District News
പത്തനംതിട്ട: മല്ലപ്പള്ളി, വെണ്ണിക്കുളം മേഖലയിൽ ആധുനിക യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് കെഎസ്ഇബിയുടെ തീർത്ത് വെട്ടൽ. ജില്ലാ കളക്ടറുടെ ദുരന്ത നിവാരണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരംമുറിക്കൽ. കെഎസ്ഇബിയുടെ നിയമം അനുസരിച്ച് 11 കെവി ലൈൻ പോകുന്നതിന്റെ ഇരുവശങ്ങളിലേക്കും 1.6 മീറ്റർ ഉള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതിയുള്ളതാണ്. 1.6 മീറ്ററിന് അകലെയുള്ള മരങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി വിതരണത്തിന് ദോഷമായി വന്നാൽ അത് വെട്ടിമാറ്റി വൈദ്യുതി വിതരണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ.
ഇത്തരത്തിൽ ശിഖരങ്ങൾ വെട്ടിമാറ്റുന്ന ജോലി എല്ലാവർഷവും കെഎസ്ഇബി ചെയ്യാറുണ്ട്. ഇക്കൊല്ലം യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ടച്ചിംഗ് വെട്ടാൻ തുടങ്ങിയതോടെയാണ് നാശനഷ്ടങ്ങൾ സംബന്ധിച്ച് പരാതികളുണ്ടായിരിക്കുന്നത്. ജെസിബിയുടെയും അതിൽ ഘടിപ്പിച്ച ക്രെയിന്റെയും സഹായത്തോടെയാണ് മല്ലപ്പള്ളി, വെണ്ണിക്കുളം മേഖലയിൽ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നത്.
കായ്ഫലമുള്ള തെങ്ങ്, കമുക് ഉൾപ്പെടെയുള്ളവ യാതൊരു ദാക്ഷിണ്യവുമില്ലാതെ മുറിച്ചു മാറ്റുകയാണ്. മുൻ വർഷങ്ങളിൽ മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും വൻ നാശനഷ്ടം കെഎസ്ഇബിക്ക് ഉണ്ടായതാണ്. ഇക്കാരണത്താലാണ് ഇത്തവണ ടച്ചിംഗ് വെട്ടൽ തകൃതിയിലാക്കിയത്. തന്നെയുമല്ല, ഓരോ വർഷവും ടച്ചിംഗ് വെട്ടലിന്റെ പേരിൽ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ അധികച്ചെലവ് ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കാൻ വൈദ്യുതി ലൈനിനു തൊട്ടടുത്തുള്ള മരങ്ങൾ മൂടോടെ മുറിച്ചുമാറ്റാനാണ് ഇപ്പോഴത്തെ നിർദേശമെന്ന് പറയുന്നു.
പ്രവാസികൾ, വയോധികർ തുടങ്ങിയവരുടെ ആൾത്താമസമില്ലാത്ത വീടുകളോടു ചേർന്ന പുരയിടങ്ങളിൽ അതിക്രമിച്ചു കയറിയാണ് പലയിടത്തും മരങ്ങൾ മുറിച്ചിരിക്കുന്നത്. നിയമങ്ങൾ മറികടന്നുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോ പറഞ്ഞു.
മരങ്ങൾ പിഴുതിടുന്നു, നഷ്ടപരിഹാരവുമില്ല
കെഎസ്ഇബി ലൈനുകളിൽ നിന്ന് നിശ്ചിത അകലത്തിൽ നിൽക്കുന്ന മരങ്ങൾ പോലും പിഴുതു മാറ്റിയതായും പരാതിയുണ്ട്. നഷ്ടപരിഹാരം പോലും നൽകാതെയാണ് നടപടികൾ. കായ്ഫലമുള്ള തെങ്ങുകൾ, തേക്ക്, പ്ലാവ് ഉൾപ്പെടെയുള്ള മരങ്ങൾ എന്നിവ ഇത്തരത്തിൽ നശിപ്പിച്ചതായാണ് പരാതി. മരങ്ങൾ മുറിച്ചു മാറ്റാനോ ശിഖരങ്ങൾ മുറിക്കാനോ സന്നദ്ധരാണെന്ന് ഉടമസ്ഥർ അറിയിച്ചിട്ടും ഇതു വകവയ്ക്കാതെ പുരയിടങ്ങളിൽ കടന്നുകയറി ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്ന ദൃശ്യങ്ങൾ അടക്കം ഈ മേഖലയിൽ പ്രചരിക്കുകയാണ്.
ഇത്തരത്തിൽ മരങ്ങൾ പിഴുതു മറിച്ചതുമൂലം സമീപത്തെ മതിലുകൾക്കും മറ്റും നാശമുണ്ടാക്കിയ സംഭവങ്ങളുമുണ്ട്. വൈദ്യുതി ലൈനുകൾക്കോ പോസ്റ്റുകൾക്കോ ദോഷകരമായേക്കാവുന്ന തേക്ക് ഉൾപ്പെടെയുള്ള മരങ്ങളിലെ ശിഖരങ്ങൾ മുറിച്ചു മാറ്റി അപകടം ഒഴിവാക്കാമെന്നിരിക്കേ ഇത്തരം മരങ്ങൾ പിഴുതിടുകയോ മുറിച്ചു മാറ്റുകയോ ചെയ്തതുമായി ബന്ധപ്പെട്ടും പരാതികളുണ്ടായി.
നടപടികൾ നിയമവിരുദ്ധമെന്ന് താലൂക്ക് സഭ
വൈദ്യുതി ലൈനിൽ 1.6 മീറ്ററിന് അകലെയുള്ള മരങ്ങൾ മുറിച്ചുമാറ്റുവാൻ നിയമം അനുവദിക്കുന്നില്ലെന്നിരിക്കേ കെഎസ്ഇബി കരാറുകാർ നടത്തുന്ന പ്രവർത്തനങ്ങൾ നിയമവിരുദ്ധമെന്ന് കഴിഞ്ഞദിവസം ചേർന്ന മല്ലപ്പള്ളി താലൂക്ക് സഭയിൽ പരാതിയുണ്ടായി. ഇത്തരത്തിൽ മരം മുറിച്ചു മാറ്റിയാൽ കർഷകനു നഷ്ടപരിഹാരത്തിന് അർതയുണ്ട്. നഷ്ടപരിഹാരം തേടി നിയമനടപടിക്കൊരുങ്ങുകയാണ് താലൂക്കിലെ കർഷകരിൽ പലരും. അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കുന്നത് പരിസ്ഥിതി സന്തുലിതാവസ്ഥയെയും ബാധിക്കും. വഴിയോരത്തെ തണൽ വൃക്ഷങ്ങൾ അടക്കം മൂടോടെ പലയിടത്തും മുറിച്ചു മാറ്റി.
വൈദ്യുതി വിതരണം തടസമില്ലാതെ നടത്തണമെന്നിരിക്കേ ടച്ചിംഗ് വെട്ടലിനു പലരും തടസം പറയാറില്ല. എന്നാൽ സ്വാകാര്യ വസ്തുവിലൂടെയും മറ്റും പൊതു ലൈൻ വലിക്കുകയും ഇതിലേക്ക് പടർന്നു കയറുമെന്ന പേരിൽ കായ്ഫലമുള്ളതും വിലപിടിപ്പുള്ളതുമായ മരങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന കെഎസ്ഇബിയുടെ പ്രവണത അംഗീകരിക്കാനാകില്ലെന്ന് കർഷകർ പറയുന്നു.
ഭൂഗർഭ കേബിളിലൂടെ വൈദ്യുതി വിതരണം നടത്താനുള്ള പദ്ധതി കെഎസ്ഇബി ആലോചിച്ചിരുന്നെങ്കിലും ഘട്ടംഘട്ടമായി പോലും ഇതു നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ടച്ചിംഗ് വെട്ടലിന്റെ മറവിൽ കർഷകരുടെ വസ്തുക്കളിന്മേൽ കടന്നുകയറുന്ന പ്രവണതയ്ക്കെതിരേ കർഷക സംഘടനകളടക്കം രംഗത്തെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ എൻജിനിയർമാരും ഓവർസിയർമാരും ലൈൻമാൻമാരും കരാറുകാരിൽനിന്ന് യുപിഐ (അക്കൗണ്ട്) മുഖേന കൈപ്പറ്റിയത് 16.5 ലക്ഷം രൂപയെന്ന് കണ്ടെത്തൽ.
‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിലുള്ള വിജിലൻസ് മിന്നൽ പരിശോധനയിൽ ചിലയിടങ്ങളിൽ തൊട്ടടുത്തുള്ള പെട്ടി- തട്ടുകടക്കാരെ ഏജന്റുമാരാക്കി കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി.
വിവിധ സെക്ഷൻ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥർ വിവിധ കരാറുകാരിൽനിന്നാണ് 16.5 ലക്ഷം രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലി കൈപ്പറ്റിയതായി കണ്ടെത്തിയത്. കെഎസ്ഇബിയിലെ ഭൂരിഭാഗം ഓഫീസുകളിലും നടപടിക്രമം പാലിക്കാതെയാണ് കരാർ നൽകുന്നത്.
തിരുവനന്തപുരം വർക്കല സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ 55,200 രൂപയും മറ്റൊരു സബ് എൻജിനിയർ 4,000 രൂപയും ഗൂഗിൾ പേ വഴി സ്വീകരിച്ചു. പാറശാലയിലെ സബ് എൻജിനിയർ കരാറുകാരനിൽനിന്ന് 38,000 രൂപ കൈപ്പറ്റി. കരുനാഗപ്പള്ളി അസിസ്റ്റന്റ് എൻജിനിയർ കരാറുകാരനിൽനിന്ന് 31,000 രൂപയും അഞ്ചലിലെ രണ്ട് സബ് എൻജിനിയർമാർ കരാറുകാരനിൽനിന്ന് 5,000 രൂപ വീതം കൈപ്പറ്റി. ഓച്ചിറയിലെ ലൈൻമാൻ ഉപയോക്താക്കളിൽനിന്ന് 1,900 രൂപ കൈപ്പറ്റി.
അടൂരിലെ സബ് എൻജിനിയർ കരാറുകാരനിൽനിന്ന് 15,000 രൂപയും ലൈൻമാൻ അതേ കരാറുകാരനിൽനിന്ന് 10,000 രൂപയും ഗൂഗിൾ പേ മുഖേന വാങ്ങി. തിരുവല്ലയിലെ ഓവർസിയറുടെ അക്കൗണ്ടിലേക്ക് ഓഫീസിനു മുന്നിൽ കട നടത്തുന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നു പല തവണയായി 1.67 ലക്ഷം രൂപ ഗൂഗിൾ പേ മുഖേന നൽകി. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ 1.83 ലക്ഷം രൂപയും ഓവർസിയർ 18,550 രൂപയും കരാറുകാരനിൽനിന്ന് സ്വീകരിച്ചു.
കട്ടപ്പനയിൽ അസിസ്റ്റന്റ് എൻജിനിയർ കരാറുകാരനിൽനിന്ന് 2,35,700 രൂപയും സബ് എൻജിനിയർ 25,000 രൂപയും മറ്റൊരു സബ് എൻജിനിയർ 47,700 രൂപയും ഓവർസിയർ 2,000 രൂപയും മറ്റൊരു ഉദ്യോഗസ്ഥൻ 2,000 രൂപയും കൈപ്പറ്റിയതായി കണ്ടെത്തി. കൂടാതെ ഈ ഓഫീസിലെ നാല് ഉദ്യോഗസ്ഥർ 1.86 ലക്ഷം രൂപ കരാറുകാർക്ക് അയച്ച് നൽകി. ബിനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥർ തന്നെ വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്നതാണോയെന്ന് വിജിലൻസ് അന്വേഷിക്കും.
വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിലെ ചിറ്റൂർ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ 1.27 ലക്ഷം രൂപയും സബ് എൻജിനിയർ 20,000 രൂപയും ഓവർസിയർ 12,500 രൂപയും മറ്റൊരു ഓവർസിയർ 16,300 രൂപയും കരാറുകാരിൽനിന്ന് ഗൂഗിൾ പേ മുഖേന കൈപ്പറ്റിയതായും കണ്ടെത്തി.
മലപ്പുറത്ത് കണക്കിൽ പെടാത്ത 34,000 രൂപ പിടികൂടി. കണ്ണൂർ കൂത്തുപറന്പ് ഓഫീസിലെ എഇ 64,000 രൂപ കരാറുകാരനിൽനിന്ന് കൈപ്പറ്റി. തുടർ പരിശോധനകളും ഫീൽഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
Kerala
കാസർഗോഡ്: ബില്ല് അടക്കാത്തതിനെ തുടർന്ന് കാസർഗോട്ടെ എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെസ്ഇബി. ഇതോടെ ഒരാഴ്ചയായി ഓഫീസിൽ വൈദ്യുതി ഇല്ല.
മൂന്ന് മാസമായി ബില്ല് കുടിശിക വന്നതോടെയാണ് കെഎസ്ഇബിയുടെ ഈ നടപടി. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാൻ ഉണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. എഐ കൺട്രോൾ റൂം പ്രവർത്തിക്കുന്ന എംവിഡി എൻഫോഴ്സ്മെന്റെ ഓഫീസിലെ ഫ്യൂസാണ് ഊരിയത്.
എന്നാൽ പണം ഉടൻ അടയ്ക്കുമെന്നാണ് എംവിഡിയുടെ വിശദീകരണം. അതേ സമയം വൈദ്യുതി കണക്ഷൻ വിച്ചേധിക്കപ്പെട്ടതിനാൽ ഈ ഓഫീസിലെ പ്രവർത്തനം തത്കാലികമായി തടസപ്പെട്ടതായി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് എംവിഡി പതിപ്പിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ റിപൻ ഷേയ്ക്ക് ആണ് മരിച്ചത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലാണ് സംഭവം.
വൈദ്യുതി ലൈനിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. 2019 മുതൽ വടക്കൻ പറവൂരിൽ ജോലി ചെയ്തുവരികയാണ് യുവാവ്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Kerala
കോഴിക്കോട്: റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി പറയാൻ പിഡബ്ല്യുഡി ചീഫ് എൻജിനീയറെ ഫോണിൽ വിളിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരനെ സ്ഥലം മാറ്റിയ ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി.
കെഎസ്ഇബി ലൈൻമാനായ കാരശേരി സ്വദേശി ലുക്മാനുൽ ഹക്കീം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലുക്മാനുൽ ഹക്കീം എൻജിനീയറെ ഫോണിൽ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ ചിത്രീകരിച്ചിരുന്നു.
തുടർന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ സുഹൃത്തുക്കൾ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ലുക്മാനുൽ ഹക്കീമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ലുക്മാനുൽ ഹക്കീമിനെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു കെഎസ്ഇബി ജീവനക്കാരന്റെ ഹർജി. ഇത് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
Kerala
പാലക്കാട്: ജില്ലാ ആർടിഒ എൻഫോസ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. 55,000 തോളം രൂപയാണ് എംവിഡി അടയ്ക്കാനുള്ളത്.
ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരിയത്. ഇതോടെ എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകൾ പുറപ്പെടുവിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ.
നിലവിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് മൊബൈൽ ഫോൺ വെളിച്ചത്തിലാണ്. ഓഫീസിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Kerala
കൊച്ചി: ബ്രോഡ്വേയില് നടന്ന തീപിടിത്തത്തില്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മേയര്‍ വി.കെ മിനിമോള്‍. തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടെത്തണം. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിച്ചു ചെയ്യണം എന്നാണ് മേയര്‍ ബ്രോഡ്വേ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തെക്കുറിച്ച് ആക്ഷേപമുള്ളത് അറിഞ്ഞു. പക്ഷേ, തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടുപിടിക്കേണ്ടതാണ്. ഒരുപാട് ആളുകള്‍ വന്നുപോകുന്ന സ്ഥലമാണിത്. ആളപായമില്ലാതെ നിയന്ത്രിക്കാന്‍ സാധിച്ചു. ഇതു നമ്മള്‍ക്കു കിട്ടുന്ന മുന്നറിയിപ്പാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ട്. - മേയര്‍ പറഞ്ഞു.
അതേസമയം, തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് കെഎസ്ഇബിയുടെ നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീ പടര്‍ന്നത് എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍, കെഎസ്ഇബി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ലക്ഷണങ്ങൾ കണ്ടെത്താനായില്ല.
കടകളുടെ സമീപത്തു മാലിന്യം കൂട്ടിയിട്ടിരുന്നു. ഈ മാലിന്യ കൂമ്പാരത്തില്‍നിന്നു തീപിടിച്ചു കടകളിലേക്കു പകര്‍ന്നതാവാം എന്നൊരു അനുമാനമാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം ചേരും. വ്യാപാരികളുമായി സംസാരിച്ച് ബ്രോഡ്വേയില് കര്‍ശന സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ നടപടികളുണ്ടാകുമെന്നാണ് അറിയുന്നത്.
Kerala
പാലാ: കോട്ടയം പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീപിടിത്തത്തിൽ ലോറിയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിയാണ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചത്. കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരത്തിന് ശേഷം സാധനങ്ങളുമായി തിരികെ പോകുന്പോഴായിരുന്നു അപകടം.
ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ലോറിയാണ് അപകടത്തിൽപെട്ടത്. കസേര ഉൾപ്പെടെയുള്ള സാധനങ്ങളായിരുന്നു ലോറിയിലുണ്ടായിരുന്നത്. വിവരം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തി.
Kerala
പാലക്കാട്: തൃത്താലയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാൾക്ക് ദാരുണാന്ത്യം.തൃത്താല കപ്പൂരില്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന് (50) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12ന് ആയിരുന്നു അപകടം സംഭവിച്ചത്. മീന്‍ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു ചന്ദ്രൻ. മടങ്ങിവരുന്നതിനിടെ പുല് ചെടികള്‍ക്കിടയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ പിടിച്ചാണ് ഷോക്കേറ്റത്.
Kerala
മലപ്പുറം: മങ്കടയിൽ പത്താംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. വേരുംപുലാക്കൽ ഇബ്രാഹിമിന്റെ മകൻ റിയാൻ (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു റിയാന്‍ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റത്.
മങ്കട ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് റിയാൻ. പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചെന്നാണ് സംശയിക്കുന്നത്.
Kerala
പത്തനംതിട്ട: കോന്നിയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്.
കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെ ജീവനക്കാരന് ഷോക്കേറ്റത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ സുബീഷിനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറ്റകുറ്റപ്പണികൾക്ക് മുൻപായി വൈദ്യുതി ഓഫ് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായെന്ന് ആരോപണമുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കെഎസ്ഇബി അറിയിച്ചു. വീഴ്ചയുണ്ടോയെന്നടക്കം പരിശോധിക്കുമെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Kerala
നെടുമങ്ങാട്: എൽഐസി ജംഗ്ഷനിൽ നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റ് തകർത്തു. ശനിയാഴ്ച രാത്രി 10ന് ആയിരുന്നു അപകടം നടന്നത്. സംഭവത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നെടുമങ്ങാട് ടൗണിൽ നിന്ന് എൽഐസി ഓഫിസ് ജംഗ്ഷനിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്. കക്കാപ്പുര സ്വദേശി ഗണപതിയുടെ വീടിന്റെ മതിലും കിണറും തകർത്താണ് ബസ് നിന്നത്. നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റും തകർത്തു.
വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു. ബസ് കഴുകിയ ശേഷം കൊണ്ടുവരുന്നതിനിടെയാണ് അപകടം. അപകടത്തിന് പിന്നാലെ ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടിയതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ഇന്ധന സർചാർജ് പിരിക്കാൻ കെഎസ്ഇബിക്കുണ്ടായിരുന്ന പരിധി എടുത്തുമാറ്റി സർക്കാർ ഉത്തരവ്. ഇതോടെ ഓരോ സമയത്തും പുറത്തുനിന്നു കെഎസ്ഇബി അധികമായി വാങ്ങുന്ന വൈദ്യുതിക്കു ചെലവാകുന്ന തുക ഉപയോക്താക്കളിൽനിന്നും പരിധിയില്ലാതെ പിരിക്കാനുള്ള വ്യവസ്ഥയാണ് നിലവിൽ വരുന്നത്. ഇത് വൈദ്യുതിനിരക്ക് ഉയരാനിടയാക്കുമെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
ഇന്ധന സർച്ചാർജ് യൂണിറ്റിന് പരമാവധി പത്ത് പൈസ എന്ന നിരക്കിൽ മാത്രമാണ് ഇതുവരെ നിയമപരമായി ചുമത്താൻ കഴിഞ്ഞിരുന്നത്. എന്നാൽ പരമാവധി പത്ത് പൈസ എന്ന പരിധി ഒഴിവാക്കിയതോടെ വലിയ വിലകൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന ഘട്ടത്തിൽ സർചാർജായി കൂടുതൽ തുക ഏർപ്പെടുത്താൻ കെഎസ്ഇബിക്കു കഴിയും.
ഉപയോക്താക്കൾക്ക് അമിതഭാരമുണ്ടാകാതിരിക്കാനാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നേരത്തേ സർചാർജിനു പരിധി നിശ്ചയിച്ചിരുന്നത്. കെഎസ്ഇബി ആവശ്യപ്പെടുന്ന തുക 10 പൈസയ്ക്ക് മുകളിലാണെങ്കിൽ പല മാസങ്ങളായി അതു പിരിച്ചെടുക്കാനുള്ള അനുമതിയാണ് കമ്മീഷൻ ഇതുവരെ നൽകിയിരുന്നത്. എന്നാൽ പരിധി ഇല്ലാതാകുന്നതോടെ കെഎസ്ഇബി ആവശ്യപ്പെടുന്ന സർചാർജ് എത്ര കൂടുതലായാലും അതതു മാസത്തെ വൈദ്യുതി ബില്ലിൽ അത് ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന സ്ഥിതിയാണ് ഇനി വരാനിരിക്കുന്നത്.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അര ശതമാനം കൂടി കടമെടുപ്പു പരിധി കൂട്ടാൻ കേന്ദ്രസർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണ് ഇന്ധന സർചാർജിലെ ഉയർന്ന പരിധി സംസ്ഥാന സർക്കാർ നീക്കിയത്.
Kerala
തിരുവനന്തപുരം: പത്താം ക്ലാസ് ജയിച്ചതു മറച്ചുവച്ച് വർക്കർ നിയമനം നേടിയെന്നതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട രണ്ടാം ഗ്രേഡ് ലൈൻമാൻ ടി. അനിൽ കുമാറിനെ ഒടുവിൽ കെഎസ്ഇബി തിരിച്ചെടുത്തു. മുൻകാല പ്രാബല്യത്തോടെയാണ് കെഎസ്ഇബി ഡയറക്ടർ ബോർഡ് തിരികെ എടുക്കാൻ തീരുമാനിച്ചത്.
2018ലാണ് പത്താം ക്ലാസ് പാസായതിന്റെ പേരിൽ അനിൽകുമാറിനെ പിരിച്ചുവിട്ടത്. ഇതിനെതിരേ അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. അനിൽ കുമാർ പത്താം ക്ലാസ് പാസായെന്നു തെളിയിക്കാൻ കെഎസ്ഇബിയുടെ കൈവശം രേഖകൾ ഇല്ലാതിരിക്കെ പിരിച്ചുവിട്ടത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി നടപടി റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 17ന് ഉത്തരവിട്ടു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കെഎസ്ഇബിയിലെ നിയമനങ്ങൾക്ക് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന കേന്ദ്ര വൈദ്യുതിനിയമമുള്ള സാഹചര്യത്തിൽ കേസ് ജയിക്കില്ലെന്നു നിയമോപദേശം ലഭിച്ചു. ഇതോടെയാണ് നവംബർ അഞ്ചിനു ചേർന്ന ഡയറക്ടർ ബോർഡ് പ്രമോഷൻ അടക്കമുള്ളഎല്ലാ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കൂടാതെ വർക്കർ നിയമനത്തിന് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന പഴഞ്ചൻ വ്യവസ്ഥയും റദ്ദാക്കി.
നിലവിലെ വർക്കർമാരെയെല്ലാം കെഎസ്ഇബി പ്രമോഷൻ നൽകി ലൈൻമാൻമാരാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തോളമായി വർക്കർ നിയമനം നടത്തുന്നില്ല. അതിനാൽ കെഎസ്ഇബിയിൽ വളരെ കുറച്ചു വർക്കർമാർ മാത്രമാണ് ഇപ്പോഴുള്ളത്. അവരെല്ലാം തന്നെ കരാർ നിയമനത്തിൽ എത്തിയവരാണ്.
Kerala
ഇരിട്ടി: കൃഷി വകുപ്പ് കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കായി സൗജന്യമായി നൽകിയിരുന്ന വൈദ്യുതി കണക്ഷന്റെ തുക കുടിശികയായതോടെ തുക അടയ്ക്കാൻ കെഎസ്ഇബി കർഷകർക്ക് നോട്ടീസ് നൽകി തുടങ്ങി. 2022 ഏപ്രിൽ മാസം മുതൽ വൈദ്യുതി ബിൽ കൃഷിവകുപ്പ് അടച്ചിരുന്നില്ല. ഇതോടെ, കെഎസ്ഇബി കുടിശിക തുകയ്ക്കായി കർഷകരെ സമീപിച്ചിരിക്കുകയാണ്.
പല കർഷകർക്കും ഭീമമായ തുകയാണു കുടിശികയായി വന്നിരിക്കുന്നത്. കണക്ഷൻ വിച്ഛേദിക്കാൻ അധികൃതർ എത്തിയെങ്കിലും കർഷകർ സമ്മതിക്കാതെ വന്നതോടെയാണ് 15 ദിവസത്തെ നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ കുടിശിക അടയ്ക്കാത്ത പക്ഷം യാതൊരു മുന്നറിയിപ്പും ഇല്ലാതെ കണക്ഷൻ വിച്ഛേദിക്കുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.
പായം പഞ്ചായത്തിലെ തുണ്ടത്തിൽ സെബാസ്റ്റ്യനു ലഭിച്ച നോട്ടീസിൽ 22,777 രൂപയാണ് കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപോലെ പായം പഞ്ചായത്തിൽ മാത്രം 110 കർഷകരുടെ വൈദ്യുത ബില്ലാണ് 2022 മുതൽ കുടിശികയായിരിക്കുന്നത്.
ഇതരസംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകവും കർഷകനു വൈദ്യുതി ഉൾപ്പെടെ എല്ലാം സൗജന്യമായി നൽകി കൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ബിൽ കുടിശിക അടച്ചില്ലെങ്കിൽ കണക്ഷൻ കട്ടുചെയ്യുമെന്ന ഭീഷണിയുമായി കെഎസ്ഇബി എത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കർഷകർക്ക് സൗജന്യമായി നൽകിയിരുന്ന വൈദ്യുതിയുടെ ബിൽ അടയ്ക്കാതെ കൃഷിവകുപ്പ് മുടക്കിയിരിക്കുകയാണ്. കുടിശികയായതോടെ സാധാരണക്കാരായ കർഷകരിൽ പലരും അടയ്ക്കാനായുള്ളത് അതിഭീമമായ തുകയാണ്. വൈദ്യുതി ലഭിച്ചില്ലെങ്കിൽ വേനൽക്കാലം ആകുന്നതോടെ ജലസേചനം മുടങ്ങി കൃഷികൾ പലതും നശിച്ചുപോകുന്ന സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ.
Kerala
മുള്ളേരിയ (കാസർഗോഡ്): ജോലിചെയ്യുന്നതിനിടെ വൈദ്യുതത്തൂൺ പൊട്ടിവീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. മുള്ളേരിയ വൈദ്യുതി സെക്ഷനു കീഴിലെ കരാർ ജീവനക്കാരൻ കുണ്ടാറിലെ എച്ച്. യതീഷ് (41) ആണ് മരിച്ചത്.
മുള്ളേരിയ (കാസർഗോഡ്): ജോലിചെയ്യുന്നതിനിടെ വൈദ്യുതത്തൂൺ പൊട്ടിവീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. മുള്ളേരിയ വൈദ്യുതി സെക്ഷനു കീഴിലെ കരാർ ജീവനക്കാരൻ കുണ്ടാറിലെ എച്ച്. യതീഷ് (41) ആണ് മരിച്ചത്.
കഴിഞ്ഞദിവസം ഉച്ചയോടെ കാറഡുക്ക മൂടാംകുളത്തുവച്ചായിരുന്നു അപകടം. തൂണിനു മുകളിൽ കയറി കമ്പി വലിക്കുന്നതിനിടയിലാണ് തൂൺ പൊട്ടിവീണത്. ഗുരുതരമായി പരിക്കേറ്റ യതീഷിനെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ സഞ്ജീവ റാവു-ലളിത ദന്പതികളുടെ മകനാണ്. ഭാര്യ: നവനീത.
Kerala
ഇടുക്കി: മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും ഷട്ട് ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്റെ സുരക്ഷാ നില വിലയിരുത്തി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കെ. കൃഷ്ണൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായ ഒരു ഘട്ടം പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും ഷട്ട് ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന വേളയിൽ, പദ്ധതിയുടെ ജീവനാഡിയായ പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തി. 7.01 മീറ്റർ വ്യാസമുള്ള ഈ പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗം വിശദമായി പരിശോധിച്ചു.
പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്റെ സുരക്ഷാ നില വിലയിരുത്തി. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്.
കൂടാതെ, ആശയവിനിമയം തടസപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനവും ഉപയോഗപ്പെടുത്തി. ഹാം റേഡിയോ ലൈസൻസുള്ള മനോജ് ആണ് ഇതിനായുള്ള റേഡിയോ സെറ്റ് ഒരുക്കി നൽകിയത്. ഡാം സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ എസ്. സൈന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജൂൺ ജോയ്, അസിസ്റ്റന്റ് എൻജിനിയർമാരായ രാഹുൽ രാജശേഖരൻ, ജയപ്രകാശ്, എം.ബി. ബൈജു എന്നിവരാണ് സാഹസികമായ ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പദ്ധതിയുടെ സുരക്ഷയ്ക്കായി അതിസാഹസികമായി ടണലിനുള്ളിൽ പ്രവേശിച്ച് പരിശോധന പൂർത്തിയാക്കിയ ഡാം സേഫ്റ്റി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. വൈദ്യുതി ഉത്പാദനത്തിൽ മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ അർപ്പണബോധം ശ്ലാഘനീയമാണ്.
Kerala
കൊച്ചി: തേവരയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ. തേവര കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ പ്രദീപനാണ് വിജിലന്‍സിന്റെ പിടിയിലായത്.
പനമ്പള്ളി നഗറില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിൽ താത്കാലിക വൈദ്യുത കണക്ഷൻ സ്ഥിരപ്പെടുത്താനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപയാണ് പ്രദീപൻ ഇതിനായി കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ഇതേതുടർന്ന് കെട്ടിട ഉടമ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ 90,000രൂപ കൈമാറുന്നതിനിടെ പ്രദീപനെ വിജിലൻസ് പിടികൂടുകയായിരുന്നു.
Kerala
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ആണ് ഉത്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.
ചൊവ്വാഴ്ച മുതൽ ഡിസംബർ 10 വരെ നിർത്തിവയ്ക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ പ്രവർത്തനം നിർത്തുന്നതോടെ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് പ്രവർത്തനം നിർത്തിവച്ചിരിക്കുന്നത്.
നിലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചെങ്കിലും വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൽ കൂടുതൽ തുറന്ന് ജല വിതരണം ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ ടാറിംഗ് പൂർത്തിയായ റോഡിന് നടുവിലെ വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്ത് കെഎസ്ഇബി. നന്ദിയോട് -മുതുവിള റോഡിലായിരുന്നു വിവാദമായ വൈദ്യുത പോസ്റ്റുകൾ.
ടാറിംഗ് പൂർത്തിയായ റോഡിന് നടുവിലെ പോസ്റ്റ് വൈറലായതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കെഎസ്ഇബിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചത്.
ഗ്രാമപഞ്ചായത്തും റോഡ് കരാറുകാരനും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. വൈദ്യുത പോസ്റ്റ് ആര് നീക്കം ചെയ്യും എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. ചെല്ലഞ്ചിപ്പാലം മുതൽ മുതുവിളയിലേക്കുള്ള റോഡിലാണ് വൈദ്യുത പോസ്റ്റുകൾ നടുവിൽ നിർത്തി ടാറിംഗ് പൂർത്തിയാക്കിയത്.
Kerala
മൂവാറ്റുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഡിസംബർ 10 വരെ 30 ദിവസത്തേക്ക് ഷട്ട് ഡൗണ്‍ ചെയ്യുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
ഇടുക്കി ഡാമില്‍നിന്ന് തുറന്നുവിടുന്ന ജലമാണ് തൊടുപുഴയാറ് വഴി മൂവാറ്റുപുഴയാറിലേക്ക് എത്തുന്നത്.
ഷട്ട്ഡൗണ്‍ സമയത്ത് തൊടുപുഴ - മൂവാറ്റുപുഴയാറിലെ ജലലഭ്യത ക്രമാതീതമായി താഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ ആറുകളെ ആശ്രയിച്ച് നില്ക്കുന്ന ജല ശുദ്ധീകരണ ശാലകളില്‍നിന്ന് മൂവാറ്റുപുഴ, കൂത്താട്ടുകുളം നഗരസഭകളിലേക്കും വാളകം, മാറാടി, പായിപ്ര, ആരക്കുഴ, പാലക്കുഴ, ആവോലി, മഞ്ഞള്ളൂര്‍ എന്നീ പഞ്ചായത്തുകളിലേക്കുമുള്ള ശുദ്ധജല വിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
District News
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ, അക്വഡൈറ്റിന് സമീപം കെഎസ്ഇബി യുടെ 220 കെവി ഹൈ വോൾട്ടേജ് ലൈൻ പൊട്ടി വീണ് അപകടം. മൂലമറ്റം-കളമശേരി ഹെവിലൈനാണ് ഇന്നലെ ഉച്ചയോടെ പൊട്ടിവീണത്. പൊല്ലക്കാട്ടിൽ ബാബുവിന്റെ വീടിന്റെ മുകളിലേക്കാണ് വൈദ്യുതി ലൈൻ വീണത്.
സംഭവ സമയത്ത് ബാബുവിന്റെ മകളും രണ്ടര മാസം പ്രായമുള്ള കുഞ്ഞും വീടിനുള്ളിലുണ്ടായിരുന്നു. ഭാഗ്യവശാൽ ഇരുവർക്കും പരിക്കുകളൊന്നുമില്ല. ലൈൻ പൊട്ടിയതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും, താഴെ കൂടി പോകുന്ന ലോ ടെൻഷൻ ലൈനിൽ തട്ടിയതോടെയാണ് സമീപത്തെ വീടുകളിലെ വൈദ്യുതി ഷോർട്ടായത്.
ഇരുപതോളം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗുകളും കത്തിനശിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല.
കൃത്യസമയത്ത് പരിശോധനകളും പരിപാലനപ്രവർത്തനങ്ങളും നടത്താത്തതാണ് ഈ അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികളും ജനപ്രതിനിധികളും ആരോപിക്കുന്നത്. അപകടത്തെ തുടർന്നു പ്രദേശത്ത് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
District News
പറവൂർ: കെഎസ്ഇബി കൗണ്ടറുകളിൽ 1000 രൂപയ്ക്ക് മുകളിലുള്ള പണം സ്വീകരിക്കുന്നില്ലെന്ന് പരാതി. ആയിരം രൂപയ്ക്ക് മുകളിൽ വരുന്ന ബില്ലുകൾ ഓൺലൈനായി അടയ്ക്കാനാണ് ഉപയോക്താക്കൾക്ക് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശം. ഇത് സാധാരണക്കാരായ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്മാർട്ട് ഫോൺ ഉപയോഗവും ഓൺലൈൻ ആയി ബില്ല് അടയ്ക്കാൻ അറിയാത്തതുമാണ് പ്രതിസന്ധി തീർക്കുന്നത്.
അക്ഷയപോലുള്ള സേവന കേന്ദ്രങ്ങളിൽ ഇതിന് തോന്നിയ ഫീസ് ആണ് ഈടാക്കുന്നത്. കെഎസ്ഇബി നടപടിക്കെതിരേ സമരപരിപാടിയുമായി മുന്നിട്ടിറങ്ങുമെന്ന് റെസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൻ(റെയ്സ്) പറവൂർ വരാപ്പുഴ മുത്തകുന്നം മേഖല കമ്മിറ്റി പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ പറഞ്ഞു.
District News
മല്ലപ്പള്ളി: വൈദ്യുതബോര്‍ഡിലെ കാഷ് കൗണ്ടറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സെപ്റ്റംബര്‍ 15 ന് ബോര്‍ഡ് ഇറക്കിയ ഉത്തരവ് ഉപഭോക്തൃ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി. പുതിയ ഉത്തരവ് പ്രകാരം1000 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ കഴിയുകയുള്ളൂ. ഇത് സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. വൈദ്യുതി ബോര്‍ഡ് വിലക്കുള്ളതുകൊണ്ട് അക്ഷയ സെന്റര്‍ വഴി ഇപ്പോള്‍ പണം അടയ്ക്കാന്‍ കഴിയില്ല.
ഇനി അവിടെ ചെന്ന് അവരുടെ ഗൂഗിള്‍ പേ വഴി അടച്ചാല്‍ ഒരു ബില്ലിന് 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. സാധാരണക്കാര്‍ ബില്‍ തുകയ്ക്ക് പുറമേ പിഴത്തുക കൂടി അടയ്ക്കേണ്ട സ്ഥിതിയാണിതുണ്ടാക്കുന്നത്. കെഎസ്ഇബിയിലെ ധൂര്‍ത്തും ദുര്‍വ്യയവും കൊണ്ടുണ്ടായ വന്കടവും ബാധ്യതയും മറച്ചു പിടിക്കാന്‍ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കുന്നു എന്നു മേനി നടിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം തുഗ്ലക്ക് മോഡല്‍ പരിഷ്കാരം ജനവിരുദ്ധമാണെന്ന് പുതുശേരി കുറ്റപ്പെടുത്തി.
District News
മഞ്ചേരി: വാഹന അപകടത്തില്‍ മരിച്ച കെ എസ് ഇ ബി ഓവര്‍സിയറുടെ കുടുംബത്തിന് 1,12,47,600 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ ജഡ്ജ് എസ് രശ്മി വിധിച്ചു. കെഎസ്ഇബി വണ്ടൂര്‍ ഓഫീസിലെ ഓവര്‍സീയറായിരുന്ന പളളിക്കുന്ന് കാരപ്പുറത്ത്പൊയില്‍ മനൂരയില്‍ നൗഷാദലി (53) ആണ് മരിച്ചത്. 2021 ഡിസംബര്‍ 14നായിരുന്നു അപകടം.
നിലമ്പൂരില്‍ നിന്നും വണ്ടൂരിലേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യവെ വടപുറത്തു വെച്ച് ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നൗഷാദലിയെ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും 15ന് മരിക്കുകയായിരുന്നു. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ. ടി പി മുരളീധരന് നിലമ്പൂര്‍ ഹാജരായി. എട്ടു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.
Kerala
കാസർഗോഡ്: താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ കെ. സുരേന്ദ്രൻ ആണ് പിടിയിലായത്.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരൻ മുക്കൂട് പുതുതായി പണികഴിപ്പിച്ച വീടിന്റെ താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് വ്യാഴാഴ്ച ഓഫീസിലെ സബ് എൻജിനിയറായ സുരേന്ദ്രൻ സ്ഥല പരിശോധന നടത്തി. വൈദ്യുതി കണക്ഷൻ വേഗത്തിൽ ശരിയാക്കുന്നതിന് കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫീസിന് പുറമേ 3000 രൂപ കൈക്കൂലി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈപ്പറ്റുന്നതിനിടയ്ക്കാണ് സുരേന്ദ്രൻ പിടിയിലായത്.
Kerala
ആലപ്പുഴ: കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. ചങ്ങനാശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്കരന്റെ മകൻ അനിൽകുമാറാണ് (45) മരിച്ചത്.
കരുവാറ്റയിൽ ബുധനാഴ്ച രാവിലെ 10ഓടെയാണ് അപകടം. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ
പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു. കരുവാറ്റ സെക്ഷൻ ഓഫീസിന്റെ
പരിധിയിലെ കരാർ ജീവനക്കാരനാണ്. ഭാര്യ : ദീപ. മക്കൾ: ശ്രീലക്ഷ്മി, ശ്രീദേവ്. മരുമകൻ: ബിനുദാസ്.
District News
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നിവർക്കെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ മരണം അസ്വാഭാവിക മരണമായി കണക്കാക്കി അന്വേഷണം പുരോഗമിക്കുകയാണ്.
സ്കൂളിന്റെ ഭാഗത്തുനിന്നും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളും നാട്ടുകാരും പ്രക്ഷോഭം നടത്തിവരികയാണ്. സംഭവം നടന്ന ഉടൻ തന്നെ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും ആരോപണങ്ങളുണ്ട്.
ഈ വിഷയത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Kerala
സിജോ പൈനാടത്ത്
കൊച്ചി: വൈദ്യുതിപോസ്റ്റുകളില്‍ സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകളില്‍ കുരുങ്ങി അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്കാന് തങ്ങള്‍ക്കു ബാധ്യതയില്ലെന്ന് കെഎസ്ഇബി. ഇത്തരം അപകടങ്ങളില്‍ വ്യക്തികള്‍ക്കു പരിക്കോ മരണമോ സംഭവിച്ചാല്‍ കേബിള്‍ വലിച്ചിട്ടുള്ള സ്വകാര്യ കമ്പനിയാണു നഷ്ടപരിഹാരം നല്‍കേണ്ടതെന്നും ബോര്‍ഡ് വ്യക്തമാക്കി.
കേബിള്‍ ടിവിയുടെയോ ഇന്റര്‍നെറ്റ് സേവനത്തിന്റെയോ കേബിളുകള്‍ വൈദ്യുതിപോസ്റ്റുകളില്‍ സ്ഥാപിക്കുന്നതിന് കെഎഎസ്ഇബി പ്രതിവര്‍ഷ ഫീസ് ഈടാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സേവനത്തിനുള്ള കേബിളുകള്‍ക്ക് നഗരപ്രദേശങ്ങളില്‍ പോസ്റ്റ് ഒന്നിന് ഒരു വര്‍ഷത്തേക്ക് 615.74 രൂപയും ഗ്രാമങ്ങളില്‍ 307.87 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. കേബിള്‍ ടിവിയുടേതെങ്കില് യഥാക്രമം 337.64 , 163.19 രൂപയാണു വാര്‍ഷിക ഫീസ്. ഈ തുക ബോര്‍ഡിന് മുന്‍കൂറായി അടയ്ക്കണം.
കേബിള്‍ ടിവി, ഇന്റര്‍നെറ്റ് കേബിളുകളില്‍ ജോലികള്‍ ചെയ്യുന്ന സാഹചര്യങ്ങളില്‍ വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റാല്‍ ആശ്വാസധനം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖകളില്‍ കെഎസ്ഇബി വ്യക്തമാക്കി. സൂക്ഷ്മതക്കുറവ്, അശ്രദ്ധ, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച എന്നിവമൂലം ഷോക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായാല്‍ വൈദ്യുതി സുരക്ഷാപദ്ധതിയിലെ വ്യവസ്ഥകള്‍പ്രകാരം പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് അനുവദിക്കുക. എന്നാല്‍, സൂക്ഷ്മതക്കുറവുകൊണ്ടും അശ്രദ്ധകൊണ്ടും വൈദ്യുതിപോസ്റ്റുകളില്‍ കൂടിക്കിടക്കുന്ന കേബിളുകളില്‍ തട്ടി അപകടമോ മരണമോ സംഭവിച്ചാല്‍ ഈ തുക ലഭിക്കില്ല.
കേബിള്‍ വഴി വന്നത് 302.89 കോടി
വൈദ്യുതിപോസ്റ്റുകളില്‍ കേബിളുകള്‍ സ്ഥാപിച്ചിട്ടുള്ള കേബിള്‍ ടിവി, ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍നിന്നു കെഎസ്ഇബി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈടാക്കിയത് 302.89 കോടി രൂപയാണ്. 2020 ഏപ്രില്‍ ഒന്നുമുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കെഎസ്ഇബിയുടെ വരുമാനത്തിന്റെ കണക്കാണിത്. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഫീസ് നിരക്ക് പുതുക്കുന്നുമുണ്ട്.
Kerala
നെടുമങ്ങാട്: റോഡിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽനിന്നു ഷോക്കേറ്റ് ഇരുചക്ര വാഹനയാത്രക്കാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.
നെടുമങ്ങാട് പനയമുട്ടം വെള്ളായണി മൺപുറത്ത് അജയവിലാസത്തിൽ സുരേഷ് കുമാർ-ശാലിനി ദമ്പതികളുടെ മകൻ അക്ഷയ് സുരേഷ് (19)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. മൂന്നാം വർഷ ബിരുദവിദ്യാർഥിയായ അക്ഷയ് കാറ്ററിംഗ് ജോലി കഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് സുഹൃത്തുക്കളുമായി മടങ്ങുന്നതിനിടെ പനവൂരിൽനിന്നു പനയമുട്ടത്തേക്കുള്ള റോഡിൽ പാമ്പാടി മോസ്കിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളായ പനയമുട്ടം പഴവിള കോണത്തു വീട്ടിൽ അമൽ നാഥിനും (19) അജയപുരത്ത് വിനോദിനും (29) ഒപ്പം വീട്ടിലേക്കുവരികയായിരുന്നു അക്ഷയ്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നു.
റോഡരികിലെ റബർ മരത്തിന്റെ ഉണങ്ങിയ ശിഖരം ഒടിഞ്ഞ് വൈദ്യുതകമ്പികളും കോൺക്രീറ്റ് പോസ്റ്റും റോഡിൽ നിലംപൊത്തി കിടന്നത് ഇവർ കണ്ടില്ല. മരക്കൊമ്പിൽ ഇടിച്ചു മറിഞ്ഞ ബൈക്കിൽനിന്നു സുഹൃത്തുക്കൾ തെറിച്ചുവീഴുകയും അക്ഷയുടെ കാൽ, ബൈക്കിന്റെ ക്രാഷ് ഗാർഡിൽ കുരുങ്ങി റോഡിൽ കിടന്ന വൈദ്യുതലൈനിൽ വീഴുകയുമായിരുന്നു. റോഡിന്റെ മറുവശത്തു തെറിച്ചുവീണ വിനോദും അമൽ നാഥും ഓടിയെത്തി അക്ഷയിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഇവർക്കും ഷോക്കേറ്റു. ബൈക്ക് ഉയർത്താൻ ശ്രമിച്ചപ്പോൾ വാഹനത്തിലും വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നു. യുവാക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഹെൽമറ്റുകൾ കൊണ്ട് തട്ടിനീക്കിയാണ് അക്ഷയിനെ വൈദ്യുതകമ്പിയിൽനിന്ന് പുറത്തെടുത്തത്. നെടുമങ്ങാട് പോലീസ് കേസെടുത്തു.
Leader Page