National
ലക്നോ: ഭക്ഷണം വിളമ്പാൻ വൈകിയതിന് മാനസിക വൈകല്യമുള്ള യുവാവ് വൃദ്ധയായ മാതാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ജെവാറിലാണ് സംഭവം.
ബുധനാഴ്ചയാണ് സംഭവം. കിഷൻ എന്നയാൾ മാതാവ് രുക്മിണിയെ ലോഹ പാത്രം കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
രുക്മിണി പാകം ചെയ്തുകൊണ്ടിരുന്നപ്പോൾ കിഷൻ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം തയാറാകാൻ വൈകി. ഇതിൽ കുപിതനായ കിഷൻ, വീട്ടിലുണ്ടായിരുന്ന ലോഹം പാത്രം ഉപയോഗിച്ച് രുക്മിണിയുടെ തലയിൽ ഒന്നിലധികം തവണ അടിച്ചു.
സംഭവമറിഞ്ഞ അയൽവാസികൾ രുക്മണിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കിഷൻ ആഗ്രയിലെ ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ജെവാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിന് ഏകദേശം അഞ്ച് ദിവസം മുമ്പാണ് ഇയാൾ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടുണ്ട്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. രുക്മിണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Kerala
കൊല്ലം: ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി റെജി (50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ റെജി ആൺകുട്ടിയെ ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായത്. കുട്ടി മാതാവിനോട് പീഡനവിവരം പറഞ്ഞതോടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകി.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതിയെ ടൂറിസ്റ്റ് ബസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ പീഡനം നടന്നത് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതുകൊണ്ട് മറ്റു നിയമനടപടികൾ ഇരവിപുരം പോലീസ് സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു.
District News
കോട്ടയം: ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത ഇന്നോവ കാര്‍ ഇടിച്ചു പത്തൊന്പതുകാരന് മരിച്ചതില്‍ ഉടമസ്ഥയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി എസ്. സുഭാഷാണ് വിധിച്ചത്.
കോട്ടയം-കുമളി എന്‍എച്ച് 183 റോഡില്‍ എകെജെഎം സ്കൂളിനു മുന്പിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍നിന്നു കോട്ടയം ഭാഗത്തേക്ക് തെറ്റായ ദിശയില്‍ കയറിവന്ന ഇന്നോവ കാര്‍ എതിരേവന്ന മോട്ടോര്‍ ബൈക്കില്‍ ഇടിച്ചുവെന്നാണ് കേസ്. അതിവേഗത്തിലായിരുന്ന ഇന്നോവ കാര്‍ നട്ടാശേരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പില്‍ അനന്തു കെ. വേണു ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. 2023 മാര്‍ച്ച് 27-നായിരുന്നു അപകടം. തലേദിവസം അര്‍ധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇന്നോവ കാറിനുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തില്‍ കൊഴിയാത്താനത്തു സമീര്‍ മന്‍സില്‍ ബിനീതയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഓടിച്ചിരുന്നത് 19 വയസുള്ള മകന് നബീല്‍ ബഷീറായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മരണപ്പെട്ട അനന്തുവിന്റെ മാതാപിതാക്കള്‍ നഷ്ടപരിഹാരത്തിനായി കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്കി.
വിശദമായ തെളിവെടുത്ത കോടതി ഹര്‍ജിക്കാരുടെ കോടതി ചെലവും പലിശയും അടക്കം 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കാറിന്റെ ഉടമസ്ഥയോടും ഡ്രൈവറോടും ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി വി.ബി. ബിനു കോടതിയില്‍ ഹാജരായി.
Kerala
കൊച്ചി: ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയിൽ. ചെറായി പട്ടേരികുളങ്ങര കാലക്കശ്ശേരി ദേവദത്തൻ (62) ആണ് മരിച്ചത്. ചെറായി ബീച്ചിന് കിഴക്ക് വശം പൊയിലിൽ ആണ് ഇയാളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് ഒരാൾ പൊയിലിൽ വീണ് കിടക്കുന്നതായി കണ്ട ചിലർ മുനമ്പം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇയാളെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഇയാളുടേതെന്ന് സംശയിക്കുന്ന ഒരു സൈക്കിൾ മൃതദേഹം കണ്ട പൊയിലിനരികിൽ കണ്ടെത്തിയിട്ടുണ്ട്. ഇരാൾ രാത്രി എട്ടിന് ബാറിലിരുന്ന് മദ്യപിക്കുന്നതായി കണ്ടവരുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കൊച്ചി: തൃക്കാക്കര പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ മരിച്ചു. ദിണ്ടിഗല്‍ സ്വദേശി ബാബുരാജ് (50) ആണ് മരിച്ചത്. സ്റ്റേഷനില്‍ വച്ച് ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ബാബുരാജിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച ബാബുരാജിനെ എന്‍ജിഒ ക്വട്ടേഴ്സ് പരിസരത്തു നിന്നും കസ്റ്റഡിയില്‍ എടുത്തത്. അപരിചിതന് അലഞ്ഞു നടക്കുന്നുവെന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ വച്ച ബാബുരാജിന് പുലര്‍ച്ചെ മൂന്നോടെ ഫിക്സ് വരികയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ബാബുരാജ് മരിച്ചിരുന്നു. ബാബുരാജിന്റെ മൃതദേഹം തൃക്കാക്കര കോര്‍പ്പറേറ്റീവ് ആശുപത്രിയിലാണ്. പോസ്റ്റ്മോര്‍ട്ടവും ഇന്‍ക്വസ്റ്റ് നടപടികളും നടക്കുകയാണ്. വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ബാബുരാജിനെ നേരത്തെയും പോലീസ് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.
National
ചെന്നൈ: പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ വിസമ്മതിച്ചതില്‍ ക്ഷുഭിതനായ യുവാവ് അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു.
തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കേസില്‍ കടലൂര്‍ ജില്ലയിലെ കുറിഞ്ചിപാടിയില്‍ താമസിക്കുന്ന വൈദ്യനാഥനെ (32) പെരുന്തുറ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യനാഥനും ഭാര്യ ഗായത്രിയും (30) തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നു. ഇതുകാരണം കുറച്ചുനാളായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.
ഗായത്രി മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ ദിവസം വൈദ്യനാഥന് ഗായത്രിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാല്‍, ഗായത്രി ഒപ്പം പോകാന്‍ തയാറായില്ല. ഇതോടെ വൈദ്യനാഥന് തൊട്ടടുത്ത് താമസിക്കുന്നവരുടെ സഹായം തേടി. പക്ഷെ ആരും സഹായിച്ചില്ല.
തുടര്‍ന്ന് വൈദ്യനാഥന് എല്ലാവരും ഉറങ്ങിയ ശേഷം അയൽവാസികളായ മൂന്നുപേരുടെ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റൊരാളുടെ കാറിനും തീയിടുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ വീട്ടുകാര്‍ ഉണർന്നു.
ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയും അവരെത്തി തീയണക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പെരുന്തുറൈ പോലീസ് വൈദ്യനാഥനെ പിടികൂടി. ഇയാള്‍ പോലീസിനോട് കുറ്റംസമ്മതിച്ചിട്ടുണ്ട്.
Kerala
കൊച്ചി: പെരുമ്പാവൂരിലെ അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത് നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്.
പുല്ലുവഴി കർത്താവുംപടിയിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. അതോടെ വെറും കൈയോടെ മടങ്ങാൻ തയ്യാറാകാതെ മോഷ്ടാവ് സിസിടിവി ക്യാമറ മോഷ്ടിച്ചു.
Kerala
കുമരകം: കുമരകം എട്ടാം വാര്‍ഡ് പൊങ്ങലകരി മാതപ്പശേരി ഭാഗത്ത് കാണാതായി നാട്ടുകാരെ ആശങ്കയിലാക്കിയ അജ്ഞാതൻ ഒടുവിൽ വെളിച്ചത്ത്. നാട്ടുകരും കുമരകം പോലീസും തെരച്ചില്‍ നടത്തിയിട്ടു രാത്രി കണ്ടെത്താന്‍ കഴിയാതിരുന്ന അജ്ഞാതനെ ബുധനാഴ്ച രാവിലെയാണ് നസ്രത്തു പള്ളിക്കു സമീപത്തുനിന്നു കണ്ടെത്തിയത്. ഇതോടെ നാട്ടുകാർക്ക് ആശ്വാസമായി.
ചൊവാഴ്ച വൈകുന്നേരത്തോടെയാണു മാതപ്പശേരി ഭാഗത്ത് 400-ാം ചിറയില്‍ അജ്ഞാതന്റെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊങ്ങലകരി പാലത്തിനുസമീപം കറുത്ത വസ്ത്രം ധരിച്ച ഇതരസംസ്ഥാനക്കാരനെന്നു സംശയം തോന്നിക്കുന്ന ആളെയാണ് ഇന്നലെ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. പ്രദേശത്തെ കാടുപിടിച്ച സ്ഥലത്തേക്ക് അജ്ഞാതന്‍ കയറിപ്പോയതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെ വാര്‍ഡ് അംഗം നീതു റെജി വിവരം കുമരകം പോലീസില്‍ അറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുംചേര്‍ന്നു പ്രദേശത്ത് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. കാഴ്ചയില്‍ അവശനായി തോന്നിക്കുന്ന ആളാണ് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. മാധപ്പശേരിയില്‍നിന്നും മുത്തന്റെ നട റോഡുവഴി നസ്രത്തു പള്ളി റോഡില്‍ ഇയാള്‍ എത്തുകയായിരുന്നു എന്നാണു കരുതുന്നത്. കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് ഇയാളില്‍നിന്നും വിവരങ്ങള്‍ ചോദിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
Kerala
കൊച്ചി: കുണ്ടന്നൂരില്‍ ഒഴിഞ്ഞ ഫ്ലാറ്റിൽ മധ്യവയ്സ്കന്റെ മൃതദേഹം കണ്ടെത്തി. കരിമുകള്‍ സ്വദേശിയായ 51 വയസുകാരന് സുഭാഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക വിവരം. കുണ്ടന്നൂര്‍ പാലത്തിന് സമീപം കാലങ്ങളായി ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റിന് സമീപമുള്ള മാലിന്യ കൂമ്പാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബവുമായി ബന്ധമില്ലാതിരുന്ന സുഭാഷ് ഒഴിഞ്ഞു കിടന്ന ഫ്ലാറ്റിലാണ് കുറച്ചു കാലമായി താമസിച്ചു കൊണ്ടിരുന്നത്. ഫ്ലാറ്റില്‍ നിന്നും മദ്യപിക്കുന്നതിനിടെ താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന്റെ തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. വീട്ടില്‍ നിന്നും വഴക്കിട്ടുപോയി അവിടെയും ഇവിടെയും താമസിക്കുന്ന പ്രകൃതമാണ് സുഭാഷിന്റേതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവന്തപുരം: പെയിന്റിംഗ് ജോലിക്കിടെ ആസാം സ്വദേശി ഷോക്കേറ്റ് മരിച്ചു. കാജോള്‍ ഹുസൈനാണ് (21) മരിച്ചത്.
തിരുവന്തപുരം ടെക്നോപാര്‍ക്കിലെ ക്വസ്റ്റ് കമ്പനിയിലാണ് സംഭവം. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചുമര് കഴുകുന്നതിനിടയില്‍ 110 കെ വി വൈദ്യുത കമ്പിയില്‍ വാട്ടര്‍ ഗണ്‍ തട്ടി കാജോളിന് ഷോക്കേൽക്കുകയായിരുന്നു.
കാജോളിനെ ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
നോയിഡ: പുതുവത്സരാഘോഷത്തിനിടെ പാർപ്പിട സമുച്ചയത്തിന്റെ 15-ാം നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
ബിസ്രാഖ് പ്രദേശത്തെ അമ്രപാലി ഗോൾഫ് ഹോംസ് കിംഗ്സ്വുഡ് സൊസൈറ്റിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ബീഹാറിലെ സിവാൻ ജില്ലയിലെ തർവാര ഗ്രാമവാസിയായ വിനീത്(31) ആണ് മരിച്ചത്.
ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു വിനീത്. സുഹൃത്തുക്കളോടൊപ്പം പുതുവത്സരം ആഘോഷിക്കുന്നതിനിടെ അബദ്ധത്തിൽ വിനീത് താഴേയ്ക്ക് വീഴുകയായിരുന്നു.
സൊസൈറ്റിയിലെ താമസക്കാർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്യുമെന്നും സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പാലോട് ഐഎൻടിയുസി ലോഡിംഗ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ദൈവപ്പുര മുത്തിക്കാമല തടത്തരികത്തു വീട്ടിൽ വിൽസണെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റയെടുക്കാൻ പോകും വഴിയാണ് വിൽസണ്‍ ഷോക്കേറ്റത്.
ഇല വെട്ടാൻ പോയതായിരുന്നു വിൽസൺ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇക്ബാൽ കോളജിന് പിൻഭാഗത്തുള്ള പുരയിടത്തിൽ വിൽസണെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപവാസി പന്നിക്കെണി സ്ഥാപിച്ച് അതിലേക്ക് വീട്ടിൽ നിന്ന് അനധികൃതമായി വൈദ്യുതി കടത്തി വിട്ടിരുന്നു. ഈ കമ്പിയിൽ തട്ടിയാണ് വിൽസൺ മരിച്ചതെന്നാണ് വിവരം. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.
കെഎസ്ഇബിയുടെ റിപ്പോർട്ട് കിട്ടിയശേഷം മറ്റു വകുപ്പുകൾ കൂടി ചുമത്താനാണ് പൊലീസ് തീരുമാനം. പെരിങ്ങമ്മല ഇലക്ട്രിക്കൽ സെഷനിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. വീടിനുള്ളിൽ നിന്നാണ് വൈദ്യുതി പന്നിക്കെണിക്കിട്ട കമ്പിയിലേക്കു കൊടുത്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ദളിത് കോൺഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു വിൽസൺ.
Kerala
തിരുവനന്തപുരം: പാലോട് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. പാലോട് പെരിങ്ങമ്മല ദൈവപ്പുര സ്വദേശി വിൽസൺ ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ഉച്ചയോടെ ആടിന് തീറ്റയ്ക്കായി പോയ വിൽസനെ കാണാതെ വന്നതോടെ ആളുകൾ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്തിയത്. ഇഖ്ബാൽ കോളജിന് പിൻഭാഗത്തുള്ള സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആണ് വിൽസൺ. പോലീസ് സ്ഥലത്തെത്തി മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
National
അമരാവതി: ആന്ധ പ്രദേശിലെ വിജയവാഡയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനാൽ മധ്യവയസ്കനെ കുത്തിക്കൊന്നു. പത്ത് രൂപ ചോദിച്ചിട്ട് കൊടുക്കാത്തത് കാരണമാണ് പതിനേഴുകാരൻ 49 കാരനായ ടാറ്റാജി എന്നയാളെ കൊന്നത്.
മദ്യ വിൽപനശാലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. മദ്യം വാങ്ങാൻ പതിനേഴുകാരൻ ടാറ്റാജിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിരസിച്ച ടാറ്റാജി പതിനേഴുകാരനോട് ദേശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പതിനേഴുകാരൻ ടാറ്റാജിയെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി. ഗുരുതരമായി പരിക്കേറ്റ ടാറ്റാജി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ഇരുവരും പരിചയക്കാരല്ലെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 13 ലിറ്റർ ചാരായവും 110 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. സിന്ധു എന്ന് വിളിക്കുന്ന രാജീവ് (56) ആണ് പിടിയിലായത്.
നെയ്യാറ്റിൻകര എക്സൈസാണ് ഇയാളെ പിടികൂടിയത്. സുഹൃത്തിന്റെ ഒറ്റമുറി വീട്ടിൽ രഹസ്യമായി ചാരായം വാറ്റി സ്കൂട്ടറിൽ വിൽപ്പന നടത്തുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. പെരിങ്ങമ്മലയിലെ വീട്ടിൽ ചാരായം വാറ്റ് നടക്കുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം എക്സൈസ് പരിശോധന നടത്തിയത്.
ചാരായം വാറ്റാൻ ഉപയോഗിച്ച പാത്രങ്ങൾ, സ്റ്റൗ - ഗ്യാസ് കുറ്റി സ്കൂട്ടർ എന്നിവയും കസ്റ്റഡിയിലെടുത്തു. സ്ഥലം ഉടമയായ സുഹൃത്തിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ.കെ. അജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലായിരുന്നു പ്രതിയെ പിടികൂടിയത്.
ഇയാൾക്കെതിരെ അബ്കാരി കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് പറഞ്ഞു. ഇലക്ഷൻ ദിനത്തിൽ മദ്യശാലകൾ അവധിയായിരുന്നതിനാൽ കൂടിയ വിലയ്ക്ക് വിൽപ്പന നടത്താനുള്ള ഒരുക്കത്തിനിടെയാണ് പിടികൂടിയത്.
Kerala
ഇടുക്കി: വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങി മരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ അപ്പാപ്പികട രണ്ടാം ബൂത്തിലാണ് ശ്രീജിത്ത് വോട്ട് ചെയ്തത്. തുടർന്ന് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്.
ഉടൻതന്നെ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
പാലക്കാട്: പട്ടാമ്പിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്.
ശനിയാഴ്ച ഉച്ച മുതൽ ഇയാളെ കാണാതായിരുന്നു. പട്ടാമ്പി വീരമണിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: കേച്ചേരിയിൽ നിർത്തിയിട്ട ഓട്ടോ-ടാക്സി മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇയ്യാൽ ചിറനെല്ലൂർ സ്വദേശി വൈശ്യം വീട്ടിൽ ഇബ്രാഹിം (40) ആണ് അറസ്റ്റിലായത്. കുന്നംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എയ്യാൽ സ്വദേശി ഒലക്കേങ്കിൽ വീട്ടിൽ വർഗീസിന്റെ (70) ഓട്ടോ-ടാക്സിയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. പട്ടിക്കര മുസ്ലിം പള്ളിക്ക് സമീപത്ത് ഓട്ടോ ടാക്സി പാർക്ക് ചെയ്തതിനുശേഷം സമീപത്തെ കടയിലേക്ക് സാധനം വാങ്ങാൻ പോയി തിരിച്ചെത്തിയപ്പോഴാണ് ഓട്ടോ-ടാക്സി നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് സമീപ സ്റ്റേഷനുകളിലേക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി തിച്ചൂരിൽ ഓട്ടോ ടാക്സിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
Kerala
മലപ്പുറം: മരംമുറിക്കുന്നതിനിടെ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം. വണ്ടൂർ നടുവത്ത് പുത്തൻകുന്നിൽ എളണക്കൻ വിപിൻ (32) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം.
മുറിച്ചുമാറ്റുന്ന മരക്കൊമ്പ് പൊട്ടി വിപിൻ നിൽക്കുന്ന കമ്പിലേക്ക് വീണ് ഇരു കമ്പുകളും പൊട്ടിവീണായിരുന്നു അപകടം. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. സ്ഥിരം കുറ്റവാളിയായ ഷെയ്ഖ് റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. നിസാമാബാദിലെ ആശുപത്രിയിൽ വച്ചാണ് സംഭവം.
പോലീസിന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പോലീസ് കോൺസ്റ്റബിൾ ഇ. പ്രമോദി(42)നെ ഷെയ്ഖ് റിയാസ് കൊലപ്പെടുത്തിയത്. തെലുങ്കാന പോലീസിന് സ്ഥിരം തലവേദനയായിരുന്ന ഷെയ്ഖ് റിയാസിനെ പിടികൂടാൻ ഞായറാഴ്ച പോലീസ് സംഘം എത്തിയിരുന്നു.
എന്നാൽ രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാൾ കോൺസ്റ്റബിൾ പ്രമോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ പ്രമോദ് മരണത്തിന് കീഴടങ്ങി. കൂടാതെ, ഇയാളെ പിടികൂടാൻ പോലീസിനെ സഹായിച്ച പ്രദേശവാസിയെയും ഇയാൾ പരിക്കേൽപ്പിച്ചു.
പിന്നീട് ഷെയ്ഖ് റിയാസിനെ പിടികൂടിയ പോലീസ് സംഘം വൈദ്യപരിശോധനയ്ക്കായി നിസാമാബാദിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇവിടെവച്ച് ഇയാൾ പോലീസിനെ ആക്രമിക്കുകയായിരുന്നു.
പോലീസിന്റെ തോക്ക് തട്ടിയെടുത്ത ഷെയ്ഖ് റിയാസ് വെടിയുതിർത്തു. ഇതിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ഇതിനു പിന്നാലെയാണ് പോലീസ് ഷെയ്ഖ് റിയാസിനെ വെടിവച്ചു കൊലപ്പെടുത്തിയത്.
Kerala
കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി. ചോറ്റാനിക്കരയിലുണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് സ്വദേശികളായ മാണിക്യനും മണികണ്ഠനും ചോറ്റാനിക്കര അമ്പാടിമല ചേപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടെ ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
ഇതിനിടെ മാണിക്യൻ കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് മണികണ്ഠനെ തീകൊളുത്തുകയായിരുന്നു. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മണികണ്ഠന് 25% പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ വയോധികൻ തലയ്ക്കടിയേറ്റ് മരിച്ചു. കൊല്ലം കടയ്ക്കലിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58) ആണ് കൊല്ലപ്പെട്ടത്.
പ്രതി കുന്താലി രാജുവിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
അതിനിടെ സമീപത്തുണ്ടായിരുന്ന പലകകഷണം എടുത്ത് രാജു ശശിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊല്ലം: കാമുകനോട് പിണങ്ങി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതി കായലിൽ ചാടി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന യുവാവിനും യുവതിക്കും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍.
കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമായിരുന്നു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിംഗ് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്.
ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്ക്ക് ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിൽ മൊഴി നല്കി.
Kerala
കൽപ്പറ്റ: റിസോര്ട്ടിൽക്കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ചീരാല്‍ മേച്ചേരി മഠം വീട്ടില്‍ ജോഷ്വ വര്‍ഗീസ് (35) നെയാണ് ബംഗളൂരുവില്‍ നിന്ന് സുൽത്താൻബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് രാത്രിയില്‍ ബത്തേരി പൂതിക്കാട് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ രണ്ടു കാറുകളിലായെത്തിയാണ് സംഘം ആക്രമണം നടത്തിയത്. അതിക്രമിച്ച് കടന്ന ആറംഗ സംഘം ജീവനക്കാരെ മർദിച്ചതിനൊപ്പം റിസോർട്ട് അടിച്ച് തകർക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പുത്തന്‍ക്കുന്ന് തെക്കുംകാട്ടില്‍ വീട്ടില്‍ ടി.നിഥുന്(35), ദൊട്ടപ്പന്‍കുളം നൂര്‍മഹല്‍ വീട്ടില്‍ മുഹമ്മദ് ജറീര്‍ (32), കടല്‍മാട് കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ.ബവാസ് (32), ചുള്ളിയോട് പനച്ചമൂട്ടില്‍ വീട്ടില്‍ പി.അജിന് ബേബി (32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
പാലക്കാട്: റോഡരികിലെ കടയ്ക്കു മുന്നില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ധോണി റോഡില്‍ മില്‍മ ബൂത്തിനു സമീപത്താണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. മുട്ടിക്കുളങ്ങര സ്വദേശി വേണു എന്നയാളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സമീപത്ത് ചോരപ്പാടുകളുണ്ട്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ഇന്നു പുലര്‍ച്ചെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് ഹേമാംബിക നഗര്‍ പോലീസ് അറിയിച്ചു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.