തൃശൂർ: പഠനത്തിനിടയിലെ ഒഴിവു സമയങ്ങളിൽ അധ്യാപകനൊപ്പം ചെണ്ടമേളത്തിനു പോയിക്കിട്ടിയ പണം സ്വരുക്കൂട്ടിയാണ് എട്ടാം ക്ലാസുകാരനായ ജിന്റോ ഒരു തബല സ്വന്തമാക്കിയത്. ആ തബലയിൽ താളമിട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജിന്റോ സ്വന്തമാക്കിയ ബി ഗ്രേഡിന് സ്വർണത്തിളക്കമാണ്.
ഏലപ്പാറ ടൈഫോർഡ് എസ്റ്റേറ്റിലെ മെക്കാനിക്കായ മണിയുടെയും എസ്റ്റേറ്റ് സ്കൂളിലെ താൽക്കാലിക അധ്യാപികയായ ജീൻ മേരിയുടെയും മകനായ ജിന്റോ മാലിനെ കണ്ടെടുത്തതും സംഗീതലോകത്ത് കൈപിടിച്ചു നടത്തുകയും ചെയ്യുന്നത് അവന്റെ ഗുരുവും ഉസ്താദ് സാക്കിർ ഹുസൈന്റെ ശിഷ്യനുമായ ഡോ. ബിനുവാണ്.
സംഗീതത്തിലുള്ള അവന്റെ കമ്പവും താളബോധവും തിരിച്ചറിഞ്ഞ അദ്ദേഹം മേളങ്ങൾക്ക് അവനെ കൂടെ കൂട്ടും. അതിലൂടെ കിട്ടുന്ന ചെറിയ വരുമാനം കുടുംബത്തിനും ഒരു സഹായമാണ്. ആദ്യമായാണ് ജിന്റോ സംസ്ഥാന കലോത്സത്തിൽ മത്സരിക്കാനെത്തിയത്.
അടുത്ത വർഷം എ ഗ്രേഡ് സ്വന്തമാക്കുമെന്നും അതിനുള്ള കഠിന പരിശീലനം തുടരുമെന്നും മനസിലുറപ്പിച്ചാണ് ജിന്റോ മടങ്ങിയത്. ചിന്നാർ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
Tags : kerala school kalolsavam thabala competition jinto student