Kerala
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന് നടക്കും. ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ ഡിസംബർ 21ന് രാവിലെ 10നും കോർപറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക.
തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെയാണ് പ്രതിജ്ഞയെടുക്കേണ്ടത്. കോർപറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടർമാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
Kerala
ന്യൂഡൽഹി: കേരള രാഷ്ട്രീയം മാറുന്നുവെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപി. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡൽഹിയിൽ സുരേഷ്ഗോപി.
പാർലമെന്റിലെ ഇരുസഭകളിലേയും എംപിമാർക്ക് ജിലേബി നൽകിയാണ് സുരേഷ് ഗോപി സന്തോഷം പങ്കുവച്ചത്. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ പിടിച്ചെടുത്ത് ബിജെപിയുടെ വലിയ മുന്നേറ്റമായാണ് വിലയിരുത്തൽ.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും എന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശബരിമല സ്വർണപാളി കേസ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പിലുണ്ടായ തോൽവി വിശദമായി പരിശോധിക്കും, പരിഹാരം കാണും. കൊല്ലം കോർപറേഷനിലെ തോൽവി പ്രത്യേകം പരിശോധിക്കും. ശബരിമല സ്വർണക്കൊള്ളയിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികൾ ഒന്നിച്ചുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫ്-ബിജെപി ധാരണയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ ആറ് സീറ്റുകളിൽ ചെറിയ വോട്ടുകൾക്കാണ് തോൽവിയുണ്ടായത്. ഇതും വിശദമായി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
വടകര: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ വിജയത്തിൽ പ്രതികരിച്ച് കെ.കെ.രമ എംഎൽഎ. കേരളത്തിലാകെ ആഞ്ഞടിച്ച ഈ ജനവിധിയുടെ തരംഗത്തിന് നേതൃത്വം നൽകിയ യുഡിഎഫ് നേതൃത്വം ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നുവെന്ന് കെ.കെ. രമ പറഞ്ഞു.
ടി.പിയുടെ നേതൃത്വത്തിൽ ഉയർത്തിയ നേരിന്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ കൂടുതൽ തെളിമയോടെ പാറിക്കളിക്കുന്ന ചരിത്രപരമായ ഈ ജനവിധി നൽകിയ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങളെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
2008 ൽ സഖാവ് മണ്ടോടിക്കണ്ണന്റെ മണ്ണിൽ സ.ടി.പിയുടെ നേതൃത്വത്തിൽ ഉയർത്തിയ നേരിന്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ കൂടുതൽ തെളിമയോടെ പാറിക്കളിക്കുന്ന ചരിത്രപരമായ ഈ ജനവിധി നൽകിയ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.
പിറവി കൊണ്ട് ആറുമാസത്തെ ആയുസ്സ് കുലപ്രഭുക്കന്മാർ വിധിച്ച പ്രസ്ഥാനം അതിന്റെ അമരക്കാരനായ ടി.പിയുടെ രക്തസാക്ഷി സ്വപ്നങ്ങൾ നെഞ്ചേറ്റുവാങ്ങി പടർന്നു വളരുന്ന കാഴ്ചയാണ് എമ്പാടും.
പതിറ്റാണ്ടുകളുടെ വികസനമുരടിപ്പിൽ നിന്നും ഏറാമലയെ ഏറെ മാറ്റിയ ഭരണസമിതിയെ നട്ടാൽ കുരുക്കാത്ത നുണകളുടെ മഴയിൽ കുളിപ്പിക്കാൻ ശ്രമിച്ച സിപിഎം റീലുകൾ സത്യത്തിൽ ജനകീയ മുന്നണിയുടെ വികസന പദ്ധതികളുടെ പ്രചരണമായി മാറുകയായിരുന്നു.
ഒഞ്ചിയത്തും ജനപക്ഷ വികസനത്തിനും നേരിന്റെ രാഷ്ട്രീയത്തിന് വലിയ അംഗീകാരമാണ് ജനം നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത്/ ബ്ലോക്ക് പഞ്ചായത്ത് അടക്കമുള്ള സീറ്റുകളിൽ മത്സരിച്ച ജനകീയ മുന്നണി സ്ഥാനാർഥികളെ പൂർണ്ണമായും ഒഞ്ചിയത്തെ ജനത നെഞ്ചേറ്റുകയായിരുന്നു.
ഒഞ്ചിയം/ഏറാമല/ ചോറോട്/അഴിയൂർ പഞ്ചായത്തുകളിലെ ജനകീയ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഴുവൻ UDF-RMPI പ്രവർത്തകരേയും നേതാക്കളെയും ഹൃദയത്തിൻ്റെ ഭാഷയിൽ അഭിവാദ്യം ചെയ്യുന്നു.
ഒഞ്ചിയം മേഖലയ്ക്ക് പുറത്തും തിളക്കമാർന്ന വിജയങ്ങൾ നേടാൻ ആർ.എം.പി.ഐക്ക് സാധ്യമായി.വടകര നഗരസഭയിലും, മണിയൂർ പഞ്ചായത്തിലും ആദ്യമായി ആർ.എം.പി.ഐ സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചു.
മാവൂർ,തളിക്കുളം പഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, കുന്നംകുളം നഗരസഭയിൽ ഉൾപ്പെടെ ആർ.എം.പി.ഐ വിജയിച്ചു. ആർ.എം.പി.ഐയുടെ ചെമ്പതാകയേന്തി ജനവിധി തേടിയ മുഴുവൻ സഖാക്കൾക്കും ഹൃദയാഭിവാദ്യങ്ങൾ.
ജനജീവിതം നാൾക്കുനാൾ ദുഃസ്സഹമാക്കുകയും കോടിക്കണക്കിനു രൂപയുടെ പി.ആർ മാമാങ്കങ്ങളുടെ ഭാരം കൂടി അവർക്കു മേൽ കെട്ടിവെയ്ക്കുകയും ചെയ്ത സി.പി.എമ്മിന്റെ ദുർഭരണത്തിനെതിരായ ജനവികാരത്തിൻ്റെ കൊടുങ്കാറ്റ് തങ്ങൾക്കനുകുലമായ വികാരമാക്കി മാറ്റാൻ ആസൂത്രിതമായ സംഘടനാ പ്രവർത്തനങ്ങളിലൂടെ യു.ഡി.എഫ് നേതൃത്വത്തിന് സാധിച്ചു.
കേരളത്തിലാകെ ആഞ്ഞടിച്ച ഈ ജനവിധിയുടെ തരംഗത്തിന് നേതൃത്വം നൽകിയ യു.ഡി. എഫ് നേതൃത്വം ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടാനിരിക്കുന്ന ആവേശകരമായ വിജയത്തിൻ്റെ അർത്ഥപൂർണ്ണമായ കാഹളമാണ് ഈ മുന്നേറ്റം.
എത്ര വലിയ ഭീഷണികളും ഗുണ്ടാമർദ്ദനവും ഏറ്റുവാങ്ങിയിട്ടാണ് പല സ്ഥലങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ ഈ പോരാട്ടം നടത്തിയത് എന്നത് ഓർക്കേണ്ടതാണ്.
ഒരു പാർലമെന്റ് അംഗത്തിനെ പോലും കടന്നാക്രമിക്കാൻ മടിയില്ലാതിരുന്ന ഇവർ കഴിഞ്ഞദിവസം കണ്ണൂരിലെ വേങ്ങാട് പഞ്ചായത്തിൽ ഒരു വനിതാ സ്ഥാനാർത്ഥിയേയും വയോധികനായ ഒരു പൊതു പ്രവർത്തകനെയും അതിക്രൂരമായി കടന്നാക്രമിച്ച, മനസ്സു മരവിപ്പിക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു.
അവിടെ നിന്നുയർന്ന നിലവിളികൾക്ക്, അവരേറ്റു വാങ്ങിയ അപമാനത്തിന് കേരളം നൽകിയ, ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി.
നന്ദി,
കേരളമേ..
കെ.കെ രമ
Kerala
മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടിയിരുന്നു.
വിജയാഘോഷത്തിന്റെ ഭാഗമായാണ് നഗരത്തിൽ നടന്ന പ്രകടനത്തിൽ എംഎൽഎയുടെ പലഹാര വിതരണം. മാത്യു കുഴൽനാടന് പ്രതിഷേധത്തിന്റെ കൂടി ഭാഗമായിരുന്നു കുഴലപ്പ വിതരണം.
നേരത്തെ, എംഎൽഎയ്ക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഡിവൈഎഫ്ഐയുടെയും, എൽഡിഎഫിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തിയപ്പോൾ കുഴലപ്പം വ്യാപകമായി വിതരണം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്താണിതെന്ന് എം.എ.ബേബി പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടി അപ്രതീക്ഷിതമാണെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി.
പാർട്ടിയുടെയോ എൽഡിഎഫിന്റെയോ ദൃഷ്ടിയിൽ പെടാത്ത ചില പ്രവണതകൾ ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു എന്നു വേണം ഈ അപ്രതീക്ഷിത തോൽവിയിൽ നിന്ന് മനസിലാക്കാനെന്നും എം.എ.ബേബി അഭിപ്രായപ്പെട്ടു.
സാധാരണ ഗതിയിൽ പാർട്ടി നടത്തുന്ന വിലയിരുത്തലുകൾ ശരിയായി വരികയോ ശരിയോട് വളരെ അടുത്തു വരികയോ ചെയ്യും. ഇത്തവണ ശരിയിൽ നിന്ന് വളരെ അകലെയായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്ന കാര്യമടക്കം പാർട്ടി പരിശോധിക്കുമെന്നും ബേബി അറിയിച്ചു.
ജനങ്ങളുടെ വിമർശനങ്ങൾ കേട്ട് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്തേണ്ടവ തിരുത്തി ഈ തിരിച്ചടിയിൽ നിന്ന് മുന്നോട്ടു പോകുമെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തിൽ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി.
ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണുണ്ടായതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
പകുതി ജില്ലാ പഞ്ചായത്തിലും ജയിക്കാനായത് വലിയ നേട്ടമാണ്. ആവശ്യമായ പരിശോധന നടത്തി തിരുത്തൽ വരുത്തുമെന്നും, തിരുത്തൽ വരുത്തി തിരിച്ചടി അതിജീവിച്ച അനുഭവം ഉണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
വർഗീയശക്തികളുമായി യുഡിഎഫ് പരസ്യവും രഹസ്യവുമായ നീക്കുപോക്ക് ഉണ്ടാക്കിയെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയമൊഴിച്ചാൽ ബിജെപിക്ക് കാര്യമായ നേട്ടമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
സംഘടനാപരമായ പോരായ്മകൾ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കും ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ജനവിധിയെ മാനിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം. ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും. ഇടതുപക്ഷം ഇടത് ആശയങ്ങളെ മുറുകെ പിടിക്കുക തന്നെ ചെയ്യും. ജനങ്ങൾ തങ്ങളെ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു. പരോക്ഷമായും പ്രത്യക്ഷമായും ബന്ധം പുലർത്തിയെന്നും ബിനോയ് വിശ്വം ആരോപിച്ചു. അതേസമയം സർക്കാർ പാഠങ്ങൾ പഠിക്കണമെന്നും തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഏഴ് പതിറ്റാണ്ടായി കേരളത്തെ മാറിമാറി ഭരിച്ച് ജനങ്ങളെ ദുരിതത്തിൽ ആക്കിയ ഇടത് വലത് മുന്നണികൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലം. വികസന രാഷ്ട്രീയം മുന്നോട്ടുവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പാർട്ടിയാണ് ബിജെപിയെന്നും അദേഹം വ്യക്തമാക്കി.
വികസന രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എൻഡിഎ അധികാരത്തിലെത്തിയാൽ അധികാരമേറ്റ് 45 ദിവസത്തിനുള്ളിൽ അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള വികസന രൂപരേഖ പുറത്തിറക്കും. അഴിമതിരഹിതവും സുതാര്യവുമായ ഡിജിറ്റൽ ഭരണം ഉറപ്പാക്കുമെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: സ്ഥാനാർഥിയെ പ്രവർത്തകർ ഒറ്റയ്ക്കാക്കി മുങ്ങിയതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ. പാലക്കാട് തൃത്താല പഞ്ചായത്തിലെ 14ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഉണ്ണികൃഷ്ണനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ദിവസം കോട്ടയം അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തിൽ നിന്നും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആറാംവാർഡിലെ ബിജെപി സ്ഥാനാർഥി ജനജമ്മ ഡി. ദാമോദരനാണ് പാർട്ടിക്കെതിരെ പോളിംഗ് ബൂത്തിന് സമീപം നിൽപ്പുസമരം നടത്തിയത്.
വോട്ടർമാർക്ക് കൊടുക്കാനുള്ള വോട്ടേഴ്സ് സ്ലിപ്പ് പോലും ജനജമ്മയുടെ പക്കൽ ഉണ്ടായിരുന്നില്ല. ഒടുവിൽ സ്വന്തം സ്ലിപ്പുപോലും എതിർസ്ഥാനാർഥിയുടെ പ്രവർത്തകരിൽ നിന്നാണ് ജനജമ്മ വാങ്ങിയത്.
അതേസമയം തന്റെ ബൂത്തിലിരിക്കാൻ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആൾ ഉണ്ടായിരുന്നെന്ന് മനസിലായതെന്നും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
Kerala
തൃശൂര്: വടക്കാഞ്ചേരി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. വടക്കാഞ്ചേരി നഗരസഭയിലെ 20ാം ഡിവിഷനിലാണ് സംഭവം. മങ്കര തരു പീടികയിൽ അൻവർ(42) ആണ് പിടിയിലായത്. പ്രിസൈഡിങ്ങ് ഓഫീസറുടെ പരാതിയിൽ ഇയാളെ പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
മങ്കര സ്വദേശിയായ അൻവറിന് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ വോട്ട് ചെയ്ത അൻവര് വീണ്ടും ഇന്ന് വോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ കൈയിലെ മഷിയടയാളം കണ്ടതോടെയാണ് കള്ളവോട്ട് ചെയ്യാനുള്ള ശ്രമം പാളിയത്.