കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ ജില്ലയിലെ തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് ജില്ലാ സമിതി. നാളെ അര്‍ധരാത്രി മുതല്‍ വ്യാഴം അര്‍ധരാത്രി വരെയുള്ള പണിമുടക്കിന് ജില്ലയാകെ ഒരുക്കങ്ങളും പ്രചാരണവും പൂര്‍ത്തിയായതായി ട്രേഡ് യൂണിയന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. ബഹുജന സംഘടനകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷ്വറന്‍സ്, ബിഎസ്എന്‍എല്‍, പോസ്റ്റല്‍ അടക്കമുള്ള ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും. നാളെ രാവിലെ ജില്ലാ ആസ്ഥാനത്തും നഗരസഭാ, പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനം നടത്തും. എല്ലാ ഏരിയകളിലും പ്രചാരണ ജാഥകള്‍ സംഘടിപ്പിച്ചു.
ഗേറ്റ് മീറ്റിംഗുകളും തൊഴിലാളികള്‍ക്കിടയില്‍ സ്ക്വാഡ് പ്രവര്‍ത്തനവും നടത്തി. ഇന്നു തൊഴിലിടങ്ങളിലും എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡിനെ മറികടക്കാനുള്ള വഴിതേടി കേരളം നടത്തിയ ലേബര്‍ കോണ്‍ക്ലേവ് തൊഴിലാളികളോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമാണെന്ന് സംയുക്ത ട്രേഡ് യൂണിയന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, എഐടിയുസി ജില്ലാ സെക്രട്ടറി ജോണ്‍ വി. ജോസഫ്, കെടിയുസി-എം ജില്ലാ പ്രസിഡന്റ് പി.കെ. ആനന്ദക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.