Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. രണ്ട് പ്ലസ് വൺ വിദ്യാർഥികളെയാണ് കാണാതായത്.
അയത്തിൽ സ്വദേശി കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. തിരയിപ്പെട്ട മറ്റ് മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് സംഭവം.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദി(14)നെയാണ് കാണാതായത്.
കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല.
അതേസമയം, കുട്ടി പള്ളിയിൽ നിന്നിറങ്ങിയ ശേഷം ഓട്ടോയിൽ ആലഞ്ചേരിയിൽ എത്തിയെന്ന വിവരമുണ്ട്. ആലഞ്ചേരിയിൽ നിന്ന് വേറെയാരും കുട്ടിയെ കണ്ടിട്ടില്ല. രാത്രി ഒൻപതിന് കോട്ടാത്തല അമ്പലത്തിന് സമീപം കുട്ടി ഭക്ഷണം വാങ്ങിക്കുന്നത് കണ്ടവർ ഉണ്ട്. രാവിലെ മടവൂരിൽ വച്ച് കണ്ടെന്ന വിവരവും പോലീസിന് ലഭിച്ചു.
അതേസമയം, വീട്ടുകാർ കുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെടുത്തിയിരുന്നു. ഇത് വാങ്ങി വച്ചതിൽ കുട്ടി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. കുടുംബം കൊട്ടാരക്കര പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
National
ജയ്പുർ: രാജസ്ഥാനിൽ വിനോദസഞ്ചാരത്തിനെത്തിയ രണ്ട് ജപ്പാൻ പൗരന്മാരെ കാണാതായി. ജയ്പുരിലെത്തിയ ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അധികൃതർ അറിയിച്ചു.
യുമാ ടൊയോഡാ(25), ഹിബിക്കി ഷിബാ (25)എന്നിവരെയാണ് കാണാതായത്. ഇവർ വെള്ളിയാഴ്ച ഡൽഹിയിലെത്തിയതിന് പിന്നാലെ പിറ്റേദിവസമാണ് ജയ്പൂരിലേക്ക് തിരിച്ചത്. ഇവരെ കാണാനില്ലെന്ന് വിവരവുമായി ഒരു ടാക്സി ഡ്രൈവറാണ് പോലീസിനെ സമീപിച്ചതെന്നും പരാതി ലഭിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അശോക്നഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോത്തിലാൽ പറഞ്ഞു.
ജയ്പൂരിലെ ബ്രഹ്മപുരിയിലുള്ള ഒരു ഹോട്ടലിലാണ് ഇരുവരും തങ്ങിയിരുന്നത്. ഇവിടെ നിന്നും ഇവർ ഒരു ടാക്സി ബുക്ക് ചെയ്ത സമീപത്തുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിലേക്ക് പോയെങ്കിലും പിന്നീട് മടങ്ങിവന്നില്ലെന്നാണ് ടാക്സി ഡ്രൈവറുടെ മൊഴി. ഇവരെ കാത്ത് റെസ്റ്റോന്റിന് പുറത്ത് ഡ്രൈവർ കാത്തുനിൽക്കുകയായിരുന്നു.
രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് ശേഷം ഡ്രൈവർ റെസ്റ്റോറന്റിനുള്ളിൽ കയറി ഇരുവരെയും തിരക്കിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു. റെസ്റ്റോറന്റ് ജീവനക്കോരാട് അന്വേഷിച്ചപ്പോള്‍ അവർ മടങ്ങിയിട്ട് നേരമേറെയായെന്നാണ് ഡ്രൈവറോട് പറഞ്ഞതെന്നും പോലീസ് അറിയിച്ചു.
പാസ്പോർട്ട് അടക്കമുള്ള ഇവരുടെ രേഖകൾ അടങ്ങുന്ന ബാഗുകൾ ടാക്സി കാറിലാണുള്ളത്. റെസ്റ്റോറന്റിൽ നിന്ന് ഇവർ ഭക്ഷണം കഴിക്കുകയോ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല.
സിസിടിവി ദൃശ്യങ്ങളിൽ റെസ്റ്റോറന്റിൽ എത്തി അഞ്ച് മിനിറ്റിനുള്ളിൽ ഇവർ അവിടെ നിന്നും മടങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്. പോലീസ് ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ മുറി പരിശോധിച്ചതിന് പിന്നാലെ ഇവർ ആറു ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
ഇവരുടെ പാസ്പോർട്ടിന്റെ കാലാവധി വ്യാഴാഴ്ച വരെയാണ്. ഇരുവരുടെയും ഫോണും സ്വിച്ച്ഓഫാണ്. പോലീസ് ഇവരുടെ ബന്ധുക്കളുടെ അടക്കം വിവരം ശേഖരിക്കാനായി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്.
National
ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളില്‍നിന്ന് ഇന്ത്യയെ സംബന്ധിക്കുന്ന ചില രേഖകള്‍ ഇന്ത്യ-യുഎസ് വ്യാപാര കരാറിനുശേഷം അപ്രത്യക്ഷമായെന്നു കോണ്‍ഗ്രസ്. ഇന്ത്യയുടെ പരാമര്‍ശങ്ങളുള്ള കുറഞ്ഞത് 60 ഫയലുകളെങ്കിലും കരാറിനുശേഷം അപ്രത്യക്ഷമായെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പവന് ഖേര ആരോപിച്ചു.
യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്സൈറ്റിലുള്ള എപ്സ്റ്റീന് ഫയലുകളില്‍ കഴിഞ്ഞ ആറിന് ‘ഇന്ത്യ’ എന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ 484 പേജുകളുടെ ഫയലുകള്‍ ലഭിക്കുമായിരുന്നെന്നും ഓരോ പേജിലും പത്തു രേഖകള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും പവന് പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ഇതേ കാര്യം തെരയുകയാണെങ്കില്‍ 478 പേജുകളേ ലഭിക്കുകയുള്ളൂവെന്നും ഇതിനര്‍ഥം ഏകദേശം 60 ഫയലുകളടങ്ങുന്ന 6 പേജുകള്‍ അപ്രത്യക്ഷമായെന്നും ഇതിനിടയില്‍ നടന്ന ഒരു സംഭവവികാസം ഇന്ത്യ-യുഎസ് കരാറാണെന്നും പവന് വ്യക്തമാക്കി.
എപ്സ്റ്റീന് ഫയല്‍ സൂക്ഷ്മമായി വിശകലനം ചെയ്യുവാന്‍ കോണ്‍ഗ്രസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുള്ളതുകൊണ്ടാണ് ഇക്കാര്യമറിയുന്നതെന്നും പവന് അവകാശപ്പെട്ടു. വിവാദ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഇന്ത്യ-വിരുദ്ധ കരാറിനെ ഉപയോഗപ്പെടുത്തിയോയെന്ന് പവന് എക്സിലെ കുറിപ്പില്‍ ചോദിച്ചു.
അതിനിടെ ഒരു പേര് മറച്ചിട്ടുള്ള ഒരു വ്യക്തി 2018 മേയ് 14ന് ജെഫ്രി എപ്സ്റ്റീന് അയച്ച ഒരു മെയില്‍ എപ്സ്റ്റീന് ഫയലിലുണ്ടെന്ന് പവന് ചൂണ്ടിക്കാട്ടി. ‘ഈ വേനല്‍ക്കാലത്ത് റോമിനടുത്തുള്ള ഞങ്ങളുടെ കുടുംബത്തിന്റെ കൊട്ടാരത്തില്‍ ജയ്പുരിലെ മഹാരാജാവിന്റെ ജന്മദിന പാര്‍ട്ടി ഞാന്‍ സംഘടിപ്പിക്കുന്നുണ്ട്.’-എന്നാണ് എപ്സ്റ്റീന് അയച്ചിരിക്കുന്ന മെയിലില്‍ പറയുന്നത്.
ഫയലില്‍ പരാമര്‍ശിക്കുന്ന ‘ജയ്പുരിലെ മഹാരാജാവ്’രാജസ്ഥാനിലെ ബിജെപി ഉപമുഖ്യമന്ത്രിയായ ദിയ കുമാരിയുടെ മകന് സവായ് പദ്മനാഭ് സിംഗാണെന്ന് പവന് ഖേര ആരോപിച്ചു. 2018ല്‍ റോമില്‍ നടന്ന സവായിയുടെ ആര്‍ഭാടമായ ജന്മദിന ആഘോഷം പബ്ലിക് ഡൊമെയ്നില്‍ ഇതിനോടകം ലഭ്യമാണെന്നും പവന് പറഞ്ഞു.
Kerala
കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ ബൈക്ക് മോഷണം പോയതായി പരാതി. മഞ്ഞുമ്മലില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ തെക്കുംകര പുന്നംപറമ്പ് വീട്ടില്‍ സാന്‍വിന്‍ സണ്ണിയുടെ ബൈക്കാണ് മോഷണം പോയത്.
മഞ്ഞുമ്മലിലെ ഗാര്ഡിയന് എയ്ഞ്ചല്‍ സ്കൂളിന് എതിര്‍വശത്തുള്ള മാതാ ദം ബിരിയാണി എന്ന ഹോട്ടല്‍ കെട്ടിടത്തിന് താഴെ വച്ചിരുന്ന ബൈക്ക് വ്യാഴാഴ്ച രാവിലെ മുതലാണ് കാണാതായത്. 145,000 രൂപ വില വരുന്ന യമഹ ആര്15 വി3 ബൈക്കാണ് മോഷണം പോയത്. ഏലൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ബൈക്ക് മോഷണം കൊച്ചിയില്‍ വർധിക്കുകയാണ്. അരൂരില്‍ ബൈക്ക് മോഷ്ടിച്ച സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കാക്കനാട് ബൈക്ക് മോഷ്ടിച്ച കാപ്പ കേസ് പ്രതിയടങ്ങുന്ന സംഘത്തെയും രണ്ടാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൊച്ചി: സ്കൂളിലേക്കു പോയ പതിനാറുകാരിയെ കാണാനില്ലെന്നു പരാതി. വൈപ്പിന്‍ തെക്കന്‍ മാലിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആണ് എളങ്കുന്നപുഴയിലുള്ള സ്കൂളിലേക്കു പെണ്‍കുട്ടി പോയത്.
രാത്രിയായിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും കൂട്ടുകാരുടെ വീടുകളിലുമൊക്കെ അന്വേഷിച്ചു. കൂടുതൽ വിവരങ്ങളൊന്നും കിട്ടാതെ വന്നതോടെ പിതാവ് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
National
ബംഗുളൂരു: കർണാടകയിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രീതം എന്ന കുട്ടിയാണ് മരിച്ചത്.
കനകപുര റോഡിൽ പൈപ്പ്ലൈൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 29 ന് കുട്ടിയെ കാണാനില്ലെന്ന് പ്രീതത്തിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു.
ജനുവരി 31 ന് ഓടയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കുട്ടിയുടെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുറന്ന് കിടക്കുന്ന ഓടയിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു.
പ്രീതം അബദ്ധത്തിൽ വീണതാണോ എന്നും ഓട തുറന്നതാരാണ് എന്നുമുള്ള അന്വേഷണങ്ങൾ പോലീസ് ആരംഭിച്ചിരിക്കുകയാണ്.
NRI
കാഡോ കൗണ്ടി (ഓക്ലഹോമ): ഓക്ലഹോമയിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസുകാരനെ കണ്ടെത്തിയതിന് പിന്നാലെ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങൾ.
അമ്മയും രണ്ടാനച്ഛനും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കുട്ടിയുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബാലപീഡനം, ലൈംഗികാതിക്രമം, അവഗണന തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി 11നാണ് കുട്ടിയെ കാഡോ കൗണ്ടിയിലെ സിമെന്റിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കുട്ടി കാണാതായ സമയത്ത് തന്നെ പോലീസ് മാതാപിതാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ജയിലിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രണ്ടാനച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. നിലവിൽ ഇയാൾ ആശുപത്രിയിൽ കിത്സയിലാണ്.
രണ്ടാനച്ഛന് 25 ലക്ഷം ഡോളർ (ഏകദേശം 20 കോടി രൂപ) ബോണ്ട് തുകയായി കോടതി നിശ്ചയിച്ചു. ജാമ്യത്തിലിറങ്ങിയാൽ കുട്ടികളുമായോ മൃഗങ്ങളുമായോ സമ്പർക്കം പുലർത്തരുത്, ജിപിഎസ് ഉപകരണം ധരിക്കണം തുടങ്ങിയ കർശന നിബന്ധനകളും കോടതി മുന്നോട്ടുവെച്ചു.
കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ അറ്റോർണി ഓഫിസ് അറിയിച്ചു.
National
ബലാഗവി/നാസിക്: ഗോവയിൽനിന്ന് ഏകദേശം 400 കോടിയുടെ നിരോധിത കറൻസി നോട്ടുകളുമായി കർണാടകയിലേക്കു പോയ രണ്ട് ട്രക്കുകൾ കാണാതായി മാസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല.
2023 മേയ് മാസത്തിൽ നിരോധിച്ചതും ഇപ്പോഴും മാറ്റിയെടുക്കാവുന്നതുമായ 2000 രൂപ നോട്ടുകളാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് നടന്ന സംഭവം പുറത്തായത് ഈമാസം ഒന്നിനാണ്; അതും, മഹാരാഷ്ട്രയിലെ നാസിക് സ്വദേശി സന്ദീപ് പാട്ടീൽ എന്നയാൾ നാസിക് പോലീസിൽ പരാതി നൽകിയതോടെ.
ഗോവയിൽനിന്നു കർണാടകയിലേക്കു പോയ ട്രക്കുകൾ കർണാടക, മഹാരാഷ്ട്ര, ഗോവ അതിർത്തിപ്രദേശവും കർണാടകയിലെ ബെലാഗവി ജില്ലയിൽപ്പെട്ട ഘാനാപുർ താലൂക്കിലെ വനമേഖലയുമായ ചൊർള ഘട്ടിൽനിന്നാണു കാണാതായത്. അതിനാൽത്തന്നെ മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ പോലീസ് സംഘം സംയുക്തമായാണു കേസ് അന്വേഷിക്കുന്നത്.
രാജ്യത്തെ ക്രിമിനൽ ചരിത്രത്തിൽ ഏറ്റവും വലിയ പണം കവർച്ചയാണിത്. മഹാരാഷ്ട്രയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ കിഷോർ ഷെട്ടിയുടേതാണു കാണാതായ കാഷ് കണ്ടെയ്നറുകളെന്ന് മഹാരാഷ്ട്ര പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സന്ദീപ് പാട്ടീലിന്റെ പരാതിയിൽ
കണ്ടെയ്നറുകൾ കാണാതായതോടെ കിഷോർ ഷെട്ടിയുടെ ആളുകൾ തന്നെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയതായുള്ള സന്ദീപ് പാട്ടീലിന്റെ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ഒന്നിന് നാസിക് ജില്ലയിലെ ഘോട്ടി പോലീസ് സ്റ്റേഷനിലാണ് ഇയാൾ പരാതി നൽകിയത്.
കണ്ടെയ്നർ തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നൽകിയെന്നാരോപിച്ച് ഒന്നര മാസത്തോളം തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചതായും ശാരീരികവും മാനസികവുമായ കഠിന പീഡനത്തിനു വിധേയമാക്കിയതായും പാട്ടീൽ പരാതിപ്പെട്ടു.
400 കോടി രൂപ തിരികെ നൽകിയില്ലെങ്കിൽ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പാട്ടീൽ ആരോപിച്ചു. അക്രമികളിൽനിന്നു രക്ഷപ്പെട്ടാണ് സന്ദീപ് പാട്ടീൽ നാസിക് പോലീസിനെ സമീപിച്ചത്. യഥാർഥത്തിൽ 1000 കോടിയുടെയെങ്കിലും കവർച്ചയാണു നടന്നിരിക്കുന്നതെന്നും സന്ദീപ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ മഹാരാഷ്ട്രയിലെ രണ്ട് പോലീസ് ഓഫീസർമാർക്കു പങ്കുണ്ടെന്നും വാട്സാപ് കോളിലൂടെ തന്നെ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തിയതായും യാതൊന്നും വെളിപ്പെടുത്തരുതെന്ന് പറഞ്ഞതായും സന്ദീപ് പറയുന്നു.
കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ഒത്താശയോടെ ശ്രമങ്ങൾ നടന്നു. കിഷോർ ഷെട്ടിയുടെ കൂട്ടാളികളാണ് കണ്ടെയ്നറുകൾ തട്ടിക്കൊണ്ടുപോയതെന്നാണു തന്റെ വിശ്വാസമെന്നും സന്ദീപ് പാട്ടീൽ കൂട്ടിച്ചേർത്തു. തന്റെ ജീവൻ അപകടത്തിലാണെന്നും പോലീസ് സംരക്ഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചുപേർ അറസ്റ്റിൽ
നിരോധിത നോട്ടുകൾ ചെറിയ തുകകളായി മാറ്റിയെടുക്കുന്നതിനും പിന്നീട് മഹാരാഷ്ട്രയിലേക്ക് തിരികെ അയയ്ക്കുന്നതിനും കർണാടകയിലെ ഒരു ആശ്രമത്തെയായിരുന്നു ചുമതലപ്പെടുത്തിയതെന്ന് സന്ദീപ് പാട്ടീൽ അവകാശപ്പെട്ടു. 60:40 കമ്മീഷൻ വ്യവസ്ഥയിലായിരുന്നത്രെ ആശ്രമവുമായുള്ള ഇടപാട്.
സന്ദീപ് പാട്ടീലിന്റെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിരാട് ഗാന്ധി എന്ന ഹവാല ഇടപാടുകാരനാണ് അറസ്റ്റിലായവരിൽ പ്രമുഖൻ. കഴിഞ്ഞ 23ന് അറസ്റ്റിലായ വിരാട് ഗാന്ധിക്ക് ഒരു മതസ്ഥാപനവുമായി അടുത്ത ബന്ധമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ, മുഖ്യപ്രതികളും പണവും ട്രക്കുകളും ഇനിയും കാണാമറയത്താണ്. സംഭവത്തിന്റെ ഗൗരവാവസ്ഥ കണക്കിലെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കർണാടക, ഗോവ പോലീസിന്റെ സഹകരണത്തോടെയാണ് എസ്ഐടി അന്വേഷണം.
പണം തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചു?
വിനിമയം നിരോധിച്ചെങ്കിലും ചെറിയ തുകകളായി മാറ്റിയെടുക്കാമെന്നിരിക്കെ കാണാതായ 2000 കറൻസി നോട്ടുകൾ അടുത്തിടെ നടന്ന മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി സൂചനയുണ്ട്. മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയപാർട്ടിക്ക് ഇതിൽ ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്നുണ്ടെങ്കിലും പാർട്ടിയുടെ പേര് വെളിപ്പെടുത്താൻ അവർ വിസമ്മതിക്കുന്നു.
പണത്തിന്റെ ഉറവിടം, അതു മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം, എന്തിന് ഉപയോഗിച്ചു എന്നിവയാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുക. അന്വേഷണം പുരോഗമിക്കുമ്പോൾ കണക്കിൽപ്പെടാത്ത ഇത്രയും വലിയ പണത്തിന്റെ കൈമാറ്റം, നിയമപാലകരുടെ പങ്കാളിത്തം, രാജ്യത്തെ ഏറ്റവും വലിയ പണം കൊള്ള നടന്നിട്ടും പുറത്തുവരുന്നതിലുണ്ടായ കാലതാമസം എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
Kerala
തൃശൂർ: മത്സ്യബന്ധനത്തിനിടെ കടലിൽ തെറിച്ചു വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എങ്ങണ്ടിയൂർ ഏത്തായികരുപ്പയിൽ ശങ്കുരു മകൻ വിജീഷാണ് മരിച്ചത്.
ഫൈബർ വള്ളത്തിൽ നിന്നും കടലിൽ തെറിച്ചു വീണു കാണാതാവുകയായിരുന്നു. മൂന്നു ദിവസം കോസ്റ്റൽ പോലീസും ഫിഷറീസ് വിഭാഗവും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലിൽ അജ്ഞാത മൃതദേഹം കണ്ടതായി കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ആഴക്കടലിൽ ഒഴുകി നടന്നിരുന്ന മൃതദേഹം പോലീസ് സംഘം ബോട്ടിൽ കയറ്റുകയായിരുന്നു.
International
ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. 82 പേരെ കാണാതായതായി സർക്കാർ അറിയിച്ചു.
വെസ്റ്റ് ജാവയിലെ വെസ്റ്റ് ബാൻഡുംഗ് പ്രദേശത്തുള്ള പസിർലംഗു ഗ്രാമത്തിലാണ് മണ്ണിടിച്ചലുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. 30 വീടുകൾ തകർന്നു. നിരവധി പേരെ രക്ഷിക്കാൻ സാധിച്ചതായി സർക്കാർ അറിയിച്ചു. കാണാതായവർക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ 11 പേർ കയറിയ ചെറുവിമാനം കാണാതായി. ഇന്നലെ ഉച്ചയ്ക്കു യോഗ്യാകാർതയിൽനിന്നു സൗത്ത് സുലാവെസി പ്രവിശ്യയുടെ തലസ്ഥാനമായ മാകാസറിലേക്കു പോയ ഇന്തോനേഷ്യൻ എയർ ട്രാൻസ്പോർട്ടിന്റെ എടിആർ 42-500 പ്രാദേശിക യാത്രാവിമാനമാണു ജാവ, സുലാവെസി ദ്വീപുകൾക്കിടയിലുള്ള പർവതമേഖലയിൽ കാണാതായത്.
മാരോസ് ജില്ലയിലെ ബുലുസാരോംഗ് ദേശീയ പാർക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.17ന് വിമാനം ട്രാക്ക് ചെയ്യപ്പെട്ടെങ്കിലും പിന്നീട് ബന്ധം നിലയ്ക്കുകയായിരുന്നു.
ബുലുസാരോംഗ് പർവതത്തിനുമുകളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തകർ അവിടേക്കു തിരിച്ചിട്ടുണ്ട്. എട്ട് ക്രൂ അംഗങ്ങളും മറൈൻ വകുപ്പിലെയും ഫിഷറീസ് വകുപ്പിലെയും മൂന്നു ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
NRI
മേരിലാൻഡ്: ജർമൻ ടൗണിൽ 13 വയസുകാരിയെ കാണാതായി. ഏഞ്ചല റെയസ് എന്ന പെൺകുട്ടിയെയാണ് ഈ മാസം 13 മുതൽ കാണാതായത്.
മോണ്ട്ഗോമറി കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളോട് സഹായം അഭ്യർഥിച്ചു.
Kerala
അമ്പലപ്പുഴ: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണം നഷ്ടപ്പെട്ടതായി പരാതി. പുറക്കാട് പുന്നമൂട്ടിൽ സംനാദിന്റെ മാതാവ് ശാന്തിയും ഭാര്യ അശ്വിനിയും ചേര്‍ന്നാണ് ഇതുസംബന്ധിച്ച് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആഭരണങ്ങള്‍ കാണാതായ വിവരം അറിയുന്നത്.
യാത്ര പോകാനായി ഒരുങ്ങി ആഭരണങ്ങള്‍ എടുക്കാനായി അലമാര തുറന്നപ്പോളാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്നാണ് ഭര്ത്യമാതാവായ ശാന്തിയോടൊപ്പം പോലീസില്‍ പരാതി നല്‍കിയത്.
സംനാദ് വിദേശത്താണ്. പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Kerala
തിരുവനന്തപുരം: കരമനയിൽനിന്നു കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്.
പിന്നീട് ഈ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പിന്നീട് എങ്ങോട്ടാണ് കുട്ടി പോയതെന്ന യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കരമന പോലീസ് അന്വേഷിക്കുകയായിരുന്നു.
ഇതിനിടെയാണ് ഹൈദരാബാദിൽ കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചിരിക്കുന്നത്. സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ബന്ധുക്കൾ ഹൈദരാബാദിലേക്കു പുറപ്പെടാനൊരുങ്ങുകയാണ്.
Kerala
എടത്വ: അവധി കഴിഞ്ഞ് വിദേശത്തേയ്ക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഗൃഹനാഥനെ കാണ്മാനില്ലെന്ന് പരാതി. എടത്വ കോയില്‍മുക്ക് പുത്തന്‍പറമ്പില്‍ ജോസഫ് വര്‍ഗീസിനെ (ജോണ്സണ്-60) ആണ് കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ എടത്വ പോലീസില്‍ പരാതി നല്‍കിയത്.
20 ദിവസത്തെ അവധി കഴിഞ്ഞ ഡിസംബര്‍ 17 ന് നാട്ടിലെത്തിയ ജോണ്സണ് ആറിന് മടങ്ങിപ്പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ജനുവരി ഒന്നാം തീയതി വീട്ടുകാരുമായുള്ള ചില തര്‍ക്കത്തെതുടര്‍ന്ന് ജോണ്സണ് വീടുവിട്ട് ഇറങ്ങിയിരുന്നു. മുന്‍പും സമാനമായ തര്‍ക്കത്തെ തുടര്‍ന്ന് വീടുവിട്ട് ഇറങ്ങുകയും തിരികെ വരുകയും ചെയ്തിരുന്നു.
പതിവുപോലെ തിരികെ വരുമെന്ന് കാത്തിരുന്നെങ്കിലും വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയും മൂന്നാം തീയതി എടത്വാ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കാണാതാകുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ഫോണിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാണ്. എറണാകുളത്തുനിന്ന് മംഗളുരുവിലേയ്ക്കും അവിടെനിന്ന് വിദേശത്തേയ്ക്കും പോകുന്ന രീതിയിലാണ് എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
ഇതേതുടര്‍ന്ന് ആറിന് മടങ്ങിപ്പോയോ എന്നറിയാന്‍ എറണാകുളത്തും മംഗളുരു എയര്‍പോട്ടിലും അന്വേഷിച്ചെങ്കിലും മടങ്ങിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞിരുന്നു. ആറ് മസം മുന്‍പ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജോണ്സണ് ശസ്ത്രക്രിയ നടത്തിയിരുന്നു.
Kerala
മലപ്പുറം: കരുളായിയിൽ നിന്ന് കാണാതായ പതിനെഴുകാരിയെ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിനിയായ കരുളായി സ്വദേശിനിയെയാണ് കോഴിക്കോട് നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ നിന്നാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ ആണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാരുമായി പിണങ്ങിയാണ് പെണ്‍കുട്ടി ഉച്ചക്ക് വീട് വിട്ട് ഇറങ്ങിയത്.
കോഴിക്കോട് ബസ് സ്റ്റാൻഡിൽ കണ്ടതായി വിവരം കിട്ടിയതിനെ തുടർന്ന് സഹോദരങ്ങൾ അവിടെയെത്തി പരിശോധിച്ചെങ്കിലും ആദ്യം കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
Kerala
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്.
അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകനാണ് സുഹാൻ. കളിക്കുന്നതിനിടെ സഹോദരനോട് പിണങ്ങിയാണ് സുഹാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.
സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചിൽ നടത്തിയത്. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ആവശ്യത്തിനായി പോയതായിരുന്നു.
സുഹാനുവേണ്ടി നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ഡോഗ് സ്ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ അന്വേഷണം. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിയിരുന്നു.
ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ശനിയാഴ്ച രാത്രിവരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. തുടർന്ന് 8.30 ഓടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.
Kerala
പാലക്കാട്: ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ് - തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 11 നായിരുന്നു സംഭവം.
കളിച്ചുകൊണ്ട് വീടിന് പുറത്തുനിൽക്കുകയായിരുന്ന സുഹാനെ അൽപ്പസമയത്തിനു ശേഷം കാണാതാവുകയായിരുന്നു. കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി സുഹാൻ മുറ്റത്തുനിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചു.
ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഡോഗ് സ്ക്വാഡ് മണം പിടിച്ച് വീടിനു സമീപത്തെ കുളത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിൽ കുളത്തിൽ പരിശോധ നടത്തുകയാണ്. വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് കുട്ടി ധരിച്ചിരുന്നത്.
Kerala
പത്തനംതിട്ട: ഓമല്ലൂർ മാത്തൂരിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവിൽ വീട്ടിൽ ഗോപകുമാറിന്റെ മകൻ അശ്വിൻ (22) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് അശ്വിൻ നദിയിൽ വീണത്. വിവരം അറിഞ്ഞ് പത്തനംതിട്ടയിൽ നിന്നുള്ള അഗ്നിരക്ഷാ സേന സ്കൂബാ ടീം നദിയിൽ തെരച്ചിൽ നടത്തിയിരുന്നു.
രാത്രി വൈകിയതിനാൽ തെരച്ചിൽ നിർത്തി. വീണ്ടും ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പന്തളം എൻഎസ്എസ് പോളി ടെക്നിക്കിലെ വിദ്യാർഥിയായിരുന്നു. മാതാവ്: സന്ധ്യ.
District News
പോത്തൻകോട് : വിനോദയാത്രയ്ക്കിടെ കാൽ വഴുതി കനാലിൽ വീണ് കാണാതായ അസി.പ്രഫസർ മരിച്ചു. ചെക്കാലമുക്ക് സാന്‍ ജോസ് കോട്ടേജ്, ജോസ് മാത്യുന്റെയും (റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ, എജിഎസ് ഓഫീസ്), എലിസബത്ത് സിന്ധു ജോണിന്റെയും (റിട്ട. സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വിമണ്‍ & ചൈല്‍ഡ് ഡെവലപ്മെന്റ്, ഗവണ്മെന്റ് ഓഫ് കേരള) മകൻ സിറില്‍ ജോസ് നായ്യിച്ചേരില് (33) ആണ് മരിച്ചത്.
ഗുജറാത്ത് ധീരുഭായി അംബ്ബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആൻഡ് ടെക്നോളജിയിലെ ഇക്കോണമിക്സ് അസി. പ്രഫസറായിരുന്നു. ഗുജറാത്തിൽ നിന്നും ചൊവ്വാഴ്ച നാട്ടിലേയ്ക്ക് വരുന്നതിനിടെ കർണാടകയിലെ അംബി സന്ദർശിക്കാൻ ഇറങ്ങുകയും സിറിൽ ജോസ് താമസിച്ചിരുന്ന റിസോർട്ടിന്റെ പുറകുവശത്തെ കനാലിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ കാൽവഴുതി കനാലിലേയ്ക്ക് വീണ് കാണാതാകുകയായിരുന്നു. ബാഗും മൊബൈലും കനാലിന്റെ കരയി സഹോദരൻ : ഐവന്‍ ജോസ് നായ്യിച്ചേരില് മാനേജർ, എച്ച്ഡിഎഫ്സി ലിമിറ്റഡ്, തിരുവനന്തപുരം).
Kerala
മാന്നാര്‍: കാണാതായ യുവാവിനെ രണ്ട് ദിവസത്തിനുശേഷം ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തി. ബുധനൂര്‍ പടിഞ്ഞാറ് കൈലാസം വീട്ടില്‍ രമണന് നായരുടെ മകന് വിഷ്ണു നായരെ (34) യാണ് എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തിയത്.
ദുബായിൽ നിന്ന് ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് വിഷ്ണു വീട്ടിലെത്തിയത്. ഏഴരയോടെ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാന്‍ പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു.
ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധുക്കൾക്ക് വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് ബന്ധുക്കള്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ ബുധനൂര്‍ പഞ്ചായത്ത് അംഗം രാജേഷ് ഗ്രാമത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ നിർണായകമായി.
ഇതിൽ ബൈക്കിൽ യാത്ര ചെയ്ത വിഷ്ണു മാവേലിക്കര കരയമട്ടം ഭാഗത്തുനിന്ന് തിരിയുന്നതായി കണ്ടെത്തി. തുടര്‍ന്ന് രാജേഷും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പില്‍ ബൈക്കും സമീപത്ത് അവശനിലയില്‍ വിഷ്ണുവിനെയും കണ്ടെത്തിയത്.
ചെട്ടികുളങ്ങരയിലേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാകാമെന്നാണ് നിഗമനം. വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
International
തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി.
ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
മൂന്നംഗ സംഘത്തിലെ ഒരാൾക്ക് വഴി തെറ്റിയതാണ് കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാൾക്കായി തെരയുകയായിരുന്നെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് വിവരങ്ങൾ.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്.
Kerala
തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് വനംവകുപ്പ് ജീവനക്കാരെ പേരെ കാണാനില്ല.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
തുടർന്ന് ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം ആരംഭിച്ചു.
ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും.
കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അതേസമയം, ഉദ്യോഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
International
ഹോങ്കോംഗ്: ഹോങ്കോംഗിൽ ഭവന സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച അവസാനിച്ചു. മരിച്ചവരുടെ എണ്ണം 146 ആയി. കാണാതായ 150 പേരെക്കുറിച്ച് ഇനിയും വിവരമില്ലെങ്കിലും പരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
4600ൽ അധികം ആളുകളാണ് ഭവന സമുച്ചയത്തിൽ താമസിച്ചിരുന്നു. ഇവിടുത്തെ ഫയർ അലാമുകൾ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഞായറാഴ്ച ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
കിഴക്കൻ ഹോങ്കോംഗിലുള്ള ഭവനസമുച്ചയത്തിലെ ഏഴ് കെട്ടിടങ്ങൾക്ക് നവീകരണ പ്രവർത്തനം നടക്കുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് തീപിടിത്തമുണ്ടായത്. നവീകരണ ജോലികൾ നടത്തിയിരുന്ന കമ്പനിയുടെ 11 ഉന്നത ഉദ്യോഗസ്ഥരെ അഴിമതി നിരോധന വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
International
ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ പാർപ്പിട്ട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 36 ആയി. 279പേരെ കാണാതായി. 700പേരെ രക്ഷപെടുത്തി ഷെൽട്ടറുകളിലേക്ക് മാറ്റി.
നഗരത്തിന്റെ വടക്ക് തായ് പോ ഡിസ്ട്രിക്ടിൽ സ്ഥിതിചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിടസമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4600 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. 700 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.
തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾക്കു പുറത്തു സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള തട്ടുകൾ തീ അതിവേഗം പടരാൻ ഇടയാക്കി.
Kerala
പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നാല് വയസുകാരൻ യദുകൃഷ്ണന്റെ മൃതദേഹമാണ് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
അപടത്തിൽ നേരത്തെ ആദിലക്ഷ്മി എന്ന എട്ടുവയസുകാരി മരിച്ചിരുന്നു. വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയ കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ഓട്ടോറിക്ഷയിൽ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റ കുട്ടികളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. സ്ഥിരം പോകുന്ന ഓട്ടോറിക്ഷയിലായിരുന്നില്ല ഇന്ന് കുട്ടികള്‍ പോയത്. പകരമുള്ള ഓട്ടോയാണ് അയച്ചത്. 40 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്.
International
പാരീസ്: ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കവര്‍ച്ചയിൽ ഒരാള്‍ കൂടി അറസ്റ്റിൽ. ഇതോടെ കൊള്ളയിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണം ഇതേവരെ കണ്ടെത്താനായില്ല.
നെപ്പോളിയൻ ചക്രവർത്തിയുടെ അമൂല്യ വജ്രാഭരണങ്ങൾ മോഷണം പോയെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാക്കൾ സുരക്ഷാജീവനക്കാർ എത്തുംമുൻപ് ബൈക്കിൽ രക്ഷപെട്ടു പോകുകയായിരുന്നു. ഒക്ടോബര്‍ 19ന് രാവിലെ ഒൻപതരയ്ക്ക് സന്ദർശകർ പ്രവേശിച്ചുതുടങ്ങുമ്പോൾ ആണ് കവർച്ച നടന്നത്.
സെൻ നദിയോട് ചേർന്നുള്ള ഭാഗത്തു എത്തിയ മോഷ്ടാക്കൾ ചരക്കുലിഫ്റ്റിൽ ഘടിപ്പിച്ചിരുന്ന ഗോവണി ഉപയോഗിച്ച് മ്യൂസിയത്തിന്റെ അപ്പോളോ ഗ്യാലറിയിൽ കടക്കുകയായിരുന്നു. ഡിസ്പ്ലെ കേസ് തകർത്ത് ഉള്ളിൽ ഉണ്ടായിരുന്ന അമൂല്യ ആഭരണങ്ങൾ കൈക്കലാക്കിയ ഇവർ, ഏഴ് മിനിറ്റിനുള്ളിൽ പുറത്തിറങ്ങി മോട്ടോർ ബൈക്കിൽ രക്ഷപെട്ടു.
മ്യൂസിയത്തിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് മോഷണം നടന്നതെന്നും മുഖംമൂടി ധരിച്ച നാലു പേരാണ് ഗോവണിയുടെ അടുത്ത് എത്തിയതെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. നഷ്ടമായ വസ്തുക്കളുടെ മൂല്യം നിർണയിക്കാൻ ആകില്ലെന്ന് സാംസ്കാരിക മന്ത്രി പ്രതികരിച്ചു.
National
ബംഗളൂരു: തമ്മനഹള്ളിയിൽ കോളജ് വിദ്യാർഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്ര പ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല.
ബിബിഎം വിദ്യാർഥിനിയാണ് ദേവിശ്രീ. തമ്മനഹള്ളിയിലെ വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിശ്രീയുടെ സുഹൃത്ത് മാനസയുടെ ഫ്ലാറ്റാണിത്. ആൺ സുഹൃത്ത് പ്രേം വർധന് ഒപ്പമായിരുന്നു 21കാരി കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ എത്തിയത്. 11 മണിക്കൂറിലേറെ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മാനസ തിരികെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് ദേവിശ്രീയെ കട്ടിലിൽ മരിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ മാതാപിതാക്കളെയും പോലീസിനെയും അറിയിച്ചു. മതനായ്ക്കനഹള്ളി പോലീസ് സ്ഥലത്തെത്തി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് സംശയം.
കൊന്നത് പ്രേംവർധനാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.എന്നാൽ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. പ്രേംവർധൻ എവിടെ എന്നതിനെക്കുറിച്ച് ഇതുവരെ സൂചനയില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ 17 അംഗ സംഘത്തിലെ ഒരാളെ കാണാനില്ല. ആഴിമലയിലെത്തിയ സംഘത്തിലെ മിഥുൻ ദാസി(29)നെയാണ് കാണാതായത്. കോതമംഗലത്തെ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയാണ് ആസാം സ്വദേശിയായ മിഥുൻ ദാസ്.
സംഭവത്തിൽ ഒപ്പമുണ്ടായിരുന്നവർ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം സ്ഥലത്തെത്തിയത്. 16നാണ് ഇവർ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ആഴിമല എത്തിയത്. തിരികെ പോകാൻ സമയം മിഥുനെ കാണാത്തതിനെതുടർന്ന് പരിസരത്തു തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
തിരികെ ജോലിസ്ഥലത്ത് എത്തുമെന്നു കരുതി തങ്ങൾ മടങ്ങിയെന്നാണ് സംഘം പോലീസിന് നൽകിയ മൊഴി. കോതമംഗലത്ത് എത്തിയിട്ടും മിഥുൻ എത്താത്തതിനാലാണ് പരാതി നൽകിയതെന്ന് വിഴിഞ്ഞം പോലീസ് പറയുന്നത്.
യുവാവിനെ ക്ഷേത്ര പരിസരത്തുനിന്നു കാണാതായെന്നാണ് സംഘം പറയുന്നത്. അതേസമയം ദിവസം ആഴിമല കടലിൽ ഒരാൾ വീഴുന്നതു കണ്ടുവെന്ന ദൃക്സാക്ഷികളിൽ നിന്നുള്ള വിവരത്തെതുടർന്ന് മൂന്ന് ദിവസങ്ങളായി കോസ്റ്റൽ പോലീസ് ഉൾപ്പെടെ തെരച്ചിൽ നടത്തിവരുകയാണ്. ഇത് മിഥുൻ ആണോയെന്നാണ് സംശയം.
Kerala
വയനാട് : അട്ടമല വനത്തിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്. എട്ട് മാസം ഗര്‍ഭിണിയാണ് ലക്ഷ്മി.
ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെ നിലമ്പൂര്‍ വനമാണ്. ഇവിടെയാണ് പ്രധാനമായും വനംവകുപ്പും പോലീസും പട്ടികവര്‍ഗ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുന്നത്.
സെപ്റ്റംബറില്‍ ഇവരെ വൈത്തിരി ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ നല്‍കിയത്. ഇതിനുശേഷം ഇവര്‍ ഉന്നതിയിലേക്ക് മടങ്ങി.
പണിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഇവര്‍ വനമേഖലയിലെ ഗുഹകളിലും മറ്റും താമസിക്കാറുണ്ട്. കാണാതായ യുവതി പുറംലോകവുമായി അധികം ബന്ധപെട്ടിരുന്നില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശ്രേയസ് എന്ന സന്നദ്ധ സംഘടന ഇടപെട്ട് യുവതിയുടെ മൂന്ന് കുട്ടികളെ ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു.
Kerala
കോഴിക്കോട്: നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നു മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്.
11, 12,13 വയസള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, മൂവരും സ്കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം.
രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലും ഒരാൾ ചാലപ്പുറം സ്കൂളിലും ആണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.
International
കാഠ്മണ്ഡു: വടക്കുകിഴക്കൻ നേപ്പാളിൽ ഹിമപാതത്തിൽ മൂന്നു പേർ മരിച്ചു. നാലു പേരെ കാണാതായി. ഒരു ഫ്രഞ്ച് പർവതാരോഹകനും രണ്ടു നേപ്പാളി ഗൈഡുകളുമാണു മരിച്ചത്. കാനഡ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു ഹിമപാതമുണ്ടായത്. റോൾവാലിംഗ് വാലിയിൽ 5630 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാന്പ് ഒലിച്ചുപോയി. അഞ്ചു പേർക്കു പരിക്കേറ്റു.
Kerala
കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട മൂന്നുപേരും മരിച്ചു. ബംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. കർണാടക സ്വദേശികളാണ് മൂന്നുപേര
സംഘത്തിൽ എട്ട് പേരുണ്ടായിരുന്നു. താമസിക്കുന്ന റിസോർട്ടിനു മുന്നിലെ കടലിലാണ് ഇവർ ഇറങ്ങിയത്.
അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു രണ്ട് പേർ രക്ഷിക്കാന്‍ ഇറങ്ങി. മൂന്നുപേരും ഒഴുക്കിൽപ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു.
ഫയർഫോഴ്സും പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: കൂട്ടുകാരനുമൊത്ത് അടിമലത്തുറയിലെ പൊഴിക്കരക്കടുത്തുളള കടലില്‍ കുളിക്കുന്നതിനിടയില്‍ വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി.
കോട്ടുകാല്‍ വില്ലേജിലെ അടിമലത്തുറ അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റെയും ഡൈനയുടെയും മകന് ജോബില്‍ പത്രോസിനെ (12) ആണ് കാണാതായത്.
വെളളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടമെന്ന് വിഴിഞ്ഞം കോസ്റ്റല്‍ എസ്എച്ച്ഒ വിപിന്‍ പറഞ്ഞു. അടിമലത്തുറ ലൂയീസ് മെമ്മോറിയല്‍ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ജോബിൽ.
സ്കൂള്‍ വിട്ടതിനുശേഷം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കൂട്ടുകാരനൊപ്പമാണ് അടിമലത്തുറയിലെ പൊഴിക്കരത്തീരത്തുളള കടല്‍ത്തീരത്ത് ജോബിൽ എത്തിയത്. കുളിക്കുന്നതിനിടയില്‍ ജോബില്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥി കരയിലേക്ക് ഓടിയെത്തി നാട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് അപകടമറിയുന്നത്. തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റല്‍ പോലീസിനെ വിവരമറിയിച്ചു.
ഇതേത്തുടര്‍ന്ന് കുട്ടിയെ കാണാതായ ഭാഗത്ത് കോസ്റ്റല്‍ പോലീസും ഫിഷറീസിന്റെ മറൈന്‍ എന്‍ഫോഴ്സുമെന്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ കോസ്റ്റല്‍ പോലീസ് കേസെടുത്തു.
District News
മുക്കം: രണ്ട് വർഷം മുമ്പ് കാണാതായ വയോധികയെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി മുക്കം പോലീസ്. 2023 സെപ്റ്റംബർ 17ന് വൈകുന്നേരം നാലോടെ കാണാതായ മുക്കം മാമ്പറ്റ സ്വദേശിനി ചെറോപ്പാലി ബാലകൃഷ്ണന്റെ ഭാര്യ വിജയകുമാരി (57)ക്കായാണ് മുക്കം പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് നടത്തിയ അന്വേഷണത്തിൽ മണാശേരിയിൽ നിന്നും മാവൂർ-കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസിൽ കയറുന്നതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു.
വിവിധ ക്ഷേത്രങ്ങളിലേക്ക് തീർഥയാത്ര പോവാനുള്ള സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തിയിരുന്നു. വിജയകുമാരിയെ കുറിച്ച് വിവരം ലഭിക്കുന്നവർ മുക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോൺ: 04952297133.
Kerala
കൊച്ചി: ചെല്ലാനത്തുനിന്നും മത്സ്യബന്ധനത്തിനുപോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി. കണ്ടക്കടവ് സ്വദേശികളായ സെബിൻ, കുഞ്ഞുമോൻ പ്രിൻസ്, ആന്റപ്പൻ എന്നിവരെയാണ് കാണാതായത്.
ഇവർക്കായി കോസ്റ്റ് ഗാർഡും നാവികസേനയും തെരച്ചിൽ നടത്തിവരികയാണ്. ഇന്ന് പുലർച്ചെ നാലിനാണ് ഇവർ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ഒരു എൻജിനുള്ള വള്ളത്തിലാണ് ഇവർ കടലിൽ പോയത്. രാവിലെ ഒൻപതോടെ മടങ്ങി എത്തേണ്ടതായിരുന്നു.
Kerala
കാസർഗോഡ്: ചന്തേരയിൽ നിന്നും കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ നിന്നും നാല് ആൺകുട്ടികളെ ഉച്ചഭക്ഷണ സമയത്ത് കാണാതായത്. അധ്യാപകരുടെ നേതൃത്വത്തിൽ സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നാലെ ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയത്. കുട്ടികളെ രാത്രിയോടെ നാട്ടിലെത്തിക്കും.
Kerala
പാലക്കാട്: ചന്ദ്രനഗറിൽനിന്നും കാണാതായ വിദ്യാർഥിയെ കണ്ടെത്തി. തൃശൂരിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിയെ ആര്‍പിഎഫ് ആണ് കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് അന്വേഷണം നടത്തിത്.
Kerala
പാലക്കാട്: ചന്ദ്രനഗറിൽനിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് വ്യാഴാഴ്ച കാണാതായത്.
ഇതോടെ പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. കുട്ടിക്കായുള്ള തെരച്ചിലും ഊർജിതമാക്കി. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് അന്വേഷണം നടത്തുന്നത്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.
Kerala
പാലക്കാട്: കോങ്ങാട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളായ 13 കാരികളെ ബുധനാഴ്ച രാവിലെ ഏഴുമുതലായിരുന്നു കാണാതായത്. കുട്ടികൾ സുരക്ഷിതരെന്ന് കോങ്ങാട് പോലീസ് അറിയിച്ചു.
വീട്ടിൽ നിന്ന് രാവിലെ ഏഴിന് ട്യൂഷന് പോയിരുന്നു. തുടർന്ന് ട്യൂഷൻ സെന്ററിൽ നിന്ന് സ്കൂളിലേക്ക് എന്നു പറഞ്ഞാണ് വിദ്യാർഥികൾ മടങ്ങി. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പോലീസിൽ പരാതിപ്പെടുകയായിരുന്നു.
NRI
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് വീട്ടിൽ നിന്നും പ്രഭാത നടത്തത്തിനിറങ്ങിയ സാന്താ മേരി തമ്പിയെ(20) കാണാതായത്.
വീടിനടുത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശനിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നിയമപാലകർക്കൊപ്പം മലയാളി സമൂഹം ഒന്നടങ്കം നടത്തിയ തെരച്ചിലിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്.
Kerala
കണ്ണൂർ: മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരില്‍ വൈകുന്നേരം നാലിനായിരുന്നു സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ഇർഫാനയാണ് പുഴയിൽ വീണത്.
അവധിയായതിനാൽ വെളിയമ്പ്രയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോള്‍ വീഴുകയായിരുന്നു.
പെൺകുട്ടിക്കായി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നബീൽ, അഭിജിത് എന്നിവരെയാണ് കഴിഞ്ഞ ദിവസം തിരയിൽപെട്ട് കാണാതായത്. അഭിജിത്തിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്.
പുത്തൻതോപ്പ് കടലിൽ മത്സ്യബന്ധന വലയിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താഴ്ന്ന മൂന്നുപേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.
National
ഭുവനേശ്വർ: ഒഡിഷയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ യൂട്യൂബർ ഒഴുക്കിൽപ്പെട്ടതായി വിവരം.
ബെർഹാംപുർ സ്വദേശിയായ സാഗർ ടുഡു(22)വാണ് ഒഴുക്കിൽപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവാവിനെ ഇനിയും കണ്ടെത്തനായിട്ടില്ലെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്രോൺ കാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. തന്റെ യൂട്യൂബ് ചാനലിനായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ദുഡുമ വെള്ളച്ചാട്ടത്തിന് സമീപം സുഹൃത്തിനൊപ്പം യുവാവെത്തിയത്.
കോരാപുട്ടിലെ ലാംതാപുട്ട് മേഖലയിൽ കനത്ത മഴയായിരുന്നു അനുഭവപ്പെട്ടിരുന്നത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയ ശേഷം മുച്കുണ്ഡ് ഡാം തുറന്ന് വെള്ളം തുറന്നുവിട്ടപ്പോൾ സാഗർ വെള്ളച്ചാട്ടത്തിന് സമീപത്തെ ഒരു പാറപ്പുറത്ത് നിൽക്കുകയായിരുന്നു.
വെള്ളച്ചാട്ടത്തിലെ ഒഴുക്ക് പെട്ടെന്ന് വർധിച്ചതോടെ സാഗർ അവിടെ കുടുങ്ങിപ്പോയി. ശക്തമായ ഒഴുക്കിൽ പാറയിൽ അധികനേരം പിടിച്ചുനിൽക്കാനാവാതെ വന്നതോടെ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിനോദസഞ്ചാരികളും നാട്ടുകാരും ചേർന്ന് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. യുവാവിനെ ഇനിയും കണ്ടെത്താനായിട്ടില്ല.
Kerala
തിരുവനന്തപുരം: കഠിനംകുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. സെന്റ് ആന്‍ഡ്രൂസ് സ്വദേശിയായ അലക്സ് മാന്വല്‍ പെരേര (56)നെയാണ് കാണാതായത്. ഇന്ന് രാവിലെ സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്തായിരുന്നു അപകടം.
ഇദ്ദേഹം ഉള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോകവെയാണ് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. ഒപ്പമുണ്ടായിരുന്നവര്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടെങ്കിലും അലക്സിനെ തിരയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. കഠിനംകുളം പോലീസും കോസ്റ്റ്ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.
Kerala
തിരുവനന്തപുരം: വെട്ടുകാട് പള്ളിക്ക് സമീപം കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പ്രദേശവാസിയായ അനില്‍ ആന്‍ഡ്രുവിനെയാണ് കാണാതായത്. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെയാണ് കൂറ്റന്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന നാല് പേര് നീന്തി രക്ഷപ്പെട്ട് കരയ്ക്ക് കയറി.
NRI
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനിൽനിന്നുള്ള രണ്ട് വിദ്യാർഥികൾ കടലിന്റെ കാണാക്കയങ്ങളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. തെരച്ചിലുകൾ ഏറെ നടത്തിയെങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്താനായില്ല.
കഴിഞ്ഞമാസം രണ്ടിനാണ് കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളായ ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായത്.
ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. കടലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തെ മത്സ്യത്തൊഴിലാളികൾ വിലക്കിയെങ്കിലും ഭാഷ ഇവർക്ക് മനസിലായില്ല. ഇതാണ് വിനയായത്.
വിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും കോസ്റ്റൽ പോലീസും ഒക്കെ ഒരാഴ്ചയോളം നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് പ്രതീക്ഷയറ്റ ബന്ധുക്കൾ ഒടുവിൽ നിരാശയോടെ നാട്ടിലേക്ക് വിമാനം കയറി.
Kerala
കൊച്ചി: കോതമംഗലം പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്തിൽ വച്ച് ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണികണ്ഠൻചാൽ സ്വദേശി ബിജുവിനെ(37) ആണ് കാണാതായത്.
വെള്ളത്തിൽ മുങ്ങിയ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ശക്തമായ മഴയെ തുടർന്ന് രാത്രി ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സിന്റെ സ്കൂബ ടീമും സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. കൈവരി ഇല്ലാത്ത ചപ്പാത്തിൽ നേരത്തെയും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സുരക്ഷയൊരുക്കാൻ അധികൃതർ ഒന്നും ചെയ്തില്ലെന്നും നാട്ടുകാർ ആരോപിച്ചു.