കെഎസ്ഇബിയുടെ 220 കെവി ഹൈവോൾട്ടേജ് ലൈൻ വീടുകൾക്ക് മുകളിലൂടെ പോകുന്നു.
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ, അക്വഡൈറ്റിന് സമീപം കെഎസ്ഇബി യുടെ 220 കെവി ഹൈ വോൾട്ടേജ് ലൈൻ പൊട്ടി വീണ് അപകടം. മൂലമറ്റം-കളമശേരി ഹെവിലൈനാണ് ഇന്നലെ ഉച്ചയോടെ പൊട്ടിവീണത്. പൊല്ലക്കാട്ടിൽ ബാബുവിന്റെ വീടിന്റെ മുകളിലേക്കാണ് വൈദ്യുതി ലൈൻ വീണത്.
സംഭവ സമയത്ത് ബാബുവിന്റെ മകളും രണ്ടര മാസം പ്രായമുള്ള കുഞ്ഞും വീടിനുള്ളിലുണ്ടായിരുന്നു. ഭാഗ്യവശാൽ ഇരുവർക്കും പരിക്കുകളൊന്നുമില്ല. ലൈൻ പൊട്ടിയതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും, താഴെ കൂടി പോകുന്ന ലോ ടെൻഷൻ ലൈനിൽ തട്ടിയതോടെയാണ് സമീപത്തെ വീടുകളിലെ വൈദ്യുതി ഷോർട്ടായത്.
ഇരുപതോളം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗുകളും കത്തിനശിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല.
കൃത്യസമയത്ത് പരിശോധനകളും പരിപാലനപ്രവർത്തനങ്ങളും നടത്താത്തതാണ് ഈ അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികളും ജനപ്രതിനിധികളും ആരോപിക്കുന്നത്. അപകടത്തെ തുടർന്നു പ്രദേശത്ത് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
Tags : Mazhuvannoor Local News Ernakulam Nattuvishesham KSEB