മാനന്തവാടി: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവച്ചു. ഫെബ്രുവരി 25ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് ഒന്നിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.
ടൗൺഷിപ്പിന്‍റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്‍റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്.
പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരു നില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിംഗ് റൂം, സ്റ്റഡി റൂം, ഡൈനിംഗ് റൂം, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags : Wayanad Township inauguration postponed