Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്.
പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: കൂത്തുപറമ്പിൽ വനംവകുപ്പിന്റെ വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കാർ യാത്രക്കാരിയായ കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തലശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനംവകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി. രഘുനാഥനെ (54) ആണ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വനംവകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് പുതിയ ഓഫീസ് തുറന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.
വിവാദങ്ങളിലല്ല, വികസനത്തിലാണ് തനിക്ക് താല്പര്യമെന്നും അത് പ്രവർത്തിയിലൂടെ തെളിയിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂർക്കാവിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കണം എന്നത് പാർട്ടി തീരുമാനിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
"ജനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടം എന്നതാണ് ഓഫീസിന്റെ കാര്യത്തിൽ പരിഗണിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് കുറച്ചുകൂടെ സൗകര്യമുള്ള ഓഫീസാണ്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്ത്തിക്കാട്ടാൻ ബോധപൂര്വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു'.
"പാർട്ടിയോടും വട്ടിയൂര്ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. അത് നന്നായി എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എംഎൽഎയെ കാണാൻ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്. അവരെ ഉൾക്കൊള്ളാൻ പറ്റുന്ന ഇടമാണ് പുതിയ ഓഫീസ്'.
"പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. വിവാദങ്ങളുടെ മറവിൽ വട്ടിയൂർക്കാവിൽ വികസനം നടക്കുന്നില്ലെന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത്തരം നീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ താൻ തയാറല്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ ഓഫീസ് തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽനിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. മാനവിയം വീഥിയിൽനിന്ന് അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പോലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയ യുവാവ് ഓഫീസിന് മുന്നിൽ നിർത്തിയിട്ട പോലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്.
പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖയുമായുള്ള തർക്കത്തെ തുടർന്നാണ്
പ്രശാന്ത് ഓഫീസ് ഒഴിയുന്നത്.
ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തർക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്.
Kerala
കണ്ണൂർ: കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. കരിവെള്ളൂർ തെരു റോഡിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഗാന്ധി മന്ദിരത്തിനു നേരെയാണ് അക്രമം നടന്നത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഓഫീസിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന സംഘം ഓഫീസിൽ സൂക്ഷിച്ചിരുന്ന ബോർഡുകൾ തീയിട്ടു നശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം പ്രവർത്തകർ കണ്ടത്. തുടർന്ന് നേതാക്കളെയും പയ്യന്നൂർ പോലീസിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച ഓഫീസിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശാ പഠന ക്യാമ്പ് നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് മണ്ഡലം പ്രസിഡണ്ട് ഷീബാ മുരളി പയ്യന്നൂർ പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ മുറിയുണ്ടെന്നും കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് എന്തിനാണെന്നുമുള്ള കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരിനാഥന്റെ പരാമർശത്തിനു മറുപടിയുമായി വി.കെ. പ്രശാന്ത് എംഎൽഎ.
ബിജെപി അവരുടെ അജൻഡ നടപ്പിലാക്കുമ്പോൾ എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് അങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.
ഇത്തരം തിട്ടൂരങ്ങൾക്കു ശിരസ് കുനിക്കുകയാണെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താവും എന്ന് അദ്ദേഹം ആലോചിക്കണം. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്റെ സൗകര്യത്തിനല്ലെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
എന്തുകൊണ്ട് ഓഫീസ് അവിടെയെടുത്തു എന്നതിന് ഉത്തരമിതാണ്. എന്റെ മണ്ഡലത്തിലെ ആളുകൾക്ക് എല്ലാ സമയത്തും കടന്നുവരാനുള്ള സൗകര്യത്തിനാണ് ശാസ്തമംഗലത്തെ സ്ഥലം കണ്ടെത്തിയത്. ഏഴ് വർഷക്കാലമായി സുഗമമായി ഓഫീസ് അവിടെ പ്രവർത്തിക്കുകയാണ്.
ബിജെപിയുടെ ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴാണ് ഏതോ അജൻഡയുടെ ഭാഗമായി എംഎൽഎയെ അവിടെനിന്ന് മാറ്റണണമെന്ന് ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ശബരിനാഥനെ പോലൊരു ആൾ അതിനു കൂട്ടുനിൽക്കുന്നത് എന്ത് അർഥത്തിലാണെന്ന് എനിക്കു മനസിലാകുന്നില്ല.
പ്രത്യേക രാഷ്ട്രീയ സ്ഥിതിയിൽ അതു പഠിക്കേണ്ടതായിട്ടുണ്ട്. എന്നെ സംബന്ധിച്ച് എന്റെ നിയോജക മണ്ഡലത്തിലെ മുഴുവൻ പേർക്കും വന്നുചേരാൻ കഴിയുന്ന സുഗമമായ സ്ഥലം എന്ന നിലയിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്.
ജനങ്ങളുടെ സൗകര്യത്തിനാണ് ശാസ്തമംഗലത്തെ ഓഫീസ്. അല്ലാതെ ശബരിനാഥിന്റെ സൗകര്യത്തിനല്ല. നൂറു കണക്കിനു സാധാരണക്കാർ അവിടെ എന്നും വരുന്നുണ്ട്. എംഎൽഎ ഹോസ്റ്റലിൽ എല്ലാ എംഎൽഎമാരെയും പോലെ എനിക്കും മുറിയുണ്ട്.
എന്നാൽ, സാധാരണക്കാർക്ക് ഏതു സമയത്തും അനുവാദത്തിനു കാത്തുനിൽക്കാതെ കടന്നുവരാൻ കഴിയുന്ന വിധത്തിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്.- വി.കെ. പ്രശാന്ത് പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കോൽക്കത്തയിലുള്ള ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയ 12 പേർ അറസ്റ്റിൽ. ഹിന്ദുത്വ സംഘടനകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന് കാരണത്താലാണ് പ്രതിഷേധം നടത്തിയതെന്നാണ് അറസ്റ്റിലായവർ പറഞ്ഞത്. ഇവർക്ക് പിന്നീട് കോടതി ജാമ്യം നൽകി വിട്ടയച്ചു. അലിപുർ പോലീസ് കോടതിയാണ് പ്രതിഷേധക്കാർക്ക് ജാമ്യം നൽകിയത്.
ഹിന്ദു സംഘടനകളിൽപ്പെട്ട 1000 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സംസ്ഥാനത്തെ പ്രതിപക്ഷനേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫിന് ജയസാധ്യതയുള്ള മൂന്ന് സീറ്റുകളും മുസ്ലീം ലീഗിന് വിട്ടുകൊടുത്തതിനെ തുടർന്നാണ് പ്രതിഷേധം.
എന്തിനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്ന് ചോദിച്ച് പ്രവർത്തകരും പ്രാദേശിക നേതാക്കളും ചേർന്ന് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. ഹൊസങ്കടിയിൽ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് അടച്ചുപൂട്ടിയത്.
കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഹനീഫിന്റെ നേതൃത്വത്തിലാണ് ഓഫീസ് അടച്ചുപൂട്ടിയത്. ഓഫീസിന് മുന്നിലെ കോൺഗ്രസിന്റെ ബോർഡുകളും ഓഫീസിലെ ഫർണിച്ചറുകളും ഓഫീസിലുണ്ടായിരുന്ന നേതാക്കളുടെ ചിത്രങ്ങളും ഇവിടെ നിന്ന് മാറ്റി.
Kerala
കൊല്ലം: കമ്മീഷണർ ഓഫീസിൽ വനിത പോലീസുകാരിയുടെ ആത്മഹത്യ ഭീഷണി. കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനെ മർദിച്ച കേസിലെ ആരോപണ വിധേയായ എഎസ്ഐ സജീലയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
മൂന്ന് വർഷമായി തനിക്ക് എതിരെ പ്രതികാര നടപടി തുടരുന്നുവെന്നും പരാതി. കമ്മീഷണർ സ്ഥലത്ത് എത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
കിളിക്കൊല്ലൂർ സ്റ്റേഷനിൽ എത്തിയ സജീല രാഷ്ട്രീയ പകപോക്കൽ തനിക്ക് എതിരെ സേനയ്ക്ക് ഉള്ളിൽ നടക്കുവെന്ന് ആരോപിച്ച് രോക്ഷാകുല ആകുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ പെട്രോളുമായി കമ്മീഷണർ ഓഫീസിൽ എത്തി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വഴങ്ങാൻ സജീല കൂട്ടാക്കിയില്ല. തുടർന്ന് എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും കമ്മീഷണറെ കാണണമെന്ന ആവശ്യം സജീല മുന്നോട്ടുവച്ചു.
ഒടുവിൽ കമ്മീഷണർ കിരൺ നാരായണൻ എത്തി സജീലയോട് സംസാരിച്ചതോടെയാണ് ആത്മഹത്യ ശ്രമത്തിൽ നിന്ന് അവർ പിൻ വാങ്ങിയത്. സേനയിലെ സംഘടന നേതാക്കൾ മൂന്ന് വർഷമായി തന്നെ വേട്ടയാടുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും സജീല ആവശ്യപ്പെട്ടു. പരാതി പരിശോധിക്കാമെന്ന കമ്മീഷണറുടെ ഉറപ്പിൻമേലാണ് സജീല മടങ്ങി പോയത്.