കൊച്ചി: പണിമുടക്ക് ദിനത്തില്‍ കൊച്ചിയില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും. പത്ത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മേനക ജംഗ്ഷനില്‍ നിന്നു ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
കാക്കനാട് ടാക്‌സി കാര്‍ തടഞ്ഞു. സമരാനുകൂലികളും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പോലീസ് എത്തിയാണ് കാര്‍ കടത്തിവിട്ടത്. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സമരാനുകൂലികള്‍ തടഞ്ഞു. ട്രേഡ് യൂണിനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം ആരംഭിക്കുന്നതിന് മുമ്പാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് വന്നത്. ഇത് സമരാനുകൂലികള്‍ തടഞ്ഞതോടെ ഡിപ്പോയിലേക്ക് തന്നെ മാറ്റി.
അതേസമയം, കൊച്ചിയില്‍ മെട്രോയും വാട്ടര്‍ മെട്രോയും ഊബര്‍ ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിലും പലരും ഓഫീസുകളില്‍ എത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി. എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍.
Tags : National strike Protest Kochi