Kerala
കോഴിക്കോട്: ബസിൽ വച്ച് ലൈംഗിക അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ഷിജിംതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേയ്ക്ക് മാറ്റി.
റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വ്യാഴാഴ്ച ഷിംജിതയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ പോലീസ് നൽകും. ദീപകിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16നാണ് ബസ് യാത്രയ്ക്കിടെ ദീപക്കിന്റെ വീഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്.
ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കാനായി മാറ്റി. ഫെബ്രുവരി ഒമ്പതിന് കോടതി വിശദമായ വാദം കേൾക്കും.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും കോടതി ഒരുമിച്ചാണ് വാദം കേൾക്കുക. രണ്ട് കേസിലും തനിക്ക് പങ്കില്ലെന്നാണ് തന്ത്രി ജാമ്യഹർജിയിൽ പറയുന്നത്. ആചാരപരമായ കാര്യങ്ങളിലല്ലാതെ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്ത്രി വ്യക്തമാക്കി.
എന്നാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഉൾപ്പടെ തന്ത്രിക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. എസ്ഐടി റിപ്പോർട്ടും ഫെബ്രുവരി ഒമ്പതിന് കോടതിയിൽ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ബുധനാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.
കേസിൽ ഇതുവരെ മൂന്നുപേരാണ് ജയിൽ മോചിതരായത്. മുരാരി ബാബുവിനും സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യം അനുവദിച്ച കോടതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും ജാമ്യം നൽകിയിരുന്നു.
ദ്വാരപാലക ശിൽപ്പ കേസിൽ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പാളി കേസിലാണ് ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടി ഉൾപ്പടെ വിമർശനം ഉന്നയിച്ചിട്ടും എസ്ഐടി ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.
Kerala
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ 24.01.2026 തീയതിയിൽ പ്രസിദ്ധീകരിച്ച ഈ മാസത്തെ റിവൈസ്ഡ് ഇന്റർവ്യൂ പ്രോഗ്രാം പ്രകാരം 13ന് പിഎസ്സി ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലും നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ തസ്തികകളുടെ അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതിയും സമയും പിന്നീട് അറിയിക്കും.
NRI
ഡാളസ്: കനത്ത മഞ്ഞുവീഴ്ചയെയും മോശം കാലാവസ്ഥയെയും തുടർന്ന് ഡാളസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി നടത്താനിരുന്ന വാർഷിക ടാക്സ് സെമിനാർ മാറ്റിവച്ചു.
ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. സെമിനാർ ഫെബ്രുവരി 15ന് നടക്കും. ഗാർലൻഡിലെ കെഎഡി/ഐസിഇസി ഹാളിൽ വൈകുന്നേരം നാല് മുതൽ 5.30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
അസോസിയേഷൻ അംഗങ്ങളുടെയും പ്രസംഗകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ടാക്സ് സംബന്ധമായ സംശയങ്ങൾക്കും പുതിയ നിയമങ്ങളെക്കുറിച്ച് അറിയുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മൻജിത് കൈനിക്കര (സെക്രട്ടറി) - 972 679 8555.
Movies
വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.
സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.
Kerala
തിരുവനന്തപുരം: ആശുപത്രികളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള കേരള ക്ലിനിക്കൽ എസ്റ്റാബ്ലിമെന്റ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ടിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതു സംബന്ധിച്ചു സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി ഇന്നലെ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഒട്ടേറെ പരിപാടികളുടെ ഉദ്ഘാടനവും അടക്കം മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കിലായ സാഹചര്യത്തിലാണ് ഇന്നലെ നിശ്ചയിച്ചിരുന്ന ചർച്ച മാറ്റിയത്.
ഇന്നലെ രാവിലെ നിയമസഭയിൽ ചർച്ചയ്ക്കായി മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നു. സംഘർഷാവസ്ഥയെത്തുടർന്ന് ഇന്നലെ ചേരാനിരുന്ന നിയമസഭാ സമ്മേളനവും ഒഴിവാക്കിയിരുന്നു.
ചർച്ചയുടെ പുതുക്കിയ സമയം പിന്നീട് അറിയിക്കാമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് മാനേജ്മെന്റ് പ്രതിനിധികളെ അറിയിച്ചത്. ആക്ട് നടപ്പാക്കുന്നതിനെതിരെ മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാം ബലാത്സംക്കേസ് പരിഗണിക്കുന്നത് മാറ്റ് കോടതി. വ്യാഴാഴ്ചത്തേയ്ക്കാണ് കേസ് മാറ്റിയത്.
പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. പോലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.
തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി.
ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമല്ല എന്നീ വിവരങ്ങൾ വിധിപ്പകർപ്പിൽ പറഞ്ഞിരുന്നു. രാഹുലിനെതിരെ നേരത്തെയും സമാനമായ കേസുകളുണ്ട്.
ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് സമയത്ത് കാരണം വ്യക്തമാക്കിയില്ലെന്ന രാഹുലിന്റെ വാദവും കോടതി തളളി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നൽകിയ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി. ഹർജിയിൽ തർക്കം ഉണ്ടെങ്കിൽ ഇത് ഈ മാസം 27ന് സമർപ്പിക്കാനും അന്ന് തന്നെ വാദം പരിഗണിക്കുമെന്നും കോടതി അറിയിച്ചു
രാഹുൽ ഈശ്വറിന് കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ ലഭിച്ചിട്ടില്ല. അത് ലഭിച്ചാൽ മാത്രമേ എതിർ വാദം ഉന്നയിക്കാൻ കഴിയു എന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് പ്രതിഭാഗത്തിന് മുഴുവൻ രേഖകളും കൈമാറാൻ കോടതി പ്രോസിക്യൂഷൻ നിർദേശം നൽകി. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു.
ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ കോടതി രാഹുലിന് നേരത്തെ നോട്ടീസ് അയിച്ചിരുന്നു. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും അതിക്ഷേപിക്കാൻ ശ്രമിച്ചു, ഇത് അതിജീവിതയെ ഭയപ്പെടുത്തതിന് തുല്യമാണ് എന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന്റെ അപ്പീൽ പരിഗണിക്കുന്നത് 24 ലേക്കു മാറ്റി. ശനിയാഴ്ച ജില്ലാ കോടതി അവധി ആയതിനാൽ മറ്റൊരു അഡീഷണൽ ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്.
നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ച മൂന്നു വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്നാണ് അപ്പീലിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം കണ്ട കോടതി ഇത്തരം ആവശ്യങ്ങൾ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഫയൽ ചെയ്തു കാണുകയുള്ളൂ എന്നു വാക്കാൽ പ്രതിഭാഗത്തോട് പറഞ്ഞു.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്കു ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് ആന്റണി രാജുവിനു കോടതി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയാണ് അദ്ദേഹം.
National
ന്യൂഡൽഹി: പതിമൂന്ന് വർഷമായി ചലനശേഷിയില്ലാതെ അബോധാവസ്ഥയിൽ കിടക്കുന്ന മകന്റെ ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
ജീവൻ നിലനിർത്താൻ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ എടുത്തുമാറ്റി 32കാരനായ മകന് നിഷ്ക്രിയ ദയാവധം (പാസിവ് എത്തനേഷ്യ) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച രണ്ട് മെഡിക്കൽ ബോർഡും മകൻ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നു വിധിയെഴുതി കോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രകാരം ജീവൻ നിലനിർത്താൻ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ നീക്കംചെയ്ത് നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ അനുവദനീയമാണ്.
ഇതിന് കോടതി നിയോഗിക്കുന്ന പ്രൈമറി, സെക്കൻഡറി മെഡിക്കൽ ബോർഡുകൾ രോഗിയെ പരിശോധിച്ച് ജീവിതത്തിലേക്കു മടങ്ങിവരില്ല എന്ന് സാക്ഷ്യപ്പെടുത്തണം.
ഈ കേസിൽ സുപ്രീംകോടതി നിഷ്ക്രിയ ദയാവധം അനുവദിച്ചാൽ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം നടപടിക്രമങ്ങൾ പാലിച്ചുള്ള ഇന്ത്യയിലെ ആദ്യ കേസായിരിക്കുമിത്.
Kerala
കൊച്ചി: ശിക്ഷ റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹർജി പരിഗണിക്കാൻ മാറ്റി ഹൈക്കോടതി. ഫെബ്രുവരി നാലിലേയ്ക്കാണ് ഹൈക്കോടതി കേസ് മാറ്റിയത്.
ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. മറ്റ് രണ്ട് പ്രതികളുടെയും അപ്പീൽ ഹർജികൾക്കൊപ്പമായിരിക്കും മാർട്ടിൻ ആന്റണിയുടെ ഹർജിയും പരിഗണിക്കുക.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള കോടതി അലക്ഷ്യ ഹർജികൾ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ കുറ്റവിമുക്തനായ ദിലീപ് നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, ചില മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കെതിരെയാണ് കോടതി അലക്ഷ്യ ഹർജി.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ റിലീസ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നു ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്.
സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണു റിലീസ് മാറ്റിവയ്ക്കാൻ കാരണം. നിർമാതാക്കളുടെ ഹർജിയിൽ ഇന്നു കോടതി വിധി പറയും.
Kerala
തിരുവനന്തപുരം: 2025-26 അധ്യയനവർഷത്തെ ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി ശനിയാഴ്ച നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു.
മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്കുശേഷം ജനുവരി അഞ്ചിന് നടത്തും.
അതേസമയം അപ്രതീക്ഷിതമായി പരീക്ഷ മാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി അധ്യാപക സംഘടന രംഗത്തെത്തി.
National
ന്യൂഡൽഹി: അപ്രതീക്ഷിത കേന്ദ്ര ഇടപെടലിനെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പ്രഖ്യാപനം നീട്ടിവച്ചതായി പിന്നീട് അധികൃതർ അറിയിക്കുകയായിരുന്നു.
അഡ്മിനിട്രേറ്റീവ് കാരണങ്ങൾകൊണ്ടാണു പ്രഖ്യാപനം നീട്ടിവയ്ക്കുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവും എഴുത്തുകാരനുമായ കെ.പി. രാമനുണ്ണി പറഞ്ഞെങ്കിലും മറ്റെന്തോ കാരണമുണ്ടെന്നാണ് സൂചന.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന വാർത്താസമ്മേളനത്തിൽ വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നായിരുന്നു അധികൃതർ ആദ്യം അറിയിച്ചിരുന്നത്. അവാർഡിന് അർഹരായവരുടെ പട്ടികയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് യോഗം അംഗീകാരം നൽകിയതിനു ശേഷമായിരുന്നു പത്രസമ്മേളന അറിയിപ്പ്.
എന്നാൽ പത്രസമ്മേളനത്തിന് തൊട്ടുമുന്‍പ് അവാർഡ് പ്രഖ്യാപനം മാറ്റുന്നതായി അധികൃതർ അറിയിക്കുകയായിരുന്നു. പ്രഖ്യാപനം ഉപേക്ഷിച്ചതു ശരിയല്ലെന്നും സാഹിത്യ അക്കാഡമിയുടെ പാരന്പര്യത്തിനു വിരുദ്ധമായിട്ടുള്ള കാര്യമാണെന്നു സാംസ്കാരിക മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.പി. രാമനുണ്ണി പറഞ്ഞു. കേന്ദ്രത്തിൽനിന്ന് ഇത്തരമൊരു ഇടപെടലുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും രാമനുണ്ണി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്.
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് തിങ്കളാഴ്ച ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.
International
ധാക്ക: ഗുരുതരാവസ്ഥയിൽ കഴിയുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്കു കൊണ്ടുപോകുന്നതു മാറ്റിവച്ചു.
യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്ന് ഡോക്ടർമാർ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. നെഞ്ചിൽ അണുബാധയെത്തുടർന്ന് കഴിഞ്ഞമാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Kerala
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നില്ല. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച തുടർവാദം നടക്കും. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ഇന്ന് ജാമ്യാപേക്ഷയിലെ വാദം നടന്നത്.
വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മറ്റു തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു.
നിലവിൽ ഏഴ് ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസമില്ലെങ്കിലും ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയായിരിക്കും കോടതി വിധിവരിക.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം വന്നശേഷമായിരിക്കും നടപടിയുണ്ടാകുകയെന്നാണ് വിവരം.
രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതാക്കളായ കെ മുരളീധരൻ, അജയ് തറയിൽ, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും എന്നാണ് സൂചന. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്.
ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല.
അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കിൽ വ്യാഴാഴ്ച എന്നാണ് പുറത്തുവരുന്ന സൂചന.
Kerala
കൊച്ചി: സിപിഐ മന്ത്രിമാർ വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ.
നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകൾ ഇല്ലെന്ന പേരിൽ മുഖ്യമന്ത്രി പിരിച്ചുവിട്ടത്. തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് പിന്നീട് മുഖ്യമന്ത്രി സിപിഐ മന്ത്രിമാരെ അറിയിച്ചു.
എറണാകുളം ഗസ്റ്റ് ഹൗസിലാണ് യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി.ആർ. അനിൽ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവർക്കുപുറമേ ധനമന്ത്രി കെ.എൻ. ബാലഗോപാലും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയിരുന്നു.
രാവിലെ ഒമ്പതിന് ഗസ്റ്റ് ഹൗസ് ഹാളിൽ എത്തിയ മുഖ്യമന്ത്രി, യോഗം തുടങ്ങിയ ഉടൻ മില്ലുടമകൾ എവിടെയെന്ന് ചോദിച്ചു.
അവരെ വിളിച്ചില്ലെന്നും ഉദ്യോഗസ്ഥതല യോഗമാണ് ഇന്നത്തേതെന്നും ഭക്ഷ്യമന്ത്രി മറുപടി നൽകി. ഇതുകേട്ട് ക്ഷുഭിതനായ മുഖ്യമന്ത്രി മില്ലുടമകൾ ഇല്ലാതെ എന്തിനാണീ ചർച്ചയെന്ന് ചോദിച്ചു.
യോഗത്തിന്റെ അജണ്ട മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന് സിപിഐ മന്ത്രിമാർ മറുപടി നൽകിയെങ്കിലും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല.
പാലക്കാട് അടക്കം കൊയ്തെടുത്ത നെല്ല് വഴിയിൽ കിടിക്കുകയാണെന്ന് പറഞ്ഞ് കൃഷി മന്ത്രി ഇടപെടാൻ നോക്കിയെങ്കിലും രംഗം ശാന്തമായില്ല. ഒടുവിൽ അഞ്ചു മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങി.
മില്ലുടമകളെക്കൂടി ഉൾപ്പെടുത്തി ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.