തിരുവനന്തപുരം: വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റും രണ്ട് വനിതാ അംഗങ്ങളും ചേർന്ന് മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി. തിരുവനന്തപുരത്തെ വെള്ളനാട് പഞ്ചായത്തിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
സംഭവത്തിന് പിന്നാലെ ബാഗിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ഇവർ ആത്മഹത്യ ഭീഷണിയും നടത്തി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്കും രണ്ട് വനിതാ അംഗങ്ങൾക്കുമെതിരെയാണ് പഞ്ചായത്ത് സെക്രട്ടറിയായ സിന്ധുവിന്റെ പരാതി. എത്രപറഞ്ഞിട്ടും വാതിൽ തുറന്നില്ലെന്നും ഇവർ പറയുന്നു.
വെള്ളനാട് ശശിയും സെക്രട്ടറി സിന്ധുവും തമ്മിൽ നേരത്തേയും തർക്കങ്ങളുണ്ടായിരുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നത്. ഇതേവിഷയത്തെച്ചൊല്ലിയാണ് ശനിയാഴ്ച വീണ്ടും പ്രശ്നങ്ങളുണ്ടായത്.
മൂന്നരയോടെ പഞ്ചായത്ത് വാഹനത്തിൽ താൻ കളക്ടറേറ്റിൽ പോയതിന് വെള്ളനാട് ശശി പ്രശ്നമുണ്ടാക്കിയെന്നാണ് സെക്രട്ടറി പറയുന്നത്. "ആരോട് ചോദിച്ചാണ് വണ്ടിയെടുത്തതെന്ന് പറഞ്ഞ് പ്രസിഡന്റ് ഡ്രൈവറെ മർദിച്ചു. ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ചു. താക്കോൽ പിടിച്ചുവാങ്ങി. ചോദിക്കാൻ പോയപ്പോൾ എന്നെ മുറിയിൽപൂട്ടി പിന്നീട് വനിതാ അംഗങ്ങളെ കൂട്ടുപിടിച്ച് അടിപ്പിച്ചു. ഞാൻ ഇവിടെനിന്ന് പോകാത്തതാണ് പ്രസിഡന്റിന്റെ പ്രശ്നം. അയാൾക്ക് വണ്ടിയും വേണം. ഞാൻ ഇവിടെവന്ന അന്നുമുതൽ പ്രസിഡന്റിന്റെ ഉപദ്രവമാണ്. സഹിക്കാൻവയ്യാതെയാണ് ബാഗിൽ അലുവ മുറിക്കാൻ കൊണ്ടുവന്ന കത്തി കൊണ്ട് സ്വയം കുത്തിച്ചാവാൻ ശ്രമിച്ചത്'.- സെക്രട്ടറി പറഞ്ഞു.
വിവരമറിഞ്ഞ് പോലീസെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, പ്രശ്നം തുടരുകയാണെങ്കിൽ വാഹനം തങ്ങൾ കൊണ്ടുപോകുമെന്ന് പോലീസ് കടുപ്പിച്ച് പറഞ്ഞതോടെ ശശി പോലീസിനോടും തട്ടിക്കയറി. പഞ്ചായത്തിന്റെ വാഹനം കൊണ്ടുപോകാൻ പോലീസിന് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു ശശി കയർത്തത്.
ഇക്കഴിഞ്ഞ ഡിസംബറിൽ വാഹനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വെള്ളനാട് ശശി സെക്രട്ടറിയെ വഴിയിൽ തടഞ്ഞിരുന്നു. വൈകിട്ട് അഞ്ചിന് ശേഷം പഞ്ചായത്തിന്റെ വാഹനം വിട്ടുകൊടുക്കാനാകില്ലെന്ന് സെക്രട്ടറി നിലപാട് സ്വീകരിച്ചതാണ് അന്ന് ശശിയെ ചൊടിപ്പിച്ചത്.
തുടർന്നാണ് വെള്ളനാട് കുളക്കോട് ഭാഗത്തുവച്ച് സെക്രട്ടറിയുടെ വാഹനം തടഞ്ഞിട്ടത്. 2024ൽ സ്ത്രീകളെയും കുട്ടികളെയും മർദിച്ചകേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു.
Tags : vellanad panchayat secretary locked office suicide attempt