ക് മാറ്റി.
District News
കുമ്പള: ബസിനു പിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥിനിക്ക് പരിക്കേറ്റു. മംഗളൂരുവിൽ ബിരുദ വിദ്യാർഥിനിയായ അംഗഡിമുഗർ സ്വദേശി നിത ഫാത്തിമ (19)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുമ്പള-ബദിയടുക്ക റോഡിലെ ശാന്തിപ്പള്ളയിൽ വച്ചായിരുന്നു അപകടം.
മുള്ളേരിയയിൽ നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന സ്വകാര്യബസ് ശാന്തിപ്പള്ള സ്റ്റോപ്പിൽ നിർത്തുന്നതിനായി വേഗം കുറച്ചപ്പോൾ തൊട്ടുപിന്നിലുണ്ടായിരുന്ന നിതയുടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. വിദ്യാർഥിനിയെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ഹരിപ്പാട്: കുടുംബത്തിനൊപ്പം ക്ഷേത്രദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ആണ് മരിച്ചത്.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിൽ വ്യാഴാഴ്ച ആയിരുന്നു അദ്വൈതിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. കുടുംബത്തിനൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു വിദ്യാർഥി.
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അദ്വൈതിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുവാറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അദ്വൈത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സ്കൂളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
Kerala
കൊച്ചി: തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ(16)യുടെ മരണത്തിൽ ദുരൂഹത.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ ബാഗിലുണ്ടായിരുന്ന നോട്ട്ബുക്കിൽ നിന്നും ഇംഗ്ലീഷിൽ എഴുതിയ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കുറിപ്പിലുണ്ട്.
ഒരാഴ്ച മുൻപാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന പിതാവിനെയും മാതാവിനെയും ഓർത്ത് വിഷമമുണ്ടെന്നും എന്നാൽ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കുട്ടിയുടെ ഫോൺ പരിശോധിക്കണം. ഫോൺ ലോക്ക് ചെയ്ത നിലയിലാണ്. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആദിത്യ. മൃതദേഹം സംസ്കരിച്ചു.
Kerala
കൊച്ചി: തിരുവാങ്കുളത്ത് സ്കൂളിലേയ്ക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബാഗിനുള്ളിൽ ഉച്ചഭക്ഷണവും കരുതിയിരുന്നു.
വിവരമറിഞ്ഞ ഉടൻതന്നെ വാർഡ് മെമ്പർ ചോറ്റാനിക്കര പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
ഡാളസ്: ഡാളസിലെ വുഡ്രോ വിൽസൺ ഹൈസ്കൂളിന് സമീപമുള്ള പാർക്കിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പിൽ ഒരു വിദ്യാർഥി മരിച്ചു. സ്കൂളിലെ അവസാന വർഷ വിദ്യാർഥിയും ഫുട്ബോൾ ടീം അംഗവുമായ യുവാവാണ് മരിച്ചത്.
വില്ലിസ് സി വിന്റേഴ്സ് പാർക്കിലാണ് വെടിവയ്പുണ്ടായത്. വെടിവയ്പിനെത്തുടർന്ന് സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളെ സുരക്ഷയ്ക്കായി സ്കൂളിനുള്ളിൽ തന്നെ തടഞ്ഞുവച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വുഡ്രോ വിൽസൺ സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകാൻ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുമെന്നും ഡാളസ് ഐഎസ്ഡി അറിയിച്ചു. നിലവിൽ വിദ്യാർഥികൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്നും അധികൃതർ വ്യക്തമാക്കി.
Kerala
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽനിന്നും ചെന്നൈയിലേക്കുള്ള യാത്രമധ്യേയുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. വാളാർഡി എസ്റ്റേറ്റിലെ താമസക്കാരായ
രാജ-രജനി ദമ്പതികളുടെ മകൾ ജെസ്ന രാജൻ (9)ആണ് മരിച്ചത്.
വണ്ടിപ്പെരിയാർ വാളാർഡിയിൽ നിന്നും ചെന്നൈ മേൽ മരവത്തൂർ ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിന് ഇടെയാണ് സംഭവം. തമിഴ്നാട് ത്രിച്ചിക്ക് സമീപം സാധനങ്ങളും മറ്റും വാങ്ങുന്നതിന് തീർഥാടകരുടെ വാഹനം നിർത്തുകയും ഈ സമയം റോഡ് മുറിച്ചു കടക്കുകയും ചെയ്ത ജെസ്നയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ ജെസ്ന മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
രണ്ട് ബസിലാണ് തീർഥാടകർ മേൽ മരുവത്തൂരിലേക്ക് ബുധനാഴ്ച വൈകുന്നേരം വാളാർഡിയിൽ നിന്നും പോയത്. അപകടത്തിനു പിന്നാലെ തീർഥാടനം പൂർത്തിയാകതെ ഇവർ മടങ്ങുകയും ചെയ്തു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ കോളജ് വിദ്യാർഥിനി ക്ലാസ് മുറിയിൽ ജീവനൊടുക്കി. ഗാന്ധിനഗറിലെ സെക്ടർ -7 ലെ ജെഎം ചൗധരി കോളജിലെ ഒന്നാം വർഷ ബിഎ വിദ്യാർഥിനി ശിവാനി അഹിർ(19) ആണ് തൂങ്ങി മരിച്ചത്.
പത്താൻ ജില്ലക്കാരിയാണ് ശിവാനി അഹിർ. ബുധനാഴ്ച വൈകുന്നേരം കോളജ് കാമ്പസിലെ ഹോസ്റ്റലിൽ നിന്ന് ശിവാനിയെ കാണാതായിരുന്നു. തുടർന്ന് കോളജ് അധികൃതരും പോലീസും തിരച്ചിൽ നടത്തുകയും വിവരം ശിവാനിയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
തുടരന്വേഷണത്തിൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ ശിവാനിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങിയാണ് ശിവാനി മരിച്ചത്.
സംഭവത്തിൽ ഗാന്ധിനഗർ സെക്ടർ 7 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും ഗാന്ധിനഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിവ്യ പ്രകാശ് ഗോഹിൽ പറഞ്ഞു.
Kerala
പാലക്കാട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഒറ്റപ്പാലം വരോട് സ്വദേശിനി രുദ്ര രാജേഷാണ് മരിച്ചത്.
ആർഎസ്എസ് നേതൃത്വത്തിലുള്ള സ്കൂളാണ് വ്യാസ വിദ്യാപീഠം സ്കൂൾ. സീനിയർ വിദ്യാർഥിനികളുടെ റാഗിംഗിനെത്തുടർന്നാണ് മകൾ മരിച്ചതെന്നു പിതാവ് രാജേഷ് ആരോപിച്ചു.
സീനിയർ വിദ്യാർഥികൾ മകളെ മർദിക്കാൻ ശ്രമിച്ചുവെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും രാജേഷ് പറഞ്ഞു. എന്നാൽ, പിതാവിന്റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. പാലക്കാട് നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴഞ്ചേരി: പ്ലസ്ടു വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനിലിന്റെ മകന് ആരോമലിനെയാണ് (17) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തടിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ ആരോമലിന്റെ ബാഗില്‍ നിന്ന് ചൊവ്വാഴ്ച സ്കൂള്‍ വാര്‍ഷിക പരിപാടികള്‍ നടക്കുന്നതിനിടെ അധ്യാപകര്‍ മദ്യക്കുപ്പി കണ്ടെടുത്തിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ വിളിച്ചുവരുത്തി വീട്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
ഉച്ചയോടെ വീട്ടിലെത്തിയ ആരോമലിനെ പിന്നീടാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോയിപ്രം പോലീസ് കേസെടുത്തു. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നീക്കി. അമ്മ: ഗീതാ കുമാരി.
Kerala
തിരുവനന്തപുരം: വലിയമലയില്‍ പ്ലസ് വൺ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൊളിക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി വിഷ്ണു വര്‍ഷ (16) യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. വലിയമല കൊറളിയോടുള്ള വാടകവീട്ടിലാണ് വിഷ്ണു വര്‍ഷയും കുടുംബവും താമസിച്ചിരുന്നത്. വീടിനകത്ത് കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ആഴ്ച മുന്‍പാണ് ഇവര്‍ ഇവിടേക്ക് താമസം മാറിയത്.
വിദ്യാര്‍ഥിനി ഇന്ന് സ്കൂളില്‍ പോയിരുന്നില്ല. രണ്ട് വയസുകാരനായ അനിയനൊപ്പം വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി അനുജനെ വീടിന്റെ ഹാളില്‍ ഇരുത്തിയശേഷം ബെഡ്റൂമില്‍ കയറി തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം.
സ്കൂള്‍വിട്ട് അനുജനും അമ്മയും വീട്ടില്‍ എത്തുമ്പോഴാണ് പെണ്‍കുട്ടിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കാണുന്നത്. ഐഎസ്ആര്‍ഒയിലെ ജീവനക്കാരിയാണ് മാതാവ്. പിതാവ് പെരിന്തല്‍മണ്ണയിലെ ഒരു സ്കൂളിലെ ബസില്‍ ഡ്രൈവറാണ്. സംഭവത്തില്‍ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാഷികയ്ക്കാണ് കാലില്‍ കടിയേറ്റത്. രാവിലെ ഒന്‍പതോടെ സ്കൂളിലേയ്ക്ക് പോകവേയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.
അരീക്കാട് വച്ചാണ് സംഭവം നടന്നത്. സ്കൂളിലേയ്ക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവേ വിദ്യാര്‍ഥിനിയുടെ പിന്നാലെയെത്തിയ നായ കാലില്‍ കടിക്കുകയായിരുന്നു. യാഷിക പേടിച്ച് നിലവിളിച്ചതോടെ നായ മറ്റൊരു സ്ഥലത്തേയ്ക്ക് പോയി.
കാലില്‍ സാരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. കഴിഞ്ഞ ദിവസവും ഇതിന് സമീപപ്രദേശത്ത് തെരുവ്നായ ആക്രമണമുണ്ടായിരുന്നു.
Kerala
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്.
കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്.
കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
തൃശൂർ: പഠനത്തിനിടയിലെ ഒഴിവു സമയങ്ങളിൽ അധ്യാപകനൊപ്പം ചെണ്ടമേളത്തിനു പോയിക്കിട്ടിയ പണം സ്വരുക്കൂട്ടിയാണ് എട്ടാം ക്ലാസുകാരനായ ജിന്റോ ഒരു തബല സ്വന്തമാക്കിയത്. ആ തബലയിൽ താളമിട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജിന്റോ സ്വന്തമാക്കിയ ബി ഗ്രേഡിന് സ്വർണത്തിളക്കമാണ്.
ഏലപ്പാറ ടൈഫോർഡ് എസ്റ്റേറ്റിലെ മെക്കാനിക്കായ മണിയുടെയും എസ്റ്റേറ്റ് സ്കൂളിലെ താൽക്കാലിക അധ്യാപികയായ ജീൻ മേരിയുടെയും മകനായ ജിന്റോ മാലിനെ കണ്ടെടുത്തതും സംഗീതലോകത്ത് കൈപിടിച്ചു നടത്തുകയും ചെയ്യുന്നത് അവന്റെ ഗുരുവും ഉസ്താദ് സാക്കിർ ഹുസൈന്റെ ശിഷ്യനുമായ ഡോ. ബിനുവാണ്.
സംഗീതത്തിലുള്ള അവന്റെ കമ്പവും താളബോധവും തിരിച്ചറിഞ്ഞ അദ്ദേഹം മേളങ്ങൾക്ക് അവനെ കൂടെ കൂട്ടും. അതിലൂടെ കിട്ടുന്ന ചെറിയ വരുമാനം കുടുംബത്തിനും ഒരു സഹായമാണ്. ആദ്യമായാണ് ജിന്റോ സംസ്ഥാന കലോത്സത്തിൽ മത്സരിക്കാനെത്തിയത്.
അടുത്ത വർഷം എ ഗ്രേഡ് സ്വന്തമാക്കുമെന്നും അതിനുള്ള കഠിന പരിശീലനം തുടരുമെന്നും മനസിലുറപ്പിച്ചാണ് ജിന്റോ മടങ്ങിയത്. ചിന്നാർ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ ഏഴാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.മലയിൻ കാവ് സ്വദേശി ഷാജി ഷമീന ദമ്പതികളുടെ മകൻ നിയാസ് (13) ആണ് മരിച്ചത്.
ഉണ്ടൻകോട് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
Kerala
മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ അയൽവാസിയായ രാജു ജോസ് (55) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് സൂചന. ആസിഡ് ആക്രമണത്തിൽ പെണ്‍കുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി തന്നെ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുന്നതേയുളള്ളൂവെന്ന് പോലീസ് അറിയിച്ചു.
Kerala
കൊഴിക്കോട്: മുക്കത്ത് അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. മണാശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശേരിയുടെ മകൾ അഭിഷയ്ക്കാണ് നായയുടെ കടിയേറ്റത്.
അഭിഷയയുടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.
മറ്റൊരു വിദ്യാർഥിനിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
Kerala
തൃശൂര്‍: കണ്ണനുണ്ണിയുടെ ഓട്ടന്തുള്ളല് അതിജീവനത്തിന്റെ മറ്റൊരു തുള്ളല്‍ക്കഥയാണ്. പാട്ടത്തിനെടുത്ത തോട്ടത്തില്‍ വിളഞ്ഞ ആമ്പക്കാടന്‍ കപ്പപറിച്ചു വിറ്റുകിട്ടിയ തുകയുമായിട്ടാണ് പെരുമ്പാവൂര്‍ ഇരിങ്ങോല്‍ ഗവ. വിഎച്ച്എസ്എസിലെ കണ്ണനുണ്ണി ഓട്ടന്തുള്ളല് മത്സരത്തിനെത്തിയത്. കഴിഞ്ഞതവണ അമ്മ ഓമനിച്ചുവളര്‍ത്തിയ പശുവിനെ വിറ്റുകിട്ടിയ കാശുമായെത്തി മത്സരിച്ച് ഹൈസ്കൂള്‍വിഭാഗം ഓട്ടന്തുള്ളലില് എ ഗ്രേഡ് നേടിയിരുന്നു.
ഏഴാം വയസില്‍ ഇരിങ്ങോല്‍ ക്ഷേത്രത്തില്‍ നടന്ന ഓട്ടന്തുള്ളല് കണ്ട കണ്ണനുണ്ണി അമ്മ ബിന്ദുവിനോടു ചോദിച്ചു: ഈ ചേട്ടനെന്താ നമ്മളെ കളിയാക്കുന്നത്. അമ്മ പറഞ്ഞു: ഇത് ആക്ഷേപഹാസ്യമാണെന്ന്. അപ്പോള്‍ കണ്ണനുണ്ണി പറഞ്ഞു: എനിക്കും പഠിക്കണം...
ചെറിയ കൃഷിയും പശുവളര്‍ത്തലുമായി കഴിഞ്ഞിരുന്ന അച്ഛന് ഉണ്ണികൃഷ്ണനും ബിന്ദുവിനും മകനെ തുള്ളല്‍ പഠിപ്പിക്കണമെന്ന ആഗ്രഹത്തില്‍ പശുവിനെ വിറ്റുകിട്ടിയ കാശുമായി കലാമണ്ഡലം മോഹനകൃഷ്ണന്മാസ്റ്ററുടെ അടുത്തെത്തിച്ചു. തുള്ളലില്‍ കഴിവു തെളിയിച്ച കണ്ണന് പിന്നീട് നൃത്തത്തിലേക്കും തിരിഞ്ഞു. കേരളനടനം, കുച്ചിപ്പുടി എന്നിവ കലാമണ്ഡലം വസന്തടീച്ചറുടെ ശിക്ഷണത്തിലാണ് പഠിച്ചത്.
കഴിഞ്ഞ വര്‍ഷംമുതല്‍ സംസ്ഥാനകലോത്സവത്തില്പങ്കെടുത്തുതുടങ്ങി. ഇത്തവണ തുള്ളലിനൊപ്പം കേരളനടനത്തിനും എ ഗ്രേഡ് ലഭിച്ചു. ഇന്നു കുച്ചിപ്പുടിയിലും പങ്കെടുക്കും.
കലയില്‍ മകനെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കർഷകനായ അച്ഛന് ഉണ്ണികൃഷ്ണനും പശുവിനെ വളർത്തുന്ന അമ്മ ബിന്ദുവും. കൃഷ്ണനുണ്ണി സഹോദരനാണ്.
Kerala
കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. അയോന മോൺസൺ (17) ആണ് മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
Kerala
കൊല്ലം: കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. സ്വകാര്യ ട്യൂഷൻ സെന്ററിലാണ് പ്ലസ് വൺ ക്രൂര മർദനത്തിനിരയായത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മേവറത്ത് പ്രവർത്തിക്കുന്ന വിംഗ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. റിവിഷൻ പെൻഡിങ്ങായത് ചോദ്യം ചെയ്തായിരുന്നു മർദനമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചു.
National
ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ജനുവരി ആറിന് കുട്ടി സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം.
വകിൽ(23), ഹൻസ്രാജ്(28) എന്നിവരാണ് പിടിയിലായത്. സ്കൂളിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ കുട്ടിയെ വാഹനത്തിൽ കയറ്റിയത്.
പ്രതികളെ പരിചയമുണ്ടായിരുന്നതിനാൽ കുട്ടി വാഹനത്തിൽ കയറി. തൊട്ടുപിന്നാലെ പ്രതികൾ കുട്ടിയെ ഓടുന്ന വാഹനത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ബിക്കാനീർ പ്രദേശത്തുകൂടി ഏകദേശം 90 മിനിറ്റോളം ഇവർ വാഹനം ഓടിച്ചു.
സംശയം തോന്നിയ പ്രദേശവാസികൾ വാഹനം തടഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. പരിഭ്രാന്തരായ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പീഡനത്തെക്കുറിച്ച് കുട്ടി പുറത്തുപറഞ്ഞിരുന്നില്ല.
കുടുംബാംഗങ്ങളുടെ നിരന്തര ചോദ്യം ചെയ്യലിനെ തുടർന്നാണ് കുട്ടി സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞത്. ഉടൻ തന്നെ നപസർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സിഒ ഗംഗാഷഹർ ഹിമാൻഷു ശർമയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവിധ സംസ്ഥാനങ്ങളിലും അന്വേഷണം നീണ്ടു. ബസിൽ രക്ഷപ്പെട്ട വകീലിനെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് പിടികൂടി. ഹൻസ്രാജിനെ ബിക്കാനീർ ജില്ലയിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ നിർബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് സ്ഥിരീകരിച്ചു, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം ഫോറൻസിക് തെളിവായി പിടിച്ചെടുത്തു.
National
ബംഗുളൂരു: കർണാടകയിലെ സർക്കാർ സ്കൂളിൽ നിന്നും പട്ടാപ്പകൽ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ പിടികൂടിയ പോലീസ്, കുട്ടികളെ രക്ഷിച്ച് മാതാപിതാക്കൾക്ക് കൈമാറി.
കർണാടകയിലെ ധാർവാഡിലാണ് സംഭവം. സർക്കാർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ മൂന്നാം ക്ലാസ് വിദ്യാർഥികളായ തൻവീർ ദോഡ്മാനി, ലക്ഷ്മി കരിയപ്പനവർ എന്നിവരെയാണ് കാണാതായത്.
കുട്ടികളെ കാണാതായതിനെ തുടർന്ന് അധ്യാപകരും രക്ഷിതാക്കളും തിരച്ചിൽ ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരാൾ കുട്ടികളുമായി ബൈക്കിൽ പോകുന്നത് കണ്ടു.
അന്വേഷണത്തിനിടെ ഉത്തര കന്നഡയിൽ നിന്ന് കുട്ടികളെ കണ്ടെത്തി. കുട്ടികളുമായി പോയ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഇവരെ കണ്ടെത്താനായത്.
കരിം മേസ്ത്രി എന്നയാളാണ് കുട്ടികളെ ബൈക്കിൽ കടത്തിക്കൊണ്ടുപോയത്. യാത്രക്കിടെ നിയന്ത്രണം നഷ്ടമായ ഇയാളുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇതേതുടർന്ന് കുട്ടികളെ വേഗത്തിൽ കണ്ടെത്താനായത്.
ഉലവി ചെന്നബസവേശ്വര ജാത്രയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് താൻ കുട്ടികളെ കൂട്ടിക്കൊണ്ടുപോയതെന്ന് കരീം മേസ്ത്രി പോലീസിനോട് പറഞ്ഞു.
കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറി. പരിക്കേറ്റ കരീം മേസ്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കണ്ണൂര്‍: പയ്യാവൂരിൽ വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ചാടിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.15ഓടെയാണ് സംഭവം.
സ്കൂളിൽ പരീക്ഷകള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വിദ്യാർഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. അതേസമയം, കുടുംബപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
Kerala
പാലക്കാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ (18)ആണ് മരിച്ചത്.
ജനുവരി 4ന് ആയിരുന്നു അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മുഹ്സിൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രി 11.15ഓടെയാണ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്. നാട്ടുകൽ ഐഎൻഐസി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മുഹ്സിൻ.
Kerala
കോഴിക്കോട്: പിറന്നാൾ സമ്മാനം നല്‍കാമെന്ന് പറഞ്ഞ് ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. നല്ലളം സ്വദേശി സജീന്ദ്ര ബാബുവാണ് അറസ്റ്റിലായത്.
സമ്മാനം വീട്ടിലായതിനാല്‍ കൂടെ വരണമെന്ന് അധ്യാപകൻ വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. ബൈക്കില്‍ കുട്ടിയെയും കൂട്ടി വീട്ടിലെത്തിയശേഷമാണ് അധ്യാപകന് മോശമായി പെരുമാറാന്‍ തുടങ്ങിയത്. പീഡനശ്രമം ചെറുത്ത കുട്ടി തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി ബന്ധുവിനോട് വിവരം പറയുകയായിരുന്നു. വീട്ടുകാരാണ് സ്കൂളില്‍ വിവരമറിയിച്ചത്.
സ്കൂള്‍ അധികൃതര്‍ ഇക്കാര്യം നല്ലളം പോലീസിനെ അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്തശേഷം പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് സജീന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പരീക്ഷയ്ക്കു പോകാനാകാതെ അന്ന മരിയ. കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ കാലിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനി അന്ന മരിയയ്ക്ക് ഇന്നലെ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടായിരുന്നെങ്കിലും പോകാനായില്ല.
പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മണ്‍വിള സ്വദേശിനി അന്ന മരിയയ്ക്ക് (17) വ്യാഴാഴ്ചയാണ് പരീക്ഷ കഴിഞ്ഞു വരുംവഴി സമീപവാസിയുടെ വളര്‍ത്തുനായ്ക്കളുടെ ക്രൂരമായ കടിയേറ്റത്. സംഭവത്തില്‍ അന്നയുടെ മാതാപിതാക്കള്‍ ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന മരിയ വാക്സിനേഷന് നടപടികള്‍ക്കു ശേഷം രാത്രി വൈകിയാണ് വീട്ടിലേക്കു മടങ്ങിയത്. ആന്റിബയോട്ടിക്കും വാക്സിനേഷനുമല്ലാതെ കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടിയാണ് മെഡിക്കല്‍ കോളജ് ഡോക്ടർമാരില്‍ നിന്നും ലഭിച്ചതെന്ന് അന്നയുടെ മാതാപിതാക്കള്‍ പറയുന്നു.
പട്ടികടി മൂലമുള്ള മുറിവായതിനാല്‍ തുന്നിച്ചേര്‍ക്കാനോ കെട്ടി വയ്ക്കാനോ സാധിക്കില്ല. വെള്ളവും സോപ്പും ഉപയോഗിച്ചു കഴുകുക മാത്രമാണ് ചെയ്യാവുന്നത്. ആഴത്തിലുള്ള മുറിവുമൂലമുള്ള വേദനയും നീറ്റലും സഹിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് അന്ന. ജനറല്‍ ഫിസിഷ്യനു പുറമേ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ സര്‍ജനെയും കണ്ടിരുന്നു.
പട്ടികടിയേറ്റുള്ള ആഴത്തിലുള്ള മുറിവില്‍നിന്നും ഇപ്പോഴും ചോരയൊലിക്കുകയാണെന്ന് അന്നയുടെ മാതാവ് ആശ പറഞ്ഞു. കാല്‍മുട്ടിനു പിന്നിലായുള്ള ആഴത്തിലുള്ള മുറിവു മൂലം നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. മുത്തശിയുടെ വാക്കര്‍ ഉപയോഗിച്ചാണ് വീടിനുള്ളില്‍ നടക്കുന്നത്.
ആഴത്തിലുള്ള മുറിവേറ്റ ഭാഗത്തു നിന്നും മാംസവും നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് പോലീസ് സ്റ്റേഷനില്‍ ഒരു കേസ് കൊടുക്കുന്നത്. പരാതിയില്‍ നായകളുടെ ഉടമയുടെ കൃത്യമായ അഡ്രസ് നല്‍കിയെങ്കിലും എഫ്ഐആറില്‍ മുഴുവന്‍ വിലാസവും ചേര്‍ത്തിട്ടില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. മണ്‍വിള സ്വദേശികളായ മനോജ് വി. ലാസര്‍-കെ. ആശ ദമ്പതികളുടെ മകളാണ് അന്ന മരിയ.
Kerala
പാലക്കാട്: അധ്യാപകൻ ആറാംക്ലാസ് വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരേ ഗുരുതര കണ്ടെത്തലുമായി എഇഒയുടെ റിപ്പോർട്ട്. വിവരം പോലീസിനെ അറിയിക്കുന്നതിൽ സ്കൂളിനു വീഴ്ച പറ്റി.
അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തിൽ പ്രശ്നമായെന്നാണ് എഇഒയുടെ റിപ്പോർട്ട്. വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണു വിഷയത്തിൽ പരാതി നൽകിയതെന്നു റിപ്പോർട്ടിൽ പറയുന്നു.
രക്ഷിതാക്കളുടെ നിസഹകരണമുണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്കു പരാതി നൽകാമായിരുന്നു. സംഭവം അറിഞ്ഞതോടെ അധ്യാപകന്റെ രാജി എഴുതിവാങ്ങി. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നിനാണ് വിദ്യാഭ്യാസവകുപ്പിനു പരാതി നൽകിയത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് എഇഒ സമർപ്പിച്ച റിപ്പോർട്ടിലാണ് സ്കൂളിനെതിരേ ഗുരുതര പരാമർശങ്ങളുള്ളത്. കഴിഞ്ഞ നവംബർ 29നാണു കേസിനാസ്പദമായ സംഭവം.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയെ ക്വാർട്ടേഴ്സിലെത്തിച്ച് അധ്യാപകൻ അനിൽ മദ്യംനൽകി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷം സ്പെഷൽ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകൻ പിടിയിലാകുന്നത്.
അധ്യാപകനു സസ്പെൻഷൻ
മലന്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്. എഇഒയുടെ റിപ്പോർട്ടിനെത്തുടർന്നാണ് വകുപ്പുതല നടപടി.
സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്നു എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ശിപാർശ നൽകിയിട്ടുണ്ട്. വിഷയം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണു മാനേജർക്കെതിരേ നടപടിക്കു ശിപാർശ നൽകിയത്.
സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കാണു വിദ്യാഭ്യാസവകുപ്പ് നോട്ടീസ് ലഭിച്ചത്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശിച്ചു. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതലനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
Kerala
പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി.
സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ നടപടിക്ക് ശിപാർശ നൽകിയത്.
സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് ലഭിച്ചത്.
സംഭവത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകി. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് വിദ്യാർഥി രണ്ടാം നിലയിൽ നിന്ന് വീണതെന്ന് വ്യക്തമല്ല. വിദ്യാർഥിയുടെ തുടയെല്ലിനും കൈക്കും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: തൃത്താലയിൽ വ്യായാമത്തിനായി വീടിനുള്ളിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫ (11) ആണ് മരിച്ചത്. ആയിഷ ഹിഫ വട്ടേനാട് ജിവിഎച്ച്എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
ഉയരം വർധിപ്പിക്കുന്നതിനുള്ള വ്യായാമത്തിനായി വീട്ടിലെ അടുക്കളയിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങിയാണ് കുട്ടി അപകടത്തിൽപെട്ടതെന്ന് കുടുംബം മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്തായിരുന്നു അപകടം.
ഈ സമയം കുട്ടിയുടെ മുത്തശിമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കയറിൽ കുരുങ്ങിയ നിലയിൽ ഹിഫയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയിൽ. അങ്ങാടിക്കല്‍ തെക്ക് കൊടുമണ്‍ ചിറ പുത്തന്‍ വിള വടക്കേതില്‍ അജേഷിന്റെയും അനിതയുടെയും മകള്‍ ആഷില (14) ആണ് മരിച്ചത്.
ചന്ദനപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഷില. വ്യാഴാഴ്ച വൈകിട്ട് ആറോടെ മുറിയില്‍ കയറി വാതിലടച്ച കുട്ടി പുറത്തുവരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി മുറി തകര്‍ത്തു അകത്തു കയറിയപ്പോഴാണ് കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കൻണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ഋഷിക.
വര്‍ക്കലയിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
Kerala
കോഴിക്കോട്: പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. തൃശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2022 ഓഗസ്റ്റിലാണ് സംഭവം. 14 കാരിയായ വിദ്യാർഥിനിയോടു പ്രതി ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽവച്ചും തൃശൂരിലെ പ്രതിയുടെ വീട്ടിൽവച്ചും ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്.
വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
District News
അഞ്ചല്‍ : പരീക്ഷയിൽ രണ്ടു മാര്‍ക്കു കുറഞ്ഞതിനാല്‍ വിദ്യാര്‍ഥിനിയുടെ കൈ സ്വകാര്യ ട്യൂഷന് സെന്ററിലെ അധ്യാപകന് അടിച്ചുപൊട്ടിച്ചതായി പരാതി. ഏരൂര്‍ നെട്ടയം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് നെട്ടയത്ത് പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷന് സെന്ററില്‍ കണക്കിനു പരീക്ഷ നടത്തിയത്. പരീക്ഷയില്‍ 40 ല്‍ 38 മാര്‍ക്കും വിദ്യാര്‍ഥിനി വാങ്ങിയിരുന്നു. എന്നാല്‍ രണ്ടു മാര്‍ക്ക് കുറഞ്ഞു പോയതിനാണ് അധ്യാപകന് കൈക്കു വടികൊണ്ടു അടിച്ചു പരിക്കേല്‍പ്പിച്ചതെന്നു വിദ്യാര്‍ഥിനി പറയുന്നു. പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ രണ്ടു കുട്ടികളെ ഒഴിച്ച് മറ്റുള്ള കുട്ടികളെയെല്ലാം അടിച്ചതായും വിദ്യാര്‍ഥിനി വ്യക്തമാക്കി. സംഭവത്തില്‍ മാതാപിതാക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഏരൂര്‍ പോലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു സിപിഎം -ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘടിച്ചു സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ ട്യൂഷന് സെന്ററിന്റെ ബോര്‍ഡ് ഉള്‍പ്പടെയുള്ളവ നശിപ്പിച്ചു.
ശക്തമായ നടപടി ഉണ്ടായില്ലങ്കില്‍ പ്രതിഷേധ പരിപാടികളിലേക്കു നീങ്ങുമെന്ന് ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റിയുടെ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷൈന്‍ ബാബു പറഞ്ഞു. സ്ഥാപനത്തില്‍ അതിക്രമിച്ചു കടന്ന് ഒരു സംഘം ആളുകള്‍ കേടുപാടുകള്‍ വരുത്തിയതായി ചൂണ്ടിക്കാട്ടി ട്യൂഷന് സെന്റര്‍ ഉടമയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Kerala
കോഴിക്കോട്: സ്കൂളിലെ അവധിക്കാല ക്ലാസിനെ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ് മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഏഴാം ക്ലാസുകാരന്. മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു വിദ്യാര്‍ഥി വിളിച്ചത്.
അവധിക്കാലമായിട്ടും സ്കൂളില്‍ ക്ലാസെടുക്കുന്നുവെന്നു പരാതിപ്പെട്ട വിദ്യാര്‍ഥി തന്റെ പേരു വെളിപ്പെടുത്തരുതെന്നു മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
പേര് വെളിപ്പെടുത്തില്ലെന്നു മന്ത്രി പറഞ്ഞുവെങ്കിലും സോഷ്യല്‍ മീഡിയകളിലൂടെയും ചാനലുകളിലൂടെയും നാട്ടിലെല്ലാം അക്കാര്യം പാട്ടായി. വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയിലായിരുന്നു ഫോണ്‍ വിളി എന്നതിനാല്‍ വിദ്യാര്‍ഥി പറഞ്ഞ കാര്യങ്ങളെല്ലാം അവിടെയുണ്ടായിരുന്നവര്‍ കേള്‍ക്കുകയും പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവരികയുമായിരുന്നു.
വിദ്യാര്‍ഥിയുടെ സമീപത്ത് അമ്മയും ഉണ്ടായിരുന്നു. അവര്‍ മകന്റെ കൈയില്‍നിന്ന് ഫോണ്‍ വാങ്ങി യുഎസ്എസ് ക്ലാസാണ് നടക്കുന്നതെന്നും കുറച്ചുസമയം മാത്രമേ ക്ലാസ് ഉള്ളൂവെന്നും മന്ത്രിയോടു പറഞ്ഞ് വിഷയത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ശ്രമിച്ചു.
മകന് പഠിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ ചോദ്യത്തിന്, കളിയാണ് കൂടുതലെന്നായിരുന്നു അമ്മയുടെ പ്രതികരണം. ഏഴാം ക്ലാസുകാരന് കളിച്ചുനടക്കേണ്ട പ്രായമാണിതെന്ന് മന്ത്രി അമ്മയോടു പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിയോട് സംസാരിച്ച മന്ത്രി, കളിയോടൊപ്പം പഠനത്തില്‍ക്കൂടി ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. അവധിക്കാലത്ത് സ്കൂളില്‍ ക്ലാസ് നടത്തുന്നത് ശരിയല്ലെന്ന് മന്ത്രി പൊതുവായി പ്രതികരിക്കുകയും ചെയ്തു.
District News
കൂടരഞ്ഞി: ആദിവാസി വിഭാഗത്തിൽപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ കയറി മർദിച്ചതായി പരാതി. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. അതേ സ്കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ലസ്ടു വിദ്യാർഥി വീട്ടിൽ കയറി മർദിക്കുകയായിരുന്നു.
കൊളപ്പാറക്കുന്നിൽ കോതേരി ക്വാട്ടേഴ്സിൽ എത്തിയാണ് ആക്രമിച്ചത്. ചെരുപ്പ് മാറി ധരിച്ചതാണ് തർക്കത്തിന് കാരണമെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു. നെഞ്ചിനും മുഖത്തും പരിക്കുണ്ട്. അമ്മ പിടിച്ചു മാറ്റിയതുകൊണ്ട് കൂടുതൽ പരിക്കേൽക്കാതെ വിദ്യാർഥി രക്ഷപ്പെട്ടു. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിദ്യാർഥിയെ കുത്തിക്കൊന്നു. വംശീയ അധിക്ഷേപം എതിർത്തതിനാണ് ത്രിപുര സ്വദേശിയായ 24കാരനെ ഡെറാഡൂണിൽ കൊലപ്പെടുത്തിയത്.
ഏഞ്ചൽ ചക്മ ആണ് മരിച്ചത്. മർദനമേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ഏഞ്ചൽ ചക്മ ചികിത്സയിൽ കഴിയുന്നതിനിടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാളായ നേപ്പാൾ സ്വദേശി നേപ്പാളിലേക്ക് കടന്നതായാണ് വിവരം.
സഹോദരൻ മൈക്കൾ നൽകിയ പരാതിയിൽ പ്രകാരം, ഡിസംബർ ഒൻപതിന് വൈകുന്നേരം ഇരുവരും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയിരുന്നു. ഇതിനിടെ മദ്യപിച്ചെത്തിയ ഒരുസംഘമാളുകൾ ഇവരെ വംശീയമായി അധിക്ഷേപിച്ചു.
ഇതിനെ പ്രതിരോധിച്ച ഏഞ്ചലിനെ ആക്രമികൾ കത്തിയും കമ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 15 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഏഞ്ചലിന്റെ കഴുത്തിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഏഞ്ചലിന്റെ പിതാവ് ബിഎസ്എഫ് ഉദ്യോഗസ്ഥനാണ്.
National
റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ വിദ്യാർഥിനി ജീവനൊടുക്കി. സ്വകാര്യ എൻജിനിയറിംഗ് കോളജിലെ ഹോസ്റ്റലിലാണ് പ്രിൻസി കുമാരി(20) തൂങ്ങി മരിച്ചത്.
പഞ്ചിപത്ര പ്രദേശത്തെ ഒപി ജിൻഡാൽ സർവകലാശാലയിലെ രണ്ടാം വർഷ ബി ടെക് വിദ്യാർഥിനിയായിരുന്നു പ്രിൻസി. ശനിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ പ്രിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, "ക്ഷമിക്കണം അമ്മേ, പപ്പാ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എനിക്ക് കഴിഞ്ഞില്ല, നിങ്ങളെക്കൊണ്ട് ധാരാളം പണം ചിലവഴിപ്പിച്ചു'. എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ഹോസ്റ്റൽ മുറി അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു. വാതിൽ പൊളിച്ചാണ് പോലീസ് അകത്ത് പ്രവേശിച്ചത്. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ കുമാരി സർവകലാശാലയിലെ ജെഐടി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
Kerala
മലപ്പുറം: തിരൂരില്‍ ലേണേഴ്സ് ടെസ്റ്റിന്റെ പേരില്‍ വന്‍ അഴിമതി. പണം വാങ്ങി ലേണേഴ്സ് ടെസ്റ്റില്‍ ജയിപ്പിച്ചതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് നടത്തുന്ന പരീക്ഷയിലാണ് ക്രമക്കേട്.
ചോദ്യങ്ങള്‍ കഠിനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിദേശരാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് പാസാകേണ്ടതില്ല. മറിച്ച് ലേണേഴ്സ് പരീക്ഷ മാത്രം പാസായാല്‍ മതി എന്നുള്ളതാണ്.
ഈ പരീക്ഷ പാസാകണമെങ്കില്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാര്‍ മുഖേന ആര്‍ടിഒ ഓഫീസിലേക്ക് ലൈസന്‍സ് ആവശ്യമുള്ള ആളുകള്‍ എത്തുന്നു. ഇവരില്‍ നിന്ന് പണം വാങ്ങിച്ചുകൊണ്ട് ലേണേഴ്സ് ലൈസന്‍സ് നല്കുന്നു എന്നുള്ളതാണ് വിവരം.
5000 രൂപ മുതലാണ് കൈക്കൂലി വാങ്ങിയിരുന്നത്. ലളിതമായ പരീക്ഷ കഠിനമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.
Kerala
കോട്ടയം: ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. സന്തോഷ് എം. ജോസ് എന്ന അധ്യാപകനെതിരെയാണ് നടപടിയെടുക്കുന്നത്.
വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആണ് നടപടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ച എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസുകാരന്റെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം. ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം. ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ മാനേജ്മെന്റും അറിയിച്ചിരുന്നു.
ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം. ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്.
Kerala
മലപ്പുറം: മങ്കടയിൽ പത്താംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. വേരുംപുലാക്കൽ ഇബ്രാഹിമിന്റെ മകൻ റിയാൻ (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു റിയാന്‍ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റത്.
മങ്കട ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് റിയാൻ. പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചെന്നാണ് സംശയിക്കുന്നത്.
Kerala
തൃശൂർ: അങ്കണവാടിയിൽ കടന്നൽ കുത്തേറ്റ് നിരവധിപേർക്ക് പരിക്ക്. വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പർ അംഗനവാടിയിൽ ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം.
സംഭവത്തിൽ കുട്ടികൾക്കും അങ്കണവാടി ഹെൽപ്പർക്കും നാട്ടുകാർക്കും ഉൾപ്പടെ എട്ട് പേർക്ക് കടന്നൽ കുത്തേറ്റു.
കടന്നൽ കുത്തേറ്റ അഞ്ച് കുട്ടികൾ, അങ്കണവാടി ഹെൽപ്പർ പുതുരുത്തി സ്വദേശിനി പാമ്പും കാവിൽ വീട്ടിൽ ശോഭന(56), പ്രദേശവാസികളായ ആശാവർക്കർ ബോബി വർഗീസ് (55) , ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവരെ നാട്ടുകാർ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയം ഏഴ് കുട്ടികളാണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഓടിയ കുട്ടികളെ പൊതിഞ്ഞു പിടിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹെൽപ്പർ ശോഭനയെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചു. റോഡിലേക്ക് ഓടിയിറങ്ങിയ ഇവർ സമീപത്തെ കാനയിൽ വീണു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരിൽ ചിലർക്കും കടന്നൽ കുത്തേറ്റു.
Kerala
കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിൽ എത്തിച്ച് 16കാരിയായ പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോണും വാങ്ങി നൽകിയിരുന്നു. കുട്ടിയുടെ കൈയിൽ പുതിയ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കാസർഗോഡ്: അർധവാർഷിക പരീക്ഷയ്ക്ക് സമയം തെറ്റിയെത്തിയതിനു പിന്നാലെ ഒമ്പതാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി പ്രജ്വൽ (14) ആണ് മരിച്ചത്.
അമ്മവീട്ടിലായിരുന്ന പ്രജ്വൽ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സ്കൂളിലെത്തിയത്. സമയം വൈകിയെത്തിയെങ്കിലും പ്രജ്വലിനെ പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു.
തിരിച്ച് വീട്ടിലെത്തിയതിനു ശേഷമാണ് കുട്ടി ജീവനൊടുക്കിയത്. നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകറിന്റെയും അനിതയുടെയും മകനാണ്. സഹോദരി: പ്രയാഗ.
Kerala
തൃശൂര്‍: പ്ലസ് ടു വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു. പെരുമ്പടപ്പ് ചെറവല്ലൂരിലാണ് സംഭവം. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്.
പൂക്കരത്തറ ദാറുല്‍ ഹിദായ സ്കൂള്‍ പ്ലസ് ടു വിദ്യാർഥിനിയാണ് സോന. മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് സംഭവം. വീടിലെ മുകളിലെ നിലയിലെ മുറിയിൽ വച്ചാണ് സോനക്ക് പൊള്ളലേറ്റത്.
ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് സോനയെ ആശുപ്രതിയില്‍ എത്തിച്ചത്. ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ഷേർളി. സഹോദരങ്ങള്‍: ഷംന, സജ്ന.