Kerala
കൊച്ചി: കൊച്ചി നഗരത്തെ ബാധിക്കാതെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്.
എന്നാല്‍ എയര്‍പോര്‍ട്ട് വരെ മാത്രമുള്ള മെട്രോ ഫീഡര്‍ ബസുകളേ ഇന്ന് സര്‍വീസ് നടത്തുന്നുള്ളു. ഊബര്‍ ടാക്സികളും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ കൂടാതെ ചായക്കടകളും ഹോട്ടലുകളും നഗരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ ഐടി ജീവനക്കാരും മറ്റ് ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്തു കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നുണ്ട്.
Kerala
കല്പറ്റ: ദേശീയ പണിമുടക്കിനിടെ വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ. കല്പറ്റയിലാണ് സംഭവം. വാഹനം തടഞ്ഞത് ചോദ്യംചെയ്ത ഡ്രൈവറോട് രാത്രി 12 ആയിട്ടു പോയാൽ മതിയെന്നും സമരാനുകൂലികൾ പറഞ്ഞു. സ്ഥലത്തു പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല.
വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.
ഓട്ടോ ടാക്സി തൊഴിലാഴിലാളികളും പണിമുടക്കിൽ പങ്കെടുത്തതോടെ യാത്രക്കാർ വലഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലടക്കം എത്തിയവർ കുടുങ്ങി. പോലീസും മറ്റു സന്നദ്ധ സംഘടനകളും യാത്രക്കാർക്ക് സഹായമായി എത്തിയിട്ടുണ്ട്.
അതേസമയം, ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. ഫുഡ് ഡെലിവറി ആപ്പുകൾ ലൈവ് ആണെങ്കിലും ഭക്ഷണവും മറ്റും നൽകാനായി സജീവമായ ഭക്ഷണശാലകളുടെ എണ്ണം കുറവാണ്.
കേരളത്തിൽ ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം സാധാരണ നിലയിലാണ്. നിരത്തിൽ ഓട്ടോ, ടാക്സി സർവീസുകളും തടസമില്ലാതെ തുടരുന്നു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് നടക്കുന്നതിനാൽ വ്യാഴാഴ്ച (12-02-26) നടക്കാനിരുന്ന കാരുണ്യ പ്ലസ് (KN-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തീയതി മാറ്റി. നറുക്കെടുപ്പ് 13ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് വികാസ് ഭവന് അറിയിച്ചു.
പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. തീരുമാനം കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) - ന് വിധേയമായി ആണെന്നും അധികൃതർ അറിയിച്ചു.
District News
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ ജില്ലയിലെ തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് ജില്ലാ സമിതി. നാളെ അര്‍ധരാത്രി മുതല്‍ വ്യാഴം അര്‍ധരാത്രി വരെയുള്ള പണിമുടക്കിന് ജില്ലയാകെ ഒരുക്കങ്ങളും പ്രചാരണവും പൂര്‍ത്തിയായതായി ട്രേഡ് യൂണിയന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. ബഹുജന സംഘടനകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷ്വറന്‍സ്, ബിഎസ്എന്‍എല്‍, പോസ്റ്റല്‍ അടക്കമുള്ള ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും. നാളെ രാവിലെ ജില്ലാ ആസ്ഥാനത്തും നഗരസഭാ, പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനം നടത്തും. എല്ലാ ഏരിയകളിലും പ്രചാരണ ജാഥകള്‍ സംഘടിപ്പിച്ചു.
ഗേറ്റ് മീറ്റിംഗുകളും തൊഴിലാളികള്‍ക്കിടയില്‍ സ്ക്വാഡ് പ്രവര്‍ത്തനവും നടത്തി. ഇന്നു തൊഴിലിടങ്ങളിലും എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡിനെ മറികടക്കാനുള്ള വഴിതേടി കേരളം നടത്തിയ ലേബര്‍ കോണ്‍ക്ലേവ് തൊഴിലാളികളോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമാണെന്ന് സംയുക്ത ട്രേഡ് യൂണിയന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, എഐടിയുസി ജില്ലാ സെക്രട്ടറി ജോണ്‍ വി. ജോസഫ്, കെടിയുസി-എം ജില്ലാ പ്രസിഡന്റ് പി.കെ. ആനന്ദക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെ നടത്താനിരിക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിക്കും. കേരളത്തില്‍ പണിമുടക്ക് സമ്പൂര്‍ണമായിരിക്കുമെന്നു വിവിധ തൊഴില്‍ സംഘനകളുടെ നേതാക്കള്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്കൂള്‍, കോളജ്, പൊതു ഗതാഗത, കട കമ്പോളങ്ങള്‍ എന്നിവയൊക്കെ വ്യാഴാഴ്ച അടഞ്ഞു കിടക്കും. അധ്യാപക-അനധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പണിമുടക്കും.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളും പണിമുടക്കും. അതിനാല്‍ വ്യാഴാഴ്ച കേരളത്തിലെ നിരത്തുകള്‍ ഒഴിഞ്ഞു കിടക്കും. മൂന്നു പ്രമുഖ ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കുകളും അടഞ്ഞു കിടക്കും. ആശുപത്രി, പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കും. എന്നാല്‍, പണിമുടക്കില്‍ ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘം) സംഘടന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സുരക്ഷ ഒരുക്കുകയാണെങ്കില്‍ ജോലിക്കു കയറും ബിഎംഎസ് ജില്ലാ സെക്രട്ടറി ധനേഷ് പ്രതികരിച്ചു.
സഹകരിക്കണമെന്ന് സിഐടിയു
ഇന്ത്യയിലാകെ 1600 കേന്ദ്രങ്ങളിലും കേരളത്തില്‍ 650 കേന്ദ്രങ്ങളും പണിമുടക്ക് ദിവസം തൊഴിലാളികള്‍ പ്രതിഷേധിച്ചു തെരുവില്‍ റാലി നടത്തും. യാത്ര ഒഴിവാക്കാനും കടകള്‍ അടച്ചിടാനുമുള്ള ആഹ്വാനം ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. വാണിജ്യ-വ്യാപര മേഖലകളിലുള്ളവരെല്ലാം പണിമുടക്കുന്നുണ്ട്. അതിനാല്‍ കടകളൊന്നും തുറക്കില്ല. പെട്രോള്‍ പമ്പും അന്ന് അവധിയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തില്‍ ഇറങ്ങാനുള്ള സാധ്യതയുമില്ല. 30 കോടി തൊഴിലാളികള്‍ ഇത്തവണ പണിമുടക്കിന്റെ ഭാഗമാകും. കര്‍ഷകരും യുവജന വിദ്യാര്‍ഥി സംഘടനകളും മഹിളാ സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം പണിമുടക്കിനെ പിന്തുണച്ചിട്ടുണ്ട്.
ലേബര്‍ കോഡ് പിന്‍വലിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, സ്ഥിരം തൊഴില്‍ ഉറപ്പാക്കണം എന്നിവയൊക്കെയാണ് പ്രധാന ആവശ്യങ്ങള്‍. ഞങ്ങള്‍ വണ്ടി തടയാനോ ആരുടെയും മെക്കിട്ട് കേറാനോ വരില്ല. സഹകരിക്കണമെന്ന് എല്ലാവരോടും പറയും. ബിഎംഎസ് രാഷ്ട്രീയമായി മാറി നില്‍ക്കുന്നുണ്ടെങ്കിലും അതില്‍ ഉള്‍പ്പെടുന്ന ആളുകള്‍ തൊഴിലാളികളാണ്. അവരും മൂന്നു ലേബര്‍ കോഡുകളെ നേരത്തെ എതിര്‍ത്തിരുന്നു. അവരും പണിമുടക്കില്‍ സഹകരിക്കാനാണ് സാധ്യത.
- ചന്ദ്രന് പിള്ള
(ജിസിഡിഎ ചെയര്മാന്, സിഐടിയു ദേശീയ സമിതി അംഗം)
എല്ലാവരും പണിമുടക്കും
വണ്ടികള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാവരും പണിമുടക്കും. മോട്ടോര്‍ വാഹന രംഗത്തുള്ളരും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറക്കില്ല. വണ്ടികളൊന്നും തടയാന്‍ ഞങ്ങളില്ല. പക്ഷേ, സഹകരിക്കണമെന്നു പറയും. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. പക്ഷെ ആ സംഘടനയിലുള്ള തൊഴിലാളികള്‍ പണിമുടക്കുമായി സഹകരിക്കും. മറ്റ് സംഘടനകളെ തോല്പ്പിക്കാനായി വാശിയോടെ പണിക്കു കേറില്ല. മാത്രമല്ല, ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം പൊതുവായി തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ്. എറണാകുളത്ത് 16 കേന്ദ്രങ്ങളില്‍ റാലി നടത്തുന്നുണ്ട്. പൊതുസമ്മേളനവും നടത്തും.
- ആര്. ചന്ദ്രശേഖരന്
(ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്)
ജോലിക്കു കയറാൻ തയാർ
ബിഎംഎസ് ഉള്ള എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ ജോലിക്കു കയറാന്‍ തയാറാണ്. എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ കത്ത് കൊടുത്തിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്കു ചെയ്യാം, പക്ഷേ, മറ്റൊരാള്‍ പണി എടുക്കുന്നതു തടയാന്‍ അധികാരമില്ല. സാധാരണ തൊഴില്‍ ചെയ്യാനുള്ള അവസരം മാനേജ്മെന്റ് ഒരുക്കാറുണ്ട്. ഷിപ്യാര്ഡ്, നേവല ബേസ്, തുറമുഖം, എഫ്എസിടി, ഐആര്‍ഇഎല്‍, ബിപിഎസ് തുടങ്ങി എല്ലായിടത്തും കത്ത് നല്‍കിയിട്ടുണ്ട്. എറണാകുളത്ത് ഒന്നര ലക്ഷത്തിനടുത്ത് അംഗങ്ങള്‍ ബിഎംഎസില്‍ ഉണ്ട്. അവരെല്ലാം ജോലിക്കു കയറും. തൊഴിലാളികള്‍ ഈ സമരം തള്ളിക്കളയും. അഖിലേന്ത്യ പണിമുടക്ക് എന്ന് പേരു കൊടുക്കുന്നതേയുള്ളു, കേരളത്തില്‍ മാത്രമേ ഇതു നടക്കുകയുള്ളൂ.
-ധനേഷ്(ബിഎംഎസ് ജില്ല സെക്രട്ടറി), ഷിബു (ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി)
District News
പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ 12ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വാഹന പ്രചാരണ ജാഥകൾ ഇന്ന് പര്യടനം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
അടൂരിൽ പ്രഫ. കെ. മോഹൻകുമാർ ക്യാപ്റ്റനായ ജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യനും ആറന്മുളയിൽ കെ. ഐ. ജോസഫ് ക്യാപ്റ്റനായ ജാഥ സംയുക്ത സമരസമിതി ജനറൽ കൺവീനർ കെ. സി. രാജഗോപാലനും കോന്നിയിൽ മലയാലപ്പുഴ മോഹനൻ ക്യാപ്റ്റനായ ജാഥ സിഐടിയു ജില്ലാ സെക്രട്ടറി പി. ബി. ഹർഷകുമാറും തിരുവല്ലയിൽ ഫ്രാൻസിസ് വി. ആന്റണി ക്യാപ്റ്റനായ ജാഥ എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം രതീഷ് കുമാറും ഉദ്ഘാടനം ചെയ്യും.
റാന്നി, എഴുമറ്റൂർ കേന്ദ്രീകരിച്ച് രണ്ട് ജാഥകളാണ് നടത്തുന്നത്. റാന്നിയിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ. കെ. സുരേന്ദ്രൻ ക്യാപ്റ്റനായ ജാഥ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് രാജു ഏബ്രഹാമും എഴുമറ്റൂരിൽ എസ്. സുരേഷ് ക്യാപ്റ്റനായ ജാഥ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം.വി.സഞ്ജുവും ഉദ്ഘാടനം ചെയ്യും.
മാരാമൺ കൺവൻഷനെ ഒഴിവാക്കും
പത്തനംതിട്ട: പൊതുപണിമുടക്ക് മാരാമൺ കൺവൻഷനെ ബാധിക്കാരിക്കാൻ നിർദേശങ്ങൾ നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കോഴഞ്ചേരി ടൗണിൽ പ്രകടനവും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ യോഗവും ഉണ്ടായിരിക്കുകയില്ല. കൺവൻഷന് ഒരു തടസവും ഉണ്ടാകാത്ത നിലയിലാണ് പത്തനംതിട്ട ജില്ലയിൽ സമരം ക്രമീകരിച്ചിട്ടുള്ളത്.
പണിമുടക്കിൽ പങ്കാളികളാകുമെന്ന് യുഡിടിഎഫ്
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരേ 12ന് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ പത്തനംതിട്ട രാജീവ് ഭവനിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ നേതൃയോഗം തീരുമാനിച്ചു. 11ന് അർധരാത്രി മുതൽ 12ന് അർധരാത്രി വരെയാണ് പണിമുടക്ക്.
ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവത്കരിച്ച കേന്ദ്ര സർക്കാർ ഒടുവിൽ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി റദ്ദ് ചെയ്യുകയും തപാൽ മേഖല കൂടി സമ്പൂർണ സ്വകാര്യവത്കരണത്തിന് തുറന്നു വയ്ക്കുകയുമാണെന്നും മുൻകാല പണിമുടക്കുകളിൽ നിന്നു വ്യത്യസ്തമായി അസംഘടിത മേഖലാ തൊഴിലാളികൾകൂടി സജീവമായി പങ്കെടുക്കുന്ന പണിമുടക്കായി 12 ലെ പ്രക്ഷോഭം മാറുമെന്നും ഐഎൻ ടിയുസി ജില്ലാ പ്രസിഡന്റും യുഡിടിഎഫ് ജില്ലാ ചെയർമാനുമായ ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു.
12നു രാവിലെ പത്തനംതിട്ട നഗരത്തിൽ പ്രകടനം നടത്തിയ ശേഷം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ സമര കേന്ദ്രം തുറക്കും. ആശുപത്രി സേവനങ്ങൾ, ആംബുലൻസ് സർവീസുകൾ, പാൽ, പത്ര വിതരണം തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
യോഗത്തിൽ പി.കെ.ഗോപി, എ.ഡി. ജോൺ, പി.കെ. ഇക്ബാൽ, വി.എൻ. ജയകുമാർ, അജിത് മണ്ണിൽ, സുരേഷ് കുഴുവേലിൽ, സജി തോട്ടത്തിമല, അയൂബ്, രവിപിള്ള, മോഹൻകുമാർ കോന്നി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരേ ഈ മാസം 12ന് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന് നേതൃയോഗം തീരുമാനിച്ചു.
ഫെബ്രുവരി 11ന് അര്‍ധരാത്രി മുതല്‍ 12 അര്‍ധരാത്രി വരെയാണ് പണിമുടക്ക് നിശ്ചയിച്ചിട്ടുള്ളത്.
ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സ് സര്‍വീസുകള്‍, വിമാനത്താവളങ്ങള്‍, പാല്, പത്ര വിതരണം തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
National
ന്യൂഡല്‍ഹി: തൊഴിൽ കോഡ്, ആണവമേഖലയിലെ സ്വകാര്യവത്കരണം, തൊഴിലുറപ്പ് പദ്ധതിയുടെ രൂപമാറ്റം എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ ഫെബ്രുവരി 12ന് രാജ്യവ്യാപക പണിമുടക്ക് നടത്തും.
അടുത്ത ഒമ്പതിന് ഡല്‍ഹിയില്‍ നടക്കുന്ന തൊഴിലാളി കണ്‍വന്‍ഷനില്‍ പണിമുടക്ക് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന വേളയിലാണു പ്രതിഷേധം.