ടെൽ അവീവ്: പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ (യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസി) കിഴക്കൻ ജറൂസലെമിലെ ആസ്ഥാനം ഇസ്രയേൽ ഇടിച്ചുനിരപ്പാക്കി.
ഇന്നലെ രാവിലെ ഇസ്രേലി സൈനികർ ഏജൻസി വളപ്പിൽ അതിക്രമിച്ചു കയറി സുരക്ഷാ ഭടന്മാരെ പുറത്താക്കി. ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുകളഞ്ഞു.
ഐക്യരാഷ്ട്രസഭാ ഏജൻസികൾക്കുള്ള പരിരക്ഷ മറികടന്നുള്ള ഇസ്രയേലിന്റെ പ്രവൃത്തി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് ഏജൻസി വക്താവ് ജൊനാഥൻ ഫൗളർ പ്രതികരിച്ചു. ഇന്ന് ഏജൻസിക്കു സംഭവിച്ചതു നാളെ ലോകമെന്പാടുമുള്ള നയതന്ത്ര കാര്യാലയങ്ങൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കും സംഭവിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
ഗാസയിലെ ഹമാസ് ഭീകര സംഘടനയുമായി ഏജൻസിക്കു ബന്ധമുണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഗാസ യുദ്ധത്തിനു കാരണമായ 2023ലെ ഭീകരാക്രമണത്തിൽ ഏജൻസിയിലെ ചില ജീവനക്കാരും പങ്കെടുത്തതായി ഇസ്രയേൽ കണ്ടെത്തിയിരുന്നു. കിഴക്കൻ ജറൂസലെമിലെ ഏജൻസി ഓഫീസ് 2025 ജനുവരി മുതൽ പ്രവർത്തിക്കുന്നില്ല. അതേസമയം, ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഏജൻസി പ്രവർത്തിക്കുന്നുണ്ട്.
കിഴക്കൻ ജറൂസലെമിലെ ഏജൻസി ഓഫീസിനു നയതന്ത്ര പരിരക്ഷ ഇല്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമാണു നടപടികളെന്നും ഇസ്രേലി വിദേശകാര്യ മന്ത്രാലയം ഇന്നലെ വിശദീകരിച്ചു.
കെട്ടിടം ഇടിച്ചുപൊളിച്ചതിനു പിന്നാലെ ഇസ്രയേലിലെ തീവ്ര നിലപാടുകാരനായ ദേശീയസുരക്ഷാ വകുപ്പ് മന്ത്രി ഇത്മാർ ബെൻഗവീർ സ്ഥലം സന്ദർശിച്ചു. തീവ്രവാദത്തെ പിന്തുണച്ചിരുന്നവരെ പുറത്താക്കിയ ദിവസം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു.
Tags : Israel demolishes UN agency office Palestine